സൂറഃ അത്ത്വൂര്‍, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

അധ്യായം: 52, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَعِيمٍ (١٧) فَـٰكِهِينَ بِمَآ ءَاتَىٰهُمْ رَبُّهُمْ وَوَقَىٰهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ (١٨) كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ (١٩) مُتَّكِـِٔينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَـٰهُم بِحُورٍ عِينٍ (٢٠) وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَـٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَـٰهُم مِّنْ عَمَلِهِم مِّن شَىْءٍ ۚ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌ (٢١) وَأَمْدَدْنَـٰهُم بِفَـٰكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ (٢٢) يَتَنَـٰزَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ (٢٣) وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ (٢٤) وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ (٢٥) قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ (٢٦) فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ (٢٧)

(17). തീര്‍ച്ചയായും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും. (18). തങ്ങളുടെ രക്ഷിതാവ് അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍നിന്ന് അവരുടെ രക്ഷിതാവ് അവരെ കാത്തുരക്ഷിക്കുകയും ചെയ്യും. (19). (അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. (20). വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും. (21). ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കു ന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്. അവരുടെ കര്‍മഫലത്തില്‍നിന്ന് യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമി ല്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ച്‌വെച്ചതിന് (സ്വന്തം കര്‍മങ്ങള്‍ക്ക്) പണയം വെക്കപ്പെട്ടവനാകുന്നു. (22). അവര്‍ കൊതിക്കുന്നതരത്തിലുള്ള പഴവും മാംസവും നാം അവര്‍ക്ക് അധികമായി നല്‍കുകയും ചെയ്യും. (23). അവിടെ അവര്‍ പാനപാത്രം അന്യോന്യം കൈമാറിക്കൊണ്ടിരിക്കും. അവിടെ അനാവശ്യവാക്കോ, അധാര്‍മിക വൃത്തിയോ ഇല്ല. (24). അവര്‍ക്ക് (പരിചരണത്തിനായി) ചെറുപ്പക്കാര്‍ അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും. അവര്‍ സൂക്ഷിച്ച് വെക്കപ്പെട്ട മുത്തുകള്‍പോലെയിരിക്കും (25). പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. (26). അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. (27). അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്‌നിയുടെ ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.

17). സത്യനിഷേധികളുടെ ശിക്ഷയെക്കുറിച്ച് പറഞ്ഞപ്പോള്‍തന്നെ സൂക്ഷ്മത പാലിക്കുന്നവരുടെ സുഖാനുഗ്രഹങ്ങളെക്കുറിച്ചും പറഞ്ഞു; ഭയപ്പെടുത്തലും ആഗ്രഹിപ്പിക്കലും ഒരുമിച്ച് കൊണ്ടുവരുന്നതിനുവേണ്ടി. അപ്പോള്‍ ഹൃദയങ്ങള്‍ ഭയത്തിനും പ്രതീക്ഷക്കുമിടയിലാകും. അല്ലാഹു പറയുന്നു: (തീര്‍ച്ചയായും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍) തങ്ങളുടെ രക്ഷിതാവിനോട് വിരോധങ്ങള്‍ ഉപേക്ഷിച്ചുും കല്‍പനകള്‍ അനുഷ്ഠിച്ചും അല്ലാഹുവിന്റെ ശിക്ഷയുടെയും കോപത്തിന്റെയും കാരണങ്ങളെ സൂക്ഷിച്ചവരാണവര്‍. (സ്വര്‍ഗത്തോപ്പുകളിലും) അവിടുത്തെ തോട്ടങ്ങള്‍ ഇടതൂര്‍ന്ന മരങ്ങള്‍ ശക്തിയായൊഴുകുന്ന നദികള്‍, വലയംചെയ്യപ്പെട്ട കോട്ടകള്‍, അലങ്കരിക്കപ്പെട്ട ഭവനങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞിരിക്കും. ശരീരത്തിനും ആത്മാവിനും ഹൃദയത്തിനും സുഖം നല്‍കുന്ന സമ്പൂര്‍ണ സുഖങ്ങള്‍.

18). (തങ്ങളുടെ രക്ഷിതാവ് അവര്‍ക്ക് നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്). അതില്‍ ആശ്ചര്യപ്പെട്ടുകൊണ്ട്. വര്‍ണിക്കാനാവാത്ത അനുഗ്രഹങ്ങള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ ആഹ്ലാദിച്ചും സന്തോഷിച്ചും സുഖമനുഭവിച്ചുംകൊണ്ട്.

لَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ

''കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല'' (32:17)

(ജ്വലിക്കുന്ന നരകശിക്ഷയില്‍നിന്ന് അവരുടെ രക്ഷിതാവ് അവരെ കാത്തുരക്ഷിക്കുകയും ചെയ്യും). അതായത് ഇഷ്ടപ്പെട്ടത് അവര്‍ക്ക് നല്‍കുക. ഭയപ്പെടുന്ന കാര്യത്തില്‍നിന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്തു. കാരണം അവര്‍ അല്ലാഹുവിന് വെറുപ്പുള്ളത് ഉപേക്ഷിക്കുകയും ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുകയും ചെയ്തു.

19). (നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി നിങ്ങള്‍ സുഖമായി തിന്നുകയും കുടിക്കുക യും ചെയ്തുകൊള്ളുക). നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്ന ആസ്വാദ്യകരമായ വിവിധ ഭക്ഷണ പാനീയങ്ങളില്‍നിന്നും. (സുഖമാ യി) സന്തോഷത്തിലും ആഹ്ലാദത്തിലും സുഭിക്ഷമായി. (നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി). നന്മനിറഞ്ഞ നിങ്ങളുടെ വാക്കുകളും സല്‍പ്രവര്‍ത്തനങ്ങളും കാരണമാണ് നിങ്ങള്‍ക്കീ ലഭിച്ചതെല്ലാം.

20). (വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും). ചാരിയിരിക്കല്‍ എന്നത് സൗകര്യത്തിലും സന്തോഷത്തിലും സ്വസ്ഥമായുമുള്ള ഇരുത്തമാണ്. പ്രശോഭിക്കുന്ന വിരിപ്പുകള്‍കൊണ്ടും പ്രൗഢിയുള്ള വസ്ത്രങ്ങള്‍കൊണ്ടുമുള്ള വ്യത്യസ്ത അലങ്കാരവേലകള്‍കൊണ്ട് അലങ്കരിച്ച കട്ടിലുകളാണ് 'സുറുറ്' എന്നത്. കട്ടിലുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ വരിവരിയായി വെക്കപ്പെട്ടത് എന്ന് അല്ലാഹു പറഞ്ഞു.

അവ ധാരാളമുണ്ടെന്നും നല്ല ചിട്ടയോടെ സംവിധാനിക്കപ്പെട്ടതാണെന്നും അവര്‍ ഒരുമിച്ച് കൂടുമെന്നും പരസ്പരം നല്ല സഹവാസങ്ങളും സ്‌നേഹപ്രകടനങ്ങളും ഉണ്ടായിരിക്കുമെന്നും മനസ്സിലാകുന്നു. നിസ്സാരമല്ലാത്തതും ഭാവനയില്‍പോലും വരാത്തതുമായ ആസ്വാദ്യകരമായ ഭക്ഷണ പാനീയങ്ങളും മനോഹരങ്ങളായ ഇരിപ്പിടങ്ങളിലുമായി ശാരീരികവും മാനസികവുമായ സുഖാനുഗ്രങ്ങള്‍ അവിടെ അവര്‍ ഒരുമിച്ച് അനുഭവിക്കും. മറ്റൊരു സ്ത്രീയില്‍നി ന്നും ലഭിക്കാത്ത ആസ്വാദനങ്ങളും അവര്‍ക്കവിടെ ശേഷിക്കുന്നു. സ്വഭാവത്തിലും രൂപത്തിലും സമ്പൂര്‍ണരായ ഇണകളവിടെ ഉണ്ടെന്ന് അല്ലാഹു പറയുന്നു. (വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്ത് കൊടുക്കുകയും ചെയ്യും). കാഴ്ചക്കാര്‍ വിസ്മയിച്ചുപോകുന്ന ശ്രേഷ്ഠ സ്വഭാവങ്ങളും പ്രത്യക്ഷമായ രൂപലാവണ്യവും ഒരുമിച്ച സ്ത്രീകളാണവര്‍. ആളുകളുടെ ബുദ്ധിയെ കവര്‍ന്നെടുക്കുന്നവര്‍ അവരിലേക്കെത്താതിരിക്കില്ല. ആഗ്രഹത്താല്‍, താല്‍പര്യത്താല്‍ ഹൃദയങ്ങള്‍ പറന്നുപോകാറാവും العين എന്നത് കണ്ണിന്റെ ഭംഗിയാണ്. അതിലെ വെളുപ്പും കറുപ്പും തെളിമയുള്ളതായിരിക്കും.

21. സ്വര്‍ഗസുഖങ്ങളുടെ ഒരു പൂര്‍ത്തീകരണമാണിത്. വിശ്വാസത്തില്‍ തങ്ങളെ പിന്‍പറ്റിയ മക്കളെ അല്ലാഹു അവരോടൊപ്പം ചേര്‍ത്തുകൊടുക്കും. അതായത് പിതാക്കളുടെ വിശ്വാസത്തില്‍ അവരെ ചേര്‍ത്തുകൊടുക്കും. അപ്പോള്‍ വിശ്വാസത്തില്‍ മക്കള്‍ അവരെ പിന്തുടരുന്നവരാകും. അവരുടെ അതേ വിശ്വാസം സന്താനങ്ങളും പിന്തുടര്‍ന്നാല്‍ ഇവരെ സ്വര്‍ഗത്തില്‍ പിതാക്കളുടെ അതേസ്ഥാനത്ത് എത്തിച്ചുകൊടുക്കും. അവരവിടെ എത്തിയിട്ടുണ്ടെങ്കില്‍ അവരുടെ പിതാക്കള്‍ക്കുള്ള പ്രതിഫലമായി. അവരുടെ കൂലിയില്‍ ഒരു വര്‍ധനവായി. അതോടൊപ്പം പിതാക്കളുടെ പ്രവര്‍ത്തനത്തിന്റെ പ്രതിഫലത്തില്‍ കുറവ് വരുത്താതെതന്നെ. നരകക്കാര്‍ക്കും ഇതേപോലെ മക്കളെ എത്തിച്ചുകൊടുക്കും എന്നാരെങ്കിലും ധരിച്ചാല്‍, അല്ലാഹുതന്നെ പറയുന്നുണ്ട്. സ്വര്‍ഗത്തിലും നരകത്തിലും ഒരേ വിധിയല്ലെന്നും നരകം നീതിയുടെ ഭവനമാണ് എന്നും. കുറ്റം ചെയ്യാത്ത ഒരാളെയും ശിക്ഷിക്കാതിരിക്കുക എന്നത് അല്ലാഹുവിന്റെ നീതിയാണ്. അതാണല്ലോ അല്ലാഹു പറഞ്ഞത്: (ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചുവെച്ചതിന് പണയം വെക്കപ്പെട്ടവനാകുന്നു) തന്റെ കര്‍മങ്ങള്‍ക്ക് അവന്‍ പണയം വെക്കപ്പെട്ടവനാണ്. ഒരാളുടെ പാപഭാരം മറ്റൊരാള്‍ വഹിക്കുകയില്ല. ഒരാളുടെ കുറ്റവും മറ്റൊരാള്‍ വഹിക്കില്ല. നേരത്തെയുണ്ടായ ധാരണ തിരുത്തുന്നതാണത്.

22). (നാം അവര്‍ക്ക് അധികമായി നല്‍കും) വിശാലമായ നമ്മുടെ ഭക്ഷണങ്ങളും വര്‍ധിച്ച അനുഗ്രഹങ്ങളും സ്വര്‍ഗക്കാര്‍ക്ക് നാം നല്‍കും. (പഴം) അവര്‍ ഭക്ഷണമായി ഉപയോഗിക്കുന്നവയെക്കാള്‍ വര്‍ധിച്ച ആസ്വാദനം നല്‍കുന്ന വ്യത്യസ്ത പഴങ്ങള്‍, ആപ്പിള്‍, റുമ്മാന്‍, മുന്തിരി തുടങ്ങിയവ. (അവര്‍ കൊതിക്കുന്ന മാംസവും) അവര്‍ ആവശ്യപ്പെടുന്നതും മനസ്സാഗ്രഹിക്കുന്നതുമായ പക്ഷിമാംസവും മറ്റും.

23). (അവിടെ അവര്‍ പാനപാത്രം അന്യോന്യം കൈമാറിക്കൊണ്ടിരിക്കും). ശുദ്ധമായ മ ദ്യത്തിന്റെ കോപ്പകള്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അവര്‍ക്കിടയില്‍ അവരത് പരസ്പരം കൈമാറിക്കൊണ്ടിരിക്കും. കൂജകള്‍കൊണ്ടും കോപ്പകള്‍കൊണ്ടും. ശാശ്വതരാക്കപ്പെട്ട കുട്ടികള്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും (അവിടെ അനാവശ്യ വാക്കോ അധാര്‍മികത പ്രവൃത്തിയോ ഇല്ല). അനാവശ്യ വാക്കുകള്‍ സ്വര്‍ഗത്തിലില്ല. لغو എന്നാല്‍ പ്രയോജനമില്ലാത്ത സംസാരം എന്നര്‍ഥം. കുറ്റകരവും പാപകരവുമായ വര്‍ത്തമാനവും ഇല്ല. ഇത് രണ്ടുമില്ലെങ്കില്‍ മൂന്നാമത്തെ ഒന്നുണ്ടാകും; അവിടുത്തെ സംസാരം. ഹൃദയത്തെ സന്തോഷിപ്പിക്കുന്ന, മനസ്സിനെ കുളിര്‍പ്പിക്കുന്ന പരിശുദ്ധവും വിശിഷ്ടവുമായ സലാം. ഏറ്റവും നല്ല നിലയില്‍ അവര്‍ സഹവസിക്കുന്നു. ഏറ്റവും നല്ല ഒത്തുചേരല്‍ അവര്‍ നടത്തുന്നു. തങ്ങളുടെ രക്ഷിതാവില്‍നിന്നും കണ്‍കുളിര്‍പ്പിക്കുന്ന വര്‍ത്തമാനങ്ങളേ അവര്‍ കേള്‍ക്കൂ. അവരുടെ രക്ഷിതാവിന്റെ തൃപ്തിയും സ്‌നേഹവും അവര്‍ക്കുണ്ടെന്ന് അതില്‍നിന്ന് അവര്‍ക്ക് മനസ്സിലാകുന്നു.

24). (അവര്‍ക്ക്-പരിചരണത്തിനായി-ചെറുപ്പക്കാര്‍ അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും). യുവാക്കളായ പരിചാരകര്‍. (അവര്‍ സൂക്ഷിച്ചു വെക്കപ്പെട്ട മുത്തുകള്‍ പോലെയായിരിക്കും). അതിന്റെ പ്രശോഭയും ഭംഗിയും കൊണ്ട്. സേവകന്മാര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കൊണ്ടിരിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുകയും ചെയ്യും. ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത് അവരുടെ സുഖാനുഭവങ്ങളുടെ ആധിക്യവും വിശാലതയും അവരുടെ സന്തോഷത്തിന്റെ പൂര്‍ണതയുമാണ്.

25) (പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും) ഇഹലോകത്തെ കാര്യങ്ങളും അവസ്ഥകളുമെല്ലാം.

26) (അവര്‍ പറയും) ഇന്നവര്‍ അനുഭവിക്കുന്ന സന്തോഷാഹ്ലാദങ്ങളിലേക്ക് എത്തിയതിനെക്കുറിച്ച് അവര്‍ വിശദീകരിക്കും. (തീര്‍ച്ചയായും നാം മുമ്പ്) അതായത് ഇഹലോകത്ത്. (നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു). അതായത് ഭയപ്പെടുന്നവരും പേടിക്കുന്നവരും. ആ ഭയത്താല്‍ നാം പാപമുപേക്ഷിച്ചു. നമ്മുടെ ന്യൂനതകള്‍ പരിഹരിച്ചു.

27) (അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും) സന്മാര്‍ഗം സ്വീകരിക്കാനും അതിനുള്ള സഹായവും. (രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു). അതായത് ചൂടുള്ള ശിക്ഷ, അതിന്റെ കഠിന ചൂടില്‍നിന്ന്.