സൂറഃ അത്ത്വൂര്‍, ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

അധ്യായം: 52, ഭാഗം 4 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ (٢٨‬) فَذَكِّرْ فَمَآ أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ (٢٩) أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ (٣٠) قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ (٣١) أَمْ تَأْمُرُهُمْ أَحْلَـٰمُهُم بِهَـٰذَآ ۚ أَمْ هُمْ قَوْمٌ طَاغُونَ (٣٢) أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ (٣٣) فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَـٰدِقِينَ (٣٤) أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ (٣٥) أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ (٣٦) أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ (٣٧) أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍ مُّبِينٍ (٣٨‬) أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ (٣٩) أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ (٤٠) أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ (٤١) أَمْ يُرِيدُونَ كَيْدًا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ (٤٢) أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ (٤٣)

(28). തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും. (29). ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല. (30). അതല്ല, (മുഹമ്മദ്) ഒരു കവിയാണ്, അവന്ന് കാലവിപത്ത് വരുന്നത് ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണോ അവര്‍ പറയുന്നത്? (31). നീ പറഞ്ഞേക്കുക: നിങ്ങള്‍ കാത്തിരുന്നോളൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. (32). അതല്ല, അവരുടെ മനസ്സുകള്‍ അവരോട് ഇപ്രകാരം കല്‍പിക്കുകയാണോ? അതല്ല, അവര്‍ ധിക്കാരികളായ ഒരു ജനത തന്നെയാണോ? (33). അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചു പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ? അല്ല, അവര്‍ വിശ്വസിക്കുന്നില്ല. (34). എന്നാല്‍ അവര്‍ സത്യവാന്മാരാണെങ്കില്‍ ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. (35). അതല്ല, യാതൊരു വസ്തുവില്‍നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? (36). അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. (37). അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍? (38). അതല്ല, അവര്‍ക്ക് (ആകാശത്തുനിന്ന്) വിവരങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കാന്‍ വല്ല കോണിയുമുണ്ടോ? എന്നാല്‍ അവരിലെ ശ്രദ്ധിച്ച് കേള്‍ക്കുന്ന ആള്‍ വ്യക്തമായ വല്ല പ്രമാണവും കൊണ്ടുവരട്ടെ. (39). അതല്ല, അവന്നു(അല്ലാഹുവിനു)ള്ളത് പെണ്‍മക്കളും നിങ്ങള്‍ക്കുള്ളത് ആണ്‍മക്കളുമാണോ? (40). അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യതയാല്‍ ഭാരം പേറേണ്ടവരായിരിക്കുകയാണോ? (41). അതല്ല, അവര്‍ക്ക് അദൃശ്യജ്ഞാനം കരഗതമാവുകയും അത് അവര്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ടോ? (42). അതല്ല, അവര്‍ വല്ല കുതന്ത്രവും നടത്താ ന്‍ ഉദ്ദേശിക്കുകയാണോ? എന്നാല്‍ സത്യനിഷേധികളാരോ അവര്‍തന്നെയാണ് കുതന്ത്രത്തില്‍ അകപ്പെടുന്നവര്‍. (43). അതല്ല, അവര്‍ക്ക് അല്ലാഹുവല്ലാത്ത വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു.

28). (തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു). രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരക ശിക്ഷയെക്കുറിച്ചുള്ള ഉറപ്പോടെതന്നെ. സുഖാനുഗ്രഹങ്ങളില്‍ എത്തുമെന്നും ഇതില്‍ ആരാധനയായി ചെയ്യുന്ന പ്രാര്‍ഥയനയും ആവശ്യങ്ങള്‍ക്കായി ചോദിക്കുന്ന പ്രാര്‍ഥനയും ഉള്‍ക്കൊള്ളും. വ്യത്യസ്ത നന്മകള്‍ കൊണ്ട് നാം അവനിലേക്ക് അടുത്തുകൊണ്ടേയിരിക്കുന്നു. അല്ലാത്ത സമയങ്ങളിലെല്ലാം നാം അവനോട് പ്രാര്‍ഥിക്കുന്നു. (തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും) അവന്റെ തൃപ്തിയും സ്വര്‍ഗവും നമുക്ക് നല്‍കുക എന്നത് നമുക്കവന്‍ നല്‍കുന്ന കാരുണ്യവും ഔദാര്യവുമാകുന്നു. നരകത്തില്‍ നിന്നും അവന്റെ കോപത്തില്‍ നിന്നും കാത്തുരക്ഷിക്കുന്നതും.

29. മുസ്‌ലിമായവരും അല്ലാത്തവരുമായ മുഴുവന്‍ ജനങ്ങളെയും ഉദ്‌ബോധിപ്പിക്കാനാണ് അല്ലാഹു കല്പിക്കുന്നത്. അക്രമികള്‍ക്കെതിരെ അല്ലാഹുവിന്റെ തെളിവ് നിലനില്‍ക്കാനും ആ ഉദ്‌ബോധനത്തിലൂടെ ഉള്‍ക്കൊള്ളുന്നവര്‍ സന്മാര്‍ഗം പ്രാപിക്കുവാനും നബിയെ പിന്‍പറ്റുന്നതില്‍നിന്നും ജനങ്ങളെ തടയാനുള്ള സത്യനിഷേധികളുടെയും മുശ്‌രിക്കുകളുടെയും സംസാരങ്ങളും ഉപദ്രവങ്ങളും പരിഗണിക്കേണ്ടതില്ലെന്നും നിര്‍ദേശിക്കുന്നു. അവര്‍ക്കറിയാം, അദ്ദേഹം ജനങ്ങളില്‍നിന്ന് എത്രയോ വിദൂരസ്ഥനാണെന്ന്. അതിനാല്‍ തന്നെ അവര്‍ അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുന്ന എല്ലാ ന്യൂനതകളും നിരാകരിക്കപ്പെടുന്നു. അദ്ദേഹം പറയുന്നു: (എന്റെ രക്ഷിതാവിന്റെ കാരുണ്യത്താല്‍ നിങ്ങളും) അവന്റെ സ്‌നേഹംകൊണ്ടും അനുഗ്രഹംകൊണ്ടും. (ഒരു ജ്യോത്സ്യന്‍) അതായത് ഇത് കളവുകള്‍ ചേര്‍ത്ത അദൃശ്യ വിവരങ്ങളുമായി വരുന്നു. ഒരു ജിന്നില്‍നിന്ന് വിവരം ലഭിക്കുന്നന്‍ (ഭ്രാന്തനോ അല്ല) ബുദ്ധി നഷ്ടപ്പെട്ടവന്‍. മറിച്ച്, താങ്കള്‍ ജനങ്ങളില്‍ ഏറ്റവുമധികം ബുദ്ധിമതിയാണ്. പിശാചുക്കളില്‍ നിന്നേറെ അകന്നവനും അവരില്‍ ഏറ്റവും സത്യസന്ധന്‍. അവരില്‍ മഹാനും സമ്പൂര്‍ണനും.

30). ചിലപ്പോള്‍ (അവര്‍ പറയുന്നത്) അദ്ദേഹത്തെക്കുറിച്ച് (കവിയാണ്) കവിത പറയുന്നവന്‍. അല്ലെങ്കില്‍ കവിതയുമായി വന്നവന്‍. അല്ലാഹു പറയുന്നു: ''അദ്ദേഹത്തിന് നാം കവിത പഠിപ്പിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല''(36:69). അവന് കാലവിപത്ത് വരുന്നത് നിങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണോ അവര്‍ പറയുന്നത്? അദ്ദേഹത്തിന് മരണം വരുന്നത് ഞങ്ങള്‍ കാത്തിരിക്കുന്നു. അപ്പോള്‍ അവന്റെ കാര്യം അവസാനിക്കും. അങ്ങിനെ നിങ്ങള്‍ക്ക് അവനില്‍നിന്ന് ആശ്വാസം ലഭിക്കും.

31). (നീ പറയുക). വിലകുറഞ്ഞ അവരുടെ ഈ വാക്കുകള്‍ക്കുള്ള മറുപടി നീ പറയുക (നിങ്ങള്‍ കാത്തിരുന്നോളൂ). ഞാന്‍ മരിക്കുന്നത് നിങ്ങള്‍ കാത്തിരുന്നോളൂ. (തീര്‍ച്ചയായും ഞാനും നിങ്ങള്‍ക്കൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു). അല്ലാഹു അവന്റെ അടുക്കല്‍ നിന്നുള്ള ശിക്ഷ നിങ്ങള്‍ക്ക് ബാധിപ്പിക്കുന്നത് ഞങ്ങളും കാത്തിരിക്കാം.

32). (അതല്ല അവരുടെ മനസ്സുകള്‍ അവരോട് ഇപ്രകാരം കല്പിക്കുകയാണോ? അതല്ല അവര്‍ ധിക്കാരികളായ ഒരു ജനത തന്നെയാണോ? അതായത് നിന്നെ കളവാക്കുന്നതും അവര്‍ പറയുന്ന ഈ വാക്കുകളുമെല്ലാം അവരുടെ മനസ്സില്‍ നിന്നും ബുദ്ധിയില്‍ നിന്നും വരുന്നതാണോ? ഇത്തരം പ്രതികരണങ്ങളുണ്ടാകുന്ന മനസ്സും ബുദ്ധിയും എത്ര ചീത്ത! പടപ്പുകളില്‍ ഏറ്റവും ബുദ്ധിയുള്ളവനെ ഭ്രാന്തനാക്കുന്നു. സത്യങ്ങളില്‍ ഏറ്റവും സത്യമാകേണ്ടതിനെ അസത്യവും കളവുമാക്കുന്നു. ബദ്ധിയില്ലാത്തവരെ പരിശുദ്ധപ്പെടുത്തുന്നത് ബുദ്ധിയാണോ? അതോ, അവരുടെ അക്രമവും ധിക്കാരവുമാണോ അതിന് പ്രേരിപ്പിക്കുന്നത്? അതാണ് ശരി. ധിക്കാരത്തിന് അതിരുകളില്ല. അക്രമി അതിരുവിടുന്നതില്‍ അത്ഭുതവുമില്ല. അവനില്‍ നിന്നുണ്ടാകുന്ന വാക്കിലും പ്രവൃത്തിയിലും.

33). (അതല്ല അദ്ദേഹം-നബി-അത് കെട്ടിച്ചമച്ച്  പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ) അതായത് മുഹമ്മദ് നബി ﷺ ഖുര്‍ആന്‍ കെട്ടിയുണ്ടാക്കിയെന്നതാണ് സ്വയം പറഞ്ഞതാണെന്നും (അല്ല, അവര്‍ വിശ്വസിക്കുന്നില്ല) അവര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ ഈ പറഞ്ഞതൊന്നും അവര്‍ പറയില്ല.

34). (എന്നാല്‍ അവര്‍ സത്യവാന്മാരാണെങ്കില്‍ ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. അദ്ദേഹം അതിനെ കെട്ടിച്ചമച്ചു എന്നാണോ? എങ്കില്‍ നിങ്ങള്‍ കൂറ്റന്‍ സാഹിത്യകാരന്മാരും അറബി സാഹിത്യ പടുക്കളുമല്ലേ. തീര്‍ച്ചയായും അതുപോലൊന്ന് കൊണ്ടുവരാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. അപ്പോള്‍ നിങ്ങളുടെ എതിര്‍പ്പ് അംഗീകരിക്കപ്പെടും. അല്ലെങ്കില്‍ അതിന്റെ സത്യത സ്ഥാപിക്കപ്പെടും. തീര്‍ച്ചയായും നിങ്ങളും മനുഷ്യരെല്ലാവരും ഒരുമിച്ച് ചേര്‍ന്നാലും അതിനെ നേരിടാനോ അതുപോലൊന്ന് കൊണ്ടുവരാനോ നിങ്ങള്‍ക്ക് സാധ്യമല്ല. അങ്ങിനെ വരുമ്പോള്‍ നിങ്ങള്‍ക്ക് മുമ്പില്‍ രണ്ടാലൊന്ന് മാത്രം. ഒന്നുകില്‍ അതില്‍ വിശ്വസിച്ച് അതിന്റെ മാര്‍ഗം പിന്‍പറ്റുക. അല്ലെങ്കില്‍ നിങ്ങളറിഞ്ഞ വഴികേടിന്റെ മാര്‍ഗം പിന്‍പറ്റുന്ന ധിക്കാരികളാവുക.

35). (അതല്ല യാതൊരു വസ്തുവില്‍നിന്നുമല്ലാതെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?) സത്യത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയാത്തവിധം അവര്‍ക്കെതിരെയുള്ള തെളിവാണിത്. അല്ലെങ്കില്‍ മതത്തിന്റെയും ബുദ്ധിയുടെയും അനിവാര്യതയില്‍ നിന്ന് പുറത്തുപോകാന്‍ പറ്റാത്ത ന്യായം. ഇവിടെ വ്യക്തമാകുന്നത്, ഇവര്‍ അല്ലാഹുവിന്റെ ഏകത്വത്തെ നിഷേധിക്കുന്നു. അവന്റെ ദൂതനെ കളവാക്കുന്നു. അതോടെ അവര്‍ അല്ലാഹുവാണ് സൃഷ്ടിച്ചത് എന്നതിനെയാണ് നിഷേധിക്കുന്നത്. തീര്‍ച്ചയായും മനസും ബുദ്ധിയും അംഗീകരിക്കുന്ന ഒരു കാര്യമാണ് മൂന്നില്‍ ഒന്ന് എന്തായാലും ഉണ്ടാകും. ഒന്ന് അവര്‍ (യാതൊരു വസ്തുവില്‍ നിന്നല്ലാതെ സൃഷ്ടിക്കപ്പെടുക) അവരെ സൃഷ്ടിച്ചു. ഒരു സ്രഷ്ടാവിലും ഉണ്ടാവുകയോ ചെയ്യാതെ ഉണ്ടായി. ഇത് തീര്‍ത്തും അസാധ്യം (അതല്ല അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?) അവര്‍ തന്നെ അവരെ സ്വയം സൃഷ്ടിച്ചു. ഇതും അസാധ്യമാണ്. ഒരാള്‍ അയാളെ തന്നെ ഉണ്ടാക്കുക എന്നത് ആലോചിക്കാന്‍പോലും പറ്റാത്തതാണ്. ഇത് രണ്ടും നിരര്‍ഥകവും അസാധ്യവുമാകുമ്പോള്‍ മൂന്നാമത്തെ ഒന്ന് നിര്‍ണിതമാകും. അത് അല്ലാഹുവാണ് അവരെ സൃഷ്ടിച്ചത് എന്നതാണ്. അത് നിര്‍ണയിക്കപ്പെട്ടാല്‍ അല്ലാഹുവാണ് ഏകനായ ആരാധ്യന്‍ എന്ന് മനസ്സിലാകും. അവനല്ലാതെ ആരാധന പറ്റില്ലെന്നും അവനെ ആരാധിച്ചേ മതിയാകൂ എന്നും.

36). അല്ലാഹു പറയുന്നു (അതല്ല അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്). നിഷേധത്തെ സ്ഥാപിക്കുന്നതാണ് ഈ ചോദ്യം. അതായത് അവരല്ല ആകാശ ഭൂമികളെ സൃഷ്ടിച്ചത് എന്നര്‍ഥം. ആണെങ്കില്‍ അല്ലാഹുവിനെ അവര്‍ പങ്കാളികളാക്കുമായിരുന്നു. ഇത് വളരെ വ്യക്തമായ ഒരു കാര്യമാണ്. (അല്ല) ഈ നിഷേധികള്‍ (അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല) മതപരമോ ബുദ്ധിപരമോ ആയ തെളിവുകള്‍കൊണ്ട് ബോധ്യമാകുന്ന ഒരു ദൃഢവിശ്വാസം അവര്‍ക്കില്ല.

37) (അതല്ല അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍ അതല്ല അവരാണോ അധികാരം നടത്തുന്നവര്‍?) അതായത് നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തിന്റെ ഖജനാവുകള്‍ ഈ നിഷേധികളുടെ പക്കലാണോ? എന്നിട്ട് അവരുദ്ദേശിച്ചവര്‍ക്ക് നല്‍കുകയും അല്ലാത്തവര്‍ക്ക് തടയുകയും ചെയ്യുകയാണോ? അങ്ങനെ അവര്‍ തന്റെ അടിമയും ദൂതനുമായ മുഹമ്മദ് നബി ﷺ ക്ക് പ്രവാചകത്വം നല്‍കുന്നത് തന്നെയും തടയുക. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ ഏല്‍പിക്കപ്പെട്ട കൈകാര്യകര്‍ത്താക്കളെപ്പോലെയുണ്ടവര്‍, അതിനൊന്നും അര്‍ഹതയില്ലാത്ത അത്യധികം നിന്ദ്യരും നിസ്സാരരുമാണവര്‍. അവര്‍ക്ക് സ്വന്തങ്ങള്‍ക്ക്‌പോലും ഉപകാരമോ ഉപദ്രവമോ മരണമോ ജീവിതമോ പുനരുത്ഥാനമോ ഉടമപ്പെടുത്താത്തവരാണവര്‍.

''അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ച് കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ച് കൊടുത്തത്''(43:32). (അങ്ങനെയുള്ള അവരാണോ അധികാരം നടത്തുന്നവര്‍). അതായത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെയും അധികാരത്തിന്റെയും മേല്‍ അതിജയിച്ചു കീഴ്‌പ്പെടുത്തിയും അധികാരം ചെലുത്തുന്നവന്‍. അങ്ങനെയല്ല കാര്യം അവര്‍ ദുര്‍ബലരും പരാശ്രയരുമാണ്.

38) (അതല്ല അവര്‍ക്ക് ആകാശത്തുനിന്ന് വിവരങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കാന്‍ വല്ല കോണിയുമുണ്ടോ?) അവര്‍ക്ക് അദൃശ്യം എത്തിപ്പിടിക്കാന്‍ ഉപരിലോകത്ത് അത് ശ്രദ്ധിച്ചുകേള്‍ക്കാനും അവര്‍ക്കാകുമോ? എന്നിട്ട് മറ്റാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ കൊടുക്കാനും അവര്‍ക്ക് കഴിയുമോ? (എന്നാല്‍ അവരില്‍ ശ്രദ്ധിച്ചുകേള്‍ക്കുന്ന ആള്‍ കൊണ്ടുവരട്ടെ). അത് വാദിക്കുന്നവന്‍ (വ്യക്തമായ വല്ല പ്രമാണവും) അല്ലാഹുവാണ് ദൃശ്യവും അദൃശ്യവും അറിയുന്നവനെന്നിരിക്കെ, അവനെങ്ങിനെ അത് കഴിയും? അവന്റെ അദൃശ്യങ്ങള്‍ അവനൊരാള്‍ക്കും വെളിവാക്കിക്കൊടുക്കുകയില്ല. അവന്റെ അറിവില്‍നിന്നും അവന്‍ അറിയിച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നത് അവന്‍ തൃപ്തിപ്പെട്ട തന്റെ ദൂതന്മാര്‍ക്ക് അറിയിക്കുമെന്നല്ലാതെ. മുഹമ്മദ് നബി ﷺ പ്രവാചകന്മാരില്‍ ശ്രേഷ്ഠനും അറിവുള്ളവനും അവരുടെ നേതാവുമായിരിക്കുകയും, അല്ലാഹുവിന്റെ ഏകത്വവും താക്കീതും വാഗ്ദാനങ്ങളും മറ്റ് സത്യസന്ധമായ വിവരങ്ങ ള്‍ അറിയിക്കുന്നവനും കൂടിയാണ്. സത്യനിഷധികള്‍ ധിക്കാരത്തിന്റെയും വഴികേടിന്റെയും അജ്ഞതയുടെയും ആളുകള്‍. ആരുടെ വര്‍ത്തമാനമാണ് സ്വീകരിക്കാന്‍ ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ളത്. പ്രത്യേകിച്ചും പ്രവാചകന്‍ പൂര്‍ണ സത്യങ്ങളും ദൃഢബോധ്യമുള്ളതുമായ കാര്യങ്ങള്‍ തെളിവിന്റെയും പ്രമാണത്തിന്റെയും അടിസ്ഥാനത്തില്‍ പറയുമ്പോള്‍.

39) അല്ലാഹു പറയുന്നു (അതല്ല അവനുള്ള പെണ്‍മക്കളോ) നിങ്ങള്‍ വാദിക്കുന്നതുപോലെ (നിങ്ങള്‍ക്കുള്ളത് ആണ്‍മക്കളുമാണോ). രണ്ട് തെറ്റുകള്‍ നിങ്ങള്‍ ഇവിടെ ഒരുമിപ്പിച്ചു. അവന് നിങ്ങള്‍ സന്താനങ്ങളെയുണ്ടാക്കി. അതില്‍ രണ്ട് വര്‍ഗങ്ങളില്‍ പൂര്‍ണമായതിനെ അവന് നിങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

40) (നീ അവരോട് ചോദിച്ചിരിക്കുകയാണോ)  ഓ പ്രവാചകരേ, (വലിയ പ്രതിഫലവും) ഈ ദൈവിക ദര്‍ശനം എത്തിച്ചുകൊടുക്കുന്നതിന് (എന്നിട്ട് അവര്‍ കടബാധ്യതയാല്‍ ഭാരം പേറേണ്ടവരായിരിക്കുകയാണോ?) അത് ശരിയല്ല. ഒന്നും സ്വീകരിക്കാതെ പുണ്യപ്രവര്‍ത്തനമായി അവരെ പഠിപ്പിക്കാന്‍ അദ്ദേഹം അതീവ തല്പരനാണ്. എന്നാല്‍ നിന്റെ ഈ സന്ദേശം സ്വീകരിക്കാനും നിന്റെ നിര്‍ദേശങ്ങള്‍ക്കും പ്രബോധനത്തിനും അവര്‍ ഉത്തരം നല്‍കാനും നീ ധാരാളം സമ്പത്ത് ചെലവഴിക്കുകയും ചെയ്യണം.

41) (അതല്ല അവര്‍ക്ക് അദൃശ്യജ്ഞാനം കരഗതമാവുകയും അവരത് രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ടോ). അദൃശ്യജ്ഞാനം അവ ര്‍ അറിഞ്ഞുകൊണ്ടിരിക്കുകയും നബി ﷺ ക്ക് കിട്ടാത്തത് അവര്‍ക്ക് കിട്ടുകയും ചെയ്യുക എന്നിട്ട് അവരുടെ അടുക്കലുള്ള അദൃശ്യജ്ഞാനം കൊണ്ട് അവര്‍ അദ്ദേഹത്തോട് ധിക്കാരവും എതിര്‍പ്പും കാണിക്കുക. വഴിപിഴച്ചവരും അറിവി ല്ലാത്തവരും നിരക്ഷരരുമായവരാണവര്‍ എന്നതും മറ്റാര്‍ക്കുമില്ലാത്ത വിജ്ഞാനത്തിന്റെ ഉടമയാണ് മുഹമ്മദ് നബി ﷺ എന്നതും പ്രസിദ്ധ മാണ്. ഒരു സൃഷ്ടിക്കും ലഭിക്കാത്ത അദൃശ്യജ്ഞാനും അദ്ദേഹത്തിന് അല്ലാഹു അറിയിച്ചുകൊടുക്കുകയും ചെയ്യുന്നു. കുഴപ്പം നിറഞ്ഞ അവരുടെ വാക്കുകള്‍ക്കും എതിര്‍പ്പുകള്‍ക്കും പകരം ഉദ്ധരിക്കപ്പെടുന്നതും ബുദ്ധിപരവുമായ ഏറ്റവും വ്യക്തവും വൈരുധ്യങ്ങളില്ലാത്തതുമായ വഴിയെ അവലംബിക്കുകയാണ് വേണ്ടതെന്നാണ് ഇതിലെല്ലാമുള്ളത്.

42) (അതല്ല അവര്‍ ഉദ്ദേശിക്കുകയാണോ?) നിന്റെ കാര്യത്തിലും നീ കൊണ്ടുവന്നതിലുമുള്ള എതിര്‍പ്പ് കാരണം (വല്ല കുതന്ത്രവും) നിന്റെ മതത്തെ നിഷ്ഫലമാക്കുവാന്‍ നിന്റെ കാ ര്യങ്ങള്‍ കുഴപ്പത്തിലാക്കാനും (എന്നാല്‍ സത്യനിഷേധികളാരോ അവര്‍ തന്നെയാണ് കുത ന്ത്രത്തില്‍ അകപ്പെടുന്നവര്‍). അതായത് അവരുടെ കുതന്ത്രങ്ങല്‍ അവരിലേക്ക്തന്നെ തിരിച്ചുവരും. അവരുടെ ദ്രോഹങ്ങള്‍ അവരിലേക്ക് മടങ്ങും. അത് ചെയ്യുന്നത് അല്ലാഹുവാണ്. അവനാണ് സ്തുതി. സത്യനിഷേധികള്‍ അവരുടെ കുതന്ത്രങ്ങളില്‍ ഒന്നും പ്രയോഗിക്കാതിരിക്കാതെ ബാക്കിവെക്കുന്നില്ല. അപ്പോള്‍ അല്ലാഹുവിന്റെ പ്രവാചകനെ അല്ലാഹു സഹായിക്കുന്നു. അവന്റെ ദീനിനെ വിജയിപ്പിക്കുന്നു. അവരെ ഒഴിവാക്കി അവര്‍ക്കവന്‍ രക്ഷ നല്‍കുന്നു.

43)(അതല്ല അവര്‍ക്ക് അല്ലാഹു അല്ലാത്ത വല്ല ആരാധ്യനും ഉണ്ടോ?) ഉപകാരത്തെ ചോദിക്കാനും പ്രതീക്ഷിക്കാനും ഉപദ്രവത്തെ ഭയപ്പെടാനും വല്ല ആരാധ്യരും അല്ലാഹുവിന് പുറമെ അവര്‍ക്കുണ്ടോ? (അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു. ആധിപത്യത്തില്‍ അവനൊരു പങ്കുകാരുമില്ല. ആരാധനയിലും അവന്റെ ഏകത്വത്തിലും പങ്കുകാരില്ല. എന്തിനാണോ ഈ വാചകം ഇവിടെ കൊണ്ടുവന്നത് അതിന്റെ ഉദ്ദേശ്യമാണിത്. അത് അല്ലാഹു അല്ലാത്തവര്‍ക്കുള്ള  ആരാധന നിരര്‍ഥകമാണെന്നതാണ്. ഖണ്ഡിതമായ തെളിവുകളിലൂടെ അതിന്റെ അപകടം വ്യക്തമാക്കുന്നു. മുശ്‌രിക്കുകള്‍ ഏതൊന്നിലാണോ അത് അസത്യമാണ്. ആരാധിക്കപ്പെടേണ്ടവര്‍, നമസ്‌കരിക്കേണ്ടതും അവനുവേണ്ടി സുജൂദ് ചെയ്യപ്പെടുകയും, ആരാധനയായുള്ള പ്രാര്‍ഥനയ്ക്കും ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും അവനുമാത്രം ആരാധിക്കപ്പെടാന്‍. അര്‍ഹതയുള്ളത് അല്ലാഹു മാത്രമാണ്. പൂര്‍ണനാമ ഗുണവിശേഷങ്ങളുടെ ഉടമ. നല്ല പ്രവര്‍ത്തനങ്ങളും വിശേഷണങ്ങളും ധാരാളമുള്ളവന്‍. മറ്റാര്‍ക്കും ഉദ്ദേശിക്കാനാവാത്ത പ്രതാപത്തിന്റെയും ഔദാര്യത്തിന്റെയും മഹത്വത്തിന്റെയും ഉടമ. ഒരുവനും ഏകനും, ഒറ്റയും നിരാശ്രയനും ശ്രേഷ്ഠനും സ്തുത്യര്‍ഹനും മഹാനുമായവന്‍.