സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജൂലൈ 24 1442 ദുല്‍ഹിജ്ജ 13

അധ്യായം: 54, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ (١) وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ (٢) وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ (٣) وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ (٤) حِكْمَةٌۢ بَـٰلِغَةٌ ۖ فَمَا تُغْنِ ٱلنُّذُرُ (٥) فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ (٦) خُشَّعًا أَبْصَـٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ (٧) مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَـٰفِرُونَ هَـٰذَا يَوْمٌ عَسِرٌ (٨‬) كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ (٩) فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ (١٠)

(01). ആ (അന്ത്യ)സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. (02). ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും ഇത് നിലനിന്നുവരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. (03). അവര്‍ നിഷേധിച്ചുതള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിതസ്ഥാനം പ്രാപിക്കുന്നതാകുന്നു. (04). (ദൈവനിഷേധത്തില്‍നിന്ന്) അവര്‍ ഒഴിഞ്ഞുനില്‍ക്കാന്‍ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകിട്ടിയിട്ടുണ്ട്. (05). അതെ, പരിപൂര്‍ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല. (06). ആകയാല്‍ (നബിയേ,) നീ അവരില്‍ നിന്ന് പിന്തിരിഞ്ഞ് കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവന്‍ വിളിക്കുന്ന ദിവസം. (07). ദൃഷ്ടികള്‍ താഴ്ന്നുപോയവരായ നിലയില്‍ ക്വബ്‌റുകളില്‍നിന്ന് (നാലുപാടും) പരന്ന വെട്ടുകിളികളെന്നോണം അവര്‍ പുറപ്പെട്ടുവരും. (08). വിളിക്കുന്നവന്റെ അടുത്തേക്ക് അവര്‍ ധൃതിപ്പെട്ട് ചെല്ലുന്നവരായിരിക്കും. സത്യനിഷേധികള്‍ (അന്ന്) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു. (09). അവര്‍ക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചുകളഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു. (10). അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.

1. (ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു). 'സാഅത്ത്' എന്നത് അന്ത്യനാള്‍ ആണെന്നും അതിന്റെ സമയമായി എന്നും അല്ലാഹു അറിയിക്കുന്നു. അത് വരുന്ന സമയമടുത്തു. എന്നിട്ടും സത്യനിഷേധികള്‍ അതിന്റെ വരവിനുവേണ്ടി തയ്യാറാകാതെ അവരുടെ നിഷേധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യര്‍ക്ക് വിശ്വസിക്കാനും അതിന്റെ സംഭവികതയെ അറിയിക്കാനും സഹായിക്കുന്ന മഹത്തായ തെളിവുകള്‍ അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുത്തു. മുഹമ്മദ് ഇബ്‌നു അബ്ദുല്ല ﷺ കൊണ്ടുവന്നതിന്റെ സത്യത തെളിയിക്കുന്ന മഹത്തായ തെളിവുകള്‍ സത്യനിഷേധികള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം കൊണ്ടുവന്നതിനെ തെളിയിക്കുന്ന അസാധാരണ സംഭവങ്ങള്‍ കാണിച്ചുകൊടുക്കണമെന്ന്! അല്ലാഹുവിന്റെ അനുമതിപ്രകാരം അദ്ദേഹം ചന്ദ്രനിലേക്ക് ചൂണ്ടി. അന്നേരം അത് രണ്ടു ഭാഗങ്ങളായി പിളര്‍ന്നു. ഒരു ഭാഗം അബൂക്വുബൈസ് പര്‍വതത്തിന് മുകളിലും മറ്റേത് അബൂക്വബീസ് പര്‍വതത്തിന് മുകളിലും! ഒരു സൃഷ്ടിക്കും വിചാരിക്കാനോ സങ്കല്‍പിക്കാനോ പോലും കഴിയാത്ത ഒരു വലിയ ദൃഷ്ടാന്തം ആകാശത്തുള്ളതായി മുശ്‌രിക്കുകളും മറ്റും നേര്‍ക്കുനേരെ കണ്ടു. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച. മാത്രവുമല്ല, സമാനമായൊരു കാഴ്ച പൂര്‍വ പ്രവാചകന്മാരുടെ ചരിത്രത്തില്‍ നടന്നതായി അവര്‍ കേട്ടിട്ടുപോലുമില്ല.

അതിനെ അവര്‍ കളവാക്കി. അവരുടെ ഹൃദയത്തില്‍ വിശ്വാസം പ്രവേശിച്ചില്ല. അല്ലാഹു അവര്‍ക്ക് നന്മ വിചാരിച്ചില്ല. അവര്‍ അതിക്രമത്തിലേക്കും അഹങ്കാരത്തിലേക്കും അഭയംതേടി. അവര്‍ പറഞ്ഞു: 'മുഹമ്മദ് ഞങ്ങളില്‍ ജാലവിദ്യ നടത്തിയിരിക്കുന്നു.' എന്നാല്‍ അതിന്റെ അടയാളം നിങ്ങള്‍ക്ക് നിങ്ങളുടെ അടുത്തേക്ക് വരുന്നവരോട് ചോദിച്ചുനോക്കാവുന്നതാണ്. നിങ്ങളോട് ജാലവിദ്യ കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞാലും നിങ്ങളല്ലാതെ നിങ്ങളോടൊപ്പം സാക്ഷ്യയല്ലാതിരുന്ന ഒരാളെ കബളിപ്പിക്കാനാവില്ല. അങ്ങനെ അവര്‍ വന്നവരോടൊക്കെ ചോദിച്ചു. അത് സംഭവിച്ചതായി അവര്‍ അവരെ അറിയിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: (ഇത് നിലനിന്നുവരുന്ന ഒരു ജാലവിദ്യയാണ്) ഞങ്ങളെയും മറ്റുള്ളവരെയും മുഹമ്മദ് കബളിപ്പിച്ചു. പടപ്പുകളില്‍ ഏറ്റവും പിഴച്ചവരും വിഡ്ഢികളുമല്ലാതെ ഈ ആരോപണം ഉന്നയിക്കുകയില്ല.

(2) ഈ ഒരു ദൃഷ്ട്ടാന്തത്തെ മാത്രമല്ല അവര്‍ നിഷേധിച്ചത്. മറിച്ച് അവര്‍ക്കു വന്ന സര്‍വ ദൃഷ്ടാന്തങ്ങളെയും അവര്‍ നിഷേധിച്ചു. അതിനെ എതിര്‍ക്കാനും നിഷേധിക്കാനും മറുപടി പറയാനും അവര്‍ ഒരുങ്ങിനില്‍ക്കുന്നവരായിരുന്നു.

അതാണ് അല്ലാഹു പറഞ്ഞത്: (ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞുകളയുകയും). ഇവിടെ 'അവര്‍ അത് കാണുകയും' എന്നു പറഞ്ഞത് ചന്ദ്രന്‍ പിളര്‍ന്നതിലേക്ക് സൂചിപ്പിച്ചില്ല. മറിച്ച് 'ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞുകളയുകയും' എന്നാണു പറഞ്ഞത്. അതായത് സത്യവും സന്മാര്‍ഗവും പിന്‍പറ്റല്‍ അവരുടെ ലക്ഷ്യമേ അല്ല. അവരുദ്ദേശിക്കുന്നത് അവരുടെ താല്‍പര്യങ്ങളെ പിന്‍പറ്റാന്‍ മാത്രമാണ്.

3. അതാണ് തുടര്‍ന്ന് പറഞ്ഞത്: (അവര്‍ നിഷേധിച്ചുതള്ളുകയും തങ്ങളുടെ തന്നിഷ്ട്ടങ്ങളെ പിന്‍പറ്റുകയും ചെയ്തു). മറ്റൊരിടത്ത് അല്ലാഹു പറഞ്ഞു: ''  ഇനി നിനക്കവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക''(28:50).

സന്മാര്‍ഗത്തെ പിന്‍പറ്റാന്‍ അവര്‍ക്ക് ഉദ്ദേശമുണ്ടെങ്കില്‍ അവര്‍ ഖണ്ഡിതമായി വിശ്വസിക്കുമായിരുന്നു. മുഹമ്മദ് നബി ﷺ യെ പിന്‍പറ്റുകയും ചെയ്യുമായിരുന്നു. കാരണം അദ്ദേഹത്തിലൂടെ അവര്‍ക്ക് അല്ലാഹു മുഴുവന്‍ ദൈവിക താല്‍പര്യങ്ങളെയും മതനിയമങ്ങളുടെ ലക്ഷ്യങ്ങളും ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളും പ്രമാണങ്ങളും കാണിച്ചുകൊടുത്തിട്ടുണ്ട്.

(ഏതൊരു കാര്യവും നിശ്ചിതസ്ഥാനം പ്രാപിക്കുന്നതാകുന്നു) ഇതുവരെയും കാര്യം അതിന്റെ അന്തിമലക്ഷ്യത്തില്‍ എത്തിയിട്ടില്ല. വഴിയെ കാര്യം അതിന്റെ അന്തിമങ്ങളിലെത്തും. മതത്തെ സത്യപ്പെടുത്തുന്നവന്‍ സുഖാനുഗ്രഹങ്ങളുടെ സ്വര്‍ഗത്തിലും അല്ലാഹുവിന്റെ പാപമോചനത്തിലും തൃപ്തിയിലും വിഹരിക്കും. നിഷേധിക്കുന്നവന്‍ നിത്യവും നിദാന്തവുമായ അവന്റെ കോപത്തിലും ശിക്ഷയിലും ആയിരിക്കും വിഹരിക്കുക.

4. ശരിയായ ഉദ്ദേശ്യമോ സത്യത്തെ പിന്‍പറ്റണമെന്നോ താല്‍പര്യമില്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നു: (ചില വൃത്താന്തങ്ങള്‍ അവര്‍ക്ക് വന്നുകിട്ടിയിട്ടുണ്ട്). മുന്‍കാലത്തും പില്‍കാലത്തുമുള്ള ചില വര്‍ത്തമാനങ്ങളും വ്യക്തമായ അമാനുഷിക ദൃഷ്ടാന്തങ്ങളും. (അവര്‍ ഒഴിഞ്ഞുനില്‍ക്കാന്‍ പര്യാപ്തമായ ചില കാര്യങ്ങളടങ്ങിയ) അതായത് വഴികേടില്‍നിന്നും ദുര്‍മാര്‍ഗത്തില്‍നിന്നും അവരെ മാറ്റിനിര്‍ത്തുന്നത്.

5. അത്(പരിപൂര്‍ണ വിജ്ഞാനം) അല്ലാഹുവില്‍നിന്നുള്ള. (പരിപൂര്‍ണമായി) ലോകര്‍ക്കെതിരെ തെളിവാകാവുന്ന പ്രവാചകന്‍മാര്‍ വന്നുകഴിഞ്ഞാല്‍ അല്ലാഹുവിനെതിരെ തെളിവ് അവശേഷിക്കുമോ? (എന്നിട്ടും തെളിവുകള്‍ പര്യാപ്തമാകുന്നില്ല). മറ്റൊരിടത്ത് അല്ലാഹു പറഞ്ഞു: ''ഏതൊരു തെളിവ് അവര്‍ക്ക് വന്നുകിട്ടിയാലും. വേദനയേറിയ ശിക്ഷ നേരില്‍ കാണുന്നതുവരെ'' (10:97)...

6. അല്ലാഹു തന്റെ ദൂതനോട് പറയുന്നു: ഈ സത്യനിഷേധികള്‍ സന്മാര്‍ഗത്തിലാവാന്‍  യാതൊരു വഴിയുമില്ല. അവരെ അവഗണിക്കുകയല്ലാതെ  മറ്റൊന്നും ചെയ്യാനില്ല. ആകയാല്‍ നബിയേ, നീ അവരില്‍നിന്ന് പിന്തിരിഞ്ഞുകളയുക. അതിഭയാനകമായ വമ്പിച്ച ഒരു ദിവസം നീ അവര്‍ക്കുവേണ്ടി പ്രതീക്ഷിക്കുക. അന്നേരം (വിളിക്കുന്നവന്‍ വിളിക്കുന്നു). അത് ഇസ്‌റാഫീല്‍(അ) എന്ന മലക്കാണ്. (അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക്) സൃഷ്ടികള്‍ക്കാര്‍ക്കും പരിചയമല്ലാത്ത അതിദാരുണമായ സംഭവം. അതിനെക്കാളും വേദനാജനകവും  ദാരുണവുമായ ഒരു കാഴ്ച ഇതുവരെ കാണപ്പെട്ടിട്ടില്ല. അങ്ങനെ ഇസ്‌റാഫീല്‍ ഒരു ഊത്ത്  ഊതും. അതുമൂലം ക്വിയാമത്തിലെ നിര്‍ത്തത്തിനുവേണ്ടി ക്വബ്‌റുകളില്‍നിന്ന് മരിച്ചവര്‍ എഴുന്നേറ്റു വരും.

7. (ദൃഷ്ടികള്‍  താഴ്ന്നുപോയവരായ നിലയില്‍) അവരുടെ ഹൃദയത്തിനുണ്ടായ ഭയവും ഭീകരതയും നിമിത്തം അത് താഴ്മകാണിക്കുകയും കീഴ്‌പ്പെടുകയും ചെയ്യും. അവരുടെ ദൃഷ്ടികള്‍ താഴ്ന്നുപോവും.(ക്വബ്‌റുകളില്‍നിന്ന് അവര്‍ പുറപ്പെട്ടുവരും) മറവുചെയ്യപ്പെട്ട സ്ഥലങ്ങളില്‍നിന്ന്. (അവരായതുപോലെയുണ്ട്) ഭയത്തിന്റെ ആധിക്യംമൂലം. (പരന്ന വെട്ടുകളികളെന്നോണം) ഭൂമിയില്‍ ധാരാളമായി ചിന്നിച്ചിതറപ്പെട്ടത്.

(വിളിക്കുന്നവന്റെ അടുത്തേക്ക് അവര്‍ ധൃതിപ്പെട്ട് ചെല്ലുന്നവരായിരിക്കും) വിളിക്കുന്നവന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ ധൃതികാണിച്ചുകൊണ്ട്. ക്വിയാമത്തിലെ നിര്‍ത്തത്തിന് ഹാജരാവന്‍ ഒരു വിളിക്കുന്നവന്‍ വിളിക്കുകയും കല്‍പിക്കുകയും ചെയ്യുമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അപ്പോള്‍ അവര്‍ ആ വിളി കേള്‍ക്കുകയും ഉത്തരം നല്‍കാന്‍ ധൃതിപ്പെടുകയും ചെയ്യും. (സത്യനിഷേധികള്‍ പറയും) അവര്‍ക്കുള്ള ശിക്ഷയില്‍ അവരെത്തിയാല്‍. അല്ലാഹു പറഞ്ഞത് പോലെ: (ഇതൊരു പ്രയാസകരമായ ദിവസമാകുന്നു). വിശ്വാസികള്‍ക്ക് ആ ദിവസം ആശ്വാസകരവും എളുപ്പമുള്ളതുമായിരിക്കും എന്നും മനസ്സിലാക്കാം.

9. പ്രവാചകനെ കളവാക്കുന്നവരെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ അല്ലാഹു പറഞ്ഞത് ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് യാതൊരു ഗുണവും പ്രയോജനവും ചെയ്യില്ലെന്നാണ്. പ്രവാചകന്മാരെ കളവാക്കിയ മുന്‍സമുദായങ്ങളുടെ ശിക്ഷയെക്കുറിച്ച് അല്ലാഹു അവരെ ഭയപ്പെടുത്തുകയും താക്കീത് ചെയ്യുകയും ചെയ്യുന്നു; അവരെ എങ്ങനെയാണു നശിപ്പിച്ചതെന്നും അവര്‍ക്കെങ്ങനെയാണ് ശിക്ഷയിറങ്ങിയതെന്നും. നൂഹി(അ)ന്റെ ജനതയെക്കുറിച്ച് പറഞ്ഞു. ബിംബങ്ങളെ ആരാധിക്കുന്ന ജനതയിലേക്ക് ആദ്യം നിയോഗിക്കപ്പെട്ട പ്രവാചകന്‍. അവരെ അദ്ദേഹം അല്ലാഹുവിന്റെ ഏകത്വത്തിലേക്കും ഏകനും യാതൊരു പങ്കുകാരുമില്ലാത്ത അവനെ മാത്രം ആരാധിക്കുന്നതിലേക്കും ക്ഷണിച്ചു. എന്നാല്‍ ബഹുദൈവ വിശ്വാസം ഉപേക്ഷിക്കാന്‍ അവര്‍ വിസമ്മതിച്ചു. അവര്‍ പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഊഥ്, യഊക്വ്, നസ്വ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്'' (71:23).

നൂഹ്(അ) അവരെ രാത്രിയിലും പകലിലും രഹസ്യമായും പരസ്യമായും അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. അത് അവരില്‍ ധിക്കാരവും അനുസരണക്കേടും അവരുടെ പ്രവാചകനില്‍ ആരോപണം ഉന്നയിക്കലുമല്ലാതെ വര്‍ധിപ്പിച്ചില്ല. അതാണിവിടെ പറഞ്ഞത്: (നമ്മുടെ ദാസനെ അവര്‍ നിഷേധിച്ചുതള്ളുകയും ഭ്രാന്തന്‍ എന്ന് പറയുകയും ചെയ്തു). അവരുടെ വാദപ്രകാരം അവരും അവരുടെ പിതാക്കളും നിലകൊള്ളുന്ന ബഹുദൈവ വിശ്വാസവും വഴികേടും ബുദ്ധിപരമായ കാര്യമാണ്; എന്നാല്‍ നൂഹ്(അ) കൊണ്ടുവന്നതാകട്ടെ വിഡ്ഢിത്തവും വഴികേടും ഭ്രാന്തന്മാരില്‍നിന്നുള്ളതുമാകുന്നു. സത്യത്തെ അവര്‍ തള്ളിക്കളഞ്ഞു. സ്ഥാപിതയാഥാര്‍ഥ്യങ്ങളെ മതപരമായും ബുദ്ധിപരമായും അവര്‍ കീഴ്‌മേല്‍ മറിച്ചു. യഥാര്‍ഥത്തില്‍ നൂഹ്(അ) കൊണ്ടുവന്നത് തെളിഞ്ഞതും ഋജുവായതും ബുദ്ധിയെ നേര്‍വഴിയിലേക്ക് നയിക്കുന്നതുമാണ്; വെളിച്ചത്തിലേക്കും സന്മാര്‍ഗത്തിലേക്കും. അവര്‍ നിലകൊള്ളുന്നതാകട്ടെ വ്യക്തമായ വഴികേടിലും അറിവില്ലായ്മയിലും. (വിരട്ടി ഓടിക്കുകയും ചെയ്തു) അല്ലാഹുവിലേക്ക് അവരെ ക്ഷണിച്ചതിനാല്‍ അവര്‍ അദ്ദേഹത്തോട് കഠിനമായി പെരുമാറുകയും വിരട്ടുകയും ചെയ്തു. വിശ്വസിക്കാതിരിക്കുകയും കളവാക്കുകയും ചെയ്തതുകൊണ്ട് മതിയാക്കിയില്ല അവര്‍. കഴിയാവുന്നത്ര  അവര്‍ അദ്ദേഹത്തെ പീഡിപ്പിച്ചു. എല്ലാ പ്രവാചകന്മാര്‍ക്കും അവരുടെ ശത്രുക്കളില്‍നിന്നു ലഭിച്ചത് ഇതുതന്നെയായിരുന്നു.

10. ഈ സന്ദര്‍ഭത്തിലാണ് നൂഹ്(അ) തന്റെ രക്ഷിതാവിനെ വിളിച്ചത്. അദ്ദേഹം പറഞ്ഞു: (ഞാന്‍ പരാജിതനാണ്) അവരെ ജയിക്കാന്‍ എനിക്ക് കഴിയില്ല. കാരണം അദ്ദേഹത്തില്‍ വിശ്വസിച്ചത് വളരെ ചെറിയ ന്യൂനപക്ഷം മാത്രമായിരുന്നു. തങ്ങളുടെ സമൂഹത്തെ നേരിടാന്‍ അവര്‍ക്ക് കഴിയില്ല. (അതിനാല്‍ എന്റെ രക്ഷക്കായി നീ നടപടി സ്വീകരിക്കേണമേ) അല്ലാഹുവേ, അവരില്‍നിന്ന് നീ എന്നെ രക്ഷിക്കേണമേ. മറ്റൊരു വചനത്തില്‍ അല്ലാഹു പറഞ്ഞു: ''എന്റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളില്‍പെട്ട ഒരു പൗരനെയും നീ വെറുതെ വിട്ടേക്കരുതേ''(71:26).

(തുടരും)