സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

അധ്യായം: 58, ഭാഗം 4 (മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

۞ أَلَمْ تَرَ إِلَى الَّذِينَ تَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ مَا هُمْ مِنْكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى الْكَذِبِ وَهُمْ يَعْلَمُونَ (١٤) أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ (١٥) اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَنْ سَبِيلِ اللَّهِ فَلَهُمْ عَذَابٌ مُهِينٌ (١٦) لَنْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُمْ مِنَ اللَّهِ شَيْئًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ (١٧) يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَيْءٍ ۚ أَلَا إِنَّهُمْ هُمُ الْكَاذِبُونَ (١٨) اسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَأَنْسَاهُمْ ذِكْرَ اللَّهِ ۚ أُولَٰئِكَ حِزْبُ الشَّيْطَانِ ۚ أَلَا إِنَّ حِزْبَ الشَّيْطَانِ هُمُ الْخَاسِرُونَ (١٩)

(14). അല്ലാഹു കോപിച്ച ഒരു വിഭാഗ (യഹൂദര്‍) വുമായി മൈത്രിയില്‍ ഏര്‍പെട്ടവരെ (മുനാഫിഖുകളെ) നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരല്ല. അവരില്‍ (യഹൂദരില്‍) പെട്ടവരുമല്ല. അവര്‍ അറിഞ്ഞു കൊണ്ട് കള്ള സത്യം ചെയ്യുന്നു. (15). അല്ലാഹു അവര്‍ക്ക് കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം എത്രയോ ദുഷിച്ചതായിരിക്കുന്നു. (16). അവരുടെ ശപഥങ്ങളെ അവര്‍ ഒരു പരിചയാക്കിത്തീര്‍ത്തിരിക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞു. അതിനാല്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്. (17). അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ അവര്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല. അത്തരക്കാരാകുന്നു നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. (18). അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. നിങ്ങളോടവര്‍ ശപഥം ചെയ്യുന്നത് പോലെ അവനോടും അവര്‍ ശപഥം ചെയ്യും. തങ്ങള്‍ (ഈ കള്ളസത്യം മൂലം) എന്തോ ഒന്ന് നേടിയതായി അവര്‍ വിചാരിക്കുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാകുന്നു കള്ളം പറയുന്നവര്‍ (19). പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍.

14). കപടവിശ്വാസികളുടെ അങ്ങേയറ്റം മോശമായ നിലപാടിനെ കുറിച്ചാണ് അല്ലാഹു പറയുന്നത്. അവര്‍ ജൂത ക്രിസ്ത്യാനികളില്‍ പെട്ട സത്യവിശ്വാസികളുടെ ശത്രുക്കളെയും അല്ലാഹു കോപിച്ചവരെയും ആത്മമിത്രങ്ങളാക്കി വെക്കുന്നു. അതിനാല്‍ അവര്‍ക്ക് അല്ലാഹുവിന്റെ ശാപകോപങ്ങള്‍ ലഭിച്ചു. അവര്‍ വിശ്വാസികളോ അവിശ്വാസികളോ അല്ല. (അവര്‍ നിങ്ങളില്‍ പെട്ടവരല്ല. അവരില്‍ പെട്ടവരുമല്ല). അവര്‍ അകത്തും പുറത്തും വിശ്വാസികളല്ല. കാരണം അകത്തവര്‍ അവിശ്വാസികളോടൊപ്പവും പുറത്തവര്‍ വിശ്വാസികള്‍ക്കൊപ്പവുമാണ്. ഇങ്ങനെയാണ് അല്ലാഹു അവരെപ്പറ്റി പറഞ്ഞത്. മറിച്ചാണവര്‍ പറയുന്നത്. അതാവട്ടെ, ശുദ്ധമായ കളവും. അവര്‍ വിശ്വാസികളാണെന്ന് സത്യം ചെയ്തു പറയുന്നു. അവര്‍ക്ക് തന്നെയറിയാം, അവര്‍ വിശ്വാസികളല്ലെന്ന്.

15). കളവ് പറയുന്നവരും അധര്‍മകാരികളും വഞ്ചകരുമായ ഇവര്‍ക്ക് അല്ലാഹു കഠിനമായ ശിക്ഷ തയ്യാറാക്കിവെച്ചിരിക്കുന്നു. അത് കണക്കാക്കാനോ വിശദീകരിക്കാനോ അസാധ്യമായതാണ്. അവര്‍ പ്രവര്‍ത്തിക്കുന്നതെത്ര ചീത്ത. അല്ലാഹുവിന്റെ കോപം ലഭിക്കുന്ന കാര്യങ്ങളാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശിക്ഷയും ശാപവും അവര്‍ക്ക് അനിവാര്യമായിത്തീരുകയും ചെയ്യുന്നു.

16). അവരുടെ ശപഥങ്ങളെ അവര്‍ ഒരു പരിചയാക്കിത്തീര്‍ത്തിരിക്കുന്നു). ഒരു പരിചയും പ്രതിരോധവും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സത്യവിശ്വാസികളുടെയും ആക്ഷേപങ്ങളില്‍ നിന്നു രക്ഷ കിട്ടാനുള്ള ഒരു പരിച. ഇതിലൂടെ അവര്‍ അവരെയും മറ്റുള്ളവരെയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നു. സ്വര്‍ഗത്തിലേക്കെത്തിക്കുന്ന ശരിയായ മാര്‍ഗമാണത്. അതില്‍ നിന്ന് തെറ്റുന്നവര്‍ നരകത്തിന്റെ വഴിയിലാണ് എത്തിപ്പെടുന്നത്. (അതിനാല്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്). അല്ലാഹുവില്‍ വിശ്വസിക്കാതെ അവന്റെ വചനങ്ങള്‍ക്ക് കീഴ്‌പ്പെടാതെ അവര്‍ അഹങ്കരിച്ചു. നിത്യമായ അവന്റെ ശിക്ഷയെ അവര്‍ അവഗണിച്ചു. ആ ശിക്ഷയാകട്ടെ, അവര്‍ക്ക് ഇടവേള നല്‍കുകയോ താമസം വരുത്തുകയോ ഇല്ല.

17). (അവരുടെ സമ്പത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ അവര്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല). അതൊന്നും ശിക്ഷയില്‍ നിന്ന് അവരെ തടുക്കുകയില്ല എന്നാണ് ഉദ്ദേശ്യം. യാതൊരു പ്രതിഫലവും അവര്‍ക്ക് നേടിക്കൊടുക്കുകയുമില്ല. (അത്തരക്കാരാകുന്നു നരകാവകാശികള്‍). പുറത്തുപോകാതെ അതില്‍ തന്നെ നിത്യമായി വസിക്കുന്നവര്‍. (അതിലവര്‍ ശാശ്വതരായിരിക്കുകയും). ഏതൊന്നിലാണോ ഒരാള്‍ ജീവിച്ചത് അതില്‍ തന്നെ അയാള്‍ മരിക്കുകയും ചെയ്യും.

(18). കപടവിശ്വാസികള്‍ സത്യവിശ്വാസികള്‍ക്ക് തെറ്റായ ധാരണയുണ്ടാക്കുകയും വിശ്വാസികളാണെന്ന് സത്യം ചെയ്ത് പറയുകയും ചെയ്യുന്നു. എല്ലാവരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന നാളിലും സത്യവിശ്വാസികളോട് സത്യം ചെയ്തു പറഞ്ഞ പോലെ അല്ലാഹുവോട് അവര്‍ സത്യം ചെയ്തു പറയും. ഈ സത്യം മൂലം (അവര്‍ എന്തോ ഒന്ന് നേടിയതായി) അവര്‍ ധരിക്കുകയും ചെയ്യും. അവിശ്വാസവും കാപട്യവും തെറ്റായ വിശ്വാസങ്ങളും അവരുടെ ചിന്തകളില്‍ അല്‍പാല്‍പമായി വേരുറച്ചതിനാലാണത്. അങ്ങനെ അവര്‍ വഞ്ചിതരാവുകയും അവര്‍ക്കെന്തോ പ്രയോജനങ്ങളുണ്ടെന്ന് അവര്‍ വിചാരിക്കുന്നു. അവര്‍ കളവാണ് പറയുന്നത്. ദൃശ്യവും അദൃശ്യവും അറിയുന്നവന്റെയടുക്കല്‍ കളവ് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നത് വ്യക്തമാണ്.

19). പിശാച് കീഴടക്കി വെക്കുകയും ആധിപത്യം ചെലുത്തുകയും ചെയ്തവര്‍ക്ക് സംഭവിക്കുന്നതിതാണ്. അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കാരമാക്കി കാണിക്കുകയും അല്ലാഹുവിന്റെ സ്മരണയെ വിസ്മരിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് തിന്മ മാത്രം ഉദ്ദേശിക്കുന്ന അവരുടെ പ്രത്യക്ഷനായ ശത്രു.

(അവന്‍ അവന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടി മാത്രമാണ്) (35:6)

(അക്കൂട്ടരാകുന്നു പിശാചിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും പിശാചിന്റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍). അവര്‍ക്കവരുടെ മതവും ഭൗതിക ജീവിതവും സ്വന്തങ്ങളെയും കുടുംബങ്ങളെയും നഷ്ടപ്പെട്ടിരിക്കുന്നു.