സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഫെബ്രുവരി 27 1442 റജബ് 15

അധ്യായം: 56, ഭാഗം 4 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ (٤٥) وَكَانُوا يُصِرُّونَ عَلَى الْحِنْثِ الْعَظِيمِ (٤٦) وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ (٤٧‬) أَوَآبَاؤُنَا الْأَوَّلُونَ (٤٨) قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ (٤٩) لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَعْلُومٍ (٥٠) ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ (٥١) لَآكِلُونَ مِنْ شَجَرٍ مِنْ زَقُّومٍ (٥٢) فَمَالِئُونَ مِنْهَا الْبُطُونَ (٥٣) فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ (٥٤) فَشَارِبُونَ شُرْبَ الْهِيمِ (٥٥) هَٰذَا نُزُلُهُمْ يَوْمَ الدِّينِ (٥٦) نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ (٥٧‬) أَفَرَأَيْتُمْ مَا تُمْنُونَ (٥٨‬) أَأَنْتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ (٥٩‬) نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ (٦٠) عَلَىٰ أَنْ نُبَدِّلَ أَمْثَالَكُمْ وَنُنْشِئَكُمْ فِي مَا لَا تَعْلَمُونَ (٦١) وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ (٦٢)

(45). എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനുമുമ്പ് സുഖലോലുപന്‍മാരായിരുന്നു. (46). അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു. (47). അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്? (48). ഞങ്ങളുടെ പൂര്‍വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?) (49). നീ പറയുക: തീര്‍ച്ചയായും പൂര്‍വികരും പില്‍ക്കാലക്കാരും എല്ലാം; (50). ഒരു നിശ്ചിതദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു. (51). എന്നിട്ട്, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ, (52). തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് സഖ്ഖൂമില്‍നിന്ന് ഭക്ഷിക്കുന്നവരാകുന്നു. (53). അങ്ങനെ അതില്‍നിന്ന് വയറുകള്‍ നിറക്കുന്നവരും, (54). അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍നിന്ന് കുടിക്കുന്നവരുമാകുന്നു. (55). അങ്ങനെ ദാഹിച്ചുവലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു. (56). ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം. (57). നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്? (58). അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? (59). നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്? (60). നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല. (61). (നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍. (62). ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചുനോക്കുന്നില്ല?

45-48). ഇത്തരത്തിലൊരു പ്രതിഫലാവസ്ഥയിലേക്ക് അവര്‍ എത്താനുണ്ടായ പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അല്ലാഹു വിശദീകരിക്കുന്നത്: (എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനുമുമ്പ് സുഖലോലുപരായിരുന്നു) ഇഹലോകജീവിതം അവരെ അശ്രദ്ധമാക്കി. അവര്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ചു. അതില്‍ സുഖിച്ചും ആസ്വദിച്ചും അവര്‍ കഴിച്ചുകൂട്ടി. കര്‍മങ്ങള്‍ നല്ലതാക്കാനുള്ള താല്‍പര്യം അവര്‍ക്കില്ലാതെയായി. ഈ സുഖലോലുപതയെയാണ് അല്ലാഹു ആക്ഷേപിക്കുന്നത്.

(അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചു നില്‍ക്കുന്നവരുമായിരുന്നു). മഹാപാപങ്ങള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതില്‍ ഖേദിക്കുകയോ പശ്ചാത്തപിക്കയോ ചെയ്തില്ല. തങ്ങളുടെ രക്ഷിതാവിനെ കോപിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ ഉറച്ചുനിന്നു. പൊറുക്കപ്പെടാത്ത ഒട്ടനവധി പാപങ്ങള്‍ അവര്‍ അവനോട് ചെയ്തു. ഉയിര്‍ത്തെഴുന്നേല്‍പിനെ അവര്‍ നിഷേധിച്ചു. അതിന്‍റെ സംഭവ്യതയെ വിദൂരമായി കണ്ടുകൊണ്ട് അവര്‍ പറയുമായിരുന്നു: (അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണ് അസ്ഥിശകലങ്ങളായി കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്. ഞങ്ങളുടെ പൂര്‍വികരായ പിതാക്കളും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?). അതായത്, എങ്ങനെയാണ് മരണശേഷം ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നത്, ഞങ്ങള്‍ നുരുമ്പി മണ്ണും അസ്ഥിയും ആയി കഴിഞ്ഞശേഷം ഇത് അസംഭവ്യമാണ്. അല്ലാഹു അവര്‍ക്ക് മറുപടിയായി പറഞ്ഞു: (നീ പറയുക: തീര്‍ച്ചയായും പൂര്‍വികരും പില്‍ക്കാലക്കാരും എല്ലാം ഒരു നിശ്ചിതദിവസത്തെ കൃത്യമായ ഒരവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു)

49-50) പറയുക: മുമ്പ് കഴിഞ്ഞുപോയവരെയും പില്‍ക്കാലക്കാരെയും എല്ലാവരെയും അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും. ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരവധിക്ക്. എല്ലാ സൃഷ്ടികളും അവസാനിക്കാന്‍ അല്ലാഹു നിശ്ചയിച്ച ഒരു സമയം. തന്‍റെ അടിമകളില്‍ പ്രവര്‍ത്തനബാധ്യതയുള്ളവര്‍ക്ക് ഈ ലോകത്ത് അവര്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു.

51-53). (എന്നിട്ട് ഹേ സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ). ശരിയായവഴി തെറ്റി നാശത്തിന്‍റെ വഴിയെ പിന്‍പറ്റുകയും ചെയ്തവര്‍. (സത്യനിഷേധികളായ) റസൂലിനെയും ﷺ അദ്ദേഹം കൊണ്ടുവന്ന താക്കീതുകളെയും വാഗ്ദത്തങ്ങളെയും സത്യത്തെയും നിഷേധിച്ചവര്‍. (തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത്, സഖ്ഖൂമില്‍നിന്ന് ഭക്ഷിക്കുന്നവരാകുന്നു). ഏറ്റവും മോശം വൃക്ഷമാണത്. മ്ലേഛമായ, ദുര്‍ഗന്ധമുള്ള, കാഴ്ച ഏറ്റവും വിരൂപമായത്. (അങ്ങനെ അതില്‍നിന്ന് വയറുകള്‍ നിറക്കുന്നവരും). ഇത്രയും നികൃഷ്ടമാണെങ്കിലും അവരത് ഭക്ഷിക്കാന്‍ നിര്‍ബന്ധിതരാണ്. അമിതമായ വിശപ്പ് അവരുടെ കരളുകളെ ജ്വലിപ്പിക്കും. അവരുടെ ഹൃദയങ്ങള്‍ അറ്റുപോകും. ഈ ഭക്ഷണംകൊണ്ടാണ് അവര്‍ അവരുടെ വിശപ്പിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ അത് അവര്‍ക്ക് പോഷണം നല്‍കുകയോ വിശപ്പിന് പ്രയോജനപ്പെടുകയോ ഇല്ല.

54-56). എന്നാല്‍ പാനീയമോ? ഏറ്റവും മോശപ്പെട്ട പാനീയം. ഈ ഭക്ഷണത്തോടൊപ്പം ആമാശയം തിളച്ചുമറിയുന്ന, ചുട്ടുപൊള്ളുന്ന വെള്ളത്തില്‍നിന്ന് അവര്‍ കുടിച്ചുകൊണ്ടിരിക്കും. (അങ്ങനെ ദാഹിച്ചുവലഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ കുടിക്കുന്നവരാകുന്നു). ദാഹരോഗം പിടിപെട്ട ഒട്ടകമാണിത്. കഠിനദാഹമുള്ളത് (الْهِيمِ ) എന്നത് വെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരുതരം രോഗം പിടിപെട്ട ഒട്ടകമാണ്.

(ഇത്) ഈ ഭക്ഷണവും പാനീയവും (അവര്‍ക്കുള്ള സല്‍ക്കാരം) അതായത് ആതിഥ്യം. (പ്രതിഫലത്തിന്‍റെ നാളില്‍) അവര്‍ അവര്‍ക്ക് വേണ്ടി മുന്‍കൂട്ടി ഒരുക്കിവെച്ച ആഥിത്യം. അല്ലാഹു തന്‍റെ മിത്രങ്ങള്‍ക്ക് തയ്യാറാക്കിയ ആഥിഥ്യത്തെക്കാള്‍ അവര്‍ മുന്‍ഗണന നല്‍കിയത് ഇതിനാണ്.

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا

"തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍" (18:106,107).

57). പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ബുദ്ധിപരമായ തെളിവാണ് പറയുന്നത്. (നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് എന്നിരിക്കെ നിങ്ങളെന്താണ് സത്യമായി അംഗീകരിക്കാത്തത്). പറയത്തക്ക ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് ഒരു ക്ഷീണവും അശക്തിയും കൂടാതെ നിങ്ങളെ നാമാണ് ഉണ്ടാക്കിയത്. അതിന് കഴിയുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലയോ? ഇല്ലാതെ! അവനെല്ലാറ്റിനും കഴിവുള്ളവനാകുന്നു. അല്ലാഹു അവരെ വഷളാക്കുകയാണിവിടെ. അല്ലാഹുവിന്‍റെ ഉന്നതവും കഴിവുറ്റതുമായ ധാരാളം കാര്യങ്ങള്‍ കണ്ടിട്ടും ഉയിര്‍ത്തെഴുന്നേല്‍പിനെ അംഗീകരിക്കാതിരിക്കുന്നതിലെ ബുദ്ധിശൂന്യതയെ പറ്റി.

58-62) (നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ) ശുക്ലത്തില്‍ നിന്നാണ് നിങ്ങളുടെ സൃഷ്ടിപ്പിന്‍റെ തുടക്കം എന്നത് (സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി). ആ ശുക്ലത്തെ നിങ്ങളാണോ സൃഷ്ടിച്ചത്; അതില്‍നിന്ന് ഉണ്ടാക്കപ്പെടുന്നതിനെയും? അതോ സ്രഷ്ടാവായ അല്ലാഹുവോ? നിങ്ങള്‍ക്ക് വികാരങ്ങളെ അവനുണ്ടാക്കി; അതു നിര്‍വഹിക്കാനുള്ള ശാരീരിക സൗകര്യങ്ങളും മാര്‍ഗങ്ങളും. ഇണകള്‍ക്കിടയില്‍ സ്നേഹമുണ്ടാക്കി. അതാണ് വംശവര്‍ധനവിന്‍റെ കാരണം. അതാണ് അല്ലാഹു ആദ്യസൃഷ്ടിപ്പിന് രണ്ടാമത് സൃഷ്ടിച്ചതിനെ തെളിവായി പറയാന്‍ കാരണം. (ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ച് നോക്കുന്നില്ല). ആദ്യസൃഷ്ടിപ്പ് നടത്താന്‍ കഴിവുള്ളവന്‍ നിങ്ങളെ തിരിച്ചുകൊണ്ടുവരാനും കഴിവുള്ളവന്‍ തന്നെ.