സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ആഗസ്ത് 21 1442 മുഹര്‍റം 12

അധ്യായം: 54, ഭാഗം 5 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ (٤١) كَذَّبُوا۟ بِـَٔايَـٰتِنَا كُلِّهَا فَأَخَذْنَـٰهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ (٤٢) أَكُفَّارُكُمْ خَيْرٌ مِّنْ أُو۟لَـٰٓئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ (٤٣) أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ (٤٤) سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ (٤٥) بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ (٤٦) إِنَّ ٱلْمُجْرِمِينَ فِى ضَلَـٰلٍ وَسُعُرٍ (٤٧‬) يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ (٤٨) إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍ (٤٩) وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحٍۭ بِٱلْبَصَرِ (٥٠) وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ (٥١) وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ (٥٢) وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ (٥٣) إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَهَرٍ (٥٤) فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ (٥٥)

(41). ഫിര്‍ഔന്‍ കുടുംബത്തിനും താക്കീതുകള്‍ വന്നെത്തുകയുണ്ടായി. (42). അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ പ്രതാപിയും ശക്തനുമായ ഒരുത്തന്‍ പിടികൂടുന്ന വിധം നാം അവരെ പിടികൂടി. (43). (ഹേ, അറബികളേ,) നിങ്ങളുടെ കൂട്ടത്തിലെ സത്യനിഷേധികള്‍ അവരെക്കാളൊക്കെ ഉത്തമന്മാരാണോ? അതല്ല, വേദപ്രമാണങ്ങളില്‍ നിങ്ങള്‍ക്ക് (മാത്രം) വല്ല ഒഴിവുമുണ്ടോ? (44). അതല്ല, അവര്‍ പറയുന്നുവോ; ഞങ്ങള്‍ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാണ് എന്ന്. (45). എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും. (46). തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്‌പേറിയതുമാകുന്നു. (47). തീര്‍ച്ചയായും ആ കുറ്റവാളികള്‍ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാകുന്നു. (48). മുഖം നിലത്തു കുത്തിയനിലയില്‍ അവര്‍ നരകാഗ്‌നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും:) നിങ്ങള്‍ നരകത്തിന്റെ സ്പര്‍ശനം അനുഭവിച്ചുകൊള്ളുക. (49). തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു. (50). നമ്മുടെ കല്‍പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്റെ ഒരു ഇമവെട്ടല്‍ പോലെ. (51). (ഹേ, സത്യനിഷേധികളേ,) തീര്‍ച്ചയായും നിങ്ങളുടെ കക്ഷിക്കാരെ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (52). അവര്‍ പ്രവര്‍ത്തിച്ച ഏത് കാര്യവും രേഖകളിലുണ്ട്. (53). ഏത് ചെറിയകാര്യവും വലിയകാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്. (54). തീര്‍ച്ചയായും ധര്‍മനിഷ്ഠ പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. (55). സത്യത്തിന്റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്റെ അടുക്കല്‍.

41:42. (ഫിര്‍ഔന്‍ കുടുംബത്തിനും വന്നെത്തുകയുണ്ടായി) അതായത് ഫിര്‍ഔനിനും അവന്റെ ജനതക്കും; (താക്കിതുകള്‍). അപ്പോള്‍ അല്ലാഹു അവരിലേക്ക് മൂസാ(അ)യെ അയച്ചു. പ്രകടമായ അമാനുഷിക ദൃഷ്ടാന്തങ്ങള്‍കൊണ്ടും വ്യക്തമായ തെളിവുകള്‍കൊണ്ടും അവന്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തി. മറ്റാരും കാണാത്ത ധാരാളം പാഠങ്ങള്‍ അദ്ദേഹം അവരെ കാണിച്ചു. എന്നാല്‍ അല്ലാഹുവിന്റെ എല്ലാ ദൃഷ്ടന്തങ്ങളെയും അവര്‍ കളവാക്കി. അപ്പോള്‍ അവന്‍ അവരെ പിടികൂടി; പ്രതാപിയും ശക്തനുമായ ഒരുത്തന്‍ പിടിക്കുന്ന പിടുത്തം. അങ്ങനെ അവനെയും അവന്റെ സൈന്യത്തെയും അവന്‍ മുക്കിനശിപ്പിച്ചു. ഈ കഥ ഇവിടെ പറയുന്നതിന്റെ ഉദ്ദേശ്യം മുഹമ്മദ് നബി ﷺ യെ കളവാക്കുന്നവരെയും ജനങ്ങളെയും താക്കിത് ചെയ്യലാണ്.

43. (ഹേ അറബികളേ, നിങ്ങളുടെ കൂട്ടത്തിലെ സത്യനിഷേധികള്‍ അവരെക്കാളൊക്കെ ഉത്തമന്മാരാണോ?) അല്ലാഹു നശിപ്പിച്ചവരായും അവന്റെ ശിക്ഷക്ക് വിധേയരായവരായും അല്ലാഹു പറഞ്ഞ ഈ നിഷേധികള്‍, ഉത്തമ പ്രവാചകനെ കളവാക്കിയവര്‍ ഇവരെക്കാള്‍ ഉത്തമരാണോ? ഉത്തമരാണെങ്കില്‍ ശിക്ഷയില്‍നിന്ന് അവര്‍ രക്ഷപ്പെടാന്‍ കഴിയേണ്ടിയിരുന്നു. അല്ലാഹുവിങ്കല്‍ ഈ ദുഷ്ടന്‍മാര്‍ക്ക് സംഭവിച്ചത് സംഭവിക്കരുത്. എന്നാല്‍ വസ്തുത അതല്ല. അവര്‍ ഇവരെക്കാള്‍ മോശമല്ലെങ്കിലും ഉത്തമരല്ല. (അതല്ല വേറെ പ്രമാണങ്ങളില്‍ നിങ്ങള്‍ക്ക് വല്ല ഒഴിവുമുണ്ടോ?) പ്രവാചകന്മാര്‍ക്കിറക്കിയതായ വേദഗ്രന്ഥങ്ങില്‍ നിങ്ങള്‍ക്ക് പ്രത്യേകമായി വല്ല കരാറുകളോ ഉടമ്പടികളോ നല്‍കിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ആ കരാറുമൂലം രക്ഷപ്പെടുന്നവരാണെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാമായിരുന്നു. ഇത് അസാധ്യമാണ്. മതനിയമപ്രകാരവും ബുദ്ധിക്കനുസരിച്ചും ഇത് അസാധ്യമാണ്. അതായത് വേദങ്ങളില്‍ നിങ്ങള്‍ക്ക് മാത്രമായി ഒരു പ്രത്യേകത കല്‍പിക്കല്‍ ദൈവികനീതിയുടെ ഉള്ളടക്കത്തിനും യുക്തിക്കും ഏതിരാണ്. അല്ലാഹു ആദരിച്ച ഉത്തമ പ്രവാചകനെ കളവാക്കിയ ധിക്കാരികള്‍ രക്ഷപ്പെടുകയെന്നത് യുക്തിക്കെതിരാണ്.

44. രക്ഷപ്പെടാനുള്ള ഒരു ശക്തി തീര്‍ച്ചയായും പ്രവാചകന്മാര്‍ക്കുണ്ടാവും. അതാണ് അല്ലാഹു പറയുന്നത്: (അതല്ല അവര്‍ പറയുന്നുവോ; ഞങ്ങള്‍ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാണെന്ന്).

45. അവരുടെ ദുര്‍ബലതയെ വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു; അവര്‍ പരാജയപ്പെടുന്നവര്‍ തന്നെയാണ് എന്ന്. (എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും). പറഞ്ഞതുപോലെ സംഭവിച്ചു. അവരുടെ ഏറ്റവും വലിയ സംഘത്തെ അല്ലാഹു ബദ്‌റിന്റെ ദിനത്തില്‍ പരാജയപ്പെടുത്തി. അവരിലെ നേതാക്കളും സൈനിക സംഘങ്ങളും കൊല്ലപ്പെട്ടു നിന്ദ്യരായി. തന്റെ മതത്തെയും ദൂതനെയും വിശ്വാസികളായ തന്റെ സംഘത്തെയും അല്ലാഹു സഹായിച്ചു.

46. അതോടൊപ്പം അവരില്‍ ആദ്യത്തവരും അവസാനത്തവരും ഇഹലോകത്ത് ആസ്വദിച്ചു ജീവിച്ചവരുമെല്ലാം നിശ്ചിതസമയത്ത് ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യും. അതാണ് അല്ലാഹു പറഞ്ഞത്: (തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു, അവര്‍ക്കുള്ള നിശ്ചിതസന്ദര്‍ഭം) അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്ന, നീതിപ്രകാരം അവകാശങ്ങള്‍ എടുക്കപ്പെടുന്ന സമയം. (ആ അന്ത്യസമയം ആപല്‍ക്കരവും അത്യന്തം കയ്‌പേറിയതുമാകുന്നു) ഭയാനകമാണ്; ഊഹിക്കാവുന്നതിലും അപ്പുറം. ഭാവനയില്‍ പോലും കാണാനാവാത്തത്.

47) (തീര്‍ച്ചയായുംആ കുറ്റവാളികള്‍) മറ്റു കുറ്റകൃത്യങ്ങള്‍ അധികരിപ്പിച്ചവര്‍. മഹാപാപങ്ങള്‍, ശിര്‍ക്കടക്കമുള്ള എല്ലാ പാപങ്ങളും. (വഴിപിഴവിലും ജ്വലിക്കുന്ന അഗ്‌നിയിലുമാകുന്നു) ഇഹലോകത്ത് വഴിതെറ്റിപ്പോയവര്‍. അറിവില്‍ അങ്ങേയറ്റം പിഴച്ചവര്‍. നരകരക്ഷ നേടാവുന്ന പ്രവര്‍ത്തനങ്ങളിലായി വഴിതെറ്റിയവര്‍. അന്ത്യനാളിലാകട്ടെ വേദനയേറിയ ശിക്ഷയിലും. ആ നരകം അവരെയുംകൊണ്ട് ജ്വലിക്കുകയും അവരുടെ ശരീരങ്ങളില്‍ ആളിപ്പടരുകയും ഹൃദയങ്ങളിലേക്കേത്തുകയും ചെയ്യും.

48. (മുഖം നിലത്തുകുത്തിയ നിലയില്‍ നാരകാഗ്‌നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം) ശരീരഭാഗങ്ങൡ ഏറെ ആദരണീയമായതാണ് മുഖം; മറ്റുള്ളവയെക്കാള്‍ വേദനയുണ്ടാവും.

49. (തീര്‍ച്ചയായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു) ഭൂമിയിലും ഉപരിയിലും ഉള്ള എല്ലാ സൃഷ്ടിജാലങ്ങളെക്കുറിച്ചുമാണിത്. അല്ലാഹു മാത്രമാണ് അവയെല്ലാം സൃഷ്ടിച്ചത്. അവനല്ലാതെ അതിനൊരു സ്രഷ്ടാവില്ല. സൃഷ്ടിപ്പില്‍ ഒരു പങ്കാളിയുമില്ല. എല്ലാ സൃഷ്ടിപ്പും അവന്റെ വിധിയനുസരിച്ചിട്ടാണ് ഉള്ളത്. അതിനെക്കാള്‍, അവന് നേരത്തെ അറിയാം. അവന്റെ പേന എഴുതിയിട്ടുണ്ട് അതിന്റ സമയവും കണക്കുമെല്ലാം. അവയ്‌ക്കെന്തെല്ലാം പ്രത്യേകതയുണ്ടോ അതെല്ലാം.

50. (അത് അല്ലാഹുവിന് ഏറെ എളുപ്പമാണ്) അതാണ് അല്ലാഹു പറഞ്ഞത്: (നമ്മുടെ കല്‍പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്റെ ഒരു ഇമവെട്ടല്‍ പോലെ). അവന്‍ എന്തെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അതിനോട് പറയും ഉണ്ടാവുക; അപ്പോള്‍ അതുണ്ടാവും. അവന്‍ ഉദ്ദേശിച്ച പോലെ. കണ്ണിന്റെ ഇമവെട്ടല്‍ പോലെ യാതൊരു തടസ്സവും പ്രയാസവും കൂടാതെ.

51. (ഹേ, സത്യനിഷേധികളേ, നിങ്ങളുടെ കക്ഷിക്കാരെ നം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്) മുന്‍കഴിഞ്ഞ സമുദായങ്ങളില്‍ ഉള്ളവര്‍. അവരും നിങ്ങളെപോലെ കളവാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. (എന്നാല്‍ ആലോചിച്ചുമനസ്സിലാക്കുന്നവര്‍ ആരെങ്കിലുമുണ്ടോ?) അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ ഇവരിലും പൂര്‍വസമുദാങ്ങളിലും ഒന്നുതന്നെയാണെന്നു. മനസ്സിലാക്കുകയും ആലോചിക്കുകയും ചെയ്യുന്നവരുണ്ടോ? അല്ലാഹുവിന്റെ യുക്തിയനുസരിച്ചു മുന്‍സമുദായങ്ങളിലെ പാപികളെ നശിപ്പിച്ചു. അതേകാരണങ്ങള്‍ ഇവരിലും നിലനില്‍ക്കുന്നു. രണ്ടു വിഭാഗവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

52. (അവര്‍ പ്രവര്‍ത്തിച്ച ഏതൊരു കാര്യവും രേഖയിലുണ്ട്) അവര്‍ പ്രവര്‍ത്തിച്ച നന്മതിന്മകളെല്ലാം വിധിപുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്.

53. (ഏത് ചെറിയ കാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്) അത് രേഖപ്പെടുത്തിവെക്കപ്പെട്ടതും എഴുതിവെക്കപ്പെട്ടതുമാണ്. ക്വളാഅ്, ക്വദ്‌റ് എന്ന് പറയുന്നത് ഇതാണ്. എല്ലാ കാര്യങ്ങളും അല്ലാഹു അറിയുമെന്നും അത് 'ലൗഹുല്‍ മഹ്ഫൂദില്‍ രേഖപ്പെടുത്തിട്ടുണ്ട് എന്നുമാണ്. അല്ലാഹു ഉദ്ദേശിച്ചത് നടക്കും; ഉദ്ദേശിക്കാത്തത് നടക്കില്ല. സംഭവിച്ചതെല്ലാം സംഭവിക്കാനുള്ളത് തന്നെ; സംഭവിക്കാത്തതൊന്നും സംഭവിക്കാതിരിക്കാനും.

54:55. (തീര്‍ച്ചയായും ധര്‍മനിഷ്ഠപാലിച്ചവര്‍) അല്ലാഹുവിന്റെ കല്‍പനകള്‍ പ്രവര്‍ത്തിക്കുകയും വിരോധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവര്‍. ശിര്‍ക്കിനെയും ചെറുതും വലുതുമായ ദോഷങ്ങളെയും അവര്‍ സൂക്ഷിക്കുന്നു. (ഉദ്യാനങ്ങളിലും നദികളിലുമായിരിക്കും) സുഖാനുഗ്രഹങ്ങളുടെ സ്വര്‍ഗങ്ങളില്‍. ഒരു കണ്ണും കാണാത്തതും ഒരു ചെവിയും കേള്‍ക്കാത്തതും ഒരു ഹൃദയവും ചിന്തിക്കാത്തതും അവര്‍ക്കുണ്ട്. പാകമായ പഴങ്ങള്‍, ഒഴുകുന്ന നദികള്‍, ഉയര്‍ന്നുനില്‍ക്കുന്ന കൊട്ടാരങ്ങള്‍, മനോഹരമായ വീടുകള്‍, രുചികരമായ ഭക്ഷണ പാനിയങ്ങള്‍, ഭംഗിയുള്ള സ്വര്‍ഗസ്ത്രീകള്‍, പ്രശോഭിതമായ ഉദ്യാനങ്ങള്‍, അല്ലാഹുവിന്റെ സാമിപ്യവും തൃപ്തിയും ലഭിച്ചവര്‍. അതാണ് അല്ലാഹു പറഞ്ഞത്: (സത്യത്തിന്റെ ഇരിപ്പിടത്തില്‍ ശക്തനായ രാജാവിന്റെ അടുക്കല്‍) തന്റെ ഔദാര്യത്തില്‍നിന്ന് അവര്‍ അനുഗ്രഹവും കാരുണ്യവുമായി എന്തെല്ലാം നല്‍കുമെന്ന്. നിനക്ക് ചോദിക്കേണ്ടിവരാത്തവിധം ഒരു വചനമാണിത്. അതില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ. നമ്മുടെ തിന്മകള്‍കൊണ്ട് അവന്റെ അടുക്കലുള്ള നന്മ നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ.

(ഈ അധ്യായത്തിന്റെ വ്യാഖ്യനം പൂര്‍ത്തിയായി, അല്‍ഹംദുലില്ലാഹ്)