നിര്‍ഭയത്വം സമാധാനം ഇസ്‌ലാം

മുജീബ് ഒട്ടുമ്മല്‍

2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06
ഭയത്തിന്റെയും ആധിയുടെയും പിടിയിലമരുന്നവര്‍ക്ക് ജീവിതത്തിലെ സന്തോഷവും ഉത്സാഹവും ചോര്‍ന്ന് പോകും. നിരാശയും നിഷ്‌ക്രിയത്വവും അവരെ പിടികൂടും. പ്രായോഗിക ചിന്തകളില്‍നിന്ന് സാങ്കല്‍പിക മിഥ്യാലോകങ്ങളില്‍ മനസ്സ് തളയ്ക്കപ്പെടും. ഇവിടെ മുഴുവന്‍ മേഖലകളിലും നിര്‍ഭയത്വം പ്രഘോഷിക്കുന്ന ഇസ്‌ലാമിന്റെ ദര്‍ശനങ്ങള്‍ മാത്രമെ അവനെ സമാധാനചിത്തനാക്കൂ.

'പോവെഗ്ലിയ' ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു ചെറു ദ്വീപാണ്. ഇറ്റലിയിലെ വെനീഷ്യന്‍ കായലില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് അസ്വസ്ഥമായ ഭൂതകാലം ചുമക്കുന്നതും പ്രേതസാന്നിധ്യമുണ്ടെന്ന് തദ്ദേശീയരാല്‍ വിശ്വസിക്കപ്പെടുന്നതുമാണ്. ഈ പ്രത്യേകതകള്‍ പരിഗണിച്ച് അങ്ങോട്ടുള്ള പ്രവേശനം പൊതുജനങ്ങള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. 18 ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ ചെറുദ്വീപ് പഴയകാലത്ത് വെനീസിന്റ സാമ്പത്തിക, വാണിജ്യകേന്ദ്രമായിരുന്നത്രെ! ഇറ്റലിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ തമ്മിലുള്ള യുദ്ധം കാരണമായി വിജനമായ ഈ പ്രദേശം 'ബൂബോണിക് പ്ലേഗ്' എന്ന പേരില്‍ കുപ്രസിദ്ധമായ പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ക്കുള്ള ക്വാറന്റൈന്‍ കേന്ദ്രമാക്കി.

ശുശ്രൂഷയും വൈദ്യസഹായവും ലഭിക്കാതെ ഒന്നര ലക്ഷത്തോളം രോഗികള്‍ മരണമടഞ്ഞു. അവരുടെ ശവങ്ങള്‍ കത്തിച്ച് കളയുകയായിരുന്നു. അതില്‍ അബോധാവസ്ഥയിലായിരുന്ന രോഗികളുമുണ്ടായിരുന്നത്രെ! അവരുടെ ആര്‍ത്തനാദങ്ങള്‍ മനസ്സുകളില്‍ ഒരുതരം ഭീതിയുണ്ടാക്കി. ദുര്‍ബല വിശ്വാസങ്ങളാല്‍ പല കെട്ടുകഥകളും പ്രചരിക്കപ്പെട്ടതോടെ സമൃദ്ധമായ ഒരു പ്രദേശത്തെ കയ്യൊഴിയാന്‍ സമൂഹം നിര്‍ബന്ധിതരായി.

മനുഷ്യമനസ്സുകളെ അധീനപ്പെടുത്തുന്ന ഭയം രാജ്യത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നുവെന്നതിന്റ നേര്‍ചിത്രമാണ് പൊവെഗ്ലിയ എന്ന ചെറു ദ്വീപ് നമുക്ക് പകര്‍ന്ന് നല്‍കുന്നത്.

ഭയത്തിന്റെയും ആധിയുടെയും പിടിയിലമരുന്നവര്‍ക്ക് ജീവിതത്തിലെ സന്തോഷവും ഉത്സാഹവും ചോര്‍ന്ന് പോകും. നിരാശയും നിഷ്‌ക്രിയത്വവും അവരെ പിടികൂടും. പ്രായോഗിക ചിന്തകളില്‍നിന്ന് സാങ്കല്‍പിക മിഥ്യാലോകങ്ങളില്‍ മനസ്സ് തളയ്ക്കപ്പെടും. ചൂഷണങ്ങളും ശത്രുതയും വര്‍ധിക്കും. അധികാരക്കൊതിയില്‍ ജീവന് വിലകല്‍പിക്കാത്ത ഭരണാധികാരിയുടെ കളിപ്പാവയായി സമൂഹം അധഃപതിക്കും. അസമാധാനത്തിലും അസ്വസ്ഥതയിലും ജീവിതം ഹോമിക്കപ്പെടും. സമാധാനത്തിന്റെ ഉപാസകര്‍ക്ക് വിഹരിക്കാനുള്ള വിളനിലം രൂപപ്പെടും.

രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളെയും സാമൂഹിക ഉത്ഥാനങ്ങളെയും പരിഷ്‌കരണ ബോധത്തെയും പരിവര്‍ത്തന ചിന്തയെയുമെല്ലാം തടയിടുന്ന മാനസിക വൈകല്യമായി ഭയം വിഹരിച്ചുകൊണ്ടിരിക്കും.

ഭീതി വിതയ്ക്കുന്ന വിനകള്‍

അധികാരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭീതി കാരണമായി മനുഷ്യജീവനുകളെ വേട്ടയാടിയ നരാധമന്‍മാര്‍ മാനവ ചരിത്രത്തില്‍ ധാരാളമായി കാണാം. മത, വര്‍ഗ, വര്‍ണ, ജാതി ചിന്തകള്‍ക്കതീതമായി ഒരുമിക്കാമെന്ന് വാചാലമായിരുന്ന സോഷ്യലിസ്റ്റുകള്‍ പോലും തൊഴിലാളിവര്‍ഗ വിപ്ലവം പ്രതിരോധിക്കപ്പെടുമെന്ന ഭീതിയില്‍ റഷ്യന്‍ സാമ്രാജ്യത്തിന്റെ അവസാന കണ്ണിയായിരുന്ന റോമനോവ് കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത് ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് ചേമ്പറിലിട്ട് പതിനായിരങ്ങളെ കൊന്നൊടുക്കിയ അഡോള്‍ഫ് ഹിറ്റ്‌ലറിനെ പിടികൂടിയതും തന്റെ ഭരണനഷ്ടത്തെ കുറിച്ചുള്ള ഭീതിയായിരുന്നു.

ലോകമഹായുദ്ധങ്ങളും അനന്തര കെടുതികളുമെല്ലാം തന്നെ അധികാരിവര്‍ഗങ്ങളുടെ സ്ഥാനചലന ഭീതിയുടെ പ്രതിഫലനമായിരുന്നു. 3500ലേറെ വര്‍ഷം മുമ്പ് പുരാതന ഈജിപ്ത് ഭരിച്ചിരുന്ന ഫറോവയുടെ ക്രൂരതകളെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. വളര്‍ന്നുവരുന്ന ഇസ്‌റാഈലീ വംശജര്‍ക്കെതിരെയായിരുന്നു ക്രൂരമായ അക്രമങ്ങളഴിച്ചുവിട്ടത്. അവരിലെ ആണ്‍കുട്ടികളെ കൊന്നുകളയാന്‍ കല്‍പന പുറപ്പടുവിച്ചു. തന്റെ ഭരണത്തിന് ഭീഷണിയാകുമെന്ന ഭയമായിരുന്നു ഫിര്‍ഔനെ ഇത്തരം നടപടികള്‍ക്ക് പ്രേരിപ്പിച്ചത്. ക്വുര്‍ആന്‍ പറയുന്നു:

''നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും നിങ്ങള്‍ക്ക് നിഷ്ഠൂര മര്‍ദനമേല്‍പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്റെ കൂട്ടരില്‍നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍മിക്കുക). നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു വലിയ പരീക്ഷണമാണ് അതിലുണ്ടായിരുന്നത്'' (2:49).

ആധുനിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതികളും അക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമെല്ലാം ഭീതിയില്‍നിന്നുടലെടുത്തതാണ്. ഭീകരാക്രമണങ്ങളും ഭീകരത ആരോപിച്ചുകൊണ്ടുള്ള സാമുദായിക ഉന്‍മൂലനങ്ങളുമെല്ലാം ഇത്തരം ഭീതി വിതയ്ക്കുന്ന വിനകളാണ്. സാമ്രാജ്യത്വം ദാര്‍ശനിക പിന്‍ബലം നല്‍കി നിര്‍മിച്ചെടുത്ത സാമ്പത്തിക കോട്ടകളും അധീശത്വവാഴ്ചകളും ഇസ്‌ലാമിന്റെ ധാര്‍മിക മുന്നേറ്റത്തില്‍ തകര്‍ന്നടിയുമെന്ന ഭീതിയാണ് ലോകത്ത് ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാന സ്രോതസ്സെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ലോകത്ത് നടക്കുന്ന കലാപങ്ങളും യുദ്ധങ്ങളും വിമോചന പോരാട്ടങ്ങളും ഭീകരാക്രമണങ്ങളും വ്യാജ ഏറ്റുമുട്ടലുകളുമെല്ലാം പരസ്പര ഭയത്തിന്റെ ഉല്‍പന്നങ്ങളാണെന്നതില്‍ അതിശയോക്തിയില്ല.

ഭയം ഒരു ചൂഷണോപാധി

മതേതര ഇന്ത്യയുടെ അധികാരത്തിലേക്ക് ബി.ജെ.പി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിലെ സാഹചര്യങ്ങളെ പഠനവിധേയമാക്കിയവര്‍ ധാരാളം കാര്യങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. സാമ്പത്തികാധീശ്വത്വവും കയ്യൂക്കുമെല്ലാം അതില്‍ എണ്ണിപ്പറയുമ്പോള്‍ ദുര്‍ബല മനസ്സുകളെ കീഴ്‌പെടുത്താനായി അന്ധവിശ്വാസങ്ങളുടെ പ്രചാരണവും അതിലെടുത്ത് പറയുന്നുണ്ട്. നോട്ട് നിരോധനവും പാചകവാതക വില വര്‍ധനവും സാമൂഹികവര്‍ഗീകരണവുമെല്ലാം കൂടി സമൂഹം വീര്‍പ്പമുട്ടി അതിനെതിരെ പൊതുബോധം രൂപപ്പെട്ടിട്ടും നരേന്ദ്ര മോഡിക്ക് അവതാരപരിവേഷം നല്‍കാന്‍ സംഘപരിവാര മിഷന് സാധിച്ചുവെന്നതാണ് വിജയത്തിലെ ഒരു ഘടകം.

ഭരണരംഗത്ത് അമ്പേ പരാജയമെന്ന് ഗണിക്കുമ്പോഴും ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിലെ ദുര്‍ബല വിശ്വാസികളുടെ മനസ്സുകളില്‍ വളര്‍ന്ന ആള്‍ദൈവ ഭീതി സംഘപരിവാരങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാകുകയായിരുന്നു. സന്യാസി വേഷങ്ങളും ജപമാലകള്‍ പിടിച്ചുകൊണ്ടുള്ള അധരവ്യായാമങ്ങളും പച്ച ചുറ്റിയ ചുമലുകളും ജഢപിടിച്ച മുടിയുമെല്ലാം ഉള്‍ഭയം നല്‍കുന്ന ദുര്‍ബലമനസ്സുകള്‍ എക്കാലത്തും ധാരാളമുണ്ട്. അത്തരം ഭാവങ്ങളും രൂപങ്ങളും ഉപയോഗപ്പെടുത്തി അന്ധവിശ്വാസികള്‍ക്ക് ഉള്‍ഭയം നല്‍കി ആത്മീയ ചൂഷണം നടത്തുന്ന ആള്‍ദൈവങ്ങളും പുരോഹിതന്‍മാരും സമൂഹത്തില്‍ തടിച്ച് കൊഴുക്കുകയാണ്. സര്‍ക്കാറിന്റെ എല്ലാ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കുമതീതരാണിവര്‍. രണ്ട് പെണ്‍മക്കളെ വിട്ട് കിട്ടാന്‍ നിയമ പോരാട്ടം നടത്തിയിരുന്ന ഒരു പിതാവിനെയും നിയമങ്ങളെയും ലോകത്തെയും പരിഹസിച്ചുകൊണ്ട് സ്വന്തമായൊരു രാജ്യവും കറന്‍സിയും പ്രഖ്യാപിച്ച നിത്യാനന്ദന്‍ എന്ന ആത്മീയ ചൂഷകന്‍ ഇന്റര്‍പോള്‍ തെരയുന്ന കുറ്റവാളിയാണെന്നറിഞ്ഞിട്ടും അയാളെ ഇതുവരെ ഒരാള്‍ക്കും തൊടാനാവാത്തത് ഇങ്ങനെയൊരു ഭയം ലോകത്തെ പിടികൂടിയതുകൊണ്ട് തന്നെയാണ്.

പ്രബുദ്ധരായ മലയാളികള്‍ക്കിടയില്‍ പോലും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ആള്‍ദൈവങ്ങളുണ്ടെന്നത് ആത്മീയ ഭീതിയുടെ അവിശ്വസനീയമായ കടന്നുകയറ്റമാണ്.

പ്രവാചക കേശമെന്നവകാശപ്പെട്ട് കൊണ്ടുവന്ന മുടിനാരുകള്‍ വ്യാജമാണെന്നറിഞ്ഞിട്ടും അതിനെ ന്യായീകരിക്കാന്‍ പ്രയാസപ്പെടുന്ന അനുയായികളുടെ മസ്തിഷ്‌ക്കം ആത്മീയ ഭീതിയാല്‍ മരവിച്ചതാണെന്നതില്‍ തര്‍ക്കമില്ല.

അത്രമാത്രം മസ്തിഷ്‌കാടിമത്വമുള്ള ഒരു സമൂഹമുണ്ടാകുന്നത് 'ഗുരുത്വക്കേട്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഉള്‍ഭയമാണെന്നതും അവിതര്‍ക്കിതമാണ്.

13 എന്ന അക്കത്തെ ഭയപ്പെടുന്നവരും ഈ പുരോഗമനയുഗത്തിലുണ്ടെന്നത് ഏറെ അത്ഭുതപ്പെടുന്നതാണ്. 'തേര്‍ട്ടീന്‍ ഡിജിറ്റ് ഫോബിയ' എന്ന പേരില്‍ സുപരിചിതമാണ് ഈ വിചിത്രഭയം. പരിഷ്‌കൃത സമൂഹത്തിലെ ഉല്‍പതിഷ്ണുക്കള്‍ പോലും ഇത്തരം അന്ധവിശ്വാസങ്ങളില്‍നിന്ന് മോചിതരല്ലെന്നത് ഏറെ കൗതുകകരമാണ്.

കറുത്ത പൂച്ച മുതല്‍ പക്ഷികളുടെ കളകൂജനങ്ങള്‍വരെ മനുഷ്യന്റ ദുര്‍ബല മനസ്സുകളിലുണ്ടാക്കുന്ന ഭയവിഹ്വലത അന്ധവിശ്വാസങ്ങളുടെ പരിണിതങ്ങളാണ്. ഇങ്ങനെയുള്ള മാനസികാടിമത്തങ്ങളില്‍നിന്ന് സ്വതന്ത്രരാകാനും നിര്‍ഭയമായ ജീവിതത്തിനായി ശരിയായ വഴിതേടാനും മനുഷ്യന്‍ തയ്യാറാകണം.

നിര്‍ഭയത്വം ഒരനുഗ്രഹം

അന്ധവിശ്വാസങ്ങളില്‍ അഭിരിമിക്കുന്ന ദുര്‍ബലമനസ്സുകളുടെ ഭയപ്പെടുന്ന ജീവിതം പോലെ ലോകത്തിന്റെ വിവിധകോണുകളില്‍ ആയുധങ്ങളുടെ അരോചകമായ ശബ്ദഭീകരതയില്‍ സ്പന്ദിക്കുന്ന ഹൃദയവുമായി ജീവിതം തള്ളിനീക്കുന്ന അനേകായിരങ്ങള്‍ ഇന്നുമുണ്ട്. ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ സമാധാന കരാറുകള്‍ക്കോ ഉഭയകക്ഷി ബന്ധങ്ങള്‍ക്കോ തരിമ്പും വിലകല്‍പിക്കാതെയുള്ള അധികാരിവര്‍ഗങ്ങളുടെ ആയുധമുനകളില്‍ ജീവനുവേണ്ടി കേഴുന്നവരുമുണ്ട്,

ഫലസ്തീനും മ്യാന്‍മറും സിറിയയുമടക്കം ധാരാളം രാജ്യങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളോടു പോലും കരുണാര്‍ദ്രതയില്ലാതെ നെഞ്ചിന്‍കൂട് തകര്‍ക്കുന്ന ബയണറ്റുകള്‍ക്ക് മുന്നില്‍ ഭീതിയില്‍ കഴിഞ്ഞ് കുടുന്ന കുടുംബങ്ങളുടെ ദയനീയത ലോകത്തിന് സുപരിചിതമാണ്.

ഭയമില്ലാത്ത ഒരു ദിവസത്തിനുവേണ്ടി കൊതിക്കുന്നവര്‍, നിര്‍ഭയത്വത്തോടെ സൂരേ്യാദയത്തിനായി ദാഹിക്കുന്നവര്‍, ആകാശത്ത് കൂടി പറന്നുപോകുന്ന വിമാനങ്ങളുടെ ശബ്ദങ്ങള്‍ പോലും തങ്ങളുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുമോ എന്ന ആധിയില്‍ കഴിഞ്ഞ് കൂടുന്നവര്‍ ലോകത്ത് എമ്പാടുമുണ്ട്.

ഇബ്‌റാഹീം നബി(അ) മക്കയുടെ സമൃദ്ധിക്കായി പ്രാര്‍ഥിച്ചപ്പോള്‍ നിര്‍ഭയത്വം ചോദിച്ചത് ശ്രദ്ധേയമാണ്:

''എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്). പക്ഷേ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്. (അവന്ന്) ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ'' (ക്വുര്‍ആന്‍ 2:126).

നിര്‍ഭയത്വംകൊണ്ട് അനുഗ്രഹിച്ചതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

''നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍നിന്നുള്ള ഉപജീവനമത്രെ അത്. പക്ഷേ, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല'' (ക്വുര്‍ആന്‍ 28:57).

''നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തുനിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തോട് അവര്‍ നന്ദികേട് കാണിക്കുകയുമാണോ?'' (ക്വുര്‍ആന്‍സൂ. റൂം 67)

നിര്‍ഭയത്വം നല്‍കുന്ന വിശ്വാസം

മനുഷ്യജീവിത പ്രയാണത്തിലെ ഏത് മേഖലയിലും നിര്‍ഭയത്വം നല്‍കുന്ന വിശ്വാസമാണ് ഇസ്‌ലാമിന്റെത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ച മതദര്‍ശനമെന്നതിനാല്‍ ഭയപ്പെടേണ്ടതും വിശ്വസിക്കേണ്ടതുമായ ഒരു കാര്യത്തിലും ചൂഷണങ്ങള്‍ക്ക് പഴുത് നല്‍കുന്നില്ലെന്നതാണ് അതിന്റെ പ്രത്യേകത. മനുഷ്യന്റ പ്രകൃതിക്കനുഗുണമാകുന്ന ഭയവും പ്രതീക്ഷയുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതാവട്ടെ ചൂഷണമുക്തവുമാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും വിധിവിശ്വാസവും മനുഷ്യന് നല്‍കുന്നത് നിര്‍ഭയത്വമാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം വിശ്വാസികളുരുവിടുന്ന മന്ത്രങ്ങള്‍ മനസ്സിന് നല്‍കുന്ന ആശ്വാസവും നിര്‍ഭയത്വവും കരുത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.

'അല്ലാഹുവേ, നീ നല്‍കിയത് തടയാനാര്‍ക്കുമാകില്ല, നീ തടഞ്ഞത് നല്‍കാനും ആരുമില്ല. നിന്നില്‍ നിന്നുള്ള ഐശ്വര്യത്തിനുമേല്‍ ഒന്നും ഉപകാരപ്പെടില്ല' (ബുഖാരി).

സൃഷ്ടിജാലങ്ങള്‍ക്ക് ദിവ്യത്വം കല്‍പിച്ചുനല്‍കി ഭൗതിക താല്‍പര്യങ്ങള്‍ക്കായി ആത്മീയ ഭയം പ്രചരിപ്പിക്കുന്നവര്‍ക്ക് യഥാര്‍ഥ വിശ്വാസികളെ ഭയപ്പെടുത്താനാവില്ല. അധികാര ദണ്ഡ് ഉപയോഗിച്ച് ഭയപ്പെടുത്തി ഭരിക്കാമെന്ന് വ്യാമോഹിക്കുന്ന ക്രൂരന്‍മാരായ ഭരണാധികാരികളുടെ നടപടികള്‍ക്ക് മുന്നിലും വിശ്വാസികള്‍ക്ക് പതര്‍ച്ചയുണ്ടാവില്ല. നിയമനിര്‍മാണങ്ങളിലൂടെ സാമുദായിക ഉന്‍മൂലനത്തിനായി കരുനീക്കം നടത്തുന്നവരുടെ കുതന്ത്രം അല്ലാഹുവിന്റെ വിധിക്കപ്പുറം നടക്കില്ലെന്ന വിശ്വസിക്കുന്നവരെ ഭയപ്പെടുത്താനാവില്ല. ക്രൂരതകള്‍ക്കിരയായി വേദനകളനുഭവിക്കേണ്ടിവന്നാലും കൊല്ലപ്പെടേണ്ടിവന്നാലും പാരത്രികലോകത്തെ അനശ്വരജീവിതത്തെ കൊതിക്കുന്നവരുടെ മനസ്സുകളിലെ പ്രതീക്ഷ ഭയത്തെ കെടുത്തിക്കളയുമെന്നതാണ് സത്യം. മാരകമായ രോഗങ്ങള്‍ക്കടിമപ്പെട്ടാല്‍ പോലും കടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന വേദനകള്‍ പാപമോചനത്തിന് കാരണമാകുമെന്ന് വിശ്വസിക്കുന്നവരെ ഭയപ്പെടുത്താന്‍ ആത്മീയ ചൂഷകര്‍ക്കുമാകില്ല.

മാനവരാശിയിലേക്ക് നിയോഗിതരായ പ്രവാചകന്‍മാരുടെ ജീവിതം കടന്നുപോയത് പ്രതിസന്ധികളിലൂടെയായിരുന്നു. സ്വന്തം പിതാവ് വീട്ടില്‍നിന്ന് പുറത്താക്കിയിട്ടും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ബഹിഷ്‌കരണത്തിനും ആക്ഷേപങ്ങള്‍ക്കും വിധേയമാകേണ്ടിവന്നിട്ടും നിര്‍ഭയമായി എല്ലാറ്റിനെയും അതിജയിച്ച ഇബ്‌റാഹീം നബി(അ)യുടെ ജീവിതം ഇതിന് ഉത്തമ ഉദാഹരണമാണ്.

''അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 21: 68).

''അന്നത്തെ ദുര്‍ബല വിശ്വാസികള്‍ ദൈവങ്ങളെ രക്ഷപ്പെടുത്താനെന്ന വ്യാജേന നേര്‍ച്ചയാക്കിയ വിറകുകള്‍ ശേഖരിക്കപ്പെട്ടു. ഭയാനകമായ തീകുണ്ഡാരം ഇബ്‌റാഹീം നബി(അ)യെ ചുട്ടുകൊല്ലാനായി ഒരുക്കി. കത്തിജ്വലിക്കുന്ന തീനാളങ്ങള്‍ക്കരികില്‍ നിന്ന് പതര്‍ച്ചയും ഭയവുമില്ലാതെ ഏകനായ അല്ലാഹുവിനോട് അദ്ദേഹം പ്രാര്‍ഥിച്ചു: അല്ലാഹുവേ, ആകാശത്ത് നീ ഏകനാണ്. നിന്നെ ആരാധിക്കുന്നവനായി ഭൂമിയില്‍ ഞാനും ഏകനാണ്'' (തഫ്‌സീര്‍ ഇബ്‌നുകഥീര്‍).

അല്ലാഹുവിന്റെ കാവലില്‍ യാതൊരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ട ഇബ്‌റാഹീം നബി(അ)യുടെ വിശ്വാസം നിര്‍ഭയത്വം നല്‍കുന്നതായിരുന്നു.

ക്രൂരനായ ഫിര്‍ഔന്റെ മുന്നിലേക്ക് ഏകദൈവ വിശ്വാസത്തിന്റെ പ്രകാശവുമായി കയറിച്ചെന്ന മൂസാ നബി(അ)യും മറ്റൊരു മാതൃകയാണ്.

സൗര്‍ ഗുഹയിലിരിക്കെ ശത്രുവിന്റ കാല്‍പെരുമാറ്റ ശബ്ദങ്ങള്‍ക്കിടയിലും ആശ്വാസത്തോടെ ഉറങ്ങിയ മുഹമ്മദ് നബി ﷺ യും നിര്‍ഭയത്വത്തിന്റെ വിശ്വാസം മാനവരാശിയെ പഠിപ്പിച്ച മഹാനാണ്.

തന്നെ ശത്രുക്കള്‍ വധിക്കുമെന്ന് ഉറപ്പായിട്ടും അവരുടെ മുന്നില്‍ യാതൊരു ഭയവുമില്ലാതെ നമസ്‌കരിക്കാന്‍ തയ്യാറായ ഖുബൈബി(റ)ന്റെ വിശ്വാസവും മറ്റൊന്നായിരുന്നില്ല.

ഇസ്‌ലാമോഫോബിയയുടെ പ്രചാരണത്തോടെ ലോകത്ത് നടക്കുന്ന മുസ്‌ലിം വേട്ടകളെ വളരെ വേദനയോടെയാണ് വിശ്വാസികള്‍ കാണേണ്ടത്. അവരുടെ സുരക്ഷയും നിര്‍ഭയജീവിതവും ആഗ്രഹിക്കാത്തവരായി ഇസ്‌ലാമികലോകത്ത് ആരുമുണ്ടാവാന്‍ തരമില്ല.

ഇത്തരം സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി, വൈകാരികതയെ വ്രണപ്പെടുത്തി മുതലെടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഇരകളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും സമുദായത്തിന് നിരാശയും അപകര്‍ഷതയും പകര്‍ന്നുനല്‍കി വിശ്വാസികളെ നിഷ്‌ക്രിയമാക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുന്നു. അതേസമയം ഇതേ ആശയങ്ങളിലൂടെ തീവ്രവികാരങ്ങള്‍ മനസ്സുകളില്‍ വിത്തിട്ട് വളര്‍ത്തി നല്‍കി അപക്വതയിലൂടെ അപകടങ്ങളിലേക്ക് തള്ളിയിട്ട് വിനാശം വിതയ്ക്കുന്നവരും മറുവശത്തുമുണ്ട്. എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തുന്ന നിര്‍ഭയത്തിന്റ വിശ്വാസത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറായാല്‍ സമാധാനപൂര്‍ണമായ ഒരു സമൂഹത്തിന്റ ഉയിര്‍ത്തെഴുന്നേല്‍പിന് സാധ്യമാകും. അല്ലാഹു പറയുന്നു:

 ''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (ക്വുര്‍ആന്‍ 46:13).