സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

അധ്യായം: 58, ഭാഗം 2 (മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ كُبِتُوا كَمَا كُبِتَ الَّذِينَ مِنْ قَبْلِهِمْ ۚ وَقَدْ أَنْزَلْنَا آيَاتٍ بَيِّنَاتٍ ۚ وَلِلْكَافِرِينَ عَذَابٌ مُهِينٌ (٥) يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيُنَبِّئُهُمْ بِمَا عَمِلُوا ۚ أَحْصَاهُ اللَّهُ وَنَسُوهُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ (٦) أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ مَا يَكُونُ مِنْ نَجْوَىٰ ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَىٰ مِنْ ذَٰلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ۖ ثُمَّ يُنَبِّئُهُمْ بِمَا عَمِلُوا يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ (٧) أَلَمْ تَرَ إِلَى الَّذِينَ نُهُوا عَنِ النَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا عَنْهُ وَيَتَنَاجَوْنَ بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَإِذَا جَاءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّهُ وَيَقُولُونَ فِي أَنْفُسِهِمْ لَوْلَا يُعَذِّبُنَا اللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ الْمَصِيرُ (٨‬) يَا أَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَىٰ ۖ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ (٩) إِنَّمَا النَّجْوَىٰ مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ (١٠) يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ ۖ وَإِذَا قِيلَ انْشُزُوا فَانْشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (١١)

(5). തീര്‍ച്ചയായും അല്ലാഹുവെയും അവന്റെ ദൂതനെയും എതിര്‍ത്തുകൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്. (6). അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു. (7). ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നുപേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായിക്കൊണ്ടല്ലാതെ ഉണ്ടാവുകയില്ല; അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായിക്കൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (8). രഹസ്യസംഭാഷണം നടത്തുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവര്‍ ഏതൊന്നില്‍നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവര്‍ പിന്നീട് മടങ്ങുന്നു. പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവര്‍ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു. അവര്‍ നിന്റെ അടുത്ത് വന്നാല്‍ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയില്‍ അവര്‍ നിനക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും. ഞങ്ങള്‍ ഈ പറയുന്നതിന്റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ അന്യോന്യം പറയുകയും ചെയ്യും. അവര്‍ക്കു നരകം മതി. അവര്‍ അതില്‍ എരിയുന്നതാണ്. ആ പര്യവസാനം എത്ര ചീത്ത. (9). സത്യവിശ്വാസികളേ, നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അധര്‍മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്. പുണ്യത്തിന്റെയും ഭയഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ രഹസ്യ ഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (10). ആ രഹസ്യസംസാരം പിശാചില്‍നിന്നുള്ളത് മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാന്‍ വേണ്ടിയാകുന്നു അത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതവര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ. (11). സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൗകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തി കൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്. നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോകണം. നിങ്ങളില്‍നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

5) (തീര്‍ച്ചയായും അല്ലാഹുവെയും അവന്റെ ദൂതനെയും എതിര്‍ത്തുകൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്) അല്ലാഹുവിനോടും റസൂലിനോടും എതിരിടുക എന്നാല്‍ അവര്‍ക്ക് എതിരുപ്രവര്‍ത്തിക്കലും അനുസരണക്കേട് കാണിക്കലുമാണ്. പ്രത്യേകിച്ചും വളരെ തെറ്റായ കാര്യങ്ങളില്‍. സത്യനിഷേധം മൂലമുള്ള അനുസരണക്കേട്, അല്ലാഹുവിന്റെ മിത്രങ്ങളോട് ശത്രുത പുലര്‍ത്തലും. അല്ലാഹു പറയുന്നു: (അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടതുപോലെ) അതായത് പ്രവര്‍ത്തനത്തിന്നനുസരിച്ചുള്ള പ്രതിഫലമെന്ന നിലയ്ക്ക് അവരുടെ മുമ്പുള്ളവരെ അല്ലാഹു നിന്ദ്യരാക്കുകയും നിസ്സാരരാക്കുകയും ചെയ്തു. അല്ലാഹുവിനെതിരെ അവര്‍ക്കൊരു തെളിവുമില്ല. അല്ലാഹുവാകട്ടെ, തന്റെ സൃഷ്ടികള്‍ക്കെതിരെ മതിയായ തെളിവ് സ്ഥാപിക്കുകയും ചെയ്തു. ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുന്ന, യാഥാര്‍ഥ്യങ്ങള്‍ വിശദീകരിക്കുന്ന വ്യക്തമായ തെളിവുകളും വചനങ്ങളും അല്ലാഹു ഇറക്കി. അതിനെ പിന്‍പറ്റുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തവന്‍ സന്മാര്‍ഗിയും വിജയിയും ആയിത്തീരുന്നു. (സത്യനിഷേധികള്‍ക്ക്) അതിനാല്‍ (അപമാനകരമായ ശിക്ഷയുണ്ട്). അതായത് അവരെ നിന്ദ്യരും നിസ്സാരരുമാക്കുന്നു. അവര്‍ അല്ലാഹുവിന്റെ വചനങ്ങളില്‍ അഹങ്കരിച്ചതുപോലെ അല്ലാഹു അവരെ അവഗണിക്കുകയും നിസ്സാരരാക്കുകയും ചെയ്യുന്നു.

6). അല്ലാഹു പറയുന്നു: (അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം) അല്ലാഹു എല്ലാ സൃഷ്ടികളെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. അങ്ങനെ അവര്‍ അവരുടെ കുഴിമാടങ്ങളില്‍നിന്ന് വേഗത്തില്‍ എഴുന്നേറ്റ് വരികയും അവര്‍ പ്രവര്‍ത്തിച്ച നന്മ തിന്മകള്‍ അവര്‍ക്കവന്‍ അറിയിച്ചുകൊടുക്കുകയും ചെയ്യും. കാരണം അവനതെല്ലാം അറിഞ്ഞിരുന്നു. (അല്ലാഹു അത് തിട്ടപ്പെടുത്തുകയും) അതായത് സംരക്ഷിതമായ ഒരു ഫലകത്തില്‍ അവനതെഴുതിവെച്ചു. സൂക്ഷിപ്പുകാരായ ആദരണീയ മലക്കുകളോട് അത് എഴുതി വെക്കാന്‍ അവന്‍ കല്‍പിക്കുകയും ചെയ്തു. എന്നാല്‍ പ്രവര്‍ത്തിച്ചവര്‍ (അവരത് മറന്നുപോയി). അവര്‍ പ്രവര്‍ത്തിച്ചത് അവര്‍ മറന്നു. അല്ലാഹുവാകട്ടെ അത് തിട്ടപ്പെടുത്തുകയും ചെയ്തു. (അല്ലാഹു ഏതുകാര്യത്തിനും സാക്ഷിയാകുന്നു) പരസ്യമായതും രഹസ്യമായതും അവ്യക്തമായതും ഒളിഞ്ഞുകിടക്കുന്നതും എല്ലാം അറിയും.

7). ഇവിടെ അല്ലാഹു അറിയിക്കുന്നത് അവന്റെ അറിവിന്റെ വിശാലതയെയും ആകാശഭൂമികളിലുള്ളത് അവന്‍ സൂക്ഷ്മമായും വ്യക്തമായും അറിയാമെന്നതുമാണ്. ഇവിടെ, കൂടെയുണ്ടെന്നതിന്റെ ഉദ്ദേശ്യം അവര്‍ക്കിടയില്‍ അവര്‍ രഹസ്യമാക്കുന്നതും സ്വകാര്യം പറയുന്നതും അവന്‍ സൂക്ഷ്മമായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നതാണ്.

8,9). രഹസ്യഭാഷണമെന്നാല്‍ രണ്ടോ അതിലധികമോ ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്ന സ്വകാര്യ സംഭാഷണങ്ങളാണ്. അത് നന്മയിലോ തിന്മയിലോ ആകാം. നല്ല കാര്യത്തില്‍ രഹസ്യഭാഷണം നടത്താനാണ് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നത്.

'ബിര്‍റ്' എന്നത് ആശയസമ്പൂര്‍ണതയുള്ള ഒരു നാമമാണ്. എല്ലാ നന്മകളും പുണ്യങ്ങളും അല്ലാഹുവിനും സൃഷ്ടികള്‍ക്കുമുള്ള എല്ലാ ബാധ്യതാനിര്‍വഹണങ്ങളും ഇതില്‍പെടും. അതുപോലെ തന്നെ 'തക്വ്‌വ' എന്ന നാമവും സമ്പൂര്‍ണമാണ്. എല്ലാ പാപങ്ങളും നിഷിദ്ധങ്ങളും  ഉപേക്ഷിക്കണമെന്നര്‍ഥം. അതിനാല്‍ സത്യവിശ്വാസി ദൈവിക കല്‍പനകളെ പിന്‍തുടരുന്നു. അതിനാല്‍ അല്ലാഹുവിന്റെ കോപത്തില്‍നിന്ന് അകറ്റുന്നതും അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതുമായ സംസാരങ്ങളും സംഭാഷണങ്ങളുമല്ലാതെ അവനില്‍ കാണുകയില്ല. എന്നാല്‍ അധര്‍മകാരി അല്ലാഹുവിന്റെ കല്‍പനകളെ നിസ്സാരമാക്കുകയും പാപത്തിലും ശത്രുതയിലും പ്രവാചകനോട് അനുസരണക്കേട് കാണിക്കുന്നതിലുമാണ് അവരുടെ സംഭാഷണങ്ങള്‍.

പ്രവാചകനോട് എപ്പോഴും കപടവിശ്വാസികള്‍ ചെയ്യുന്ന പതിവ് ഇതാണ്. അല്ലാഹു പറയുന്നു: (അവര്‍ നിന്റെയടുക്കല്‍ വന്നാല്‍ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയില്‍ അവര്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും). നിനക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതില്‍ അവര്‍ മര്യാദകേട് കാണിച്ചാല്‍ (അവര്‍ അന്യോന്യം പറയുകയും ചെയ്യും). ദൃശ്യവും അദൃശ്യവും അറിയുന്നവന്‍ അവരെക്കുറിച്ച് പറഞ്ഞതില്‍ അവര്‍ രഹസ്യം പറയുന്നു. അവര്‍ പറയുന്നു: (ഞങ്ങള്‍ ഈ പറയുന്നതിന്റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന്). അവരതിനെ നിസ്സാരമായി കാണുമെന്നര്‍ഥം. അവര്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നതില്‍ അപാകതയില്ലെന്നതിന് അവര്‍ക്ക് ശിക്ഷ വൈകുന്നതിനെ അവര്‍ തെളിവാക്കുന്നു. അല്ലാഹു വിശദീകരിക്കുന്നത് ശിക്ഷക്ക് സാവകാശം നല്‍കുകയാണ്; ശിക്ഷിക്കാതിരിക്കുകയല്ല എന്നാണ്. (അവര്‍ക്ക് നരകം മതി. അവര്‍ അതില്‍ എരിയുന്നതാണ്. ആ പര്യവസാനം എത്ര ചീത്ത). എല്ലാ കഷ്ടപ്പാടുകളും ശിക്ഷകളും ഒന്നിച്ചുനല്‍കുന്ന നരകം മതി അവര്‍ക്ക്. അത് അവരെ വലയംചെയ്യുകയും അതില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. എത്ര ചീത്ത പര്യവസാനം! ഇവിടെ പ്രതിപാദിക്കപ്പെട്ടത് ഒരുപക്ഷേ, കപടവിശ്വാസികളാകാം. ബാഹ്യമായി വിശ്വാസം പ്രകടമാക്കുകയും പ്രവാചകന് ഗുണം ആഗ്രഹിക്കുന്നു എന്ന് തോന്നിപ്പിക്കുംവിധം അവര്‍ പ്രവാചകനെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. അതിലവര്‍ അസത്യവാന്മാരാണ്. എന്നാല്‍ വേദക്കാരായ ചില ആളുകള്‍ നബി ﷺ ക്ക് സലാം പറയുമ്പോള്‍ (അസ്സാമു അലൈക്ക യാ മുഹമ്മദ്) എന്നു പറയും. താങ്കളുടെ മേല്‍ 'മരണം' എന്നാണ് അതിന്റെ ഉദ്ദേശ്യം.

10). അല്ലാഹു പറയുന്നു: (ആ രഹസ്യസംസാരം) തന്ത്രം ദുര്‍ബലമായിട്ടുള്ള പിശാചിന്റെ ദുഷിച്ച താല്‍പര്യവും വിശ്വാസികളെ ചതിക്കാനും വഞ്ചിക്കാനുമാണ് വിശ്വാസികളുടെ ശത്രുക്കള്‍ രഹസ്യഭാഷണം നടത്തുന്നത്. (സത്യവിശ്വാസികളെ ദുഖിപ്പിക്കാന്‍ വേണ്ടിയാകുന്നു അത്). ഈ കുതന്ത്രങ്ങളുടെ ലക്ഷ്യവും ഉദ്ദേശ്യവും അതാണ്. (എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതവര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല). ശത്രുക്കള്‍ക്കെതിരെ സഹായിക്കാനും അല്ലാഹു മതിയായവനാണെന്ന് വിശ്വാസികള്‍ക്ക് അല്ലാഹു ഉറപ്പുനല്‍കുന്നു.

وَلَا يَحِيقُ الْمَكْرُ السَّيِّئُ إِلَّا بِأَهْلِهِ ۚ

''ദുഷിച്ച തന്ത്രം അത് പ്രയോഗിച്ചവരില്‍ തന്നെയാണ് വന്ന് ഭവിക്കുക'' (35:43).

അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സത്യവിശ്വാസികളുടെയും ശത്രുക്കള്‍ എത്രതന്നെ ഗൂഢാലോചനകളും തന്ത്രങ്ങളും നടത്തിയാലും അതിന്റെ ദോഷങ്ങളെല്ലാം അവരിലേക്കുതന്നെ മടങ്ങും. അല്ലാഹു നിശ്ചയിച്ചതും വിധിച്ചതുമല്ലാതെ യാതൊരു ദോഷവും വിശ്വാസികള്‍ക്കുണ്ടാവില്ല.

وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

''അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്''(9:51).

അവനെ അവലംബിക്കുകയും അവന്റെ കരാറില്‍ വിശ്വസിക്കുകയും ചെയ്യുക. അവരുടെ ഇഹപര നന്മക്ക് അവന്‍ എത്രയോ മതി.

11). അല്ലാഹുവിന്റെ അടിമകള്‍ ഒരുമിച്ചുകൂടുന്ന സദസ്സുകളില്‍ പാലിക്കേണ്ട മര്യാദകളാണ് ഇവിടെ അല്ലാഹു പറയുന്നത്. വരുന്നവര്‍ക്ക് സദസ്സ് വിശാലമാക്കിക്കൊടുക്കല്‍ ചിലപ്പോള്‍ ആവശ്യമായി വരും. അവര്‍ക്ക് സദസ്സ് വിശാലമാക്കല്‍ ഒരു ഇസ്‌ലാമിക മര്യാദയാണ്. മറ്റുള്ളവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിലൂടെ വിശാലമാക്കുന്നവന് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകുന്നുമില്ല. തനിക്ക് പ്രയാസമില്ലാതെ തന്റെ സഹോദരന്റെ ആവശ്യം നിറവേറ്റപ്പെടുന്നു. പ്രതിഫലം പ്രവര്‍ത്തനത്തിന് സമാനമായതായിരിക്കും. അതായത് ഒരാള്‍ തന്റെ സഹോദരന് വിശാലത നല്‍കുമ്പോള്‍ അവന് അല്ലാഹു വിശാലത നല്‍കും. (നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് പറയപ്പെട്ടാല്‍) അതായത് സദസ്സില്‍നിന്ന് എഴുന്നേല്‍ക്കാനും അപ്പോഴുണ്ടായ ചില അസൗകര്യങ്ങള്‍ കാരണം സദസസ്സില്‍നിന്ന് വിട്ടുനില്‍ക്കാനും പറഞ്ഞാല്‍. (നിങ്ങള്‍ എഴുന്നേറ്റ് പോകണം) ആ നന്മ നടപ്പിലാക്കാന്‍ വേണ്ടി നിങ്ങള്‍ എഴുന്നേറ്റുപോകാന്‍ തയ്യാറാകണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുന്നേല്‍ക്കുന്നത് അറിവിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. ഓരോരുത്തര്‍ക്കുമുള്ള സവിശേഷമായ അറിവിന്റെ കണക്കനുസരിച്ച് അല്ലാഹു അറിവുള്ളവര്‍ക്കും വിശ്വാസമുള്ളവര്‍ക്കും പദവികള്‍ ഉയര്‍ത്തിക്കൊടുക്കും. (അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു) എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുസരിച്ച് പ്രതിഫലം അല്ലാഹു നല്‍കുന്നു. നന്മക്ക് നന്മയും തിന്മക്ക് തിന്മയും. വിജ്ഞാനത്തിന്റെ മഹത്ത്വത്തെക്കുറിച്ച് ഈ വചനത്തില്‍ സൂചനയുണ്ട്. വിജ്ഞാനത്തിന്റെ ഭംഗിയും ഫലവുമെന്നത് അതുമൂലം സംസ്‌കാരമുള്ളവരാവുകയും അതിന്റെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കലുമാണ്.

12). റസൂലുമായി രഹസ്യ സംഭാഷണം നടത്തുന്നതിന്റെ മുമ്പായി എന്തെങ്കിലുമൊന്ന് ദാനമായി നല്‍കാന്‍ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നു. അത് റസൂലിനോടുള്ള ബഹുമാനവും അവര്‍ പാലിക്കേണ്ട ഒരു പാഠവും മര്യാദയുമാണ്. തീര്‍ച്ചയായും ഈ ബഹുമാനം വിശ്വാസികള്‍ക്ക് ഗുണകരവും ഏറെ പരിശുദ്ധി നല്‍കുന്നതുമാണ്. അതായത് അവരുടെ നന്മയും പ്രതിഫലവും വര്‍ധിക്കാന്‍ അത് കാരണമാകുന്നു. മാലിന്യങ്ങളില്‍നിന്ന് പരിശുദ്ധി പ്രാപിക്കാനും അതവരെ സഹായിക്കുന്നു. പ്രവാചകനുമായി പ്രയോജനകരമല്ലാത്ത രഹസ്യഭാഷണങ്ങള്‍ വര്‍ധിപ്പിക്കാതിരിക്കലും പ്രവാചകനെ ബഹുമാനിക്കാതിരിക്കലുമെല്ലാം ഈ മാലിന്യങ്ങളില്‍പെട്ടതാണ്. രഹസ്യ സംഭാഷണത്തിനുമുമ്പ് എന്തെങ്കിലും ദാനമായി നല്‍കണമെന്ന് നിര്‍ദേശിച്ചാല്‍ നന്മയിലും വിജ്ഞാനത്തിലുമുള്ള താല്‍പര്യത്തിന്റെ അളവ് നിര്‍ണയിക്കാന്‍ ഇതൊരു മാനദണ്ഡമായിത്തീരും. അത്തരം ആളുകള്‍ക്ക് ദാനം നല്‍കല്‍ ഒരു പ്രശ്‌നമാവില്ല. നന്മയില്‍ താല്‍പര്യമില്ലാത്തവന്റെ ഉദ്ദേശ്യം സംസാരം അധികരിപ്പിക്കുക എന്നതു മാത്രമായിരിക്കും. ഇങ്ങനെ റസൂലിന്റെമേല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവരില്‍നിന്ന് അത് തടയും. ദാനം നല്‍കാന്‍ കൈവശമുള്ളവര്‍ക്കുള്ളതാണിത്. എന്നാല്‍ അതില്ലാത്തവര്‍ക്ക് അല്ലാഹു പ്രയാസമുണ്ടാക്കില്ല. അവന് വിട്ടുവീഴ്ച നല്‍കുകയും യാതൊരു ദാനവും നല്‍കാതെ തന്നെ അവര്‍ക്ക് സ്വകാര്യ സംഭാഷണത്തിന് അനുമതി നല്‍കുകയും ചെയ്തു.