സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 മാര്‍ച്ച് 06 1442 റജബ് 22

അധ്യായം: 56, ഭാഗം 5 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَفَرَأَيْتُمْ مَا تَحْرُثُونَ (٦٣) أَأَنْتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ (٦٤) لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ (٦٥) إِنَّا لَمُغْرَمُونَ (٦٦) بَلْ نَحْنُ مَحْرُومُونَ (٦٧) أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ (٦٨) أَأَنْتُمْ أَنْزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنْزِلُونَ (٦٩) لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ (٧٠) أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ (٧١) أَأَنْتُمْ أَنْشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنْشِئُونَ (٧٢) نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِلْمُقْوِينَ (٧٣) فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (٧٤) ۞ فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ (٧٥) وَإِنَّهُ لَقَسَمٌ لَوْ تَعْلَمُونَ عَظِيمٌ (٧٦)

(63). എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? (64). നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്, അതല്ല നാമാണോ, അത് മുളപ്പിച്ചു വളര്‍ത്തുന്നവന്‍? (65). നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കുമായിരന്നു; (66). തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു. (67). അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്. (68). ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? (69). നിങ്ങളാണോ അത് മേഘത്തിന്‍നിന്ന് ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവന്‍? (70). നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്? (71). നിങ്ങള്‍ ഉരസിക്കത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? (72). നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍? (73). നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൗകര്യവും. (74). ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക. (75). അല്ല, നക്ഷത്രങ്ങളുടെ അസ്തമയ സ്ഥാനങ്ങളെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. (76). തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യംതന്നെയാണ്.

63-67). അല്ലാഹു തന്‍റെ അടിമകള്‍ക്ക് ചെയ്തുകൊടുത്ത ഒരനുഗ്രഹം എടുത്തുപറയുകയാണിവിടെ. അതിലൂടെ അവരെ ഏകദൈവ വിശ്വാസത്തിലേക്കും അവനെമാത്രം ആരാധിക്കുക, അവനിലേക്ക് ഖേദിച്ചുമടങ്ങുക എന്നിവയിലേക്കും ക്ഷണിക്കുകയാണ്. ഫലങ്ങളും കൃഷികളും കൃഷി ചെയ്യപ്പെടുന്ന നിലയില്‍ അല്ലാഹു അവര്‍ക്ക് സൗകര്യപ്പെടുത്തി അനുഗ്രഹിച്ചു. അതിലൂടെ തിട്ടപ്പെടുത്താനാവാത്ത ഗുണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്ന പഴങ്ങളും ഭക്ഷണസാധനങ്ങളും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. എത്ര നന്ദി ചെയ്താലും ബാധ്യത നിര്‍വഹിച്ചാലും മതിയാകാത്തത്ര ഉന്നതമാണിത്. തന്‍റെ അനുഗ്രഹത്തെ അവന്‍ സ്ഥാപിക്കുന്നു. (നിങ്ങളാണോ അത് മുളപ്പിച്ച് വളര്‍ത്തുന്നത്, അതല്ല, നാമാണോ അത് മുളിപ്പിച്ചു വളര്‍ത്തുന്നവന്‍?). അതായത്, ഭൂമിയില്‍ നിന്നും ചെടിയെ പുറത്തെടുത്തത് നിങ്ങളാണോ? നിങ്ങളാണോ അതിനെ വളര്‍ത്തിയുണ്ടാക്കിയത്? പാകമായ പഴവും കൊയ്തെടുക്കാവുന്ന ധാന്യവും ആയിത്തീരുന്നതുവരെ കതിരുകളായി അതിനെ ഉല്‍പാദിപ്പിച്ചത് നിങ്ങളാണോ അതോ അതെല്ലാം ഒറ്റക്ക് നിര്‍വഹിച്ച് നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തത് അല്ലാഹുവോ? നിങ്ങള്‍ക്ക് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഭൂമി ഉഴുതുമറിക്കാനും വിത്തെറിയാനും മാത്രം. പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയില്ല. അതിനപ്പുറം ചെയ്യാന്‍ നിങ്ങള്‍ക്കാവുമോ? അതോടൊപ്പം നീ അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഈ കൃഷി വല്ല വിപത്തിനും വിധേയമായാല്‍ അല്ലാഹു അതിനെ സംരക്ഷിക്കുകയും നിങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്നതുവരെ അതിനെ എത്തിച്ചുതരുകയും ചെയ്തില്ലെങ്കില്‍ (നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ നാം ആക്കുമായിരുന്നു). കൃഷി ചെയ്യപ്പട്ട ആ വിളകളെയും അതിലുള്ള പഴങ്ങളെയും. (തുരുമ്പാക്കി തീര്‍ക്കുമായിരുന്നു). തുരുമ്പായി ചിന്നിച്ചിതറി യാതൊരു പ്രയോജനവും ഭക്ഷണവും ലഭിക്കാത്ത നിലയില്‍. (അപ്പോള്‍ നിങ്ങള്‍ ആയിക്കൊണ്ടിരിക്കും). നിങ്ങള്‍ ധാരാളം ചെലവുകള്‍ ചെയ്ത് ക്ഷീണിച്ച് അധ്വാനിച്ചതിന് ശേഷം അത് തുരുമ്പായി നശിക്കുമ്പോള്‍ നിങ്ങളായിത്തീരും. (അതിശയപ്പെട്ട് പറഞ്ഞുകൊണ്ടിരിക്കും) അതായത് നിങ്ങള്‍ ഖേദിക്കുകയും നിങ്ങള്‍ക്ക് സംഭവിച്ചുപോയതില്‍ ദുഃഖിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ സന്തോഷവും ആഹ്ലാദവും നഷ്ടപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പറയും: (ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു). ഞങ്ങള്‍ക്ക് നഷ്ടം പറ്റി. വിനാശകരമായ വിപത്ത് ബാധിച്ചു. പിന്നീട് നിങ്ങള്‍ക്ക് മനസ്സിലായി, അതെവിടെനിന്ന് വന്നെന്ന്; നിങ്ങള്‍ക്ക് വിപത്തുവരാന്‍ കാരണമെന്തെന്നും. അപ്പോള്‍ നിങ്ങള്‍ പറയുന്നു: (അല്ല, ഞങ്ങള്‍-ഉപജീവനമാര്‍ഗം- തടയപ്പെട്ടവരാകുന്നെന്ന്). അതിനാല്‍ നിങ്ങള്‍ക്ക് കൃഷി മുളപ്പിച്ചുതന്നതിന് നിങ്ങളവനെ സ്തുതിക്കുക. പിന്നീട് ആ കൃഷി പൂര്‍ത്തീകരിച്ചുതരികയും ശേഷിപ്പിക്കുകയും ചെയ്തതിന്. നിങ്ങള്‍ക്കുള്ള പ്രയോജനവും ഗുണവുമെല്ലാം ഇല്ലാതാകത്തക്ക വിധത്തിലുള്ള അപകടങ്ങള്‍ നിങ്ങളുടെ മേല്‍ അയക്കാത്തതിനും.

68-70). ഇവിടെ അല്ലാഹു പറയുന്നത്, തന്‍റെ അടിമക്ക് ഭക്ഷണം നല്‍കിക്കൊണ്ട് ചെയ്ത അനുഗ്രഹത്തെ കുറിച്ചാണ്. കുടിക്കാന്‍ രുചികരമായ പാനീയത്തെ അനുഗ്രഹമായി നല്‍കിയതിനെ കുറിച്ച് പറയുന്നു. അതിന് അല്ലാഹു ഏളുപ്പമാക്കിക്കൊടുക്കുകയും സൗകര്യപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ അത് കിട്ടാന്‍ നിങ്ങള്‍ക്ക് ഒരു വഴിയുമുണ്ടാകുമായിരുന്നില്ല. അല്ലാഹുവാണതിനെ ഇറക്കിയത്. (മേഘത്തില്‍ നിന്ന്). മേഘമാണിത്. അവന്‍ ഇറക്കുന്ന മഴമൂലം ഭൂമിയുടെ അകത്തും പുറത്തും നീരൊഴുക്കുണ്ടാക്കുന്നു. ശക്തമായി ഒഴുകുന്ന ജലപ്രവാഹമുണ്ടാക്കുന്നു. ആ വെള്ളത്തെ രുചികരവും ശുദ്ധവും മനസ്സുകളിഷ്ടപ്പെടുന്നതുമാക്കി. 'അവനതിനെ ഉപ്പുരസമുള്ളതാക്കാന്‍ ഉദ്ദേശിച്ചാല്‍' (ദുസ്സ്വാദുള്ള) മറ്റൊരു പ്രയോജനവുമില്ലാതെ. (എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്?). ഈ അനുഗ്രഹങ്ങളെല്ലാം നിങ്ങള്‍ക്ക് നല്‍കിയത് അല്ലാഹുവാണെന്നിരിക്കെ.

71-76). ഒരു പടപ്പിനും മാറ്റിനിര്‍ത്താന്‍ കഴിയാത്ത നിര്‍ബന്ധാവശ്യങ്ങളില്‍ പെട്ടതാണീ അനുഗ്രഹം. ധാരാളം ആവശ്യങ്ങളിലും സുപ്രധാന കാര്യങ്ങളിലും മനുഷ്യര്‍ക്കേറെ ആവശ്യമുള്ളതാണിത്. മരങ്ങളില്‍ കാണപ്പെടുന്ന തീയിനെ അല്ലാഹു അവര്‍ക്ക് നിശ്ചയിച്ചുകൊടുത്തു. ആ മരങ്ങളുണ്ടാക്കാന്‍ സൃഷ്ടികള്‍ക്ക് സാധ്യമല്ല. പച്ചയായ മരത്തില്‍നിന്ന് അല്ലാഹു മാത്രമാണ് അത് ഉണ്ടാക്കിയത്. അതിനാല്‍ മനുഷ്യന് തന്‍റെ ആവശ്യത്തിന്നനുസരിച്ച് തീ കത്തിക്കാന്‍ കഴിയും. ആവശ്യം കഴിഞ്ഞാലുടന്‍ അത് കെടുത്തിക്കളയാനും സാധിക്കും. (അതിനെ നാമൊരു ചിന്താവിഷയമാക്കിയിരിക്കുന്നു). അതും തങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള ഒരനുഗ്രഹമാണ്. ധിക്കാരികള്‍ക്ക് അല്ലാഹു തയ്യാറാക്കിയ നരകത്തീയെ കുറിച്ചുള്ള ഉല്‍ബോധനവും അതിലുണ്ട്. അനുഗൃഹീത ഭവനത്തിലേക്ക് തന്‍റെ അടിമകളെ എത്തിക്കാനുള്ള ഒരു വഴിയാക്കുകയും ചെയ്തു. അതിനെ (ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൗകര്യവും). ഉപയോഗപ്പെടുത്തുന്നവര്‍ക്ക്, അല്ലെങ്കില്‍ യാത്രക്കാര്‍ക്ക്. ഇവിടെ യാത്രക്കാരെ അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞു. കാരണം യാത്രക്കാരന്‍റെ പ്രയോജനം മറ്റുള്ളവരെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇഹലോകജീവിതം മുഴുവനും ഒരു യാത്രയുടെ കേന്ദ്രമാണല്ലോ. ജനിച്ചത് മുതല്‍ ഒരടിമ തന്‍റെ രക്ഷിതാവിങ്കലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. തീയെന്നത് ഈ ലോകത്ത് യാത്രക്കാര്‍ക്കുള്ള ഒരു പ്രയോജന വസ്തുവും ശാശ്വതലോകത്തെക്കുറിച്ചുള്ള ഒരു ഉല്‍ബോധനവുമാണ്.

74). അടിമ അല്ലാഹുവില്‍ നന്ദിചെയ്യുകയും ആരാധിക്കുകയും അവന്‍റെ മഹത്ത്വങ്ങളെ വാഴ്ത്തുകയും ചെയ്യാന്‍ ബാധ്യതപ്പെടുത്തുന്ന അനുഗ്രഹങ്ങളെ വ്യക്തമാക്കിയശേഷം അവനെ മഹത്ത്വപ്പെടുത്താനും പ്രകീര്‍ത്തിക്കാനും കല്‍പിക്കുന്നു. (ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക). സമ്പൂര്‍ണമായ നാമഗുണവിശേഷണങ്ങളുടെ മഹാനായ രക്ഷിതാവിനെ നീ പ്രകീര്‍ത്തിക്കുക. ധാരാളം ഗുണങ്ങളും നന്മകളും തരുന്നവന്‍ നിന്‍റെ ഹൃദയംകൊണ്ടും നാവുകൊണ്ടും ശരിരാവയവങ്ങള്‍ കൊണ്ടും നീ അവനെ സ്തുതിക്കുക. അവനതിന് അവകാശിയാണ്. നന്ദി കാണിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടവന്‍. വിസ്മരിക്കാതെ അവനെ ഓര്‍മിക്കണം. ധിക്കരിക്കാതെ അവനെ അനുസരിക്കണം.

75-76). ഇവിടെ നക്ഷത്രങ്ങളെക്കൊണ്ടും അവയുടെ അസ്തമയ സ്ഥാനങ്ങളെക്കൊണ്ടും അല്ലാഹു സത്യംചെയ്തു പറയുന്നു. അസ്തമയ സ്ഥാനങ്ങളിലെ പതനസ്ഥാനങ്ങള്‍, ആ സമയങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിന്‍റെ ഏകത്വത്തെയും മഹത്ത്വത്തെയും പ്രതാപത്തെയും അറിയിക്കുന്നു. സത്യം ചെയ്യുന്ന കാര്യവും മഹത്ത്വമേറിയതായിരിക്കുമല്ലോ. (തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമെങ്കില്‍ അതൊരു വമ്പിച്ച സത്യം തന്നെയാണ്). തീര്‍ച്ചയായും സത്യം, ഒരു വമ്പിച്ച കാര്യം തന്നെ. കാരണം നക്ഷത്രങ്ങളിലും അതിന്‍റെ സഞ്ചാരത്തിലും അസ്തമയ സ്ഥാനത്തുള്ള പതനത്തിലും എണ്ണിക്കണക്കാക്കാനാവാത്ത ഗുണപാഠങ്ങളുണ്ട്.