സൂറഃ അന്നജ്മ് (നക്ഷത്രം), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ആഗസ്ത് 21 1442 മുഹര്‍റം 12

അധ്യായം: 53, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلنَّجْمِ إِذَا هَوَىٰ (١) مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ (٢) وَمَا يَنطِقُ عَنِ ٱلْهَوَىٰٓ (٣) إِنْ هُوَ إِلَّا وَحْىٌ يُوحَىٰ (٤) عَلَّمَهُۥ شَدِيدُ ٱلْقُوَىٰ (٥) ذُو مِرَّةٍ فَٱسْتَوَىٰ (٦) وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ (٧) ثُمَّ دَنَا فَتَدَلَّىٰ (٨‬) فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ (٩) فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ (١٠) مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ (١١) أَفَتُمَـٰرُونَهُۥ عَلَىٰ مَا يَرَىٰ (١٢) وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ (١٣) عِندَ سِدْرَةِ ٱلْمُنتَهَىٰ (١٤) عِندَهَا جَنَّةُ ٱلْمَأْوَىٰٓ (١٥) إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ (١٦) مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ (١٧) لَقَدْ رَأَىٰ مِنْ ءَايَـٰتِ رَبِّهِ ٱلْكُبْرَىٰٓ (١٨)

(01). നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം. (02). നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. (03). അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. (04). അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (05). ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്. (06). കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. (07). അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു. (08). പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു. (09). അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു. (10). അപ്പോള്‍ അവന്‍ (അല്ലാഹു) തന്റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി. (11). അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്റെ) ഹൃദയം നിഷേധിച്ചിട്ടില്ല. (12). എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ? (13). മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്. (14). അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച് (15). അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം. (16). ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍. (17). (നബിയുടെ) ദൃഷ്ടി തെറ്റിപ്പോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല. (18). തീര്‍ച്ചയായും തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.

1. അല്ലാഹു നക്ഷത്രത്തെക്കൊണ്ട് സത്യം ചെയ്യുന്നു. താഴ്ന്നുവരുന്ന (അസ്തമിക്കുന്ന) സന്ദര്‍ഭത്തെക്കൊണ്ട്. അതായത്, പകല്‍ വരികയും രാത്രി പിന്നിടുകയും ചെയ്യുന്ന രാത്രിയുടെ അവസാന സമയത്ത് ചക്രവാളത്തില്‍ അത് അസ്തമിക്കുന്ന സമയം. സത്യം ചെയ്തുപറയാന്‍ മാത്രം മഹത്തായൊരു ദൃഷ്ടാന്തമാണത്. ഇവിടെ നക്ഷത്രമെന്നത് നക്ഷത്ര സമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു വര്‍ഗനാമമാണെന്നതാണ് ശരി. നക്ഷത്രങ്ങളെക്കൊണ്ട് സത്യം ചെയ്തുകൊണ്ട് സ്ഥാപിക്കുന്നത് ദൈവിക സന്ദേശമായി നബി ﷺ കൊണ്ടുവന്നതിന്റെ സത്യതയാണ്. അവ തമ്മില്‍ അത്ഭുതകരമായ ബന്ധമുണ്ട്. അല്ലാഹു നക്ഷത്രങ്ങളെ ആകാശത്തിന് അലങ്കാരമാക്കി. ദിവ്യസന്ദേശവും അതിന്റെ ഫലങ്ങളും ഭൂമിക്കുള്ള അലങ്കാരവുമാക്കി. പ്രവാചകന്മാര്‍ അനന്തരമാക്കിയ അറിവില്ലായിരുന്നുവെങ്കില്‍ ജനങ്ങള്‍ കൂരിരുട്ടുള്ള രാത്രിയുടെ അന്ധകാരത്തെക്കാള്‍ വലിയ ഇരുട്ടിലാകുമായിരുന്നു.

2. തന്റെ ലക്ഷ്യത്തില്‍ പിഴവ് പറ്റാത്തവനും അറിവില്‍ തെറ്റ് സംഭവിക്കാത്തവനുമാണെന്നാണ് പ്രവാചകനെ പരിശുദ്ധിപ്പെടുത്തിക്കൊണ്ട് ഇവിടെ സത്യം ചെയ്ത് പറയുന്നത്. ഇതില്‍നിന്ന് നിര്‍ബന്ധമായും മനസ്സിലാകുന്ന കാര്യം നേരായ അറിവ് സ്വീകരിച്ചവനും പടപ്പുകളോട് ഗുണകാംക്ഷയുള്ള, ഉദ്ദേശ്യശുദ്ധിയുള്ള വഴികാട്ടിയുമാണ് അദ്ദേഹമെന്നതാണ്. ഉദ്ദേശ്യത്തില്‍ പിഴവും അറിവില്‍ തെറ്റും സംഭവിക്കാത്ത പരിശുദ്ധി അദ്ദേഹം പറഞ്ഞത് (നിങ്ങളുടെ കൂട്ടുകാരന്‍) അദ്ദേഹത്തെക്കുറിച്ച് അവര്‍ക്കൊരു അവ്യക്തതയില്ലെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയും സന്മാര്‍ഗവും അവര്‍ക്ക് അറിയാവുന്നത് തന്നെയാണെന്ന് അവരെ ഉണര്‍ത്താന്‍ വേണ്ടിയാണിങ്ങനെ പറഞ്ഞത് എന്നുമാണ്.

3-4. (അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല). അദ്ദേഹത്തിന്റെ സംസാരം സ്വന്തം മനസ്സിന്റെ താല്‍പര്യത്തില്‍നിന്നുണ്ടാവുന്നതല്ല. (അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു). തന്റെ കാര്യത്തിലാണെങ്കിലും മറ്റുള്ളവരുടെ കാര്യത്തിലാണെങ്കിലും, ധര്‍മനിഷ് ഠയില്‍നിന്നും സന്മാര്‍ഗത്തില്‍നിന്നും തനിക്ക് ദിവ്യസന്ദേശമായി കിട്ടുന്നതിനെ മാത്രമെ അദ്ദേഹം പിന്‍പറ്റുന്നുള്ളൂ. സുന്നത്തെന്നത് പ്രവാചകന് അല്ലാഹുവിന്റെ അടുക്കല്‍നിന്നുള്ള വഹ്‌യ് തന്നെയാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَـٰبَ وَٱلْحِكْمَةَ

''അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും ചെയ്തു'' (4:113).

അല്ലാഹുവിനെക്കുറിച്ചും അവന്റെ മതത്തെക്കുറിച്ചും പ്രവാചകന്‍ അറിയിച്ചു തരുന്നതിലെ ല്ലാം അദ്ദേഹം തെറ്റ് പറ്റാത്തവനാകുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വന്തം താല്പര്യപ്രകാരം പറയുന്നതല്ല. അത് ദിവ്യസന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാണ്.

5. തുടര്‍ന്ന് പറയുന്നത് ജിബ്‌രീല്‍(അ) ആണ് പ്രവാചകന്റെ ഗുരുനാഥന്‍ എന്നാണ്. മലക്കുകളില്‍ ഏറെ ശ്രേഷ്ഠനും ശക്തനും പൂര്‍ണനും. അല്ലാഹു പറയുന്നു: (ശക്തിമത്തായ കഴിവുള്ളവനാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്). അതായത് ദിവ്യസന്ദേശവുമായി പ്രവാചകനിലേക്കിറങ്ങിയ ജിബ്‌രീല്‍(അ) ശക്തിമത്തായവനാണ്. ബാഹ്യവും ആന്തരികവുമായ ശക്തി. അല്ലാഹു നടപ്പിലാക്കാന്‍ പറഞ്ഞത് നടപ്പിലാക്കാനുള്ള ശക്തി. പിശാചുക്കള്‍ കവര്‍ന്നെടുക്കാതെയും കടത്തിക്കൂട്ടാതെയും വഹ്‌യ് പ്രവാചകന് എത്തിച്ചുകൊടുക്കാനുള്ള ശക്തി. വിശ്വസ്തനും ശക്തനുമായ ഈ ദൂതന്‍ വഴി വഹ്‌യ് എത്തിച്ചുകൊടുക്കുന്നതിലൂടെ അല്ലാഹു ഈ വഹ്‌യിനെ സംരക്ഷിക്കുന്നു.

6. (കരുത്തുള്ള ഒരു വ്യക്തി). ശക്തിയും നല്ല സ്വഭാവവും ബാഹ്യവും ആന്തരികവുമായ സൗന്ദര്യവും ഉള്ളവന്‍. (സാക്ഷാല്‍ രൂപത്തില്‍ നിലകൊണ്ടു) ജിബ്‌രീല്‍.

7. (അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു). ഭൂമിയെക്കാളും ഉയര്‍ന്ന് ആ കാശത്തിന്റെ ചക്രവാളത്തില്‍ ഉപരിയിലെ ആത്മാക്കളില്‍ പെട്ടവന്‍. പിശാചുക്കള്‍ക്ക് പ്രാപിക്കാനാവാത്ത, എത്തിപ്പെടാന്‍ സാധിക്കാത്തിടം.

8. (പിന്നെ അദ്ദേഹം അടുത്തുവന്നു). വഹ്‌യെത്തിക്കാന്‍ ജിബ്‌രീല്‍(അ) നബിയുടെ അടുത്ത് (അങ്ങനെ കൂടുതല്‍ അടുത്തു). ഉന്നത ചക്രവാളത്തില്‍നിന്ന് അദ്ദേഹത്തിലേക്ക്.

9. (അങ്ങനെ അദ്ദേഹം ആയിരുന്നു). സാമീപ്യത്തില്‍. (രണ്ട് വില്ലുകളുടെ അകലത്തില്‍) രണ്ട് വില്ലുകളുടെ അകലം. പ്രവാചകത്വവും കൊണ്ട് പ്രവാചകനിലേക്ക് നേര്‍ക്കുനേരെ എത്തുന്നതിന്റെ പൂര്‍ണതയെക്കുറിക്കുന്നു. ജിബ്‌രീലി(അ)ന്റെയും അദ്ദേഹത്തിന്റെയും ഇടയില്‍ മധ്യവര്‍ത്തികളില്ലെന്നര്‍ഥം.

10. (അപ്പോള്‍ ബോധനം നല്‍കി). അല്ലാഹു ജിബ്‌രീല്‍(അ) മുഖേന. (തന്റെ ദാസന് ബോധനം നല്‍കിയതെല്ലാം) ഏറ്റവും നേരായ വിവരങ്ങളും മഹത്തായ മതനിയമങ്ങളും അദ്ദേഹത്തിന് ബോധനമായി നല്‍കി. അതിനോട് അദ്ദേഹത്തിന്റെ കേള്‍വിയും കാഴ്ചയും ഹൃദയവും യോജിച്ചു. അല്ലാഹു പ്രവാചകന് നല്‍കിയ സമ്പൂര്‍ണ വഹ്‌യിന്റെ തെളിവാണിത്. അദ്ദേഹമാകട്ടെ, അതിനെ സംശയമോ ശങ്കയോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ കണ്ണുകള്‍ കണ്ടതിനെ ഹൃദയം കളവാക്കിയില്ല. അതില്‍ സംശയിച്ചതുമില്ല.

ഒരു പക്ഷേ, ഇത് ഇസ്‌റാഇന്റെ രാത്രിയില്‍ കണ്ട മഹത്തായ ദൃഷ്ടാന്തങ്ങളാകാം. തന്റെ കാഴ്ചകൊണ്ടും ഹൃദയംകൊണ്ടും അത് സ ത്യമാണെന്നുറപ്പിച്ചു. ഈ പരിശുദ്ധ വചനങ്ങളുടെ വ്യാഖ്യാനത്തില്‍ ഇത് ശരിയായി വന്നിട്ടുണ്ട്. മറ്റൊരര്‍ഥം: ഈ വചനത്തിന്റെ ഉദ്ദേശ്യം ഇസ്‌റാഇന്റെ രാത്രിയില്‍ നബി ﷺ തന്റെ രക്ഷിതാവിനെ കാണുകയും സംസാരിക്കുക യും ചെയ്തതിനെക്കുറിച്ചാണ്. ഇതാണ് അധികം പണ്ഡിതന്മാരും സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഹലോകത്തുവെച്ച് നബി ﷺ തന്റെ രക്ഷിതാവിനെ കണ്ടെന്നും അവര്‍ സ്ഥാപിക്കുന്നു.

എന്നാല്‍ ആദ്യത്തെതാണ് ശരി. ഇതിന്റെ ഉദ്ദേശ്യം നബി ﷺ ജിബ്‌രീല്‍(അ)നെ കണ്ടു എന്നതാണ്. സന്ദര്‍ഭത്തില്‍നിന്ന് മനസ്സിലാകുന്നതുപോലെ,

തനതായ രൂപത്തില്‍ ജിബ്‌രീലി (അ)നെ നബി ﷺ രണ്ടുപ്രാവശ്യം കണ്ടു. ഒന്ന്, നേരത്തെ പറഞ്ഞതുപോലെ ഉന്നത ചക്രവാളത്തില്‍ ഒന്നാനാകാശത്തുവെച്ച്. രണ്ടാമത്തേത് ഏഴാനാകാശത്തിന് മുകളില്‍ ഇസ്‌റാഇന്റെ രാത്രിയിലും.

13-14. അതാണ് അല്ലാഹു പറഞ്ഞത്: (മറ്റൊരു ഇറക്കത്തിലും അദ്ദേഹം ആ മലക്കിനെ കണ്ടിട്ടുണ്ട്). അതായത് മുഹമ്മദ് നബി ﷺ മറ്റൊരിക്കലും ജിബ്‌രീല്‍(അ) തന്നിലേക്ക് ഇറങ്ങിവന്നതായി കണ്ടു. (അറ്റത്തെ ഇലന്തമരത്തിനടുത്തുവെച്ച്). ഏഴാകാശത്തിന്നപ്പുറത്തുവെച്ച് മഹത്തായ ഒരു വൃക്ഷത്തിനടുത്ത്. ഭൂമിയില്‍നിന്ന് കയറിയെത്തുന്നതിന്റെ അവസാനത്തിലുള്ളത് എന്നര്‍ഥത്തിലാണ് സിദ്‌റത്തുല്‍ മുന്‍തഹാ(അറ്റത്തെ ഇലന്തമരം) എന്ന് പേര് നല്‍കപ്പെട്ടത്. അവിടംവരെ മാത്രമേ പടപ്പുകളുടെ അറിവ് എത്തുകയുള്ളൂ. അല്ലെങ്കില്‍ ഉന്നതി അവസാനിക്കുന്നിടം ആകാശഭൂമികള്‍ക്ക് മുകളില്‍ എന്നതും ഉദ്ദേശ്യമാകാം. മറ്റ് പല ഉദ്ദേശ്യങ്ങളുമുണ്ടാകാം (അല്ലാഹുവിന്നറിയാം). മനോഹരവും പരിശുദ്ധവുമായ ഉന്നതാത്മാക്കളുടെ സ്ഥാനത്തുവെച്ച് മുഹമ്മദ് നബി ﷺ ജിബ്‌രീലി(അ)നെ കണ്ടു. ഒരു ദുഷിച്ച ആത്മാവും പിശാചും അവിടേക്ക് അടുക്കുകയില്ല.

15. ആ മരത്തിന്റെ അടുക്കലാണ്(താമസിക്കാനുള്ള സ്വര്‍ഗം) എല്ലാ സുഖാനുഗ്രഹങ്ങളുമുള്ള സ്വര്‍ഗം. എല്ലാ മോഹങ്ങളും സാക്ഷാത്കരിക്കുന്ന സ്ഥലം. എല്ലാ ഉദ്ദേശ്യങ്ങളുടെയും ലക്ഷ്യമതാണ്. എല്ലാ ആഗ്രഹങ്ങളും അവിടെ ചെന്നുചേരുന്നു. ഏഴ് ആകാശങ്ങള്‍ക്ക് മുകളിലാണ് സ്വര്‍ഗത്തിന്റെ സ്ഥാനമെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.

16. (ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍). അല്ലാഹുവിന് മാത്രമറിയുന്ന ഉന്നതമായ ഒട്ടനവധി കാര്യങ്ങള്‍ വലയം ചെയ്തതാണത്.

17. (നബിയുടെ ദൃഷ്ടി തെറ്റിപ്പോയിട്ടില്ല). അതായത് തന്റെ ലക്ഷ്യത്തില്‍നിന്നും ഇടത്തോട്ടോ വലത്തോട്ടോ അത് തെറ്റിപ്പോയിട്ടില്ല. (അതിക്രമിച്ച് പോയിട്ടുമില്ല). ദൃഷ്ടി വിട്ട് കണ്ടിട്ടില്ല. ഇത് നബി ﷺ യുടെ സ്വഭാവ സംസ്‌കാരത്തിന്റെ വിശിഷ്ടതയെക്കുറിക്കുന്നു. അല്ലാഹു നിര്‍ത്തിയേടത്ത് നില്‍ക്കുന്നു. അതില്‍ കുറവ് വരുത്തുകയോ അതിരുവിടുകയോ ചെയ്യുന്നില്ല. ഇത് മര്യാദയുടെ പൂര്‍ണതയാണ്. പില്‍ക്കാലക്കാരിലും പൂര്‍വികരിലും അദ്ദേഹം അതില്‍ മികച്ചുനിന്നു. സാധാരണ പിഴവുകള്‍ വരുത്തുന്നത് താഴെ പറയുന്നതില്‍ ഏതെങ്കിലും ഒരു രൂപത്തിലായിരിക്കും: ഒന്നുകില്‍ കല്‍പിച്ചത് ചെയ്യാതിരിക്കുക. അല്ലെങ്കില്‍ നിര്‍ദേശിച്ചതിനപ്പുറം ചെയ്യുക. അതുമല്ലെങ്കില്‍ നിര്‍ദേശിച്ചതില്‍ ഏതെങ്കിലും ഒരുവശം (ഇടതോ വലതോ) വ്യതിചലിച്ചുപോവുക. ഇതൊന്നും നബി ﷺ ക്ക് സംഭവിച്ചിട്ടില്ല.

18. (തീര്‍ച്ചയായും തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി). രാപ്രയാണം(ഇസ്‌റാഅ്) നടന്ന രാത്രിയില്‍ സ്വര്‍ഗവും നരകവും മറ്റനേകം കാഴ്ചകളും നബി ﷺ കണ്ടു.