മതപരിവര്‍ത്തനത്തിന്റെ കേരളീയ മുഖം

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 ഒക്ടോബര്‍ 02 1442 സഫര്‍ 25
ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചരിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം വകവെച്ച് തരുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ഏത് മതത്തില്‍ നിന്നായാലും സ്വാഭീഷ്ടപ്രകാരമുള്ള മതപരിവര്‍ത്തനം ആരെയും അലോസരപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ മതംമാറ്റത്തിന് സ്വന്തം വ്യാഖ്യാനങ്ങള്‍ ചമച്ച് സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്നവരെ രാജ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിലെ വിവിധ മതവിഭാഗങ്ങളില്‍നിന്നും അപക്വമായ പ്രസ്താവനകളും പ്രതികരണങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെതായി പുറത്തുവന്ന ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഇത്തരത്തിലുള്ള അപക്വവും പ്രതിലോമകരവുമായ പ്രസ്താവനകള്‍ക്കുള്ള ഒടുവിലത്തെ ഉദാഹരണമാണ്. ബിഷപ്പിന്റെ പ്രതികരണം കേരളീയ സമൂഹത്തില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ക്രിസ്ത്യന്‍- മുസ്‌ലിം ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രസ്താവനയും അതേത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളും പിന്നീടുള്ള ദിവസങ്ങളില്‍ അപകടകരമായ അവസ്ഥയിലേക്ക് വഴിമാറി. പ്രശ്‌നത്തെ ആളിക്കത്തിക്കുന്ന തരത്തിലേക്ക് ദൃശ്യമാധ്യമങ്ങളിലെ അന്തിചര്‍ച്ചകള്‍ക്ക് കൊഴുപ്പേറി. ചര്‍ച്ചകളില്‍ വര്‍ഗീയമായി സംസാരിക്കാന്‍ സാധിക്കുന്നവരെ കൊണ്ടുവരാന്‍ ചാനലുകാര്‍ പ്രത്യേകം ശ്രദ്ധിച്ചു. 'പുരകത്തുമ്പോള്‍ ബീഡി കൊളുത്തുക' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമാണ് ചില രാഷ്ട്രീയ നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെട്ടത്.

അവസരം മുതലാക്കുന്ന സംഘ്പരിവാര്‍

മുസ്‌ലിം വിരുദ്ധതയെ രാഷ്ട്രീയമായി അവതരിപ്പിക്കുന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ഇതൊരു സുവര്‍ണാവസരമായി. ക്രിസ്ത്യന്‍ സമുദായത്തിന് വേണ്ടി കണ്ണീരൊഴുക്കുന്ന പരിവാര്‍ നേതാക്കളെയാണ് പിന്നീട് കണ്ടുതുടങ്ങിയത്. ബിഷപ്പിന്റെ പ്രസ്താവനയില്‍ ഒരു കുഴപ്പവുമില്ലെന്നും ഇവിടെ ലവ് ജിഹാദും നാര്‍കോട്ടിക്ക് ജിഹാദുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ക്രിസ്ത്യാനികളുടെ കൂടെ തങ്ങളുണ്ടെന്നുമൊക്കെയാണ് അവര്‍ തട്ടിവിട്ടത്. കേരളത്തിലെ മഹാഭൂരിപക്ഷം ക്രിസ്ത്യാനികളെ ഇതുവഴി ഒപ്പം കൂട്ടാമെന്ന ദിവാസ്വപ്‌നത്തിലാണ് സംഘ്പരിവാര്‍. എന്നാല്‍ ബിജെപിക്ക് കേരളരാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കാന്‍ തങ്ങളെ ഉപയോഗിക്കുന്നതിന്റെ ഭാഗം മാത്രമാണീ സ്‌നേഹപ്രകടനത്തിന്റെ പിന്നിലെന്ന് ക്രിസ്ത്യാനികള്‍ക്ക് അറിയാം. 1998ല്‍ തെക്ക് കിഴക്കന്‍ ഗുജറാത്തിലെ ഡാംഗ് ജില്ലയില്‍ ഇരുപതോളം ചര്‍ച്ചുകള്‍ ചുട്ടുകരിച്ച സംഘപരിവാര്‍ ഭീകരത ക്രിസ്ത്യാനികള്‍ മറക്കില്ല. 1999ല്‍ ഒഡിഷയില്‍ ഇരുനൂറോളം ക്രിസ്ത്യന്‍ വീടുകള്‍ ചുട്ടുചാമ്പലാക്കിയതും 2007ലും 2008ലും ഒഡിഷയിലെ കന്ദമാലില്‍ നടന്ന കലാപങ്ങളും 2008ല്‍ തന്നെ കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളും സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങളുടെ ഭാഗമായിരുന്നുവെന്ന് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക?

വിയോജിപ്പ് ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നും

അതേസമയം ക്രിസ്തീയ സമൂഹത്തില്‍നിന്നുതന്നെ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ നിലപാടുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ചില നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് ശുഭോദര്‍ക്കമാണ്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ അടക്കമുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ പാലാ ബിഷപ്പിന്റെ പ്രസ്താവന അപക്വവും സത്യവിരുദ്ധവുമാണെന്നും അത് പിന്‍വലിക്കപ്പെടേണ്ടതാണെന്നുമുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന ചില മെത്രാന്മാരുടെ താല്‍പര്യപ്രകാരം മാത്രമാണെന്നാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാവ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ അഭിപ്രായപ്പെട്ടത്. കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് തുടങ്ങിയവരും എതിര്‍പ്പ് രേഖപ്പെടുത്തിയവരില്‍ പ്രമുഖരാണ്.

വിവാദങ്ങളുടെ മര്‍മം

വിവാദങ്ങള്‍ ചുറ്റിത്തിരിയുന്നത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. പ്രേമം നടിച്ചും മയക്കുമരുന്ന് നല്‍കിയും ക്രിസ്ത്യാനികളെ ചിലര്‍ ഇസ്‌ലാം മതത്തിലേക്ക് കൊണ്ടുപോവുന്നു എന്ന ആരോപണമാണ് വിവാദത്തിന്റെ മര്‍മം. സ്വന്തം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതോ മയക്കുമരുന്ന് നല്‍കി ജീവിതം നശിപ്പിക്കുന്നതോ ഒന്നുമല്ല ആരുടെയും പ്രശ്‌നം. മതംമാറ്റം നടക്കുന്നു എന്നതാണ് 'ഹൈലൈറ്റ്' ചെയ്യപ്പെടുന്നത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങി മതമുള്ളവരിലും മതമില്ലാത്തവരിലും നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെയും മയക്കുമരുന്ന് വ്യാപനത്തിന്റെയും തോത് വളരെ വലുതാണ്. അതുവഴി ജീവിതം ഹോമിക്കപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പഞ്ചാബ് കഴിഞ്ഞാല്‍ കേരളത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ നാര്‍ക്കോട്ടിക് കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരുമുണ്ട്. ഇതിനെതിരെയാണ് ബോധവത്കരണവും ശിക്ഷാനടപടികളും ശക്തമാക്കേണ്ടത്. എന്നാല്‍ ഇതൊന്നും കാണാതെ ഇതിന്റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് പറയുന്നത് യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. ഇനി അങ്ങനെയൊന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ നിയമങ്ങളനുസരിച്ച് കുറ്റകരമാണ്. അധികാരികള്‍ക്ക് പരാതി നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്.

മതവും മതപരിവര്‍ത്തനവും

മതപരിവര്‍ത്തനം ലോകം ഉണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. മതം എന്ന മലയാളപദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അഭിപ്രായം എന്നാണ്. വിശ്വാസ സംബന്ധിയായി ഒരു മനുഷ്യന്‍ അഭിപ്രായരൂപീകരണം നടത്തുന്നത് രണ്ടു വിധത്തിലാണ്. ഒന്ന് സ്വന്തമായ ചിന്തയിലൂടെ ശരിയെന്ന് ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നത്. മറ്റൊന്ന് ചിന്തകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ സ്ഥാനമില്ലാതെ പാരമ്പര്യമായി കടന്നുവരുന്നത്. ശരിയെന്ന് ബോധ്യമാവുമ്പോള്‍ സ്വീകരിക്കപ്പെടുന്ന അര്‍ഥത്തില്‍ മതത്തെ അംഗീകരിക്കുമ്പോള്‍ അത് മാറ്റത്തിന് വിധേയമാകാവുന്നതാണ്. അതുകൊണ്ടുതന്നെ ഒരാളുടെ സ്വകാര്യമായ വിഷയമാണ് അയാളുടെ മതം. അത് നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ സ്വീകരിപ്പിക്കേണ്ട ഒന്നാവാന്‍ പാടില്ല. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മതം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിന് ഒരാളെ നിര്‍ബന്ധിക്കാന്‍ പാടില്ല. ഭൗതികമായ പ്രലോഭനങ്ങളില്‍ വീഴ്ത്തിക്കൊണ്ട് മതം മാറ്റാനും പാടില്ല. അത് കുറ്റകരമായ കാര്യമാണ്. മതത്തെ പരസ്പരം അറിയാനുള്ള സാഹചര്യം സൃഷ്ടിക്കാം. പക്ഷേ, മതം സ്വീകരിക്കുന്നതിന് എന്തെങ്കിലും ഉപാധികള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.

മതപരിവര്‍ത്തനത്തിന്റെ ഇസ്‌ലാമികമാനം

പ്രവാചകന്മാരിലൂടെയാണല്ലോ മതം ജനങ്ങളിലേക്ക് ആശയവിനിമയം നടത്തപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാര്‍ മതത്തെ അടിച്ചേല്‍പ്പിച്ചതായി കാണാന്‍ സാധിക്കില്ല. 'ലാ ഇക്‌റാഹ ഫിദ്ദീന്‍' (മതം അടിച്ചേല്‍പിക്കപ്പെടേണ്ട ഒന്നല്ല) എന്ന ആശയമാണ് അവര്‍ പറഞ്ഞുവെച്ചത്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അതിന്റെ ആശയങ്ങള്‍ വിവേകപൂര്‍ണമാണ്. അതുകൊണ്ടുതന്നെ വിവേകത്തിലേക്ക് ഒരാളെ കൊണ്ടുവരാന്‍ അവിവേകം പാടില്ല. 'വിവേകം അവിവേകത്തില്‍ നിന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു' (2:256). 'വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍നിന്നും ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുക. അതാണ് വിവേകത്തിന്റെ മാര്‍ഗം' എന്ന ആശയമാണ് ക്വുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. (39:18). സേവനപ്രവര്‍ത്തനങ്ങള്‍ പോലും മറ്റൊരാളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടിയല്ല എന്നാണ് ക്വുര്‍ആന്റെ കാഴ്ചപ്പാട്. സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിശ്വാസികളെ കുറിച്ച് വിശദീകരിച്ചപ്പോള്‍ ക്വുര്‍ആന്‍ പറഞ്ഞു: 'ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. അവര്‍ പറയും: അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു' (ക്വുര്‍ആന്‍ 76:810). സേവനപ്രവര്‍ത്തനങ്ങള്‍ വിശ്വാസിയുടെ പരലോക ഗുണത്തിന് വേണ്ടിയാണെന്നും നരകമോചനത്തിന് വേണ്ടിയാണെന്നും അതൊരിക്കലും മതത്തിലേക്ക് ആളെക്കൂട്ടുവാനോ പ്രലോഭനങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുവാനോ വേണ്ടിയല്ല എന്നുമാണ്

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ആശയം

ഒരാള്‍ താന്‍ വിശ്വസിക്കുന്ന മതത്തിലേക്ക് മറ്റൊരാളെ ക്ഷണിക്കുകയാണെങ്കില്‍ അതിന്റെ പിന്നില്‍ താന്‍ ശരിയെന്ന് മനസ്സിലാക്കിയ സത്യത്തിലേക്ക് അപരനെ കൂടി കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണുള്ളതെങ്കില്‍ അത് തെറ്റായ കാര്യമാണെന്ന് പറയാന്‍ സാധിക്കില്ല. നമ്മുടെ മനഃസാക്ഷി അത് ശരിയെന്ന് മാത്രമെ സാക്ഷ്യപ്പെടുത്തുകയുള്ളൂ. മതപരിവര്‍ത്തനം എന്ന വാക്ക് പലപ്പോഴും തെറ്റായ രൂപത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നാണ് ചിലര്‍ മതപരിവര്‍ത്തനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കാറുള്ളത്. മതപ്രബോധനം എന്ന അര്‍ഥത്തിലാണ് ചിലര്‍ അതിനെ നോക്കിക്കാണുന്നത്. മതപരിവര്‍ത്തനം ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്കുള്ള മാറ്റമാണ്. അതുകൊണ്ട് ഏതുമതത്തില്‍നിന്നാണോ ഒരാള്‍ മാറുന്നത് പ്രസ്തുത മതത്തെ അത് ക്ഷീണിപ്പിക്കുന്നു. ഇതായിരുന്നു മതപരിവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ലെന്ന് ഒരു കൂട്ടര്‍ വാദിക്കാനുണ്ടായ കാരണം.

ഭരണഘടന നിര്‍മാണ സഭയിലെ മതപരിവര്‍ത്തന ചര്‍ച്ചകള്‍

ഇന്ത്യയുടെ ഭരണഘടന നിര്‍മാണ സഭയില്‍ മതപരിവര്‍ത്തനം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1947 ആഗസ്റ്റ് 30ന് സഭയില്‍ പതിനേഴാം വകുപ്പായി അവതരിപ്പിക്കപ്പെട്ട ബില്‍ ഇങ്ങനെയായിരുന്നു: 'നിര്‍ബന്ധിതമായിക്കൊണ്ടോ അവിഹിതമായ സ്വാധീനംകൊണ്ടോ ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്കുള്ള പരിവര്‍ത്തനം നിയമം മൂലം അനുവദിക്കാവുന്നതല്ല' (Conversion from one religion to another brought about by coercion or undue Influence shall not be recognised by law). എന്നാല്‍ ഇങ്ങനെയൊരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍ദാര്‍ പട്ടേല്‍ വാദിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നേരത്തെതന്നെ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു അതിനദ്ദേഹം പറഞ്ഞ കാരണം. എന്നാല്‍ പട്ടേലിനെ ഖണ്ഡിച്ചുകൊണ്ട് മദിരാശിയില്‍നിന്നുള്ള എം. അനന്തശയനം അയ്യങ്കാര്‍ മതപരിവര്‍ത്തനം പൂര്‍ണമായും നിരോധിക്കണം എന്ന് വാദിക്കുകയുണ്ടായി. അതിന് അദ്ദേഹം പറഞ്ഞ പ്രധാന ന്യായീകരണം ഭൂരിപക്ഷ സമുദായമായ ഹിന്ദുമതത്തിന്റെ എണ്ണം കുറയുമെന്നതായിരുന്നു. അയ്യങ്കാറിനെ പിന്തുണച്ചുകൊണ്ട് ആര്‍. വി ധൂലേക്കര്‍ രംഗത്ത് വന്നു. ഹിന്ദുക്കളുടെ സംഖ്യാശക്തി കുറക്കാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു ധൂലേക്കറിന്റെ കണ്ടെത്തല്‍. അധഃസ്ഥിത വിഭാഗങ്ങളിലെ സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത്, പ്രലോഭനങ്ങള്‍ നടത്തി മറ്റു മതങ്ങളിലെ പ്രബോധകര്‍ പരിവര്‍ത്തനം നടത്തുകയാണെന്നായിരുന്നു ബംഗാളില്‍നിന്നുള്ള അധഃസ്ഥിതവിഭാഗങ്ങളുടെ പ്രതിനിധിയായ പി. ആര്‍ ഠാക്കൂറിന്റെ പരാമര്‍ശം. ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തട്ടിപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നേരത്തെ നിയമം മൂലം നിരോധിക്കപ്പെട്ടതായതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇനി ആവശ്യമില്ല എന്ന നിഗമനത്തിലായിരുന്നു അന്ന് ഭരണഘടന നിര്‍മാണ സഭ എത്തിച്ചേര്‍ന്നത്. (Conversion from one religion to another brought about by coercion or undue Influence shall not be recognised by law).

എന്നാല്‍ 1948 ഡിസംബര്‍ 9 ന് മതപ്രബോധന സ്വാതന്ത്ര്യം അനുവദിക്കുന്ന 25ാം അനുച്ഛേദം (ഡ്രാഫ്റ്റ് ആര്‍ട്ടിക്കിള്‍ 19) ചര്‍ച്ചക്ക് വന്നപ്പോള്‍ മതപരിവര്‍ത്തനം വീണ്ടും വാദപ്രതിവാദത്തിന് വിധേയമായി. മതപ്രബോധന സ്വാതന്ത്ര്യം അവകാശമായി നല്‍കുന്ന ഈ അനുച്ഛേദം ഇന്ത്യയിലെ ഹിന്ദു സമുദായത്തെ അടിമകളാക്കുന്നതിനുള്ള ചാര്‍ട്ടര്‍ ആണെന്നായിരുന്നു അസമില്‍നിന്നുള്ള ലോക്‌നാഥ് മിശ്രയുടെ വിമര്‍ശനം. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്ത് ഇസ്‌ലാം, ക്രിസ്തു മതങ്ങളെ സ്ഥാപിക്കുന്നതിനാണ് മതപ്രബോധന സ്വാതന്ത്ര്യമെന്ന പേരില്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടപാട് മാത്രമാണ് മതമെന്നിരിക്കെ പരസ്യമായ മതപ്രബോധനം എന്തിനാണെന്നായിരുന്നു ബിഹാറിലെ മുസ്‌ലിം പ്രതിനിധി തജമ്മുല്‍ ഹുസൈന്റെ ചോദ്യം.

ഈ ചര്‍ച്ചകള്‍ക്ക് അന്തിമവിരാമം കുറിച്ചുകൊണ്ട് മതപരിവര്‍ത്തനത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് കെ. എം മുന്‍ഷിയും ടി.ടി. കൃഷ്ണമാചാരിയുമായിരുന്നു. 'പ്രബോധനം' (Propogation) എന്ന പദത്തിന് ക്രിസ്ത്യന്‍ സമുദായം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും എന്തുകൊണ്ടാണ് ഈ വാക്ക് ഭരണഘടനക്ക് ദോഷകരമല്ലാതാവുന്നത് എന്നതിനെക്കുറിച്ചുമാണ് കെ.എം മുന്‍ഷി കാര്യമായും സഭയില്‍ വിശദീകരിച്ചത്. 'ഈ പദത്തിന്മേലാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ സമുദായം കാര്യമായ ഊന്നല്‍ നല്‍കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുള്ള കാരണം നിര്‍ബന്ധിതമായി മറ്റുള്ളവരെ പരിവര്‍ത്തനം ചെയ്യുന്നതിന് വേണ്ടിയല്ല, മറിച്ച് അതവരുടെ മതപരമായ ബാധ്യതയാണെന്ന് അവര്‍ കരുതുന്നതുകൊണ്ടാണ്.'

ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പഠിച്ച മദ്രാസില്‍നിന്നുള്ള ടി.ടി കൃഷ്ണമാചാരി എന്തുകൊണ്ടാണ് ഹിന്ദുക്കളില്‍ ചിലര്‍ കൈസ്തവ മതം സ്വീകരിച്ചത് എന്നായിരുന്നു സഭയില്‍ വിശദീകരിച്ചത്. ക്രിസ്തീയമതം മറ്റുള്ള മതവിഭാഗങ്ങളിലെ സഹോദരങ്ങളോട് സ്വീകരിച്ച പെരുമാറ്റരീതിയാണ് പലരെയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്നും ഒരു അയിത്തജാതിക്കാരന്‍ ക്രിസ്ത്യാനിയാവുന്നതോടെ അയാള്‍ക്ക് ഹിന്ദുമതത്തിലെ ഒരു സവര്‍ണന് ലഭിക്കുന്ന സ്ഥാനമാണ് ലഭിക്കുന്നതെന്നും കൃഷ്ണമാചാരി പറഞ്ഞു. ഈ സംസാരങ്ങളാണ് സഭയെ ഒരു അന്തിമതീരുമാനത്തിലെത്താന്‍ സഹായിച്ചത്. ദൈവത്തിന്റെയും സ്വന്തം മതപ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ മതപ്രബോധനം നടത്തുന്നതും അതുവഴി മതപരിവര്‍ത്തനം നടത്തുന്നതും ഒരു വിശ്വാസപരമായ ബാധ്യതയായി ഒരാള്‍ കാണുന്നുവെങ്കില്‍ അതിന് തടസ്സം നില്‍ക്കേണ്ടതില്ല എന്നും എന്നാല്‍ അത് ഓരോ വ്യക്തിയുടെയും മനഃസാക്ഷിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം എന്നുമുള്ള അവബോധത്തിലാണ് ഭരണഘടന നിര്‍മാണ സഭ അന്ന് എത്തിച്ചേര്‍ന്നത്. മതപ്രബോധനം മൗലികാവകാശമായത്തിന്റെ ഒരു ലഘുചരിത്രമാണിത്. പീഡനങ്ങളോ പ്രീണനങ്ങളോ ബലാല്‍ക്കാരമോ അടിച്ചേല്‍പിക്കലോ ഭൗതിക വ്യാമോഹങ്ങളോ പ്രലോഭനങ്ങളോ ഒന്നുമില്ലാതെ, ഒരാള്‍ അയാളുടെ മതവിശ്വാസവും വിജ്ഞാനങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതും അതിലേക്ക് ക്ഷണിക്കുന്നതുമെല്ലാം ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളില്‍ പെട്ടതാണ് എന്നു ചുരുക്കം. (http://loksabh-aph.nic.in/writereaddata/cadebate files/C01051947.html, https://indian kanoon.org/doc/209313/).

മതപരിവര്‍ത്തനത്തിലെ രാഷ്ട്രീയം

മതപരിവര്‍ത്തനം സ്വന്തം സമുദായത്തിന്റെ അംഗബലം കൂട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമാണെങ്കില്‍ അത് കേവലം രാഷ്ട്രീയമാണ്. അതിന് മതത്തിന്റെ ശരിയായ അകക്കാമ്പിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഇത്തരം 'രാഷ്ട്രീയങ്ങള്‍' ആണ് മതപ്രബോധന മേഖലയെ സംഘര്‍ഷഭരിതമാക്കുന്നതും സങ്കീര്‍ണമാക്കുന്നതും. ഒരാള്‍ അയാള്‍ക്ക് മനസ്സിലായ സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് മതവിശ്വാസം രൂപീകരിക്കുന്നുവെങ്കില്‍ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ല. അതിനെ ചോദ്യം ചെയ്യാനോ തടയാനോ ഇവിടെയുള്ള ഏതെങ്കിലും മത മേലധ്യക്ഷന്മാര്‍ക്കോ പുരോഹിതന്മാര്‍ക്കോ അധികാരമില്ല. ക്രിസ്തീയ സഭകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശങ്ക ക്രിസ്തീയ മതം ഉപേക്ഷിച്ച് ചിലര്‍ മറ്റു മതങ്ങള്‍ സ്വീകരിക്കുന്നതാണെങ്കില്‍ ആ ആശങ്ക അസ്ഥാനത്താണ്. കാരണം മറ്റു മതങ്ങളില്‍നിന്നും ധാരാളം പേര്‍ ഇതുപോലെ ക്രിസ്തീയ മതം സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വളരെ വ്യവസ്ഥാപിതമായി മതപ്രബോധനത്തിനും മതപരിവര്‍ത്തനത്തിനുമായി മിഷണറി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ക്രിസ്ത്യന്‍ സഭകളാണ്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് കേവലം വിശ്വാസ പ്രചാരണങ്ങള്‍ ആയിരുന്നില്ല സഭകള്‍ സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ ജനക്ഷേമകരമായ കാര്യങ്ങളായിരുന്നു പ്രധാനമായും മുമ്പോട്ടുവെച്ചിരുന്നത്. വിശ്വാസത്തില്‍ ആകൃഷ്ടരായിട്ടല്ല, മറിച്ച് ഭൗതികമായ വിഭവങ്ങളില്‍ ആകൃഷ്ടരായിക്കൊണ്ടാണ് പലരും ക്രിസ്തുമതം സ്വീകരിച്ചിരുന്നത്. ഇത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

മതപരിവര്‍ത്തനത്തിന് സ്‌നേഹം (Love), മയക്കുമരുന്ന് (Narcotics), മറ്റു ഭൗതിക സൗകര്യങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഇസ്‌ലാമില്‍ കുറ്റകരമാണ്. അതുകൊണ്ടുതന്നെ 'ലവ് ജിഹാദ്' തുടങ്ങിയ പ്രയോഗങ്ങള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഉപയോഗിക്കുന്നത് അന്യായമാണ്. അതേസമയം ഭൗതിക സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് ക്രിസ്തുമതത്തിലേക്ക് അന്യമതങ്ങളില്‍ പെട്ടവരെ ആകര്‍ഷിക്കുന്നതില്‍ ക്രിസ്ത്യന്‍ സഭകള്‍ തെറ്റുകാണുന്നുമില്ല. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രേമത്തില്‍ വീഴ്ത്തി മതം മാറ്റുന്നതിനെ ലവ് ജിഹാദ് എന്ന് വിളിക്കാമെങ്കില്‍ വിദ്യാഭ്യാസമോ (Education)  ചികിത്സയോ (Medical Treatment)  നല്‍കി ആളുകളെ ക്രിസ്തീയ മാര്‍ഗത്തിലേക്ക് കൊണ്ടുപോകുന്നതിന് എന്തുപേരാണ് വിളിക്കുക? 'സേവന കുരിശുയുദ്ധം' (Service crusade)  എന്നാണോ? ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ എല്ലാ മതവിഭാഗങ്ങളും ഒഴിവാക്കുകയാണ് വേണ്ടത്. ഉത്തരവാദപ്പെട്ട മതനേതാക്കളില്‍നിന്നും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.

ക്രിസ്ത്യാനികള്‍: അല്‍പം ചരിത്രം

എഡി 52ല്‍ ക്രിസ്തുവിന്റെ ശിഷ്യന്‍ സെന്റ് തോമസ് (മാര്‍ തോമസ് ശ്ലീഹ) മലങ്കരയില്‍ (കേരളത്തില്‍) എത്തിയതോടെയാണ് ഇവിടെ ക്രിസ്ത്യാനികള്‍ തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. ചരിത്രത്തിന്റെ പിന്‍ബലം ഇതിനില്ലെങ്കിലും പൊതുവില്‍ ജനങ്ങള്‍ ധരിച്ചുവെച്ചത് ഇങ്ങനെയാണ്. സെന്റ് തോമസും അനുയായികളും വഴി ക്രിസ്ത്യാനികളായവര്‍ മാര്‍തോമക്കാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് എഡി രണ്ടാം നൂറ്റാണ്ടില്‍ സിറിയന്‍ പാത്രിയാര്‍ക്കീസുമായി ബന്ധമുള്ള ചിലര്‍ കടല്‍മാര്‍ഗം കേരളത്തിലെത്തി. സുറിയാനി ഭാഷയായിരുന്നു അവരുടെ വൈദിക ഭാഷ. അതുകൊണ്ടുതന്നെ ആദ്യകാല ക്രിസ്ത്യാനികള്‍ സുറിയാനി നസ്രാണികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. റോമിലെ മാര്‍പാപ്പയുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ഇവര്‍ കത്തോലിക്കക്കാര്‍ ആയിരുന്നില്ല എന്നര്‍ഥം. ക്‌നാനായ തൊമ്മന്‍ എന്നയാള്‍ കുറെ ആളുകളുമായി എഡി മൂന്നാം നൂറ്റാണ്ടില്‍ എത്തി. അയാളുടെ പിന്മുറക്കാര്‍ 'ക്‌നാനായ സുറിയാനി കത്തോലിക്കര്‍' എന്നാണ് അറിയപ്പെട്ടത്. സുറിയാനി നസ്രാണികള്‍ പൊതുവെ കേരളീയ പാരമ്പര്യം സ്വീകരിച്ച് വന്നവരായിരുന്നു. ഇവരെ 'പഴയ കൂറുകാര്‍' എന്നും വിളിക്കുന്നു.

സുറിയാനികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതെങ്ങിനെ?

1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വരികയും പോര്‍ച്ചുഗീസ് മിഷണറി റോമുമായി ബന്ധമില്ലാതിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ റോമിന്റെ കീഴിലുള്ള കത്തോലിക്കാ മതത്തിലേക്ക് നിര്‍ബന്ധിതമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. ഇതിനായി 1599ല്‍ ഉദയംപേരൂരില്‍ ഒരാഴ്ച നീണ്ടുനിന്ന സൂനഹദോസ് സംഘടിപ്പിച്ചു. ഇങ്ങനെ പരിവര്‍ത്തിക്കപ്പെട്ടവരാണ് സീറോ മലബാര്‍ സഭ. പോര്‍ച്ചുഗീസുകാര്‍ ഹൈന്ദവ വിഭാഗത്തില്‍നിന്ന് കുറെപേരെ മതപരിവര്‍ത്തനം നടത്തി. അവരാണ് ലത്തീന്‍ കത്തോലിക്കാവിഭാഗം. 1700കളില്‍ ബ്രിട്ടീഷുകാര്‍ എത്തിയതോടെ പ്രൊട്ടസ്റ്റന്റ് സഭകള്‍ രൂപംകൊണ്ടു. റോമിലെ മാര്‍പ്പാപ്പയോട് തെറ്റി മറ്റൊരു മാര്‍ഗം സ്വീകരിച്ചവരാണവര്‍. 'ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ' എന്നാണ് അവരുടെ സഭകള്‍ അറിയപ്പെടുന്നത്. പ്രൊട്ടസ്റ്റന്റുകളില്‍നിന്നുള്ള നവീകരണ വിഭാഗമായി 1909ല്‍ പെന്തക്കോസ്ത്ത് വിഭാഗവും ഉണ്ടായി.

1599ല്‍ ഉദയംപേരൂരില്‍ വെച്ച് കത്തോലിക്കരായി പരിവര്‍ത്തനം ചെയ്യപ്പെട്ട സുറിയാനി നസ്രാണികളില്‍ ചിലര്‍ 1653ല്‍ പഴയ കൂറിലേക്ക് തന്നെ തിരിച്ചുപോയി. അവര്‍ നടത്തിയ സത്യപ്രതിജ്ഞ കൂനന്‍കുരിശ് സത്യം എന്ന പേരിലാണ് അറിയപ്പെടുന്നത്. അവര്‍ റോമിനെ അംഗീകരിച്ചില്ല. പകരം അന്തേ്യാഖ്യയെ ആയിരുന്നു അവര്‍ വൈദിക നേതൃത്വമായി സ്വീകരിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുത്തു. പൂര്‍ണമായ അധികാരം അന്തേ്യാഖ്യ പാത്രിയാര്‍ക്കീസിന് നല്‍കിയവര്‍ 'ബാവ കക്ഷി' എന്നറിയപ്പെട്ടു. എന്നാല്‍ ഭരണപരമായ കാര്യങ്ങളില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചവര്‍ 'മെത്രാന്‍ കക്ഷി' എന്ന പേരില്‍ വിളിക്കപ്പെട്ടു. ബാവ കക്ഷിയാണ് പില്‍ക്കാലത്ത് യാക്കോബായ വിഭാഗമായത്. മെത്രാന്‍ കക്ഷിയാണ് ഇന്നത്തെ മലങ്കര ഓര്‍ത്തോഡോക്‌സ് സഭ. അന്ത്യോഖ്യയെ അംഗീകരിച്ചവരില്‍ പെട്ട മൂന്നാമത്തെ കക്ഷിയാണ് ഇന്നത്തെ കല്‍ദായ സുറിയാനി (പേര്‍ഷ്യന്‍ അസ്സീറിയന്‍) വിഭാഗം.

ഇങ്ങനെ വിവിധ വിഭാഗങ്ങളായ കേരളത്തിലെ ക്രിസ്ത്യാനികളെ പ്രധാനമായും നാലായി തരംതിരിക്കാം. (1) റോമന്‍ കത്തോലിക്കര്‍. സീറോ മലബാര്‍ സഭ (40.2%), സീറോ മലങ്കര (7.8%), ലത്തീന്‍ കത്തോലിക്കാ (13.2%) എന്നീ വിഭാഗങ്ങളാണ് റോമന്‍ കത്തോലിക്കര്‍. ഇവരാണ് ഭൂരിപക്ഷം. 61.2%. (2) സുറിയാനി വിഭാഗം. മലങ്കര ഓര്‍ത്തോഡോക്‌സ് (8%), യാക്കോബായ (7.9%), മാര്‍ത്തോമാ (6.6%), കല്‍ദായ (0.43%). ആകെ 14.93%. (3) പ്രൊട്ടസ്റ്റന്റ്. സി.എസ്.ഐ. (4.5%), പെന്തക്കോസ്ത്ത് (4.3%), ദളിത് ക്രിസ്ത്യന്‍ (2.2%), സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് (0.58%), സെന്റ് തോമസ് ഇവാഞ്ചെലിക്കല്‍ (0.05). (4) മറ്റുള്ളവര്‍ (4.46%).

ക്രിസ്ത്യന്‍ മിഷണറിയുടെ തുടക്കം

പതിനഞ്ചാം നൂറ്റാണ്ടോടെ റോമന്‍ കത്തോലിക്കാ മിഷണറിയുടെ വരവോടെയാണ് കേരളത്തില്‍ ക്രിസ്തീയ മതപരിവര്‍ത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അടിമത്ത നിരോധനമടക്കമുള്ള സാമൂഹിക വിപ്ലവത്തിന്റെ ഉപജ്ഞാതാക്കള്‍ കത്തോലിക്കാ മിഷണറിമാര്‍ ആണെന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍ മിഷണറിമാരുടെ ലക്ഷ്യം അതായിരുന്നില്ല. 'ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''യഥാര്‍ഥത്തില്‍ മിഷണറിമാരുടെ മനസ്സിലിരിപ്പും മനഃശാസ്ത്രവും എന്തായിരുന്നു? അടിമത്തവും അധഃകൃത വര്‍ഗങ്ങള്‍ അനുഭവിച്ച സാമൂഹിക വിവേചനങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണോ അവര്‍ കടല്‍ കടന്ന് തിരുവിതാംകൂറില്‍ എത്തിയത്? നിശ്ചയമായും അല്ല. ആത്മാക്കളെ വലയിട്ടു പിടിക്കലായിരുന്നു അവരുടെ ലക്ഷ്യം. ക്രിസ്തുവിനു വേണ്ടിയുള്ള ഒരു യുദ്ധത്തിലായിരുന്നു അവര്‍. ഈ വിശ്വാസ യുദ്ധത്തെ വെള്ളക്കാരന്റെ അധിനിവേശ യുദ്ധവുമായി അവര്‍ ബന്ധിപ്പിച്ചു. ബ്രിട്ടനിലെ വെള്ളക്കാരന്‍ ക്രിസ്ത്യാനിയാവുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ക്രിസ്ത്യാനിയായ മലയാളി സുറിയാനികളെ നേരെയാക്കുവാനാണ് ആദ്യമവര്‍ ശ്രമിച്ചത്. അത് ഉടക്കിപ്പിരിഞ്ഞപ്പോള്‍ പിന്നോക്കവിഭാഗങ്ങളുടെ ആത്മാക്കള്‍ക്കായി അവര്‍ വല വീശിയെറിഞ്ഞു'' (ബോബി തോമസ്, പേജ് 340).

പുലയരും പറയരും മലയരന്മാരും നാടാര്‍മാരും അടക്കമുള്ള അധഃസ്ഥിത വിഭാഗങ്ങളില്‍ പലരും മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. മതപരിവര്‍ത്തനത്തിന് പിന്നില്‍ അടിമത്ത മോചനം, ജാതിപീഡനങ്ങളില്‍നിന്നുള്ള രക്ഷ, നിര്‍ബന്ധിതമായ അടിച്ചേല്‍പിക്കല്‍ എന്നിവയായിരുന്നു. തികച്ചും ഭൗതികമായ താല്‍പര്യങ്ങളാണ് പിന്നാക്കക്കാരെ വൈദേശിക ക്രിസ്ത്യന്‍ മിഷണറികളുമായി അടുപ്പിച്ചത്. എന്നാല്‍ ഇങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് രണ്ടാംതരം ക്രിസ്ത്യാനികളായി ജീവിക്കേണ്ടിവന്നു. നേരത്തെ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതരെ അപമാനിച്ചുകൊണ്ടിരിന്നു. അതേസമയം ബ്രിട്ടീഷുകാര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതരോട് ഒട്ടും ദയ കാണിച്ചതുമില്ല. ഡോ. ജെ ഡബ്ലിയൂ ഗ്ലാഡ്സ്റ്റണ്‍ എഴുതുന്നു: ''ഒരു സമ്പന്നനായ യജമാനന്‍ തന്റെ ജോലിക്കാരോട് കാണിക്കുന്ന പെരുമാറ്റമായിരുന്നു മിഷണറിമാരുടേത്. അല്ലാതെ ക്രിസ്തുവിനെ സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകരുടേതായിരുന്നില്ല'' (കേരളത്തിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതവും ബഹുജനപ്രസ്ഥാനങ്ങളും).

മിഷണറിമാര്‍ ഹിന്ദുക്കള്‍ക്കെതിരെ

മിഷണറി പ്രവര്‍ത്തകര്‍ ഹൈന്ദവ ആചാരങ്ങളെ പരസ്യമായി അവഹേളിക്കുന്ന സമീപനമായിരുന്നു പുലര്‍ത്തിയിരുന്നത്. ക്ഷേത്രങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് ഹിന്ദുവിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ട് അവര്‍ പ്രസംഗിക്കുമായിരുന്നു. മിഷണറിമാരുടെ ഇങ്ങനെയുള്ള ഹൈന്ദവ അധിക്ഷേപങ്ങള്‍ തുടര്‍ന്നപ്പോഴായിരുന്നു കേരളത്തിലെ പ്രമുഖ നവോത്ഥാന നായകനായിരുന്ന ചട്ടമ്പിസ്വാമികള്‍ പ്രതികരണവുമായി രംഗത്ത് വന്നത്. 'ക്രിസ്തുമതച്ഛേദനം' എന്ന സ്വാമിയുടെ ഗ്രന്ഥത്തിന്റെ പശ്ചാത്തലം അതായിരുന്നു. മതപ്രചാരണം അന്യമതങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലേക്ക് വഴിമാറുകയും മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെ മുറ്റങ്ങളില്‍ പോലും അധികാരികളുടെ പിന്തുണയോടെ നടത്തപ്പെടുകയും ചെയ്തതോടെയാണ് ചട്ടമ്പിസ്വാമിയെ പോലുള്ള വ്യക്തികള്‍ രംഗത്തു വന്നത്.

മിഷണറിമാരും മക്തി തങ്ങളും

ഹിന്ദു മതം മാത്രമല്ല, ഇസ്‌ലാം മതവും മിഷണറിമാരുടെ ക്രൂരതകള്‍ക്ക് വിധേയമായിരുന്നു. കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ 'കഠോരകുഠാരം' എന്ന പുസ്തകം രചിക്കാനുണ്ടായ കാരണം െ്രെകസ്തവ മിഷണറിമാര്‍ ഇസ്‌ലാമിനെതിരെ നടത്തിയ ക്രൂരമായ പ്രചാരണങ്ങളായിരുന്നു. പ്രസ്തുത പുസ്തകത്തില്‍ മക്തി തങ്ങള്‍ ദരിദ്രരുടെ അജ്ഞാനത്തെ മുതലെടുത്ത് മതപരിവര്‍ത്തനം നടത്തുന്നതിന്റെ അര്‍ഥശൂന്യത എടുത്തുപറയുന്നുണ്ട്. ഇസ്‌ലാമിനെ മാത്രമല്ല, ഹിന്ദു മതത്തെ തത്ത്വദീക്ഷയില്ലാത്തവിധം ഇകഴ്ത്തിപ്പറയുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. 'നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കവെ, ഹിന്ദുക്കളുടെ കണ്ണിലെ കരടിനെ തെരഞ്ഞു ശാസ്ത്രങ്ങളെയും ശാസ്ത്രകര്‍ത്താക്കളെയും വചനംകൊണ്ടും ലേഖനംകൊണ്ടും ആക്ഷേപിച്ചും നിന്ദിച്ചും വരുന്നത് അന്യായവും അധികപ്രസംഗവുമാകുന്നു' എന്നാണ് അദ്ദേഹം മിഷണറിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ച് എഴുതിവെച്ചത്.

ഡോ. എം ഗംഗാധരന്‍ എഴുതുന്നു: 'അക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആളുകള്‍ കൂടുന്നിടത്ത് ക്രിസ്തുമതപ്രചാരകര്‍ മതപ്രഭാഷണം നടത്തിയിരുന്നു. ക്രിസ്തുമതത്തെ കുറിച്ചുള്ള ലഘുലേഖകളും അവര്‍ വിതരണം ചെയ്തുപോന്നു. പ്രസംഗത്തിലും എഴുത്തിലും അവര്‍ ഇസ്‌ലാം മതത്തെ വളരെ വികൃതമായി ചിത്രീകരിക്കുകയും ക്രിസ്തു മതം സ്വീകരിക്കാന്‍ പാവപ്പെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് എതിര്‍ക്കപ്പെടേണ്ടതായി തോന്നിയതുകൊണ്ട് തന്റെ മുപ്പത്തിയാറാം വയസ്സില്‍ തങ്ങള്‍ സര്‍ക്കാര്‍ ജോലി രാജിവെക്കുകയും ക്രിസ്തുമത പ്രചാരകര്‍ ഇന്നാട്ടിലെ ജനങ്ങളെ അപമാനിക്കുന്ന വിധത്തിലും തെറ്റായി ചിത്രീകരിക്കുന്നതിനെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു' (മാപ്പിള പഠനങ്ങള്‍, പേജ് 75).

ജനസംഖ്യാവാദവും തെറ്റിദ്ധാരണകളും

ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിംകളുടെ എണ്ണത്തിലുള്ള വര്‍ധനവും ക്രിസ്ത്യാനികളുടെ കുറവുമാണെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള കാരണം ലവ് ജിഹാദാണെന്നാണ് ഇവരുടെ പ്രചാരണം. ലവ് ജിഹാദ് എന്ന ഒന്നില്ലെന്നത് രാജ്യത്തിന്റെ പരമോന്നത നീതിപീഠം പോലും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. 1900 മുതലുള്ള ജനസംഖ്യ പരിശോധിച്ചാല്‍ ഈ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബോധ്യമാവും. 1901ലെ മുസ്‌ലിം ജനസംഖ്യ 17.28% ആയിരുന്നെങ്കില്‍ ക്രിസ്ത്യന്‍ ജനസംഖ്യ അന്ന് 13.28% ആയിരുന്നു. എന്നാല്‍ 1961 ആയപ്പോള്‍ മുസ്‌ലിം ശതമാനം 17.91ഉം ക്രിസ്ത്യന്‍ ശതമാനം 21.22 ഉം ആയി. അതായത് മുസ്‌ലിം ജനസംഖ്യയില്‍ സാരമായ മാറ്റം ഉണ്ടായില്ല. എന്നാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ എട്ടു ശതമാനത്തോളം വര്‍ധിച്ചു. അക്കാലത്ത് ക്രിസ്ത്യാനികളുടെ ഈ വര്‍ധനവില്‍ ആരും ആശങ്ക പ്രകടപ്പിച്ചതായി കണ്ടിട്ടില്ല. 1961ന് ശേഷം മുസ്‌ലിം ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടായി. 2011 ആയപ്പോള്‍ 26.56% ആയി അത് ഉയര്‍ന്നു. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ശരാശരി ഒന്നര ശതമാനത്തിന്റെ വളര്‍ച്ച. എന്നാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ശരാശരി ഒരു ശതമാനം കുറഞ്ഞുവന്നു. 2011ലെ കണക്കനുസരിച്ച് ക്രിസ്ത്യാനികള്‍ 18.38% ആണ്. 1901 മുതല്‍ നൂറുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ മുസ്‌ലിംകള്‍ എണ്ണത്തില്‍ 9 ശതമാനവും ക്രിസ്ത്യാനികള്‍ നാലര ശതമാനവും വളര്‍ച്ച നേടിയിരിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നതിന്റെ കാരണം മതപരിവര്‍ത്തനമാണെന്ന് ഒരു രേഖയും അംഗീകരിക്കുന്നില്ല. പ്രത്യുത്പാദന നിരക്ക് കുറഞ്ഞതും തൊഴില്‍ തേടിയുള്ള കുടിയേറ്റങ്ങളുമാണ് ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുവരാനുണ്ടായ പ്രധാന കാരണങ്ങള്‍.

എല്ലാ മതങ്ങളും പരസ്പരം ആദരവ് പ്രകടിപ്പിച്ച് സഹിഷ്ണുതയോടെ കഴിയേണ്ട നാടാണ് നമ്മുടേത്. പഴയകാല നേതാക്കള്‍ നമുക്ക് നേടിത്തന്ന വിശാലമനസ്‌കത നാം കളഞ്ഞുകുളിക്കരുത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ ഉണ്ടാക്കിയെടുക്കുന്ന കഥകള്‍ക്ക് പിറകെ പോവാതെ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ നമുക്ക് കഴിയണം. മതപരിവര്‍ത്തനത്തിന് ഭരണഘടന നല്‍കിയിട്ടുള്ള വിശദീകരണങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ടുമാത്രം പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാന്‍ എല്ലാ വിഭാഗങ്ങളും തയ്യാറാവുകയാണ് വേണ്ടത്. തെറ്റിദ്ധാരണകള്‍ അകറ്റിനിര്‍ത്തി രാജ്യത്തിനും ജനതക്കും വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമാറാകട്ടെ.