സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24

അധ്യായം: 56, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِذَا وَقَعَتِ الْوَاقِعَةُ (١) لَيْسَ لِوَقْعَتِهَا كَاذِبَةٌ (٢) خَافِضَةٌ رَافِعَةٌ (٣) إِذَا رُجَّتِ الْأَرْضُ رَجًّا (٤) وَبُسَّتِ الْجِبَالُ بَسًّا (٥) فَكَانَتْ هَبَاءً مُنْبَثًّا (٦) وَكُنْتُمْ أَزْوَاجًا ثَلَاثَةً (٧) فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ (٨‬) وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ (٩) وَالسَّابِقُونَ السَّابِقُونَ (١٠) أُولَٰئِكَ الْمُقَرَّبُونَ (١١) فِي جَنَّاتِ النَّعِيمِ (١٢) ثُلَّةٌ مِنَ الْأَوَّلِينَ (١٣) وَقَلِيلٌ مِنَ الْآخِرِينَ (١٤) عَلَىٰ سُرُرٍ مَوْضُونَةٍ (١٥) مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ (١٦)

(1). ആ സംഭവം സംഭവിച്ചു കഴിഞ്ഞാല്‍. (2). അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല. (3). (ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും. (4). ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും, (5). പര്‍വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും; (6). അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും, (7). നിങ്ങള്‍ മൂന്നു തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്. (8). അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ! (9). മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ! (10). (സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നാക്കക്കാര്‍ തന്നെ. (11). അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍. (12). സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍. (13). പൂര്‍വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും (14). പില്‍ക്കാലക്കാരില്‍നിന്ന് കുറച്ചുപേരുമത്രെ ഇവര്‍. (15). സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിലായിരിക്കും അവര്‍. (16). അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.

1-3). സംഭവിക്കുമെന്നുറപ്പുള്ള ആ സംഭവത്തിന്‍റെ അവസ്ഥയെക്കുറിച്ചാണ് അല്ലാഹു പറയുന്നത്. സംഭവമെന്നത് അന്ത്യനാളാണ്. (അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല). അതില്‍ സംശയമില്ല. പറഞ്ഞുകേട്ടതും ബുദ്ധിപരവുമായ തെളിവുകള്‍കൊണ്ട് വ്യക്തമായ ഒരു വസ്തുതയാണത്. അല്ലാഹുവിന്‍റെ യുക്തിജ്ഞാനവും അതിന് തെളിവുതന്നെയാണ്. (-ആ സംഭവം ചിലരെ- താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും). ചിലരെ അധമരില്‍ അധമരാക്കി താഴ്ത്തുന്നതാണ്. ഉന്നതമായ ഇല്ലിയ്യൂന്‍ വരെ മനുഷ്യരെ അത് ഉയര്‍ത്തുന്നതുമാണ്. മറ്റൊരര്‍ഥം; അതിന്‍റെ ശബ്ദം താഴുമ്പോള്‍ അത് അടുത്തുള്ളവരെ കേള്‍പ്പിക്കും, ഉയരുമ്പോള്‍ ദൂരെയുള്ളവരെയും.

4-6). (ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും) അത് ചലിപ്പിക്കപ്പെടുകയും ഇളക്കി മറിക്കപ്പെടുകയും ചെയ്യുക. (പര്‍വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും) ചിന്നിച്ചിതറപ്പെടും. (അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളികളായിത്തീരുകയും) പര്‍വതങ്ങളോ അതിന്‍റെ അടയാളങ്ങളോ ഇല്ലാതായിത്തീരും.

فَيَذَرُهَا قَاعًا صَفْصَفًا (١٠٦) لَا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا (١٠٧)

"എന്നിട്ട് അവര്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല" (ത്വാഹാ 106,107).

7-9). (നിങ്ങള്‍ ആയിത്തീരും). ഓ, സൃഷ്ടികളേ. (മൂന്നു തരക്കാര്‍) നിങ്ങള്‍ ചെയ്ത നന്മ തിന്മകളുടെ അടിസ്ഥാനത്തില്‍ മൂന്നു വിഭാഗങ്ങളായി വേര്‍തിരിയും. തുടര്‍ന്ന് വിശദീകരിക്കുന്നത് ഈ മൂന്ന് വിഭാഗത്തിന്‍റെ അവസ്ഥകളാണ്. (അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ?) അവരുടെ മഹത്ത്വവും അവരനുഭവിക്കുന്ന സാഹചര്യങ്ങളുടെ വലുപ്പവുമാണ് പറയുന്നത്. (മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍) ഇടത്. (എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ?) ഇത് അവരുടെ അവസ്ഥയുടെ ഭയാനകതയെ കുറിക്കുന്നു).

10-14). സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും (മുന്നേറിയവര്‍ മുന്നാക്കക്കാര്‍ തന്നെ). സ്വര്‍ഗപ്രവേശനത്തിലും പരലോകത്തും മുന്നേറുക തന്നെ ചെയ്യും. അല്ലാഹുവിന്‍റെ അടുക്കല്‍ സാമീപ്യം സിദ്ധിച്ചവരുടെ പ്രത്യേകതകളാണിത്. (സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍). ഇല്ലിയ്യൂന്‍ എന്ന സ്വര്‍ഗപദവിയുടെ ഉന്നതങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍; അതിനു മുകളില്‍ സ്ഥാനങ്ങളില്ല. അവരാരാണെന്ന് പറയുന്നു: (പൂര്‍വികരില്‍നിന്ന് ഒരു വിഭാഗം) ഈ സമുദായത്തില്‍നിന്നും മറ്റു സമുദായങ്ങളില്‍ നിന്നും മുന്‍കഴിഞ്ഞുപോയവരില്‍ ധാരാളം ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംഘം.

(പില്‍ക്കാലക്കാരില്‍നിന്ന് കുറച്ചുപേരുമത്രെ ഇവര്‍) ശേഷം വരുന്ന ഈ വാചകത്തില്‍നിന്ന് ഈ സമുദായത്തിന്‍റെ തുടക്കക്കാരുടെ മഹത്ത്വം തെളിയുന്നുണ്ട്. കാരണം, പില്‍ക്കാലക്കാരെക്കാള്‍ സാമീപ്യം സിദ്ധിച്ചവര്‍ കൂടുതലുള്ളത് മുന്‍കാലക്കാരിലാണ്. പടപ്പുകളിലെ സവിശേഷരാണ് സാമീപ്യം സിദ്ധിച്ചവര്‍.

15-16). (സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിലായിരിക്കും അവര്‍) സ്വര്‍ണവും വെള്ളിയും മുത്തും പവിഴവുംകൊണ്ട് നെയ്തത്. അല്ലാഹുവിന് മാത്രം അറിയുന്ന അലങ്കാരവും ആഭരണങ്ങളും. (അതിലവര്‍ ചാരിയിരിക്കുന്നവരായിരിക്കും) അതായത്, ആ കട്ടിലുകളില്‍, സൗകര്യപ്രദവും സമാധാനപരവും സന്തോഷഭരിതവും സുസ്ഥിരതയുള്ളതുമായ ഇരുത്തം. (അഭിമുഖമായി) ഓരോരുത്തരുടെയും മുഖം തന്‍റെ കൂട്ടുകാരന്‍റെ മുഖത്തേക്ക് തിരിഞ്ഞായിരിക്കും. അവരുടെ ഹൃദയശുദ്ധിയും പരസ്പര സ്നേഹവും നല്ല പെരുമാറ്റവും ഹൃദയബന്ധവുമെല്ലാമാണ് അതിന്‍റെ കാരണം.