ആവിഷ്‌കാരത്തിലെ മഞ്ഞക്കണ്ണടകള്‍

മുജീബ് ഒട്ടുമ്മല്‍

2021 സെപ്തംബര്‍ 25 1442 സഫര്‍ 18
ഒരു വാര്‍ത്ത എത്രമാത്രം പ്രതിലോമകരമായി സമൂഹത്തിന് കൈമാറാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിലെ മാധ്യമങ്ങള്‍. നിഷേധാത്മക വൃത്താന്തങ്ങളിലെ അനുകൂല-പ്രതികൂല 'പ്രതികരണാഘോഷങ്ങള്‍'ക്കപ്പുറം മൗനംപോലും പ്രസക്തമാണെന്ന തിരിച്ചറിവാണ് മീഡിയ കൈവരിക്കേണ്ടത്.

1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുന്‍ അഫ്ഗാന്‍ പോരാളികള്‍ 1994ല്‍ രൂപീകരിച്ച താലിബാന്‍ അഫ്ഗാനിസ്ഥാനിന്റ ഭരണം പിടിച്ചടക്കിയതോടെ കേരള സാംസ്‌കാരിക മണ്ഡലത്തിലെ നവോന്‍മേഷവും ഉണര്‍വും പ്രത്യേകിച്ച് മാധ്യമങ്ങളിലൂടെ പ്രകടമാവുകയാണ്. താലിബാന്‍ ഭരണകൂടത്തിന്റ കരാളഹസ്തങ്ങളില്‍ പിടയുന്ന അവിടത്തെ ജനതയുടെ വേദനകള്‍ തൊട്ടറിഞ്ഞ് അതില്‍നിന്നുള്ള മോചനത്തിനായുള്ള ശ്രമത്തിനായി ലോകരെ പ്രേരിപ്പിക്കും വിധമുള്ള അവതരണങ്ങളാല്‍ ധന്യമായ മാധ്യമധര്‍മം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയുള്ള അന്തിച്ചര്‍ച്ചകള്‍ ഇപ്പോഴും പൊടിപൊടിക്കുകയാണ്. ഇസ്‌ലാം എന്ന സമാധാന ദര്‍ശനത്തെ കശാപ്പ് ചെയ്യാനുള്ള അവസരം ഒത്തുകിട്ടിയതിന്റെ ആരവങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ വര്‍ണപ്പൊലിമയാല്‍ പെയ്തിറങ്ങുകയാണ്. ഇസ്‌ലാം വെറുപ്പ് മനസ്സുകളെ അന്ധകാരങ്ങളില്‍ തളച്ചിടുന്നതിന്റെ ഉദാഹരണങ്ങളാണിത്.

സ്വൂഫിസം ദര്‍ശനമായി സ്വീകരിച്ചും സലഫികളോട് ശത്രുത വെച്ചുപുലര്‍ത്തിയുമുള്ള ആശയ പ്രചാരണം താലിബാനികളുടെ നയനിലപാടുകളായിരുന്നിട്ട്‌പോലും അവരെ ന്യായികരിക്കുന്ന  പ്രസ്താവനകളിറക്കിയോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചോ കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയും ഇതേവരെ മുന്നോട്ട് വന്നിട്ടില്ല. ത്വാലിബാന്‍ മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിന്റെ പിന്തുണയില്ലാത്ത അക്രമ രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പാണതിന് കാരണം. എന്നിട്ടും അന്തിച്ചര്‍ച്ചകളില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സാംസ്‌കാരിക ഭൂമികയിലെന്നും ഭാരമായ പുഴുക്കുത്തുകളുടെ നിയന്ത്രണങ്ങളില്ലാത്ത, സഭ്യമല്ലാത്ത വാചകക്കസര്‍ത്തുകള്‍ക്കവസരം നല്‍കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ പോലും താലിബാനുമായി ചേര്‍ത്ത് പറയാനുള്ള മാധ്യമങ്ങളുടെ ആവേശം എന്തായാലും മുസ്‌ലിം സമുദായത്തിന്റെ നന്മക്ക് വേണ്ടിയല്ലെന്നുറപ്പാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലുപകാരപ്പെടാത്ത, ധാര്‍മിക, സദാചാരമൂല്യങ്ങളെ കശാപ്പുചെയ്യാന്‍ കരുക്കള്‍ നീക്കുന്ന, സ്ത്രീത്വത്തിന്റയും കുടുംബ മാഹാത്മ്യത്തിന്റെയും അടിവേര് പിഴുതെറിയാന്‍ അണിയറയില്‍ വിയര്‍പ്പൊഴുക്കുന്ന കേവല സാമൂഹിക മാലിന്യങ്ങള്‍ക്ക് അവസരം കൊടുത്തുകൊണ്ടുള്ള പ്രമുഖ മലയാള ചാനല്‍ അവതാരകന്‍മാര്‍ ലക്ഷ്യമാക്കുന്നത് സമുദായത്തെ ഒറ്റപ്പെടുത്തുകതന്നെയാണന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല.

മാനവികതക്കെതിരായ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഒരേരീതിയും ഭാവവുമാണുണ്ടാവാറുള്ളത്. കേരളത്തിലെ മാധ്യമങ്ങളുടെ ശൈലിയിലും അത് വ്യക്തമാണ്. നിഷ്‌കളങ്കമായ സ്‌നേഹവും സാഹോദര്യവും സദാസമയങ്ങളിലും കാത്തുസൂക്ഷിക്കുന്ന ഒരു സമുദായത്തെ ക്രൂരമായ ആരോപണങ്ങളില്‍ തളച്ചിട്ട് അരക്ഷിതാവസ്ഥയില്‍ മഥിക്കുന്ന മനസ്സുകളാക്കി മരവിപ്പിക്കാന്‍ പെരുംനുണകള്‍ പടച്ചുവിടുന്നതും അതേറ്റെടുത്തിരുന്ന മാധ്യമങ്ങള്‍ സ്വീകരിച്ച രീതിയും നാസികളുടെയും ഫാസിസ്റ്റുകളുടെയും കുതന്ത്രങ്ങളുടെതാണ്. നാസിസവും ഫാസിസവുമാകട്ടെ മനുഷ്യത്വത്തിന്റ ശവപ്പറമ്പുമാണ്. അവര്‍ക്കുള്ള മാതൃകാപുരുഷന്‍മാരാകട്ടെ അഡോള്‍ഫ് ഹിറ്റ്‌ലറും അയാളുടെ പ്രചാരണ ചുമതലയുള്ള ജോസഫ് ഗീബല്‍സും മുസോളനിയുമെല്ലാമാണ്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അതു സത്യമായി എടുത്തുകൊള്ളും എന്ന അപകടകരമായ  സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്നു ഗീബല്‍സ്. അങ്ങനെയാണ് അയാള്‍ ഹിറ്റ്‌ലറുടെ മറ്റു പല കൂട്ടാളികളേക്കാളുമേറെ ലോകത്തു കുപ്രസിദ്ധി നേടിയതും. ഗീബല്‍സിയന്‍ നുണകള്‍ എന്ന വാക്കും ഇന്ന് പ്രസിദ്ധമാണ്.

1933 ഫെബ്രുവരി 27ന് ജര്‍മന്‍ പാര്‍ലമെന്റായ 'റീഷ്താഗ്' മന്ദിരം തീയിട്ട് നശിപ്പിച്ചപ്പോള്‍ ആ കുറ്റം കമ്യൂണിസ്റ്റുകാരില്‍ ആരോപിച്ച് അവരെ കൊടും കുറ്റവാളിയാക്കി അവര്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ച്‌വിട്ടുകൊണ്ടിരുന്നു. അവരോട് ചെയ്ത ക്രൂരതകള്‍ക്ക് മിതഭാഷ്യം നല്‍കാന്‍ ഗീബല്‍സിയന്‍ നുണകള്‍ക്ക് സാധിച്ചു. ഫാര്‍ ഡെയര്‍ ലുബ്ബെ എന്ന പോളണ്ടുകാരനെ കരുവാക്കി കമ്യൂണിസ്റ്റുകള്‍ ചെയ്തതാണെന്ന് വരുത്താന്‍ ഗീബല്‍സ് ആയിരക്കണക്കിന് നുണകള്‍ ആവിഷ്‌കരിച്ചു പ്രചാരണം നല്‍കി. ന്യൂറംബര്‍ഗ് വിചാരണയില്‍ നാസീ കൊടും കുറ്റവാളികള്‍ സത്യം വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് യാഥാര്‍ഥ്യം ലോകം മനസ്സിലാക്കിയത്. സമകാലിക മലയാളമാധ്യമങ്ങളിലെ നിറംപിടിപ്പിച്ച കഥകളില്‍ മുസ്‌ലിംകള്‍ക്ക് അപരിഷ്‌കൃത വേഷം കല്‍പിച്ചുനല്‍കി ഫാഷിസ്റ്റ് ചിന്തകള്‍ക്ക് വേഗം കൂട്ടിക്കൊണ്ടിരിക്കുന്നതിന് പിന്നിലുള്ള വികാരവും ഗീബല്‍സിയന്‍ തന്ത്രങ്ങളോടുള്ള അനുരാഗാത്മക ഭ്രമം  തന്നെയാണ്. അതെ, കേരളത്തിലെ മുസ്‌ലിം സമുദായത്തിന് അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികളുടെ പരിവേഷം നല്‍കുന്നതിന് മലയാളമാധ്യമങ്ങള്‍ പോലും മത്സരിക്കുന്നത് കാണുമ്പോള്‍ നാസീ മസ്തിഷ്‌കം കടമെടുത്തത് പോലെ തോന്നും.

ഇസ്‌ലാമിനോടുള്ള അടങ്ങാത്ത കലിപ്പുമായി ഊര് തെണ്ടുന്ന പെണ്‍കൊടിമാരുടെ നാവുകള്‍കൊണ്ട് ദൃശ്യമാധ്യമങ്ങളിലൂടെ മാരകപ്രഹരമേല്‍പിക്കാനുള്ള തിടുക്കം ഭൂലോകവലയില്‍ കാണാമറയത്തായിപ്പോയ ചില അവതാരകര്‍ക്കും പത്രമുത്തശ്ശിമാരുടെ  പേരക്കിടാങ്ങള്‍ക്കുമുണ്ട്. മുഖപുസ്തകത്തിലൂടെ ബൗദ്ധിക മേല്‍ക്കോയ്മ അവകാശപ്പെടാന്‍ വാക്കുകള്‍ക്ക് ചമയങ്ങള്‍ തീര്‍ക്കുന്ന ചില ഇടത് സൈദ്ധാന്തികരും കേരള മുസ്‌ലിംകളില്‍ താലിബാനെ കണ്ടെത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ നാസികളുടെ ശിഷ്യന്‍മാരായ സംഘപരിവാരങ്ങള്‍ പോലും ലജ്ജിച്ച് തലതാഴ്ത്തിയേക്കാം.

മാധ്യമങ്ങളുടെ തിരിനോട്ടം

താലിബാന്‍ സേന അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ സാംസ്‌കാരിക ഭൂമികയിലെ മാധ്യമങ്ങളുടെ ഉള്‍ക്കാഴ്ചകളില്‍ തെളിഞ്ഞ ഭീകരമാനങ്ങളാണ് നാം കേട്ടറിഞ്ഞത്. 2001 സെപ്തംബര്‍ 11ന് ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ സൗധങ്ങള്‍ സാമ്രാജ്യത്വത്തിനും പറിഞ്ഞാറന്‍ സംസ്‌കാരത്തിനും എന്നും എതിര്‍പക്ഷത്താണ് ഇസ്‌ലാമെന്ന ഖ്യാതിക്ക് അടിവരയിടാന്‍ കാരണമാക്കി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. പ്രതികാരമായി അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശത്തിലൂടെ ഐക്യസേന നിറഞ്ഞാടിയിപ്പോള്‍ ഒഴുകിയ രക്തത്തുള്ളികളില്‍ ക്രൂരതകളെ ദര്‍ശിക്കാന്‍ മാധ്യങ്ങള്‍ക്കായില്ല. അനാഥരായ പിഞ്ചോമനകളുടെ വിലാപങ്ങളില്‍ അതിന് കാരണക്കാരായ പാശ്ചാത്യ ദാര്‍ശനിക പ്രയോക്താക്കളുടെ ഭീകരതയും കണ്ടില്ല.

അരക്ഷിതരായ സ്ത്രീകളുടെ വേദനകളിലെ ഉണങ്ങാത്ത ചുടുകണ്ണീരില്‍ നിരാലംബതയുടെ സ്ത്രീത്വത്തെ കാണാനും മാധ്യമങ്ങള്‍ ശ്രമിച്ചില്ല. ക്വാണ്ഡനാമോ ജയിലുകളില്‍ പച്ചമാംസം ജീവനുള്ള ശരീരങ്ങളില്‍നിന്ന് അരിഞ്ഞെടുത്തും വേട്ടനായകളുടെ പല്ലിന്റെ ശൗര്യം മാംസളഭാഗങ്ങളില്‍ പരിശോധിച്ചും അമേരിക്കന്‍ പട്ടാളം ചെയ്ത ക്രൂരതയില്‍ വേദനകൊണ്ട് പുളഞ്ഞ അഫ്ഗാന്‍ യുവാക്കളുടെ ദീനരോദനങ്ങള്‍ക്കും ഇവര്‍ ചെവികൊടുത്തില്ല. മനുഷ്യാവകാശത്തിനായുള്ള ശബ്ദം ലോകത്തെവിടെയും മുഴങ്ങിയില്ല. യുദ്ധക്കെടുതിയില്‍ നിത്യരോഗികളായിപ്പോയവരും അംഗവൈകല്യം സംഭവിച്ചവരും വിധവകളും ഭവനരഹിതരുമെല്ലാം അനുഭവിക്കുന്ന വേദനകള്‍ക്കറുതിവരുത്താനും പുനരധിവാസത്തിനായി ലോകരെ പ്രേരിപ്പിക്കുവാനും സത്യസന്ധമായ പത്രപ്രവര്‍ത്തനം പ്രതീക്ഷിച്ച വരെ നിരാശരാക്കി ചിന്തകള്‍ക്ക് വര്‍ഗീയനിറം നല്‍കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കുറ്റപത്രം തയ്യാറാക്കാന്‍ പഴുതുകള്‍ തേടിയാണ് മാധ്യമ ദൂരദര്‍ശനികള്‍ സഞ്ചരിച്ചത്. മുസ്‌ലിം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ അരക്ഷിതരാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരങ്ങള്‍ തേടിയാണ് അവരുടെ നയനങ്ങള്‍ വിഹരിച്ചത്. മതനിയമങ്ങളുടെ അപ്രായോഗികതയും നിരര്‍ഥകതയും വിളിച്ച് പറയാനുള്ള കഥകളെയാണ് അവര്‍ തേടിയിറങ്ങിയത്. വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ചിരുന്ന, താലിബാന്‍ ഭീകരതയുടെ ആക്രമണങ്ങള്‍ക്ക് വിധേയയായ മലാല യൂസുഫ് സായിയുടെ നൊമ്പരങ്ങളെ അതിനായി അവര്‍ ദുരുപയോഗം ചെയ്തു.

I am Malala: The Girl who Stood Up for Education and was Shot by the Taliban 'വിദ്യാഭ്യാസത്തിനു വേണ്ടി നിലകൊണ്ടതിനാല്‍ ത്വാലിബാന്റെ വെടിയേറ്റ പെണ്‍കുട്ടി' എന്ന ആത്മകഥയിലൂടെ താനനുഭവിച്ച വേദനകള്‍ വിശദീകരിക്കുമ്പോള്‍തന്നെ പാശ്ചാത്യസംസ്‌കാരത്തെ പ്രകീര്‍ത്തിച്ചും ഇസ്‌ലാമിക വസ്ത്രധാരണരീതിയെ വിമര്‍ശിച്ചുമുള്ള വരികള്‍ ഇസ്‌ലാം വെറുപ്പിനായി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റ കുതന്ത്രങ്ങളെ തിരിച്ചറിയാനാകും. ക്രിസ്റ്റിനാ ലാംപിന്റെ സഹായത്തോടെയാണിത് എഴുതിയതെന്ന് പറയുമ്പോള്‍ ചിത്രം വളരെ വ്യക്തവുമാണ്. മനഃസാക്ഷിയുള്ളവരെയെല്ലാം ഏറെ വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ തന്നെയാണ് മലാല യൂസുഫ് സായി കടന്നുപോയിട്ടുള്ളതെന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യവുമാണ്.

2008ല്‍ 'ഗ്ലാമര്‍ വുമണ്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ട യമനില്‍നിന്നുള്ള നുജൂദ് അലിയുടെ I am Nujood, Age 10 and Divorced 'ഞാന്‍ നൂജൂദ്, വയസ്സ് പത്ത്, വിവാഹമോചിത' എന്ന ആത്മകഥയിലെ ചില വരികള്‍ക്കും നല്‍കിയ പ്രചാരണങ്ങളുടെ ലക്ഷ്യവും ഇസ്‌ലാംവെറുപ്പ് തന്നെ. ഡെല്‍ഫിന്‍ മിനോയിയാണ് ഇത് തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്ന് പറയുമ്പോഴും കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ട്. പിതാവ് അടിച്ചേല്‍പിച്ച പീഡനങ്ങളുടെ വൈവാഹിക ജീവിതത്തില്‍നിന്ന് വിവാഹമോചനത്തിലേക്ക് നടന്നുകയറിയ ഈ പത്തുവയസ്സുകാരിയെ പാശ്ചാത്യന്‍ ആശയങ്ങളുടെ പിന്‍ബലത്തില്‍ രക്ഷപ്പെട്ടവളായാണ് ഡെല്‍ഫിന്‍ മിനോയ് അവള്‍ക്കുവേണ്ടി തയ്യാറാക്കിയ പുസ്തകം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നുജൂദിന്റെ ന്യായമായ വിവാഹമോചന ആവശ്യത്തെ അംഗീകരിക്കുകയും കാലതാമസങ്ങളില്‍ തട്ടിത്തടയാന്‍ അനുവദിക്കാതെ വെറും നാലുദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ആവശ്യപ്പെട്ട നീതി അവളുടെ കയ്യില്‍ വെച്ചുകൊടുക്കുകയും ചെയ്ത യമനിലെ കോടതി വിവാഹത്തിനുമുമ്പ് പെണ്‍കുട്ടിയുടെ സമ്മതം തേടേണ്ടതുണ്ടെന്ന ഇസ്‌ലാമിക നിയമത്തിന്റെ പിന്‍ബലത്തിലാണ് നുജൂദിന് വിവാഹമോചനം അനുവദിച്ചതെന്ന സത്യം എല്ലായിടത്തും തമസ്‌കരിക്കാന്‍ മാധ്യമ ഗൂഢാലോചനകള്‍ക്ക് സാധിച്ചു. നുജൂദിന്റ പിതാവിന്റെ അവിവേകമായ സമീപനങ്ങളെയും പ്രവൃത്തിയെയും ഇസ്‌ലാമിന്റ പേരില്‍ പ്രചരിപ്പിക്കാനാണ് ശ്രമം നടന്നത്.

ഞങ്ങള്‍ക്ക് ഭയമാകുന്നു

താലിബാന്‍ സംഘത്തിന്റെ പരാക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ മൗനമായിരിക്കുന്ന മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഭയമാകുന്നുവെന്ന് പരിതപിച്ച സംഘപുത്രന്റ വിലാപം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട ഒരു മതേതര ബുദ്ധിജീവിയുടെ സമീപനമാണ് ഏറെ അത്ഭുതപ്പെടുത്തിയത്. മുസ്‌ലിം സ്വത്വം ഭയപ്പെടേണ്ട സാമൂഹിക വിപത്താണെന്ന ബോധം പൊതുജനങ്ങളില്‍ രൂപപ്പെടുത്താനുള്ള വിത്ത് പാകുകയാണിവിടെ. സമീപകാല സംഭവവികാസങ്ങളും ആയുധങ്ങളേന്തിയുള്ള പ്രകടമായ വിധ്വംസകരൂപങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭയം വിതക്കാനുള്ള ശ്രമം നടത്തുന്ന കാവിക്കൊടിവാഹകരും നാടിന് ഭീഷണിയല്ലാതിരിക്കുകയും ആയിരക്കണക്കിന് വര്‍ഷങ്ങളായി സാഹോദര്യമനസ്സോടെ സമാധാനപൂര്‍വം ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന് ഭീഷണിയാവുകയും ചെയ്യുന്നത് ആരെയാണ് ആശ്ചര്യപ്പെടുത്താതിരിക്കുക!

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ സിവില്‍ ഡിഫന്‍സ് ഉദേ്യാഗസ്ഥയായ റാബിയ സെയ്ഫി പൈശാചികമായി കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നിലുള്ള ശക്തികളുടെ ദര്‍ശനംപേറുന്നവര്‍ കേരളത്തിലുണ്ടെന്ന ചിന്ത ആരെയും ഭയപ്പെടുത്തുന്നില്ല. മാറിടങ്ങള്‍ മുറിച്ചുമാറ്റിയും കഴുത്തറുത്തും ജനനേന്ദ്രിയം കുത്തിക്കീറിയും അതിനിഷ്ഠൂരമായാണ് ആ കൊലപാതകം നടന്നത്. അതിനോട് നിസ്സംഗത പുലര്‍ത്തിയ ഭരണകൂടത്തിന്റയും ഒരു പറ്റം മാധ്യമങ്ങളുടെയും നിലപാടുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. അവരുടെ രാഷ്ട്രീയാനുഭാവികളും പ്രവര്‍ത്തകരും കേരളക്കരയിലെ ആയിരക്കണക്കിന് ശാഖകളില്‍ സൈ്വര്യവിഹാരം നടത്തിയിട്ടും അതാരെയും അലോസരപ്പെടുത്തിയില്ല. പുതിയ കഥകള്‍ മെനഞ്ഞെടുത്ത് കേസിന്റ ഗതി മാറ്റാന്‍ ശ്രമിക്കുന്ന പോലീസിന്റ കുറ്റവാസനയും ഭയപ്പെടേണ്ടതാണെന്ന ബോധം ആര്‍ക്കും ഉണ്ടായതായി തോന്നിയില്ല.

ഗുജറാത്തിലെ തെരുവുകളില്‍ ജീവനുള്ള പച്ചമനുഷ്യരെ അഗ്‌നിനാളങ്ങളിലെറിഞ്ഞ  നരാധമന്‍മാരുടെ അക്രമസ്വഭാവം സ്വാംശീകരിക്കാന്‍ പരിശീലനം നടത്തുന്ന ത്രിശൂല വാഹകരെക്കുറിച്ച് ആര്‍ക്കും ആശങ്കയില്ല. പശുവിന്റെ പേരില്‍ വയോധികരെയും യുവാക്കളെയും അറുകൊല നടത്തിയവരുടെ, ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്‌റ്റെയിനിനെയും രണ്ട് കുഞ്ഞുങ്ങളെയും കാറിലിട്ട് ചുട്ടുകൊന്നവരുടെ, ഉത്തരേന്ത്യന്‍ തെരുവീഥികളില്‍ ദളിതരെ കൂട്ടക്കശാപ്പുനടത്തിയ മനുഷ്യ പിശാചുക്കളുടെ, മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ആദര്‍ശം സ്വീകരിച്ച് മലയാളക്കരയില്‍ സൈ്വര്യം കെടുത്തുന്നവരെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ നൂറുകണക്കിന് പിഞ്ചോമനകളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കിയും വിദഗ്ധ ചികില്‍സ നല്‍കിയും ആത്മാര്‍ഥ സേവനമനുഷ്ഠിച്ച ഡോ. കഫീല്‍ഖാനെ കല്‍തുറുങ്കിലടച്ച ഭരണകൂടത്തിന് ഓശാന പാടുന്നവരും കേരളത്തിലുണ്ടെന്നിരിക്കെ അവരെക്കുറിച്ചും ലവലേശം പേടി നമ്മെ പിടികൂടിയില്ല.

മതപ്രഭാഷകരുടെ ഭാഷണങ്ങളിലെ അക്ഷരസ്ഖലിതങ്ങള്‍ക്ക് യുഎപിഎ ചാര്‍ത്തി ലോക്കപ്പിലിടാന്‍ ശ്രമിക്കുമ്പോഴും വെട്ടുകളുടെ എണ്ണംകൂട്ടി അറുകൊല നടത്തുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ വിഹരിച്ചപ്പോഴും നമ്മുടെ മനസ്സുകളില്‍ ഭീതിയുടെ നിഴലാട്ടമുണ്ടായില്ല. സമാധാന സന്ദേശ രേഖകള്‍ സൗഹൃദഹസ്തമായി കൈമാറിയത് 'വഴിമരുന്നായിട്ടും' വിദ്വേഷ പ്രസംഗങ്ങളും വിഭാഗീയ ശബ്ദങ്ങളും ഭരണകൂടത്തിന് തെല്ലും പ്രയാസപ്പെടുത്തിയില്ല. അപ്പോഴും മനസ്സില്‍ ഉദിക്കുന്ന ചോദ്യം ആര് ആരെയാണ് ഭയപ്പെടേണ്ടത് എന്ന് തന്നെയാണ്.

'സ്ത്രീ' അവകാശങ്ങളിലെ മാധ്യമ ജാഗ്രത

സ്ത്രീകളുടെ സംരക്ഷണവും അവകാശങ്ങളും ഏതുകാലത്തും മാധ്യമ ചര്‍ച്ചകളില്‍ ചൂടുള്ള വിഭവങ്ങളാണ്. ഭരണ കേന്ദ്രങ്ങള്‍മുതല്‍ വീടകംവരെ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണിന്ന്. അതിനെതിരെ സാമൂഹിക ബോധവല്‍കരണത്തിനും കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാനും മാധ്യമങ്ങളുടെ ഇടപെടല്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ സമൂഹത്തില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം. സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്‌ലാമിക മതനിയമങ്ങളാണെന്ന് വരുത്താന്‍ ചില മാധ്യമങ്ങളുടെ ശ്രമം ഏറെ ദൗര്‍ഭാഗ്യകരമാണ്. ഇസ്‌ലാമിക വസ്ത്രധാരണയും കുടുംബവ്യവസ്ഥയും പൊതുമേഖലകളിലെ ഇടപെടലുമെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ചിലര്‍ ചര്‍ച്ചകള്‍ക്ക് മാറ്റ് കൂട്ടാറുള്ളത്. സമകാലിക രാഷ്ട്രീയ കേരളത്തില്‍ മുസ്‌ലിം ലീഗിലെ വിദ്യാര്‍ഥി വിഭാഗങ്ങളിലുണ്ടായ തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും ചര്‍ച്ച ചെയ്ത് പിണക്കങ്ങളിലെ 'സ്ത്രീവിരുദ്ധത' ഇസ്‌ലാമിന്റ പേരില്‍ ചാര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നാം കാണുന്നത്. അതീവ ഗുരുതരമായ അവകാശധ്വംസനങ്ങളും അക്രമങ്ങളും പീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെ നിറഞ്ഞാടിയിട്ടും അതൊന്നും വാര്‍ത്തയും ചര്‍ച്ചയുമാകാതെ മറഞ്ഞുപോകുന്നതിലെ യുക്തി ഇപ്പോഴും ദുരൂഹമാണ്. മുസ്‌ലിം വേഷങ്ങളിലെ തട്ടങ്ങളില്‍ കാണുന്ന 'അടിമത്തം' സ്വന്തം ഭാര്യയെ പണസമ്പാദനോപകരണമായി കൂട്ടിക്കൊടുത്ത ചുംബന സമരക്കാരന്റെ കച്ചവട താല്‍പര്യങ്ങളില്‍ മാധ്യമങ്ങള്‍ കണ്ടില്ല.

മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിക്കുന്നത് നാസ്തികരാണെങ്കില്‍ അവരത് കാണുന്നില്ല. പിടിക്കപ്പെടുന്ന കുറ്റവാളികളുടെ ദര്‍ശനവും അവരുടെ അപ്പോസ്തലന്‍മാരുടെ പിന്നാമ്പുറങ്ങളും ചര്‍ച്ചയാക്കുന്നില്ല. മാതാവിനെപോലും ഭോഗിക്കാമെന്ന ഇന്‍സ്റ്റിറ്റ് ലൈംഗികതക്ക് ദാര്‍ശനികമാനം നല്‍കുന്ന മതനിഷേധികളായ നാസ്തികരിലെ സ്ത്രീവിരുദ്ധതയും അന്തിച്ചര്‍ച്ചകളില്‍ വിഷയീഭവിക്കുന്നില്ല. മാതാവാകാനുള്ള സ്വാതന്ത്ര്യംപോലും ഹനിച്ചുകളഞ്ഞ് മഠങ്ങളിലെത്തി വിശുദ്ധ വസ്ത്രമണിഞ്ഞ കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അരമനകളില്‍നിന്ന് നുരഞ്ഞ് പൊങ്ങിയിട്ടും അവിടങ്ങളിലെ സ്ത്രീ സുരക്ഷ ചര്‍ച്ചയാവുന്നില്ല. നൂറുകണക്കിന് കന്യാസ്ത്രീകളുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള അടക്കിപിടിച്ച സംസാരങ്ങള്‍ വ്യാപകമായിട്ടും അതിലെ മതത്തെക്കുറിച്ചോ ആദര്‍ശത്തെക്കുറിച്ചോ തലനാരിഴകീറിയ ചര്‍ച്ച എവിടെയും കേള്‍ക്കുന്നില്ല. സിസ്റ്റര്‍ ലൂസി കളപ്പുരയടക്കം ധാരാളം പേര്‍ ഇത്തരം പേക്കൂത്തുകളെക്കുറിച്ച് വിളിച്ചുകൂവിയിട്ടും ആര്‍ക്കും കേട്ട ഭാവം പോലുമില്ല.

ഉത്തരേന്ത്യയിലെ അവര്‍ണരായ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളും അവരുടെ രോദനങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ നിറഞ്ഞൊഴുകിയിട്ടും അതിന് പിന്നിലുള്ള രാഷ്ട്രീയ, മത, ഫാസിസ്റ്റ് ദാര്‍ശനികത നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നില്ല. അക്രമരാഷ്ട്രീയത്തില്‍ വിധവകളാക്കപ്പെട്ടവര്‍, ജീവിത സായാഹ്നങ്ങളില്‍ കാരുണ്യഹസ്തമാകേണ്ടിയിരുന്ന മക്കള്‍ കൊല്ലപ്പെട്ടവര്‍, ഇങ്ങനെ തോരാത്ത കണ്ണു നീരില്‍ വേദനയുടെ നെരിപ്പോടില്‍ ദിവസങ്ങളെണ്ണി ജീവിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ സങ്കടങ്ങള്‍ക്കുനേരെ സഹതാപത്തിന്റെ ഒരു നോട്ടമെങ്കിലും സാധ്യമാകാത്തവര്‍. അപ്പോഴും നാം അഫ്ഗാനിലും സൗദിയിലും മറ്റു അറേബ്യന്‍  നാടുകളിലുമുള്ള സ്ത്രീകളെക്കുറിച്ച് പരിതപിക്കുകയാണ്, മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്കായി കണ്ണ് നിറക്കുകയാണ്.

മാധ്യമങ്ങളിലൂടെ നിഷ്പക്ഷതയുടെ സത്യസന്ധമായ വാര്‍ത്തകളാണ് സമൂഹം പ്രതീക്ഷിക്കുന്നത്. കണ്ണടകള്‍ക്ക് വിവിധ വര്‍ണങ്ങള്‍ നല്‍കുന്നതവസാനിപ്പിച്ച് നേരിന്റെ വഴിയിലൂടെ സഞ്ചരിക്കാനാവണം.