സൂറഃ അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഏപ്രില്‍ 23 1442 റമദാന്‍ 11

അധ്യായം: 55, ഭാഗം 4 (മദീനയിൽ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فِيهِنَّ قَـٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ (٥٦) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٥٧) كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ (٥٨) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٥٩) هَلْ جَزَآءُ ٱلْإِحْسَـٰنِ إِلَّا ٱلْإِحْسَـٰنُ (٦٠) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٦١) وَمِن دُونِهِمَا جَنَّتَانِ (٦٢) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٦٣) مُدْهَآمَّتَانِ (٦٤) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٦٥) فِيهِمَا عَيْنَانِ نَضَّاخَتَانِ (٦٦) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٦٧) فِيهِمَا فَـٰكِهَةٌ وَنَخْلٌ وَرُمَّانٌ (٦٨) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٦٩) فِيهِنَّ خَيْرَٰتٌ حِسَانٌ (٧٠) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٧١) حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ (٧٢) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٧٣) لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ (٧٤) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٧٥) مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ (٧٦) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٧٧) تَبَـٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَـٰلِ وَٱلْإِكْرَامِ (٧٨)

(56). അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. (57). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (58). അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. (59). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (60). നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്തുകൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ? (61). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (62). അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്. (63). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (64). കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍. (65). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (66). അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്. (67). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (68). അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈന്തപ്പനകളും ഉറുമാമ്പഴവുമുണ്ട്. (69). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (70). അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്. (71). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (72). കൂടാരങ്ങളില്‍ ഒതുക്കിനിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! (73). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (74). അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. (75). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (76). പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവരായിരിക്കും അവര്‍. (77). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (78). മഹത്ത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു.

56-59. (അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുമായിരിക്കും) സൗന്ദര്യവും ഭംഗിയുമുള്ള അവര്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ മാത്രം കണ്ണുകളെ പരിമിതപ്പെടുത്തും. അവരോടുള്ള അതീവ സ്നേഹമാണത്. അതുപോലെതന്നെ അവരുടെ ഭര്‍ത്താക്കന്മാരുടെ കണ്ണുകള്‍ അവരുടെ ഭംഗിയും സൗന്ദര്യവും ആസ്വാദനവും അതീവ സ്നേഹവും കാരണം അവരിലും പരിമിതമായിരിക്കും. (അവര്‍ക്ക് മുമ്പ് മനുഷ്യരോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല) അവര്‍ക്ക് മുമ്പ് മനുഷ്യരോ ജിന്നോ അവരെ പ്രാപിച്ചിട്ടില്ല. മറിച്ച് അവര്‍ കന്യകകളും സമപ്രായക്കാരും ഭര്‍തൃസ്നേഹമുള്ളവരുമാണ്. ഭര്‍ത്താക്കന്മാരെ അനുസരിച്ചും കൊഞ്ചിക്കുഴഞ്ഞും സൗന്ദര്യംകൊണ്ടുമെല്ലാമാണ് അവര്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഇഷ്ടപ്പെട്ടവരായത്. (അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും) അവരുടെ കാഴ്ചയും ഭംഗിയും തെളിമയും ശോഭയുമെല്ലാമാണ് ഇവിടെ ഉദ്ദേശ്യം.

60,61. (നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്തുകൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?) സ്രഷ്ടാവിനെ ശരിയായ രൂപത്തില്‍ ആരാധിക്കുകയും മറ്റു മനുഷ്യര്‍ക്ക് ഉപകാരം ചെയ്യുകയും ചെയ്തവര്‍ക്ക് മഹത്തായ വിജയവും ഉന്നതമായ പ്രതിഫലവും സമാധാനജീവിതവുമല്ലാതെ മറ്റെന്തു പ്രതിഫലമാണ് നന്മയായി ലഭിക്കുക?

62-69. (അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗങ്ങളുണ്ട്) അതിലെ പാത്രങ്ങളും ആഭരണങ്ങളും നിര്‍മിച്ചിട്ടുള്ളത് വെള്ളികൊണ്ടാണ്. അവ രണ്ടിലുമുള്ളതെല്ലാം വലതുപക്ഷക്കാര്‍ക്കാണ്. ആ രണ്ടു സ്വര്‍ഗവും (കടുംപച്ചയണിഞ്ഞ രണ്ടു തോപ്പുകള്‍) മനോഹാരിതകൊണ്ടും കടുംപച്ചകൊണ്ടും അവ ഇരുണ്ടവയാണ്.  (അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ട് അരുവികളുണ്ട്) ശക്തിയായി ഒഴുകുന്നവ. (അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്) എല്ലാതരം പഴങ്ങളും; അതില്‍ സവിശേഷമായത് ഈത്തപ്പനയും ഉറുമാമ്പഴവുമാണ്. അതില്‍ രണ്ടിലുമുള്ള പ്രയോജനത്തെ പരിഗണിച്ചുകൊണ്ടാണിത്.

70-75. (അവയിലുണ്ട്) ആ സ്വര്‍ഗങ്ങളിലെല്ലാം. (സുന്ദരികളായ ഉത്തമത്തരുണികള്‍). ഉത്തമസ്വഭാവവും സുന്ദരമുഖമുള്ളതും പ്രത്യക്ഷവും പരോക്ഷവുമായ ഭംഗിയും സൃഷ്ടിയിലും സ്വഭാവത്തിലുമുള്ള നന്മയും സമന്വയിപ്പിച്ചവര്‍. (കൂടാരങ്ങളില്‍ ഒതുക്കിനിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍) മുത്തിന്‍റെ കൂടാരങ്ങളില്‍ തടഞ്ഞുവെക്കപ്പെട്ടവര്‍. അവര്‍ ഒരുങ്ങിനില്‍ക്കുന്നവരും ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങിയവരുമാണ്. തോട്ടങ്ങളിലും സ്വര്‍ഗ ഉദ്യാനങ്ങളിലും ഇറങ്ങിവരുന്നതിന് തടസ്സമില്ല. രാജകൊട്ടാരത്തിലെ കുമാരിമാര്‍ ചെയ്യുന്നത് പോലെ. (അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല).

76,77. (പച്ചനിറമുള്ള തലയിണകളും അഴകുള്ള പരവതാനികളും) ഈ രണ്ട് സ്വര്‍ഗത്തിലെയും ആളുകള്‍ പച്ചത്തലയിണകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. ഉന്നതമായ ഇരിപ്പിടങ്ങള്‍ക്ക് താഴെ വിരിക്കുന്ന പരവതാനി, അത് അവരുടെ ഇരിപ്പിടങ്ങളില്‍ ധാരാളമുണ്ട്. അവരുടെ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ തലയിണകളുണ്ട്; ആ സദസ്സിന്‍റെ കാഴ്ചയും വര്‍ധിപ്പിക്കാനായി. (അഴകുള്ള പരവതാനികളും) പ്രൗഢമായ ഭംഗിയോടെ നെയ്തുണ്ടാക്കപ്പെട്ടതിനെല്ലാം 'അല്‍അബ്ക്വരിയ്യ്' എന്നു പറയാം. തൊടുമ്പോഴുള്ള മാര്‍ദവത്വം, കാഴ്ചയിലെ ഭംഗി, നല്ല രൂപം, പൂര്‍ണഭംഗി എന്നിവകൊണ്ടെല്ലാം ആദ്യത്തെ രണ്ട് സ്വര്‍ഗങ്ങളെക്കാളും ഭംഗിയേറിയതാണ്. അല്ലാഹു തന്നെ അത് പറയുന്നു (അവ രണ്ടിന്നും പുറമെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്) മറ്റു രണ്ടെണ്ണത്തെ കുറിച്ച് പറഞ്ഞിട്ടില്ലാത്ത പ്രത്യേകതകളാണ് ആദ്യത്തെ രണ്ട് സ്വര്‍ഗങ്ങളെ കുറിച്ച് പറഞ്ഞത്.(അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് നദികളുണ്ട്) മറ്റു രണ്ടെണ്ണത്തെപ്പറഞ്ഞപ്പോള്‍ പറഞ്ഞത്. (അവരണ്ടിലും കുതിച്ചൊഴുകുന്ന നദികളുണ്ട്). ഒഴുകുന്നതും കുതിച്ചൊഴുകുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അതുപോലെ ആദ്യത്തെ രണ്ട് സ്വര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ (പലതരം സുഖൈശ്വര്യങ്ങളുള്ള രണ്ട് സ്വര്‍ഗത്തോപ്പുകള്‍) എന്നു പറഞ്ഞു. എന്നാല്‍ മറ്റു രണ്ടെണ്ണത്തെപ്പറ്റി അത് പറഞ്ഞില്ല. (അവ രണ്ടിലും  ഓരോ പഴവര്‍ഗത്തില്‍നിന്നുള്ള രണ്ടിനങ്ങളുണ്ട്) എന്നാണ് ആദ്യ സ്വര്‍ഗങ്ങളെ കുറിച്ച് പറഞ്ഞത്. മറ്റു രണ്ടെണ്ണത്തെ കുറിച്ച് പറഞ്ഞപ്പോള്‍: (അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈത്തപ്പനകളുണ്ട്. ഉറുമാമ്പഴവുമുണ്ട്). ഇവയുടെ പ്രത്യേകതകള്‍ പറയുമ്പോള്‍ വലിയ വ്യത്യാസം ഉണ്ടെന്നര്‍ഥം. തുടര്‍ന്ന് ആദ്യ രണ്ട് സ്വര്‍ഗത്തെക്കുറിച്ച് പറഞ്ഞത് (അവര്‍ ചില മെത്തകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതായിരിക്കും. ആ രണ്ട് തോപ്പുകളുടൈയും കായ്ക്കനികള്‍ താഴ്ന്ന് നില്‍ക്കുന്നതായിരിക്കും). എന്നാല്‍ മറ്റു രണ്ട് സ്വര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇതിലും പറഞ്ഞത:് (പച്ചനിറമുള്ള തലയിണകളിലും അഴകളുള്ള പരവതാനികളിലും ചാരിക്കിടക്കുന്നവരായിരിക്കും അവര്‍). ആദ്യ സ്വര്‍ഗങ്ങളെക്കുറിച്ച പറഞ്ഞപ്പോള്‍ അവിടെയുള്ള സ്ത്രീകളുടെയും ഇണങ്ങളുടെയും പ്രത്യേകതയായിപ്പറഞ്ഞത്: (അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല). എന്നാല്‍ മറ്റു രണ്ട് സ്വര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞത്: (കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍). അവയ്ക്കിടയില്‍ വ്യത്യാസം ഇവിടെ വ്യക്തമാണ്. ആദ്യ രണ്ട് സ്വര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞത്:(നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്തുകൊടുക്കലല്ലാതെ മറ്റുവല്ലതുമാണോ?). ഇതില്‍നിന്ന് മനസ്സിലാകുന്നത് ആദ്യ രണ്ട് സ്വര്‍ഗം സുകൃതം ചെയ്തവര്‍ക്കാണ്. അതില്‍ പറഞ്ഞത് മറ്റേതിനെക്കാള്‍ മുന്‍ഗണന നല്‍കിയത് അതിന്‍റെ ശ്രേഷ്ഠതയെക്കുറിക്കുന്നു.

ആദ്യ രണ്ട് സ്വര്‍ഗങ്ങള്‍ക്ക് മറ്റു രണ്ടണ്ണത്തെക്കാളും മഹത്ത്വമുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അവ രണ്ടു തയ്യാറാക്കപ്പെട്ടത് സാമീപ്യം സിദ്ധിച്ച പ്രവാചകന്മാര്‍, സ്വിദ്ദീക്കുകള്‍ അല്ലാഹുവിന്‍റെ സദ്വൃത്തരായ പ്രത്യേക അടിമകള്‍ മുതലായവര്‍ക്കാണ്. രണ്ടാമത് പറഞ്ഞ സ്വര്‍ഗങ്ങള്‍ സത്യവിശ്വാസികള്‍ക്ക് പൊതുവായുള്ളതാണ്. പറയപ്പെട്ട എല്ലാ സ്വര്‍ഗങ്ങളിലുമുണ്ട് ഒരുകണ്ണും കാണാത്ത, ഒരുകാതും കേള്‍ക്കാത്ത, ഒരു മനുഷ്യനും ഹൃദയത്തില്‍ ചിന്തിക്കാത്തത്. കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്നതും ഹൃദയങ്ങള്‍ കൊതിക്കുന്നതും അവിടെയുണ്ട്. അവിടുത്തെ താമസക്കാര്‍ അങ്ങേയറ്റം ആശ്വാസത്തിലും സമാധാനത്തിലും സുന്ദര കാഴ്ചകളിലുമായിരിക്കും. ഓരോരുത്തരും തന്നെക്കാള്‍ നല്ല അവസ്ഥയുള്ളതോ സുഖാനുഗ്രഹങ്ങളില്‍ ഉള്ളതോ ആയ മറ്റൊരാളെ കാണുകയില്ല

78. അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയും നന്മയും പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (മഹത്ത്വവും ഔദാര്യവും ഉള്ളവനായ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു). ഉന്നത മഹത്ത്വവും സമ്പൂര്‍ണ ശ്രേഷ്ഠതയും അതിഔദാര്യവും തന്‍റെ ആത്മമിത്രങ്ങളോട് കാണിക്കുന്നവന്‍റെ നന്മ അധികരിച്ചതും മഹത്ത്വമേറിയതും ആകുന്നു.

(അവസാനിച്ചു)