വാരിയന്‍ ചിത്രം: വൈകാരികതയും യാഥാര്‍ഥ്യബോധവും

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 നവംബര്‍ 13 1442 റബിഉല്‍ ആഖിര്‍ 08
ചിത്രമല്ല ചരിത്രമാണ് വെളിച്ചം പകരേണ്ടത്. വൈകാരികതയും ആഘോഷങ്ങളുമല്ല, ഭാവിയിലേക്കുള്ള തിരുത്തല്‍ ശക്തിയായി ചരിത്രത്തെ സ്വീകരിക്കുകയാണ് വേണ്ടത്. പറങ്കികള്‍ തൊട്ട് ബ്രിട്ടീഷുകാര്‍ വരെയുള്ള അധിനിവേശ ശക്തികളെ ചെറുത്ത പാരമ്പര്യമുള്ള മാപ്പിള സമുദായം ദേശത്തിനുവേണ്ടി ആത്മാര്‍പ്പണം ചെയ്ത ജനതയാണ്. ബ്രിട്ടീഷുകാര്‍ വഴി തിരിച്ചുവിടാന്‍ ശ്രമിച്ച മലബാര്‍ പോരാട്ടം സമ്മാനിച്ച പരിക്കുകളില്‍ നിന്നും മാപ്പിള ജനത ഉയിര്‍ത്തെഴുന്നേറ്റത് നവോത്ഥാന പ്രക്രിയകളിലൂടെയാണ്. ചരിത്രവും നവോത്ഥാനവുമാകട്ടെ ചാലകശക്തികള്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സമരത്തിന്റെ പേരാണ് മലബാര്‍ പോരാട്ടം. 'മലബാര്‍ കലാപം,' 'മലബാര്‍ ലഹള' തുടങ്ങിയ പേരുകളില്‍ ബ്രിട്ടീഷുകാര്‍ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത സമരമാണ് മലബാര്‍ പോരാട്ടം. പോരാട്ടം നടക്കുന്ന കാലത്ത് ഇങ്ങനെയൊരു നാമകരണം നടത്തിക്കൊണ്ടായിരുന്നില്ല അതിന്റെ പ്രണേതാക്കള്‍ പണിയെടുത്തിരുന്നത്. സാമ്രാജ്യത്വത്തിന്റെ നുകം പേറി അടിമകളെപ്പോലെ ജീവിക്കേണ്ടിവന്ന മലബാറിലെ മാപ്പിളമക്കള്‍ ഒരു മോചനത്തിനായി ദാഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാപ്പിളസമൂഹം മലബാറിന്റെ മുഖ്യധാരയില്‍നിന്നും അകറ്റപ്പെടുകയും വാണിജ്യ, വ്യാപാര മേഖലകളില്‍നിന്നും സ്വാധീനം നഷ്ടപ്പെടുകയും ചെയ്തത് 1498ലെ പറങ്കികളുടെ വരവോടുകൂടിയായിരുന്നു. കടല്‍കൊള്ളക്കാരനും ഭീകരനുമായിരുന്ന വാസ്‌കോഡ ഗാമ മലബാറിനെ പിഴിഞ്ഞെടുത്ത് മുഴുവന്‍ വിഭവങ്ങളും കൊള്ളയടിക്കാന്‍ വന്നപ്പോള്‍ മലബാര്‍ ഭരിച്ചിരുന്ന സാമൂതിരിക്ക് പിന്തുണയായത് മാപ്പിളസമൂഹമായിരുന്നു. സാമൂതിരിയോടൊപ്പം നിന്ന് അധിനിവേശകരെ തുരത്താന്‍ മാപ്പിളമാര്‍ മുമ്പില്‍ നിന്നു പ്രവര്‍ത്തിച്ചു. ഈ വിരോധമാണ് മാപ്പിളമാരോട് അടിമകളോടെന്നോണം പെരുമാറാന്‍ പറങ്കികള്‍ തൊട്ട് ബ്രിട്ടീഷുകാര്‍വരെയുള്ളവരെ പ്രേരിപ്പിച്ചത്. നാല് നൂറ്റാണ്ടുകളിലധികം വിവിധ പോരാട്ടങ്ങള്‍ നടത്തി രാജ്യത്തെയും രാജ്യത്തിന്റെ വിഭവങ്ങളെയും സംരക്ഷിക്കാന്‍ കാവല്‍ക്കാരായി പണിയെടുത്ത സത്യസന്ധതയുടെ കഥകളും കദനങ്ങളുമാണ് മാപ്പിളമാര്‍ക്ക് പറയാനുള്ളത്.

മാപ്പിളമാരുടെ സമരവീര്യം

സാമൂതിരിയുടെ പടനായകരായിരുന്ന കുഞ്ഞാലി മരക്കാന്മാരുടെ ധീരോദാത്തമായ പോരാട്ടം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെട്ടുകിടക്കുന്നു. പഴശ്ശിപ്പടയുടെ മുന്നണിപ്പോരാളികളായിരുന്ന ഉണ്ണിമൂസയുടെയും അത്തന്‍ കുരിക്കളുടെയും ചെമ്പന്‍ പോക്കറിന്റെയും നാമങ്ങള്‍ അധിനിവേശ ശക്തികളോടുള്ള സമാനതകളില്ലാത്ത എതിര്‍പ്പിന്റെ ചരിത്രമായി അവശേഷിക്കുന്നു. ബ്രിട്ടീഷുകാരുടെ അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ സമരാഹ്വാനം നടത്തിയ മമ്പുറം സയ്യിദ് അലവി തങ്ങളുടെയും (1752-1845) അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയതങ്ങളുടെയും (1820-1901) പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുന്നു. 'അസ്സൈഫുല്‍ ബത്താര്‍' എന്ന മമ്പുറം തങ്ങളുടെ കൃതി ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് ഏറെ ആവേശം നല്‍കിയ രചനയാണ്. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ മാര്‍ഗത്തില്‍ ഇന്ത്യയില്‍ ആദ്യമായി നികുതിനിഷേധ പ്രസ്ഥാനം ആരംഭിച്ച വെളിയങ്കോട് ഉമര്‍ ഖാസി (1763-1857) അറിയപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധ പോരാളിയായിരുന്നു.

ബ്രിട്ടീഷ് കുതന്ത്രങ്ങള്‍

സമരങ്ങളുടെ മാര്‍ഗങ്ങളിലും അതിന്റെ പരിണിതഫലങ്ങളിലും അംഗീകരിക്കപ്പെടേണ്ടതും തിരസ്‌കരിക്കപ്പെടേണ്ടതും ഉണ്ടാവാമെങ്കിലും ലക്ഷ്യം കളങ്കമില്ലാത്തതായിരുന്നു എന്നത് നിസ്തര്‍ക്കമാണ്. രാജ്യത്തിനും ജനങ്ങള്‍ക്കും രാജ്യത്തിന്റെ സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുക എന്നതായിരുന്നു അധിനിവേശ ശക്തികളോടുണ്ടായിരുന്ന എതിര്‍പ്പിന്റെ കേന്ദ്രബിന്ദു. അധിനിവേശ ശക്തികള്‍ രാജ്യത്തേക്ക് കടന്നുവരുന്നതിന് മുമ്പ് അറബികള്‍ അടക്കമുള്ള വൈദേശികരില്‍ പെട്ട എത്രയോ വിഭാഗങ്ങള്‍ നമ്മുടെ രാജ്യത്ത് വരികയും മാന്യമായ കച്ചവടങ്ങള്‍ നടത്തുകയും പ്രാദേശിക നിയമങ്ങള്‍ പാലിച്ചും നികുതികളടച്ചും തുറമുഖ മര്യാദകള്‍ പാലിച്ചും രാജ്യത്തിന്റെ വിഭവങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്. അതിനോട് എതിര്‍പ്പുകളുണ്ടായിട്ടില്ല. അതിനര്‍ഥം സമൂഹത്തിന്റെ എതിര്‍പ്പ് വൈദേശികത്വത്തോടായിരുന്നില്ല; മറിച്ച് അധിനിവേശത്തോടായിരുന്നു എന്നതാണ്. അധിനിവേശശക്തികള്‍ ഒരു പ്രദേശത്തേക്ക് അതിക്രമിച്ചുവന്നാല്‍ അവിടെയുള്ള വിവിധ കക്ഷികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും വളരെ നല്ല രീതിയില്‍ ജീവിച്ചിരുന്ന വിഭാഗങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുമെന്ന കാര്യം ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തത്ത്വമാണ് അധിനിവേശകര്‍ മലബാറിലും സ്വീകരിച്ചുവന്നത്. ടിപ്പുസുല്‍ത്താന്‍ ഇല്ലാതാക്കിയ ജന്മിത്വത്തെ പുനഃപ്രതിഷ്ഠിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ മലബാറില്‍ ഭിന്നതക്ക് വിത്തുപാകിയത്. ജന്മിമാരെയും കുടിയാന്മാരെയും സൃഷ്ടിച്ച് അത് മതപരമായ ഭിന്നതയാക്കി വരുത്തിത്തീര്‍ത്ത് അവര്‍ക്കിടയിലുണ്ടാവുന്ന സംഘട്ടനങ്ങളെ ഹിന്ദു-മുസ്‌ലിം കലാപങ്ങളാക്കി അവതരിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് അവര്‍ നടത്തിയത്.

1836-1919 വരെയുള്ള കാലയളവില്‍ 31 ജന്മി-കുടിയാന്‍ സംഘട്ടനങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചു. ദേശക്കാരായ ആളുകളില്‍നിന്നും ബ്രിട്ടീഷ് അനുകൂലികളെ സൃഷ്ടിക്കുക എന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം സംഘട്ടനങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചത്. കുടിയാന്മാരില്‍ മഹാഭൂരിപക്ഷവും മാപ്പിളമാരായിരുന്നു. മാപ്പിളമാരില്‍ മഹാഭൂരിപക്ഷവും കുടിയാന്മാരുമായിരുന്നു. വിദ്യാഭ്യാസമോ ഉന്നത ഉദ്യോഗമോ സാമ്പത്തിക മേല്‍ക്കോയ്മയോ ഉള്ളവര്‍ മാപ്പിളവരില്‍ വിരളമായിരുന്നു. മാപ്പിളമാരുടെ ബ്രിട്ടീഷ് വിരോധമെന്ന ആശയത്തെ മാപ്പിളമാരെ തന്നെ നിര്‍വീര്യമാക്കാനുള്ള തന്ത്രമായി മാപ്പിളവിരുദ്ധ ശക്തികള്‍ ഉപയോഗിച്ചു എന്നതാണ് സത്യം. മാപ്പിളമാര്‍ പോരാട്ടമാര്‍ഗത്തില്‍ തന്നെ കഴിയട്ടെ; അവരില്‍ ചിന്താശേഷി ഉണ്ടാകുന്നതോ അവര്‍ ഉദേ്യാഗ-വ്യാപാര മേഖലകളില്‍ സജീവമാകുന്നതോ ബ്രിട്ടീഷുകാര്‍ അടക്കമുള്ള മാപ്പിളവിരുദ്ധര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ജന്മി-കുടിയാന്‍ സമരങ്ങള്‍ക്ക് 'കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്' വര്‍ണനകള്‍ നല്‍കി മാപ്പിളമാര്‍ ഇപ്പോഴും പ്രചോദിപ്പിക്കപ്പെടുന്നത് മാപ്പിളസമൂഹത്തിന് അത്രതന്നെ ഗുണകരമല്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാവണം എന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു.

മാപ്പിള പിന്നാക്കാവസ്ഥ

കേരളത്തിലെ മാപ്പിളമാരും കീഴാളരുമല്ലാത്ത സമൂഹങ്ങള്‍ പൊതുവില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ വിദ്യാഭ്യാസം, ഉദേ്യാഗം തുടങ്ങിയ മേഖലയില്‍ വളരെയേറെ മുമ്പോട്ടുപോയിരുന്നു. ബ്രിട്ടീഷ് വിരുദ്ധതയുടെ പേരില്‍ സമരങ്ങളിലും സംഘട്ടനങ്ങളും ഏര്‍പ്പെടുന്നത് കാരണം മറ്റു മേഖലകളില്‍ മുന്നേറുവാന്‍ അവര്‍ക്ക് സാധിച്ചില്ല. സംഘട്ടനങ്ങളുടെ അന്തിമഫലമാവട്ടെ മാപ്പിളമാര്‍ക്ക് കനത്ത നഷ്ടം സംഭവിപ്പിച്ചുകൊണ്ടുമായിരുന്നു. സത്യത്തില്‍ മാപ്പിളമാരുടെ പോരാട്ടത്തില്‍ കറകളഞ്ഞ ആത്മാര്‍ഥതയും സത്യസന്ധതയുമാണ് ഉണ്ടായിരുന്നതെങ്കിലും ബ്രിട്ടീഷുകാര്‍ അടക്കം അത് ആസ്വദിക്കുകയായിരുന്നു എന്നുവേണം പറയാന്‍. കാരണം മാപ്പിളമാരെ ഉന്മൂലനം ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല അവസരമായും മാപ്പിളമാര്‍ പുരോഗതിയുടെ പാതയില്‍ സഞ്ചരിക്കുന്നതിനെ തടയുവാനുള്ള മാര്‍ഗമായും അവരതിനെ കണ്ടു.

മക്തി തങ്ങള്‍ നല്‍കിയ സന്ദേശം

മുസ്‌ലിം സമുദായത്തിന്റെ പുരോഗതിയില്‍ താല്‍പര്യമുണ്ടായിരുന്ന വിവേകമതികളായ പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ മാപ്പിളസമൂഹത്തെ ഉല്‍ബുദ്ധരാക്കാന്‍ ശ്രമിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വെളിയങ്കോട് ജനിച്ച സയ്യിദ് സനാഉല്ല മക്തിതങ്ങള്‍ (1847-1912) അവരില്‍ ഒരാളായിരുന്നു. ബ്രിട്ടീഷുകാരോട് ചെറുത്തുനില്‍ക്കുന്ന മാപ്പിള സമൂഹത്തിന്റെ വീരശൂരതകളെ അദ്ദേഹം അഭിനന്ദിക്കുമായിരുന്നെങ്കിലും ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകള്‍ വളര്‍ത്തിയെടുത്ത് സമുദായത്തെ ഇതര സമുദായങ്ങളെപ്പോലെ വിദ്യാഭ്യാസത്തിലും ഉദേ്യാഗരംഗങ്ങളിലും ഉയര്‍ന്നു മുന്നേറുവാനായിരുന്നു അദ്ദേഹം ഉപദേശിച്ചിരുന്നത്. 'ജ്ഞാനമില്ലെങ്കില്‍ മാനമില്ല; മാനമില്ലെങ്കില്‍ നാണമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ നയം. അറിയുന്ന ജ്ഞാനമെല്ലാം വിളമ്പുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. യുക്തിക്ക് ചേരുന്ന വിധത്തില്‍ ജ്ഞാനത്തെ ജീവിതത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ഉപദേശിച്ചത്.

1921ലെ മലബാര്‍ പോരാട്ടത്തിന്റെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മക്തിതങ്ങള്‍ അക്കാലത്ത് മലബാറില്‍ നടന്നുവന്ന ജന്മി-കുടിയാന്‍ സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാപ്പിളമക്കളെ ഉപദേശിച്ചിരുന്നു. ശത്രുവോട് എതിരിട്ട് മരിക്കുക എന്നത് ജീവിതലക്ഷ്യമായി കാണുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തി. അദ്ദേഹം എഴുതി: 'അന്യജനത്തെ കൊലപ്പെടുത്തി താന്‍ കൊല്ലപ്പെടുന്നതിന് മോക്ഷമുണ്ടെന്ന് ഉണ്ടാക്കിത്തീര്‍ത്ത വിശ്വാസം കാരണമായി വടക്കേ മലയാളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാപ്പിള ലഹള നിമിത്തം നാനാ കഷ്ടനഷ്ടങ്ങള്‍ ഗവര്‍മെന്റിനും പ്രജകള്‍ക്കും അനുഭവമായിരുന്നത് പ്രസിദ്ധമാകുന്നു. അവസാനം 1896ല്‍ ഉണ്ടായ ലഹളയുടെ ആരംഭത്തില്‍ ചങ്ങനാശ്ശേരിയില്‍ ഉണ്ടായിരുന്ന എന്നെ വരുത്തി മലപ്പുറം മുതലായ പ്രദേശങ്ങളില്‍ ചെന്നു പ്രസംഗിക്കാനുണ്ടായ ഉത്തരവ് പ്രകാരം ആ പ്രദേശങ്ങളില്‍ സഞ്ചരിച്ച് പ്രസംഗിച്ചും വാഗ്വാദം നടത്തിയും മഹാപാപമല്ലാതെ പുണ്യമൊന്നുമില്ലെന്ന് ധരിച്ചതിനാല്‍ ഇന്നുവരെ ലഹള എന്ന പേര് കേള്‍ക്കാതിരിക്കുന്നു. അതിനാല്‍ ഫലപ്പെട്ടത് ആരെന്നോര്‍ക്കണം' (രാജഭക്തിയും ദേശാഭിമാനവും).

മാറിച്ചിന്തിച്ച മാപ്പിളസമുദായം

മക്തിതങ്ങളുടെ ഉപദേശം ഫലിച്ചിരുന്നുവെന്നതാണ് അദ്ദേഹം എഴുതിയത്. 1896 നുശേഷം അദ്ദേഹം മരിക്കുന്നതുവരെ മലബാറില്‍ ജന്മി-കുടിയാന്‍ സംഘട്ടനങ്ങള്‍ ഉണ്ടായിട്ടില്ല എന്ന ചരിത്രം അത് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഇതിന്റെ പേരില്‍ സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാപ്പിളമാരെ അദ്ദേഹം ക്രൂരര്‍ ആയോ വര്‍ഗീയവാദികള്‍ ആയോ കരുതിയിരുന്നില്ല. വിജ്ഞാനത്തിന്റെ പോരായ്മയാണ് അദ്ദേഹം എടുത്തുകാണിച്ചിരുന്നത്. സമുദായത്തെ സമുദ്ധരിക്കാന്‍ ഇതേ മാര്‍ഗമാണ് മക്തിതങ്ങളുടെ കാലത്ത് ജീവിച്ചിരുന്ന മാഹിന്‍ ഹമദാനി തങ്ങളും (മരണം 1922) ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും (1866-1919) വക്കം മൗലവിയും (1873-1932) സ്വീകരിച്ചിരുന്നത്. അവര്‍ മത, ഭൗതിക വിദ്യാഭ്യാസം നേടാന്‍ മാപ്പിളമാരെ ഉപദേശിച്ചു. 1898, 1915, 1919 എന്നീ വര്‍ഷങ്ങളില്‍ ചില സംഘട്ടനങ്ങള്‍ക്ക് സാധ്യത വന്നുവെങ്കിലും മാപ്പിള സമുദായത്തില്‍ നിന്ന് വേണ്ടത്ര പ്രതികരണം അതിനുണ്ടാവാതിരുന്നതിന് കാരണം നവോത്ഥാനനായകര്‍ പടുത്തുയര്‍ത്തിയ ഉല്‍ബുദ്ധതയായിരുന്നു.

'1921' കാരണങ്ങള്‍?

ജന്മി-കുടിയാന്‍ പ്രശ്‌നത്തിന്റെ പേരിലുള്ള സംഘട്ടനങ്ങളോടുള്ള താല്‍പര്യം കുറഞ്ഞ കാലത്താണ് രാജ്യമാകമാനം ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ സജീവമായി വന്നത്. 1919-1920 വര്‍ഷങ്ങളിലായിരുന്നു ഇത്. 1920 ആഗസ്തില്‍ മഹാത്മജി കോഴിക്കോട് വരികയും ഖിലാഫത്ത്-നിസ്സഹകരണ സമരത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തതിന് ശേഷം മലബാറിലാകമാനം ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിച്ചും കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ നടത്തിയും വളരെ വ്യവസ്ഥാപിതമായി തുടങ്ങിയ സമരമായിരുന്നു 1921 ലെ മലബാര്‍ പോരാട്ടം. അത് ആലി മുസ്‌ല്യാരുടെയോ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെയോ മറ്റേതെങ്കിലും ഖിലാഫത്ത് നേതാക്കളുടെയോ തലയില്‍ നിന്നുദിച്ച ചിന്തയുടെ ഫലമായിരുന്നില്ല. ഏതെങ്കിലും സ്ഥലത്ത് ജന്മിയും കുടിയാനും തമ്മിലുണ്ടായ സംഘട്ടനത്തിന്റെ ഫലമായി ഉണ്ടായതുമല്ല. അധിനിവേശ ശക്തികളോട് നേരത്തെതന്നെ മാപ്പിളമാര്‍ക്കുണ്ടായിരുന്ന വിരോധത്തിന്റെ ഫലവുമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്നും ഇന്ത്യക്ക് ഇന്ത്യക്കാരുടെ ഭരണം വേണമെന്നുമുള്ള സ്വാതന്ത്ര്യചിന്തയില്‍നിന്നും ഉത്ഭൂതമായ നിസ്സഹകരണ-ഖിലാഫത്ത് സമരത്തിന്റെ ഭാഗമായിരുന്നു അത്. പ്രസ്തുത സമരത്തിന്റെ മാര്‍ഗമാവട്ടെ സായുധമായിരുന്നില്ല. സമാധാനമാര്‍ഗത്തില്‍ സത്യാഗ്രഹങ്ങളും ബഹിഷ്‌കരണങ്ങളും പോലെയുള്ള രീതികള്‍ മാത്രമായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം സമരങ്ങള്‍ സായുധമാവുകയും അക്രമത്തിലേക്ക് വഴുതിപ്പോവുകയും ചെയ്തിട്ടുണ്ട്. അതിന്റെ കാരണം ബ്രിട്ടീഷുകാരായിരുന്നു. സമാധാന സമരങ്ങളെ അക്രമത്തിലേക്ക് നയിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. എങ്കില്‍ മാത്രമെ അവര്‍ക്ക് വെടിവെപ്പും അറസ്റ്റും നടത്തി ഭീകരത സൃഷ്ടിക്കാന്‍ സാധിക്കൂ. ഭീകരാന്തരീക്ഷം ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ സമരങ്ങള്‍ ഉപേക്ഷിക്കുമെന്നതായിരുന്നു അവരുടെ നിഗമനം.

ബ്രിട്ടീഷുകാരുടെ പ്രകോപനങ്ങള്‍

തിരൂരങ്ങാടിയിലേക്കാണ് ബ്രിട്ടീഷ് പട്ടാളം ആദ്യം മാര്‍ച്ച് നടത്തിയത്. 1921 ആഗസ്ത് 20നായിരുന്നു അത്. പട്ടാളം ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. യാതൊരു പ്രകോപനവുമില്ലാത്ത സ്ഥലത്ത് പോയി ജനങ്ങളെ അക്രമമാര്‍ഗത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അതുവഴി ഖിലാഫത്ത് സമരത്തെ തകര്‍ക്കാം എന്നായിരുന്നു അവര്‍ കണ്ടത്. ഇത് മുന്‍കൂട്ടിക്കണ്ട മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ആലിമുസ്‌ല്യാരുടെ അടുക്കലേക്ക് ദൂതനെ പറഞ്ഞുവിടുകയും എന്ത് പ്രകോപനമുണ്ടായാലും അതില്‍ വീഴരുത് എന്ന നിര്‍ദേശവും നല്‍കിയിരുന്നു.

കെ.എം മൗലവി പറഞ്ഞത്

ബ്രിട്ടീഷ് പട്ടാളത്തോട് ഏറ്റുമുട്ടി ഖിലാഫത്ത് സമരത്തിന്റെ ദിശ മാറാതിരിക്കാന്‍ നേതാക്കള്‍ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പട്ടാളത്തോട് എതിരിടാന്‍ ആലിമുസ്‌ല്യാര്‍ ആലോചിച്ചതായി കാരാടന്‍ മൊയ്തീന്‍ സാഹിബ് കെ.എം മൗലവിയെ ധരിപ്പിച്ചു. കാരാടന്‍ മൊയ്തീന്‍ സാഹിബ് പറഞ്ഞ കാര്യങ്ങള്‍ കെ.എം മൗലവി വിശദീകരിക്കുന്നു: 'ആലി മുസ്‌ല്യാരും കൂട്ടുകാരായ വളണ്ടിയര്‍മാരും പറയുന്നു: ഇതേവരെ പോലീസിന്റെ മര്‍ദനം കുറെ സഹിച്ചു. ഇനിമേലില്‍ പോലീസുകാരാവട്ടെ, അവരുടെ സഹായികളാകട്ടെ, ഞങ്ങളെ ഉപദ്രവിച്ചാല്‍ ഞങ്ങള്‍ സഹിക്കുകയും പൊറുക്കുകയുമില്ല. ഞങ്ങള്‍ പ്രതിക്രിയ ചെയ്യും. ഈ വിവരമറിഞ്ഞു ഞാന്‍ അമ്പരന്നു. ഏറനാട്ടിലെ ഖിലാഫത്ത് കമ്മിറ്റി സിക്രട്ടറി എന്ന നിലക്ക് ഞാന്‍ ഇങ്ങനെ തീരുമാനിച്ചു. ആലി മുസ്‌ല്യാരെയും കൂട്ടുകാരെയും ചൊവ്വാക്കുകയോ അത് സാധിക്കാത്തപക്ഷം അവരെ ഖിലാഫത്ത് കമ്മിറ്റിയില്‍നിന്നും പുറത്താക്കുകയോ ചെയ്തിട്ടല്ലാതെ മേലില്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരണ ജോലിയില്‍ ഏര്‍പ്പെടുന്നില്ലെന്ന്' (1921 ചില സ്മരണകള്‍, കെ എം മൗലവി: ചന്ദ്രിക ആഴ്ചപ്പതിപ്പ്,1956 നവമ്പര്‍ 10).

എന്നാല്‍ കുറെ നിരപരാധികളെ പട്ടാളം പിടിച്ചുകൊണ്ടുപോയത് വൈകാരികാന്തരീക്ഷം സൃഷ്ടിച്ചു. അത് ചോദിക്കാന്‍ ചെന്ന ആലിമുസ്‌ല്യാരെയും സംഘത്തെയും വെടിവെക്കുകയായിരുന്നു ബ്രിട്ടീഷ് പട്ടാളം ചെയ്തത്. ഇതുസംബന്ധമായി ആലിമുസ്‌ല്യാര്‍ ഗദ്ഗദ സ്വരത്തില്‍ ഖലാഫത്ത്‌കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത് കെ.എം മൗലവി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'കളക്ടറും പട്ടാളവും കല്പിച്ചുകൂട്ടി യുദ്ധം നടത്തി. ഞമ്മളെ കൂട്ടര്‍ അവരവര്‍ക്ക് കയ്യുംപോലെ പകരംവീട്ടി. ഇനി എല്ലാം അല്ലാഹുവിന്റെ ഖദ്ര്‍ പോലെ നടക്കും' (കെ.എം മൗലവി, കെ.കെ മുഹമ്മദ് അബ്ദുല്‍കരീം, അല്‍കാത്തിബ് പബ്ലിക്കേഷന്‍സ്, പേജ് 105). നേതാക്കള്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തു. 'സഹകരണത്യാഗത്തിന് അക്രമസ്വഭാവം നല്‍കുന്നത് ശരിയല്ലെന്നും ഒരുനിലക്കും സഹനമാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കരുതെന്നും' അവര്‍ അദ്ദേഹത്തെ ഉപദേശിച്ചു' (അതേ പേജ്).

1921 സമരത്തിന്റെ യഥാര്‍ഥ മാര്‍ഗം

തിരൂരങ്ങാടിയിലെ സംഭവത്തെ തുടര്‍ന്ന് നേതാക്കള്‍ പുറത്തിറക്കിയ വിജ്ഞാപനം കാണുക. കെ. പി കേശവമേനോന്‍, യു ഗോപാലമേനോന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍, തയ്യില്‍ മുഹമ്മദ്കുട്ടി മുസ്‌ല്യാര്‍, എം. പി നാരായണമേനോന്‍, ഇ. മൊയ്തുമൗലവി, പൊന്മടത്ത് മൊയ്തീന്‍ കോയ എന്നീ നേതാക്കളാണ് അതില്‍ ഒപ്പുവെച്ചിരുന്നത്. അതിങ്ങനെയാണ്:

'മാന്യമഹാജനങ്ങളേ, ഇന്ത്യക്കാരുടെ രാഷ്ട്രീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പും കോണ്‍ഗ്രസ് ഖിലാഫത്ത് ആദര്‍ശ പ്രചാരണ വിജയവും ഭരണാധികാരി വര്‍ഗത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയും അലി സഹോദരന്മാരും മറ്റു ഹിന്ദു-മുസ്‌ലിം ദേശീയ നേതാക്കളും സഹനസമരത്തിനും നിസ്സഹകരണ പ്രസ്ഥാനത്തിനുമാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. മാപ്പിളനാട്ടില്‍ സുദൃഢമായ, വേരുറച്ചുവരുന്ന ഹിന്ദുമുസ്‌ലിം ഐക്യം വെള്ളക്കാരുടെ പരിഭ്രമത്തെ വര്‍ധിപ്പിച്ചിട്ടുണ്ട്. 21നു തിരൂരങ്ങാടിയില്‍ നടന്ന കലാപവിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. കലാപത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ രേഖപ്പെടുത്തേണ്ടതില്ല. മാപ്പിളനാട്ടിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇനിയും മര്‍ദനങ്ങളും അറസ്റ്റുകളും നടക്കാനുള്ള സാധ്യത തെളിഞ്ഞുകാണുന്നുണ്ട്. ബഹുജനങ്ങളോട് ഞങ്ങള്‍ ഖേദത്തോടും ഭയാശങ്കകളോടും ഒരു കാര്യം ഉണര്‍ത്തുന്നു. പോലീസും പട്ടാളക്കാരും എന്ത് അക്രമം പ്രവര്‍ത്തിച്ചാലും വല്ലവരെയും അറസ്റ്റ് ചെയ്താലും നിങ്ങള്‍ സഹനസന്മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കണം. യാതൊരു തരത്തിലുള്ള അക്രമത്തിനും പകരം ചോദിക്കലിനും മുതിരരുത്. അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ നമുക്ക് തിട്ടപ്പെടുത്താന്‍ സാധിക്കാത്ത പല നാശനഷ്ടങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും ഹേതുവാകുന്നതാണ്. അതിനാല്‍ എല്ലാവരും സഹനമാര്‍ഗവും സഹകരണത്യാഗാശയവും ജീവിതത്തില്‍ പ്രകടിപ്പിക്കണം. എല്ലാവരും കരുതി, സമാധാനമാര്‍ഗത്തില്‍ ചരിക്കണമെന്നും ഞങ്ങള്‍ ഇതിനാല്‍ അപേക്ഷിക്കുന്നു' (കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന് കുറ്റൂരിലെ കെ. പി മുഹമ്മദാജിയുടെ വീട്ടില്‍നിന്നും ലഭിച്ച രേഖയില്‍ നിന്ന്).

തുടരുന്ന ബ്രിട്ടീഷ് പ്രകോപനം

സമാധാനം പുനഃസ്ഥാപിച്ചത് ബ്രിട്ടീഷുകാര്‍ക്ക് സഹിച്ചില്ല. അവര്‍ വീണ്ടും കലാപമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തിരൂരങ്ങാടിയിലെ സമാധാനത്തിന് ഭംഗം വരുത്തി പട്ടാളം മമ്പുറം പള്ളി ആക്രമിച്ചു. കാരാടന്‍ മൊയ്തീന്‍ സാഹിബ് അടക്കം പലരും രക്തസാക്ഷികളായി. അതോടെ പള്ളിപ്പരിസരം യുദ്ധസമാനമായി. അതാണ് പിന്നീട് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളുടെ ഉള്‍ഭാഗങ്ങളിലേക്കും പ്രസരിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു പിന്നീടുള്ള സംഭവങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയത്.

'വാരിയന്‍കുന്നത്ത്' സത്യസന്ധനായ പോരാളി

വാരിയന്‍കുന്നത്തിനെ കുറിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ ആളെന്നും ഹിന്ദുവിരോധിയെന്നും ഭീകരനെന്നുമുള്ള ആക്ഷേപങ്ങള്‍ ബ്രിട്ടീഷുകാര്‍ സ്വയം സൃഷ്ടിച്ചുണ്ടാക്കിയതാണ്. ബ്രിട്ടീഷ് വിരോധവും മാപ്പിള വികാരവും ഒരുപോലെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹം മതപാണ്ഡിത്യമുള്ള വ്യക്തി കൂടിയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. സത്യസന്ധനായിരുന്നു. അക്രമത്തെ ഒരിക്കലും അംഗീകരിക്കാത്ത വ്യക്തിയായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി അഭിമാനത്തോടെ മരിക്കുകയാണ് വേണ്ടതെന്ന ആവേശം അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവില്‍ അത് അദ്ദേഹം സാധിച്ചെടുക്കുകയും ചെയ്തു. ഖിലാഫത്ത്-കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍ക്കൊണ്ടിരുന്ന സമരമാര്‍ഗത്തില്‍നിന്നും വ്യത്യസ്തമായി ബ്രിട്ടീഷുകാരോട് സായുധപോരാട്ടം നടത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന ഒട്ടേറെ സായുധ സംഘട്ടനങ്ങള്‍ മാപ്പിള സമുദായത്തിനുണ്ടാക്കിയ നഷ്ടങ്ങളും മുറിവുകളും ഓര്‍ത്തുകൊണ്ടായിരുന്നു നവോത്ഥാനനായകര്‍ ജാതിമത വ്യത്യാസമില്ലാതെ മറ്റൊരു സായുധ സംഘട്ടനമുണ്ടാവുന്നതില്‍നിന്നും മാപ്പിളസമൂഹത്തെ തടഞ്ഞുനിര്‍ത്തിയത്. പക്ഷേ, അതുള്‍ക്കൊള്ളാന്‍ മാത്രമുള്ള മാനസികാവസ്ഥ പോരാട്ടവീഥിയിലുണ്ടായിരുന്ന മാപ്പിള സഹോദരങ്ങള്‍ക്കുണ്ടായിരുന്നില്ല.

സീതിസാഹിബിന്റെ നിരീക്ഷണം

നവോത്ഥാനനായകര്‍ ഒരിക്കലും വാരിയന്‍കുന്നത്തിന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തെ വര്‍ഗീയമെന്നോ ക്രൂരമെന്നോ വിശേഷിപ്പിച്ചിട്ടില്ല. മറിച്ച് ക്രൂരമെന്നു വിശേഷിപ്പിച്ചു കവിതയെഴുതിയ മഹാകവി കുമാരനാശാനെ അവര്‍ തിരുത്തുകയാണ് ചെയ്തത്. കെ.എം സീതി സാഹിബ് എഴുതുന്നു: 'തന്റെ കാവ്യത്തെ സംബന്ധിച്ച് നടന്നിരുന്ന പ്രക്ഷോഭണത്തെക്കുറിച്ച് മൗലവി സാഹിബ് (വക്കം മൗലവി) മുതലായ മുസ്‌ലിം പ്രധാനികളുമായു സംസാരിച്ചാല്‍ കൊള്ളാമെന്ന് ശ്രീ കുമാരന്‍ ആശാന്‍ ചില സ്‌നേഹിതന്മാര്‍ മുഖേന മൗലവിസാഹിബിനെ അറിയിച്ചു. ആ സംസാരം തിരുവനന്തപുരം മുസ്‌ലിം ഹോസ്റ്റലില്‍ വെച്ചാവാമെന്ന് അറിയിച്ചതനുസരിച്ച് ശ്രീ കുമാരനാശാന്‍ മുസ്‌ലിം ഹോസ്റ്റലില്‍ വന്നു. അത് 1922ല്‍ ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ. മൗലവി സാഹിബും ഞങ്ങള്‍ ചിലരും ശ്രീ ആശാനുമായുള്ള സംഭാഷണത്തില്‍ പങ്കെടുത്തു. തികച്ചും സൗഹാര്‍ദപരമായ ഒരു സംഭാഷണമായിരുന്നു അത്. കൃതിയിലെ ചില ഭാഗങ്ങള്‍ ഏറനാട്ടിലെ മുസ്‌ലിമീങ്ങള്‍ എന്നുവേണ്ട മുസ്‌ലിമീങ്ങള്‍ പൊതുവെ ക്രൂരന്മാരും ഇത്തരമത വിദ്വേഷികളും കൊലപാതകികളുമാണെന്നുള്ള പ്രതീതി ഉണ്ടാക്കുമെന്നും അത് കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന് വലിയ ദോഷം ചെയ്യുമെന്നും ഞങ്ങള്‍ ശ്രീ കുമാരനാശാനോട് പറഞ്ഞു. തനിക്ക് മുസ്‌ലിമീങ്ങളെ അപകീര്‍ത്തിപ്പെടുത്തണമെന്നുള്ള യാതൊരുദ്ദേശവുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ ചൂണ്ടിക്കാണിച്ച വിധമുള്ള ഒരു പ്രതീതി തന്റെ കൃതികൊണ്ടു ഉണ്ടാകുന്ന പക്ഷം താന്‍ വളരെ ദുഃഖിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത്തരം പ്രതീതി നീക്കം ചെയ്യാന്‍ ഉതകുന്ന മറ്റൊരു കാവ്യം രചിക്കുവാന്‍ താന്‍ ശ്രമിക്കുന്നതാണെന്നു കൂടി ശ്രീ ആശാന്‍ സംഭാഷണമധ്യേ സൂചിപ്പിക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ പ്രസ്തുത കൂടിയാലോചന കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്കുള്ളിലായിരുന്നു പല്ലനവെച്ച് ഒരു ബോട്ടപകടത്തില്‍ മഹാകവിയുടെ ഏറ്റവും ദുഃഖകരമായ ദേഹവിയോഗമുണ്ടായത്' (മിശ്കാത്തുല്‍ ഹുദാ, 1959 സെപ്റ്റംബര്‍ 25, പേജ് 47).

മാപ്പിളമാര്‍ 1921നു ശേഷം

മലബാര്‍ പോരാട്ടത്തിന്റെ തിക്തഫലം അനുഭവിച്ചത് മാപ്പിള സമുദായം തന്നെയായിരുന്നു. ഇതില്‍ നിന്നുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് വിദ്യാഭ്യാസപരവും സാമൂഹികവും രാഷ്ട്രീയവുമായ വീണ്ടെടുപ്പിലൂടെ മാത്രമെ സാധിക്കൂ എന്ന് നേതാക്കള്‍ മനസ്സിലാക്കി. അങ്ങനെയാണ് 1922ല്‍ കേരള മുസ്‌ലിം ഐക്യ സംഘം രൂപം കൊണ്ടതും അതിന്റെ ആഭിമുഖ്യത്തില്‍ മുസ്‌ലിം സമുദായത്തെ നവോത്ഥാന പാതയിലേക്ക് നയിക്കുകയും ചെയ്തത്. അലക്ഷ്യമായ സായുധ സംഘട്ടനങ്ങളുടെ പാതയില്‍നിന്നും ലക്ഷ്യബോധമുള്ള ഒരു സമുദായത്തിന്റെ പുനഃസൃഷ്ടി സാധ്യമായത് അങ്ങനെയാണ്. 1921ല്‍ സംഭവിച്ചതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പില്‍ക്കാലത്ത് മുസ്‌ലിം നേതൃത്വം ശ്രദ്ധിച്ചുപോന്നത്. പ്രകോപനങ്ങള്‍ ഉണ്ടായേക്കാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവയെ ഊതിക്കെടുത്തി ആത്മസംയമനത്തിന്റെ പാതയിലൂടെ സമുദായത്തെ നയിക്കുവാനാണ് നേതാക്കള്‍ ശ്രദ്ധിച്ചുവന്നത്. ബാബ്‌റി മസ്ജിദ് പ്രശ്‌നം പോലുള്ള തീക്ഷ്ണമായ സാഹചര്യങ്ങളില്‍ പോലും സമുദായത്തെ ക്ഷമാപൂര്‍വം പിടിച്ചുനിര്‍ത്താന്‍ സാധിച്ചത് കേരളീയ മുസ്‌ലിം നവോത്ഥാന പാതയില്‍ സഞ്ചരിച്ച നേതാക്കളുടെയും പണ്ഡിതരുടെയും ധിഷണാശാലികളുടെയും ഉല്‍ബോധനങ്ങളിലൂടെയായിരുന്നു. വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്നിരുന്ന സമുദായത്തെ ശത്രുക്കള്‍ ഒരുക്കുന്ന സംഘട്ടന പാതയില്‍നിന്നും വഴിതിരിച്ച് ഉന്നത വിദ്യാഭ്യാസം നേടിയെടുക്കാന്‍ പ്രാപ്തരാക്കിയത് 1921നു ശേഷമുണ്ടായ വീണ്ടുവിചാരത്തിലൂടെയാണ്.

ചിത്രമല്ല; ചരിത്രമാണ് പ്രസക്തം

വാരിയന്‍കുന്നത്തിന്റെ ചിത്രം നല്‍കുന്ന സന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. ചിത്രം സംഘടിപ്പിക്കുകയും അതിനുവേണ്ടി അത്യധ്വാനം ചെയ്യുകയും ചെയ്ത ഗ്രന്ഥകര്‍ത്താവിനെ അനുമോദിക്കുന്നു. ചിത്രം പുറത്തുവന്നതുമുതല്‍ യഥാര്‍ഥ ചിത്രം അതുതന്നെയാണോ എന്ന വിവാദത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. വാരിയന്‍കുന്നന്റെ ചിത്രം അതുതന്നെയാണെന്ന് ഗ്രന്ഥകര്‍ത്താവും നൂറു ശതമാനം ഉറപ്പുപറയുന്നില്ല. അതാവാം എന്ന നിഗമനം മാത്രമാണ്. എന്നാല്‍ ചിലര്‍ ചിത്രം അതുതന്നെയാണെന്ന് ഉറപ്പിക്കുവാനാണ് വെമ്പല്‍കൊള്ളുന്നത്. എന്തിനാണീ അമിതാവേശം? ഒരു ചിത്രമാണോ ഒരു വ്യക്തിയെ പ്രസക്തമാകുന്നത്? ജന്മമോ ചിത്രമോ കുടുംബമോ ഒന്നുമല്ല; മറിച്ച് കര്‍മമാണ് പ്രധാനം എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. മുസ്‌ലിംകള്‍ എല്ലാവരെക്കാളും ആദരിക്കുന്ന മുഹമ്മദ് നബി ﷺ യുടെ ചിത്രം ആരും കണ്ടിട്ടില്ല. ഖുലഫാഉകളുടെയോ ലോകം ആദരിക്കുന്ന പണ്ഡിതരുടെയോ ചിത്രം ലഭ്യമല്ല. അതുകൊണ്ട് അവരുടെ വ്യക്തിത്വത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. വാരിയന്‍ കുന്നത്ത് എന്ന വ്യക്തിത്വത്തിന്റെ ചിത്രം ലഭ്യമാക്കുന്നതിനും എത്രയോ മുമ്പ് അദ്ദേഹത്തെ കേരളം ആദരിച്ചിട്ടുണ്ട്.

തിരുത്തപ്പെടേണ്ട ചിന്തകള്‍

പിന്നെന്തിനാണ് ഒരു വ്യക്തിയുടെ ചിത്രം ഇങ്ങനെ ആഘോഷിക്കപ്പെടേണ്ടത്? കേരളീയ നവോത്ഥാന ചരിത്രത്തിലെ ചരിത്രപുരുഷന്മാരെക്കാളും വാരിയന്‍കുന്നത്തിനെ ബിംബവല്‍ക്കരിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക 'രാഷ്ട്രീയ'മാണ് ഇതിന് പ്രേരിപ്പിക്കുന്നതെങ്കില്‍ അത് തിരുത്തപ്പെടേണ്ടതാണ്. ഇന്ത്യാരാജ്യം ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് രാജ്യമാകുന്നതിന് മുമ്പ് നടന്ന സമരത്തില്‍ സമരനേതാക്കള്‍ ആഗ്രഹിക്കാത്ത തരത്തിലേക്ക് ബ്രിട്ടീഷുകാര്‍ വഴി തിരിച്ചുവിട്ട ഒരു സമരമാര്‍ഗത്തെ ജനാധിപത്യ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിനുള്ളിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമമാണെങ്കില്‍ അതിന് സമുദായം വലിയ വില പറയേണ്ടിവരും. വൈകാരികതയും ആഘോഷങ്ങളുമല്ല; യാഥാര്‍ഥ്യബോധത്തോടെ ചരിത്രത്തെ തിരുത്തല്‍ ശക്തിയായി കാണുകയാണ് വേണ്ടത്.