സൂറഃ അന്നജ്മ് (നക്ഷത്രം), ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01

അധ്യായം: 53, ഭാഗം 4 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ (٤٢) وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ (٤٣) وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا (٤٤) وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ (٤٥) مِن نُّطْفَةٍ إِذَا تُمْنَىٰ (٤٦) وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ (٤٧‬) وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ (٤٨) وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ (٤٩) وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ (٥٠) وَثَمُودَا۟ فَمَآ أَبْقَىٰ (٥١) وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ (٥٢) وَٱلْمُؤْتَفِكَةَ أَهْوَىٰ (٥٣) فَغَشَّىٰهَا مَا غَشَّىٰ (٥٤) فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ (٥٥) هَـٰذَا نَذِيرٌ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ (٥٦) أَزِفَتِ ٱلْـَٔازِفَةُ (٥٧) لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ (٥٨) أَفَمِنْ هَـٰذَا ٱلْحَدِيثِ تَعْجَبُونَ (٥٩) وَتَضْحَكُونَ وَلَا تَبْكُونَ (٦٠) وَأَنتُمْ سَـٰمِدُونَ (٦١) فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩ (٦٢)

(42). നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും, (43). അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും, (44). അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും, (45). ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും (46). ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് (47). രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്റെ ചുമതലയിലാണെന്നും, (48). ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും സമ്പത്ത് നല്‍കുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും, (49). അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്റെ രക്ഷിതാവ്. എന്നുമുള്ള കാര്യങ്ങള്‍. (50). ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും, (51). ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല. (52). അതിന് മുമ്പ് നൂഹിന്റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു. (53). കീഴ്‌മേല്‍ മറിഞ്ഞ രാജ്യത്തെയും, അവന്‍ തകര്‍ത്തു കളഞ്ഞു. (54). അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു. (55). അപ്പോള്‍ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്? (56). ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു. (57). സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു. (58). അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല. (59). അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും, (60). നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും, (61). നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ? (62). അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.

42. (നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും) അവനിലേക്കാണ് കാര്യങ്ങളുടെ പരിസമാപ്തി. ഉയിര്‍ത്തെഴുന്നേല്‍പിലും പുനരുത്ഥാനത്തിലും സൃഷ്ടികളും കാര്യങ്ങളും അവനിലേക്ക് മടങ്ങുന്നു. എല്ലാ അവസ്ഥയിലും അവനിലേക്കുതന്നെ പര്യവസാനം. അറിവും വിധിയും കാരുണ്യവും മറ്റെല്ലാം അവനില്‍ അവസാനിക്കും.

43. (അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും). കരച്ചിലിന്റെയും ചിരിയുടെയും കാരണങ്ങളുണ്ടാക്കുന്നത് അവനാണ്. അവനാണ് നന്മയും തിന്മയും സന്തോഷവും ദുഃഖവും മനോവേദനയും എല്ലാം (ഉണ്ടാക്കുന്നത്). അവന്‍ മഹാപരിശുദ്ധന്‍. അതിലെല്ലാം സമ്പൂര്‍ണമായ യുക്തിനിയമങ്ങളുണ്ട് അവന്.

44. (അവന്‍തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്ന്). അതായത് അവനൊരുവന്‍ മാത്രമാണ് ഉണ്ടാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നത്. അവനാണ് പടപ്പുകളെ ഉണ്ടാക്കിയതും അവരോട് കല്‍പിച്ചതും വിരോധിച്ചതും മരണശേഷം അവരെ മടക്കുന്നതും. ഇഹലോകത്ത് അവന്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അവന് പ്രതിഫലം നല്‍കുകയും ചെയ്യുന്നു.

45-46. (ഇണകളെ അവനാണ് സൃഷ്ടിച്ചത്) ആ രണ്ടിണകളെ അവന്‍ തന്നെ വിശദീകരിക്കുന്നു (ആണും പെണ്ണും). ബുദ്ധിയുള്ളതും ഇല്ലാത്തതുമായ സകല ജീവി വര്‍ഗങ്ങളിലെയും ആണും പെണ്ണും ഇതില്‍പെടും. അവന്‍ മാത്രമാണ് ഇവയെയെല്ലാം സൃഷ്ടിച്ചത്. (ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്). മഹത്തായ പ്രതാപം അല്ലാഹുവിന് മാത്രമുള്ളതാണെന്നതിനും അവന്റെ കഴിവിന്റെ പരിപൂര്‍ണതയ്ക്കുമുള്ള ഏറ്റവും വലിയ തെളിവാണിത്. നിസ്സാരമായ ദ്രാവകത്തില്‍നിന്നുള്ള ദുര്‍ബലമായ ഒരു കണത്തില്‍നിന്നാണ് ചെറുതും വലുതുമായ അനേകം ജീവിവര്‍ഗങ്ങളെ അവനുണ്ടാക്കിയത്. പിന്നീട്, അതിന് ആവശ്യമായ വളര്‍ച്ചയും പൂര്‍ണതയും നല്‍കി. അതില്‍ മനുഷ്യനാവട്ടെ, സ്വര്‍ഗത്തിലെ ഉന്നത സ്ഥാനങ്ങളില്‍ അവന്‍ ആയിത്തീരുന്നു. അല്ലെങ്കില്‍ അധമരില്‍ അധമനായ അവസ്ഥയിലേക്ക് അവന്‍ താഴുന്നു.

47. ഇവിടെ ആരംഭത്തെ തിരിച്ചുവരുന്നതിനുള്ള തെളിവാക്കുന്നു: (രണ്ടാമത് ജീവിപ്പിക്കുക എന്നത് അവന്റെ ചുമതലയിലാണെന്നും) കുഴിമാടങ്ങളില്‍നിന്ന് മനുഷ്യരെ അവന്‍ തിരിച്ചുകൊണ്ടുവരുന്നു. നിശ്ചിത ദിവസത്തില്‍ അവരെ ഒരുമിച്ചുകൂട്ടുന്നു. നന്മ-തിന്മകള്‍ക്ക് അവര്‍ക്ക് പ്രതിഫലവും നല്‍കുന്നു.

48. (ഐശ്വര്യം നല്‍കുകയും സമ്പത്ത് നല്‍കുകയും ചെയ്തത് അവന്‍ തന്നെയാണെന്നും) കച്ചവടം, വ്യത്യസ്ത ജോലികള്‍ ചെയ്ത് സമ്പാദിക്കല്‍ എന്നിവകൊണ്ട് അവരുടെ ജീവിതകാര്യങ്ങള്‍ അവന്‍ തന്റെ അടിമക്ക് എളുപ്പമാക്കിക്കൊടുത്തു. (സൂക്ഷിക്കാന്‍ കൊടുക്കുകയും ചെയ്തു) എല്ലാവിധ സമ്പത്തും സൂക്ഷിച്ചുവെക്കാവുന്ന, ധാരാളം വസ്തുക്കളെ അവര്‍ക്ക് ഉടമപ്പെടുത്തിക്കൊടുത്തു.

49 (അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്തിന്റെ രക്ഷിതാവ് എന്നുമുള്ള കാര്യങ്ങള്‍) ശിഅ്‌റാ എന്നറിയപ്പെടുന്ന പ്രസിദ്ധ നക്ഷത്രമാണിത്. (മിര്‍സം) എന്ന പേരുമുണ്ട്. എല്ലാറ്റിന്റെയും രക്ഷിതാവാണ് അല്ലാഹുവെങ്കിലും 'ശിഅ്‌റ'യെ പ്രത്യേകം എടുത്തുപറയാന്‍ കാരണം ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ട ഒരു നക്ഷത്രമായിരുന്നു ഇത്. മുശ്‌രിക്കുകള്‍ ആരാധിച്ചിരുന്ന ഈ ഇനത്തെ അവനാണ് പരിരക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും സൃഷ്ടിച്ചതും എന്നാണ്. അപ്പോള്‍ എങ്ങനെയാണ് അല്ലാഹുവിന്റെ കൂടെ അവര്‍ ആരാധ്യരെ സ്വീകരിക്കുന്നത്?

50. (ആദിമ ജനതയായ ആദിനെയും അവന്‍ നശിപ്പിച്ചു) ഹൂദ് നബി(അ)യുടെ ജനതയായ ആദ് അദ്ദേഹത്തെ കളവാക്കിയപ്പോള്‍ ശക്തമായി അടിച്ചുവീശന്ന കാറ്റുകൊണ്ട് അവരെ നശിപ്പിച്ചു.

51. (സമൂദിനെയും) സ്വാലിഹ് നബി(അ)യുടെ ജനതയായ സമൂദ് ഗോത്രത്തിലേക്ക് അദ്ദേഹത്തെ നിയോഗിച്ചു. അവര്‍ അദ്ദേഹത്തെ കളവാക്കി. അപ്പോള്‍ അവര്‍ക്ക് ദൃഷ്ടാന്തമായി ഒരു ഒട്ടകത്തെ നിയോഗിച്ചു. അവര്‍ അതിനെ അറുത്തുകളയുകയും അദ്ദേഹത്തെ തള്ളിക്കളയുകയും ചെയ്തു. അപ്പോള്‍ അല്ലാഹു അവരെ നശിപ്പിച്ചു. (ഒരാളെയും അവശേഷിപ്പിച്ചില്ല) ഒരാളെയും ബാക്കിയാക്കിയില്ല. അവരില്‍ അവസാനത്തവനെയും അത് പിടികൂടി.

52. (അതിനുമുമ്പ് നൂഹിന്റെ ജനതയെയും നശിപ്പിച്ചു. തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു). ഈ സമുദായത്തില്‍ പെട്ടവര്‍, അല്ലാഹു അവരെ നശിപ്പിക്കുകയും മുക്കിക്കളയുകയും ചെയ്തു.

53-54. (കീഴ്‌മേല്‍ മറിഞ്ഞ രാജ്യത്തെയും) ഇവര്‍ ലൂത്വിന്റെ ജനതയാണ്. (അവന്‍ തകര്‍ത്തുകളഞ്ഞു). ലോകത്താര്‍ക്കും സംഭവിക്കാത്ത ശിക്ഷയാണ് അവര്‍ക്ക് ബാധിച്ചത്. വീടിന്റെ അടിഭാഗങ്ങള്‍ മുകളിലേക്ക് മറിച്ചിട്ടു. ചൂടുവെക്കപ്പെട്ട കല്ലുമഴ അവരുടെമേല്‍ വര്‍ഷിച്ചു. അതാണ് അല്ലാഹു പറഞ്ഞത്: (അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കമായ-ശിക്ഷയുടെ-ആവരണംകൊണ്ട് പൊതിഞ്ഞു). വിശദീകരിക്കാന്‍ കഴിയാത്തത്ര വമ്പിച്ച ശിക്ഷ.

55. (അപ്പോള്‍ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിക്കുന്നത്?). മനുഷ്യാ, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍നിന്നും ഔദാര്യത്തില്‍നിന്നും ഏതൊന്നിനെയാണ് നീ സംശയിക്കുന്നത്? അടിമക്കുള്ള എല്ലാ അനുഗ്രഹങ്ങളും അവനില്‍ നിന്നാണ്. അവനല്ലാതെ ശിക്ഷയെ തടുക്കുകയുമില്ല.

56. (ഇദ്ദേഹം-മുഹമ്മദ് നബി-പൂര്‍വികരായ താക്കീതുകാരുടെ കൂട്ടത്തില്‍പെട്ട ഒരു താക്കീതുകാരനാകുന്നു) ക്വുറൈശിയും ഹാശിമിയും ആയ മുഹമ്മദുബ്‌നു അബ്ദുല്ലയാകുന്ന ഈ പ്രവാചകന്‍ പ്രവാചകന്മാരില്‍ ആദ്യത്തെതല്ല. അദ്ദേഹത്തിന് മുമ്പ് പ്രവാചകന്മാര്‍ മുന്‍കടന്നിട്ടുണ്ട്. അദ്ദേഹം ക്ഷണിക്കുന്നതിലേക്ക് തന്നെയാണ് അവരും ക്ഷണിച്ചത്. പിന്നീട് എന്ത് കാര്യത്തിനാണ് അവര്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം നിഷേധിക്കുന്നത്? അദ്ദേഹത്തിന്റെ പ്രബോധനത്തെ തള്ളിക്കളയാന്‍ എന്ത് തെളിവാണുള്ളത്? ആദരണീയരായ പ്രവാചകന്മാരുടെ സ്വഭാവങ്ങളില്‍ ഏറെ ഉന്നതമായ സ്വഭാവത്തിന്റെ ഉടമയല്ലയോ അദ്ദേഹം. തിന്മകളെ മുഴുവന്‍ വിരോധിക്കുകയും മുഴുവന്‍ നന്മകളിലേക്കും ക്ഷണിക്കുകയുമല്ലേ അദ്ദേഹം ചെയ്യുന്നത്? സ്തുത്യര്‍ഹനും അഗാധജ്ഞാനിയുമായ അല്ലാഹുവില്‍നിന്ന് അവതരിച്ച, മുന്നില്‍നിന്നോ പിന്നില്‍നിന്നോ യാതൊരു നിരര്‍ഥകതയും വരാത്ത വിശുദ്ധ ക്വുര്‍ആനല്ലോ അദ്ദേഹം കൊണ്ടുവന്നത്? ആദരണീയരായ പൂര്‍വ പ്രവാചകന്മാരെ കളവാക്കിയവരെ അല്ലാഹു നശിപ്പിച്ചില്ലേ? പ്രവാചകന്മാരുടെ നേതാവും സൂക്ഷ്മത പാലിക്കുന്നവരുടെ ഇമാമും മുഖം പ്രകാശിക്കുന്നവരുടെ നായകനുമായ മുഹമ്മദ് നബി ﷺ യെ കളവാക്കുന്നവര്‍ക്ക് ശിക്ഷ തടയപ്പെടുന്നതെങ്ങനെ?

57. (സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു). അന്ത്യനാളടുത്തു. അതിന്റെ സമയമായി. അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടു (അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല) അന്ത്യനാള്‍ വരികയും അവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ശിക്ഷ വരികയും ചെയ്താല്‍

58. തുടര്‍ന്ന് മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തെ നിഷേധിക്കുന്നവരും അദ്ദേഹം കൊണ്ടുവന്ന ക്വുര്‍ആനിനെ കളവാക്കുകയും ചെയ്യുന്നവരെ താക്കീത് ചെയ്യുകയാണ്.

59. (അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും) സംസാരങ്ങളില്‍ അത്യുത്തമവും ശ്രേഷ്ഠവും ആദരണീയവുമായ ഈ വര്‍ത്തമാനത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? പതിവിന് വിരുദ്ധമായ ഒരു കാര്യമാക്കുകയാണോ നിങ്ങളതിനെ? അസാധാരണ കാര്യവും പരിചിതമായ യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമായതുമാക്കുകയാണോ? ഇതെല്ലാം നിങ്ങളുടെ ധിക്കാരവും വഴികേടും അജ്ഞതയുമാണ്. അങ്ങനെയല്ല; അത് സംസാരിച്ചാല്‍ സത്യമായിരിക്കും. ഒരു വാക്ക് പറഞ്ഞാല്‍ അത് ഖണ്ഡിതമായിരിക്കും. അത് തമാശയല്ല, അതാണ് മഹത്തായ ക്വുര്‍ആന്‍. ഒരു പര്‍വതത്തില്‍ അത് അവതരിക്കുകയാണെങ്കില്‍ അത് വിനീതമാകുന്നതും അതിനെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു. വിവേകമുള്ളവര്‍ക്കത് ബുദ്ധിയും യുക്തിയും നേരും സ്ഥൈര്യവും ദൃഢബോധ്യവും വിശ്വാസവും വര്‍ധിപ്പിക്കുന്നു. ഇതില്‍ അത്ഭുതപ്പെടുന്നവന്റെ ബുദ്ധിയെയും സിദ്ധാന്തത്തെയും വഴികേടിനെയും കുറിച്ചോര്‍ത്ത് അത്ഭുതപ്പെടേണ്ടിവരും

60. (നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നു). അതിനെ പരിഹസിക്കാനും ചിരിക്കാനും നിങ്ങള്‍ ധൃതി കാണിക്കുന്നു. മനസ്സുകള്‍ അതിനാല്‍ സ്വാധീനിക്കപ്പെടുകയും ഹൃദയങ്ങള്‍ ലോലമാവുകയും കണ്ണുകള്‍ കരയുകയും ചെയ്യേണ്ട സ്ഥാനത്താണ് നിങ്ങള്‍ ചിരിക്കുന്നത്. അതിന്റെ വിധിവിലക്കുകള്‍ കേള്‍ക്കുമ്പോഴും അതിന്റെ വാഗ്ദാനങ്ങളും താക്കീതുകളും ശ്രദ്ധിക്കുമ്പോഴും നല്ലതായ അതിന്റെ സത്യമായ വിവരങ്ങള്‍ കാണുമ്പോഴും കണ്ണുകള്‍ കരഞ്ഞുപോകും.

61. (നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?) അതില്‍നിന്നും അത് ചിന്തിച്ച് പഠിക്കുന്നതില്‍നിന്നും നിങ്ങള്‍ അശ്രദ്ധരാണ്. ഇതെല്ലാം നിങ്ങളുടെ ദീനിന്റെയും ബുദ്ധിയുടെയും കുറവുകൊണ്ടാണ്. നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും എല്ലാ സമയത്തും അവന്റെ തൃപ്തി നേടുകയും ചെയ്യുകയാണെങ്കില്‍ ബുദ്ധിമാന്മാര്‍ക്കുള്ള ഈ പരിണിതി നിങ്ങള്‍ക്കുമുണ്ടാകുമായിരുന്നു .

62. അതാണ് അല്ലാഹു പറഞ്ഞത്: (അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്യുവീന്‍). സുജൂദ് ചെയ്യാന്‍ പ്രത്യേകം കല്‍പിച്ചത് അതിന്റെ മഹത്ത്വത്തെ അറിയിക്കുന്നു. അത് ആരാധനയുടെ  രഹസ്യവും കാമ്പുമാണ്. അതിന്റെ ആത്മാവ് അല്ലാഹുവിന് കീഴടങ്ങലും ഭക്തി കാണിക്കലുമാണ്. ഒരു അടിമ കാണിക്കുന്ന താഴ്മയുടെ സന്ദര്‍ഭങ്ങളില്‍ ഏറ്റവും ഉന്നതമാണത്. കാരണം, സുജൂദില്‍ ഹൃദയവും ശരീരവും താഴ്മ കാണിക്കുന്നു. പാദങ്ങള്‍ വെക്കുന്ന താഴ്ന്ന തറയില്‍ ശരീരാവയവങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതിനെ വെക്കുന്നു. എന്നിട്ട് ആരാധനയ്ക്ക് പൊതുവായി കല്‍പിക്കുന്നു. ആരാധന എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ വാക്കുകളും പ്രവൃത്തികളും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ പ്രയോഗമാണ്.