സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27

അധ്യായം: 54, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ (١٨) إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ (١٩) تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ (٢٠) فَكَيْفَ كَانَ عَذَابِى وَنُذُرِ (٢١) وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ (٢٢) كَذَّبَتْ ثَمُودُ بِٱلنُّذُرِ (٢٣) فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَـٰلٍ وَسُعُرٍ (٢٤) أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ (٢٥) سَيَعْلَمُونَ غَدًا مَّنِ ٱلْكَذَّابُ ٱلْأَشِرُ (٢٦)

(18). ആദ് സമുദായം (സത്യത്തെ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട് എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിരുന്നു (എന്ന് നോക്കുക). (19). വിട്ടുമാറാത്ത ദുശ്ശകുനത്തിന്റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുകതന്നെ ചെയ്തു. (20). കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത് മനുഷ്യരെ പറിച്ചെറിഞ്ഞുകൊണ്ടിരുന്നു. (21). അപ്പോള്‍ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിരുന്നു (എന്നു നോക്കുക). (22). തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (23). ഥമൂദ് സമുദായം താക്കീതുകളെ നിഷേധിച്ചുകളഞ്ഞു. (24). അങ്ങനെ അവര്‍ പറഞ്ഞു: നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും (25). നമ്മുടെ കൂട്ടത്തില്‍നിന്ന് അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ? അല്ല, അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു. (26). എന്നാല്‍ നാളെ അവര്‍ അറിഞ്ഞുകൊള്ളും; ആരാണ് അഹങ്കാരിയായ വ്യാജവാദിയെന്ന്.

18,19. യമനിലെ പ്രസിദ്ധമായ ഒരു ഗോത്രമാണ് 'ആദ്.' അവരിലേക്ക് അല്ലാഹു അയച്ചത് 'ഹൂദ്' നബിൗയെയാണ്. അല്ലാഹുവിന്റെ ഏകത്വത്തിലേക്കും ആരാധനകളിലേക്കും അദ്ദേഹം അവരെ ക്ഷണിച്ചു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി. അങ്ങനെ അല്ലാഹു അവരുടെമേല്‍ അയച്ചു: (ഉഗ്രമായ ഒരു കാറ്റ്) അതികഠിനമായ. (ദുശ്ശകുനത്തിന്റെ ഒരു ദിവസത്തില്‍) അവര്‍ക്ക് ഏറ്റവും ദുരിതം നിറഞ്ഞതും ശിക്ഷ കഠിനമായതുമായ. (തുടച്ചയായ) ഏഴുരാത്രിയും എട്ടുപകലും തുടര്‍ച്ചയായി അവന്‍ അവരുടെമേല്‍ അയച്ചു.

20. (ജനങ്ങളെ പറിച്ചെറിഞ്ഞു) ആ കാറ്റിന്റെ ശക്തിയാല്‍ അത് അവരെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുകയും ഭൂമിയില്‍ ശക്തമായി വീഴ്ത്തുകയും ചെയ്ത് അതവരെ നശിപ്പിച്ചു. അങ്ങനെ അവര്‍ ആയിത്തിര്‍ന്നു: (കടപുഴകി വീഴുന്ന ഈത്തപ്പനത്തടികളെന്നോണം) നശിച്ചതിനു ശേഷമുള്ള അവരുടെ ജഡങ്ങള്‍ കാറ്റ് ഭൂമിയില്‍ കടപുഴക്കിയെറിഞ്ഞ ഈത്തപ്പനത്തടികളെ പോലെയായിരുന്നു. തന്റെ കല്‍പനകള്‍ക്ക് എതിരു പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവിന്റെയടുക്കല്‍ സൃഷ്ടികള്‍ എത്ര നിസ്സാരര്‍!

21. (അപ്പോള്‍ എന്റെ ശിക്ഷയും എന്റെ താക്കിതുകളും  എങ്ങനെയായിരുന്നു-എന്ന് നോക്കുക-) ഒരാള്‍ക്കും ഒരു ന്യായവും അവശേഷിച്ചിട്ടില്ലാത്തത്. താക്കിതും വേദനയേറിയ ശിക്ഷയും തന്നെയായിരുന്നു.

22. (തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. ആലോചിച്ചു മനസ്സിലാക്കുന്നവരായി  ആരെങ്കിലുമുണ്ടോ?) ഇഹപര നന്മകള്‍ക്ക് ഉപകരിക്കുന്ന കാര്യങ്ങളിലേക്കു ക്ഷണിച്ചുകൊണ്ട് തന്റെ അടിമയോടുള്ള ശ്രദ്ധയും കരുണയാലും അല്ലാഹു ഈ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

23. (ഥമൂദ് താക്കീതുക്കളെ നിഷേധിച്ചുകളഞ്ഞു) ഹിജ്ര്‍ എന്ന പ്രദേശത്തുള്ള പ്രസിദ്ധമായ ഒരു ഗോത്രമാണ് ഥമൂദ്.അവരുടെ പ്രവാചകന്‍ സ്വാലിഹ്ൗ അവരെ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും അവനു പകരക്കാരില്ലെന്നതിലേക്കും അവരെ ക്ഷണിച്ചു. എതിരു പ്രവര്‍ത്തിച്ചാലുണ്ടാവുന്ന ശിക്ഷയെക്കുറിച്ചു താക്കിതുചെയ്യുകയും ചെയ്തു.

24. അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കുകയും അക്രമം കാണിക്കുകയും ചെയ്തു. അഹങ്കരിച്ചും  ധിക്കരിച്ചും അവര്‍ പറഞ്ഞു: (നമ്മില്‍പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ?) നമ്മിലോ മറ്റുള്ളവരിലോ പെട്ട, മലക്കുകളല്ലാത്ത, വെറും മനുഷ്യനായ, നമ്മെക്കാള്‍ ജനങ്ങളില്‍ മഹാനുമല്ലാത്ത ഒരാളെ എങ്ങനെ നാം പിന്‍പറ്റും? അതോടൊപ്പം അയാള്‍ ഒറ്റയ്ക്കാണ് താനും. (എങ്കില്‍) ഇത്തരത്തിലുള്ള ഒരാളെ നാം പിന്‍പറ്റിയാല്‍; (നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും) അതായത് നാം ഭാഗ്യംകെട്ടവരും വഴിപിഴച്ചവരുമായിരിക്കും. ഈ വാക്കുകളെല്ലാം വഴികേടിന്റെയും ദൗര്‍ഭാഗ്യത്തിന്റെയും  തെളിവുകളാണ്. മനുഷ്യരില്‍ പെട്ട ഒരു പ്രവാചകനെ പിന്‍പറ്റാന്‍ അവര്‍ അഹങ്കരിക്കുന്നു. എന്നാല്‍ ചിത്രങ്ങളും കല്ലും മരവും ആരാധിക്കുന്നവരാകാന്‍ അവര്‍ അഹങ്കരിക്കുന്നുമില്ല!

 25,26. (നമ്മുടെ കൂട്ടത്തില്‍നിന്ന് അവന്ന് പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ?) നമുക്കിടയില്‍നിന്നും അവനുമാത്രമായി എങ്ങനെയാണ് ഒരു ഉല്‍ബോധനം അല്ലാഹു ഇറക്കിയത്? നമ്മില്‍ അവനു മാത്രമുള്ള പ്രത്യേകത എന്താണ്? നിഷേധികള്‍ അല്ലാഹുവിനെ എതിര്‍ത്തത് ഇങ്ങനെയാണ്. ഇത്തരം വാദങ്ങള്‍കൊണ്ടാണ് പ്രവാചകന്മാരുടെ ബോധനങ്ങളെ അവര്‍ നേരിട്ടുകൊണ്ടിരുന്നത്. പ്രവാചകന്മാര്‍ തങ്ങളുടെ സമൂഹങ്ങളോട് പറഞ്ഞ വാക്കുകളില്‍ അല്ലാഹു ഈ സംശയത്തിനു മറുപടി നല്‍കുന്നുണ്ട്:  ''അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു...'' (14:11).  

വഹ്‌യ് നല്‍കിയവര്‍ക്ക് അവരുടെ രക്ഷിതാവ്  പ്രവാചകത്വത്തിനു ഗുണകരമായ ചില സവിശേഷതകളും സ്വഭാവങ്ങളും വിശേഷണങ്ങളും പ്രത്യേക അനുഗ്രഹങ്ങളായി നല്‍കി. ഇനി, അവര്‍ മനുഷ്യരായി എന്നതും അവന്റെ യുക്തിയും കാരുണ്യവുമാണ്. അവരെങ്ങാനും മലക്കുകളായിരുന്നുവെങ്കില്‍ മനുഷ്യര്‍ക്ക് അവരില്‍നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കല്‍ അസാധ്യമായിരുന്നു. അവര്‍ മലക്കുകളാണെങ്കിലോ ശിക്ഷ വളരെ പെട്ടന്നുതന്നെ വന്നെത്തുമായിരുന്നു. ഇതിന്റെ ഉദ്ദേശം സ്വാലിഹ് നബിയോട് അദ്ദേഹത്തിന്റെ ജനത കാണിച്ച നിഷേധമാണ്. അതുകൊണ്ടാണ് അവര്‍ക്ക് അദ്ദേഹത്തെ ആക്രമിയെന്നു വിളിക്കാന്‍ കഴിഞ്ഞത്. (അല്ല അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു) ദോഷവും കളവും അധികരിച്ചവന്‍. അവരുടെ വിചാരങ്ങള്‍ എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന് അല്ലാഹു ശാസിക്കുന്നു. ഉപദേശിക്കുന്ന സത്യസന്ധരായ പ്രവാചകന്മാരെ ഏറ്റവും മോശമായി അഭിസംബോധന ചെയ്യുന്നവരുടെ അക്രമവും കാഠിന്യവും എത്രയാണ്! (എന്നാല്‍ നാളെ അവര്‍ അറിഞ്ഞുകൊള്ളും; ആരാണ് അഹങ്കാരിയായ വ്യാജവാദിയെന്ന്).

(അവസാനിച്ചില്ല)