മുറിവേല്‍പ്പിക്കരുത് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ

നബീല്‍ പയ്യോളി

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമാണ്. രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തുകയും വികസന കാര്യങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്തിരുന്ന മുന്‍കാല പാരമ്പര്യം വെടിഞ്ഞ് മതനിരപേക്ഷതയെയും മൂല്യങ്ങളെയും തച്ചുതകര്‍ക്കുന്ന രൂപത്തിലാണിന്ന് ചര്‍ച്ചകളും വിമര്‍ശനങ്ങളും മുറുകുന്നത്. പ്രബുദ്ധ കേരളത്തിനിത് ഭൂഷണമല്ല.

കേരളം ഗൗരവമേറിയ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. സംസ്ഥാനം ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ലോക്‌സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. കേരളത്തിന്റെ തനത് രാഷ്ട്രീയവും വികസന കാഴ്ചപ്പാടുകളുമാണ് ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചര്‍ച്ചാവിഷയം. ഓരോ രാഷ്ട്രീയ പ്രസ്ഥാനവും മുന്നണികളും ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്ന രാഷ്ട്രീയ, വികസന കാഴ്ചപ്പാടുകള്‍ വിലയിരുത്തിയാവും വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇടത്, വലത് മുന്നണികളെ മാറിമാറി വിജയിപ്പിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. ഓരോ അഞ്ചുവര്‍ഷവും ഭരണമാറ്റം വിധിക്കുന്നവരാണ് മലയാളികള്‍.

1956ല്‍ പാര്‍ലമെന്റ് പാസാക്കിയ സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആ വര്‍ഷം നവംബര്‍ ഒന്നിന് കേരളം പിറക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളെ ഒരു ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിപ്പിച്ചാണ് 'ഐക്യ കേരളം' രൂപംകൊണ്ടത്.1957 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ഏപ്രില്‍ ഒന്നാം തീയതി ആദ്യ നിയമസഭ നിലവില്‍ വരികയും ഏപ്രില്‍ അഞ്ചാം തീയതി ഇ.എം.എസിന്റെ നേതൃത്വത്തില്‍ പതിനൊന്നംഗ മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് ഭരണകൂടം എന്ന പ്രത്യേകതയും കേരളത്തിന്റെ പ്രഥമ മന്ത്രിസഭയ്ക്കുണ്ട്. മുന്നണി സംവിധാനം കേരളരാഷ്ട്രീയത്തെ മറ്റിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍നിന്നും വ്യത്യസ്തമാക്കി. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നണി മാറ്റവും നിലപാടുകളും വിവാദങ്ങളുമെല്ലാം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആരോഗ്യകരമായ അധ്യായങ്ങളായി നമുക്ക് മുന്നിലുണ്ട്. അവ കേരളത്തിന്റെ സാമൂഹിക ഘടനയില്‍ പ്രതികൂലമയി ബാധിക്കുന്നവയായിരുന്നില്ല.

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം പോയവാരത്തില്‍ നടന്നു. ഇനി പതിനഞ്ചാമത് നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഗോഥയിലാണ് കേരളം. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഇന്നലെകളിലേക്ക് കണ്ണോടിക്കുമ്പോള്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളും വിവാദങ്ങളും കേരളത്തിന്റെ തെരഞ്ഞെടുപ്പുകളില്‍ വിഷയീഭവിച്ചതായി കാണാം. ജാതി, മത, രാഷ്ട്രീയ വിഷയങ്ങളില്‍ സവിശേഷമായ സമവാക്യങ്ങള്‍ കാത്തുസൂക്ഷിച്ചുപോരുന്ന പാരമ്പര്യമാണ് കേരളത്തിന്റെത്. ഏതു പ്രതിസന്ധിഘട്ടത്തിലും രാഷ്ട്രീയ സാഹചര്യങ്ങളിലും മതനിരപേക്ഷതയും ജനാധിപത്യബോധവും കൈവിടാതെ വിവേകപൂര്‍വം പ്രവര്‍ത്തിക്കാന്‍ കേരളം ഔന്നത്യം കാണിച്ചിട്ടുണ്ട് എന്നതാണ് രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നും നമ്മുടെ നാടിനെ വ്യത്യസ്തമാക്കുന്നത്. കേരളത്തിനുപുറത്ത് നിലപാടുകളില്‍ കാര്‍ക്കശ്യവും തീവ്രതയും വച്ചുപുലര്‍ത്തുന്നവര്‍പോലും കേരളത്തിന്റെ സാമൂഹിക ഘടനയിലെ പ്രത്യേകതകള്‍ കൊണ്ടാവാം ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളോട് താദാത്മ്യം പ്രാപിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍നിന്നും വ്യത്യസ്തമായി രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും തച്ചുതകര്‍ത്ത് ഫാസിസ്റ്റ് ശക്തികള്‍ തേരോട്ടം നടത്തുന്ന സമകാലിക സാഹചര്യം ഓരോ പൗരന്റെയും നിലപാടുകളും കാഴ്ചപ്പാടുകളും മാറ്റിമറിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. സാമൂഹിക മാധ്യമങ്ങളും വാളെടുത്തവന്‍ വെളിച്ചപ്പാടാവുന്ന സാഹചര്യവും ഒക്കെ സങ്കീര്‍ണമായ അന്തരീക്ഷമാണ് നമുക്ക് ചുറ്റും രൂപപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന കേരള നിയമസഭാതെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യവും പ്രത്യേകതയുമുണ്ട്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഘടനയില്‍ സമൂലമായ മാറ്റത്തിന് ഹേതുവാകുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.

മുമ്പെങ്ങുമില്ലാത്തവിധം വര്‍ഗീയ വൈറസുകള്‍ നമുക്കുചുറ്റും കറങ്ങിനടക്കുന്നു എന്നത് മലയാളിയെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഏത് വിഷയത്തിലും വര്‍ഗീയത ചികയുന്ന തികച്ചും നിരാശാജനകമായ സാഹചര്യത്തിലേക്ക് നമ്മുടെ നാട് മാറുകയാണോ? തികഞ്ഞ രാഷ്ട്രീയ വിഷയങ്ങളും വികസനവും ചര്‍ച്ച ചെയ്യപ്പെടേണ്ട തെരഞ്ഞെടുപ്പുകാലത്ത് അതിനെക്കാളെല്ലാമുപരി വര്‍ഗീയതയെ മുഖ്യചര്‍ച്ചാവിഷയമാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഈ അടുത്തകാലത്ത് മാത്രം കണ്ടുതുടങ്ങിയതാണ്. ഇന്ത്യയെ മുഴുവന്‍ സംഘപരിവാര്‍ശക്തികള്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ പിടികൊടുക്കാതെനിന്ന ഏതാനും ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജാതി, മത, വര്‍ഗ, രാഷ്ട്രീയ വൈജാത്യങ്ങളെ മനുഷ്യത്വം എന്ന ഒറ്റ നൂലില്‍ കെട്ടാന്‍ മലയാളികള്‍ക്ക് എന്നും സാധിച്ചിരുന്നു. അത്‌കൊണ്ടുതന്നെയാണ് രാജ്യത്തെ നടുക്കിയ ചില പ്രതിസന്ധികള്‍ക്ക് മുമ്പില്‍ മാതൃകാപരമായ നിലപാട് കൈക്കൊള്ളാനും ഒരേമനസ്സോടെ മനുഷ്യത്വവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാനും മലയാളികള്‍ ആര്‍ജവവും തന്റേടവും കാണിച്ചത്. രാജ്യം എന്നും ഉറ്റുനോക്കിയ നിലപാടുകളാണ് മലയാളമണ്ണ് എന്നും സ്വീകരിച്ചതും പ്രയോഗവത്കരിച്ചതും.

ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖത്തേറ്റ അടിയായി ചരിത്രം രേഖപ്പെടുത്തിയ ബാബരി മസ്ജിദ് ധ്വംസനവും അതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളും രാജ്യത്തെ കരയിപ്പിച്ചെങ്കിലും കേരളം ഒറ്റക്കെട്ടായി നിന്ന് ആ പ്രതിസന്ധിയോട് ക്രിയാത്മകമായി പ്രതികരിച്ചു. വര്‍ഗീയ കലാപങ്ങളും സംഘട്ടനങ്ങളും കേരളമണ്ണില്‍ ഇല്ലാതെപോയതും ഈ ജാഗ്രതയുടെ ഫലമായിരുന്നു. നമ്മുടെ സമാധാനത്തിന് കോട്ടം തട്ടുന്ന ഒരു നിലപാടും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ തീരുമാനിക്കുകയും അത് അണികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇന്ത്യാചരിത്രത്തിലെ ആ പ്രതിസന്ധിഘട്ടത്തില്‍ പ്രകോപനങ്ങള്‍ക്ക് അടിമപ്പെടാതെ മാനവികമൂല്യങ്ങളുടെ മഹിതമാതൃകയായി കേരളം നിലകൊണ്ടതില്‍ എന്നും അഭിമാനിക്കുന്നവരാണ് മലയാളികള്‍.

ഈ പ്രത്യേകതകള്‍കൊണ്ട് തന്നെയാണ് കേരളമണ്ണില്‍ വര്‍ഗീയതക്ക് വേരോട്ടം ലഭിക്കാതെ പോയത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ കേരളീയ പൊതുമണ്ഡലത്തില്‍നിന്നും അകറ്റിനിര്‍ത്താനും ജാതി, മത, വര്‍ഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഇടകലര്‍ന്ന് ജീവിക്കാനും ഇടപഴകാനുമുള്ള സാഹചര്യം കേരളത്തിന്റെ ഈ നിലപാടിന്റെ ഫലമാണ്. തങ്ങളുടെതായ വിശ്വാസവും ആചാരവും രാഷ്ട്രീയവും എല്ലാം മുറുകെപിടിച്ചുകൊണ്ടുതന്നെ പാരസ്പര്യത്തിലൂന്നിയ സാമൂഹികഘടന കേരളത്തിന്റെ സവിശേഷതയാണ്. വര്‍ഗീയതയുടെ വിഷവിത്തുകളെ മാറ്റിനിര്‍ത്താനും സഹവര്‍ത്തിത്വത്തിന്റെ ജീവിത സാഹചര്യങ്ങള്‍ നിലനിര്‍ത്താനും അത്‌കൊണ്ടുതന്നെ മലയാളികള്‍ക്ക് സാധിച്ചിട്ടുണ്ട്.

ബിജെപിയും സംഘപരിവാര്‍ സംഘടനകളും കാലങ്ങളായി കേരളീയ പൊതുസമൂഹത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രമങ്ങള്‍ക്ക് വിഘാതമായി എന്നും നിലകൊള്ളുന്നത് ഈ മതനിരപേക്ഷ നിലപാടുകളാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ബിജെപിക്ക് കേരളത്തില്‍ ഒരു നിയമസഭാംഗം ഉണ്ടാവുന്നത് എന്നതുതന്നെയാണ് കേരളം കാത്തുസൂക്ഷിച്ച മതനിരപേക്ഷ മൂല്യങ്ങളുടെ ഫലം. എന്നാല്‍ ഇന്ന് ഈ മൂല്യങ്ങള്‍ക്ക് മുകളില്‍ അധികാരരാഷ്ട്രീയം സ്ഥാനം പിടിച്ചിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അധികാരം നേടാനും നിലനിര്‍ത്താനും ഏത് ദുഷ്ടശക്തികളെയും കൂടെക്കൂട്ടാനും ആര്‍ക്കും മടിയില്ലാത്ത സാഹചര്യം ആത്മഹത്യാപരമാണ്. ശബരിമല സ്ത്രീപ്രവേശനം, ക്രൈസ്തവ പള്ളി തര്‍ക്കങ്ങള്‍, സവര്‍ണ സംവരണം തുടങ്ങി വിവിധ മതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഭരണകൂടത്തിന്റെ അപക്വമായ നിലപാടുകള്‍ വര്‍ഗീയ ചേരിതിരിവിന് വഴിവയ്ക്കുന്ന സാഹചര്യം സംജാതമാക്കി.

മതരഹിത പ്രത്യയശാസ്ത്രങ്ങള്‍ മതവിശ്വാസങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ നടത്തുന്ന നാടകങ്ങളും ഫഌഷ്‌മോബുകളും വിശ്വാസവിരുദ്ധ നിലപാടുകളും പൊതു ഇടങ്ങളില്‍ തീര്‍ക്കുന്ന മുറിവ് ചെറുതല്ല. നാസ്തികതയുടെ കുപ്പായമിട്ട പുരോഗമനവാദികള്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്ന കാഴ്ചയും കേരളീയ പൊതുമണ്ഡലത്തെ മലീമസമാക്കിയിട്ടുണ്ട്. മതവിരുദ്ധതയുടെ അന്ധതയില്‍ മാനവികമൂല്യങ്ങള്‍ പോലും കാറ്റില്‍പറത്തുകയാണ് ഇത്തരം അല്‍പന്മാര്‍. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി എടുക്കുന്ന അപക്വമായ നിലപാടുകള്‍ക്ക് കേരളം വലിയ വിലനല്‍കേണ്ടിവരും.

മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും മറ്റുചിലരും നാഴികക്ക് നാല്‍പതു വട്ടം പറഞ്ഞുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നതും വര്‍ഗീയമായി മാത്രം കാണാനേ ചിലര്‍ക്ക് സാധിക്കുന്നുള്ളൂ. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്നും ഇസ്‌ലാമിക വസ്ത്രധാരണവും ആചാരങ്ങളും അപരിഷ്‌കൃതമാണെന്നും പ്രചരിപ്പിക്കാനും വിപ്ലവ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ക്ക് വലിയ ആവേശമാണ് എന്നും. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്തും ചില പ്രത്യേക പരിപാടികളിലും ഇത്തരം വേഷക്കാരെ പ്രത്യേകം ഹൈലൈറ്റ് ചെയ്ത് കാണിക്കുന്ന വിരോധാഭാസവും നമ്മള്‍ കാണുന്നു. സംവരണ വിഷയത്തിലെ നിലപാടുകള്‍ അടക്കം എല്ലാം വര്‍ഗീയതയുടെ മഞ്ഞക്കണ്ണടയിലൂടെ മാത്രം കാണാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത് എന്ന ആരോപണം ശക്തമാണിന്ന്. ഗെയില്‍വിരുദ്ധ സമരത്തില്‍ മതം തിരയുന്നു, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മതം ചര്‍ച്ചയാകുന്നു. ഇങ്ങനെ വര്‍ഗീയതക്ക് ദാഹിക്കുന്നവരായി നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലരെങ്കിലും മാറുന്നത് സാമൂഹികാരോഗ്യത്തെ ക്ഷീണിപ്പിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. വിവിധ മതവിഭാഗങ്ങളുടെ പേരില്‍ നാഥനില്ലാ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നു. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന് കല്ലുവെച്ച നുണകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ്ക്കളുടെ റോളിലാണ് ചില രാഷ്ട്രീയ നേതാക്കള്‍ ഇന്ന്. അത് തിരുത്തിയെ മതിയാവൂ.

നാടിന്റെ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വിഘാതമാവുന്ന നിലപാടുകളും പ്രചാരണങ്ങളും തങ്ങളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവില്ലെന്ന് തീരുമാനിക്കാനുള്ള വിവേകം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും മതസംഘടനാനേതാക്കളും പ്രബുദ്ധ മലയാളിയും കാണിക്കേണ്ടതുണ്ട്. വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ക്ക് നമ്മുടെ മണ്ണില്‍ ഇടംകൊടുക്കുന്നത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമെ പ്രതികൂലമായി ബാധിക്കുകയുള്ളൂ എന്ന ചിന്ത വങ്കത്തമാണ്. അത് ഓരോ മലയാളിയുടെയും സൈര്യജീവിതത്തെ ഇല്ലാതാക്കും. അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠം. സ്വാര്‍ഥത തീര്‍ക്കുന്ന അന്ധതയില്‍ ഏടുക്കുന്ന അപക്വനിലപാടുകള്‍ ആത്മഹത്യാപരമാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടുകൂടാ.

കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്നതില്‍ കേരളം കൂടി ഉള്‍പ്പെടും എന്ന് ബിജെപി പറയുമ്പോള്‍ അത് ഏറ്റുപിടിക്കുന്നവരായി ഇടതുപക്ഷം മാറരുത്. ഇടതുപക്ഷം പതിറ്റാണ്ടുകളോളം ഒറ്റക്ക് ഭരിച്ച സംസ്ഥാനങ്ങളെ ഇന്ന് ബിജെപി വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. പശ്ചിമ ബംഗാളില്‍ മമതാക്യാമ്പില്‍നിന്നും പലരും ഫാസിസം പുല്‍കുന്നത് മതനിരപേക്ഷ മനസ്സുകളെ അസ്വസ്ഥമാക്കുന്നുണ്ട്.

മതേതര ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഇടത്, വലത് മുന്നണികള്‍ സജീവമായി തന്നെ കേരളത്തില്‍ ഉണ്ടാവണം. ഏതെങ്കിലും ഒരു മുന്നണിക്ക് ഉണ്ടാകുന്ന അപചയം, കയറിക്കൂടാന്‍ തക്കംപാര്‍ത്തിരിക്കുന്ന ബിജെപിക്ക് അവസരമായി മാറുകയാണ് ചെയ്യുക. അത് കേരളത്തെ മുഴുവനായും ബിജെപി വിഴുങ്ങുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്‌തേക്കാം. അത്‌കൊണ്ടുതന്നെ കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കുന്ന നിലപാടുകളില്‍നിന്ന് മത, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിട്ടുനില്‍ക്കുകയും അത് അണികളെ ബോധ്യപ്പെടുത്തുകളും ചെയ്യണം. വര്‍ഗീയ ചിന്തകള്‍ക്കെതിരെ നിതാന്ത ജാഗ്രതപുലര്‍ത്തുകയും വേണം. നാടുണ്ടെങ്കിലേ അധികാരമുള്ളൂ, സമാധാനമുണ്ടെങ്കിലേ ജീവിതത്തിന് അര്‍ഥമുള്ളൂ.