മോഷ്ടിക്കപ്പെടുന്ന മുസ്‌ലിം ആനുകൂല്യങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 ജൂൺ 05 1442 ശവ്വാല്‍ 24
മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആനുകൂല്യങ്ങൾ കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണ്. സച്ചാറിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ 2008 മുതൽ നടപ്പാക്കി വന്ന മുസ്‌ലിം ക്ഷേമ പദ്ധതികളാണ് ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്. മുസ്‌ലിം വിദ്യാർഥികൾക്ക് മാത്രമായി നടപ്പാക്കാനുദ്ദേശിച്ച ക്ഷേമ പദ്ധതിക്ക് 'ന്യൂനപക്ഷ ക്ഷേമം' എന്ന പേര് നൽകുകയും അതിൽ നിന്ന് 20% ലത്തീൻ/പരിവർത്തിത ക്രൈസ്തവ വിദ്യാർഥികൾക്ക് വകമാറ്റുകയും ചെയ്തതിലെ അടിസ്ഥാന പ്രശ്നങ്ങളെ വിലയിരുത്തുന്നതിൽ കോടതിക്ക് തെറ്റുപറ്റിയിരിക്കുന്നു എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

ഒട്ടകത്തിന് തലവെക്കാന്‍ കൂടാരത്തില്‍ സ്ഥലം നല്‍കിയ അറബിയുടെ കഥ അനുസ്മരിപ്പിക്കുകയാണ് പുതിയ ഹൈക്കോടതി വിധി. നൂറുശതമാനവും മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയെ പരിഹരിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഒരു മുസ്‌ലിം ക്ഷേമ പദ്ധതി നടപ്പാക്കിയപ്പോള്‍ അതില്‍നിന്നും ഒരു ചെറിയ ഓഹരി (20%) ഇതര ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും നല്‍കാനുള്ള സന്മനസ്സ് കാണിച്ചത് ഇപ്പോള്‍ വിനയായിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ എല്ലാവിഭാഗങ്ങള്‍ക്കും അവരുടെ ജനസംഖ്യാനുപാതികമായി വീതം വെക്കണമെന്നാണ് വിധി പറയുന്നത്. 'ദൈവമേ, എനിക്ക് നൂറു രൂപ തരേണമേ' എന്ന് കരഞ്ഞു പ്രാര്‍ഥിച്ച കുട്ടിയുടെ ദയനീയത കണ്ട് കരളലിവുള്ള ഒരാള്‍ ഇരുപത് രൂപ ആ കുട്ടിക്ക് നല്‍കി. അത് വാങ്ങിച്ച് പോക്കറ്റിലിട്ട കുട്ടി 'ദൈവമേ, നീ കൊടുത്തയച്ച നൂറില്‍നിന്ന് എണ്‍പത് രൂപ മോഷ്ടിച്ച ഇയാള്‍ക്ക് നീ കനത്ത ശിക്ഷ നല്‍കേണമേ' എന്ന് പ്രാര്‍ഥിച്ച പോലെയായി കാര്യങ്ങൾ. നൂറുശതമാനം മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട ഒരു അവകാശത്തില്‍നിന്ന് ഒരു നിശ്ചിതശതമാനം അനുഭാവപൂര്‍വം നല്‍കിയപ്പോള്‍ അതുപോരാ, ഇനിയും വേണം എന്നു പറഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ മുമ്പില്‍ 'പ്രാർഥനയായി' വന്നിരിക്കുകയാണ്. കോടതി അത് അംഗീകരിച്ചുകൊടുത്തിരിക്കുകയാണ്. ഇക്കാലത്ത് സന്മനസ്സ് കാണിച്ചാലുള്ള അവസ്ഥ ഇങ്ങനെയൊക്കെയാണ് എന്ന പാഠമാണ് വലിയ ഉദാരമതികള്‍ക്ക് കോടതി നല്‍കിയിട്ടുള്ള പാഠം.

മുസ്‌ലിം പിന്നാക്കാവസ്ഥ പഠിച്ച് അതിനുള്ള പരിഹാരം നിര്‍ദേശിച്ച 2006ലെ സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പാലൊളി മുഹമ്മദ് കുട്ടി ചെയര്‍മാനായി രൂപം കൊണ്ട 2008ലെ പാലൊളി കമ്മിറ്റിയാണ് മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്കായി ചില ക്ഷേമപദ്ധതികള്‍ കൊണ്ടുവന്നത്. നൂറു ശതമാനം മുസ്‌ലിംകള്‍ക്ക് മാത്രമായി നല്‍കേണ്ട ഈ പദ്ധതിയില്‍ നിന്ന് 20% പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ലാത്തിന്‍ കത്തോലിക്കാ എന്നീ വിഭാഗങ്ങള്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വിവേചനമാണെന്നും മുസ്‌ലിംകള്‍ക്ക് മാത്രമായി മറ്റുള്ളവരെക്കാള്‍ കൂടുതല്‍ നല്‍കുന്നത് ഭരണഘടനാതത്ത്വങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നിലവിലുള്ള 80:20 അനുപാതം റദ്ദ്‌ചെയ്തുകൊണ്ട് ഹൈക്കോടതി വിധിപറഞ്ഞിരിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വന്ന വെള്ളം നിന്ന വെള്ളത്തെയും കൊണ്ടുപോയി എന്നു പറഞ്ഞപോലെ മുസ്‌ലിം ന്യൂനപക്ഷത്തിന് ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടുകയും അര്‍ഹരല്ലാത്തവര്‍ക്ക് അത് ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ നിധിയുടെ രൂപീകരണവും പാലൊളി കമ്മിറ്റിയുടെ സാഹചര്യവും അതിലേക്ക് വഴിതെളിയിച്ച സച്ചാര്‍ കമ്മിറ്റിയുടെ ഉദ്ദേശ്യവും നമ്മുടെ ഹൈക്കോടതിക്ക് മനസ്സിലാകാതെ വന്നത് വളരെ ആശ്ചര്യകരമാണ്. കോടതിക്ക് മുമ്പില്‍ സര്‍ക്കാര്‍ എന്ത് വിശദീകരണമാണ് നല്‍കിയത് എന്നും അന്വേഷിക്കേണ്ടതുണ്ട്. പാലൊളി കമ്മിറ്റി രൂപീകരിച്ച ഇടതുസര്‍ക്കാര്‍ തന്നെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും ഭരിച്ചത്. ഇപ്പോള്‍ ഭരിക്കുന്നതും അവര്‍ തന്നെ. മുസ്‌ലിം ക്ഷേമനിധി ഉണ്ടായ സാഹചര്യവും തുടര്‍ന്ന് അതിന്റെ അനുപാതം നിശ്ചയിച്ച കാരണങ്ങളുമെല്ലാം ഏറ്റവും നന്നായി അറിയാവുന്ന സര്‍ക്കാരാണ് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ട് നിലവില്‍ മുസ്‌ലിം സമുദായത്തില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ വേണ്ടി കൊണ്ടുവന്ന ഇത്തരം പദ്ധതികളുടെ യാഥാര്‍ഥ്യം കോടതിക്ക് വ്യക്തമാക്കാതെ പോകുന്നു എന്നകാര്യം വളരെയധികം ആശങ്കാജനകമാണ്!

മുസ്‌ലിം സമുദായവും ഉദ്യോഗ പ്രാതിനിധ്യവും

രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭരണരംഗത്തും ഉദ്യോഗരംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം പങ്കാളിത്തമുണ്ടാവണമെന്ന കാഴ്ചപാടായിരുന്നു രാഷ്ട്രശില്‍പികള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പല സമുദായങ്ങളുടെയും പ്രാതിനിധ്യം നാമമാത്രമായിരുന്നു. ഭരണഘടനാ നിര്‍മാണസഭയില്‍ 'ന്യൂനപക്ഷ കമ്മിറ്റി' എന്ന ഒരു കമ്മിറ്റി തന്നെ ഉണ്ടായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ച ഒബ്ജക്ടീവ് റെസലൂഷന്റെ ആറാം ഖണ്ഡത്തില്‍ പിന്നാക്കവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി കൊണ്ടുവന്നിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ചില അവകാശങ്ങള്‍ പ്രത്യേകം എഴുതിച്ചേര്‍ത്തത്. ഭരണഘടനാ നിര്‍മാണ സഭയില്‍ ന്യൂനപക്ഷങ്ങള്‍, അവശവിഭാഗങ്ങള്‍, അധഃകൃത വിഭാഗങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളെ മുഴുവന്‍ 'വര്‍ഗങ്ങൾ' (Classes)എന്ന ഒറ്റപ്പദത്തിലൊതുക്കിയാണ് ഭരണഘടനയുടെ 16(4),15(4) എന്നീ അനുച്ഛേദങ്ങള്‍ ഉണ്ടായിട്ടുള്ളത്.

രാജ്യത്ത് ഒരുവിഭാഗവും പിന്നാക്കം പോവാന്‍ പാടുള്ളതല്ല എന്നതാണ് ഭരണഘടനയുടെ കാഴ്ചപ്പാട്. അതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രത്യേകം സംവരണവും മറ്റു പദ്ധതികളും നടപ്പിലാക്കാന്‍ കമ്മീഷനുകളെ നിയമിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 340ല്‍ വളരെ വ്യക്തമായി എഴുതിവെച്ചത്. കേന്ദ്രത്തിന് മാത്രമല്ല സംസ്ഥാന സര്‍ക്കാറുകള്‍ക്കും കമ്മീഷനുകളെ നിയമിച്ച് വസ്തുതകള്‍ മനസ്സിലാക്കി, പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളെ കണ്ടെത്തി അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ കൊണ്ടുവരണമെന്ന് പ്രസ്തുത അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 1953ല്‍ ആദ്യമായി 'കാക്ക കലേല്‍ക്കര്‍ കമ്മീഷന്‍' ഉണ്ടായത്. തുടര്‍ന്ന് മണ്ഡല്‍ കമ്മീഷന്‍ (1979), ഡോ: ഗോപാല്‍ സിംഗ് കമ്മീഷന്‍ (1980), ബാബു വിജയനാഥ് കമ്മീഷന്‍ (1982), ജസ്റ്റിസ് രാംനന്ദന്‍ കമ്മിറ്റി (1993), ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന്‍ (2004), ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി (2006) തുടങ്ങിയ കേന്ദ്ര കമ്മീഷനുകളും കമ്മിറ്റികളും ഉണ്ടായത് ഭരണഘടനയുടെ അനുച്ഛേദം 340 അനുസരിച്ചാണ്. കേരളത്തില്‍ ഭരണപരിഷ്‌കാര കമ്മിറ്റി (1958), കെ.കെ വിശ്വനാഥന്‍ കമ്മിറ്റി (1963), കുമാരപിള്ള കമ്മീഷന്‍ (1965), നെട്ടൂര്‍ കമ്മീഷന്‍ (1970), നാരായണ പിള്ള കമ്മീഷന്‍ (1985), ജോസഫ് ഹൈലെവല്‍ കമ്മിറ്റി (1996), നരേന്ദ്രന്‍ കമ്മീഷന്‍ (2001), പാലൊളി കമ്മിറ്റി (2008) തുടങ്ങിയ കമ്മീഷനുകളും ഉണ്ടായത് ഭരണഘടനാനുസൃതമാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിയമപരമായ അധികാരം നല്‍കിയിട്ടുള്ള സമിതികളാണിവ.

പശ്ചാത്തലം മനസ്സിലാക്കാതെയുള്ള വിധി

ഓരോവിഭാഗത്തിന്റെയും ജനസംഖ്യക്ക് ആനുപാതികമായിട്ടുള്ള എണ്ണം ഉദേ്യാഗങ്ങളിലും വിദ്യാഭ്യാസ രംഗത്തും ഉണ്ടോ എന്ന് പരിശോധിക്കുകയും ഇല്ലെങ്കില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ മുമ്പോട്ട് വെക്കുകയും ചെയ്യുക എന്ന ധര്‍മമാണ് കമ്മീഷനുകള്‍ നിര്‍വഹിക്കുന്നത്. ജനസംഖ്യാനുപാതം എന്നുവെച്ചാല്‍ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള ഒരു വീതംവെപ്പല്ല അത്. മറിച്ച് ഓരോ വിഭാഗത്തിന്റെയും ജനസംഖ്യക്ക് അനുസരിച്ചുള്ള അനുപാതം ഉദേ്യാഗരംഗങ്ങളില്‍ ഇല്ലെങ്കില്‍ അതാത് വിഭാഗങ്ങള്‍ക്ക് ഉദേ്യാഗരംഗങ്ങളിലേക്ക് എത്തുവാനുള്ള മാര്‍ഗം ഉണ്ടാക്കുക എന്നതാണ്. ഉദാഹരണത്തിന് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്ന് ജനസംഖ്യാനുപാതത്തിന് അനുസരിച്ചുള്ള എണ്ണം ഇല്ലെന്നുവരികയും മുസ്‌ലിം വിഭാഗത്തിന്റെ എണ്ണം കൂടുതലാണെന്നുവരികയും ചെയ്യുമ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ എണ്ണക്കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരികയാണ് വേണ്ടത് എന്നര്‍ഥം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള നടപടിയാണ് പാലൊളി കമ്മിറ്റി വഴി കേരളത്തില്‍ നടന്നത് എന്നതാണ് ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലം. ഈ പശ്ചാത്തലം പരിശോധിക്കാതെയുള്ള കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധിയുടെ മാനദണ്ഡം സാമുദായികമായ വീതം വെപ്പാണ്. അത് ഭരണഘടനയുടെ അനുച്ഛേദം 340 ന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല.

സച്ചാര്‍ കമ്മറ്റിയും പശ്ചാത്തലവും

രാജ്യത്ത് മുസ്‌ലിം സമുദായം വളരെയേറെ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ പഠിക്കുന്നതിന് വേണ്ടിയാണ് 2005 മാര്‍ച്ച് ഒമ്പതിന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ബാബരി മസ്ജിദ് ധ്വംസനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമുദായം വേട്ടയാടപ്പെട്ടതുമെല്ലാം രാജ്യത്തിന്റെ മതേതര മനസ്സുകളില്‍ വലിയ പ്രയാസം ഉളവാക്കിയിരുന്നു. മുസ്‌ലിംകളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, തൊഴില്‍ അവസ്ഥയെക്കുറിച്ചുള്ള പഠനമായിരുന്നു കമ്മിറ്റിയില്‍ അര്‍പ്പിതമായ കര്‍ത്തവ്യം.

മുസ്‌ലിംകള്‍ക്ക് മാത്രമായി കമ്മീഷനോ?

ഒരു പ്രത്യേക മതവിഭാഗത്തിനു വേണ്ടി മാത്രമായി ഇങ്ങനെയൊരു പഠനം നടത്താന്‍ ഭരണഘടന അനുവദിക്കുന്നുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഭരണഘടനയും ഭരണഘടനാ നിര്‍മാണവേളകളിലെ ചര്‍ച്ചകളും പരിശോധിച്ചാല്‍ ഇതിനുള്ള ഉത്തരം വളരെ ലളിതമായി കണ്ടെത്താവുന്നതേയുള്ളൂ. നേരത്തെ സൂചിപ്പിച്ചപോലെ ഭരണഘടനയിലെ 'വര്‍ഗങ്ങൾ' (Classes) എന്ന പ്രയോഗത്തില്‍ ന്യൂനപക്ഷം, പിന്നാക്കം, അവശവിഭാഗം, അധഃകൃതര്‍ എന്നീ വിഭാഗങ്ങളെല്ലാം ഉള്‍പ്പെടുമെന്ന് ഭരണഘടനാ നിര്‍ാണവേളയില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയില്‍ സര്‍ദാര്‍ ഉജ്ജ്വല്‍ സിംഗിന്റെ ശക്തമായ ന്യായവാദങ്ങള്‍ക്കൊടുവില്‍ ന്യൂനപക്ഷങ്ങള്‍, അവശവിഭാഗങ്ങള്‍, അധഃകൃത വിഭാഗങ്ങള്‍ എന്നിങ്ങനെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഒരുപാട് പദങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം അവയെയെല്ലാം 'വര്‍ഗം' (Class) എന്ന ഒരു പദത്തില്‍ ചുരുക്കിയാല്‍ മതി എന്ന സര്‍ദാര്‍ കെ. എം പണിക്കരുടെ നിര്‍ദേശം അംഗീകരിക്കപ്പെടുകയായിരുന്നു. മതം, വര്‍ഗം, ജാതി, വര്‍ണം, ലിംഗം, ജനനസ്ഥലം, വാസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ലെന്ന് (അനുച്ഛേദം 16.2) ഭരണഘടന അനുശാസിക്കുമ്പോള്‍, അങ്ങനെയുള്ള വിവേചനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അനുച്ഛേദം 340 അനുസരിച്ച് സര്‍ക്കാറുകള്‍ക്ക് ഭരണഘടന നിര്‍ദേശം നല്‍കുന്നുമുണ്ട്. ഇങ്ങനെ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തില്‍തന്നെയാണ് സച്ചാര്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടത്.

എല്ലാ മതന്യൂനപക്ഷങ്ങളെ കുറിച്ചും പഠനമുണ്ടായിട്ടുണ്ട്

ന്യൂനപക്ഷങ്ങള്‍ എന്ന പരിധിയില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി തുടങ്ങിയവരെല്ലാം വരുമെന്നിരിക്കെ അത്തരം പഠനങ്ങളും നടക്കേണ്ടതില്ലേ എന്ന ചോദ്യം പ്രസക്തമാണ്. അങ്ങനെയുള്ള പഠനങ്ങളും നടന്നിട്ടുണ്ട്. 1980ലെ ഡോ. ഗോപാല്‍ സിംഗ് കമ്മീഷന്‍ അത്തരത്തിലുള്ള ഒന്നാണ്. എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങളെക്കുറിച്ചും പഠനം നടത്തിയ ഗോപാല്‍ സിംഗ് കമ്മീഷന്റെ കണ്ടെത്തല്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ മതവിഭാഗമായ മുസ്‌ലിംകളുടെ അവസ്ഥകളെക്കുറിച്ച് പ്രത്യേകം പഠനം നടത്തണം എന്നതിലേക്കാണ് സൂചന നല്‍കിയത്. ഗോപാല്‍ സിംഗ് റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: 'കേന്ദ്രഗവര്‍മെന്റിന്റെയും സംസ്ഥാന ഗവര്‍മെന്റുകളുടെയും സര്‍വീസില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള പ്രാതിനിധ്യം രാജ്യത്തെ ഓരോ ന്യൂനപക്ഷത്തിനും വ്യത്യസ്ത രൂപത്തിലാണ്. സിക്കുകാര്‍ക്കും ക്രൈസ്തവര്‍ക്കും പാഴ്‌സികള്‍ക്കും ഏറെക്കുറെ എല്ലാ സര്‍വീസുകളിലും മതിയായ പ്രാതിനിധ്യം കിട്ടിയിട്ടുള്ളപ്പോള്‍ മുസ്‌ലിംകള്‍ക്കും ബുദ്ധമതക്കാര്‍ക്കും കേന്ദ്ര, സംസ്ഥാന ഗവര്‍മെന്റ് സര്‍വീസുകളിലും സ്വകാര്യമേഖലയിലും വളരെ കുറഞ്ഞ പ്രാതിനിധ്യമേ ഉള്ളൂ എന്ന് പാനലിന് കാണാന്‍ കഴിഞ്ഞു. അതുകൊണ്ട് ഈ സമുദായങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദ്യാഭ്യാസത്തില്‍ വളരെ പിന്നണിയില്‍ നില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് ഈ പ്രശ്‌നത്തിന് ഒരു ദീർഘകാല പരിഹാരം കണ്ടെത്തേണ്ടതാണ്' (അവലംബം: ഗോപാല്‍ സിംഗ് റിപ്പോര്‍ട്ട്, സംവരണം: ചരിത്രവും പോരാട്ടവും, അബ്ബാസ് സേട്ട്, പേജ് 169).

മുസ്‌ലിം സമുദായത്തിന്റെ ദുരവസ്ഥ

1980ല്‍ തന്നെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് വന്നിട്ടും മറ്റു ന്യൂനപക്ഷങ്ങളെക്കാള്‍ വളരെ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരു പഠനമോ പദ്ധതിയോ കൊണ്ടുവരാന്‍ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ല. അതോടൊപ്പം അവര്‍ക്ക് ലഭ്യമായിരുന്ന പല സംവരണാനുകൂല്യങ്ങളും വരേണ്യ വര്‍ഗത്തിന്റെ ഭീഷണികളെ ഭയന്ന് സര്‍ക്കാറുകള്‍ നടപ്പാക്കിയതുമില്ല. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നിയോഗിച്ച ഗോപാല്‍ സിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ ചിതലരിച്ച് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിക്കുന്നത്. അപ്പോഴേക്കും മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ എന്തായിക്കാണുമെന്ന് ഊഹിക്കാവുന്നതാണ്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 2006 നവംബര്‍ 30നാണ് സമര്‍പ്പിച്ചത്. ജനസംഖ്യാനുപാതികമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും സര്‍ക്കാര്‍ വകുപ്പുകളില്‍ മുസ്‌ലിം പ്രാതിനിധ്യമില്ല എന്ന് കമ്മിറ്റി കണ്ടെത്തി. പോലീസ് 6, ആരോഗ്യവകുപ്പ് 4.4, ഗതാഗതം 6.5, റെയില്‍വേ 4.5 എന്നിങ്ങനെ എല്ലാ സര്‍ക്കാര്‍ മേഖലയിലും മുസ്‌ലിം സമുദായത്തിന്റെ ശതമാനം വളരെ തുച്ഛമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. 25.2% മുസ്‌ലിംകളുള്ള ബംഗാളില്‍ കേവലം 2 ശതമാനം മാത്രമാണ് സര്‍ക്കാര്‍ സര്‍വീസില്‍. വലിയ വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ള കേരളത്തില്‍ 24.7 ശതമാനം മുസ്‌ലിംകളുണ്ടെങ്കില്‍ 10.4 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉള്ളവര്‍. (കണക്കുകള്‍ സച്ചാര്‍ കമ്മിറ്റിയുടെ കാലത്തുള്ളത്). ഉദേ്യാഗം മാത്രമല്ല, വിദ്യാഭ്യാസം, പാര്‍പ്പിടം, ജീവിത നിലവാരം തുടങ്ങി സര്‍വ മേഖലയിലും ഉയരാന്‍ സാധിക്കാത്ത വിധം മുസ്‌ലിം സമുദായം അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട് എന്നാണ് സച്ചാര്‍ കണ്ടെത്തിയത്.

സച്ചാര്‍ റിപ്പോര്‍ട്ടും കേരളവും

സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ വിവിധ രൂപത്തിലാണ് പ്രതികരിച്ചത്. കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുന്നതിനെ അനുകൂലിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മുന്‍ മന്ത്രിയും പ്രമുഖ സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായ പാലൊളി കമ്മിറ്റി രൂപം കൊണ്ടത്. ടി.കെ ഹംസ, കെ.ഇ ഇസ്മയില്‍, എ.എ അസീസ്, കെ.ടി ജലീല്‍, ടി.കെ വില്‍സണ്‍, ഫസല്‍ ഗഫൂര്‍, ഒ. അബ്ദുറഹ്മാന്‍, ഹുസൈന്‍ രണ്ടത്താണി, സി അഹ്മദ് കുഞ്ഞ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവരായിരുന്നു അംഗങ്ങള്‍. കേരളത്തിലെ പ്രമുഖ മുസ്‌ലിം സംഘടനകളായ സമസ്ത, മുജാഹിദ്, മുസ്‌ലിം ലീഗ് പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ല.

പാലൊളി കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ടില്‍ മുസ്‌ലിം സമുദായത്തില്‍ 25 വയസ്സ് വരെ പ്രായമുള്ളവരില്‍ 14 ശതമാനം മാത്രമാണ് വിദ്യാഭ്യാസം നേടിയത് എന്നാണ്. അതേസമയം ഇത് ക്രിസ്ത്യന്‍ സമുദായത്തില്‍ 35 ശതമാനമാണ്. ക്രിസ്ത്യാനികളില്‍ 34 ശതമാനം തൊഴില്‍ നേടിയപ്പോള്‍ മുസ്‌ലിംകള്‍ 23 ശതമാനം മാത്രമാണ് തൊഴില്‍ കരസ്ഥമാക്കിയിട്ടുള്ളത്. മുസ്‌ലിംകളില്‍ 29 ശതമാനത്തോളം ദാരിദ്ര്യത്തിലാണെങ്കില്‍ ക്രിസ്ത്യാനികളില്‍ 4 ശതമാനം മാത്രമാണ് ദാരിദ്ര്യരേഖയിലുള്ളത്. പല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനം ഇല്ലെന്നും 26 ശതമാനത്തോളം മുസ്‌ലിംകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ സര്‍വീസില്‍ 11 ശതമാനം മാത്രമാണ് പ്രാതിനിധ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുസ്‌ലിം ക്ഷേമം വഴിമാറിയത് എങ്ങനെ?

സച്ചാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ ശിപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ ഭരണപരിഷ്‌കാരങ്ങള്‍ എങ്ങനെ വേണമെന്ന് പാലൊളി റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്:

"Constitute a Minority Welfare Department. Constitute Minority Welfare Cell in the State Secretariat prior to the formation of the Department as part of immediate steps to be taken to redress the Muslim backwardness." (Page 26). 'ഒരു ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കേണ്ടതുണ്ടെന്നും എന്നാല്‍ ഈ വകുപ്പ് രൂപീകരിക്കുന്നതിന് മുമ്പായി മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി സെക്രട്ടറിയേറ്റില്‍ ഒരു ന്യൂനപക്ഷ ക്ഷേമ സെല്‍ പ്രവര്‍ത്തനം തുടങ്ങുകയാണ് വേണ്ടത്.'

ഇങ്ങനെയാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുസ്‌ലിം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ചത് എന്നര്‍ഥം. എന്നാല്‍ 'ന്യൂനപക്ഷം' എന്ന വാക്ക് ഒരു പൊതുവായ പ്രയോഗമായതിനാല്‍ അങ്ങനെയൊരു വാക്ക് ഉപയോഗിച്ചതാണ് ഇപ്പോള്‍ ഉപദ്രവമായിരിക്കുന്നത്. മുസ്‌ലിം ക്ഷേമ പദ്ധതി എന്നോ, മുസ്‌ലിം ഡെവലപ്പ്‌മെന്റ് ഫണ്ട് എന്നോ ഉപയോഗിക്കുന്നതിന് പകരം ന്യൂനപക്ഷ ക്ഷേമം എന്നുപയോഗിച്ചത് ശരിയായില്ല എന്നാണ് മനസ്സിലാകുന്നത്. ന്യൂനപക്ഷ ക്ഷേമം എന്നുപറയുമ്പോള്‍ അതില്‍ മുസ്‌ലിമേതര ന്യൂനപക്ഷങ്ങള്‍ കൂടി കടന്നുവരും എന്നത് സ്വാഭാവികമാണ്. അന്ന് അധികാരത്തിലിരുന്ന സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടിയിരുന്ന രണ്ടു പ്രധാന കാര്യങ്ങളുണ്ട്: ഒന്ന്, സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പില്‍ വരുത്താന്‍ മറ്റൊരു കമ്മിറ്റിക്ക് രൂപം കൊടുക്കേണ്ടതില്ല. രണ്ട്, മുസ്‌ലിം ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ടി ഒരു ന്യൂനപക്ഷ വകുപ്പ് ഉണ്ടാക്കേണ്ടതുമില്ല.

ഇത്തരം അബദ്ധങ്ങളാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. 80:20 അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കാള്‍ കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനുവദിച്ച ക്ഷേമ പദ്ധതികളെല്ലാം മുസ്‌ലിം സമുദായം അടിച്ചുമാറ്റുകയാണ് എന്ന പ്രചാരണമാണ് ഗുരുതരമായ പ്രശ്‌നം. ഇങ്ങനെയൊരു പ്രചാരണം വളരുവാനുണ്ടായ സാഹചര്യം മുസ്‌ലിം ക്ഷേമപദ്ധതിയെ ന്യൂനപക്ഷമായും സച്ചാര്‍ കമ്മിറ്റിയെ പാലൊളി കമ്മിറ്റിയായും മാറ്റിയതാണ്. അതോടൊപ്പം കാര്യങ്ങള്‍ വിശദീകരിക്കേണ്ട സര്‍ക്കാറിന്റെ കുറ്റകരമായ മൗനവുമാണ്.

'മോഷ്ടിക്കുന്നവര്‍' അറിയാന്‍

'മോഷ്ടിക്കാന്‍' വരുന്നവന് ഇത് ഒരു മുസ്‌ലിം ക്ഷേമ പദ്ധതി മാത്രമാണ് എന്ന് മനസ്സിലാവാഞ്ഞിട്ടല്ല. മനസ്സിലായിട്ടും മനസ്സിലാകാത്തപോലെ നടിക്കുകയാണ്. സ്വന്തം പാത്രത്തിലെ അവസാനവറ്റും വയറ്റിലാക്കി ഏമ്പക്കം വിട്ടിട്ടും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ കൈയിട്ട് വാരുന്നത് എത്രമാത്രം ലജ്ജാകരമാണ്! കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമായിട്ടുള്ള എത്ര പദ്ധതികളുണ്ട്? കേരളത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണ് കെ.എസ്.ഡി.സി. കേരള സ്‌റ്റേറ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നാണ് അതിന്റെ പേര്. എന്നാല്‍ അതിന്റെ മുഴുവന്‍ പേര് KSDC for Christian Converts & Recommended Communities എന്നാണ്. പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് വേണ്ടി 1980 മുതല്‍ ഇത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്തുകൊണ്ട് ഒരു മതവിഭാഗത്തിനു മാത്രം ഇങ്ങനെയൊരു പദ്ധതി എന്ന് ചോദിച്ചുകൊണ്ട് ആരും കടന്നുവന്നിട്ടില്ല. ഭരണഘടനാപരമായി ഒരു വര്‍ഗമായി അംഗീകരിക്കപ്പെട്ട ഏതൊരു വിഭാഗത്തിന്റെയും ക്ഷേമത്തിന് വേണ്ടി പദ്ധതികള്‍ ഉണ്ടാകുന്നതിന് നമ്മുടെ രാജ്യത്ത് ഒരു തടസ്സവുമില്ല.

മുസ്‌ലിം ക്ഷേമ പദ്ധതികള്‍ക്ക് മാത്രം എന്താണ് പ്രശ്‌നം?

മുസ്‌ലിം ക്ഷേമപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മാത്രം കാണുന്ന സാമുദായിക ധ്രുവീകരണ പ്രശ്‌നങ്ങള്‍ ഇതര മതവിഭാഗങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്നതായി കണ്ടിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്‌ലിംകള്‍ക്ക് സംഭവിച്ച നഷ്ടക്കണക്കുകള്‍ ധാരാളം പറഞ്ഞുതന്നതാണ്. ആ നഷ്ടങ്ങള്‍ നികത്താന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ തകിടം മറിക്കാനാണ് 'മതേതരര്‍' എന്ന് സ്വയം അഭിമാനിക്കുന്ന പലരും ശ്രമിച്ചത്. പരമാവധി സമവായം ആഗ്രഹിച്ചുകൊണ്ട് പലതും വിട്ടുനല്‍കിയിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലെ മുസ്‌ലിംകള്‍ക്കുള്ളത്. നാട്ടില്‍ സാമുദായിക സൗഹാര്‍ദവും സമാധാനവും നിലനില്‍ക്കേണ്ടതുണ്ട്. അതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് മുസ്‌ലിം സമുദായം പുലര്‍ത്താറുള്ളത്. ഈ വിട്ടുവീഴ്ച സ്വന്തം അസ്തിത്വത്തെയും അവകാശങ്ങളെയും മറ്റുള്ളവര്‍ക്ക് മുമ്പില്‍ അടിയറവു പറയാനുള്ളതല്ല. ക്ഷേമ പദ്ധതികള്‍ ഇല്ലാതാകുമ്പോള്‍ സമുദായത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരായ ആളുകളെയാണ് ബാധിക്കുന്നത്. അവകാശ സംരക്ഷണ കാര്യത്തില്‍ മുസ്‌ലിം നേതൃത്വം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. പണ്ടെങ്ങോ നടന്ന ചില സമരങ്ങളുടെ 'മദ്ഹ്' പാടിയതുകൊണ്ട് ജീവിച്ചിരിക്കുന്ന സമുദായത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല.

80:20 എങ്ങനെ സംഭവിച്ചു?

ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്ന ചര്‍ച്ച 80:20 അനുപാതത്തിന്റെ പിതൃത്വത്തെ കുറിച്ചാണ്. പരസ്പരം പഴിപറഞ്ഞ് വിഷയത്തിന്റെ മര്‍മത്തില്‍നിന്നും കുതറിമാറുന്നത് ഒരു രാഷ്ട്രീയ നേതൃത്വത്തിനും ഉചിതമല്ല. നൂറു ശതമാനം മുസ്‌ലിംകള്‍ക്ക് നല്‍കേണ്ട ക്ഷേമ പദ്ധതിയില്‍ നിന്ന് എങ്ങനെ 20 ശതമാനം ക്രിസ്ത്യാനികള്‍ക്ക് നല്‍കേണ്ടി വന്നു എന്നതുമായി ബന്ധപ്പെട്ട പരിശോധന ആവശ്യമാണ്. നേരത്തെ സൂചിപ്പിച്ച പോലെ മുസ്‌ലിംകള്‍ക്ക് മാത്രമായി എങ്ങനെ നല്‍കുമെന്ന 'വിശുദ്ധ' ചോദ്യമാണ് അധികാരികളുടെ പ്രശ്‌നം. കേരളത്തിലെ ക്രിസ്തീയ സമൂഹം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പഠിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ക്ഷേമപദ്ധതികള്‍ കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ ഊരമേല്‍ പുര കെട്ടുകയല്ലല്ലോ വേണ്ടത്.

2011ലും 2015ലും വ്യത്യസ്ത സര്‍ക്കാറുകളായിരുന്നു ഭരിച്ചിരുന്നത്. രണ്ടുസമയത്തും ഇരുപതു ശതമാനത്തിന്റെ ഓര്‍ഡര്‍ ഇറങ്ങിയിട്ടുണ്ട്. ഒരാള്‍ക്കും ഇതില്‍നിന്ന് കൈ കഴുകി രക്ഷപ്പെടാന്‍ സാധിക്കില്ല. മുന്‍മന്ത്രി കെ.ടി ജലീല്‍ പറയുന്നത് ഇങ്ങനെയാണ്: 'നൂറു ശതമാനവും മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ള കുട്ടികളായിരുന്നു ആ സെന്ററില്‍ പ്രവേശിപ്പിക്കപ്പെടേണ്ടിയിരുന്നതെങ്കിലും കമ്മിറ്റിയുടെ തീരുമാനപ്രകാരം മുസ്‌ലിം കുട്ടികള്‍ക്ക് മാത്രമായി എന്ന നയം വേണ്ട എന്നും 80: 20 എന്ന അനുപാതത്തില്‍ മുസ്‌ലിം കുട്ടികളെയും മറ്റ് ഇതര ന്യൂനപക്ഷങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവരെയും ഇതര ന്യൂനപക്ഷമില്ലാത്തിടത്ത് ഭൂരിപക്ഷ മത സമുദായത്തിലെ പിന്നോക്കവിഭാഗക്കാരായ കുട്ടികളെയും പ്രവേശിപ്പിക്കാമെന്ന് കമ്മിറ്റി തീരുമാനിച്ചത്. ഒരു സ്ഥാപനത്തില്‍ മുസ്‌ലിം കുട്ടികള്‍ മാത്രം പഠിക്കുന്നതിന് പകരം മള്‍ട്ടി റിലീജിയസായിട്ടുള്ള ഒരു ക്ലാസ്‌റൂമാണ് ആവശ്യമെന്ന് എല്ലാ അംഗങ്ങളും അഭിപ്രായപ്പെടുകയും കമ്മിറ്റി ഒറ്റമനസ്സോടെ അംഗീകരിക്കുകയുമായിരുന്നു. ആദ്യഘട്ടത്തില്‍ സെന്ററുകളുടെ പേര് തന്നെ 'കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്' (സിസിഎംവൈ) എന്നായിരുന്നു. മുസ്‌ലിം യുവതി-യുവാക്കളെ ലക്ഷ്യമിട്ടാണ് ആ സെന്ററുകള്‍ ആരംഭിച്ചതെന്നതിന്റെ തെളിവുകൂടിയായിരുന്നു ആ പേര്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്ക കാലത്ത് ഞാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ ആ പേര് കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്നാക്കി. 20 ശതമാനത്തോളം മറ്റ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്ന കുട്ടികളുമുണ്ട് എന്ന പരിഗണയിലായിരുന്നു മുസ്‌ലിം യൂത്തില്‍നിന്ന് മൈനോറിറ്റി യൂത്തിലേക്കുള്ള ആ പേരുമാറ്റം' (എഫ്ബി പോസ്റ്റ്, കെ.ടി ജലീല്‍, 25/05/2021).

ഇതില്‍നിന്നും കാര്യങ്ങള്‍ വളരെ വ്യക്തമാണ്. നൂറു ശതമാനം മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഈ ക്ഷേമപദ്ധതിയിലേക്ക് ക്രൈസ്തവരെ കൂടി ചേര്‍ത്തത് പാലൊളി കമ്മിറ്റി അംഗങ്ങളുടെയും അന്നത്തെ വിഎസ് സര്‍ക്കാറിന്റെയും അറിവോടെയും അനുമതിയോടെയും ആയിരുന്നു. അതിനെ തുടര്‍ന്ന് 31/01/2011, 22/02/2011 എന്നീ തീയതികളിലായി വിഎസ് സര്‍ക്കാറിന്റെ രണ്ട് ഉത്തരവുകളും ഇറങ്ങുകയുണ്ടായി. തെരഞ്ഞെടുപ്പിന് രണ്ടുമൂന്ന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ ഉത്തരവുകള്‍. 'മുസ്‌ലിം യുവജനതക്കായുള്ള പരിശീലന കേന്ദ്രങ്ങളിലെ 10% മുതല്‍ 20% വരെ സീറ്റുകളില്‍ മറ്റു ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക സമുദായങ്ങള്‍ക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു' എന്നാണ് 31/01/2011ലെ ഉത്തരവിന്റെ തലക്കെട്ട്. 'പാലൊളി കമ്മിറ്റി ശുപാര്‍ശ വിദ്യാര്‍ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് എന്നിവ ലത്തീന്‍ ക്രിസ്ത്യാനികള്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് കൂടി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു' എന്നാണ് 22/02/2011 ലെ ഉത്തരവിന്റെ തലക്കെട്ട്. ഇത് വ്യക്തമാക്കുന്നത് 2011ല്‍ തന്നെ ഇത് അട്ടിമറിക്കപ്പെട്ടിരുന്നുവെന്നും ഇക്കാര്യങ്ങള്‍ പാലൊളി കമ്മിറ്റി അംഗങ്ങള്‍ക്കും സര്‍ക്കാറിനും അറിയാമായിരുന്നുവെന്നുമാണ്.

വിഎസ് സര്‍ക്കാറിന്റെ കാലം കഴിഞ്ഞ് പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 2015 ല്‍ വീണ്ടും ഒരു ഉത്തരവ് ഇറങ്ങി. 3427/2015 എന്ന നമ്പറില്‍ 8/5/2015 ന് ഇറങ്ങിയ പ്രസ്തുത ഉത്തരവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (CA), കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്‍സി (ICWA), കമ്പനി സെക്രട്ടറിഷിപ്പ് (CS) തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും തമ്മിലുള്ള സംവരണ അനുപാതത്തിന്റെ തോത് 80:20 ആകുന്നു എന്നാണ് പറയുന്നത്. നേരത്തെ വിഎസ് സര്‍ക്കാറിന്റെ കാലത്തെ ഉത്തരവുകളില്‍ പരിശീലന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, വിദ്യാര്‍ഥിനികളുടെ സ്‌കോളര്‍ഷിപ്പ് എന്നിവക്ക് ഏര്‍പ്പെടുത്തിയ 80:20 അനുപാതം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ CA, ICWA, CS എന്നീ കോഴ്‌സുകള്‍ക്കും ഏര്‍പ്പെടുത്തി. മൂന്നു ഉത്തരവുകളും മൂന്നുകാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. വിഎസ് സര്‍ക്കാര്‍ കൊണ്ടുവന്ന 20 ശതമാനം ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് എടുത്തുമാറ്റാമായിരുന്നു. പകരം അവരും മറ്റൊരു സ്‌കീമില്‍ 80:20 കൊണ്ടുവരികയാണ് ചെയ്തത്. മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട ഈ സ്‌കീമില്‍ നിന്ന് ക്രിസ്ത്യാനികളെ ഒഴിവാക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ പറയുമ്പോള്‍ അത് വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കോ യുഡിഎഫ് സര്‍ക്കാരിലെ ഉത്തരവാദപ്പെട്ട മറ്റാര്‍ക്കെങ്കിലുമോ ഇക്കാര്യത്തില്‍ ഇടപെടാമായിരുന്നു. മുന്നണികള്‍ക്കിടയിലും പാര്‍ട്ടികള്‍ക്കിടയിലുമുള്ള തര്‍ക്കങ്ങള്‍ ഒരു സമുദായത്തിന്റെ അവകാശം നഷ്ടപ്പെടുത്താന്‍ പാടില്ല.

മറ്റു ഹൈക്കോടതികള്‍ എങ്ങനെ വിധിച്ചു?

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയുള്ള വിധിയായി പുതിയ ഹൈക്കോടതി വിധിയെ നിരീക്ഷിക്കേണ്ടി വരും. സച്ചാര്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തിലുള്ള ക്ഷേമപദ്ധതികള്‍ക്കെതിരെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഹൈക്കോടതികളില്‍ പരാതികള്‍ വന്നിട്ടുണ്ടായിരുന്നു. മുംബൈ ഹൈക്കോടതിയില്‍ 2011 ജൂണില്‍ സഞ്ജീവ് പുനലേക്കര്‍, ജ്യോതിക വെയ്ല്‍ എന്നിവരാണ് പരാതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങളുടെ ഭാഗമായി കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കെതിരെയായിരുന്നു അവരുടെ പരാതി. മുസ്‌ലിംകള്‍ക്ക് മാത്രമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ പരാതി തള്ളിക്കൊണ്ട് വിധി പറഞ്ഞ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷായുടെ വാചകങ്ങള്‍ വളരെ പ്രസക്തമായിരുന്നു: 'മുസ്‌ലിംകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് അവരുടെ മതമോ അവരുടെ ദാരിദ്ര്യമോ നോക്കിയിട്ടല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഗണിച്ചുകൊണ്ട് മാത്രമാണ്.'

2013 നവംബറിലാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ മുസ്‌ലിംകള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്ന സച്ചാര്‍ റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ വന്നത്. പരാതി നല്‍കിയത് ഗുജറാത്ത് സര്‍ക്കാര്‍ തന്നെയായിരുന്നു. അവരുടെ വാദം ഇങ്ങനെയായിരുന്നു: 'സച്ചാര്‍ കമ്മിറ്റിക്ക് ഭരണഘടനാപരമായോ നിയമപരമായോ സാധുതയില്ല. സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ തുടങ്ങിയ മറ്റു മതന്യൂനപക്ഷങ്ങളെ പരിഗണിച്ചിട്ടില്ല. സച്ചാര്‍ കമ്മിറ്റിയുടെ ലക്ഷ്യം മുസ്‌ലിംകളെ മാത്രം സഹായിക്കുക എന്നതാണ്. ഒരു മതക്കാര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ മറ്റു മതന്യൂനപക്ഷങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടും.' എന്നാല്‍ ഗുജറാത്തിലെ മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി. ഒടുവില്‍ സച്ചാറിനെതിരെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് കോടതി പറഞ്ഞു: 'സച്ചാര്‍ നിര്‍ദേശ പ്രകാരം മുസ്‌ലിംകള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ 'അഫര്‍മേറ്റിവ്' (സ്ഥിരീകരണ നടപടി) ആണ്. അത് 'ഡിസ്‌ക്രിമിനേറ്റിവ്' (വിവേചനപരം) അല്ല. അതുകൊണ്ടുതന്നെ അപ്പീല്‍ തള്ളുന്നു.' മുന്‍കാലങ്ങളില്‍ വിവേചനം നേരിട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെയാണ് അഫര്‍മേറ്റിവ് എന്ന് പറയുന്നത്.

ഭൂരിപക്ഷ മത വിഭാഗത്തിലെ പിന്നാക്കക്കാരെയും പരിഗണിക്കേണ്ടി വരില്ലേ?

രണ്ടു ഹൈക്കോടതികള്‍ കാണിച്ച സത്യസന്ധമായ ഇടപെടലുകളാണ് മുകളില്‍ സൂചിപ്പിച്ചത്. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച, സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മുസ്‌ലിം ക്ഷേമപദ്ധതികളെ ഒരു അഫര്‍മേറ്റിവ് ആക്ഷനായി കാണാന്‍ കേരള ഹൈക്കോടതിക്ക് സാധിക്കാതെ പോയത് ദുഃഖകരമാണ്. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണമുള്ള മുസ്‌ലിം ക്ഷേമ പദ്ധതിയാണെന്ന് കണ്ടെത്തുവാനുള്ള വിവേകം കാണിക്കേണ്ടതായിരുന്നില്ലേ? പശ്ചാത്തലം പരിഗണിക്കാതെയുള്ള ഈ വിധിയെ തുടര്‍ന്ന് കേരളത്തിലെ ഭൂരിപക്ഷ മതവിഭാഗങ്ങളില്‍ പെട്ട പിന്നാക്കവിഭാഗക്കാരും പരാതിയുമായി വന്നാല്‍ അതും അനുവദിക്കേണ്ടി വരില്ലേ? കാരണം 2011ലെ ഉത്തരവില്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് പുറമെ, മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും കൂടി പ്രവേശനം നല്‍കുക എന്ന പരാമര്‍ശമുണ്ട്. മുന്‍മന്ത്രിയുടെ എഫ്ബി പോസ്റ്റിലും ഇക്കാര്യം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഒട്ടും യുക്തിസഹമല്ലാത്ത ഈ വിധി പുനഃപരിശോധിക്കുകയും അത് റദ്ദ് ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണ്ടതുണ്ട്. സര്‍ക്കാര്‍ വിധിക്കെതിരെ സർക്കാർ നിര്‍ബന്ധമായും റിവ്യൂ പെറ്റിഷന്‍ നല്‍കേണ്ടതുണ്ട്.

മുസ്‌ലിം സമുദായം ജാഗ്രത കൈവിടരുത്

മുസ്‌ലിം ആനുകൂല്യങ്ങള്‍ മോഷ്ടിക്കപ്പെടുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ മുസ്‌ലിം സമുദായം പ്രതികരിക്കേണ്ടതുണ്ട്. സമൂഹത്തെ തല്‍വിഷയകമായി ബോധവല്‍ക്കരിക്കുകയും സര്‍ക്കാര്‍, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നിവയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും നിയമപരമായി മുന്നോട്ട് പോകുവാന്‍ സജ്ജമാവുകയും ചെയ്യുക. മുസ്‌ലിം സംഘടനകള്‍ കേവലം പ്രസ്താവനകള്‍, ചാനല്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുവാനുള്ള കരുത്ത് ആര്‍ജിക്കുക. സത്യവും നീതിയുമാണ് പുലരേണ്ടത്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയിലേക്ക് നമ്മുടെ ജനാധിപത്യക്രമം മാറരുത്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ഥിതിവിശേഷം ഫാസിസത്തിന്റെ അടയാളമാണ്. അത് ജനാധിപത്യ വിരുദ്ധമാണ്. മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗ, വിദ്യാഭ്യാസ, ജീവിത നിലവാര അവസ്ഥ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുക. വിവിധ കമ്മീഷനുകള്‍ അത് സമൂഹത്തെ ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കുവാനാണ് സമൂഹം ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് നാളെ വലിയ വില നല്‍കേണ്ടി വരും.