സൂറഃ അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

അധ്യായം: 55, ഭാഗം 1 (മദീനയിൽ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱلرَّحْمَـٰنُ (١) عَلَّمَ ٱلْقُرْءَانَ (٢) خَلَقَ ٱلْإِنسَـٰنَ (٣) عَلَّمَهُ ٱلْبَيَانَ (٤) ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ (٥) وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ (٦) وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ (٧) أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ (٨‬) وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ (٩) وَٱلْأَرْضَ وَضَعَهَا لِلْأَنَامِ (١٠) فِيهَا فَـٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ (١١) وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ (١٢) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (١٣) خَلَقَ ٱلْإِنسَـٰنَ مِن صَلْصَـٰلٍ كَٱلْفَخَّارِ (١٤) وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ (١٥)

(1). പരമകാരുണികന്‍, (2). ഈ ക്വുര്‍ആന്‍ പഠിപ്പിച്ചു. (3). അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. (4). അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. (5). സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്). (6). ചെടികളും വൃക്ഷങ്ങളും(അല്ലാഹുവിന്) പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. (7). ആകാശത്തെ അവന്‍ ഉയര്‍ത്തുകയും (എല്ലാ കാര്യവും തൂക്കി കണക്കാക്കാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. (8). നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍ വേണ്ടിയാണത്. (9). നിങ്ങള്‍ നീതിപൂര്‍വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. (10). ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു. (11). അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്. (12). വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്. (13). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (14). കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. (15). തീയിന്‍റെ പുകയില്ലാത്ത ജ്വാലയില്‍നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.

'പരമകാരുണികന്‍' എന്ന അല്ലാഹുവിന്‍റെ നാമംകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. ഈ പദം അവന്‍റെ വിശാലമായ കാരുണ്യത്തെയും എല്ലാവര്‍ക്കുമുള്ള അവന്‍റെ നന്മയെയും മഹത്തായ ഗുണങ്ങളെയും വര്‍ധിച്ച ഔദാര്യത്തെയും അറിയിക്കുന്നു. പിന്നീട് പറയുന്നത് അല്ലാഹു തന്‍റെ അടിമകള്‍ക്ക് നല്‍കുന്ന ഭൗതികവും മതപരവും പാരത്രികവുമായ അനുഗ്രഹത്തിന്‍റെ അടയാങ്ങളെ കുറിച്ചാണ്. പിന്നീട് മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും അവന്‍ നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയും അവന്ന് നന്ദിയുള്ളവരാകാന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടവന്‍ ആവര്‍ത്തിച്ചു ചോദിക്കുന്നു: "അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?"

അല്ലാഹു പറയുന്നു: (ക്വുര്‍ആന്‍ പഠിപ്പിച്ചു) അതിലെ പദങ്ങളും ആശയങ്ങളും തന്‍റെ അടിമക്ക് പഠിപ്പിച്ചുകൊടുക്കുകയും അത് അടിമക്ക് ലളിതമാക്കിക്കൊടുക്കുകയും ചെയ്തു. തന്‍റെ അടിമക്ക് ചെയ്ത ഏറ്റവും വലിയ അനുഗ്രഹമാണിത്. ആശയങ്ങളില്‍ വ്യക്തതയുള്ളതും പദമേന്മയുള്ളതുമായ അറബിഭാഷയില്‍ അല്ലാഹു ക്വുര്‍ആനിനെ ഇറക്കിയതിനാലാണത്. എല്ലാ നന്മകളെയും ഉള്‍ക്കൊള്ളുന്നതും എല്ലാ തിന്മകളെയും അകറ്റുന്നതുമാണത്.

3-4. അവന്‍ മനുഷ്യനെ സൃഷ്ടിച്ചു; ഏറ്റവും നല്ല ഘടനയില്‍. അവയവങ്ങളുടെ തികവ്, ശരീരഭാഗങ്ങളുടെ പൂര്‍ണത, നിര്‍മിതിയിലെ ദൃഢത. സ്രഷ്ടാവായ അല്ലാഹു തന്‍റെ സൃഷ്ടിയെ പുതുമയാര്‍ന്നതും അന്യൂനവുമാക്കി. മറ്റുജീവജാലങ്ങളില്‍നിന്ന് അവനെ സവിശേഷമാക്കിയത്: (അവനെ സംസാരിക്കാന്‍ പഠിപ്പിച്ചു). ഹൃദയങ്ങളിലെ ആശയങ്ങളെ വ്യക്തമാക്കാന്‍. വാമൊഴിയും വരമൊഴിയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. മനുഷ്യന് അല്ലാഹു ചെയ്തുകൊടുത്ത ഈ മഹാ അനുഗ്രഹത്തിലൂടെ മറ്റുള്ളവയില്‍നിന്ന് അവനെ സവിശേഷമാക്കി.

5. (സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണ് സഞ്ചരിക്കുന്നത്). അല്ലാഹു സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുകയും അവയെ കീഴ്പ്പെടുത്തിക്കൊടുക്കുകയും ചെയ്തു; നിര്‍ണിതമായ ഒരു നിയമത്തിന് വിധേയമായും കൃത്യമായ കണക്കുകള്‍ പാലിച്ചും. അടിമക്ക് കാരുണ്യവും പരിഗണനയുമായി അവന്‍ അവ രണ്ടിനെയും സഞ്ചരിപ്പിക്കാനും ജീവിതത്തില്‍ അവര്‍ക്ക് ഗുണകരമായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നതിനായി കണക്കും വര്‍ഷവും മനസ്സിലാക്കുന്നതിന് വേണ്ടിയും.

6. (നക്ഷത്രങ്ങളും വൃക്ഷങ്ങളും പ്രണാമമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു). അതായത് ആകാശങ്ങളിലെ നക്ഷത്രങ്ങളും ഭൂമിയിലെ വൃക്ഷങ്ങളും തങ്ങളുടെ രക്ഷിതാവിനെ അറിയിക്കുകയും അവന് പ്രണാമമര്‍പ്പിക്കുകയും അനുസരിക്കുകയും താഴ്മ കാണിക്കുകയും കീഴ്പ്പെട്ടിരിക്കുകയും ചെയ്യുന്നു; അടിമകളുടെ ഗുണത്തിനും പ്രയോജനത്തിനും വേണ്ടി അതിനെ അവന്‍ കീഴ്പ്പെടുത്തിയതിനാല്‍.

7-8. (ആകാശത്തെ അവന്‍ ഉയര്‍ത്തുകയും തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തു). പ്രവൃത്തിയിലും വാക്കിലും അടിമകള്‍ക്കിടയിലുള്ള നീതി. പരിമിതമായ തുലാസ് മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത്, മറിച്ച് നാം സൂചിപ്പിച്ചതുപോലെ സാധാരണ തുലാസ് ഉള്‍പ്പെടുന്നതോടുകൂടി വസ്തുക്കളുടെ അളവ് കണക്കാക്കുകയും അളവുകളും കാണാത്ത വസ്തുക്കളെ കണക്കാക്കുന്ന സ്കെയിലുകളും സൃഷ്ടികള്‍ക്കിടയില്‍ വേര്‍തിരിക്കുന്ന വസ്തുതകളും; അതാണ് അവര്‍ക്കിടയില്‍ നീതി നിലനിര്‍ത്തുന്നത്. അതാണ് അല്ലാഹു പറഞ്ഞത്: "നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണിത്."

കല്‍പനകളിലും ബാധ്യതകളിലും പരിധി ലംഘിക്കാതിരിക്കാനാണ് അല്ലാഹു തുലാസ് ഇറിക്കയത്. കല്‍പനയില്‍ നിങ്ങളുടെ ബുദ്ധിക്കും അഭിപ്രായത്തിനും വിട്ടുതരികയാണെങ്കില്‍ അല്ലാഹുവിന് മാത്രമെ അതിലെന്തുമാത്രം അപാകതകള്‍ സംഭവിക്കുമെന്ന് അറിയൂ. ആകാശങ്ങളും ഭൂമിയും അതിലുള്ളവയുമെല്ലാം തകരാറിലാകുമായിരുന്നു. തൂക്കത്തെ നിങ്ങള്‍ നീതിപൂര്‍വമാക്കണം; നിങ്ങളുടെ കഴിവും സാധ്യതയും അനുസരിച്ച്. (തുലാസില്‍ നിങ്ങള്‍ കമ്മിവരുത്തരുത്) അതായത് അതില്‍ നിങ്ങള്‍ കുറവുവരുത്തരുത്. അതിനെതിരായി പ്രവര്‍ത്തിക്കുകയും അരുത്. അത് അക്രമവും അനീതിയും അതിരുവിട്ട പ്രവര്‍ത്തനവുമാണ്.

10. (ഭൂമിയെ അവന്‍ വെച്ചിരിക്കുന്നു) അല്ലാഹു ഭൂമിയെ ഇപ്പോഴുള്ളതുപോലെ കട്ടിയുള്ളതും ഉറച്ചുനില്‍ക്കുന്നതും സാഹചര്യവും പ്രത്യേകതകളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നതുമാക്കി. (മനുഷ്യര്‍ക്കായി) സൃഷ്ടികള്‍ക്കുവേണ്ടി. അവര്‍ക്ക് അതില്‍ സ്ഥിരതാമസമാക്കാനും അവര്‍ക്കൊരു വിരിപ്പും തൊട്ടിലുമായിത്തീരാനും നട്ടുപിടിപ്പിക്കാനും കുഴികളുണ്ടാക്കാനും വഴികളിലൂടെ പ്രവേശിക്കാനും അതിലെ കനികള്‍ പ്രയോജനപ്പെടുത്താനും വേണ്ടി. അതിലുള്ളതെല്ലാം സൃഷ്ടികളുടെ ആവശ്യങ്ങള്‍ക്ക്; അല്ല, അത്യാവശ്യങ്ങള്‍ക്കുള്ളതാണ്. മനുഷ്യന് അത്യാവശ്യമുള്ള ഭുമിയിലെ ഭക്ഷണവസ്തുക്കളെ കുറിച്ചാണ് തുടര്‍ന്നു പറയുന്നത്.

11. (അതില്‍ പഴങ്ങളും) അടിമകള്‍ രുചിയാസ്വദിക്കുന്ന ഫലമുണ്ടാകുന്ന മുന്തിരി, അത്തി, ഉറുമാന്‍, ആപ്പിള്‍ മുതലായ എല്ലാ (വള്ളികളും ചെടികളും മരങ്ങളും) ഇതില്‍ ഉള്‍പ്പെടും. (പോളകളുള്ള ഈത്തപ്പനകളുമുണ്ട്) അതിന് പോളകളുണ്ട്. അതില്‍നിന്നാണ് കുലകള്‍ അല്‍പാല്‍പമായി പിളര്‍ന്ന് പുറത്തേക്കു വരുന്നത്. അങ്ങനെ അത് സൂക്ഷിക്കപ്പെടുകയും അതില്‍നിന്ന് ഭക്ഷിക്കുകയും ചെയ്യുന്നു. യാത്രക്കാരനും നാട്ടില്‍ താമസിക്കുന്നവനും ഭക്ഷണത്തിനുവേണ്ടി എടുത്തുവെക്കാന്‍ പറ്റുന്നത്. പഴങ്ങളില്‍ ഏറ്റവും രുചികരമായ പഴമാണിത്.

12. (വൈക്കോലുകളുള്ള ധാന്യങ്ങളും) ഉണങ്ങുന്ന തണ്ടുള്ളത്. എന്നിട്ട് വൈക്കോല്‍ നാല്‍ക്കാലികള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു. ചോളം, ബാര്‍ലി, നെല്ല് മുതലായ ധാന്യങ്ങളെല്ലാം ഇതില്‍പെടും. (സുഗന്ധച്ചെടികളും) മനുഷ്യന്‍ ഭക്ഷിക്കുന്ന എല്ലാ ഭക്ഷണസാധനങ്ങളും ഇതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. പൊതുവായി പറഞ്ഞതിനെ പ്രത്യേകമായി പറഞ്ഞതിനോട് ചേര്‍ത്ത് പറഞ്ഞു. പൊതുവായതും പ്രത്യേകമായതുമായ ഭക്ഷണ വസ്തുക്കള്‍ കൊണ്ടാണ് അല്ലാഹു തന്‍റെ അടിമകള്‍ക്ക് അനുഗ്രഹം ചെയ്തിരിക്കുന്നത്. 'റൈഹാന്‍' എന്നത് പ്രസിദ്ധമായ സുഗന്ധച്ചെടിതന്നെ ആയിരിക്കാം. മനസ്സിന് സന്തോഷം നല്‍കുന്ന, ഹൃദയത്തിന് വിശാലത നല്‍കുന്ന, നല്ല പരിമളങ്ങളുള്ള വിവിധയിനങ്ങളെ അല്ലാഹു തന്‍റെ അടിമക്ക് സൗകര്യം ചെയ്തുകൊടുത്തു.

13. കാഴ്ചകള്‍ കണ്ടും കാഴ്ചപ്പാടുകള്‍കൊണ്ടും കാണാവുന്ന, അല്ലാഹുവിന്‍റെ ധാരാളം അനുഗ്രഹങ്ങളെ പരാമര്‍ശിക്കുമ്പോള്‍ മനുഷ്യനോടും ജിന്നുകളോടുമായി അവന്‍ പറയുന്നു: (അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?). മതപരവും ഭൗതികവുമായ അല്ലാഹുവന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? ഈ സൂറത്ത് ഓതിക്കേള്‍പിച്ചപ്പോള്‍ ജിന്നുകളുടെ മറുപടി എത്രമാത്രം സുന്ദരമായിരുന്നു! ഈ വചനത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം അവരങ്ങനെ പറയാതിരുന്നിട്ടില്ല:

'റബ്ബേ, നിന്‍റെ യാതൊരു അനുഗ്രഹത്തേയും ഞങ്ങള്‍ നിഷേധിക്കില്ല. നിനക്ക് സ്തുതി). അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ തന്‍റെ മേല്‍ ഓതിക്കേള്‍പിക്കപ്പെട്ടാല്‍ ഇപ്രകാരം ചെയ്യല്‍ ഏതൊരു അടിമക്കും നിര്‍ബന്ധമാണ്; അവന്‍റെ അനുഗ്രഹങ്ങളെ അംഗീകരിച്ചും നന്ദികാണിച്ചുകൊണ്ടും അതിന്‍റെമേല്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും. അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന്‍റെ പുതുമയും കഴിവിന്‍റെ അടയാളങ്ങളും തന്‍റെ അടിമക്ക് കാണത്തക്ക വിധത്തിലുള്ള അനുഗ്രഹങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. (അവന്‍ സൃഷ്ടിച്ചു). മനുഷ്യ പിതാവിനെ. ആദം നബി(അ)യാണത്. (കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന കളിമണ്ണില്‍നിന്ന്) അതായത് നനഞ്ഞ മണ്ണില്‍നിന്ന്. അത് ഉറപ്പുള്ളതും ദൃഢവുമാണ്. അത് ഉണ്ടാക്കിക്കഴിഞ്ഞാല്‍ അതിനൊരു പ്രത്യേക ശബ്ദമുണ്ടാകും; കലത്തിന്‍റെ ശബ്ദം പോലെ. വേവിച്ചെടുത്ത മണ്ണാണത്.

15. (ജിന്നിനെ അവന്‍ സൃഷ്ടിച്ചു) അതായത് ജിന്നിന്‍റെ പിതാവിനെ. ഇബ്ലീസാണത്. അവന് അല്ലാഹുവിന്‍റെ ശാപമുണ്ടാവട്ടെ. (പുകയില്ലാത്ത തീജ്വാലയില്‍ നിന്ന്) തെളിഞ്ഞ തീജ്വാലയില്‍ നിന്ന്. മറ്റൊരര്‍ഥം പുകകലര്‍ന്ന തീജ്വാലയില്‍നിന്ന് എന്നാണ്. മണ്ണില്‍നിന്നും കളിമണ്ണില്‍നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യവര്‍ഗത്തിന്‍റെ ശ്രേഷ്ഠതയെയാണിത് അറിയിക്കുന്നത്. മണ്ണ് വിവേകത്തിന്‍റെയും മഹത്ത്വത്തിന്‍റെയും പ്രയോജനത്തിന്‍റെയും സ്ഥാനമാണ്. ജിന്നുവര്‍ഗത്തിന്‍റെ സൃഷ്ടിപ്പ് ഇതില്‍നിന്ന് വ്യത്യസ്തമാണ്. അത് തീയാണ്. കുഴപ്പവും ദോഷവും അക്രമവും ദുര്‍ബലതയും ആണത്.