സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ആഗസ്ത് 14 1442 മുഹര്‍റം 05

അധ്യായം: 54, ഭാഗം 4 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ (٢٧) وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ (٢٨‬) فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ (٢٩) فَكَيْفَ كَانَ عَذَابِى وَنُذُرِ (٣٠) إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ (٣١) وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ (٣٢) كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ (٣٣) إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَـٰهُم بِسَحَرٍ (٣٤) نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ (٣٥) وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ (٣٦) وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ (٣٧) وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ (٣٨‬) فَذُوقُوا۟ عَذَابِى وَنُذُرِ (٣٩) وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ (٤٠)

(27). (അവരുടെ പ്രവാചകന്‍ സ്വാലിഹിനോട് നാം പറഞ്ഞു:) തീര്‍ച്ചയായും അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അതുകൊണ്ട് നീ അവരെ നിരീക്ഷിച്ച് കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. (28). വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ (അതിന്ന് അവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്. (29). അപ്പോള്‍ അവര്‍ അവരുടെ ചങ്ങാതിയെ വിളിച്ചു. അങ്ങനെ അവന്‍ (ആ കൃത്യം) ഏറ്റെടുത്തു. (ആ ഒട്ടകത്തെ) അറുകൊലചെയ്തു. (30). അപ്പോള്‍ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിരുന്നു (എന്നു നോക്കുക). (31). നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുകതന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച് കെട്ടുന്നവര്‍ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു. (32). തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (33). ലൂത്വിന്റെ ജനത താക്കീതുകളെ നിഷേധിച്ചുകളഞ്ഞു. (34). തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ് അയച്ചു. ലൂത്വിന്റെ കുടുംബം അതില്‍നിന്ന് ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി. (35). നമ്മുടെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹമെന്ന നിലയില്‍. അപ്രകാരമാകുന്നു നന്ദികാണിച്ചവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. (36). നമ്മുടെ ശിക്ഷയെപറ്റി അദ്ദേഹം (ലൂത്വ്) അവര്‍ക്കു താക്കീത് നല്‍കുകയുണ്ടായി. അപ്പോള്‍ അവര്‍ താക്കീതുകള്‍ സംശയിച്ച് തള്ളുകയാണ് ചെയ്തത്. (37). അദ്ദേഹത്തോട് (ലൂത്വിനോട്) അദ്ദേഹത്തിന്റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്റെ ശിക്ഷയും എന്റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ചുകൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു). (38). അതിരാവിലെ അവര്‍ക്ക് സുസ്ഥിരമായ ശിക്ഷ വന്നെത്തുകതന്നെ ചെയ്തു. (39). എന്റെ ശിക്ഷയും എന്റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ചുകൊള്ളുക (എന്ന് നാം അവരോട് പറഞ്ഞു). (40). തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുന്നതിന് ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

27. അവരുടെ അക്രമം ശക്തമായപ്പോള്‍ അല്ലാഹു അവരെ ശിക്ഷിച്ചതില്‍ യാതൊരു തകരാറുമില്ല. അവര്‍ക്കുള്ള അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹവും ദൃഷ്ടാന്തവും കാരുണ്യവുമായി ഒരു ഒട്ടകത്തെ അല്ലാഹു അയച്ചു. അതിന്റെ അകിടില്‍നിന്ന് അവര്‍ക്കെല്ലാം ആവശ്യമായത് അവര്‍ കറന്നെടുത്തു. (അവര്‍ക്കൊരു പരീക്ഷണമെന്ന നിലയില്‍) അതായത് അല്ലാഹുവില്‍നിന്ന് അവര്‍ക്കുള്ള പരീക്ഷയും പരീക്ഷണവും. (നീ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ക്ഷമ കൈകൊള്ളുകയും ചെയ്യുക) നീ അവരോട് ചെയ്യുന്ന പ്രബോധനത്തില്‍ നീ ക്ഷമയവലംബിക്കുക. അവര്‍ക്ക് വരാനുള്ളത് നീ കാത്തിരിക്കുകയും ചെയ്യുക. അല്ലെങ്കില്‍ അവര്‍ വിശ്വസിക്കുമോ എന്ന് നീ കാത്തിരിക്കുക.

28. (വെള്ളം അവര്‍ക്കിടയില്‍- അവര്‍ക്കും ആ ഒട്ടകത്തിനും ഇടയില്‍-പങ്കുവെക്കപ്പെട്ടതാണെന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക) അവരെ അറിയിക്കണം; വെള്ളം, അതായത് വെള്ളം കുടിക്കുന്ന സ്ഥലം അത് ഒട്ടകത്തിനും അവര്‍ക്കുമായി വീതിക്കണം എന്ന്. ഒരു നിശ്ചിതദിവസം ഒട്ടകത്തിനും ഒരു ദിവസം അവര്‍ക്കും. (ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ ഹാജരാകേണ്ടതാണ്) തന്റെ വിഹിതത്തിന്റെ സമയത്ത് വരികയും അല്ലാത്ത ദിവസം വരാതിരിക്കുകയും ചെയ്യണം.

29. (അപ്പോള്‍ അവര്‍ അവരുടെ ചങ്ങാതിയെ വിളിച്ചു) അതിനെ അറുത്ത വ്യക്തിയെ. ആ ഗോത്രത്തിലെ ഏറ്റവും ദുഷ്ടന്‍. (അങ്ങനെ അവന്‍ ഏറ്റടുത്തു) അവനോട് അറുക്കാന്‍ പറഞ്ഞവരെ അവന്‍ അനുസരിച്ചു. (അറുകൊലചെയ്തു).

30-32. (അപ്പോള്‍ നമ്മുടെ ശിക്ഷയും നമ്മുടെ താക്കിതും എങ്ങനെയായിരുന്നു?) അത് കഠിനശിക്ഷ തന്നെയായിരുന്നു. അവരുടെമേല്‍ അല്ലാഹു ഒരു ഘോരശബ്ദവും ഒരു വിറപ്പിക്കലും അയച്ചു. അങ്ങനെ അവരിലെ അവസാനത്തവനെയും അത് നശിപ്പിച്ചു. സ്വാലിഹ് നബി(അ)യെയും അദ്ദേഹത്തിന്റെ കൂടെ വിശ്വസിച്ചവരെയും അല്ലാഹു രക്ഷിച്ചു. (തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവനായി ആരെങ്കിലുമുണ്ടോ?)

33-40. (ലൂത്വിന്റെ ജനത നിഷേധിച്ചുകളഞ്ഞു) ഏകനും യാതൊരു പങ്കുകാരനുമില്ലാത്ത അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ ലൂത്വ് നബി(അ) അവരെ ക്ഷണിച്ചു. ശിര്‍ക്കില്‍ നിന്നും മുമ്പൊരാളും  ചെയ്യാത്ത നീചവൃത്തിയില്‍നിന്നും അവരെ വിലക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കുകയും അവരുടെ ശിര്‍ക്കും തോന്ന്യാസങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു. അതിഥികളുടെ രൂപത്തില്‍ മലക്കുകള്‍ അദ്ദേഹത്തിന്റെ അടുക്കല്‍വന്നു. അത് അദ്ദേഹത്തിന്റെ ജനതയറിഞ്ഞു. അവരെ നീചവൃത്തിക്ക് ഉപയോഗിക്കാനായി അവര്‍ ഉടന്‍ വന്നു. അല്ലാഹു അവരെ ശപിക്കുകയും വഷളാക്കുകയും ചെയ്യട്ടെ! അവര്‍ ആ അതിഥികളെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അല്ലാഹു ജിബ്‌രീലിനോട് കല്‍പിച്ചു. ജിബ്‌രീല്‍(അ) തന്റെ ചിറകുകൊണ്ട് അവരുടെ കണ്ണുകള്‍ പൊട്ടിച്ചു. അല്ലാഹുവിന്റെ പിടിത്തത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും അവരുടെ പ്രവാചകന്‍ അവരെ താക്കിത് ചെയ്തു. (അപ്പോള്‍ ആ താക്കിതുകളെ അവര്‍ സംശയിച്ചു തള്ളി).

(അതിരാവിലെ അവര്‍ക്ക് സുസ്ഥിരമായ ശിക്ഷ വന്നെത്തുകതന്നെ ചെയ്തു) അവരുടെ ഭവനങ്ങളെ അല്ലാഹു കീഴ്‌മേല്‍ മറിച്ചു. അടിഭാഗങ്ങള്‍ മറിച്ച് മുകളിലാക്കി. അതിരുവിട്ടവരെ പ്രത്യേകം അടയാളംവെച്ച ചൂളക്കല്ലുകള്‍കൊണ്ട് തുടര്‍ച്ചയായി എറിഞ്ഞുകൊണ്ടിരുന്നു. ഏറ്റവും വലിയ ദുരിതത്തില്‍നിന്നും അല്ലാഹു ലൂത്വിനെയും കൂടെയുള്ളവരെയും രക്ഷിച്ചു. അവര്‍ തങ്ങളുടെ രക്ഷിതാവിനോട് കാണിച്ച നന്ദിക്കും അവനെ മാത്രം ആരാധിച്ചതിനുമുള്ള പ്രതിഫലം.

(അവസാനിച്ചില്ല)