ഫലസ്തീന്‍  ഇസ്രായേല്‍: ചില നേരനുഭവങ്ങള്‍

ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി

2021 മെയ് 15 1442 ശവ്വാല്‍ 03
നിശ്ചയാദാര്‍ഢ്യവും സ്വാതന്ത്ര്യാഭിവാഞ്ചയും കൈമുതലാക്കി അധിനിവേശശക്തികള്‍ക്കെതിരെയുള്ള വിമോചനപോരാട്ടങ്ങള്‍ക്ക് പുതിയ ഭാഷ്യം രചിക്കുകയാണ് ഫലസ്തീന്‍ ജനത. ഭൂമി മാത്രമല്ല, അവരുടെ ചരിത്രവുംകൂടി തിരസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്ന സമകാലിക സാഹചര്യത്തില്‍, 27 തവണ ഫലസ്തീന്‍ സന്ദര്‍ശിച്ച അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ലേഖകന്‍.

ക്വുര്‍ആന്‍ ചരിത്ര ഗവേഷണാവശ്യാര്‍ഥവും ടൂറിസ്റ്റ് ഗൈഡ് എന്ന നിലയിലുമായി ഏകദേശം ഇരുപത്തി ഏഴ് തവണ ഞാന്‍ ഫലസ്തീനും ഇസ്രയേലും സന്ദര്‍ശിച്ചിട്ടുണ്ട്.

1948ല്‍ ബ്രിട്ടന്റെ നേതൃത്വത്തില്‍, ഫലസ്തീന്‍ ജനത സമാധാനപരമായി ജീവിക്കുന്ന കാലത്താണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജൂതന്മാരെ അവിടെ കൊണ്ടുവന്ന് കുടിയിരുത്തി ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം സ്ഥാപിച്ചത്. അതിന്റെ വിസ്തീര്‍ണം കേരളത്തിന്റെ ഏകദേശം പകുതിയാണ്. അതില്‍ തന്നെ വലിയൊരു ഭാഗം നേഖേവ് മരുഭൂമിയാണ്. പിന്നീട് 1967ല്‍ ഇസ്രയേല്‍ നടത്തിയ ഒരു യുദ്ധത്തിലൂടെ രാഷ്ട്രം വികസിപ്പിച്ചു. ഇന്ത്യയുടെ രണ്ട് ഭാഗങ്ങളില്‍ പാകിസ്ഥാനും ബംഗ്ലാദേശും ഉള്ളത് പോലെ ഇസ്രയേലിന്റെ രണ്ട് ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ഗസ്സയും വെസ്റ്റ്ബാങ്കും കൂടിയതാണ് അര്‍ധസ്വാതന്ത്ര്യമുള്ള ഫലസ്തീന്‍.

അതിന്റെ ആകെ വിസ്തീര്‍ണം 6220 ചതുരശ്ര കിലോമീറ്ററാണ്. അഥവാ ഏകദേശം മലപ്പുറം ജില്ലയുടെ ഇരട്ടി. ജനസംഖ്യ 50 ലക്ഷവുമാണ്. കൂടാതെ ഇസ്രയേലിനകത്ത് 65 ലക്ഷത്തോളം ജൂതന്മാരും 20 ലക്ഷം മുസ്‌ലിംകളും ജീവിക്കുന്നു. ഇസ്രയേലിലും ഫലസ്തീനിലും ന്യൂനപക്ഷ ക്രിസ്ത്യാനികളും ഉണ്ട്.

മലയാളികളായ മുസ്‌ലിംകളും ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. ഇസ്രയേല്‍ സര്‍ക്കാര്‍ അധിനിവേശത്തിനു ശേഷം എത്രയോ കൂട്ടക്കൊലകള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിംകളുടെ വീടുകള്‍ ഒഴിപ്പിച്ച് അവ തകര്‍ത്ത് അവിടെ ജൂതകോളനികള്‍ സ്ഥാപിക്കുന്നത് അവിടുത്തെ പതിവാണ്.

ആര്‍.എസ്.എസ് ആസൂത്രിതമായി ഇന്ത്യയെ ഒരു ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമാക്കാന്‍ പ്രവര്‍ത്തിക്കുന്നത് പോലെ ഇസ്രയേലിലെ ജൂതസര്‍ക്കാര്‍ അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീന്‍ മുഴുവന്‍ ജൂതരാഷ്ട്രത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. അതിന്റെ ഭാഗമാണ് ഇടയ്ക്കിടെയുണ്ടാകുന്ന ആക്രമണങ്ങളും വീടുകള്‍ തകര്‍ക്കലും മറ്റും.

ഫലസ്തീനികള്‍ വിശ്വസ്തതയുള്ള ഒരു ജനതയാണ്. ഉയര്‍ന്ന വിദ്യഭ്യാസവും ശക്തമായ ചെറുത്തുനില്‍പ്പും അന്തസ്സുള്ള ജീവിതവും അവരുടെ മുഖമുദ്രയാണ്. അറബി ഭാഷക്ക് പുറമെ ഇംഗ്ലീഷിലും ഇസ്രയേലിന്റെ ഭാഷയായ ഹിബ്രുവിലും അവര്‍ക്ക് ഒഴുക്കോടെതന്നെ സംസാരിക്കാന്‍ കഴിയും.

1967ല്‍ ഇസ്രയേല്‍ മസ്ജിദുല്‍ അക്വ്‌സ കോമ്പൗണ്ട് ഉള്‍പ്പെടുന്ന ജറുസലേം നഗരം പിടിച്ചടക്കിയിട്ടും മസ്ജിദുല്‍ അക്വ്‌സയില്‍ അഞ്ചുനേരത്തെ ജമാഅത്ത് നമസ്‌കാരവും ജുമുഅയും ഉള്‍പ്പെടെയുള്ള ആരാധനകള്‍ നടത്തുന്നതിലും വൃത്തിയോടെ അതിനെ പരിപാലിക്കുന്നതിലും മുസ്‌ലിംകള്‍ ഉപേക്ഷവരുത്തിയിട്ടില്ല. അത് ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ ഔദാര്യം കൊണ്ടല്ല; അക്വ്‌സയിലെ പ്രാര്‍ഥന മുടക്കിയാല്‍ ഒരൊറ്റ ജൂതനും പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ ഇസ്രയേലിലും വെസ്റ്റ്ബാങ്കിലും ഗസ്സയിലും കലാപം പൊട്ടിപ്പുറപ്പെടുമെന്ന് ഭയപ്പെട്ടിട്ടാണ്.

ആ ചെറുത്തുനില്‍പ്പ് അവിടെ അനിവാര്യമാണ്. വെടിയുണ്ടനിറച്ച യന്ത്രത്തോക്കും ചൂണ്ടിനില്‍ക്കുന്ന ഇസ്രയേല്‍ പോലീസിനോടും സൈന്യത്തോടും ഫലസ്തീന്‍ സ്ത്രീകളും കുട്ടികളും പോലും എത്ര ധീരമായാണ് തര്‍ക്കിക്കുന്നത് എന്ന് കണ്ടാല്‍ അത്ഭുതം തോന്നും.

അതേസമയം ജൂതന്മാര്‍ക്ക് അവരെ ഭയമാണ്. എന്നാല്‍ എല്ലാ ജൂതന്മാരും മുസ്‌ലിംകളുടെ ശത്രുക്കളുമല്ല. മുസ്‌ലിംകളോട് അനുഭാവമുള്ളവരും അവരെ സഹായിക്കുന്നവരുമായ ജൂതന്മാരും അധിനിവേശത്തിനെതിരെ പ്രതിഷേധം നടത്തുന്ന ജൂതസംഘടനകളും ഇസ്രയേലിലുണ്ട്.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലിചെയ്ത് തിരിച്ചുവന്ന മലയാളികള്‍ ഫലസ്തീനികളെ സംബന്ധിച്ച് മോശം അഭിപ്രായം പറയാറുണ്ട്. എപ്പോഴും വീടിനകത്ത് വഴക്കും മര്‍ദനവും അനുഭവിച്ച് നാടുവിട്ട് പോകേണ്ടിവന്ന കുട്ടിയും വീട്ടില്‍ എല്ലാവിധ സൗകര്യങ്ങളും സ്വാതന്ത്ര്യവും അനുഭവിച്ച് ജീവിക്കുന്ന കുട്ടിയും സ്വഭാവത്തില്‍ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്, എന്ന് അവരെ കുറ്റപ്പെടുത്തുന്ന പ്രവാസി മലയാളികള്‍ മനസ്സിലാക്കേണ്ടതുണ്ട്. അവിടുത്തെ അവസ്ഥയാണ് കേരളത്തിലെങ്കില്‍ ഇത്ര ധീരമായി ചെറുത്ത് നില്‍ക്കാന്‍ നമുക്ക് കഴിയുമോ?

ഒരിക്കല്‍ ഞങ്ങള്‍ ഫലസ്തീനില്‍ പോയ സമയത്ത് ഒരു ടാക്‌സിയില്‍ വിലപിടിച്ച ക്യാമറ മറന്നുവെച്ചു. ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ തിരഞ്ഞുപിടിച്ച് ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ക്യാമറ സുരക്ഷിതമായി എത്തിച്ച് തന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്ജിദുല്‍ അക്വ്‌സയില്‍ ജുമുഅ കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ ഞാന്‍ ഞങ്ങളുടെ യാത്രാസംഘത്തില്‍നിന്ന് വേര്‍പ്പെട്ടു പോയി.

അപ്പോള്‍ ഞാന്‍ ഒരു ഫലസ്തീനിയോട് നിന്റെ മൊബൈല്‍ ഒന്ന് തരുമോ, എന്റെ സുഹൃത്തുക്കളെ ഒന്ന് വിളിക്കാനാണ് എന്നും വിളിക്കുന്നതിനുള്ള പൈസ തരാം എന്നും പറഞ്ഞപ്പോള്‍ അവന്‍ മൊബൈല്‍ തന്നു. എന്നിട്ട് അവന്‍ പറഞ്ഞു: ''ഇന്ത്യന്‍ മുസ്‌ലിം എന്തിനാണ് ഫലസ്തീന്‍ മുസ്‌ലിമിന് പൈസ തരുന്നത്? ഞാന്‍ സൗജന്യമായി തരാം.'' ഓരോ കാളിനും പൈസ നഷ്ടപ്പെടുന്ന കാലമായിരുന്നിട്ട് പോലും...!

ഒരിക്കല്‍ ഞങ്ങളുടെ സംഘത്തിലെ ഒരു വൃദ്ധന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഹെബ്രോണിലെ ഒരു ഹോസ്പിറ്റലില്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. ഞാനായിരുന്നു ഡോക്ടറുടെയും രോഗിയുടെയും ഇടയിലെ പരിഭാഷകന്‍. ഇന്ത്യന്‍ മുസ്‌ലിം സംഘത്തിലെ ഒരാള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞങ്ങള്‍ക്ക് തൊട്ടടുത്ത വീട്ടില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കിത്തരാനും സൗകര്യങ്ങള്‍ ഒരുക്കിത്തരാനും സമാധാനിപ്പിക്കാനും ഉറക്കമൊഴിച്ച് മത്സരിക്കുകയായിരുന്നു.

അവരാകട്ടെ നല്ല സാമ്പത്തിക പ്രയാസമുള്ളവരുമാണ്. എന്നിട്ടും ടിപ്‌സ് കൊടുത്തപ്പോള്‍ സ്‌നേഹത്തോടെ അത് നിരസിച്ചു. ഇന്ത്യന്‍ മുസ്‌ലിം സഹോദരനെ സഹായിക്കുന്നത് ഞങ്ങളുടെ കടമ മാത്രമാണ്, നിങ്ങളുടെ പ്രാര്‍ഥന മതി എന്ന് പറഞ്ഞാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്.

ഇബ്‌റാഹീം നബി(അ) നിര്‍മിച്ചതും പിന്നീട് വിപുലീകരിക്കപ്പെട്ടതുമായ ഹെബ്രോണിലെ മസ്ജിദുല്‍ ഖലീലില്‍ ഒരിക്കല്‍ ഔദേ്യാഗിക ജമാഅത്തിന് അവര്‍ എന്നെയാണ് ഇമാമായി നിര്‍ത്തിയത്. ബെത്‌ലഹേമിലും ഇതേ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു വിദേശിയെ ഇമാമാക്കി നിര്‍ത്താന്‍ അവര്‍ തയ്യാറായി!

ഇസ്രയേല്‍ പോലീസിന് മുന്നില്‍ അവര്‍ കാണിക്കുന്ന ധീരത പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു ഫലസ്തീനിയുടെ കാര്‍ ചെക്ക് ചെയ്യാന്‍ വേണ്ടി ഒരു ജൂതപോലീസ് വന്നാല്‍ അവര്‍ കാര്‍ നിര്‍ത്തിയിട്ട് പോലീസിന്റെ മുന്നില്‍ വെച്ച് തന്നെ സിഗരറ്റ് കത്തിക്കും. നിന്നെ ഞാന്‍ ഒരു നിലയ്ക്കും ബഹുമാനിക്കുന്നില്ല എന്ന് അവരെ കാണിക്കുകയാണ് അതിന്റെ ഉദ്ദേശം.

ഒരു വെള്ളിയാഴ്ച പുരാതന ജറുസലേം ചുറ്റുമതിലിനുള്ളില്‍നിന്ന് അക്വ്‌സ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന ഞങ്ങളെ ചോദ്യം ചെയ്യാന്‍ ജൂതപോലീസ് വന്നപ്പോള്‍ അവനെ പരിഗണിക്കേണ്ട ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞ് ഒരു ഫലസ്തീനി ഞങ്ങളുടെ കൈ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി.

വൈകുന്നേരമായാല്‍ ഒരു ഭാഗത്ത് സര്‍വസജ്ജരായി നില്‍ക്കുന്ന ആയുധധാരികളായ ഇസ്രയേല്‍ പോലീസും മറുഭാഗത്ത് ഫലസ്തീന്‍ പോലീസും നില്‍ക്കും. ഭീതിനിറഞ്ഞ അവസ്ഥയാണ് അവിടുത്തെ കാഴ്ച. എന്നിട്ടും അതിനിടയിലൂടെ നിര്‍ഭയരായി ഉല്ലസിച്ച് ഓടിക്കളിക്കുന്ന ഫലസ്തീന്‍ കുട്ടികളെ നമുക്ക് കാണാന്‍ കഴിയും.

നമുക്ക് ഫലസ്തീനിലേക്ക് പ്രവേശിക്കണമെങ്കില്‍ ജൂത എമിഗ്രേഷന്‍ ഓഫീസിലെ പരിശോധന കഴിയണം. അതിനുവേണ്ടി ഞങ്ങള്‍ ക്യൂ നില്‍ക്കുമ്പോള്‍ ഒരു ഫലസ്തീനി യാത്രക്കാരന്‍ പരിശോധനയില്‍ പ്രതിഷേധിച്ച് കുതറിമാറുകയും ശബ്ദിക്കുകയും ചെയ്തു. ഉടനെത്തന്നെ ഓഫീസിലെ ജൂത ഉദേ്യാഗസ്ഥര്‍ തന്റെ സീറ്റില്‍നിന്ന് എഴുന്നേറ്റ് ഓടി സ്‌ക്രീനിന്റെയും വാതിലിന്റെയും പിന്നില്‍ ഒളിക്കുകയായിരുന്നു. ഫലസ്തീനിയെ മറ്റുള്ള പോലീസുകാര്‍ ഒതുക്കിയ ശേഷമാണ് ഉദേ്യാഗസ്ഥര്‍ സീറ്റിലേക്ക് തിരിച്ചുവന്നത്.

അന്‍പത് വയസ്സിനു മുകളിലുള്ളവര്‍ക്കേ ഫലസ്തീനിന്റെ വെസ്റ്റ് ബാങ്കില്‍നിന്ന് അക്വ്‌സയിലേക്ക് വരാന്‍ അനുമതിയുള്ളൂ. ഇന്ത്യക്കാര്‍ക്ക് വിസയുള്ളതിനാല്‍ ഫലസ്തീനിലും ഇസ്രയേലിലും പോകാം.  ബത്‌ലഹേമില്‍നിന്ന് ഏഴ് കിലോമീറ്റര്‍ വഴിദൂരമെ ജറുസലേമിലേക്കുള്ളൂ. എന്നാല്‍ അതിനിടക്ക് ഇസ്രയേല്‍ ഗവണ്മെന്റ് 2004ല്‍ ഉണ്ടാക്കിയ ഒരു മതിലുണ്ട്.(ജര്‍മനിയിലെ പഴയ ബര്‍ലിന്‍ മതില്‍ പോലെ!).

ബത്‌ലഹേമിലെ മസ്ജിദു ഉമറിലെ ഇമാം തനിക്ക് ഇനി പതിനഞ്ച് വര്‍ഷം കഴിഞ്ഞേ മസ്ജിദുല്‍ അക്വ്‌സ കാണാന്‍ സാധിക്കുകയുള്ളൂ എന്ന് ദുഃഖത്തോടെ പറഞ്ഞത് ഓര്‍ത്തുപോകുകയാണ്.

ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിനു സമീപത്തെ ജാഫയിലുള്ള 'മസ്ജിദുല്‍ മഹ്മൂദിയ്യ' ഉസ്മാനിയ ഭരണകാലത്ത് നിര്‍മിച്ച ഒരു പള്ളിയാണ്.

ആ പള്ളി പൂട്ടിക്കാന്‍വേണ്ടി അതിന്റെ വിലപിടിച്ച വക്വ്ഫ് സ്വത്തുക്കളായ വാടകക്കെട്ടിടങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തി. എന്നിട്ടും ഇസ്രായേലിനകത്തെ മുസ്‌ലിംകള്‍ സംഭാവന പിരിച്ച് വൃത്തിയായി, പൂന്തോട്ടം വെച്ചുപിടിപ്പിച്ച് ആ പള്ളി പരിപാലിക്കുന്നു. ചിട്ടയായി നമസ്‌കാരവും ജുമുഅയും നടത്തുന്നു. ഇപ്പോള്‍ തുര്‍ക്കി സാമ്പത്തികമായി ആ പള്ളിക്കമ്മിറ്റിക്ക് സംഭാവന നല്‍കുന്നുണ്ട്.

മസ്ജിദുല്‍ അക്വ്‌സയുടെ ചുറ്റുമതിലിന്റെ പുറംഭാഗമാണ് ജൂതന്മാരുടെ ആരാധനസ്ഥലമായ വെയ്‌ലിങ് വാള്‍ അഥവാ വിലാപ മതില്‍. ഒരിക്കല്‍ അത് സന്ദര്‍ശിക്കാന്‍ വേണ്ടി പോയ സമയത്ത് മകന്‍ സജ്ജാദും കൂടെയുണ്ടായിരുന്നു. അതിലേക്കുള്ള പ്രവേശനകവാടത്തിന്റെ അടുക്കല്‍ കറുത്ത ഗൗണും തലയിലൊരു കുഞ്ഞുജൂതത്തൊപ്പിയും അണിഞ്ഞ് ഒരു യഹൂദ റബ്ബി ഇരിക്കുന്നുണ്ടാകും. അദ്ദേഹം ഒരു വേദപണ്ഡിതനാണ്. യഹൂദ മതവുമായി ബന്ധപ്പെട്ട് നമുക്കെന്തെങ്കിലും സംശയങ്ങളും മറ്റും വന്നാല്‍ അദ്ദേഹം അത് നിവാരണം ചെയ്തുതരും.

ബൈബിളിലെ പഴയ നിയമത്തിലെ ഉത്തമഗീതത്തിലെ ഒരു വചനവുമായി ബന്ധപ്പെട്ട് മകന്‍ സജ്ജാദിന് ഒരു സംശയമുണ്ടായിരുന്നു. ഹീബ്രു ഭാഷയിലുള്ള ബൈബിളുമായി അവിടെ ഇരിക്കുന്ന യഹൂദ റബ്ബി അതിന് മറുപടി തരുമായിരിക്കും എന്ന് കരുതി അത് അയാളോട് ചോദിച്ചു. വചനം ഇപ്രകാരമാണ്:

''ഹിക്കൊ മമ്മിത്ത കിം, വി കുല്ലോ മൊഹമ്മദിം, സെഹദൂദേ വ സഹരായി ബൈന ജറൂസലേം.''

(അവന്റെ മൊഴികള്‍ അതിമധുരമാണ്. എല്ലാംകൊണ്ടും അഭികാമ്യനാണവന്‍. ജറുസലേം പുത്രിമാരേ ഇതാണെന്റെ പ്രിയന്‍, ഇതാണെന്റെ തോഴന്‍ (ഉത്തമഗീതം 5:16).

ഈ വചനം അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി ﷺ യെക്കുറിച്ചുള്ള പരാമര്‍ശമാണ് എന്ന് അഹ്മദ് ദീദാത്തിനെപ്പോലുള്ള ചില പ്രബോധകന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ഹീബ്രുമൂലത്തില്‍ 'മുഹമ്മദിം' എന്ന പ്രയോഗമുള്ളതുകൊണ്ട് അത് നബിയെക്കുറിച്ചാണ് എന്നാണ് അവര്‍ പറയാറുള്ളത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ഈ വചനം ഒന്ന് പാരായണം ചെയ്ത് കേള്‍പ്പിക്കാനും അതിനൊരു വിശദീകരണം തരാനും ആ റബ്ബിയോട് ആവശ്യപ്പെട്ടു.

ഒന്ന് ശങ്കിച്ചുനിന്ന ശേഷം ആ വചനം അദ്ദേഹം എടുത്ത് വായിച്ചു. അതിന്റെ അര്‍ഥം ഇംഗ്ലീഷില്‍ പറയുകയും ചെയ്തു. ഞാന്‍ ചോദിച്ചു: ''ആ 'മുഹമ്മദിം' എന്ന പ്രയോഗം മുഹമ്മദ് നബിയെക്കുറിച്ചല്ലേ?'' 'അതൊരിക്കലും മുഹമ്മദ് നബിയെക്കുറിച്ചല്ല, മറിച്ച് അതിന് വേറെ ചില അര്‍ഥങ്ങളാണ് ഉള്ളത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എത്ര വിദഗ്ധമായിട്ടാണ് ആ ജൂതന്‍ സത്യത്തെ മറച്ചുവെക്കുന്നതെന്നും കോട്ടിമാറ്റിയതെന്നും അപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി.

അവരെക്കുറിച്ച് അല്ലാഹു പറഞ്ഞത് എത്ര ശരിയാണ്: ''വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്'' (ക്വുര്‍ആന്‍ 3:78).

ഫലസ്തീനിനകത്ത് അവിടുത്തെ മുസ്‌ലിംകളും ക്രിസ്ത്യാനികളും സൗഹാര്‍ദത്തോടെയാണ് കഴിയുന്നത് എന്നത് ഏറെ സന്തോഷകരമായ ഒരു കാര്യമാണ്. ഇടയ്ക്കിടെ ചില ചര്‍ച്ചുകള്‍ ഇസ്രയേലിലും ഫലസ്തീനിലുമായി കാണാം. അതിന് കാരണം ജൂതസര്‍ക്കാര്‍ ഇരുകൂട്ടരുടെയും ശത്രുവാണ് എന്നതാണ്. യേശുവിന്റെ ജന്മസ്ഥലമെന്ന് ക്രിസ്ത്യാനികള്‍ കരുതുന്ന സ്ഥലത്ത് നിര്‍മിച്ച ചര്‍ച്ച് ഓഫ് നാറ്റിവിറ്റിയുടെ തൊട്ടുമുമ്പിലാണ് 'മസ്ജിദ് ഉമര്‍.'

ഇസ്രയേലിനകത്ത് ജൂതന്മാര്‍ക്ക് ഒന്നാം സ്ഥാനവും ക്രിസ്ത്യാനികള്‍ക്ക് രണ്ടാം സ്ഥാനവും മുസ്‌ലിംകള്‍ക്ക് മൂന്നാം സ്ഥാനവുമാണുള്ളത്.

ഗാസയുടെ മൂന്ന് ഭാഗത്തും ഇസ്രയേല്‍ ഉപരോധം സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവിടെയുള്ള 20 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ കുടുങ്ങിനില്‍ക്കുകയാണ്. ഈജിപ്തിലേക്ക് അതിര്‍ത്തിക്കടിയിലൂടെ രഹസ്യ തുരങ്കങ്ങള്‍ നിര്‍മിച്ച് അതിലൂടെയാണ് അവര്‍ അത്യാവശ്യം വരുന്ന ജീവിതവിഭവങ്ങള്‍ വാങ്ങി നാട്ടിലെത്തിക്കുന്നത്!

ഖലീലുല്ലാഹി ഇബ്‌റാഹീം(അ) ഇറാഖിലെ ഊര്‍ ഗ്രാമത്തില്‍നിന്ന് പിതാവിന്റെയും നംറൂദ് രാജാവിന്റെയും പീഡനം അനുഭവിച്ച് തീക്കുഴിയില്‍നിന്ന് രക്ഷപ്പെട്ട് ഹിജ്‌റ വന്നത് ഫലസ്തീനിലെ ഹെബ്രോണ്‍ എന്ന സ്ഥലത്തേക്കാണ്. അവിടെത്തന്നെയാണ് മകന്‍ ഇസ്ഹാക്വ് നബി(അ)യും പേരമകന്‍ യഅ്ക്വൂബ് നബി(അ)യും യൂസുഫ് നബി(അ) ഉള്‍െപ്പടെയുള്ള, അദ്ദേഹത്തിന്റെ 12 മക്കളും ജനിച്ചുവളര്‍ന്നത്. പിന്നീട് യഅ്ക്വൂബ് നബി(അ)യും ഭാര്യയും മക്കളും മന്ത്രിയായ യൂസുഫ് നബി(അ)യുടെ ക്ഷണപ്രകാരം ഈജിപ്തിലേക്ക് പോവുകയാണ് ചെയ്തത്.

ഇബ്‌റാഹീം നബി(അ) നിര്‍മിച്ച പള്ളി പിന്നീട് തകര്‍ന്നുപോയി. ഏറ്റവും അവസാനം ആ പള്ളി പുതുക്കിപ്പണിതത് മംലൂക്കി ഭരണകൂടമണ്.

ആ പള്ളിയില്‍ 1994 ഫെബ്രുവരി 25ന് റമദാനില്‍ സ്വുബ്ഹി നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്ന നിരപരാധികളായ ഫലസ്തീനികളെ ഗോള്‍ഡ് സ്‌റ്റൈന്‍ എന്ന ജൂതഭീകരന്‍ യന്ത്രത്തോക്കുപയോഗിച്ച് തുരുതുരാ വെടിവെച്ചുകൊന്നു. 29 പേര്‍ പള്ളിയില്‍ വെച്ചുതന്നെ രക്തസാക്ഷികളായി. 125 പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെട്ടവര്‍ കൊലയാളിയെ വധിച്ചു.

അതിനുശേഷം ആ പള്ളിയുടെ പകുതി ഭാഗം ഇസ്രയേല്‍ സ്‌ക്രീന്‍ വെച്ച് വേര്‍തിരിച്ച് ജൂത സെക്ഷനാക്കി മാറ്റി. അവരുടെ ഭാഗത്ത് അവര്‍ ശനിയാഴ്ചയിലെ ശാബത്ത് ദിനവും മറ്റു ദിവസങ്ങളിലെ ആരാധനകളും നടത്തുന്നു. മാത്രമല്ല മുസ്‌ലിം സെക്ഷനിലേക്ക് യുവാക്കള്‍ വരുന്നത് തടയുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ക്ക് ജൂത പോലീസിന്റെ ചെക്കിങ് കഴിഞ്ഞേ പള്ളിയിലേക്ക് പ്രവേശനമുള്ളൂ.

'മസ്ജിദുല്‍ ഖലീല്‍' എന്ന് മുസ്‌ലിംകള്‍ പേരിട്ടിരിക്കുന്ന ആ പള്ളിയുടെ പരിസരത്തെ മുസ്‌ലിം കടകളെല്ലാം അവര്‍ ശനിയാഴ്ച ദിവസവും അവരുടെ ആരാധനാദിവസങ്ങളിലും അടപ്പിക്കും. ഗസ്സ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ജൂതരാലുള്ള പീഡനം നടക്കുന്നത് ഇവിടെയാണ്. വിപുലീകരിച്ചപ്പോള്‍ പള്ളിക്കടിയില്‍ ഉള്‍പ്പെട്ട മഖ്ഫില എന്ന ഗുഹയിലാണ് ഇബ്‌റാഹീം(അ), ഭാര്യ സാറ, ഇസ്ഹാക്വ് നബി(അ), ഭാര്യ റഫ്ഖ എന്നിവരുടെ ക്വബ്‌റുകള്‍ ഉള്ളത്. ഫലസ്തീനികള്‍ക്കിടയില്‍ ചില പുത്തനാചാരങ്ങളുണ്ടെങ്കിലും അവര്‍ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുന്നവരാണ്.

ഫലസ്തീന്‍ ജനത ഇപ്പോള്‍ വലിയൊരു യുദ്ധമുഖത്താണുള്ളത്. ഇസ്രയേല്‍ പോലീസ് അനാവശ്യമായി പ്രകോപനമുണ്ടാക്കി അക്രമത്തിന് തുടക്കംകുറിക്കുകയായിരുന്നു. ഇപ്പോള്‍ അത് കാട്ടുതീയായി ആളിപ്പടര്‍ന്നിരിക്കുന്നു. ഫലസ്തീനികളായ കുട്ടികളും സ്ത്രീകളും അടക്കമുള്ള സാധാരണക്കാര്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയുണ്ടയേറ്റും ബോംബിംഗിലും മരിച്ചുവീഴുകയാണ്. പിറന്ന നാടിന്റെ സ്വാതന്ത്ര്യമാണ് അവര്‍ ചോദിക്കുന്നത്. അതിനാണ് അവര്‍ പോരാടിക്കൊണ്ടിരിക്കുന്നത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ചെയ്യാനാവുന്നത് അവര്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക എന്നതാണ്. ഫലസ്തീനികളുടെ വേദന മനസ്സിലാക്കി, അവരുടെ സമാധാന ജീവിതത്തിന് വേണ്ടിയുള്ള പ്രാര്‍ഥന.