ഒട്ടകം ഒരു ദൈവിക ദൃഷ്ടാന്തം

ഡോ.സബീല്‍ പട്ടാമ്പി

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13
സ്രഷ്ടാവിന്‍റെ സവിശേഷമായ സൃഷ്ടികളിലൊന്നാണ് ഒട്ടകം. പരുപരുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിക്കാനായി സ്രഷ്ടാവ് അതിന് നല്‍കിയ ജൈവികപ്രത്യേകതകള്‍ ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്.

ഈ വിശാലമായ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും ആകസ്മികമായി ഉല്‍ഭൂതമായതല്ല, മറിച്ച് ഒരു സ്രഷ്ടാവ് ആസൂത്രിതമായി ഉണ്ടാക്കിയതാണ്. എല്ലാറ്റിന്‍റെയും പിന്നില്‍ സ്രഷ്ടാവിന് കൃത്യമായ ലക്ഷ്യമുണ്ട്. ചില ജീവികളെയും ചില അജൈവ സൃഷ്ടികളെയുമൊക്കെ ക്വുര്‍ആന്‍ പ്രത്യേകം പരാമര്‍ശിക്കുന്നതും അവയുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതും കാണാം. സൃഷ്ടിജാലങ്ങളിലെ സൂക്ഷ്മവും സങ്കീര്‍ണവുമായ സംവിധാനങ്ങള്‍ക്കു പിന്നിലുള്ള സ്രഷ്ടാവിനെ തിരിച്ചറിയലാണ് അവയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന്‍റെ ഉദ്ദേശ്യം.

ഇക്കൂട്ടത്തില്‍ ഒട്ടകത്തെക്കുറിച്ചും അതിന്‍റെ സൃഷ്ടിപ്പിനെക്കുറിച്ചും ചിന്തിച്ചിക്കുവാന്‍ അല്ലാഹു മനുഷ്യരെ പ്രേരിപ്പിക്കുന്നത് കാണാം: "ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്" (ക്വുര്‍ആന്‍ 88:17).

ഒട്ടകത്തെ സസൂക്ഷ്മം പഠിക്കുന്നവര്‍ക്ക് അതിന്‍റെ സൂക്ഷ്മജ്ഞാനിയായ സ്രഷ്ടാവിനെ ഒരിക്കലും നിഷേധിക്കാന്‍ സാധ്യമല്ല എന്നതാണു വാസ്തവം. റോഡിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ അതിനാവശ്യമായ രീതിയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യപ്പെട്ടവയായിരിക്കണം. അല്ലാത്തപക്ഷം അവ ഉപയോഗയോഗ്യമാവുകയില്ല. ഗതാഗത പാതക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ ഓപ്ഷനുകളോടുകൂടി ഡിസൈന്‍ ചെയ്യപ്പെട്ട ഒരു വാഹനം ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല എന്ന നിഗമനത്തിലെത്തുന്ന മനുഷ്യന്‍റെ സാമാന്യബുദ്ധിയെ തൊട്ടുണര്‍ത്തുന്ന ഒരു സൃഷ്ടിയാണ് ഒട്ടകം. 'മരുഭൂമിയിലെ കപ്പല്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒട്ടകം മരുഭൂമിയില്‍ ജീവിക്കാന്‍ ആവശ്യമായ എല്ലാവിധ പ്രീമിയം ഓപ്ഷനുകളോടുംകൂടി ഡിസൈന്‍ ചെയ്യപ്പെട്ട ഒരു അത്യപൂര്‍വ സൃഷ്ടിയാണെന്ന് അതിനെക്കുറിച്ച് പഠിക്കുമ്പോള്‍ മനസ്സിലാകും.

രണ്ടുതരം ഒട്ടകങ്ങള്‍

രണ്ടുതരം ഒട്ടകങ്ങളുണ്ട്. മുതുകില്‍ ഒരു പൂഞ്ഞ (മുഴ) മാത്രമുള്ളതാണ് ഒരിനം. അവ 'ഡൊമെഡ്രിയന്‍' ഒട്ടകങ്ങളെന്ന് (Domedrian Camels) അറിയപ്പെടുന്നു. രണ്ട് പൂഞ്ഞകള്‍ ഉള്ളവയാണ് രണ്ടാമത്തെയിനം. അവയെ 'ബാക്ട്രിയന്‍' ഒട്ടകങ്ങള്‍ (Batcrian Camels) എന്നും വിളിക്കുന്നു. ഇവയില്‍ ഒരു പൂഞ്ഞയുള്ള ഒട്ടകങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് അറേബ്യന്‍, ആഫ്രിക്കന്‍ മരുഭൂമികളിലാണ്. എന്നാല്‍ രണ്ടു പൂഞ്ഞകളുള്ള ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് ഗോപി മരുഭൂമി ഉള്‍ക്കൊള്ളുന്ന മധ്യേഷ്യന്‍ പ്രദേശങ്ങളിലാണ്. ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ ഇന്ന് എണ്ണത്തില്‍ കുറവും വംശനാശം നേരിടുന്നവയുമാണ്. ഇന്ന് ലോകത്ത് മൊത്തം പത്തുലക്ഷം ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ മാത്രമാണുള്ളത്.

ഒട്ടകത്തിന്‍റെ ശരീര സംവിധാനങ്ങള്‍

ഓരോ ഭൂപ്രദേശത്തിനും കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ് അതത് സ്ഥലങ്ങളില്‍ ജീവിക്കുന്ന ജീവികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ശുദ്ധജലത്തിലും ഉപ്പുജലത്തിലും ജീവിക്കുന്ന മല്‍സ്യങ്ങളിലും ധ്രുവപ്രദേശങ്ങളിലെ അതിശൈത്യത്തില്‍ ജീവിക്കുന്ന മൃഗങ്ങളിലും അന്തരീക്ഷത്തില്‍ പറക്കുന്ന പക്ഷികളിലും ഈ അനുകൂല സംവിധാനങ്ങള്‍ കാണാന്‍ സാധിക്കും. അഥവാ അവയൊക്കെ ആ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യപ്പെട്ടവയാണ്. ഇതുപോലെ അതിശക്തമായ ചൂടും മണലും വരള്‍ച്ചയും ഉള്ള സ്ഥലത്ത് ജീവിക്കാന്‍ പാകത്തില്‍ ഡിസൈന്‍ ചെയ്യപ്പെട്ടതാണ് ഒട്ടകവും. എന്തൊക്കെയാണ് ഒട്ടകത്തിന്‍റെ ശരീരത്തിലെ 'അനുഗുണ സംവിധാനങ്ങള്‍' (Adaptations) എന്ന് പരിശോധിക്കാം.

1. ഒട്ടകത്തിന്‍റെ കണ്ണുകള്‍

മരുഭൂമിയില്‍ അടിക്കടിയുണ്ടാകാറുള്ള ഒരു പ്രതിഭാസമാണു ശക്തമായ മണല്‍ക്കാറ്റ്. ഒട്ടകമൊഴികെയുള്ള മറ്റുജീവികള്‍ അവയുടെ മാളങ്ങളിലൊളിച്ചാണ് ഇതില്‍നിന്ന് രക്ഷപ്പെടാറുള്ളത്. എന്നാല്‍ ഒട്ടകത്തിന് ഇതില്‍നിന്ന് രക്ഷപ്പെടാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. ഒട്ടകത്തിന്‍റെ കണ്ണുകള്‍ക്ക് ഒന്നിനു മുകളില്‍ ഒന്നായി രണ്ടുനിര കണ്‍പീലികള്‍ ഉണ്ട്. ഇവ കണ്ണില്‍ വന്ന് പതിക്കാനിടയുള്ള മണല്‍ത്തരികളെയും മറ്റും തടഞ്ഞുനിര്‍ത്തുന്നു.

ഇവയുടെ കണ്ണിനുള്ളിലെ മറ്റൊരു സംവിധാനം അവയുടെ കണ്‍പോളയാണ്. മുകളിലും താഴെയുമുള്ള കണ്‍പോളകള്‍ കൂടാതെ മൂന്നാമതൊരു കണ്‍പോളകൂടി ഇവയ്ക്കുണ്ട്. അതാകട്ടെ നേര്‍ത്തതും സുതാര്യവുമാണ്. മണല്‍ക്കാറ്റുള്ള സന്ദര്‍ഭത്തില്‍ ഒട്ടകം ഈ നേര്‍ത്ത പോളകൊണ്ട് കണ്ണു മൂടുന്നു. എന്നാല്‍ അത് സുതാര്യമായതുകൊണ്ട് അതിലൂടെ പുറമേക്ക് കാണാവുന്നതുമാണ്! അതായത് മണല്‍ക്കാറ്റുള്ള സന്ദര്‍ഭത്തിലും അവയ്ക്ക് മണല്‍ത്തരികള്‍ കണ്ണില്‍ വീഴാതെയും കാഴ്ചയ്ക്ക് തടസ്സം വരാതെയും മുന്നോട്ടുനീങ്ങാം. മഴയില്‍നിന്നും പൊടിപടലങ്ങളില്‍നിന്നും സംരക്ഷിക്കുകയും അതേസമയം യാത്രാവഴി വ്യക്തമായി കാണുകയും ചെയ്യുന്ന ഒരു വാഹനത്തിന്‍റെ മുന്‍ഭാഗത്തുള്ള ഗ്ലാസ്സിനോട് ഒട്ടകത്തിന്‍റെ ഈ മൂന്നാം കണ്‍പോളയെ നമുക്ക് വേണമെങ്കില്‍ ഉപമിക്കാം.

2. ഒട്ടകത്തിന്‍റെ മൂക്ക്

ഒട്ടകത്തിന്‍റെ മൂക്കിന്‍റെ ദ്വാരങ്ങള്‍ ഉദ്ദേശിക്കുമ്പോള്‍ അടക്കാനും തുറക്കാനും കഴിയുന്ന രീതിയിലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മണല്‍ക്കാറ്റുള്ള സന്ദര്‍ഭത്തില്‍ ആവശ്യാനുസരണം മൂക്കിന്‍റെ ദ്വാരങ്ങള്‍ അടച്ചു പിടിച്ച് മൂക്കിലേക്ക് മണല്‍ത്തരികള്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിക്കും.

മറ്റൊരു സംവിധാനം ഒട്ടകത്തിന്‍റെ മൂക്കിനുള്ളിലെ 'വാട്ടര്‍ റിട്ടന്‍ഷന്‍' (ജല പുനരാഗിരണം) സംവിധാനമാണ്. ശ്വസനസമയത്ത് മൂക്കിലൂടെ ജലം ആവിയായി പുറത്തേക്കു പോകുന്നത് തടഞ്ഞ് ആ ജലാംശത്തെ തിരിച്ച് ശരീരത്തിലേക്കുതന്നെ വലിച്ചെടുക്കുന്ന രീതിയാണിത്. ശ്വസനംവഴിയുണ്ടാകുന്ന ജലനഷ്ടം ഈ സംവിധാനം തടയുന്നു.

3. വായയും ചുണ്ടുകളും

ഒട്ടകത്തിന്‍റെ മുകള്‍ചുണ്ട് വലതും ഇടതും കഷ്ണങ്ങളായി (മുറിച്ചുണ്ടുകള്‍) വേര്‍പ്പെട്ടു നില്‍ക്കുന്നു. ഇതേപോലെ താഴെയുള്ള ചുണ്ടുകള്‍ രണ്ടു കഷ്ണങ്ങളായി വേറിട്ടുനില്‍ക്കുന്നു. ഈ ചുണ്ടിന്‍റെ കഷ്ണങ്ങള്‍ ഓരോന്നും വേറെ വേറെ തുറക്കാനും അടക്കാനും സാധിക്കും. മാത്രവുമല്ല ഈ ചുണ്ടുകളും വായക്കകത്തെ തൊലിയും നാവും കട്ടിയുള്ള റബര്‍പാഡ് പോലെയാണുള്ളത്. ഒട്ടകത്തിന്‍റെ പ്രധാന ഭക്ഷണം മരുഭൂമിയില്‍ അങ്ങിങ്ങായി കാണുന്ന മുള്‍ച്ചെടികളായതുകൊണ്ട് വായില്‍ മുറിവേല്‍ക്കാതെ അവ തിന്നാന്‍ വായയിലെയും ചുണ്ടുകളിലെയും ഈ കട്ടിയുള്ള തൊലി സഹായിക്കുന്നു.

4. ചെവികള്‍

ചെവികള്‍ രോമനിബിഢമാണ്. അത് ചെവിക്കകത്തേക്ക് ഏതെങ്കിലും വിധത്തില്‍ മണല്‍ത്തരികള്‍ പ്രവേശിക്കുന്നത് തടയുന്നു.

5. കാലുകള്‍

നീളമേറിയ കാലുകള്‍ ഒട്ടകത്തിന്‍റെ പ്രത്യേകതയാണ്. ശക്തമായ ചൂടുള്ള മണല്‍പ്രതലത്തില്‍നിന്ന് ശരീരഭാഗം ഉയര്‍ന്നുനില്‍ക്കാനും അതുവഴി ചൂട് ശരീരത്തിലേക്ക് പ്രസരിക്കുന്നത് തടയാനും നീളമേറിയ കാലുകള്‍ സഹായിക്കുന്നു.

ചവിട്ടുമ്പോള്‍ വശങ്ങളിലേക്ക് പരക്കുന്ന രീതിയിലാണ് ഒട്ടകത്തിന്‍റെ കാല്‍പാദങ്ങള്‍ സംവിധാനിക്കപ്പെട്ടിട്ടുള്ളത്. അതുവഴി മണലിലേക്ക് കാലുകള്‍ ആഴ്ന്നുപോകുന്നത് തടയുന്നു. മറ്റൊരു പ്രത്യേകത കാല്‍വിരലുകള്‍ക്കിടയിലുള്ള വിടവുകള്‍ ഒരു ആവരണംകൊണ്ട് മൂടപ്പെട്ടിരിക്കുന്നു എന്നതാണ്. ഇത് വിരലുകള്‍ക്കിടയിലൂടെ മണല്‍ കയറുന്നതും അതുമൂലം കാല്‍ മണലിലേക്ക് ആഴ്ന്നു പോകുന്നതും തടയുന്നു. കാലുകള്‍ മണലിലേക്ക് താഴ്ന്നുപോകുന്നത് നടത്തത്തിന് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാലുകളുടെ ഈ പ്രത്യേകത കാരണം അവയ്ക്ക് മരുഭൂമിയിലൂടെ വേഗത്തില്‍ ദീര്‍ഘദൂരം ഭാരം വഹിച്ച് നടക്കാനും ഓടാനും സാധിക്കും.

6. തൊലി

അറേബ്യന്‍ ഒട്ടകങ്ങളില്‍നിന്ന് വ്യത്യസ്തമായി മധ്യേഷ്യയില്‍ കാണപ്പെടുന്ന ബാക്ട്രിയന്‍ ഒട്ടകങ്ങളുടെ ശരീരം കൂടുതല്‍ രോമാവൃതമായിരിക്കും. കാരണം അവ വസിക്കുന്ന പ്രദേശങ്ങളില്‍ ശൈത്യകാലത്ത് തണുപ്പ് അതിശക്തമായിരിക്കും. എന്നാല്‍ തണുപ്പുകാലം അവസാനിക്കുന്നതോടെ ഈ കട്ടിരോമങ്ങള്‍ കൊഴിഞ്ഞുപോവുകയും ചൂടുകാലത്തേക്ക് വേണ്ടി ശരീരം തയ്യാറാവുകയും ചെയ്യും. ഒട്ടകത്തിന്‍റെ തൊലിക്ക് കട്ടി കൂടുതലാണ്; പ്രത്യേകിച്ചും കാലുകളിലുള്ള തൊലി. വയറിന്‍റെ അടിഭാഗത്തും കാല്‍മുട്ടുകളിലും മുഴപോലെയുള്ള തഴമ്പുകള്‍ കാണപ്പെടുന്നു. ഇത് മണലില്‍ വിശ്രമിക്കുന്ന സമയത്ത് ചൂടില്‍നിന്നും സംരക്ഷിക്കുന്നു.

6. ജലനഷ്ടം തടയാനുള്ള മാര്‍ഗങ്ങള്‍

ജീവജാലങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ ഘടകമാണ് വെള്ളം. മരുഭൂമിയില്‍ ജലത്തിന്‍റെ ലഭ്യതക്കുറവിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജലത്തിന്‍റെ ലഭ്യതയില്ല എന്ന് മാത്രമല്ല, ശക്തമായ സൂര്യതാപം ശരീരത്തിലുള്ള വെള്ളത്തെക്കൂടി വലിച്ചെടുക്കുകയും ചെയ്യും. എന്നാല്‍ ഈ രണ്ട് പ്രശ്നങ്ങളെയും പ്രതിരോധിക്കാന്‍ ഒട്ടകത്തിന്‍റെ ശരീരത്തില്‍ സംവിധാനങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം:

എ) ശരീരത്തിന്‍റെ താപക്രമീകരണ സംവിധാനം

പുറത്തുള്ള ശക്തമായചൂടിനെ പ്രതിരോധിക്കലാണ് ഒന്നാമത്തെ മാര്‍ഗം. ഇതിനായി ഒട്ടകം സ്വീകരിക്കുന്ന ഒരു മാര്‍ഗമാണു ശരീരത്തിന്‍റെ അകത്തുള്ള ചൂടിനെ ക്രമീകരിക്കല്‍. പുറമെയുള്ള ചൂട് വര്‍ധിക്കുമ്പോള്‍ അതിനോട് മനുഷ്യശരീരം പ്രതികരിക്കുന്നത് വിയര്‍ക്കല്‍ വഴിയാണ്. അതുവഴി നമ്മുടെ ശരീരത്തിലുള്ള ചൂടിനെ പുറംതള്ളുന്നു. എന്നാല്‍ ഒട്ടകം മരുഭൂമിയിലെ ചൂടിനെ പ്രധിരോധിക്കുന്നത് മറ്റൊരു വഴിയിലൂടെയാണ്. അത് അതിന്‍റെ ശരീരത്തിന്‍റെ ചൂട് ഉയര്‍ത്തി പുറമെയുള്ള ചൂടിനെ പ്രതിരോധിക്കുകയും അതുവഴി വിയര്‍ക്കുന്നത് കുറക്കുകയും അങ്ങനെ ജലനഷ്ടം ഇല്ലാതാക്കുകയും ചെയ്യുന്നു. ഒട്ടകത്തിന് അതിന്‍റെ ശരീരത്തിലെ ഊഷ്മാവിനെ ഇപ്രകാരം 7 ഡിഗ്രിയോളം കൂട്ടാനും കുറക്കാനും സാധിക്കും! ഈ ശരീര സംവിധാനത്തെ കാലാവസ്ഥക്കനുസരിച്ച് സ്വയം അഡ്ജസ്റ്റ് ചെയ്യുന്ന ഒരു ഓട്ടോമാറ്റിക് എ.സിയോട് വേണമെങ്കില്‍ നമുക്ക് താരതമ്യം ചെയ്യാം.

ബി) ജലനഷ്ടം തടയാനുള്ള സംവിധാനം

ഒട്ടകം അടിക്കടി മൂത്രമൊഴിക്കാറില്ല. മാത്രവുമല്ല എപ്പോഴെങ്കിലും മൂത്രമൊഴിക്കുമ്പോള്‍തന്നെ നന്നേ കുറഞ്ഞ അളവില്‍ മാത്രമെ മൂത്രം പുറംതള്ളുകയുള്ളൂ. അതിനാല്‍തന്നെ ഒട്ടകത്തിന്‍െ മൂത്രം വഴുവഴുപ്പും കട്ടിയുമുള്ളതായിരിക്കും. അതിന്‍റെ കാഷ്ടവും അങ്ങനെത്തന്നെയാണ്. വരണ്ടുണങ്ങിയ (പരമാവധി ജലം വലിച്ചെടുത്ത) കാഷ്ടമാണ് അത് പുറംതള്ളാറുള്ളത്. അതിനാല്‍ ഗ്രാമീണരായ അറബികള്‍ ഈ കാഷ്ടം വിറകിനു പകരം കത്തിക്കുന്നതിനായി പോലും ഉപയോഗിക്കാറുണ്ട്. മറ്റു മൃഗങ്ങള്‍ മരുഭൂമിയില്‍ ജീവിക്കുകയാണെങ്കില്‍ അവയ്ക്ക് ഒരു ദിവസം 20-40 ലിറ്ററോളം ജലനഷ്ടം ഉണ്ടാകും എന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഒട്ടകത്തിന്‍റെ ശരീരത്തില്‍നിന്ന് ഒരു ദിവസം നഷ്ടപ്പെടുന്നത് കേവലം 1.3 ലിറ്റര്‍ വെള്ളം മാത്രമാണ്.

സി) ജലനഷ്ടമുണ്ടായാലും പിടിച്ചുനില്‍ക്കാനുള്ള സംവിധാനം

ദിവസങ്ങളോളം വെള്ളമില്ലാതെ പിടിച്ചുനില്‍ക്കാനുതകുന്ന ശരീര സംവിധാന്മാണ് ഒട്ടകത്തിന്‍റെത്. ശാരീരികമായി അധ്വാനമുള്ളപ്പോള്‍ 10 ദിവസത്തോളവും വിശ്രമാവസ്ഥയില്‍ മാസങ്ങളോളം പോലും വെള്ളം കുടിക്കാതെ മരുഭൂമിയിലെ ചൂടില്‍ ഒട്ടകത്തിനു പിടിച്ചുനില്‍ക്കാനാകും! കൗതുകകരമായ മറ്റൊരു കാര്യം എന്തെന്നാല്‍ ഒട്ടകത്തിന്‍റെ ശരീരത്തിലെ 30 ശതമാനത്തോളം ജലം നഷ്ടപ്പെട്ടാലും അതിനു ജീവിക്കാന്‍ സാധിക്കും എന്നതാണ്.

അതുകൊണ്ട്തന്നെ കഠിനമായ വരള്‍ച്ചയുള്ളപ്പോള്‍ മറ്റു മൃഗങ്ങള്‍ ചത്തൊടുങ്ങിയാലും ഒട്ടകം വരള്‍ച്ചയെ അതിജീവിക്കും. എന്നാല്‍ വെള്ളം കാണുന്നപക്ഷം അത് ദാഹം തീരുവോളം വെള്ളം കുടിക്കും. 3 മിനുട്ടിനുള്ളില്‍ 200 ലിറ്റര്‍ വെള്ളംവരെ ഒട്ടകം ഒറ്റ നില്‍പില്‍ വലിച്ചുകുടിക്കും!

ഡി) മുതുകിലെ ജലസംഭരണി

വെള്ളം ലഭിക്കുന്ന സമയത്ത് ധാരാളം കുടിച്ച് മിച്ചംവന്നത് സൂക്ഷിച്ചുവെക്കാനും ഒട്ടകത്തിനു സംവിധാനമുണ്ട്.അധികമുള്ള വെള്ളവും ഭക്ഷണവും കൊഴുപ്പുരൂപത്തിലേക്ക് മാറ്റി മുതുകിലെ പൂഞ്ഞയില്‍ സൂക്ഷിക്കപ്പെടുന്നു. പിന്നീട് ആവശ്യാനുസരണം ഈ കൊഴുപ്പിനെ ശരീരം വെള്ളമാക്കി മാറ്റി ഉപയോഗിക്കുന്നു. ഒരു ഗ്രാം കൊഴുപ്പിനെ ഒരു ഗ്രാം വെള്ളമാക്കി മാറ്റാം. കൊഴുപ്പ് വെള്ളത്തിന്‍റെ മാത്രമല്ല, ഊര്‍ജത്തിന്‍റെകൂടി സ്രോതസ്സാണ്. കൊഴുപ്പിന്‍റെ ഉപയോഗത്തിനനുസരിച്ച് മുതുകിലെ പൂഞ്ഞ ചെറുതായിവരുകയും വെള്ളം കുടിക്കുമ്പോള്‍ വലുതാവുകയും ചെയ്യും. വെള്ളം കൊഴുപ്പുരൂപത്തില്‍ സൂക്ഷിക്കുന്നതുകൊണ്ട് ചൂടില്‍ നേരിട്ട് വിയര്‍പ്പായി പോകുന്നത് തടയുകയും ചെയ്യുന്നു. തനിക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഒരു ബാഗിലാക്കി മുതുകില്‍ കെട്ടി യാത്രചെയ്യുന്ന ഒരു യാത്രക്കാരനെ പോലെ ഒട്ടകത്തെ ഉപമിക്കാം!

7. രക്തത്തിലെ സംവിധാനങ്ങള്‍

അണ്ഡാകൃതിയിലുള്ള ചുവന്ന രക്താണുക്കളാണ് (RBC) ഒട്ടകത്തിന്‍റെ മറ്റൊരു പ്രത്യേകത. ഇത് ജല ലഭ്യതയുള്ളപ്പോഴും അല്ലാത്തപ്പോഴും പിടിച്ചുനില്‍ക്കാന്‍ ഒട്ടകത്തെ സഹായിക്കുന്നു. വെള്ളമില്ലാത്ത സന്ദര്‍ഭത്തില്‍ രക്തത്തിന്‍റെ അളവ് കുറയുകയും കട്ടികൂടുകയും ചെയ്യും. ഈ അവസരത്തില്‍ രക്തത്തിലൂടെ സഞ്ചരിക്കാന്‍ ചുവന്ന രക്താണുവിന്‍റെ ഈ ആകൃതി സഹായകമാകുന്നു. വെള്ളം ലഭ്യമാകുന്ന സന്ദര്‍ഭത്തില്‍ രക്തത്തില്‍ ജലാംശം കൂടും. അപ്പോള്‍ ചുവന്ന രക്താണുക്കള്‍ വെള്ളം ആഗിരണം ചെയ്ത് ബലൂണ്‍ പോലെ വീര്‍ക്കുകയും ചെയ്യും.

8. തലയെയും തലച്ചോറിനെയും തണുപ്പിക്കാനുള്ള സംവിധാനം

സൂര്യന്‍റെ ചൂടില്‍നിന്ന് ഏറ്റവും പ്രധാനമായി സംരക്ഷിക്കപ്പെടേണ്ട അവയവമാണ് ഒട്ടകത്തിന്‍റെ തലച്ചോര്‍. കാരണം സൂര്യന്‍റെ അമിതമായചൂട് തലച്ചോറിനെ ബാധിച്ചാല്‍ ഒരുപക്ഷേ, ബോധം കെടുന്നതിനോ ചത്തുപോകുന്നതിനോ കാരണമാകാം. എന്നാല്‍ ഇതില്‍നിന്നും രക്ഷപ്പെടാനുമുള്ള സംവിധാനം ഒട്ടകത്തിന്‍റെ ശരീരത്തിലുണ്ട്. തലച്ചോറിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് രക്തത്തെ തണുപ്പിക്കാനുള്ള സംവിധാനമാണിത്. ഈ സംവിധാനത്തെCounter current Circulation എന്ന് പറയുന്നു. ഇതുവഴി ഒട്ടകത്തിന്‍റെ തലച്ചോറില്‍ എപ്പോഴും തണുപ്പ് നിലനിര്‍ത്താനാകുന്നു.

ഒട്ടകത്തിന്‍റെ ശരീരത്തിനകത്തെ ഈ സംവിധാനങ്ങളെയെല്ലാം വിലയിരുത്തുമ്പോള്‍ ഏതൊരു മനുഷ്യനും മനസ്സിലാകുന്ന കാര്യമാണ് ഈ മൃഗത്തെ കൃത്യമായ പ്ലാനിങ്ങോടുകൂടി മരുഭൂമിയില്‍ ജീവിക്കാന്‍ വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തതാണെന്ന്. അതാണ് അല്ലാഹു നമ്മെ ഓര്‍മിപ്പിക്കുന്നത്:

"ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്" (ക്വുര്‍ആന്‍ 88:17).

അല്ലാഹുവിന്‍റെ സൃഷ്ടിവൈഭവം

സകല സൃഷ്ടികള്‍ക്കും അവയുടെ ജീവിത സാഹചര്യങ്ങളും ആവശ്യങ്ങളുമറിഞ്ഞ് അവയ്ക്കാവശ്യമായ രൂപവും പ്രകൃതവും അവയവങ്ങളും നല്‍കിയവനാണ് അല്ലാഹു.

"അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്" (ക്വുര്‍ആന്‍  20:50).

അമാനി മൗലവി (റഹി) ഈ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ എഴുതി:  "...ഓരോ ജീവിക്കും വേണ്ടുന്ന സഹജബോധം, ആന്തരികശക്തി, അവയവങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയതെല്ലാം ഏറ്റക്കുറവു കൂടാതെ പ്രദാനം ചെയ്ത സ്രഷ്ടാവ്. ഓരോന്നിന്‍റെയും അവയവങ്ങള്‍ കൊണ്ടുള്ള ആവശ്യങ്ങള്‍, ശരീരത്തില്‍ അവ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന രീതി, ഓരോന്നിനും മറ്റേതുമായുള്ള ബന്ധം ആദിയായ കാര്യങ്ങള്‍ ചിന്തിച്ചു നോക്കുമ്പോള്‍ നാം ആശ്ചചര്യപ്പെടാതിരിക്കുകയില്ല. നമ്മുടെ മൂക്ക് മേല്‍പോട്ടായിരുന്നുവെങ്കില്‍, കണ്ണുകള്‍ മുന്നിലും പിന്നിലുമായിരുന്നുവെങ്കില്‍, വിരലുകള്‍ സമവലുപ്പത്തിലായിരുന്നുവെങ്കില്‍ അങ്ങനെ ഓരോന്നിനെക്കുറിച്ചും ഒന്ന് ആലോചിച്ചു നോക്കുക! ഓരോന്നും സര്‍വശക്തനായ ഏക ഇലാഹിന്‍റെ ദൃഷ്ടാന്തങ്ങളായി നമുക്ക് കാണുവാന്‍ കഴിയും. മഹാനായ അബ്ദുല്ലാഹില്‍യാഫിഈ (റഹി) പറഞ്ഞതെത്ര വാസ്തവം: (രൂപകല്‍പന ചെയ്തു സൃഷ്ടിച്ച ദൈവം അവന്‍ (അല്ലാഹു) തന്നെയാണെന്നുള്ളതിനു ലോകത്തുള്ള ഓരോ അണുവും അവന് സാക്ഷികളാകുന്നു)."