ഹലാല്‍: വിവാദങ്ങളും ഫലിതങ്ങളും

മുജീബ് ഒട്ടുമ്മല്‍

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29
തൊടുന്നതെന്തും വിവാദമാക്കാനും അതുവഴി വര്‍ഗീയത വളര്‍ത്താനുമാണ് സംഘ്പരിവാറിന്റെ ശ്രമം. മതാതീതമായി മാനവര്‍ക്ക് ഉപകാരപ്പെടുന്നതാണ് ഇസ്‌ലാമിലെ ഹലാല്‍ സമ്പ്രദായം. എന്നാല്‍ ഇതിനെയും സ്പര്‍ധ വളര്‍ത്താനുള്ള ഉപകരണമാക്കിമാറ്റി അവര്‍!

'അമ്പലങ്ങള്‍ ചര്‍ച്ചുകള്‍ പള്ളികളും

തൊട്ടുരുമ്മി നില്‍ക്കും സൗഹൃദത്തിന്‍ സാക്ഷിയായ്

സ്‌നേഹ സഹിഷ്ണുതയുള്ളവര്‍ ഇന്നാട്ടുകാര്‍

ജാതി മതമേതാകിലും സൗമ്യരായ്'

കേരളത്തിന്റെ പ്രകൃതിരമണീയതയെ വര്‍ണിച്ചുകൊണ്ട് മഹാനായ എന്‍.കെ അഹ്മദ് മൗലവി(റഹി) എഴുതിയ അറബിക്കവിതയിലെ രണ്ടു വരികളുടെ അര്‍ഥമാണ് നാം വായിച്ചത്. കേരളത്തിന്റ മാനവസാഹോദര്യത്തെക്കുറിച്ച് മനോഹരമായ വചനങ്ങളില്‍ അദ്ദേഹം കുറിച്ചിട്ടു.

പുരാതനകാലം മുതലുള്ള ഇന്നാട്ടിലെ ജനങ്ങളുടെ സാഹോദര്യ-മൈത്രീബന്ധങ്ങള്‍ തകര്‍ക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞവരിലധികവും അധികാരമോഹികളും കൊളോണിയല്‍ ശക്തികളുമാണ്. ഭിന്നിപ്പിച്ച് മുതലെടുക്കാന്‍ നാളിതുവരെ തന്ത്രങ്ങള്‍ മെനഞ്ഞിട്ടും നടക്കാതെപോയതിലുള്ള ജാള്യതയാണ് പുതിയ വിവാദങ്ങള്‍ക്ക് നിദാനം. ഭക്ഷണത്തെ പോലും അതിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ പെരും കള്ളങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു! പൊതുജനങ്ങളുടെ നിസ്സംഗതയും അധികാരികളുടെ തിരിച്ചറിവില്ലായ്മയുമാണ് ഇത്തരക്കാന്‍ വളരാന്‍ നിദാനമാകുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

മലയാളിയുടെ പ്രബുദ്ധതയും പരസ്പരം ഉള്‍കൊള്ളാനുള്ള വിശാലമനസ്സും പലരെയും അസ്വസ്ഥരാക്കുന്നുവെന്നതാണ് ഹലാല്‍ വിവാദം ഉയര്‍ന്നുവരാന്‍ കാരണം. മലയാളികളുടെ ഭക്ഷണശീലവും വൃത്തിയും എക്കാലത്തും ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കാറുണ്ട്. ഇസ്‌ലാമിക ജീവിതത്തിലെ വിധിവിലക്കുകള്‍ ചില സാങ്കേതിക ശബ്ദങ്ങളിലൂടെയാണ് സമൂഹം വായിച്ചറിയാറുള്ളത്. അതിലെ പ്രധാന പ്രയോഗമാണ് 'ഹലാല്‍.' 'അനുവദനീയം' എന്നാണ് അതിന്റെ അര്‍ഥം. വിശ്വാസിസമൂഹം ഉപയോഗിക്കുന്നതെന്തും ഹലാല്‍ (അനുവദനീയം) ആകണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഈ വിധിയനുസരിച്ച് ജീവിക്കുന്ന മുസ്‌ലിം സമുദായത്തിന്റെ വിശ്വാസങ്ങള്‍ ഇന്നുവരെ വര്‍ഗീയ ധ്രുവീകരണത്തിനോ വെറുപ്പു വിതയ്ക്കുന്നതിനോ കാരണമായിട്ടില്ലെന്നതിന് ചരിത്രം സാക്ഷിയാണ്.

സംഘപരിവാരങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കലിന്റെ ഭാഗമായി മലയാളി സൗഹാര്‍ദത്തിന് വിള്ളല്‍ വീഴ്ത്താന്‍ മൂര്‍ച്ചയുള്ള പദങ്ങള്‍ തേടിയപ്പോഴായിരിക്കാം 'ഹലാല്‍' ശ്രദ്ധയില്‍പെട്ടത്. മഹാ അബദ്ധങ്ങളാണ് ഹലാലിനെക്കുറിച്ച് ബിജെപിയുടെ ചില നേതാക്കള്‍ തട്ടിവിടുന്നത്. ദൃശ്യമാധ്യമങ്ങളില്‍ പലതും ഫലിതങ്ങളും ഇവയെ ട്രോളുകളുമായി ആഘോഷിക്കുകയായിരുന്നു. അപവാദം ഉന്നയിച്ചവര്‍ക്കുതന്നെ അതിനെക്കുറിച്ച് പ്രാഥമിക അറിവ് പോലുമില്ല. ഹലാല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹരജി നല്‍കിയവനോട് ഹൈക്കോടതി പറഞ്ഞത് ആരോപണമുന്നയിക്കുമ്പോള്‍ പൂര്‍ണമായി പഠിച്ചിട്ട് വേണമെന്നാണ്. വര്‍ഗീയ അജണ്ടയെന്നും അനാചാരമെന്നുമെല്ലാം ഹലാലിന് വിശദീകരണം നല്‍കുന്നതിലെ വിഡ്ഢിത്തം ചില ചോദ്യങ്ങളിലൂടെ അവതാരകര്‍ പൊളിച്ചടുക്കുന്നത് പൊട്ടിച്ചിരിയോടെയാണ് മലയാളികള്‍ കേട്ടിരുന്നത്.

വിലയില്ലാത്ത ആരോപണം

'ഇന്ത്യയുടെ സംസ്‌കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്... ഭക്ഷണത്തിന് മതമില്ല, ഭക്ഷണമെന്നത് മതമാണ്'-ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമോറ്റയുടെ സ്ഥാപകന്‍ ദിപീന്ദര്‍ ഗോയലിന്റ വാക്കുകളാണിത്.

2019 ഓഗസ്റ്റില്‍ ഡല്‍ഹിയിലെ അമിത് ശുക്ലയെന്നയാള്‍ സൊമോറ്റയില്‍നിന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ അയാള്‍ അത് ക്യാന്‍സല്‍ ചെയ്തതായി ട്വീറ്റ് ചെയ്തത്രെ! പണം തിരിച്ചുനല്‍കില്ലെന്നും ഡെലിവറി ബോയിയെ പിരിച്ചുവിടില്ലെന്നുമുള്ള നിലപാടില്‍ സൊമോറ്റ ഉറച്ചുനിന്നു. മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നക്ഷ്ടമാകുന്നതില്‍ വിഷമമില്ലെന്ന് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തതോടെ വിഷയം സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി.

ഊബര്‍ ഈറ്റ്‌സ് എന്ന മറ്റൊരു കമ്പനികൂടി സൊമോറ്റയെ പിന്തുണച്ച് രംഗത്തെത്തിയതോടെ വര്‍ഗീയതയുടെ വിഷം ചീറ്റി ശിഥിലീകരണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഹിന്ദുത്വവാദികള്‍ ഇരു കമ്പനികള്‍ക്കുമെതിരെ അവരുടെ റൈറ്റിംഗ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ സൈബറാക്രമണങ്ങള്‍ നടത്തുകയുണ്ടായി.

'ഹിന്ദുക്കളോട് കളിക്കരുത്,' 'ശുക്ലാജിക്ക് പിന്തുണ' തുടങ്ങിയ കമന്റുകള്‍ക്കൊപ്പം സൊമോറ്റ 'ഹലാല്‍' ഭക്ഷണം വിളമ്പുന്നു എന്ന പ്രചാരണം വലിയ ആയുധമായി ഉപയോഗിക്കുകയാണവര്‍. എന്നാല്‍ വൈവിധ്യങ്ങളുടെ ഇന്ത്യന്‍ സൗന്ദര്യം നല്‍കിയ ഉല്‍ബുദ്ധമനസ്സുകള്‍ സംഘപരിവാര പ്രചാരണങ്ങളെ നിഷ്‌കരുണം അവഗണിച്ചതിനാല്‍ സൊമോറ്റക്ക് പോറലേല്‍പിക്കാനായില്ലന്നതാണ് യാഥാര്‍ഥ്യം.

മലയാളിയുടെ വിവേചനബുദ്ധിയെയും സാംസ്‌കാരിക ഔന്നത്യത്തെയും പരിഹസിച്ചുകൊണ്ട് സംഘപരിവാര്‍ സംഘടനകള്‍ കേരളത്തിലേക്കും 'ഹലാല്‍ ഭക്ഷണ' വിവാദം ഇറക്കുമതി ചെയ്തിരിക്കുകയാണ്.

എറണാകുളം കുറുമശ്ശേരിയിലെ ക്രൈസ്തവ സഹോദരന്‍ ജോണ്‍സണിന്റ ഉടമസ്ഥതയിലുള്ള മോദി ബേക്കേഴ്‌സിലെ 'ഹലാല്‍' സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നോട്ടീസ് നല്‍കി. ആരുമറിയാതെ ജോണ്‍സണ്‍ അത് നീക്കിയെങ്കിലും നോട്ടീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. നിയമപാലകര്‍ നാല് ഐക്യവേദി പ്രവര്‍ത്തകരെ അറസ്റ്റുചെയ്‌തെങ്കിലും അസമധാനവും അനൈക്യവും ജീവിത ലക്ഷ്യമാക്കിയവര്‍ വിഷയത്തെ കത്തിച്ച് നിറുത്തുകയായിരുന്നു.

കോവിഡ് മഹാമാരിയില്‍ തകര്‍ന്ന സാമ്പത്തിക സ്ഥിതിയും തൊഴില്‍നഷ്ടം കാരണമായി നെടുവീര്‍പ്പിടുന്ന നിസ്സഹായതയുടെ കുടുംബാന്തരീക്ഷങ്ങളും രോഗഭീതിയില്‍ താളംതെറ്റിയ സാമൂഹികക്രമങ്ങളുമെല്ലാം രാജ്യത്തിന്റ വീണ്ടെടുപ്പിന് ക്രിയാത്മകമായ സേവന സന്നദ്ധതയ്ക്കായി മനസ്സിനെ രൂപപ്പെടുത്തുന്നതിന് പകരം അപരത കല്‍പിച്ചുനല്‍കി മനുഷ്യനെ ക്രൂരമായി വേട്ടയാടാന്‍ പ്രേരിപ്പിക്കുന്ന സംഘപരിവാര്‍ ദര്‍ശനം എന്തായാലും മനുഷ്യത്വവിരുദ്ധമാണെന്നതില്‍ സംശയമില്ല.

വര്‍ഗീയതയുടെ വേലിക്കെട്ടില്‍ ഭ്രാന്തമായ മനസ്സുകളില്‍ വളര്‍ത്തിയെടുത്ത രാക്ഷസീയത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ന്യൂനപക്ഷ വേട്ടയ്ക്കായി സമാനതകളില്ലാതെ നിറഞ്ഞാടിയപ്പോള്‍ സാക്ഷരതയുടെ സാംസ്‌കാരിക ഭൂമികയായ  മലയാളമണ്ണില്‍  വിവേകമനസ്സുകളുടെ കാവലില്‍ പരിവാരതന്ത്രങ്ങള്‍ നിഷ്പ്രഭമാകുകയായിരുന്നു.

ഹലാല്‍ വിവാദത്തിനും അല്‍പായുസ്സ് മാത്രമേയുള്ളൂവെങ്കിലും സാമൂഹിക ശൈഥില്യങ്ങള്‍ക്ക് പുതിയമാനം തേടിയിറങ്ങുന്നവര്‍ക്ക് പഠിക്കാനേറെയുണ്ടന്ന് വിവാദങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ്.

ഹലാലിലെ ഹിന്ദുത്വവിലാപം

'ഹലാല്‍' ഭക്ഷണത്തിനും അതിന്റ അടയാളങ്ങള്‍ക്കുമെല്ലാം പുതിയ വ്യാഖ്യാനം നല്‍കി രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഗതിയെക്കുറിച്ച് പരിതപിക്കുകയും വിലപിക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികളുടെ അവസരഭാവം വലിയ തമാശയ്ക്ക് വകയുള്ളതാണ്.

ബ്രാഹ്മണ മേധാവിത്വം അരങ്ങുവാഴുന്ന ഹിന്ദുത്വരാഷ്ട്രീയവാഹകര്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ മതസൗഹാര്‍ദത്തിന് ഭീഷണിയാെണന്ന വാദം ഉന്നയിക്കുമ്പോള്‍ ഇന്ത്യയുടെ സാമാന്യബോധം ആശ്ചര്യപ്പെടുമെന്നതില്‍ സംശയമില്ല.

പുലയനും പറയനും ഉണ്ടാക്കിയത് നായരും നമ്പൂതിരിയും കഴിക്കില്ല എന്ന അയിത്തബോധത്തിന്റ വകഭേദമാണത്രെ ഹലാല്‍ ഭക്ഷണം! ഉത്തരേന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ കൊലചെയ്യപ്പെട്ട ദളിതന്‍മാരുടെ ദൈന്യതയ്ക്ക് മുന്നില്‍ ഭീകരതാണ്ഡവമാടിയ ബ്രാഹ്മണിക് രാഷ്ട്രീയത്തിന്റ ജാതിയതെക്കെതിരെയുള്ള ശബ്ദം കേവലം പ്രഹസനവും സാഹചര്യനാട്യവുമല്ലാതെ പിന്നെയെന്താണ്?

കച്ചവടരംഗത്തെ ഒരു വിഭാഗം മാത്രം (മുസ്‌ലിംകള്‍) അധീനപ്പെടുത്തുകയെന്ന ലക്ഷ്യം ഹലാല്‍ ഭക്ഷണങ്ങളില്‍ ദര്‍ശിക്കുന്ന സംഘപരിവാരരാഷ്ട്രീയം രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കാന്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ പിന്നെ കാവി വിലാപത്തിന്റെ മാനമെന്താണ്?

കര്‍ഷക കോടികളുടെ കണ്ണുനീരിന് വില കല്‍പിക്കാത്തവരുടെ ഭരണം സാമ്പത്തിക ഭീമന്‍മാരെ പ്രീതിപ്പെടുത്തുമ്പോള്‍ സാമ്പത്തിക അധീശ്വത്വവാദത്തിലെ പൊരുളറിയാത്തവരായി ഇന്ത്യന്‍ പൗരന്‍മാരെ ഗണിക്കാനാകുമെന്നോ?

ഇസ്‌ലാമോഫോബിയ വികൃതമാക്കിയ മനസ്സുകള്‍ക്ക് താളം പിഴയ്ക്കുമ്പോള്‍ പദങ്ങളുടെ കൂട്ടങ്ങള്‍ ക്രമംതെറ്റി വരുന്നതിന്റെ ഫലമായുള്ള ജല്‍പനങ്ങളില്‍ 'സാമ്പത്തിക ജിഹാദ്' പുതിയതായി സ്ഥാനം പിടിച്ചിട്ടുണ്ട്.

'വേള്‍ഡ് ഹലാല്‍ഫോറം,' മലേഷ്യയിലെ 'ജെബതന്‍ കെമാജുവാന്‍ ഇസ്‌ലാം' പോലെയുള്ള സംഘടനകള്‍ മനഃപൂര്‍വമായി സൃഷ്ടിക്കുന്ന വലിയ കമ്പോള സമ്മര്‍ദഫലമായാണത്രെ മുസ്‌ലിമേതര ഹോട്ടലുകള്‍ പോലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വയ്ക്കുന്നത്! ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി) പോലെയുള്ള സംഘടനകള്‍ ആഗോള പ്രബോധക സംഘത്തെപോലും സ്‌പോന്‍സര്‍ ചെയ്യുന്നുവെന്ന് പറഞ്ഞുവെച്ചതിലൂടെ അപകടകരമായ വിദ്വേഷപ്രചാരണത്തിന് ബൗദ്ധികമാനം നല്‍കാന്‍ കാവിരാഷ്ട്രീയം ശ്രമിക്കുന്നതും കാണാനാകും.

സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറുമടക്കം 57 രാജ്യങ്ങള്‍ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയെക്കതിരെ നുണപ്രചാരണം നടത്തുന്നതിലെ യുക്തിയും ഹലാലിലൂടെ വിഭാഗീയതയുടെ വിത്തിടുകയെന്നതാണ്.

ഇന്ത്യയുടെ നയതന്ത്ര ബന്ധമുള്ള രാഷ്ട്രങ്ങളംഗളായ ഒഐസിയെ ഹലാലിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിറുത്തുമ്പോള്‍ ഫാഷിസ്റ്റുകള്‍ മാതൃരാജ്യത്തിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ വലിയ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ മുതല്‍ ഇന്ത്യന്‍ കമ്പനിയായ ഗുജറാത്ത് അംബുജ എക്‌പോര്‍ട്ട്‌വരെ അവരുടെ ഉല്‍പന്നങ്ങളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിക്കുന്നുണ്ട് എന്നത് വിസ്മരിച്ചുകൂടാ. എന്നാല്‍ ലോകത്തെവിടെയും ഇതിന്റെ പേരില്‍ വിഭാഗീയതയോ സാമ്പത്തിക അധീശ്വത്തമോ നടന്നതായി തെളിയിക്കാനാവില്ല. വ്യത്യസ്ത മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയിലെവിടെയും ഇന്നുവരെ ഇതിന്റെ പേരില്‍ ചേരിതിരിവുണ്ടായതായി കണ്ടെത്താനാവില്ല. എന്നാല്‍ തീവ്രഹിന്ദുത്വവാദികള്‍ വംശീയ ധ്രുവീകരണത്തിനായി പുതിയ കെണിയൊരുക്കാന്‍ ഹലാല്‍ ഉല്‍പന്നങ്ങളില്‍ കയറിപ്പിടിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മാത്രം.

ഭക്ഷണത്തിലും വേര്‍തിരിവിന്റ രാഷ്ട്രീയം

മനുഷ്യത്വത്തിന്റ ശവപ്പറമ്പായ ഫാസിസം ഭയമനഃശാസ്ത്രം പ്രചരിപ്പിക്കുന്നത് തങ്ങള്‍ ശത്രുവായിക്കാണുന്നവരെ കുറിച്ചുള്ള നുണക്കഥകളിലൂടെയാണ്. ആര്യമേധാവിത്വത്തിനും വംശശുദ്ധി ലക്ഷ്യത്തിനും നുണക്കഥകള്‍ സൃഷ്ടിച്ചുവിടുകയാണവര്‍. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍കാഫും ഗോള്‍വാള്‍ക്കറുടെ വിചാരധാരയും തമ്മില്‍ വലിയ സമാനതകളുണ്ടെന്നറിയുമ്പോഴാണ് സമീപകാലങ്ങളിലെ പുതിയ വിവാദങ്ങളുടെയും നിജസ്ഥിതിയെ തിരിച്ചറിയാനാകുന്നത്.

രാമക്ഷേത്ര വിഷയത്തിലെ തീവ്രവികാരത്തിന് ശമനമുണ്ടായപ്പോഴെല്ലാം മറ്റു വിവാദങ്ങളും മുളച്ച് പൊങ്ങിയിരുന്നു. പശുരാഷ്ട്രീയം അങ്ങനെ ഉദിച്ചുവന്ന ഒരു മിത്താണ്. പരമ്പരാഗത ആചാരപ്രകാരം മാട്ടിറച്ചി കഴിക്കാത്തവന്‍ നല്ല ഹിന്ദുവായി കണക്കാക്കപ്പെട്ടിരുന്നില്ല എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഗോവധ നിരോധനം ഇന്ത്യയിലാകമാനം നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണ് സംഘ്പരിവാറുകാര്‍. ഇതിനു പിന്നിലെ പ്രേരകം മതമല്ല, രാഷ്ട്രീയമാണെന്നു മനസ്സിലാക്കുവാന്‍ അതിബുദ്ധിയൊന്നും വേണ്ടതില്ല.

ഭക്ഷണത്തില്‍ പോലും വേര്‍തിരിവിന്റെ രാഷ്ട്രീയത്തിന് മാനം കണ്ടെത്തുകയാണ് ഇക്കൂട്ടര്‍. ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കുവാന്‍ പൗരനുള്ള അവകാശം ഹനിക്കുമാറ് നിയമനിര്‍മാണം നടത്താനവര്‍ ധൃതിപ്പെടുകയാണ്. ഒരു വിഭാഗം തങ്ങള്‍ക്ക് ഇഷ്ടമുള്ള ആഹാരം തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരെ ബാധിക്കാത്തിടത്തോളം അതിന്റെ ഉപയോഗത്തിന് നിരോധമേര്‍പ്പെടുത്തതിനര്‍ഥമില്ലെന്ന സാമാന്യബോധം അവര്‍ക്കില്ലാതെ പോയി.

ഭക്ഷണത്തിലെ ഇന്ത്യന്‍ പാരമ്പര്യം

ദര്‍ശനങ്ങളിലും വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഭാഷയിലും വേഷത്തിലും ആഹാരരീതികളിലുമെല്ലാം ഭിന്നമായ ശൈലികളുണ്ടെന്നത് സത്യമാണ്. എന്നാല്‍ അവയെല്ലാം ഉള്‍കൊള്ളാനുള്ള വിശാലമനസ്സുള്ളവരായിരുന്നു ഇന്ത്യക്കാര്‍. ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും തെരഞ്ഞെടുക്കാനുള്ള പൗരന്റ അവകാശങ്ങളെ പരസ്പരം മാനിച്ചിരുന്നു.

ജീവിതത്തിന്റ ശരിയായ അര്‍ഥത്തെക്കുറിച്ച് തന്റെതായ നിഗമനത്തിലെത്തിച്ചേരുവാന്‍ ഒരു വിശ്വാസിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന, ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ഒരു മതവിശ്വാസമാണ് ഹൈന്ദവികതയെന്ന് വിശ്വാസിയായ മഹാത്മാഗാന്ധിയുടെ ജീവിതദര്‍ശനം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

മഹാത്മാഗാന്ധിയുടെ മുസ്‌ലിം സുഹൃത്തിന്റ മകന്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ഗാന്ധി ആശ്രമം സന്ദര്‍ശിച്ച സംഭവം മനുഷ്യാവകാശ പ്രവര്‍ത്തകനായ അസ്ഗറലി എഞ്ചിനിയര്‍ വിശദീകരിക്കുന്നുണ്ട്.

ബലിപെരുന്നാള്‍ മുസ്‌ലിം ആഘോഷ ദിനമായിരുന്നതിനാല്‍ സുഹൃത്തിന്റ മകന് വിളമ്പാന്‍ മാംസഭക്ഷണം പുറത്തുനിന്ന് വാങ്ങി കൊണ്ടുവരാന്‍ ഗാന്ധിജി നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ആശ്രമത്തിലെ ചിട്ട അറിയാവുന്ന മുസ്‌ലിം യുവാവ് തനിക്ക് സസ്യാഹാരം മതിയെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. അപരന്റെ വികാരത്തെ ബഹുമാനിക്കാനുള്ള കഴിവും സന്നദ്ധതയുമാണ് ഇരുവരിലും പ്രകടമായത്. ഇന്ത്യയുടെ ഭക്ഷണ രീതിയിലുമുള്ള വൈവിധ്യങ്ങള്‍ പരസ്പരം ഉള്‍കൊള്ളാന്‍ സര്‍വരും തയ്യാറാകണമെന്ന രാഷ്ട്രപിതാവിന്റ ജീവിതസന്ദേശത്തിന് വിലങ്ങ് നില്‍ക്കുന്നവര്‍ എന്തായാലും ഇന്ത്യന്‍ പൈതൃകത്തെ മാനിക്കുന്നവരല്ലെന്ന് ബോധ്യപ്പെടുകയാണ്.

ഹലാല്‍ വിവാദത്തിലൂടെ അത്തരം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിലൂടെ ഫാസിസ്റ്റുകള്‍ പശുരാഷ്ട്രീയത്തിന്റെ പിന്‍തുടര്‍ച്ച തേടുകയാണെന്ന് വ്യക്തം.

ഹലാലിന്റ അര്‍ഥതലങ്ങള്‍

ഇസ്‌ലാം സമഗ്രമായ ഒരു ജീവിതദര്‍ശനമാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്.

മുശ്‌രിക്കുകളില്‍പെട്ട ഒരാള്‍ സല്‍മാനുല്‍ ഫാരിസിയോട് പറഞ്ഞു: ''നിങ്ങള്‍ക്ക് നിങ്ങളുടെ നബി ﷺ   മലമൂത്ര വിസര്‍ജന മര്യാദകള്‍ വരെ  പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ!'' സല്‍മാനുല്‍  ഫാരിസി  പറഞ്ഞു: ''അതെ, മലമൂത്ര വിസര്‍ജനം നടത്തുമ്പോള്‍ ക്വിബ്‌ലക്ക് മുന്നിടുന്നതില്‍നിന്നും വലതുകൈകൊണ്ടു വൃത്തിയാക്കുന്നതില്‍നിന്നും വൃത്തിയാക്കാന്‍ എല്ലുകള്‍ ഉപയോഗിക്കുന്നതില്‍നിന്നും മൂന്നെണ്ണത്തില്‍കുറവായ കല്ലുകള്‍കൊണ്ട് വൃത്തിയാക്കുന്നതില്‍നിന്നും അവിടുന്ന് ഞങ്ങളെ വിലക്കിയിട്ടുണ്ട്'' (മുസ്‌ലിം).

വിശ്വാസികളുടെ ജീവിതത്തിലെ സര്‍വതലസ്പര്‍ശിയാണ് ഇസ്‌ലാമിക ദര്‍ശനമെന്ന് സാരം.

വിധിവിലക്കുകളെ വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് ഹലാലും (അനുവദനീയം) ഹറാമും (നിഷിദ്ധം). അല്ലാഹുവും പ്രവാചകനും അനുവദിച്ചതെന്തോ അത് ഹലാലും നിഷിദ്ധമാക്കിയതെന്തോ അത് ഹറാമുമാണ്. ക്വുര്‍ആന്‍ പറയുന്നു:

''പറയുക: അല്ലാഹു നിങ്ങള്‍ക്ക് ഇറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതില്‍ (ചിലത്) നിങ്ങള്‍ നിഷിദ്ധവും (വേറെ ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു. പറയുക: അല്ലാഹുവാണോ നിങ്ങള്‍ക്ക് (അതിന്) അനുവാദം തന്നത്? അതല്ല, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമയ്ക്കുകയാണോ?'' (10:59).

ഇസ്‌ലാമികാദര്‍ശം സ്വീകരിച്ച ഒരാള്‍ക്കും സ്വന്തം താല്‍പര്യമനുസരിച്ച് അനുവദനീയവും നിഷിദ്ധവും സ്വയം തീരുമാനിക്കുവാനുള്ള അവകാശമില്ല. അല്ലാഹു പറയുന്നു:

''നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം). അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 16:116).

ഉപകാരപ്രദമായ ഭക്ഷ്യവസ്തുക്കളാണ് അല്ലാഹു ഹലാലാക്കിയിരിക്കുന്നത്. നിഷിദ്ധമാക്കപ്പെട്ടവയുടെ പിന്നാലെ പോകല്‍ പൈശാചികമാണ്. അല്ലാഹു പറയുന്നു: ''മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു'' (ക്വുര്‍ആന്‍ 2:168).

ഹലാലായത് മാത്രമെ ഉപയോഗിക്കാവൂ എന്ന ഇസ്‌ലാമിന്റ കല്‍പന മാനവിക മൂല്യങ്ങളുടെ ഉദാത്തമായ സംസ്‌കൃതിയെ ബോധ്യപ്പെടുത്തുന്നവയാണ്. അന്യന്റെ ഉടമസ്ഥതയിലുള്ളതൊന്നും അവന്റ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ അത് 'ഹറാം' എന്ന സാങ്കേതിക പദത്തിലൂടെ വ്യക്തമാക്കുന്നു. ഉടമസ്ഥന്‍ മനസ്സറിഞ്ഞ് കൊടുത്തതേ ഒരു വിശ്വാസിക്ക് ഹലാല്‍ (അനുവദനീയം) ആവുകയുള്ളൂ. മനസ്സറിഞ്ഞ് കൊടുക്കുന്നത് മദ്യം, പന്നിമാംസം  പോലുള്ള നിഷിദ്ധമാക്കപ്പെട്ട വസ്തുക്കളാണെങ്കില്‍ ഒരിക്കലും ഹലാല്‍ ആവുകയുമില്ല. മഹത്തായ ഇത്തരം നിയമസംഹിതകള്‍ അനുവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കൊരിക്കലും അനര്‍ഹമായ സാമ്പത്തികാധീശത്വം നേടാനാവില്ല. സാമൂഹിക വിവേചനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനുമാകില്ല. കച്ചവട രംഗങ്ങളില്‍നിന്ന് തങ്ങളല്ലാത്തവരെ പുറം തള്ളാന്‍ കുതന്ത്രം മെനയാനാവില്ല. അന്യന്റെ കണ്ണുനീര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ജാതിവിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ പണിത് മുതലെടുക്കാന്‍ വിശ്വാസി സമൂഹത്തിനാവില്ല. രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാകുംവിധം വഞ്ചനാപരമായ നിലപാടെടുക്കാനാകില്ല.

കാരണം അതീവ രഹസ്യ സ്വഭാവമുള്ളതാണെങ്കില്‍ പോലും തങ്ങളുടെ ചെയ്തികളെ സദാ നിരീക്ഷിക്കുന്ന പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റ മുന്നില്‍ വിചാരണക്ക് വിധേയനാകേണ്ടവനാണ് താനെന്ന ബോധമാണ് വിശ്വാസിയെ നയിക്കുന്നത്. അനര്‍ഹമായത് സമ്പാദിക്കുകയോ അപരനെ (ഏത് മതക്കാരനായാലും) വേദനിപ്പിക്കുകയോ ചെയ്യുന്ന സമീപനം യഥാര്‍ഥ മുസ്‌ലിംകളില്‍ നിന്നുണ്ടാവില്ല തന്നെ.

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍: 67:2).