ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

നബീല്‍ പയ്യോളി

2021 സെപ്തംബര്‍ 18 1442 സഫര്‍ 11
ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് അപക്വമതികളുടെ ജീവിതത്തിലേക്ക് ലഹരി കടന്നുവരിക. പിന്നീട് മോചിതനാവാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നമായി അത് മാറുന്നു. ലഹരി നുണഞ്ഞ ജീവിതങ്ങള്‍ക്ക് പറയാനുള്ളത് അത് നക്കിയെടുത്ത മനുഷ്യായുസ്സിന്റെ കദനകഥകള്‍ കൂടിയാണ്.

മനുഷ്യന്‍ സമാധാനകാംക്ഷിയാണ്, എന്നാല്‍ പ്രശ്‌ന സങ്കീര്‍ണമായ ആധുനിക ലോക സാഹചര്യത്തില്‍ സമാധാനം എന്നത് കിട്ടാക്കനിയായി മാറുന്നു എന്നതാണ് യാഥാര്‍ഥ്യം. അസ്വസ്ഥമായ മാനസ്സുമായി പ്രശ്‌നങ്ങളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്നവരാണ് മനുഷ്യരില്‍ അധികപേരും. ജീവിതം ദുസ്സഹമാകുന്നു എന്ന് തോന്നുമ്പോള്‍ സമാധാനത്തിന് വേണ്ടി കുറുക്കുവഴികള്‍ തേടുക എന്നതാണ് പലരും അവലംബിക്കുന്ന രീതി. അതാവട്ടെ സര്‍വനാശത്തിലേക്കുള്ള ചുവടുവയ്പായി മാറുന്നു.

ലഹരി ഇത്തരത്തില്‍ 'ടെന്‍ഷന്‍ മാറ്റാന്‍' ഉപയോഗിക്കുന്ന ഒറ്റമൂലിയാണ് എന്നാണ് പലരും ന്യായീകരിക്കാറുള്ളത്. പുകയില ഉത്പന്നങ്ങളില്‍ തുടങ്ങി മദ്യവും മയക്കുമരുന്നുകളും ഈ ഒറ്റമൂലിയുടെ ഗണത്തില്‍ പടിപടിയായി കടന്നുവരികയാണ്. സൈ്വര്യജീവിതത്തില്‍നിന്നും സര്‍വനാശത്തിലേക്കുള്ള യാത്രയാണ് ലഹരി സമ്മാനിക്കുന്നതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നമുക്ക് ഏറെ പ്രയാസപ്പെടേണ്ടതില്ല; ലഹരി അനേകരുടെ ജീവിതത്തെ തകര്‍ത്തതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും അത്രമാത്രമുണ്ട്.

ആസ്വാദനത്തിനുവേണ്ടിയാണ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങുന്നത് എന്നതാണ് മറ്റുചിലരുടെ വാദം. എന്നാല്‍ ആസ്വാദനത്തിനുവേണ്ടി തുടങ്ങുന്ന ലഹരിയുപയോഗം പതിയെ സ്വബോധം നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നു. ആസ്വാദനം എന്നത് സ്വബോധം ഉണ്ടെങ്കിലല്ലേ സാധ്യമാകൂ? മാനസികനിലയെത്തന്നെ തകരാറിലാക്കുന്ന ഇത്തരം വസ്തുക്കള്‍ ആസ്വാദനം നല്‍കുന്നു എന്നത് കേവലം ന്യായീകരണം മാത്രമല്ലാതെ മറ്റെന്താണ്? അതിനെക്കാളുപരി മാനസിക, ശാരീരിക, സാമ്പത്തിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും അഭിമാനവും അതിലുപരി ജീവന്‍തന്നെയും നഷ്ടപ്പടാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു. ലഹരിയുപയോഗത്താല്‍ മാരകരോഗങ്ങള്‍ക്കടിമപ്പെട്ട് ദുരിതജീവിതം പേറുന്നവരില്ലേ നമ്മുടെ ചുറ്റും? മാനസികനില തെറ്റിയവരായി മാറുന്ന പലരും ആര്‍ക്കും വേണ്ടാത്തവരായി തെരുവില്‍ അലഞ്ഞുനടക്കുന്നതും മറ്റും നാം പലപ്പോഴും കാണുന്നതാണ്. ചുരുക്കത്തില്‍, ലഹരി ജീവിതങ്ങള്‍ തകര്‍ക്കാന്‍ മാത്രമെ കാരണമാകൂ എന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്.

കേരളം പോലുള്ള വിദ്യാസമ്പന്നവും സംസ്‌കാര സമ്പന്നവുമായ ഒരു നാട്ടില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി മയക്കു മരുന്നുകളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് ഏതാനും ഗ്രാം കഞ്ചാവ് പിടികൂടി എന്ന വാര്‍ത്തകളാണ് നാം കേട്ടിരുന്നതെങ്കില്‍ ഇന്നത് കിലോകളും ക്വിന്റലുകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് ഗൗരവതരമാണ്. വ്യത്യസ്തയിനം ലഹരിവസ്തുക്കള്‍ പടര്‍ന്നുകയറുകയാണ്. കേരളം ലഹരിവസ്തു വിപണനത്തിന്റെ ഹബ്ബായി മാറുന്നുവോ എന്ന സംശയത്തിന് ബലം നല്‍കുന്ന രീതിയിലാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍. കോവിഡ് മഹാമാരി ജനത്തെ മുഴുവന്‍ വീട്ടിലടച്ചിട്ടിട്ടും ലഹരിവസ്തുക്കളുടെ ഒഴുക്ക് നിര്‍ബാധം തുടരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ഏപ്രില്‍ മുതല്‍ 2021 ജൂലൈവരെ 9094.66 കിലോ കഞ്ചാവാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍നിന്ന് എക്‌സൈയും പോലീസും പിടിച്ചെടുത്തത്. കൂടാതെ ഹഷീഷ് ഓയില്‍, എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ വേറെയും. കേരളത്തില്‍ ഇത്രയധികം ലഹരിവസ്തുക്കള്‍ വിറ്റഴിക്കാനുള്ള വിപണി ഉണ്ടെന്നത് അത്ഭുതാവഹമാണ്; അതോടൊപ്പം ആശങ്കാജനകവും.

അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാങ്ങളില്‍നിന്നാണ് പ്രധാനമായും റോഡ് മാര്‍ഗം ഇവ കേരളത്തിലേക്ക് കടത്തുന്നത്. സ്വകാര്യവാഹനങ്ങള്‍, അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കം നടത്തുന്ന ലോറികള്‍, ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ എന്നിവയിലൊക്കെയാണ് ലഹരി കടത്തുന്നത്. പ്രത്യേക അറകളില്‍ സൂക്ഷിച്ചും നിതേ്യാപയോഗ സാധനങ്ങള്‍ എന്ന വ്യാജേനയും ലഹരിക്കടത്ത് സംഘങ്ങള്‍ കേരത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നു. കഴിഞ്ഞ മാസം കൊച്ചിയില്‍ അറസ്റ്റിലായ സംഘം കുടുംബമെന്ന വ്യാജേന യാത്രചെയ്താണ് ലഹരി കടത്തിയിരുന്നത്. നിയമപാലകരുടെ കണ്ണില്‍ പൊടിയിടാന്‍ വിലകൂടിയ നായകളും ഇവരുടെ വാഹനത്തില്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ ഈ കേസില്‍ പ്രതികളെ രക്ഷിക്കാനും പിടിച്ച ലഹരിവസ്തുക്കളുടെ അളവ് കുറച്ചുകാണിക്കുന്നതിനും ശ്രമം നടത്തിയത് കേസ് അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ നടത്തുന്ന ഗൂഢാലോചനക്ക് തെളിവാണ്.

ഈയിടെ കര്‍ണാടകയില്‍ മരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് ശക്തമായ അന്വേഷണം നടത്തിവരികയാണ്. ബോളിവുഡ് സിനിമയുമായി ബന്ധമുള്ള പലരെയും ഇതിനകം ചോദ്യംചെയ്ത് കഴിഞ്ഞു. രണ്ട് കന്നഡ നടിമാര്‍ അറസ്റ്റിലുമായി. ഇവരെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ മാഫിയയുടെ കേരള ബന്ധം പുറത്ത് വരുന്നത്. കേരളത്തില്‍ 2019ല്‍ നിര്‍മിച്ച സിനിമകള്‍, അവയില്‍ എത്രയെണ്ണം വിജയിച്ചു തുടങ്ങിയ വിവരങ്ങള്‍ സ്‌പെഷ്യല്‍ബ്രാഞ്ച് ശേഖരിച്ചുവരികയാണ്. സിനിമാലോകത്ത് ലഹരിയുപയോഗം വ്യാപകമാണെന്ന് നിര്‍മാതാക്കളുടെ സംഘടനകളും മറ്റും നേരത്തെതന്നെ ആരോപണം ഉന്നയിച്ചതാണ്. ലഹരി പാര്‍ട്ടികളും മറ്റും കേരളത്തിലെ വിവിധയിടങ്ങളില്‍ നടക്കുന്നതിന്റെ വിവരങ്ങളും പലതവണ പുറത്ത് വന്നിട്ടുണ്ട്. ലഹരിക്കടത്തതുമായി ബന്ധപ്പെട്ട് എത്രയോ മലയാളികള്‍ ബംഗളുരു ജയിലില്‍ കഴിയുന്നുണ്ട്.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കേരളത്തില്‍ ലഹരിയുപയോഗവും വിപണനവും കൂടിവരികയാണ് എന്നത് വെറും ആരോപണമല്ലെന്നും ഒരു യാഥാര്‍ഥ്യംതന്നെയാണ് എന്നും വ്യക്തമാകുന്നു. ലഹരിക്കടത്തും ഉപയോഗവും കൗമാരപ്രായക്കാരിലും യുവാക്കളിലുമാണ് കൂടുതല്‍ എന്നത് ഈ കേസുകളുടെ ആഴങ്ങളിലേക്ക് പോയാല്‍ ബോധ്യമാവുന്നതാണ്. ലഹരി ഒരുക്കുന്ന മഹാദുരന്തത്തില്‍ നമ്മുടെ പുതുതലമുറ അകപ്പെടുന്നത് ആശങ്കപ്പെടുത്തേണ്ടതുതന്നെയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കള്‍ക്കിടയിലും ലഹരിയുപയോഗം കൂടുന്നതായി മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാലങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിനും ബോധവത്കരണ പരിപാടികളും ആരംഭിച്ചത്. എന്നാല്‍ കൊറോണ വ്യാപനംമൂലം വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നിട്ടും ജോലിസ്ഥലങ്ങള്‍ പ്രവര്‍ത്തന രഹിതമായ നാളുകളിലും ലഹരിക്കടത്ത് നടക്കുന്നു എന്നത് സൂചിപ്പിക്കുന്നത് ലഹരിയുടെ കെണിയില്‍ പെട്ട നിരവധി ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നതുതന്നെയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓണ്‍ലൈന്‍ വിപണന സാധ്യതകളും ഇത്തരം സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൊണ്ടാവാം ലോക് ഡൗണ്‍ കാലയളവില്‍ പോലും ഇത്രയധികം മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിയത്.

സമീപകാലത്ത് നടന്ന പല കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും അപകടമരണങ്ങളും ബലാത്സംഗങ്ങളുമൊക്കെ ലഹരിവസ്തുക്കളുടെ ഉപയോഗം കാരണത്താല്‍ സംഭവിച്ചതാണെന്ന കാര്യം വ്യക്തമാണ്. ഇത്രയും വ്യാപകമായി നമ്മുടെ നാട്ടില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നതിന് തടയിടാന്‍ സര്‍ക്കാരിനും നിയമപാലകര്‍ക്കും സാധിക്കാതെ പോകുന്നത് എന്തുകൊണ്ട്?

കൊച്ചിയിലെ  കാക്കനാട് ലഹരി മരുന്ന് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി ആരോപണം നേരിടുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുകയാണ്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സിഐ അടക്കം നാല് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി. വേലിതന്നെ വിളവ് തിന്നുന്ന കാഴ്ച എത്ര ഭീകരമാണ്! സിനിമ, രാഷ്ട്രീയ, ബിസിനസ്, ഉദേ്യാഗസ്ഥ ബന്ധം ലഹരിമാഫിയകളെ നിര്‍ബാധം സംസ്ഥാനത്ത് വിലസാന്‍ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കാക്കനാട്ടെ ലഹരിവേട്ടയും തുടര്‍ന്ന് നടന്ന നാടകങ്ങളും എന്നുവേണം മനസ്സിലാക്കാന്‍. കേസില്‍ പ്രതിയായ ഒരു സ്ത്രീയെ ഒഴിവാക്കാന്‍ ശ്രമം നടക്കുമ്പോള്‍ അവളെ എന്തിന് ഒഴിവാക്കുന്നു എന്ന നിഷ്‌കളങ്ക ചോദ്യം കൂട്ടുപ്രതിയായ മറ്റൊരു സ്ത്രീ ചോദിച്ചത് ഉദേ്യാഗസ്ഥലോബിയുടെ കേസ് അട്ടിമറിക്കല്‍ നാടകത്തിന് നേര്‍സാക്ഷ്യമാണ്.

ലഹരിവസ്തുക്കള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ്

മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമമാണ് 1985ലെ എന്‍ഡിപിഎസ് ആക്റ്റ്. ഇത് വളരെ ശക്തമായ ഒരു കേന്ദ്ര ആക്റ്റാണ്. മയക്കുമരുന്നുകള്‍ വ്യാവസായിക അളവില്‍ കൈവശം വയ്ക്കുകയോ കടത്തിക്കൊണ്ടുവരികയോ ചെയ്യുന്ന ഒരു വ്യക്തിക്ക് 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപവരെ പിഴ ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ എന്‍ഡിപിഎസ് കേസിലെ കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞാല്‍ തടവുശിക്ഷയുടെ അളവ് 20 മുതല്‍ 40 വര്‍ഷം വരെയായി ഉയരും. ഒരിക്കല്‍ ഒരു 'കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി' കേസില്‍ പിടിക്കപ്പെടുകയും അത് പ്രോസിക്യൂഷന് കോടതി മുമ്പാകെ തെളിയിക്കുവാന്‍ കഴിയുകയും ചെയ്താല്‍ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം വധശിക്ഷ വിധിക്കാവുന്നതാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കുന്നതും മയക്കുമരുന്ന് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും മയക്കുമരുന്നിന്റെ വില്‍പനയും വിതരണവുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഢാലോചനയില്‍ പങ്കെടുക്കുന്നതുമെല്ലാം ശിക്ഷാര്‍ഹമാണ്. മയക്കുമരുന്ന് പിടിച്ചെടുക്കുകയോ, അത് കൈവശം വയ്ക്കുകയോ ചെയ്യണമെന്നില്ല; പ്രതികള്‍ക്ക് അങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി.

ഇത്രയും ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെയാണ് നമ്മുടെ നാട്ടില്‍ ലഹരിക്കടത്ത് മാഫിയയുടെ വിളയാട്ടം എന്നത് മുകളില്‍ സൂചിപ്പിച്ചതുപോലെ വേലി വിളവ് തിന്നുന്നതിന്റെ പരിണിതഫലം തന്നെയാണ് എന്നു വ്യക്തമാക്കുന്നു. ലഹരിയെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് പലരും ഉപയോഗിക്കുന്നത്. പെട്ടെന്ന് പണക്കാരനാവാനും ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ ലാഭം കൊയ്യാനും മനസ്സ് കൊതിക്കുന്ന ചെറുപ്പത്തെ ഇങ്ങനെയാണ് ഇത്തരം ലോബികള്‍ വലയയിലാക്കുന്നത്. നക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ ഇത്തരത്തില്‍ വന്‍ലാഭം കൊയ്യാനുള്ള മറ്റൊരു വേദിയാണ്. 'മാന്യന്മാരും' സമ്പന്നരുമായ ഉപഭോക്താക്കള്‍ക്ക് സാധാരണ ഉപഭോക്താക്കളെക്കാളും പത്തിരട്ടി ലാഭത്തിന് വില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യം, നക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടക്കാനുള്ള സാധ്യതക്കുറവ് എന്നിങ്ങനെ വിഐപി ലഹരി വില്‍പന മോഡലിംഗ്-സിനിമ മേഖലകളിലും മറ്റും നിലനില്‍ക്കുന്നുണ്ട്. ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുകയാണ് ഈ അവിശുദ്ധകൂട്ടുകെട്ട്. നാടിന്റെ നാളെയുടെ നായകരാവേണ്ടവരെ ഷന്ധീകരിച്ച് ലാഭക്കൊതിയന്മാരായ രാക്ഷസന്മാര്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത മറന്നുപോകരുത്.

പലരും ഇത്തരം കേസുകളില്‍ പിടിക്കപ്പെടുമ്പോഴാണ് അവരുടെ കുടുംബക്കാരും സുഹൃത്തുക്കളും നാട്ടുകാരുംവരെ വിവരം അറിയുന്നത്. അതുകൊണ്ട്തന്നെ ഈ മാരകവിപത്തിനെതിരെ ശക്തമായ ബോധവത്കരണവും ചെറുത്തുനില്‍പും അനിവാര്യമാണ്. ഏതുതരം ലഹരിയും മനുഷ്യന്റെ നാശത്തിന് മാത്രമെ ഹേതുവാകൂ എന്ന തിരിച്ചറിവ് മുഴുവന്‍ ജനങ്ങള്‍ക്കും ഉണ്ടാവേണ്ടതുണ്ട്. ആഘോഷവേളകൡ കൂടുതല്‍ മദ്യം വില്‍ക്കാനും ബസ്സ്റ്റാന്റുകളില്‍ പോലും മദ്യശാലകള്‍ തുടങ്ങാനും വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ എങ്ങനെ ആത്മാര്‍ത്ഥമായി ലഹരിമുക്ത കേരളത്തിനായി പരിശ്രമിക്കും എന്നത് ഒരു ചോദ്യമാണ്.

മയക്കുമരുന്ന് ഉപയോഗം പാടെ ഇല്ലാതാക്കുവാന്‍ സര്‍ക്കാരിനുകീഴില്‍ 'വിമുക്തി' എന്ന പദ്ധതി നിലവിലുണ്ടെന്ന കാര്യം ഓര്‍ക്കുക!

വിമുക്തി

മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവത്കരണ മിഷന് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുള്ളത്.

ലക്ഷ്യം

സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരിക, ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നിവയാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളിെലയും കോളേജുകളിലെയും ലഹരിവിരുദ്ധ ക്ലബ്ബുകള്‍, എസ്പിസി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി, യുവജന, മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ഥി-യുവജനങ്ങളെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് 'ലഹരി വിമുക്ത കേരളം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് 'വിമുക്തി'യുടെ ലക്ഷ്യം.

സംഘാടനം

ബഹു. മുഖ്യമന്ത്രി ചെയര്‍മാനും, എക്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും; എക്‌സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്‌സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും; തുടര്‍ന്ന് ബ്ലോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ്‌ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറുമായ സമിതിയും; വാര്‍ഡ്തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും ഇതിനായി രൂപീകരിക്കേണ്ടതുണ്ട്.

പ്രവര്‍ത്തനം

സാമൂഹികമായ ക്രിയാത്മക ചുവടുവയ്പുകള്‍, സംസ്ഥാനതല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുതുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ, ലഹരി ഉത്പന്നങ്ങളുടെ ലഭ്യതയും വിപണവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്.

താഴെ തലംമുതല്‍ മുകള്‍ത്തട്ടുവരെ ലഹരി വിമോചന ശ്രമങ്ങളുമായി സംസ്ഥാനത്ത് വിമുക്തി സമിതികള്‍ ഉണ്ട്. ഇത് എത്ര ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് സര്‍ക്കാരും ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും സഗൗരവം വിചിന്തനം നടത്തേണ്ടതുണ്ട്. നമ്മുടെ നാടിനെ കാര്‍ന്നുതിന്നുന്ന ഈ മഹാവിപത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനില്‍പ് അത്യന്താപേക്ഷിതമാണ്. സാങ്കേതിക വിദ്യയുടെ സാന്നിധ്യം ഓരോ മനുഷ്യനെയും തികച്ചും ഒറ്റപ്പെട്ടവനാക്കിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം നാം മറന്നുപോകരുത്. ഈ സാഹചര്യം മുതലെടുത്താണ് ലഹരി മാഫിയകള്‍ നമ്മുടെ കുട്ടികളെ വലയിലാക്കുന്നത്; ഘട്ടം ഘട്ടമായി അവരെ ലഹരിക്കടിമകളാക്കുകയും ജീവിതം തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്.

ഓരോ രക്ഷിതാവും കുടുംബവും സമൂഹവും മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുമെല്ലാം തങ്ങളുടെ ഭാഗധേയം ഉത്തരവാദിത്തബോധത്തോടെയും ഗൗരവത്തോടെയും നിര്‍വഹിക്കേണ്ടതുണ്ട്. മത, ജാതി, വര്‍ഗ, വര്‍ണ, ദേശ വ്യത്യാസമന്യെ ഒരു തലമുറയെ ഷന്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു നേരെ കണ്ണടക്കുക എന്നത് സ്വയം നാശത്തിലേക്കുള്ള പ്രയാണമാവും. ലഹരിവിമുക്തമായ ഒരു നാട് എന്നത് സാധ്യമാവണമെങ്കില്‍ ഓരോരുത്തരും അവരവരുടെതായ ഉത്തരവാദിത്തം നിര്‍വഹിക്കണം. ലഹരി വിമുക്തി മുദ്രാവാക്യം മുഴക്കുകയും അതേസമയം മദ്യത്തെ ഏറ്റവും പ്രധാനമായ വരുമാനമാര്‍ഗമായി കാണുകയും ചെയ്യുന്ന സര്‍ക്കാരിന് ഈ രംഗത്ത് എത്രമേല്‍ ആത്മാര്‍ഥതയുണ്ടാവുമെന്നത് ആലോചനീയമാണ്.

ലഹരി എന്നത് ഒരു സാമൂഹിക ദുരന്തമാണ്. അതിന് മറ്റേതെങ്കിലും മാനം നല്‍കുന്നത് അവിവേകവും. ഓരോ നാടും സ്ഥാപനങ്ങളും ഭരണകൂടവും ഈ സാമൂഹിക ദുരന്തത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തിയേതീരൂ. പുതുതലമുറയെ ഭ്രാന്തന്മാരാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാവതല്ല.

വല്ലപ്പോഴും പിടിക്കപ്പെടുന്ന ചെറിയ മീനുകളെക്കാള്‍ വമ്പന്‍ സ്രാവുകളെ അകത്താക്കാനാണ് ശ്രമിക്കേണ്ടത്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും പിഴചുമത്താന്‍ വ്യഗ്രത കാണിക്കുന്ന നിയമപാലകര്‍ നാട്ടില്‍ നിര്‍ബാധം നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളെ കണ്ടില്ലെന്നു നടിച്ചുകൂടാ.

നാസ്തികരുടെ ദയനീയാവസ്ഥ

സര്‍വതന്ത്ര സ്വതന്ത്രരാവാന്‍ വെമ്പല്‍കൊള്ളുന്ന നാസ്തികരും ലഹരിക്കെതിരെ ഒന്നും ഉരിയാടാനാവാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. എന്തു പറഞ്ഞ് അവരെ തിരുത്തും, എന്തടിസ്ഥാനത്തില്‍ അത് തെറ്റാണെന്ന് പറയും എന്ന ആശയദാരിദ്ര്യം ഈ അവിവേകികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. സ്വതന്ത്ര ചിന്തയുടെ വഴിയെ ലഹരിയുടെയും സാമൂഹ്യദ്രോഹികളുടെയും അഴുക്കുചാലിലേക്ക് വഴുതിവീഴുകയാണ് പലരും. അവരുടെ അവസ്ഥയോര്‍ത്ത് സഹതാപമേയുള്ളൂ. ആരെങ്കിലും നശിക്കണമെന്ന് സന്മനസ്സുകള്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല, നന്നാവണമെന്നേ ആഗ്രഹിക്കൂ. എന്നെയാരും ഉപദേശിക്കേണ്ട, നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ തളച്ചിടാന്‍ നോക്കേണ്ട എന്നൊക്കെ അവിവേകം വിളമ്പുന്നവര്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ക്രൂരതകളും ദുരന്തങ്ങളും കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനല്ല; അങ്ങനെ ആവാനും സാധ്യമല്ല. സമൂഹത്തിന്റെ അനിവാര്യമായ കണ്ണികളാണ് ഓരോരുത്തരും. അതുകൊണ്ട്തന്നെ നമ്മുടെ മുഴുവന്‍ ഇടപെടലുകളും സമൂഹത്തില്‍ പ്രതിഫലിക്കും. അതിനാല്‍ എല്ലാവര്‍ക്കും സഹായകമാവുന്ന, പൊതുനന്മയില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ അംഗീകരിച്ച് ജീവിക്കുകയാണ് വിവേകം. ഇല്ലെങ്കില്‍ മനുഷ്യരില്ലാത്ത ഏതെങ്കിലും ദ്വീപില്‍ പോയി സ്വാതന്ത്രലോകം പണിയുകയാണ് അത്തരക്കാര്‍ ചെയ്യേണ്ടത്. സക്രിയമായ ഒരു സാമൂഹിക സാഹചര്യത്തെ തകര്‍ത്തിക്കളയരുത്.

ലഹരിയും ഇസ്‌ലാമും

ലഹരി വര്‍ജിക്കുവാന്‍ ശക്തമായ ആഹ്വാനം നല്‍കുന്ന മതമാണ് ഇസ്‌ലാം. വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും ഈ വിപത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

''പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്)്യൂവിരമിക്കുവാന്‍ ഒരുക്കമുണ്ടോ?'' (ക്വുര്‍ആന്‍ 5:91).

''ലഹരിയുണ്ടാക്കുന്നതെല്ലാം 'ഖംറ്' ആണ്, എല്ലാ ലഹരിയുണ്ടാക്കുന്നതും നിഷിദ്ധവുമാണ്,'' ''ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും നിഷിദ്ധമാണ്'' തുടങ്ങിയ പ്രവാചക വചനങ്ങളും പരലോകത്ത് അവര്‍ക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്.

നാശത്തിലേക്ക് നയിക്കുന്ന, ജീവനും സ്വത്തും അഭിമാനവും നഷ്ടമാകുന്ന ലഹരിയുടെ വാതില്‍ കൊട്ടിയടക്കാനുള്ള ആര്‍ജവവും വിവേകവും എല്ലാവര്‍ക്കും ഉണ്ടാവണം.

ലഹരി; വിമോചനം സാധ്യമാണ്

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിമുക്തി കേന്ദ്രങ്ങള്‍ കൂടാതെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ കീഴിലും ലഹരിയെന്ന വിപത്തില്‍നിന്ന് മോചന നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമായി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉറച്ചതീരുമാനവും കൃത്യമായ ജീവിതക്രമീകരണങ്ങളും അതിലെല്ലാമുപരി ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള തിച്ചറിവും ബോധ്യവും ഉണ്ടെങ്കില്‍ ലഹരിയെന്ന മാരക വിപത്തിനെ ജീവിതത്തില്‍നിന്നും എന്നെന്നേക്കുമായി തൂത്തെറിയാന്‍ സാധിക്കും. ബഹുഭൂരിപക്ഷം പേരും ലഹരിയുടെ ദുരന്തങ്ങളെക്കുറിച്ച് ബോധ്യമില്ലാതെയോ ചതിയില്‍ അകപ്പെട്ടോ ഈ ദുരന്തത്തിന്റെ ഇരകളായി മാറുകയാണ് എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട്തന്നെ അവരെ വെറുക്കുന്നതിലും ഒറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരന്‍ നമുക്ക് കൈകോര്‍ക്കാം. സാമൂഹിക പ്രതിബദ്ധതയും സന്മനസ്സും ദൈവപ്രീതി കാംക്ഷിച്ചുള്ള ഇടപെടലും നമുക്കുണ്ടെങ്കില്‍ നാടിനെ ഈ ദുരന്തത്തില്‍നിന്നും കരകയറ്റാം.