വെറുപ്പിന്റെ പ്രചാരണവും സൗഹൃദ പാഠങ്ങളും

മുജീബ് ഒട്ടുമ്മല്‍

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16
വെറുപ്പിന്റെ വിതരണക്കാര്‍ക്ക് എന്നും നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. എന്നാല്‍ മഹാമാരിയും പ്രളയവും തീര്‍ത്ത ദുരിതപ്പെയ്ത്തില്‍ നിന്ന് നീന്തിക്കയറാന്‍ മലയാളിക്ക് തുണയായത് ജാതി-മത ചിന്തകള്‍ക്കതീതമായി അവര്‍ കാത്തുസൂക്ഷിക്കുന്ന മാനവികതയെന്ന സൗഹൃദപാഠമാണ്.

'അങ്ങയ്ക്ക് ഐശ്വര്യപൂര്‍ണമായ കോഴിക്കോട് തുറമുഖം കീഴ്‌പ്പെടുത്തണമെന്നാഗ്രഹമുണ് ടെങ്കില്‍ മക്കയും കോഴിക്കോടും തമ്മിലുള്ള കച്ചവടബന്ധം ഇല്ലാതാക്കണം. അതിന് യുദ്ധത്തെക്കാള്‍ സമാധാനപരമായ നടപടികള്‍ കൈകൊള്ളണം. കോഴിക്കോട് തുറമുഖത്തുള്ള ഉല്‍പന്നങ്ങള്‍ മുഴുവനും ഞാന്‍ വാങ്ങാം. അങ്ങനെ മക്കയുമായുള്ള ഗതാഗതം അവസാനിപ്പിക്കാം.'

1506ല്‍ ഗുജറാത്തുമുതല്‍ കന്യാകുമാരിവരെയുള്ള പ്രദേശങ്ങളില്‍ ഗവര്‍ണറായി കേരളത്തിലെത്തിയ അല്‍ബുക്കര്‍ക്ക് സാമൂതിരി രാജാവിനെഴുതിയ സന്ദേശത്തിലെ വരികളാണ് നാം വായിച്ചത്. മുസ്‌ലിംകളും സാമൂതിരിയും തമ്മിലുള്ള സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും ബന്ധം തകര്‍ക്കാനുള്ള വെറുപ്പിന്റെ വിഷവിത്തെറിയുകയായിരുന്നു അല്‍ബുക്കര്‍ക്ക്. കേരളത്തിലെ രാജാക്കന്‍മാരെ തമ്മിലടിപ്പിക്കാനും സാഹോദര്യം തകര്‍ക്കാനും ഇയാളുടെ കുതന്ത്രങ്ങള്‍ക്ക് സാധിച്ചു. അന്ധമായ ഇതരമതവിദ്വേഷവും സ്വജനപക്ഷപാതവും അദ്ദേഹത്തെ വാസ്‌കോഡ ഗാമയെക്കാള്‍ സാഹസികനാക്കിയിരുന്നുവത്രെ! കേരള മുസ്‌ലിംകളുടെ അഭിവൃദ്ധിയുടെ മുമ്പില്‍ കുന്തമുനയായി എന്നും എതിര്‍ത്തുനിന്നയാളായിരുന്നു അദ്ദേഹം. കൊച്ചിരാജാവും സാമുതിരിയുമായി അയാള്‍ ഉണ്ടാക്കിയ ഉടമ്പടികളില്‍ മുസ്‌ലിം വിദ്വേഷം തെളിഞ്ഞ് കാണുകയും ചെയ്തു.

കേരള സാഹോദര്യ പരിസരങ്ങളില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരണങ്ങള്‍ക്ക് കൊളോണിയല്‍ ശക്തികളുടെ അധിനിവേശ കാലത്തോളം പഴക്കമുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന സിദ്ധാന്തത്തിലൂന്നിയ നയതന്ത്രനീക്കമാണ് അധിനിവേശ ശക്തികള്‍ നടത്തിയത്. അഭിനവ അല്‍ബുക്കര്‍ക്ക് മാരുടെ വിദ്വേഷഭാഷണങ്ങളുടെ പ്രേരകവും മുസ്‌ലിം അഭിവൃദ്ധിതന്നെ. പാവനമായ 'ജിഹാദ്' എന്ന ശബ്ദത്തിലേക്ക് അരുതായ്മകള്‍ ചേര്‍ത്തുപറഞ്ഞാണ് മുസ്‌ലിംകളെ പ്രകോപിപ്പിക്കാനും വിഭാഗീയത വളര്‍ത്താനും വര്‍ഗീയശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയില്‍ പടര്‍ന്നുപിടിച്ച വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിവേരുകള്‍ മലയാളമണ്ണില്‍ മുളച്ച് പൊങ്ങുന്നില്ലെന്ന തിരിച്ചറിവില്‍നിന്ന് വെറുപ്പുല്‍പാദനയിടങ്ങള്‍ സൃഷ്ടിക്കാന്‍ കൊളോണിയല്‍ സംസ്‌കാരംപേറിയ കാവിരാഷ്ട്രീയം കരുക്കള്‍ നീക്കുകയാണ്. അക്രമോല്‍സുക പ്രത്യയശാസ്ത്രങ്ങളുടെയും വരേണ്യവര്‍ഗ വാദങ്ങളുടെയും സാകല്യമായ ഫാഷിസം വിനാശകരമായ വിദ്വേഷ മനസ്സുകളെ രൂപപ്പെടുത്താന്‍ പഴുതുകള്‍ തേടുകയാണ്.

ഹിന്ദുസ്ഥാനില്‍ മുസ്‌ലിംകള്‍ കാലുകുത്തിയ ആദ്യദുര്‍ദിനം മുതല്‍ ഇന്നുവരെയും ആ കവര്‍ച്ചക്കാരെയൊക്കെയും അടിച്ചോടിക്കാന്‍ ഹിന്ദുരാഷ്ട്രം ധീരയുദ്ധത്തിലേര്‍പ്പെട്ടിരിക് കുകയാണെന്നും വംശ ചൈതന്യം ഉണര്‍ന്നിരിക്കുന്നുവെന്നും ഹിന്ദുത്വരാഷ്ട്രീയത്തിന്റ ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ 'നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' എന്ന പുസ്തകത്തിലൂടെ പ്രഖ്യാപിച്ചത് വംശീയ ഉന്‍മൂലനത്തിനായി വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് സൈദ്ധാന്തിക പിന്‍ബലം നല്‍കുന്നതിന് വേണ്ടിയായിരുന്നു. എങ്കിലും ഉല്‍ബുദ്ധ കേരളത്തില്‍ ഇത്തരം വെറുപ്പുല്‍പാദന തന്ത്രങ്ങളൊന്നും നാളിതുവരെ വിലപോയില്ലെന്ന് മാത്രമല്ല നിയമനിര്‍മാണ സഭകളിലൊരിപ്പിടംപോലും ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് സമാനമായി ചിന്തിക്കുന്ന മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ പുഴുക്കുത്തുകളെ തേടിയിറങ്ങിയത്. മാനവസാഹോദര്യത്തിന്റെ ദീപ്തമായ സന്ദേശം പ്രസരിക്കേണ്ട നാവുകളില്‍ നിന്ന് വിഷം വമിക്കുന്ന വിഭാഗീയതയുടെ പദക്കസര്‍ത്തുകള്‍ കേരളം വേദനയോടെയാണ് കേട്ടത്. ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ ഗോള്‍വാള്‍ക്കറിയന്‍ ചിന്താധാരയില്‍ മസ്തിഷ്‌കഭ്രമം സംഭവിച്ചവര്‍ നാര്‍ക്കോട്ടിക് പാതിരിയുടെ വചനങ്ങള്‍ക്ക് പിന്‍ബലമേകാന്‍ മല്‍സരിക്കുകയായിരുന്നു. കാവികളസത്തിലെ മാലിന്യങ്ങള്‍ ളോഹയിലേക്ക് പകര്‍ന്നുനല്‍കാന്‍ അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. സംഘപരിവാര രാഷ്ട്രീയം മതനിരപേക്ഷ സമൂഹത്തില്‍ കൂടുതല്‍ മുറിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നത് തിരിച്ചറിയാതെപോകുന്നു. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗപ്പെടുത്തുന്ന സംഘ് രാഷ്ട്രീയം ന്യൂനപക്ഷ വേട്ടയാണ് ലക്ഷ്യംവെക്കുന്നതെന്ന യാഥാര്‍ഥ്യത്തിനുനേരെ പലരും കണ്ണടക്കുകയാണ്.

ന്യൂനപക്ഷവേട്ടയാണ് സംഘ് ലക്ഷ്യം

കോഴിയെ പിടിച്ചു തിന്നാന്‍ സൂത്രമുപയോഗിച്ച കുറുക്കന്റ സ്‌നേഹമാണ് സംഘപരിവാര രാഷ്ട്രീയത്തിന് ന്യൂനപക്ഷങ്ങളോടുള്ളതെന്ന ബോധം പലരും വിസ്മരിച്ചതായാണ് ചില അപശബ്ദങ്ങളില്‍നിന്ന് തെളിയുന്നത്. സവര്‍ണ രാഷ്ട്രീയത്തിന്റെ ലക്ഷ്യംതന്നെ വംശീയ ഉന്‍മൂലനത്തിലൂടെയുള്ള വംശശുചീകരണമാണ്. അതാണവരുടെ ചരിത്രവും. ബ്രാഹ്മണ പൗരോഹിത്യത്തിന് ഭീഷണിയാണെന്ന് തോന്നുന്നവരെയെല്ലാം അടിച്ചമര്‍ത്തിയ ചരിത്രമാണ് അവര്‍ക്ക് പറയാനുള്ളത്. ബുദ്ധമതവും ജൈനമതവും തുടച്ചുനീക്കപ്പെട്ടത് സവര്‍ണ വ്യവസ്ഥിതിയുടെ സൈദ്ധാന്തികതയും കായികതയും ഒരുമിച്ച് ചേര്‍ന്നപ്പോഴാണ്. അഭിമന്യൂ, കിന്നരന്‍, ഗോനന്ദന്‍ രാജാക്കന്‍മാരുടെ കാലത്താണ് കാശ്മീരിലെ ബുദ്ധവിഹാരങ്ങള്‍ നശിപ്പിക്കപ്പെട്ടതും ഭിക്ഷുക്കള്‍ അകാരണമായി കൊലചെയ്യപ്പെട്ടതും. സവര്‍ണ മിത്തിലെ ലോകാധിപതിയായ വിക്രമാദിത്യനും ബുദ്ധമത നിഷ്‌കാസനത്തില്‍ പ്രസിദ്ധിയാര്‍ജിച്ചവനാണ്. സിലോണിലെ ശ്രീരാമ പാലംമുതല്‍ ഹിമാലയംവരെ ബുദ്ധമതക്കാരെ വധിക്കാന്‍ മടിക്കുന്നവര്‍ വൃദ്ധന്‍മാരായാലും യുവാക്കളായാലും കൊല്ലപ്പെടേണ്ടതാണെന്നാണ് സുധാവനെന്ന രാജാവിന്റ കല്‍പന. അതെ! ഭൂതകാലത്തിന്റെ വൈകൃതങ്ങളെ സൂക്ഷ്മമായി ദര്‍ശിച്ച് അതിലെ ഭീകരമായ ദര്‍ശനങ്ങള്‍ക്ക് ചുവടുപിടിച്ചാണ് സംഘ പരിവാരങ്ങള്‍ നിലനില്‍ക്കുന്നത്.

ഇങ്ങനെ സവര്‍ണതയുടെ സംസ്‌കാരങ്ങളില്‍ അടയിരിക്കുന്ന സംഘരാഷ്ട്രീയത്തില്‍നിന്ന് നിര്‍ഭയത്വവും സുരക്ഷിതത്വവും പ്രതീക്ഷിക്കാമെന്ന ചില ക്രിസ്ത്യന്‍ ബിഷപ്പുമാരുടെ വ്യാമോഹമാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. മാനവ സാഹോദര്യത്തിന്റെ കേരളപരിസരങ്ങളില്‍ മാതൃകാപരവും ഊഷ്മളവുമായ സൗഹൃദ ബന്ധങ്ങള്‍ക്ക് കത്തിവെച്ച് വെറുപ്പ് വിതക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് ചോദിക്കേണ്ടി വരുന്നു. ഇത് വിനാശത്തിലേക്കുള്ള ചുവടുവയ്പാണ്. അനന്തരഫലം സംഘര്‍ഷഭരിതമായ സാമൂഹിക സാഹചര്യം രൂപപ്പെടുമെന്നതാണ്. സമാധാനജീവിതം ദിവാസ്വപ്‌നമായി പരിണമിക്കും. അതിലുമപ്പുറം മലയാള മണ്ണിന്റെ ഉല്‍ബുദ്ധതയിലും വിവേകത്തിലും അസൂയപ്പെടുന്നവരുടെ കുതന്ത്രങ്ങള്‍ക്ക് മണ്ണ് പാകപ്പെടും. ആധുനികതയോട് മത്സരിക്കാന്‍ പ്രാപ്തമായ തലമുറയുടെ സൃഷ്ടിക്കായി മികവുറ്റ വിദ്യാഭ്യാസത്തിന്റ പ്രായോഗിക നയങ്ങളെ മറപ്പിച്ചുകളയും. അജ്ഞതയിലൂടെ മാത്രം വളരാന്‍ സഹായിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റ വേരുകള്‍ മലയാളമണ്ണില്‍ ആഴ്ന്നിറങ്ങി അതിന്റെ വിശുദ്ധിയില്‍ കളങ്കം ചാര്‍ത്തും.

സംഘീപ്രേമത്തിന്റ അനന്തരഫലങ്ങള്‍

സംഘപരിവാര രാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളില്‍ പെട്ട ബിഷപ്പിന്റ വര്‍ഗീയ വിഷം വമിക്കുന്ന വാചകങ്ങള്‍ മലയാളി മനസ്സുകളെ നൊമ്പരപ്പെടുത്തിയിരിക്കുകയാണല് ലോ. സംഘപരിവാരങ്ങളോടുള്ള പ്രണയാതുരമായ മനസ്സ് പേറി നടക്കുന്നവര്‍ തിരിച്ചറിയേണ്ട ചില യാഥാര്‍ഥ്യങ്ങളുണ്ട്. ന്യൂനപക്ഷങ്ങളിലെ മുസ്‌ലിം സമുദായത്തെ മാത്രമല്ല സവര്‍ണ ഫാഷിസം ലക്ഷ്യമാക്കുന്നത്. ആര്യമേധാവിത്വത്തിനായി വംശ ശുചീകരണമാണവരുടെ സ്വപ്‌നം. അതില്‍ നിഷ്‌കാസിതരാകുന്നത് മുസ്‌ലിംകള്‍ മാത്രമല്ല. ക്രിസ്ത്യാനികളും ജൂതരും പാര്‍സികളും ഈഴവരും ബുദ്ധരും ജൈനരും കമ്യൂണിസ്റ്റുകാരും അവര്‍ണരും മതമുള്ളവരും ഇല്ലാത്തവരുമെല്ലാമാണ്. ആര്യരക്തം സിരകളിലൂടെ ഒഴുകുന്നുവെന്ന് അവരുല്‍ഘോഷിക്കുന്നവരല്ലാത്തവര്‍ക്കെ ല്ലാം അപരത്വം കല്‍പിച്ചുനല്‍കി ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി അടയാളമിട്ട് അവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇസ്‌ലാം വെറുപ്പിന്റെ സാമ്രാജ്യത്വ പ്രചാരണം മനസ്സില്‍ കട്ടപിടിച്ച അപ്പോസ്തലന്‍മാരുടെ നീരസം പ്രകടിപ്പിക്കല്‍ നിണദാഹം തീര്‍ക്കാനുള്ള കൊതിയോടെ കാത്തിരിക്കുന്ന രക്തരക്ഷസ്സുകള്‍ക്കായി തല നീട്ടിക്കൊടുത്തുകൊണ്ടാണെന്നുള് ളതാണ് വസ്തുത. അധികാരമുപയോഗിച്ച് മുസ്‌ലിം വേട്ടക്കിറങ്ങിയ ഫാഷിസം നിരപരാധികളായ യുവതയെ കല്‍തുറുങ്കിലടച്ചും ആള്‍ക്കൂട്ടകൊലപാതകങ്ങളിലൂടെ വെറുപ്പിന്റ പ്രത്യയശാസ്ത്രത്താല്‍ മസ്തിഷ്‌കജ്വര ബാധയേറ്റ സാധാരണക്കാരന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയും സംഹാര താണ്ഡവമാടുമ്പോഴും, ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ദളിത് സമൂഹം ഇരയാകുമ്പോഴും ക്രിസ്ത്യന്‍ സമൂഹം അവരുടെ കരാളഹസ്തങ്ങളില്‍നിന്ന് രക്ഷപ്പെട്ടവരാണെന്ന് പറയാന്‍ വിദ്വേഷ പ്രചാരകര്‍ക്ക് സാധിക്കുമോ? സമീപകാലത്ത് അരങ്ങേറിയ പീഡനങ്ങള്‍ എണ്ണമറ്റതാണ്.

സംഘപരിവാര ഭരണത്തിന് കീഴില്‍ രാജ്യത്തിന്റ മതനിരപേക്ഷതയും ന്യൂനപക്ഷ സുരക്ഷയും എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഇനിയും മനസ്സിലാക്കാത്തവരാണോ ഇവര്‍? ക്രിസ്മസും പെരുന്നാളും ദേശീയ സംസ്‌കാരത്തിന് യോജിച്ച ആഘോഷങ്ങളല്ലെന്നും അതെല്ലാം പാശ്ചാത്യമാണെന്നും ആക്ഷേപിച്ച് സംഘപരിവാര്‍ രാജ്യവ്യാപകമായി അക്രമങ്ങളഴിച്ചുവിട്ടത് ഓര്‍ക്കുന്നുണ്ടോ? ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ  ആക്രമണങ്ങള്‍ എങ്ങനെ വിസ്മരിക്കാനാകും? അവിടെ ഹിന്ദുത്വ ഭീകരവാദികളില്‍നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രികള്‍ക്ക് സഭാവസ്ത്രം പോലും ഉപേക്ഷിക്കേണ്ടിവന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും അവരുടെ കൂടെ ഉണ്ടായിരുന്നവരെയും മതപരിവര്‍ത്തനമാരോപിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഭാഗമായ ഡല്‍ഹി പ്രൊവിന്‍സിലെ കന്യാസ്ത്രീകളാണ് അക്രമങ്ങള്‍ക്കിരയായതെന്നറിയുമ് പോഴാണ് ന്യൂനപക്ഷ പ്രേമത്തിന്റ ആഴം മനസ്സിലാകുന്നത്. മതപരിവര്‍ത്തനമാരോപിച്ച് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മുസ്‌ലിംകള്‍ക്കെതിരെയെന്ന പോലെ ക്രിസ്ത്യാനികള്‍ക്കെതിരെയും അക്രമങ്ങളഴിച്ചുവിടുന്നത് പതിവാക്കിയിട്ടുണ്ട്. നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ പോലീസ് സേനയുടെ ഒത്താശയോടെയാണ് അക്രമങ്ങളധികവും അഴിച്ചുവിടുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നതാണ്. ഭരണകൂട സംവിധാനത്തിലൂടെ ഗുജറാത്തില്‍ മുസ്‌ലിംകള്‍ വംശഹത്യക്കിരയായതിന് നാസി വംശീയ ഉന്‍മൂലനങ്ങളോട് സമാനതയുണ്ടെന്നറിയുമ്പോള്‍ കാര്യങ്ങള്‍ എത്ര ഭീകരമാണ്! ഒറീസയില്‍വെച്ച് പുരോഹിതനും ആതുരശുശ്രൂഷകനുമായ ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്ന നിഷ്ഠൂരതയും വിസ്മരിക്കാനാവില്ല. കന്ദമഹലില്‍ ക്രിസ്ത്യാനികള്‍ക്കും പള്ളികള്‍ക്കും നേരെ നടന്ന അക്രമ പരമ്പര രാജ്യത്തെ ഞെട്ടിച്ചതാണ്. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ സംഘപരിവാരങ്ങളുടെ അഴിഞ്ഞാട്ടം തുടരുകയാണ്.

ഇന്ത്യയുടെ മതസഹിഷ്ണുതാ പാരമ്പര്യത്തിനും പ്രതിഛായക്കും കളങ്കമുണ്ടാക്കുന്ന ഇത്തരം ക്രൂര ചെയ്തികള്‍ക്ക് അധികാരികളും നിയമപാലകരും കൂട്ടുനിന്ന് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ രാജ്യസ്‌നേഹികള്‍ ഉണര്‍ന്ന് പ്രവര്‍ക്കേണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കേണ്ടതിന് ഓരോ പൗരനും ബാധ്യസ്ഥനാണ്. അതിനാല്‍ 'ഹിന്ദു യുവവാഹിനി'യും 'ആന്റി റോമിയോ' സ്‌ക്വാഡുകളും ഉണ്ടാക്കി ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണങ്ങളെ കാണാതെ പാവനമായ 'ജിഹാദ്' എന്ന പദത്തോടൊപ്പം പ്രണയവും ലഹരിയും ചേര്‍ത്തു പറഞ്ഞ് ഒരു സമുദായത്തെ അപരവല്‍ക്കരിക്കാന്‍ കൂട്ടുനില്‍ക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനവും നാണക്കേടുമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

കേരളത്തിന്റെ സൗഹൃദ പാഠങ്ങള്‍

കേരളത്തിന്റ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ വിഭാഗങ്ങളുടെയും ശ്രമം അനിവാര്യമാണ്. പ്രകോപിപ്പിച്ച് വൈകാരികതയ്ക്ക് ചൂടപിടിപ്പിച്ച് സമാധാനം കെടുത്തുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മുസ്‌ലിം സമുദായം നാളിതുവരെയും സമാധാനവും സൗഹൃദവും സദാസമയങ്ങളിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്. പുരാതന കേരളത്തിലെ സാഹചര്യങ്ങളെ അനാവരണം ചെയ്തുകൊണ്ട് 'തുഹ്ഫതുല്‍ മുജാഹിദീന്‍' എന്ന ഗ്രന്ഥത്തില്‍ സൈനുദ്ദീന്‍ മഖ്ദൂം ഇങ്ങനെ വിശദീകരിക്കുന്നുണ്ട്: ''രാജ്യഭരണത്തില്‍ സമാധാനപരമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിനും മുസ്‌ലിംകള്‍ എപ്പോഴും ഭരണകര്‍ത്താക്കള്‍ക്ക് സഹായകമായി നിന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറാക്കത്തക്ക സ്വാധീനശക്തിയുണ്ടായിരുന്ന മുസ്‌ലിം സമുദായം എങ്ങനെയാണ് കേരളത്തിലെ മറ്റു സമുദായങ്ങളുമായി ഇടപഴകിയിരുന്നത് എന്ന് കാണാം. കേരളത്തിലെ പുരാതനാചാരങ്ങള്‍ മാനിച്ചിരുന്നത് കൊണ്ട് സമാധാനപരമായ ജീവിതം നയിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. നാടുവാഴികളും അവരുടെ സൈന്യവും അവിശ്വാസികളായിരുന്നുവെങ്കിലും അവര്‍ മുസ്‌ലിംകളുടെ ആചാരാനുഷ്ഠാനങ്ങളോട് സഹിഷ്ണുത കാണിച്ചു. ഈ സൗഹൃദം മുസ്‌ലിംകള്‍ മാന്യമായി പുലര്‍ത്തിയിരുന്നു.''

സാമൂതിരിയും മുസ്‌ലിംകളും പുലര്‍ത്തിയിരുന്ന ബന്ധത്തെപ്പറ്റി ചരിത്രകാരന്‍മാര്‍ അവരുടെ പഠനാര്‍ഹമായ ലേഖനങ്ങളില്‍ ധാരാളം പ്രതിപാദിച്ചതായി കാണാം. സാമൂതിരിവംശത്തിന്റെ ചരിത്രമെഴുതാന്‍ നിയുക്തമായ പ്രൊഫസര്‍ കെ.സി കൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ 'കോഴിക്കോട്ടെ സാമൂതിരിമാര്‍' എന്ന ഗ്രന്ഥത്തിലും സാമൂതിരി ഭരണകാലത്തെ യുദ്ധങ്ങളെപ്പറ്റി ഗവേഷണം നടത്തിയ പ്രൊ.ഒ.കെ നമ്പ്യാര്‍ തയ്യാറാക്കിയ 'പറങ്കി കൊള്ളക്കാരും ഇന്ത്യന്‍ പടയാളികളും' എന്ന ഗ്രന്ഥത്തിലും സാമൂതിരി ഭരണകാലത്തെ മുസ്‌ലിം ജനതയുടെ ധീരോദാത്തതയെയും പരോക്ഷമായി അവര്‍ കേരള ഭരണത്തിന് നല്‍കിയ സഹായങ്ങളേയുമാണ് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത്.

ത്യാഗോജ്വലമായ ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ മുന്‍നിരയിലും തികഞ്ഞ ദേശീയ ബോധത്തോടെയും മൈത്രിബന്ധങ്ങളിലും അടിയുറച്ച് നിന്ന മുസ്‌ലിം നേതാക്കള്‍ ഉണ്ടായിരുന്നു. കെ.മാധവന്‍ നായര്‍, കെ. കേളപ്പന്‍, കെ. പി കേളു മേനോന്‍, അമ്പലപ്പാട്ട് കരുണാകരമേനോന്‍, പി അച്ചുതന്‍ എന്നിവരോടൊപ്പം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും പൊന്‍മാടത്ത് മൊയ്തീന്‍കോയയും ഇ.മൊയ്തു മൗലവിയും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും കോണ്‍ഗ്രസിന്റ നേതൃനിരയിലിരുന്ന് സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്നു. മലബാര്‍ സമരത്തിന് നേതൃത്വം കൊടുത്തിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ അധികാരാതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ക്ക് യാതൊരുതരത്തിലുള്ള ഉപദ്രവവും ഉണ്ടാകുവാന്‍ പാടില്ലെന്ന കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. പുല്‍പറ്റയിലെ ജന്‍മിയും അധികാരിയുമായിരുന്ന കണാരന്‍ നായരുടെ ഭാര്യ ചിരുതേവി അമ്മയെ തട്ടിക്കൊണ്ട് വന്നതിന്റെ പേരില്‍ മൂന്ന് മുസ്‌ലിംകളെ വധിച്ച സംഭവം ശ്രദ്ധേയമായിരുന്നു. മലബാര്‍ സമരത്തിന്റ നാളുകളില്‍ ആ പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എം പി നാരായണ മേനോനെ വെള്ളപ്പട്ടാളം അറസ്റ്റ് ചെയ്തത് ഖിലാഫത്ത് സമരക്കാരെ സഹായിച്ചെന്നാരോപിച്ചായിരുന്നു. വേദനകളില്‍ പങ്കാളികളായും രാജ്യത്തിന്റ മോചനത്തിനായി സാഹോദര്യത്തോടെ ഒന്നിച്ചുനിന്നും ഉജ്വലമായ സൗഹൃദഗാഥ രചിച്ച മഹാത്യാഗീവര്യന്‍മാര്‍ രൂപപ്പെടുത്തിയ മലയാള മണ്ണിനെ വര്‍ഗീയതയുടെ വിളനിലമാക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ പണിയെടുക്കുന്നതിന്റ പ്രകടമായ തെളിവാണ് ബിഷപ്പുമാരുടെ പ്രസ്താവനകള്‍. മുസ്‌ലിം-െ്രെകസ്തവ സാഹോദര്യത്തിനും മലയാള മണ്ണ് ധാരാളം സാക്ഷിയായിട്ടുണ്ട്. നിവര്‍ത്തന പ്രക്ഷോഭം അതിനേറ്റവും നല്ല ഉദാഹരണമാണ്. 1932ല്‍ തിരുവിതാംകൂറില്‍ ഒരു ബൈക്കാമറല്‍ നിയമസഭ രൂപീകരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീമൂലം നിയമസഭ അധോസഭയായും പുതുതായി രൂപീകരിച്ച ശ്രീ ചിത്തിര സ്‌റ്റേറ്റ് കൗണ്‍സില്‍ ഉപരി സഭയെന്നും അറിയപ്പെട്ടു. പ്രസ്തുത നിയമസഭാ പരിഷ്‌കരണ നിയമ പ്രകാരം അന്നത്തെ പ്രബല സമുദായങ്ങളായ ഈഴവ, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നിയമനിര്‍മാണ സഭയില്‍ ജനസംഖ്യാനുപാതികമായി പ്രാധിനിത്യം വളരെ കുറവായിരുന്നു. എല്ലാവര്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവുമായി സംയുക്ത രാഷ്ട്രീയ സമിതിയെന്ന സംഘടന രൂപീകരിച്ചു. സി.കേശവന്‍, ടി.എം വര്‍ഗീസ് മുഖ്യ സംഘാടകരായി നേതൃത്വം നല്‍കിയപ്പോള്‍ മുസ്‌ലിം സമുദായവും പ്രധാന പങ്ക് നിര്‍വഹിച്ചു.  ആ കാലത്ത് നടന്ന സിവില്‍ നിയമലംഘന സമരത്തിലും ഹിന്ദു, െ്രെകസ്തവ, മുസ്‌ലിം സഹകരണത്തോടെയുള്ള മുന്നേറ്റം കാണാം.

സാഹോദര്യത്തിന്റ അത്ഭുത ഗാഥ രചിച്ച മലയാള മണ്ണിലേക്ക് പകയും വിദ്വേഷവും പ്രചരിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഐക്യപ്പെടാന്‍ സമുദായങ്ങള്‍ക്ക് സാധിക്കണം. എല്ലാ വിഭാഗങ്ങള്‍ക്കും ഭരണപങ്കാളിത്തം ഉറപ്പുവരുത്താനുള്ള സംവരണതത്വം ഇല്ലായ്മ ചെയ്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന അധികാരികള്‍ക്കെതിരെ മറ്റൊരു നിവര്‍ത്തന പ്രക്ഷോഭത്തിന് സമയമായിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് സാഹോദര്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളുമായി മുന്നേറേണ്ടിയിരുന്ന സഹോദര സമുദായങ്ങളില്‍ വെറുപ്പിന്റെ വിഷവിത്തെറിയുന്നവര്‍ക്കെതിരെ ഐക്യപ്പെടണം. സമാധാനവും സൗഹൃദവും തകര്‍ക്കുന്ന പ്രസ്താവനകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സാംസ്‌കാരിക ഔന്നത്യം അവകാശപ്പെടാവുന്ന മലയാള മണ്ണിന് സാധിക്കണം. അതിലൂടെ കേരളത്തിന്റ എല്ലാ മുക്കുമൂലകളിലും സമാധാനത്തിന്റ പ്രകാശത്തിന്റെ പൊന്‍കിരണങ്ങള്‍ ശോഭിക്കണം.

സന്താപത്തിലും അവരൊന്നാണ്

2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷ കാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റ ഫലമായി കേരളത്തില്‍ അതിരൂക്ഷമായ പ്രളയമുണ്ടായി. ശക്തമായ ഉരുള്‍പൊട്ടലും വെള്ളം ക്രമാതീതമായി ഉയര്‍ന്നതും കാരണമായി 480ലധികമാളുകള്‍ മരണപ്പെടുകയും 14.5 ലക്ഷം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളല്‍ അഭയം തേടുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നു. സര്‍ക്കാര്‍- സര്‍ക്കാരേതര സംവിധാനങ്ങള്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചതിന്റ ഫലമായി ദുരന്തത്തിന്റ തീവ്രതയ്ക്ക് അല്‍പം കുറവ് വന്നു. കേരളമണ്ണിലെ പ്രളയം ബാധിക്കാത്ത പ്രദേശങ്ങളിലെ യുവാക്കളുടെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ധാരാളം കുടുംബങ്ങളുടെ പുനരധിവാസത്തിന് കാരണമായിട്ടുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഭക്ഷണങ്ങളും അവശ്യവസ്തുക്കളും എത്തിച്ച് കൊടുക്കുന്നതില്‍ നാം കണ്ട മലയാളി യുവതയുടെ ശൗര്യം എത്ര ശ്ലാഘിച്ചാലും അധികമാകില്ല.

അര്‍ധ പട്ടിണിയിലും പരിവട്ടങ്ങളിലുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുന്ന കുടിലുകളിലെ അമ്മമാരും ഉമ്മമാരും പോലും ഭക്ഷണമുണ്ടാക്കുന്നതിലും അത് അര്‍ഹരിലേക്കെത്തിച്ച് കൊടുക്കുന്നതിലും കാണിച്ച ഉല്‍സാഹം മനുഷ്യത്വം മരവിച്ചിട്ടല്ലാത്ത നന്മയുടെ മനസ്സുകളാണ് കേരള ഭൂമിക്ക് സുന്ദര വര്‍ണമേകുന്നതെന്ന് വിളിച്ചോതുന്നു. മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളിറക്കി രക്ഷാ സേനയെക്കാപ്പം പ്രവര്‍ത്തനങ്ങളില്‍ നിരതമായതും അഭിമാനത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. പ്രളയാനന്തരം തകര്‍ന്നുപോയ വീടുകളും ചെളികേറിയ ഭവനങ്ങളും ആരാധനാലയങ്ങളും ശുചീകരിച്ച് ഉപയോഗപ്രദമാക്കാനും മനുഷ്യര്‍ ഉല്‍സാഹിച്ചു. ആവശ്യമായ ഉപകരണങ്ങളും സഞ്ചരിക്കാനുള്ള വാഹനവും സ്വന്തമായിട്ടില്ലെങ്കിലും പരസ്പരം ഏറ്റെടുത്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പലരും നിരതമായത്. ദുരിതമനുഭവിച്ചവരിലെ ജാതിയോ മതമോ വര്‍ണമോ വര്‍ഗമോ നോക്കിയായിരുന്നില്ല അവരെ രക്ഷാതുരുത്തുകളിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വിശപ്പടക്കാന്‍ ഭക്ഷണം വിളമ്പിയപ്പോഴും പക്ഷഭേദങ്ങള്‍ കാണിച്ചില്ല. തണുപ്പകറ്റാന്‍ കമ്പിളിപ്പുതപ്പുകളും വസ്ത്രങ്ങളും എത്തിച്ച് നല്‍കുമ്പോഴും ആശയധാരകളെക്കുറിച്ച് അന്വേഷണമുണ്ടായില്ല. ജലനിരപ്പുയര്‍ന്നപ്പോള്‍ വീടകങ്ങളില്‍ പെട്ടുപോയവരെ തോണികളില്‍ കയറ്റി സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കുമ്പോള്‍ വേഷവിധാനത്തിലെ വൈവിധ്യം ശ്രദ്ധിക്കാന്‍ നിന്നിട്ടില്ല. 

2019ല്‍ ഉണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും കിടപ്പാടം നഷ്ടപ്പെട്ടവരുടെ ദുരിതവും കേരളത്തിന്റ മറ്റൊരു നോവായിരുന്നു. മരണപ്പെട്ടവരുടെ നിരാലംബരായ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി കടന്നുവന്നവരുടെ മനസ്സുകളിലും മാനവ സാഹോദര്യത്തിന്റെ ഉദാത്തമായ ചിന്തകളായിരുന്നു. ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കാന്‍ തയ്യാറായവരും സ്ഥലം നല്‍കിയവരുമെല്ലാം വിഭാഗീയതയുടെ അടിവേര് പിഴുതെടുത്തുകൊണ്ടാണ് കര്‍മനിരതമായത്. ദുരിതങ്ങളിലകപ്പെട്ടവര്‍ക്കായി സ്വന്തം കച്ചവടസ്ഥാപനം തുറന്ന് സൗജന്യമായി ആവശ്യാനുസരണം സാധനങ്ങളെടുക്കാന്‍ അവസരമൊരുക്കിയവരുടെ വിശാല മനസ്സിലും ഇതര മതവിദ്വേഷത്തിന്റെ ഒരംശം പോലുമുണ്ടായിരുന്നില്ല.

ഈ വര്‍ഷവും നിര്‍ഭാഗ്യകരമായ പ്രളയം കോട്ടയം, ഇടുക്കി പോലുള്ള തെക്കന്‍ ജില്ലകൡലെ വിവിധ പ്രദേശങ്ങളിലുണ്ടായപ്പോഴും കേരളത്തിന്റ മനസ്സ് പിടക്കുകയാണ്. ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളടക്കം അഞ്ച് പേരുടെ മരണം കണ്ണുകളെ ഈറനണിയിക്കുന്നു. വിയര്‍പ്പൊഴുക്കി അധ്വാനിച്ച് ജീവിതാഭിലാഷമായി പടുത്തുയര്‍ത്തിയ വീടുകള്‍  വെള്ളത്തിന്റ കുത്തൊഴിക്കില്‍ കടപുഴകി വീഴുന്നത് വിതുമ്പലോടെയല്ലാതെ നോക്കി നില്‍ക്കാനാവില്ല.

കരുണാര്‍ദ്രമായ മനസ്സുള്ള ഒരാളെയും ഈ കാഴ്ചകള്‍ വേദനിപ്പിക്കാതിരിക്കില്ല. ഇതര മതവിദ്വേഷം മനസ്സിനെ വികലമാക്കിയവര്‍ക്കത് അസാധ്യവുമാണ്. കഴിഞ്ഞ പ്രളയത്തിലുള്ളതാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന, വെള്ളം നിറഞ്ഞ് നില്‍ക്കുന്ന ബിഷപ്പ് ഹൗസിന്റയും പാതി നനഞ്ഞ ബിഷപ്പിന്റെ ളോഹയുടെയും ഫോട്ടോകള്‍ വെറുപ്പിന്റെ പ്രയോക്താക്കള്‍ക്ക് മാനസിക പരിവര്‍ത്തനത്തിനും തിരിച്ചറിവിന്റ വാതായനം തുറക്കപ്പെടാനും ഒരു കാരണമാകുമെന്ന് പ്രത്യാശിക്കാം.