സൂറഃ അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഏപ്രില്‍ 10 1442 ശഅബാന്‍ 27

അധ്യായം: 55, ഭാഗം 2 (മദീനയിൽ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (١٦) رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ (١٧) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (١٨) مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ (١٩) بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ (٢٠) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٢١) يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ (٢٢) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٢٣) وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ (٢٤) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٢٥) كُلُّ مَنْ عَلَيْهَا فَانٍ (٢٦) وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَـٰلِ وَٱلْإِكْرَامِ (٢٧) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٢٨‬) يَسْـَٔلُهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ (٢٩) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٣٠) سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ (٣١) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٣٢) يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَـٰنٍ (٣٣) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٣٤)

(16). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (17). രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമയ സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍. (18). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (19). രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്കവിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. (20). അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്. (21). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (22). അവ രണ്ടില്‍നിന്നും മുത്തും പവിഴവും പുറത്തുവരുന്നു. (23). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (24). സമുദ്രത്തില്‍ (സഞ്ചരിക്കുവാന്‍) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു. (25). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (26). അവിടെ(ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു. (27). മഹത്ത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്. (28). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (29). ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു. (30). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (31). ഹേ; ഭാരിച്ച രണ്ട് സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്. (32). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (33). ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍നിന്ന് പുറത്ത് കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നുപോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നുപോകുകയില്ല. (34). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

16. മനുഷ്യരുടെയും ജിന്നുകളുടെയും സൃഷ്ടിപ്പിനുപയോഗിച്ച വസ്തുക്കളെക്കുറിച്ചു പറഞ്ഞത്, അവര്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത ഒരു അനുഗ്രഹമെന്ന നിലക്കാണ്. (അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?).

17,18. രണ്ട് കടലുകള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം ശുദ്ധജലമുള്ള കടലും ഉപ്പുജലമുള്ള കടലുമാണ്. അവ രണ്ടും പരസ്പരം കൂടിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഉപ്പുകടലില്‍ ശുദ്ധജലം പതിക്കുന്നു. അവരണ്ടും കൂടിച്ചേരുകയും കൂടിക്കലരുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹു ഭൂമിക്കുള്ളില്‍ അവക്കിടയിലൊരു മറയുണ്ടാക്കി. ഒന്ന് മറ്റൊന്നിലേക്ക് കടക്കുന്നില്ല. രണ്ടിന്‍റെയും പ്രയോജനം ലഭിക്കുന്നു. ശുദ്ധജലത്തില്‍നിന്ന് അവര്‍ കുടിക്കുന്നു. അവരുടെ മരങ്ങളും കൃഷികളും വിളകളും (ആ വെള്ളം) കുടിക്കുന്നു. ഉപ്പുജലം; അതുമൂലം വായു ശുദ്ധമാവുന്നു. മത്സ്യങ്ങള്‍ പ്രസവിച്ചുണ്ടാകുന്നു. മുത്തുകളും പവിഴങ്ങളും ഉണ്ടാകുന്നു. വാഹനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഒരു താവളമായിത്തീരുകയും ചെയ്യുന്നു. അതാണ് അല്ലാഹു പറയുന്നത്: (സമുദ്രത്തില്‍ മലകള്‍പോലെ പൊക്കിയുണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു).

24,25. അതായത് അല്ലാഹുവിന്‍റെ അനുമതിപ്രകാരം കടലിനെ പിളര്‍ത്തി കടന്നുപോകുന്ന (സഞ്ചരിക്കുന്ന) കപ്പലുകളെ തന്‍റെ അടിമക്ക് അല്ലാഹു കീഴ്പെടുത്തിക്കൊടുക്കും. മനുഷ്യരാണത് കെട്ടിയുണ്ടാക്കുന്നത്. അതിന്‍റെ വലിപ്പംകൊണ്ടും ആകാരംകൊണ്ടും അത് വലിയ മലകളെപ്പോലെയാണ്. അങ്ങനെ ജനങ്ങള്‍ അതില്‍ സഞ്ചരിക്കുന്നു, വ്യത്യസ്തമായ കച്ചവടച്ചരക്കുകളും ജീവിതാവശ്യത്തിനു വേണ്ട അത്യാവശ്യവസ്തുക്കളും അവരതില്‍ വഹിക്കുന്നു. അങ്ങനെ കടലില്‍ സംരക്ഷിക്കുന്നത് ആകാശഭുമികളെ സംരക്ഷിക്കുന്നവനാണ്. അത് അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹമാണ്. (അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?)

26-28. ഭൂമിക്ക് മുകളിലുള്ള എല്ലാ മനുഷ്യരും ജിന്നുകളും മറ്റു സൃഷ്ടികളും മൃഗങ്ങളുമെല്ലാം നശിക്കുകയും ഇല്ലാതാവുകയും ചെയ്യും. ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ മാത്രം അവശേഷിക്കും. (മഹത്ത്വവും ഉദാരതയും ഉള്ളവനും) അതായത് അഹങ്കരിക്കാന്‍ അര്‍ഹതയും ശ്രേഷ്ഠതയുമുള്ളവന്‍. (ഉദാരന്‍) വിശാലമായ ഔദാര്യത്തിന്‍റെ ഉടമ. വ്യത്യസ്തമായ ഔദാര്യതകള്‍കൊണ്ട് തന്‍റെ പടപ്പുകളില്‍ പ്രത്യേകക്കാര്‍ക്കും മിത്രങ്ങള്‍ക്കും അവന്‍ നല്‍കുന്നു. അവര്‍ അവന്‍റെ മിത്രങ്ങളും അവനെ മഹത്ത്വപ്പെടുത്തുകയും സ്നേഹിക്കുകയും അവനിലേക്ക് ഖേദിച്ച് മടങ്ങുകയും അവനെ ആരാധിക്കുകയും ചെയ്യുന്നവരാകുന്നു. (അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?)

29,30. സര്‍വ പടപ്പുകളില്‍നിന്നും അവന്‍ ആശ്രയമുക്തനാണ്. ഔദാര്യത്തിലും അനുഗ്രഹത്തിലും വിശാലനായവന്‍. എല്ലാ സൃഷ്ടികളും അവനിലേക്ക് ആവശ്യമുള്ളവരാണ്. വാക്കുകള്‍കൊണ്ടും ജീവിത സാഹചര്യങ്ങള്‍കൊണ്ടും തങ്ങളുടെ മുഴുവന്‍ ആവശ്യങ്ങളും അവനോട് അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. കണ്ണിമവെട്ടുന്ന സമയമോ അതില്‍കുറഞ്ഞ സമയമോ അവന്‍റെ സഹായമില്ലാതെ അവര്‍ക്ക് നിലനില്‍ക്കാനാവില്ല. അല്ലാഹു പറയുന്നു: (എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു) ദരിദ്രനെ അവന്‍ സമ്പന്നനാക്കുന്നു. ചിലര്‍ക്കവന്‍ നല്‍കുന്നു. ചിലര്‍ക്കവന്‍ തടയുന്നു. അവന്‍ മരിപ്പിക്കുന്നു. ജീവിപ്പിക്കുന്നു. താഴ്ത്തുന്നു, ഉയര്‍ത്തുന്നു. ഒരു കാര്യവും മറ്റൊരു കാര്യം ചെയ്യാന്‍ അവനൊരു തടസ്സമല്ല. പ്രശ്നങ്ങള്‍ അവനെ പ്രയാസപ്പെടുത്തുന്നില്ല. നിര്‍ബന്ധിക്കുന്നവന്‍ അവനെ മടുപ്പിക്കുന്നില്ല. അത്യധികമായി നല്‍കുന്നവന്‍, മഹാപരിശുദ്ധന്‍. അവന്‍റെ ദാനം ആകാശത്തും ഭുമിയിലുമുള്ള എല്ലാവര്‍ക്കുമുണ്ട്. അവന്‍റെ സ്നേഹം സര്‍വസമയങ്ങളിലും നിമിഷങ്ങളിലും സര്‍വസൃഷ്ടികളിലുമുണ്ട്, തെറ്റ് പ്രവര്‍ത്തിക്കുന്നവരുടെ തെറ്റ് നല്‍കുന്നതില്‍നിന്ന് തടയാത്തവന്‍. വിവരദോഷികളായ ദരിദ്രരുടെ ഐശ്വര്യം നടിക്കല്‍ അവന്‍റെ ഔദാര്യത്തെ തടയുന്നില്ല. ഈ കാര്യങ്ങളാണ് അല്ലാഹു പറയുന്നത്: (എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു).

ഇത് അവന്‍റെ വിധിനിശ്ചയങ്ങളാണ്; നിയന്ത്രണങ്ങളും. അതവന്‍ എന്നെന്നേക്കുമായി തീരുമാനിച്ചുവെച്ചതും വിധിച്ചതുമാണ്. എല്ലാം അല്ലാഹു അവന്‍റെ യുക്തിയുടെ തേട്ടമനുസരിച്ച് സമയാസമയങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അതില്‍ അവന്‍റെ കല്‍പനകളും വിരോധങ്ങളുമടങ്ങുന്ന മതനിയമങ്ങളുണ്ട്. ഈ ലോകത്ത് താമസിക്കുന്ന കാലമത്രയും തന്‍റെ അടിമകള്‍ക്ക് സംഭവിക്കുന്ന ക്വദ്റുകളും അതിലുണ്ട്. എല്ലാ സൃഷ്ടികളും പൂര്‍ണമായാല്‍ അവയെ നശിപ്പിക്കും; അവരില്‍ അവന്‍ പ്രതിഫല വിധികള്‍ നടപ്പിലാക്കാന്‍. അവര്‍ക്കറിയാവുന്ന, അവര്‍ ഏകനാക്കുന്ന, അവര്‍ക്കേറെ നന്മയും ഔദാര്യവും നല്‍കുന്നവന്‍. നീതി അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതിന് വേണ്ടിയും പരീക്ഷയുടെയും പരീക്ഷണങ്ങളുടെയും ലോകത്തുനിന്ന് നിത്യജീവിതത്തിന്‍റെ ഭവനത്തിലേക്ക് നീക്കപ്പെടാനും. സമയമെത്തമ്പോള്‍ വിധികള്‍ നടപ്പിലാക്കാനായി അല്ലാഹു ഒഴിഞ്ഞിരിക്കുന്നതാണ്.

31-32. ഈ ലോകത്ത് നിങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം തരാനും നിങ്ങളെ വിചാരണ ചെയ്യാനും നാം ഒഴിഞ്ഞിരിക്കും.

33-34 ഉയിര്‍ത്തെഴുന്നേല്‍പില്‍ അല്ലാഹു ഒരുമിച്ചുകൂട്ടുമ്പോള്‍ അവരുടെ അശക്തിയും ദുര്‍ബലതയും അവന്‍റെ അധികാരശക്തിയും കഴിവും ഉദ്ദേശ്യം നടപ്പിലാക്കുന്നതും ഇവിടെ അല്ലാഹു പറഞ്ഞ് തരുന്നു: (ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശത്തിന്‍റെയും ഭൂമിയുടെയും മേഖലകളില്‍നിന്ന് പുറത്ത് കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നപക്ഷം നിങ്ങള്‍ കടന്നുപൊയ്ക്കൊള്ളുക) അല്ലാഹുവിന്‍റെ അധികാരാധിപത്യങ്ങളില്‍നിന്ന് പുറത്തുപോകാന്‍ വല്ല വഴിയും മാര്‍ഗവും നിങ്ങള്‍ കണ്ടെത്തുന്നുവെങ്കില്‍ (നിങ്ങള്‍ കടന്ന് പോയികൊള്ളുക,  ഒരധികാരം ലഭിച്ചിട്ടില്ലാതെ നിങ്ങള്‍ കടന്ന് പോകുകയില്ല) സമ്പൂര്‍ണ കഴിവും ആധിപത്യവും ശക്തിയുമില്ലാതെ നിങ്ങള്‍ക്ക് പുറത്തുപോകാനാവില്ല. എങ്ങനെ അവര്‍ക്ക് കഴിയും? അവര്‍ അവരുടെ സ്വന്തങ്ങള്‍ക്ക് പോലും ഉപകാരത്തെയോ ഉപദ്രവത്തെയോ ജീവിതത്തെയോ മരണത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ ഉടമപ്പെടുത്തുന്നില്ല. ആ സന്ദര്‍ഭങ്ങളില്‍ അവന്‍റെ അനുവാദം കൂടാതെ ഒരാളും സംസാരിക്കുകയില്ല. ആ നിര്‍ത്തത്തില്‍ രാജാവും അടിമയും നേതാവും അനുയായിയും സമ്പന്നനും ദരിദ്രനുമെല്ലാം സമമായിരിക്കും.

ആ ദിവസത്തേക്ക് അവര്‍ക്ക് തയ്യാറാക്കിവെച്ചതിനെ കുറിച്ചാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്.

(തുടരും)