ഹദീഥ് നിഷേധത്തിന്റെ അപകടങ്ങള്‍

താജുദ്ദീന്‍ സ്വലാഹി വെട്ടത്തൂര്‍

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06
ഇസ്‌ലാമിക പ്രമാണങ്ങളില്‍ രണ്ടാമത്തേതാണ് ഹദീഥ്. എന്നാല്‍ ഹദീഥുകള്‍ പ്രമാണങ്ങളല്ലെന്നും ക്വുര്‍ആനിന് മാത്രമെ ആ സ്ഥാനം അവകാശപ്പെടാന്‍ കഴിയുകയുള്ളൂ എന്നുമാണ് ചിലര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഫലത്തില്‍, സൂക്ഷ്മതയുടെ പേര് പറഞ്ഞ് ഇസ്‌ലാം വിമര്‍ശകരുടെ വാദം നെഞ്ചേറ്റുകയാണ് ഇത്തരക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

മിഖ്ദാദ്(റ) നിവേദനം: ''അറിഞ്ഞുകൊള്ളുക, എനിക്ക് ക്വുര്‍ആനും അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നു. (ഭാവിയില്‍) ഒരുത്തന്‍ വയറു നിറച്ച്, ചാരുകസേരയില്‍ ഇരുന്ന് പറയും: ''നിങ്ങള്‍ ക്വുര്‍ആന്‍ മുറുകെപ്പിടിക്കുക. അതിലുള്ള ഹലാലുകള്‍ ഹലാലായിക്കാണുക, അതിലുള്ള ഹറാമുകള്‍ ഹറാമായി മനസ്സിലാക്കുക.'' നിങ്ങള്‍ അറിയണം, അല്ലാഹുവിന്റെ ദൂതന്‍ ഹറാമാക്കിയത് അല്ലാഹു ഹറാമാക്കിയതിനു തുല്യമാണ്'' (അബൂദാവൂദ്).

ഇത് അന്തിമ പ്രവാചകന്‍ ﷺ യുടെ ഒരു പ്രവചനം...! ഇസ്‌ലാമിക പ്രമാണങ്ങളില്‍ തുല്യ പ്രാമാണികതയും എന്നാല്‍ പദവിയില്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന ഹദീഥുകളുടെ പ്രാമാണികതയും പ്രാധാന്യവും നിഷേധിക്കുന്ന ചിലരെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്.

പ്രവാചക വചനങ്ങള്‍ പിഴക്കില്ല. ഹദീഥിനെ നിഷേധിക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടാവില്ലേ? പ്രവാചക വചനം വ്യക്തമായി പഠിപ്പിക്കുന്നത് ഹദീഥ് നിഷേധം കടന്നുവരുമെന്നാണ്. എങ്കില്‍, ഞാനോ ഞാന്‍ ഇഷ്ടപ്പെടുന്നവരോ എനിക്ക് അനുഭാവമുള്ള സംഘടനയോ ഇത്തരം പ്രവണതകളുടെ ഭാഗമാണോ എന്ന് നാം പരിശോധിക്കണം. ഇല്ലെങ്കില്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് തീരാ നഷ്ടങ്ങളിലായിരിക്കും.

''തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തു നില്‍ക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവന്‍ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതത്രെ മോശമായ പര്യവസാനം!''(ക്വുര്‍ആന്‍ 4:115).

അതിനാല്‍, ഈ ലേഖനം ഗൗരവ പൂര്‍വം ചിന്തകള്‍ക്കും പഠനത്തിനും വിധേയമാക്കുക.

നബിവചനങ്ങള്‍ വഹ്‌യാണ് എന്ന കാര്യം നാം മനസ്സിലാക്കണം. ഹദീഥ് ഇല്ലാതെ ക്വുര്‍ആന്‍ സ്വീകരിക്കല്‍ അസാധ്യമാണെന്നും ഹദീഥ് നിഷേധിക്കപ്പെടുന്നതു വഴി നിരാകരിക്കപ്പെടുന്നത് ക്വുര്‍ആന്‍ കൂടിയാണ് എന്നും നാം മനസ്സിലാക്കാതിരുന്നാല്‍ വലിയ വിപത്തിലായിതിക്കും നാം ചെന്നുചാടുന്നത്.

1. ആരാധന

നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് തുടങ്ങി വിവിധ ആരാധനകള്‍ നിര്‍വഹിക്കാനുള്ള നിര്‍ദേശങ്ങള്‍ മാത്രമാണ് ക്വുര്‍ആന്‍ നല്‍കുന്നത്. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഹദീഥുകളിലാണ്. ''നിങ്ങള്‍ റുകൂഅ് ചെയ്യുക'' എന്നു മാത്രമാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്. 'റകഅ' എന്ന വാക്കിന് വളഞ്ഞുനില്‍ക്കുക എന്നാണ് ഭാഷാപരമായ അര്‍ഥം. എന്നാല്‍, കൈകള്‍ രണ്ടും മുട്ടിലൂന്നി, തലയും പിരടിയും ക്രമീകരിച്ചുകൊണ്ടുള്ള റുകൂഇന്റെ രൂപം, അത് ക്വുര്‍ആന്‍ അല്ലാത്ത മറ്റു വഹ്‌യുകള്‍ മുഖേനയാണ് വിശദീകരിക്കപ്പെട്ടത്.

ഇതുപോലെ ഓരോ ആരാധനയുടെയും  രൂപം, രീതി, പ്രാര്‍ഥനകള്‍ തുടങ്ങിയവ ഹദീഥുകളിലൂടെയാണ് പഠിപ്പിക്കപ്പെടുന്നത്. അപ്പോള്‍, ക്വുര്‍ആന്‍ ചുരുക്കി മാത്രം വിവരിച്ച കാര്യങ്ങള്‍ വിശദമാക്കാന്‍ ഹദീഥുകള്‍ അനിവാര്യമാണ് എന്നു വ്യക്തം.

2. ശിക്ഷാ നിയമങ്ങള്‍

മോഷണം നടത്തിവരുടെ കൈ മുറിക്കണം എന്നാണ് ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നത്. ഏതു കൈ മുറിക്കണം? എങ്ങനെ മുറിക്കണം? ഇതെല്ലാം വിവരിക്കുന്നത് പ്രവാചകന്‍ ﷺ യുടെ ഹദീഥുകളിലാണ്.

വിവാഹിതനായ ഒരാള്‍ വ്യഭിചരിച്ചാല്‍ അയാളെ എറിഞ്ഞുകൊല്ലണം എന്ന നിയമം വിശുദ്ധ ക്വുര്‍ആനില്‍ കാണില്ല. അത് ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക ശിക്ഷാനിയമങ്ങളിലെ പലകാര്യങ്ങളും ഹദീഥുകള്‍ കൂടി സ്വീകരിക്കുമ്പോള്‍ മാത്രമാണ് പൂര്‍ണമാകുന്നത് എന്നര്‍ഥം.

3. ക്വുര്‍ആനിലെ ചില വാക്കുകളുടെ വ്യാഖ്യാനം

ക്വുര്‍ആന്‍ അറബിയില്‍ അവതരിച്ചിട്ടും, പ്രഥമ അഭിസംബോധിതര്‍ അറബികളായിട്ടും നബി ﷺ ഭാഷ പോലും വിശദീകരിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:

''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (6:82).

ഈ ആയത്തില്‍ പറഞ്ഞ 'ദ്വുല്‍മി'ന് 'അന്യായം' അല്ലെങ്കില്‍ 'അക്രമം' എന്നാണര്‍ഥം. എന്നാല്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത് ശിര്‍ക്കാണ് എന്നതാണ് ഹദീഥിലുള്ളത്.

അതെ, ആയത്താകുന്ന ഈ ദിവ്യബോധനം ഇറക്കിയ രക്ഷിതാവ് അതേ ആയത്തിലെ ഒരു വാക്കിന്റെ അര്‍ഥം വിവരിക്കാന്‍ പുണ്യ പ്രവാചകന് മറ്റൊരു വഹ്‌യ് കൂടി നല്‍കി എന്നര്‍ഥം. പല കപട ആത്മീയ ഗുരുക്കളും ഇസ്‌ലാം നിര്‍ബന്ധമാക്കിയ നമസ്‌കാരം നിര്‍വഹിക്കാറില്ല. അതിന് അവര്‍ ദുര്‍വ്യാഖ്യാനിച്ച് ഉപയോഗിക്കുന്ന വചനമാണ് ''ഉറപ്പായ കാര്യം നിനക്കു വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക'' (16:99) എന്ന ആയത്ത്.

'അല്‍യക്വീന്‍' എന്നതിന് നല്‍കാവുന്ന മലയാള പരിഭാഷ 'ഉറപ്പ്' എന്നാണ്. അപ്പോള്‍, അല്ലാഹു ഉണ്ടെന്ന് ഒരാള്‍ക്ക് ഉറപ്പായാല്‍ ആരാധന നിര്‍ത്താം എന്നാണോ? ഒരിക്കലുമല്ല..! ഇവിടെ 'യക്വീനി'ന് നല്‍കപ്പെട്ട അര്‍ഥം 'മരണം' എന്നാണ്. അറബിയിലുള്ള ഈ വാക്ക് അതിന്റെ ഭാഷാര്‍ഥം മാത്രം നോക്കിയാല്‍ മതിയാവില്ലെന്ന് ഇതില്‍നിന്നു നമുക്കു മനസ്സിലാക്കാം. മറിച്ച്, അല്ലാഹു ഇതിനു നല്‍കിയ വിവക്ഷ മറ്റൊരു വഹ്‌യിലൂടെ അവന്‍ തന്റെ ദൂതനെ അറിയിച്ചു. ചുരുക്കത്തില്‍, ക്വുര്‍ആനും സുന്നത്തും ഒരുമിച്ചേ ഒരു വിശ്വാസിക്ക് സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.

ചില മനുഷ്യരുണ്ട്. മതരംഗത്ത് അവര്‍ ഏറെ സൂക്ഷ്മത പാലിക്കും. മതത്തിന്റെ പല വിഷയങ്ങളിലും അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കും.

എന്നാല്‍, ഹദീഥ് വിജ്ഞാനീയങ്ങളുടെ കാര്യത്തില്‍ അവരുടെ അറിവില്ലായ്മയും ചില പണ്ഡിതരോടുള്ള ആത്മബന്ധങ്ങളും അവരോടുള്ള അങ്ങേയറ്റത്തെ ഇഷ്ടവും അപകടകരമായ ചില അബദ്ധങ്ങളില്‍ അവരെ എത്തിക്കും. അത്തരം അബദ്ധങ്ങള്‍ നമ്മെ ബാധിച്ചിട്ടുണ്ടോ എന്നു നാം പരിശോധിക്കേണ്ടതുണ്ട്. ചില നൂതന വാദങ്ങളും ഏതാനും നിഷേധങ്ങളും ഇവിടെ വിശകലന വിധേയമാക്കുന്നു:

1. ഖബര്‍ വാഹിദ് വിശ്വാസ കാര്യങ്ങള്‍ക്കു സ്വീകാര്യമല്ല എന്ന വാദം

ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ പ്രധാനമായും ആക്രമിച്ചത് നബിചര്യയെത്തന്നെയാണ്. സുന്നത്ത് പ്രമാണമല്ല എന്ന വാദം മുതല്‍, ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഉള്ള നിഷേധങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

അതിലൊന്നാണ് ആഹാദായ ഹദീഥുകള്‍ അടിസ്ഥാനപ്പെടുത്തി വിശ്വാസ കാര്യങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല എന്ന വാദം.

''വിശ്വാസ കാര്യങ്ങള്‍ സ്ഥിരപ്പെടുവാന്‍ ഇത്തരം ഹദീഥുകള്‍(ഖബര്‍ ആഹാദ്)ക്ക് സാധ്യമല്ലെന്നു ഹദീഥ് പണ്ഡിതന്മാര്‍ ഏകോപിച്ച് പ്രഖ്യാപിക്കുന്നു'' (ബുഖാരി പരിഭാഷ, അബ്ദുസ്സലാം സുല്ലമി).

വളരെ ഗുരുതരമായ പിഴവാണിത്. ഇതു മനസ്സിലാക്കാന്‍ എന്താണ് ആഹാദായ ഹദീഥുകള്‍ എന്ന് ആദ്യം താങ്കള്‍ പഠിക്കണം.

ഹദീഥിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന,് സനദ് അഥവാ നബി ﷺ യിലേക്ക് എത്തുന്ന പരമ്പര.

രണ്ട്, മത്‌ന്. അഥവാ ഹദീഥിലെ പാഠഭാഗങ്ങള്‍. സനദിലെ നിവേദകരുടെ എണ്ണം അടിസ്ഥാനമാക്കി

ഹദീസ് വിഭജിക്കപ്പെടുമ്പോള്‍ സനദില്‍ ധാരാളം റിപ്പോര്‍ട്ടര്‍മാരുള്ള ഹദീഥുകള്‍ക്ക് 'മുതവാതിര്‍' എന്നും, ഇല്ലെങ്കില്‍ 'ആഹാദ്' എന്നുമാണ് പറയുക.

ഒന്നുകൂടി വ്യക്തമായി പറയാം: സ്വഹാബികള്‍, താബിഉകള്‍, അവര്‍ക്കുശേഷമുള്ളവര്‍ എന്നിങ്ങനെ ഹദീഥ് നിവേദനത്തിന് ഒരു തുടര്‍ പരമ്പരയുണ്ട്. ഹദീഥ് നിദാനശാസ്ത്രത്തില്‍ 'ത്വബക്വഃ' എന്നാണ് ഇതിനു പറയുക.

ഉദാഹരണം: ഹദീഥ് ഉദ്ധരിച്ചത് ഇമാം ബുഖാരി(റ)യാണ് എങ്കില്‍, അദ്ദേഹം മുതല്‍ നബി ﷺ യില്‍നിന്നു കേട്ട സ്വഹാബി വരെ വിവിധ ത്വബക്വകള്‍ ഉണ്ടാകും.

ഈ ഓരോ ത്വബക്വയിലെയും നിരവധി ആളുകള്‍ കേള്‍ക്കുക വഴി ആ കാര്യം കളവാണെന്നു പറയാന്‍ യാതൊരു സാധ്യതയും ഇല്ലാത്തവിധം സ്ഥിരപ്പെട്ട ഏതാനും ഹദീഥുകള്‍ ഉണ്ട്. അതിനാണ് മുതവാതിര്‍ എന്ന് മുസ്‌ലിം ലോകം പറയുന്നത്. അത് ഒരു ഗ്രന്ഥത്തില്‍ ക്രോഡീകരിക്കാന്‍ കഴിയുംവിധം മാത്രമേയുള്ളൂ. എന്നാല്‍ തിരുനബി ﷺ യാത്രയിലോ മറ്റു സന്ദര്‍ഭങ്ങളിലോ ആകുമ്പോള്‍ അദ്ദേഹം പറയുന്ന കാര്യം ശ്രവിച്ചത് ഒന്നോ രണ്ടോ ആളുകള്‍ മാത്രമാകാം. അത്തരം ഹദീഥുകള്‍ ആഹാദായ ഹദീഥുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്.

പ്രസ്തുത ഹദീഥുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് അസ്വീകാര്യമാണെന്നു വന്നാല്‍ എത്രമാത്രം നബിവചനങ്ങള്‍ മാറ്റിനിര്‍ത്തേണ്ടിവരും!

മാത്രവുമല്ല, ഒരു ഹദീഥിന്റെ എല്ലാ ഘട്ടത്തിലും (ത്വബക്വഃ) നിരവധി റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാവുകയും ഒരു ഘട്ടത്തില്‍ മാത്രം ഒന്നോ രണ്ടോ മൂന്നോ വ്യക്തികള്‍ ആവുകയും ചെയ്താല്‍ പോലും ആ ഹദീഥ് ആഹാദായ ഹദീഥ് എന്ന അര്‍ഥത്തിലാണ് ഗണിക്കപ്പെടുന്നത്.

എങ്കില്‍, ആഹാദായ ഹദീഥ് വിശ്വാസ കാര്യങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന വാദഗതി വഴി പുറത്തു നിര്‍ത്തേണ്ടിവരുന്നത് ലക്ഷക്കണക്കിനു ഹദീഥുകളും നൂറുക്കണക്കിന് വിശ്വാസകാര്യങ്ങളുമാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മാത്രമാണ് ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ സാധിക്കുക. പ്രവാചകന്‍ ﷺ യുടെ ഒരു വാക്കിനോടുപോലും  മുഖംതിരിഞ്ഞു നില്‍ക്കല്‍ വിശ്വാസിക്ക് അനുവദനീയമല്ല എന്ന കാര്യത്തില്‍ നമുക്ക് അഭിപ്രായ വ്യത്യാസം ഇല്ലല്ലോ. എങ്കില്‍ ഈ ഒരൊറ്റ നിലപാടു മൂലം ലക്ഷക്കണക്കിന് വചനങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുമ്പോള്‍...?

ക്വുര്‍ആന്‍ പറയുന്നു:''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു''(33:36).

സലഫും ആഹാദും

ഖബറുല്‍ വാഹിദ് വേണ്ട എന്നത് ഒരു നൂതന വാദമാണ്. കാരണം, നബി ﷺ യുടെ സ്വഹാബികള്‍ ഒരാളുടെ നിവേദനങ്ങള്‍ തന്നെ സ്വീകരിച്ചിരുന്നു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നതു കാണുക: ''ക്വുബയിലെ പള്ളിയില്‍ ശാം ഭാഗത്തേക്ക് തിരിഞ്ഞു നമസ്‌കരിക്കുന്ന ആളുകളെ നോക്കി ഒരാള്‍ പറഞ്ഞു: 'ഇന്നലെ രാത്രി കഅ്ബയിലേക്ക് തിരിയാന്‍ നബി ﷺ ക്ക് നിര്‍ദേശം വന്നിട്ടുണ്ട്. അതു കേട്ട ഉടനെ പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ടിരുന്നവര്‍ കഅ്ബയിലേക്ക് തിരിഞ്ഞു നമസ്‌കരിച്ചുതുടങ്ങി'' (ബുഖാരി).

ഇവിടെ, അവരെ ഈ കാര്യം അറിയിച്ചത് ഒരു വ്യക്തിയായിരുന്നു. എന്നാല്‍ അവര്‍ക്കിത് അസ്വീകാര്യമായി തോന്നിയില്ല. ചുരുക്കത്തില്‍, നബി വചനങ്ങള്‍ വഴി സ്വീകരിക്കപ്പെട്ട നൂറുക്കണക്കിന് മതവിധികള്‍ നിരാകരിക്കപ്പെടാനും ഇസ്‌ലാമിക ആദര്‍ശം അവ്യക്തതകളുടെ കേന്ദ്രമാക്കാനും മാത്രമേ ഇത് ഉപകരിക്കൂ.

2. മുതവാതിറിനെയും തള്ളുന്നു

വിശ്വാസ കാര്യങ്ങള്‍ക്ക് മുതവാതിറേ സ്വീകരിക്കാവൂ എന്നൊക്കെ പറഞ്ഞവര്‍, രാത്രിയുടെ മൂന്നിലൊന്നാവുമ്പോള്‍ അല്ലാഹു ഒന്നാനാകാശത്തു വന്ന് അടിമകളുടെ ഇസ്തിഗ്ഫാറും പ്രാര്‍ഥനയും സ്വീകരിക്കുമെന്ന മുതവാതിറായ ഹദീഥ് തന്നെ തള്ളുകയാണ്!

സര്‍വ മുസ്‌ലിംകള്‍ക്കും അറിയാവുന്ന ഈ ഹദീഥ് ഒരു പണ്ഡിതന്‍ നിരാകരിക്കുന്നത് കാണുക: ''രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനഭാഗം നിലനില്‍ക്കാത്ത ഒരു നിമിഷനേരം ഭൂമിയില്‍ ഉണ്ടാവുകയില്ല. ഭൂമി പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ചലിക്കുകയാണ്. ഒരു സ്ഥലത്ത് ഈ സമയം അവസാനിക്കുമ്പോള്‍ത്തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു. ഇരുപത്തിനാലു മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും. അപ്പോള്‍ ഇറക്കം (നുസൂല്‍) എന്നതിന് ഇവര്‍ നല്‍കുന്ന ബാഹ്യാര്‍ഥ പ്രകാരം സിംഹാസനത്തില്‍ ആരോഹണം ചെയ്യാന്‍ അല്ലാഹുവിന് സമയം ഉണ്ടായിരിക്കയില്ല'' (ശബാബ് 2009 ജൂലൈ 10).

അല്ലാഹുവില്‍ ശരണം! എന്തുമാത്രം കടുത്ത വാക്കാണിത്! അല്ലാഹുവിന്റെ ഇറക്കം ഭൂമിയുടെ കറക്കം പറഞ്ഞ് നിഷേധിക്കുന്നവര്‍ ഭൂമിയെ കറക്കുന്നതും ഇതേ റബ്ബ് തന്നെയാണെന്ന് മറന്നതാണോ? അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ് എന്ന വിശ്വസിക്കുന്നവര്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുമോ?

3. ബുദ്ധിക്കെതിരായത് സ്വീകരിക്കേണ്ട എന്ന വ്യതിയാനം

ഇസ്‌ലാമിനോളം മനുഷ്യബുദ്ധിയെ തൊട്ടുണര്‍ത്തിയ ഒരു മതം നമുക്ക് കാണാന്‍ സാധ്യമല്ല. എന്നാല്‍, ക്വുര്‍ആന്‍ മനുഷ്യന് ചിന്തിച്ചു മുന്നേറാന്‍ സാധിക്കുന്ന മേഖലകള്‍ മാത്രമാണ് ചിന്താവിധേയമാകാന്‍ നിര്‍ദേശിച്ചത്.

മനുഷ്യബുദ്ധിക്ക് കടന്നെത്താവുന്നതും ഗവേഷണ വിധേയമാക്കാന്‍ സാധിക്കുന്നതുമായ നൂറുകണക്കിന് വിഷയങ്ങള്‍ പഠനവിധേയമാക്കിയപ്പോള്‍ നമുക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്ന ഉത്തരങ്ങള്‍ മാത്രമാണ് ലഭിച്ചത്. പലപ്പോഴും ചിലത് നമ്മുടെ വിശ്വാസത്തിന് കരുത്തു പകരുന്നതുമാണ്.

എങ്കില്‍ മനുഷ്യ ഗവേഷണം സാധ്യമാകാത്ത ചില വിഷയങ്ങളില്‍ നമ്മുടെ പ്രാഥമിക ബുദ്ധിക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന എണ്ണമറ്റ വിഷയങ്ങളില്‍ ഉത്തരം ലഭിച്ചിരിക്കെ ഇതിന്റെ ഉത്തരം കിട്ടാത്തത് എന്റെ പരിമിതി മാത്രമാണ് എന്നാണ് നാം ചിന്തിക്കേണ്ടത്.

ഹദീഥുകള്‍ ബുദ്ധിയെ അടിസ്ഥാനമാക്കി സ്വീകരിക്കുന്നതും നിരാകരിക്കുന്നതും അലി(റ) അടക്കമുള്ള പലരെയും കാഫിറുകളാക്കിയ ഖവാരിജുകളുടെ നിലപാടാണ്. ആഇശ(റ)യുടെ അരികില്‍ ഒരു സ്ത്രീ വന്ന് ആര്‍ത്തവകാരികള്‍ നമസ്‌കാരം ഒഴിവാക്കുന്നതിനെക്കുറിച്ച് ചോദിച്ചു. ആഇശ(റ)യുടെ മറുപടി ''നീ ഖവാരിജിയ്യാണോ?'' എന്നതായിരുന്നു. എന്നിട്ട് ഇങ്ങനെകൂടെ പറഞ്ഞു: ''നോമ്പ് വീട്ടാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. നമസ്‌കരിക്കാന്‍ കല്‍പിക്കപ്പെട്ടിരുന്നില്ല'' (മുസ്‌ലിം 789).

മഹാനായ ഉമര്‍(റ) തന്റെ ഹജ്ജ് വേളയില്‍ ഹജറുല്‍ അസ്‌വദിന്റെ അരികില്‍നിന്നുകൊണ്ട് പറഞ്ഞു: നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഒരു കല്ലാണ് എന്നെനിക്കറിയാം. പ്രവാചകന്‍ ﷺ നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല.

അലി(റ)വിന്റെ പ്രസിദ്ധമായ വാചകം ഇവിടെ ചേര്‍ത്തു വായിക്കുക: 'മതം യുക്തിയില്‍ അധിഷ്ഠിതമായിരുന്നെങ്കില്‍ ഖുഫ്ഫയുടെ മുകള്‍ഭാഗമല്ല അടിഭാഗമാണ് തടവേണ്ടിയിരുന്നത്.'

മതത്തിലെ നിരവധി കാര്യങ്ങളുടെ യുക്തിയും ബുദ്ധിയും ഇത്തരക്കാര്‍ വിശദീകരിച്ചു കുഴങ്ങും. ഹജ്ജിനിടയിലെ കല്ലേറ്, ത്വവാഫ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ ഗണത്തില്‍ ഉള്‍പെടുന്നു.

ക്വുര്‍ആന്‍ തന്നെ വിവരിച്ച, യൂനുസ്(അ)യെ മത്സ്യം വിഴുങ്ങിയ കഥ, അസ്ഹാബുല്‍ കഹ്ഫ് സംഭവം തുടങ്ങിയവ കേവല ബുദ്ധിക്ക് സ്വീകാര്യമാണോ?

പിന്നെ 'ബുദ്ധിക്ക് എതിരായത് തള്ളുക' എന്ന ഒരു ഹദീഥ് നിദാനശാസ്ത്ര നിയമം ഇല്ലേ എന്നൊരു സംശയവും ഉണ്ടാകും. ഇവിടെ നാം ഗ്രഹിക്കേണ്ടത് ഈ നിബന്ധന സ്വഹീഹായ ഹദീഥുകളെ തള്ളാനുള്ളതല്ല. മറിച്ച് മൗദൂഇനെ കണ്ടെത്താനുളളതാണ്. മാത്രമല്ല കേവല ബുദ്ധിക്ക് എതിരായത് എന്ന് പറഞ്ഞാല്‍ ഓരോ വ്യക്തിക്കും ശരിയല്ല എന്ന് തോന്നുന്നതെല്ലാം തള്ളാം എന്നാണോ? ഒരിക്കലുമല്ല!

യഥാര്‍ത്തില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് പഠിക്കാനും ചിന്തിക്കാനും ജീവിതം സമര്‍പ്പിച്ച പര്‍വത സമാനരായ പണ്ഡിതര്‍ ആ ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ സാക്ഷ്യമാണ് മൗദൂഉകള്‍ മാത്രം ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍.

4. സ്വിറാത്തു പാലം ഇല്ലെന്നോ?

അഹ്‌ലുസ്സുന്നയുടെ ഒരു അടിസ്ഥാന വിശ്വാസമാണ് സ്വിറാത്ത് പാലം സത്യമാണ് എന്നത്. എന്നാല്‍ ഒരു പണ്ഡിതന്‍ എഴുതിയത് കാണുക:  'സ്വിറാത്ത് പാലം ഇല്ലെന്ന് ഈ ഹദീഥ് വ്യക്തമാക്കുന്നു' (ബുഖാരി പരിഭാഷ. എ. അബ്ദുസ്സലാം സുല്ലമി).

ഈ വരി സ്വീകരിക്കുക വഴി നിരവധി ഹദീഥുകള്‍ നിഷേധിക്കപ്പെടുന്നുണ്ട്. മാത്രമല്ല സ്വിറാത്തിനെ കുറിച്ച് ക്വുര്‍ആനില്‍ പോലും സൂചനയുണ്ട്. എന്നാല്‍ ഇതേ പണ്ഡിതന്‍ കൂടി ഉള്‍പെടുന്ന ഹദീഥ് സമാഹാരം വിശ്വസം എന്ന പതിപ്പില്‍ സ്വിറാത്ത് തെളിയിക്കാന്‍ മൂന്ന് ഹദീഥുകള്‍ നല്‍കിയിട്ടുമുണ്ട്!

5. മദ്ഹബ് വാദം: നിരാകരിക്കുന്നത് പ്രവാചക വചനങ്ങള്‍

മദ്ഹബ് വാദം ഹദീഥ് നിഷേധിക്കുന്നത് എങ്ങനെയെന്ന് കാണുക: ''ഇമാം സ്വാവി പറയുന്നു: നാല് മദ്ഹബുകളല്ലാത്തതിനെ അനുഗമിക്കല്‍ ജാഇസല്ല. അതൊരു പക്ഷേ, സഹാബത്തിന്റെ വാക്കിനോടും സ്വഹീഹായ ഹദീഥിനോടും ഒത്തുകണ്ടാലും ശരി. നാലു മദ്ഹബുകള്‍ക്കപ്പുറം ചവിട്ടുന്നവന്‍ വഴിതെറ്റിയവനും തെറ്റിക്കുന്നവനുമത്രെ'' (മദ്ഹബുകള്‍ ഒരു ഹൃസ്വപഠനം: നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍).

അവസാനം പണ്ഡിതര്‍ പറയുന്ന കളവുകള്‍ പോലും സ്വീകരിക്കണം എന്ന് പറയുന്ന ഘട്ടം വരെ എത്തി ചിലര്‍: ''ഹുജ്ജത്തുല്‍ ഇസ്‌ലാം ഇമാം ഗസ്സാലി(റ) എഴുതുന്നു: 'സാധാരണക്കാരന്ന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, കളവ് പറട്ടെ, അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ, സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ഇജ്മാഅ് ഉണ്ട്''(മുസ്തസ്വ്ഫ 2/123).

എന്നാല്‍ ഇമാമുമാര്‍ ഇതിനൊന്നും പിന്തുണ നല്‍കുന്നില്ല.

ഇമാം അബൂഹനീഫ (റ) പറഞ്ഞു: ''എന്റെ തെളിവ് മനസ്സിലാകാത്തവര്‍ എന്റെ അഭിപ്രായങ്ങള്‍ കൊണ്ട് ഫത്‌വ കൊടുക്കല്‍ നിഷിദ്ധമാണ്. കാരണം ഞാന്‍ ഒരു മനുഷ്യനാണ്. ഇന്ന് നാം ഒരു അഭിപ്രായം പറയും, നാളെ അതില്‍ നിന്നും മടങ്ങും'' (ഫുല്ലാനി-അല്‍ ഈഖാള്).

ഇമാം മാലിക് (റ) പറയുന്നു:  ''എല്ലാവരുടെയും വാക്കുകളില്‍ തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാകും; ഈ ക്വബ്‌റില്‍ കിടക്കുന്ന ആളുടെത് ഒഴികെ- നബി ﷺ യെയാണ് അദ്ദേഹം ഉദ്ദേശിച്ചത്''(അല്‍ ജാമിഅ് ലി ഇബ്‌നു അബ്ദില്‍ ബിര്‍റ്).

ഇമാം ശാഫി(റ) പറഞ്ഞു: ''എന്റെ വല്ല വാക്കും ക്വുര്‍ആനിനും ഹദീഥിനും എതിരായി വന്നാല്‍ നിങ്ങള്‍ അത് സ്വീകരിക്കുക. എന്റെ വാക്ക് ഒഴിവാക്കുക'' (ഫുല്ലാനി- അല്‍ഈഖാള്).

ഇമാം ശാഫി(റ)യുടെ മറ്റൊരു വാചകം കാണുക:

''നബി ﷺ യുടെ നടപടിക്രമങ്ങള്‍ ഒരു വ്യക്തിക്ക് വ്യക്തമായതിനുശേഷം ഏതെങ്കിലും ആളുകളുടെ വാക്കുകളുടെ പേരില്‍ ആ നടപടിക്രമം ഒഴിവാക്കാന്‍ പാടില്ല എന്നതില്‍ ഇജ്മാഅ് ഉണ്ട്''(ഫുല്ലാനി-അല്‍ഈഖാള്).

ഇമാം ശാഫി(റ) പറയുന്നു: ''ഞാനൊരു മനുഷ്യനാണ്. എനിക്ക് ശരി പറ്റാം. തെറ്റു പറ്റാം. എന്റെ അഭിപ്രായങ്ങള്‍ നിങ്ങള്‍ പരിശോധിക്കണം. ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നത് നിങ്ങള്‍ സ്വീകരിക്കണം. ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കാത്തത് ഒഴിവാക്കുകയും വേണം'' (ഫുല്ലാനി- അല്‍ഈഖാള്).

6. സ്വര്‍ഗം നഷ്ട്ടപ്പെടുത്തുന്ന പരിഹാസം

ഹദീഥുകളില്‍ ചിലപ്പോള്‍ നമ്മുടെ പ്രാഥമിക ബുദ്ധിക്ക് ബോധ്യപ്പെടാത്ത  കാര്യങ്ങള്‍ കാണാം.

യഥാര്‍ഥത്തില്‍ ഇത് ഒരു പരീക്ഷണമാണ്. നാം എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് പരിശോധിക്കാനുള്ള ദൈവിക നടപടിയാണിത്. നബി ﷺ യുടെ ഇസ്‌റാഅ്-മിഅ്‌റാജ് യാത്രകള്‍ വിവരിക്കപ്പെട്ടപ്പോള്‍ കാഫിറുകള്‍ അതിനെ പരിഹസിച്ചു. എന്നാല്‍ അബൂബക്കര്‍(റ) അത് വിശ്വസിച്ചു. പ്രവാചകന്‍ അപ്രകാരം പറഞ്ഞിട്ടുണ്ടോ എന്ന് മാത്രമേ അദ്ദേഹം അന്വേഷിച്ചുള്ളൂ.

ഹദീഥും ആയത്തും സ്ഥിരപ്പെട്ടാല്‍ പിന്നെ ഇത്രയേ നമുക്കും ഉണ്ടാകാന്‍ പാടുള്ളൂ.

ചില നബി വചനങ്ങള്‍ കാണുമ്പോള്‍ ചിലരുടെ പരിഹാസ മനസ്സ് ഉണര്‍ന്നെണീക്കും. പിന്നെ പലതും പറയും. അത്തരക്കാരെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നു: ''നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്?'' (9:65).

ഈച്ച വെള്ളത്തില്‍ വീണാല്‍ അതിന്റെ രണ്ടു ചിറകും വെള്ളത്തില്‍ മുക്കിയതിനു ശേഷമേ ആ വെള്ളം കുടിക്കാവൂ എന്നൊരു നബി വചനം വമ്പിച്ച പരിഹാസങ്ങള്‍ക്കും വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്. എന്നാല്‍ ആധുനിക ശാസ്ത്രം ഇന്ന് അത് സത്യ പ്പെടുത്തുന്നു. ശാസ്ത്രം സത്യപ്പെടുത്തുമ്പോള്‍ മാത്രം ഞങ്ങളുടെ നബി അപ്രകാരം പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് രംഗത്ത് വരുന്ന ചില മുസ്‌ലിംകള്‍ ഉണ്ട്. അവര്‍ വിശ്വസിക്കുന്നത് പ്രവചകനെയാണോ അതോ ശാസ്ത്രത്തെയാണോ?

മതം പഠിച്ചും അറിഞ്ഞും വിശ്വസിക്കാനുള്ളതാണ്. അത് കേട്ട് കേള്‍വിയോ കേവല ധാരണകളോ ആകരുത്. നമുക്ക് നമ്മെ വിമര്‍ശിക്കാനും തിരുത്താനും കഴിയണം. മരണം തനിച്ചാക്കുന്ന ലോകത്ത് അനശ്വര വിജയം ലഭിക്കണം. അവിടെ കുടംബമോ, കൂട്ടുകാരോ, സംഘടനയോ, സഹപ്രവര്‍ത്തകരോ ഉണ്ടാകില്ല. കൂരിരുട്ടില്‍ ഏകനാവുന്ന ദിനത്തിനു മുമ്പ് സത്യമാര്‍ഗം സാക്ഷാത്കരിക്കുക. അന്വേഷണങ്ങള്‍ക്ക് ഇവിടെ തുടക്കമാകട്ടെ.