സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ഒറ്റപ്പാലം സമ്മേളനം

സി.കെ മുഷ്താഖ് ഒറ്റപ്പാലം

2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06
കേരളത്തിലെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക് ദിശ നിര്‍ണയിച്ച മഹാസമ്മേളനമാണ് 1921 ഏപ്രില്‍ മാസത്തില്‍ ഒറ്റപ്പാലത്തുവച്ച് നടന്നത്. പിന്നീടു നടന്ന മലബാര്‍ പോരാട്ടത്തിന്നും അനുബന്ധ ചെറുത്തു നില്‍പുകള്‍ക്കും വഴികാട്ടിയായതും ഈ സമ്മേളനമാണെന്നതിന് ചരിത്രം സാക്ഷി.

സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ഒറ്റപ്പാലം സമ്മേളനത്തിന് നൂറുവയസ്സ് തികഞ്ഞിരിക്കുന്നു. കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഐക്യകേരളം എന്ന സങ്കല്‍പത്തെ മുന്‍നിര്‍ത്തിയാണ് ആദ്യസമ്മേളനം ഒറ്റപ്പാലത്തുവെച്ച് 1921 ഏപ്രില്‍ മാസത്തില്‍ നടത്തിയത്. മലബാറിനു പുറമെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും പ്രതിനിധികള്‍കൂടി പങ്കെടുത്തതിനാല്‍ ഐക്യകേരളം മോഡലില്‍ കോണ്‍ഗ്രസിന്‍റെ ആദ്യ രാഷ്ട്രീയ സമ്മേളനമായി ഈ സമ്മേളനം ചരിത്രത്തില്‍ ഇടംപിടിച്ചു. ദേശീയ പ്രസ്ഥാനത്തിനു നേതൃപരമായ പങ്കുവഹിച്ച തലമുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനക്കളരിയും ദൂരദിക്കുകളില്‍നിന്നും തീവണ്ടിമാര്‍ഗം എത്തിപ്പെടാന്‍ സൗകര്യമുള്ള സ്ഥലവും ആയതുകൊണ്ടാവാം ഒന്നാം രാഷ്ട്രീയ സമ്മേളനത്തിന് ഒറ്റപ്പാലം വേദിയായത്.

1921 ഏപ്രില്‍ 23 മുതല്‍ 26 വരെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനു സമീപം ഭാരതപ്പുഴയുടെ തീരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍വെച്ചായിരുന്നു ആ മഹാസമ്മേളനം. അന്നുവരെ ചെറിയ ഒരു പട്ടണം മാത്രമായിരുന്ന ഒറ്റപ്പാലം ഈ സമ്മേളനത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ അടയാളപ്പെട്ടുതുടങ്ങി.

സമ്മേളനം നടത്തിപ്പ്; കാര്യപരിപാടി

സമ്മേളന നടത്തിപ്പിനും വിജയത്തിനും വേണ്ടി പ്രത്യേക സ്വാഗതസംഘം രൂപീകരിച്ചിരുന്നു. എല്‍. എ.സുബ്ബരാമ അയ്യര്‍ ചെയര്‍മാനും പെരുമ്പിലാവില്‍ രാവുണ്ണി മേനോന്‍ സെക്രട്ടറിയായും ചെങ്ങളത്ത് മാധവ മേനോന്‍ വളണ്ടിയര്‍ ക്യാപ്റ്റനായും ഹമീദ് ഖാന്‍ ഖിലാഫത്ത് സമ്മേളന സെക്രട്ടറിയായുമുള്ള ഒരു വലിയസംഘം തന്നെയായിരുന്നു അത്. കൂടാതെ എം.പി. നാരായണ മേനോന്‍, കെ.എം മൗലവി, കെ. രാമുണ്ണി മേനോന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ.മൊയ്തു മൗലവി, കട്ടിലശ്ശേരി എം.വി.മുഹമ്മദ് മൗലവി തുടങ്ങി വള്ളുവനാട്, ഏറനാട് പ്രദേശങ്ങളിലെ പൗരപ്രമുഖരും അഭിഭാഷകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഖിലാഫത്ത് നേതാക്കളുമായിരുന്നു സമ്മേളന നടത്തിപ്പുകാര്‍.

ഏപ്രില്‍ 23ന് പ്രതിനിധി സമ്മേളനത്തോടെ ആരംഭം കുറിച്ചു. 24ന് കുടിയാന്‍ സമ്മേളനം, 25ന് ഉലമ, ഖിലാഫത്ത് സമ്മേളനം, 26ന് വിദ്യാര്‍ഥി സമ്മേളനം, തുടര്‍ന്ന് സമാപന സമ്മേളനം എന്നിങ്ങനെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ 26ന് വിദ്യാര്‍ഥി സമ്മേളനം നടന്നുകൊണ്ടിരിക്കെ അങ്ങാടിയില്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ ചില അതിക്രമങ്ങള്‍ നടന്നതിനാല്‍ സമ്മേളനം വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു.

പ്രതിനിധിസമ്മേളനം

ഏപ്രില്‍ 23ന് കാലത്ത് പത്തുമണിയോടെ മദ്രാസ് മെയിലില്‍ വന്നിറങ്ങിയ ആന്ധ്രാ കേസരി ടി. പ്രകാശത്തെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പ്രകടനത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെ പ്രതിനിധി സമ്മേളനം ടി. പ്രകാശത്തിന്‍റെ (പിന്നീട് അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ മദിരാശി സംസ്ഥാനത്തെ മുഖ്യമന്ത്രിയായി) അധ്യക്ഷതയിലാണ് നടന്നത്. തിരുവിതാംകൂര്‍ കൊച്ചിയില്‍ നിന്നും ഏറനാട്, വള്ളുവനാട്, പൊന്നാനി തുടങ്ങി മലബാറിലെ മുഴുവന്‍ നഗര- ഗ്രാമങ്ങളില്‍നിന്നുമുള്ള 5000ത്തോളം പ്രതിനിധികള്‍ അന്ന് പങ്കെടുത്തു.

നാഗ്പൂരിലെ കോണ്‍ഗ്രസ് സെഷന്‍ അംഗീകരിച്ച നിസ്സഹകരണ തീരുമാനത്തിന് ഒറ്റപ്പാലം സമ്മേളനം പൂര്‍ണ പിന്തുണ നല്‍കി. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് അയക്കരുതെന്നും ദേശീയസ്ഥാപനങ്ങള്‍ പുതുതായി സ്ഥാപിച്ച് അവിടങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.

അഭിഭാഷകര്‍ അവരുടെ പരിശീലനം ഉപേക്ഷിക്കണമെന്നും വ്യാപാരികള്‍ വിദേശ വസ്തുക്കള്‍ ബഹിഷ്കരിക്കണമെന്നും ആയുര്‍വേദ വൈദ്യശാസ്ത്ര സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങളായി ചേര്‍ന്ന് തിലക് സ്വരാജ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനത്തിലെ ആവേശകരമായ പ്രസംഗങ്ങള്‍ കേട്ടു സ്ത്രീകള്‍ തിലക് സ്വരാജ് ഫണ്ടിലേക്ക് സ്വര്‍ണാഭരണങ്ങള്‍ സംഭാവന ചെയ്തു.

നിസ്സഹകരണ പ്രമേയാവതരണം

'അയര്‍ലണ്ടില്‍ ഒരമ്മയ്ക്ക് മൂന്ന് ആണ്‍മക്കളുണ്ടായിരുന്നു. അതില്‍ രണ്ടുപേരെയും രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി വെടിവെച്ചുകൊന്നു. അപ്പോള്‍ ആ ധീരമാതാവ് മൂന്നാമത്തെ മകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവനെക്കൂടി വെടിവെച്ചു കൊല്ലുവിന്‍ എന്ന് അധികാരികളോട് ആവശ്യപ്പെട്ടു.' ഇങ്ങനെയൊരു സംഭവകഥ കെ.പി.കേശവമേനോന്‍ ഒറ്റപ്പാലത്തുവെച്ചുനടന്ന പ്രസ്തുത സമ്മേളനത്തില്‍ നിസ്സഹകരണ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറയുകയുണ്ടായി. ഈ സമരത്തില്‍ അമ്മമാരുടെ കര്‍ത്തവ്യം എന്താണെന്ന് ബോധ്യപ്പെടുത്താന്‍ ആ സംഭവകഥ ഉപകാരപ്പെട്ടുവെന്ന് ബ്രഹ്മദത്തന്‍ നമ്പൂതിരി തന്‍റെ ഖിലാഫത്ത് സ്മരണയില്‍ ഓര്‍മിക്കുന്നുണ്ട്.

കുടിയാന്‍ സമ്മേളനം

മലബാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയം കുടിയായ്മ പ്രശ്നമായിരുന്നു. ജന്മിമാരുടെ കുടിയൊഴിപ്പിക്കലും മേല്‍ച്ചാര്‍ത്തും ഇടനിലക്കാരായ കാണക്കാര്‍ നടത്തുന്ന മത്സരവുമായിരുന്നു അവര്‍ നേരിടുന്ന പ്രധാന പ്രശ്നം. മലയാള പത്രങ്ങളുടെ താളുകളില്‍ ജന്മിമാരുടെ മര്‍ദന മുറകള്‍ സംബന്ധിച്ചും കുടിയാന്‍മാരുടെ ദുരിതത്തെ സംബന്ധിച്ചുമുള്ള വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. കുടിയായ്മ പ്രശ്നം പലകുറി ജില്ലാകോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഉയര്‍ത്തപ്പെടുകയുണ്ടായി. 1916ല്‍ പാലക്കാട്ട് നടന്ന ആദ്യ ജില്ലാസമ്മേളനം മുതല്‍ ഈ വിഷയം സജീവമായി ചര്‍ച്ച ചെയ്യുകയും പ്രമേയങ്ങളായി അവതരിപ്പിക്കുകയും ചെയ്തു. ജന്മിമാരുടെ രൂക്ഷമായ എതിര്‍പ്പും ഇടപെടലുകളും മൂലം ആ പ്രമേയങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ 1920ല്‍ മഞ്ചേരി സമ്മേളനത്തില്‍ കുടിയാന്‍ അനുകൂല പ്രമേയം അവതരിപ്പിക്കുകയും അത് അംഗീകരിക്കുകയുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ചു പല ജന്മിമാരും കോണ്‍ഗ്രസ്വിട്ടു പുറത്തുപോയി. കൂടുതല്‍ അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നത് ഒഴിവാക്കാന്‍ കൂടിയാകണം ഒറ്റപ്പാലം സമ്മേളനത്തില്‍ പ്രത്യേകമായി ഒരു ദിവസം കുടിയായ്മ സമ്മേളന വേദിയാക്കി മാറ്റിയത്.

ഒറ്റപ്പാലം സമ്മേളനത്തിലും കുടിയാന്‍മാരുടെ ദുരിതത്തെ സംബന്ധിച്ച ഒരു പ്രമേയം പാസ്സാക്കിയെങ്കിലും നിയമനിര്‍മാണം കൊണ്ടുവരുന്നതിന് ആവശ്യപ്പെടുകയുണ്ടായില്ല. കോണ്‍ഗ്രസുകാരില്‍ പലരും കുടിയായ്മ സംഘം പ്രവര്‍ത്തര്‍കൂടി ആയതിനാല്‍ കര്‍ഷക സമൂഹത്തിന്‍റെ പ്രതീക്ഷയായി മാറാന്‍ ഈ മുന്നേറ്റംകൊണ്ടു കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത പേരുകളിലായി പ്രവര്‍ത്തിച്ചിരുന്ന ടെനന്‍സി അസോസിയേഷനുകള്‍ ഒരൊറ്റ സംഘമായി മാറിയത് ഒറ്റപ്പാലം സമ്മേളനത്തില്‍വെച്ചാണ്. അന്ന് മലബാര്‍ കുടിയാന്‍ സംഘം (എം.കെ.എസ്) രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. 1916ല്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന കെ.പി.രാമന്‍ മേനോന്‍ പ്രസിഡന്‍റായ ഒരു സമിതിയുടെ പ്രഖ്യാപനം കൂടി ആ വേദിയില്‍വെച്ചു നടന്നു. എം. കൃഷ്ണന്‍ നായര്‍, ജി. ശങ്കരന്‍ നായര്‍, കുഞ്ഞിരാമ മേനോന്‍ തുടങ്ങിയവരായിരുന്നു കുടിയായ്മ പ്രസ്ഥാനത്തിന്‍റെ പ്രമുഖ നേതാക്കള്‍. എം. പി. നാരായണ മേനോനായിരുന്നു ഏപ്രില്‍ 24നു നടന്ന കുടിയാന്‍ സമ്മേളനത്തിന്‍റെ നട്ടെല്ല്. അദ്ദേഹവും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ചേര്‍ന്നാണ് പിന്നീട് വള്ളുവനാട്, ഏറനാട് താലൂക്കുകളില്‍ പ്രസ്ഥാനത്തിന്‍റെ ചുക്കാന്‍ പിടിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭകാലത്തും അതിശക്തമായ രീതിയില്‍ നിലനിന്നിരുന്ന മലബാറിലെ സാമൂഹിക അസ്വസ്ഥതകളെക്കുറിച്ച് ബോധവാന്‍മാരായ നേതാക്കള്‍ ശാശ്വത പരിഹാരം നേടിയെടുക്കുക എന്നതിന്‍റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ നിരന്തരമായി ഇടപെട്ടിരുന്നു.

കാര്‍ഷിക പ്രതിസന്ധികളെ മുന്‍നിര്‍ത്തിക്കൊണ്ട് നടന്ന ജനകീയ സമരങ്ങളെ ചരിത്രകാരന്‍മാര്‍ പല രീതിയില്‍ വ്യാഖ്യാനിക്കുന്നുണ്ട്. കാര്‍ഷികവൃത്തിയുമായി ജീവിക്കുന്ന സാധാരണക്കാര്‍ക്കിടയിലുണ്ടായിരുന്ന പ്രതിഷേധങ്ങളുടെയും പ്രതിസ്വരങ്ങളുടെയും സൂചന, ജന്മി-കുടിയാന്‍ കലാപം, വര്‍ഗീയ കലാപം എന്നൊക്കെ അതിനെ വിശേഷിപ്പിക്കുമ്പോഴും അത് യഥാര്‍ഥത്തില്‍ കാര്‍ഷിക ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നവരുടെ ജീവിതസമരം തന്നെയായിരുന്നുവെന്നതിന്‍റെ തെളിവുകളാണ് ഈ നേതാക്കന്മാരുടെ ഇടപെടലുകളിലൂടെ കണ്ടെത്താന്‍ സാധിക്കുന്നത്.

ഉലമ, ഖിലാഫത്ത് സമ്മേളനം

മഞ്ചേരി സമ്മേളനം ഉണ്ടാക്കിയ ആവേശം കാരണം മലബാറിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും ഖിലാഫത്ത് കമ്മിറ്റികള്‍ക്കും കൂട്ടായ്മകള്‍ക്കും വര്‍ധിച്ച പിന്തുണ അതിവേഗം ലഭിച്ചുതുടങ്ങി. മിക്ക ദിവസങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ യോഗങ്ങള്‍ ജില്ലയിലുടനീളം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒറ്റപ്പാലത്ത് കേരള ഉലമ സമ്മേളനം/ മജ്ലിസുല്‍ ഉലമ എന്ന പേരില്‍ ആദ്യ ഖിലാഫത്ത് സമ്മേളനം വിളിച്ചുചേര്‍ക്കപ്പെടുന്നത്. അടുക്കും ചിട്ടയോടെ സംഘടിപ്പിച്ച പ്രസ്തുത സമ്മേളനം നിയന്ത്രിച്ചിരുന്നത് പട്ടാളം എന്ന് പേരുള്ള പ്രത്യേക മാപ്പിള വളണ്ടിയര്‍ കോറായിരുന്നു. മേടം പതിമൂന്നിന് ഖിലാഫത്ത് പട്ടാളത്തിന്‍റെ അകമ്പടിയോടെ ദക്ഷിണേന്ത്യന്‍ മജ്ലിസുല്‍ ഉലമയുടെ പ്രമുഖ നേതാവായിരുന്ന ആന്ധ്രയിലെ മൗലവി സയ്യിദ് മുര്‍ത്തളായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനം അന്നത്തെ കേരളത്തിലെ മുസ്ലിം നേതാക്കളെക്കൊണ്ടും പ്രതിനിധികളെക്കൊണ്ടും വേദിയും സദസ്സും സമ്പന്നമായിരുന്നു. മൂന്നു പ്രമേയങ്ങളാണ് ആ പ്രൗഢഗംഭീര സമ്മേളനസദസ്സ് അംഗീകരിച്ചത്.

1) യൂറോപ്യന്‍ ശക്തികള്‍ പ്രത്യേകിച്ചും അതില്‍ പ്രമുഖരായ സഖ്യശക്തികള്‍ ഏകമനസ്സോടെ ഖിലാഫത്തിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കേരളത്തിലെ മുസ്ലിംകളെല്ലാവരും യോജിച്ചുകൊണ്ട് ഇന്നു നേരിടുന്ന ആപത്തില്‍നിന്ന് ഇസ്ലാമിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്നും തങ്ങളുടെ സകാത്ത് വിഹിതത്തിന്‍റെ ഒരു ഭാഗം ഖിലാഫത്ത് ഫണ്ടിലേക്ക് നീക്കിവെക്കണമെന്നും ഈ സമ്മേളനം അഭിപ്രായപ്പെട്ടു.

2) ഇന്ത്യന്‍ മതനേതാക്കളായ ഉലമാക്കളുടെ ഫത്വകളും പ്രമേയങ്ങളും അനുസരിച്ചുകൊണ്ട് അക്രമരഹിത നിസ്സഹകരണം നടത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെട്ടു.

3) കോണ്‍ഗ്രസിന്‍റെ ശ്രമത്തിലൂടെ ഇന്ത്യ സ്വരാജ്യം നേടുവാനും ഖിലാഫത്ത് പ്രശ്നം പരിഹരിക്കുന്നതിനുമായി കേരളത്തിലെ 21 വയസ്സ് തികഞ്ഞ സ്ത്രീ, പുരുഷന്‍മാരെല്ലാം വര്‍ഷത്തില്‍ നാലണ വീതം സംഭാവന നല്‍കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ മെമ്പര്‍മാരാകണമെന്നും ഈ സമ്മേളനം അഭ്യര്‍ഥിച്ചു.

മലബാറിലെ മാപ്പിളമാരെല്ലാം കോണ്‍ഗ്രസില്‍ ചേര്‍ന്ന് സഹകരിക്കണമെന്ന് എം.പി. നാരായണ മേനോന്‍ തന്‍റെ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു. അയ്യായിരത്തോളം പ്രതിനിധികള്‍ സന്നിഹിതരായിരുന്ന ഈ സമ്മേളനത്തില്‍ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍നിന്നും ജാഥയായി വന്നിരുന്ന മാപ്പിള സംഘങ്ങള്‍, ജനങ്ങളില്‍ രാജ്യസ്നേഹവും കോണ്‍ഗ്രസ്, ഖിലാഫത്ത് പ്രസ്ഥാനങ്ങളെപ്പറ്റി അഭിമാനവും ഉളവാക്കി.

മജ്ലിസുല്‍ ഉലമയുടെ കേരള ഘടകത്തിന്‍റെ രൂപീകരണവും പ്രഖ്യാപനവും ഒറ്റപ്പാലം സമ്മേളനത്തില്‍ വെച്ചു നടന്നു. ഭാരവാഹികളായി മൗലവി സയ്യിദ് മുര്‍ത്തളാ (പ്രസിഡന്‍റ്), വക്കം എം. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി, ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, മൗലവി പി. കുഞ്ഞഹമ്മദ് (വൈസ് പ്രസിഡന്‍റുമാര്‍), ഇ. മൊയ്തു മൗലവി (ജനറല്‍ സെക്രട്ടറി), കട്ടിലശ്ശേരി എം. വി മുഹമ്മദ് മൗലവി, മൗലവി അറബി ഷംനാട് കാസര്‍ഗോഡ്, മൗലവി എ. മുഹമ്മദ് കുഞ്ഞു വക്കം എന്നിവര്‍ (അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍) തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്‍റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള പ്രദേശങ്ങളിലെ പ്രമുഖ മതപണ്ഡിതന്‍മാര്‍ ആ സംഘടനയില്‍ അംഗങ്ങളായി.

വിദ്യാര്‍ത്ഥി സമ്മേളനം

ഏപ്രില്‍ 26ന് ഇന്‍ഡിപെന്‍ഡന്‍സ് പത്രാധിപര്‍ ജോര്‍ജ് ജോസഫിന്‍റെ (പിന്നീട് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി) അധ്യക്ഷതയിലാണ് വിദ്യാര്‍ഥി സമ്മേളനം ആ പന്തലില്‍വെച്ചു നടന്നത്. ഐക്യകേരളത്തില്‍ വിപുലമായി നടന്ന ആദ്യ സമ്പൂര്‍ണ വിദ്യാര്‍ഥി സമ്മേളനമായി ചരിത്രത്തിലിടം നേടി അന്നത്തെ ഒറ്റപ്പാലം കോണ്‍ഫറന്‍സ്. പണ്ഡിതനും പ്രഭാഷകനുമായ പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ഛന്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങളുടെ പ്രാധാന്യം സദസ്സിനെ സഗൗരവം ബോധിപ്പിച്ചു. ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭസമരങ്ങളുടെ അര്‍ഥവും വ്യാപ്തിയും ബോധ്യപ്പെടുത്തുന്നതിനോടൊപ്പം വിദ്യാര്‍ഥിത്വം സമരസജ്ജമാകേണ്ടതിന്‍റെ പ്രധാന്യത്തെയും കുറിച്ചുള്ള ദിശാബോധം നല്‍കുന്നതായിരുന്നു നേതാക്കളുടെ പ്രസംഗത്തിന്‍റെ ഉള്ളടക്കം.

അനിഷ്ട സംഭവങ്ങള്‍

വിദ്യാര്‍ഥി സമ്മേളനത്തില്‍ ജോര്‍ജ് ജോസഫ് തന്‍റെ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടയിലാണ് അങ്ങാടിയില്‍ സമ്മേളനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാരെ പൊലീസ് മര്‍ദിക്കുന്നതായി പന്തലിലേക്ക് ഒരാള്‍ ഓടിവന്നു പറയുന്നത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ നേതാക്കള്‍ കാര്യങ്ങള്‍ അവിടെപ്പോയി അന്വേഷിക്കാന്‍ സ്വാഗതസംഘം സെക്രട്ടറി പെരുമ്പിലാവില്‍ രാവുണ്ണിമേനോനെ പറഞ്ഞയച്ചു. അങ്ങാടിയിലെത്തിയ അദ്ദേഹത്തെയും പൊലീസ് അതിക്രൂരമായാണ് മര്‍ദിച്ചത്. മടക്കയാത്രയ്ക്ക് ഒരുങ്ങിയ മലപ്പുറം കുഞ്ഞിത്തങ്ങളെയും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് പൊലീസ് വെറുതെ വിട്ടില്ല. സമാധാനപരമായി സമ്മേളനം നടന്നുകൊണ്ടിരിക്കെ ഒരു പ്രകോപനവുമില്ലാതെ വളണ്ടിയര്‍മാരെയും സമ്മേളനപ്രതിനിധികളെയും ക്രൂരമായി ആക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍, വിദ്യാര്‍ഥി സമ്മേളനം വേഗത്തില്‍ അവസാനിപ്പിച്ചു. സമ്മേളനപ്പന്തല്‍ പിന്നെ സമരപ്പന്തലായി മാറാന്‍ ഏറെ സമയം വേണ്ടിവന്നില്ല. എന്നാല്‍ നമ്മുടെ ആയുധം ക്ഷമയും ശക്തി സഹിഷ്ണുതയും ആയിരിക്കണമെന്നഭ്യര്‍ഥിച്ചുകൊണ്ട്, പ്രകോപിതരായ വളണ്ടിയര്‍മാരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ നേതാക്കള്‍ക്കു കഴിഞ്ഞു. പോലിസ് തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ചു സമ്മേളനനഗരിയില്‍നിന്നും ഒരു ബഹുജന റാലി ഒറ്റപ്പാലം പട്ടണത്തിലൂടെ പ്രദക്ഷിണം നടത്തി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒറ്റപ്പാലം പട്ടണത്തിലെ കടകമ്പോളങ്ങള്‍ തുടര്‍ന്നുള്ള മൂന്ന് ദിവസം അടച്ചിടുകയും ജില്ലയിലെ വിവിധഭാഗങ്ങളില്‍ ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും നടക്കുകയും ചെയ്തു.

പൊലീസ് അതിക്രമം ആസൂത്രിതം

ഏപ്രില്‍ 23 മുതല്‍ തന്നെ സമ്മേളന നഗരിയും ഒറ്റപ്പാലം പട്ടണവും പൊലീസ് കാവലിലായിരുന്നു. ചരിത്രകാരനായ കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീമിന്‍റെ അഭിപ്രായത്തില്‍ ഒറ്റപ്പാലം സംഭവം ഉദ്യോഗസ്ഥന്‍മാരുടെ ഗൂഢാലോചനയായിരുന്നു. ജില്ലാ ജഡ്ജിയെയും പൊലീസുകാരെയും ജനങ്ങള്‍ ഭയപ്പെടുന്നില്ലെന്ന ബോധം മലബാര്‍ കളക്ടര്‍ ഇ.എഫ് തോമസിനെയും കൂട്ടുകാരെയും വിറളി പിടിപ്പിച്ചിരുന്നു. സമ്മേളനം നടക്കുന്ന പന്തലിനകത്ത് നിന്നിരുന്ന പൊലീസുകാരോട് ഭാരവാഹികള്‍ പുറത്തുപോകാനാവശ്യപ്പെട്ടത് അവരെ ചൊടിപ്പിച്ചു. അങ്ങാടിയിലെ കച്ചവടക്കാര്‍ പോലും പൊലീസിനെ വിലവെച്ചില്ല. മാമൂലായ സോഡ, ചായ എന്നിവയൊന്നും പൊലിസുകാര്‍ക്ക് അവര്‍ നല്‍കിയില്ല. ക്രമസമാധാനത്തിനെന്നു പറഞ്ഞ് അങ്ങാടിയിലൂടെ കവാത്ത് നടത്തിയ എം. എസ്. പിക്കാരെ ജനങ്ങള്‍ കൂക്കി വിളിച്ചുവത്രെ! പൊലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ആമു സാഹിബ്, മാങ്ങോട്ട് നാരായണ മേനോന്‍ മുതലായവര്‍ ഇതൊരപമാനമായിക്കണ്ടു. ഇത് തടഞ്ഞില്ലെങ്കില്‍ പൊലീസിന്‍റെ പ്രതാപം അവസാനിച്ചേക്കുമെന്ന് അവര്‍ ഭയപ്പെട്ടു. മാപ്പിളമാരുടെ അച്ചടക്കം അവരില്‍ ആശങ്കയുളവാക്കി. വേണ്ടത്ര പ്രകോപനമേല്‍പിച്ചാല്‍ മാപ്പിളമാര്‍ തിരിച്ചടിക്കുമെന്നാണ് ഉദ്യോഗസ്ഥന്മാര്‍ കരുതിയത്. സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ അടങ്ങിയിരുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ എം.എസ്.പിക്കാര്‍ കച്ചവടക്കാരുടെ നേരെ തിരിഞ്ഞു. അവര്‍ ഭ്രാന്തമായി പീടികകള്‍ കൊള്ള ചെയ്തു. കച്ചവടക്കാരെ മര്‍ദിച്ചു, വഴിപോക്കരെ തല്ലി. മേലുദ്യോഗസ്ഥന്‍മാരുടെ അറിവോടെയും ആവശ്യപ്രകാരവുമാണ് എം.എസ്.പി യും റിസര്‍വ്ഡ് പൊലീസും ആക്രമം അഴിച്ചുവിട്ടതെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

അന്വേഷണ പ്രഹസനം

സമ്മേളനം നടക്കുന്നതിനിടയില്‍ ഒറ്റപ്പാലത്തുവെച്ചുണ്ടായ പൊലീസ് അതിക്രമങ്ങളെ സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടി. പ്രകാശം ചെയര്‍മാനും എല്‍.എ സുബ്രമണ്യ അയ്യര്‍, മുര്‍ത്തളാ സാഹിബ്, ജോര്‍ജ് ജോസഫ്, കെ.പി.കേശവ മേനോന്‍ എന്നിവര്‍ അംഗങ്ങളായുമുള്ള ഒരു അന്വേഷണ കമ്മീഷനെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയുണ്ടായി. വിശദമായി പഠിച്ചു ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയും പ്രസിദ്ധീകരിക്കയും ചെയ്തു. എന്നാല്‍ സമിതിയിലെ അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് അധികാരികള്‍ പ്രസ്തുത റിപ്പോര്‍ട്ട് നിരോധിക്കുകയാണുണ്ടായത്. പ്രതിഷേധം ആളിക്കത്തും എന്ന് ഭയപ്പെട്ട, ആ സംഭവങ്ങളെക്കുറിച്ചും നേരിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പ്രകാശം കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും അന്വേഷിക്കാന്‍ പിന്നീട് മദ്രാസ് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഈ പ്രഖ്യാപനം പ്രഹസനമെന്ന് മനസ്സിലാക്കിയ കെ.പി.കേശവമേനോന്‍ ബ്രിട്ടീഷ് നീതിബോധത്തില്‍ വിശ്വാസമില്ലെന്നും തനിക്ക് ലഭിച്ച ശിക്ഷ അനുഭവിക്കാന്‍ വിധേയനാണെന്നും കോടതിയില്‍ പറഞ്ഞു.

സമ്മേളനത്തിലെ പ്രഗത്ഭസാന്നിധ്യം

എല്‍.എ.സുബ്ബരാമ അയ്യര്‍, കെ. എം. മൗലവി, കെ. രാമുണ്ണി മേനോന്‍, ഇ. മൊയ്തു മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍, ബ്രഹ്മദത്തന്‍ നമ്പൂതിരി, പെരുമ്പിലാവില്‍ രാവുണ്ണി മേനോന്‍, ചെങ്ങളത്ത് മാധവ മേനോന്‍, ഹമീദ് ഖാന്‍, എം.പി.നാരായണ മേനോന്‍, കെ. കേളപ്പന്‍, ഡല്‍ഹി ജാമിഅ മില്ലിയ്യ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ്, (അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന കവാടമായി മാറി ഒറ്റപ്പാലം സമ്മേളനം, പിന്നീട് അദ്ദേഹം സെക്രട്ടറിയായുള്ള കേരള ഖിലാഫത്ത് കമ്മിറ്റിക്കു രൂപം നല്‍കി. കട്ടിലശ്ശേരി മുഹമ്മദ് മൗലവിയായിരുന്നു പ്രസിഡന്‍റ്), എം.പി. ഗോവിന്ദ മേനോന്‍, സുന്ദരയ്യര്‍ ഒറ്റപ്പാലം തുടങ്ങി വള്ളുവനാട്, ഏറനാട് പ്രദേശങ്ങളിലെ പൗരപ്രമുഖരും അഭിഭാഷകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഖിലാഫത്ത് നേതാക്കളുമായിരുന്നു സമ്മേളനത്തിലെ പ്രഗത്ഭസാന്നിധ്യം.

സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക് ആക്കംകൂട്ടുന്നതിന് കൂടുതല്‍ ഇന്ധനം പകരുകയാണ് യഥാര്‍ഥത്തില്‍ ഒറ്റപ്പാലം സമ്മേളനം ചെയ്തത്. ഖിലാഫത്ത് വളണ്ടിയര്‍മാരെയും കുടിയായ്മ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും മതനേതാക്കളെയും ഒരേവേദിയില്‍ കൊണ്ടുവരുന്നതിനു സഹായിച്ച ആദ്യത്തെ രാഷ്ട്രീയ സമ്മേളനത്തിനാണ് ഒറ്റപ്പാലം വേദിയായിത്തീര്‍ന്നത്. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ കേരള മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റപ്പാലം സമ്മേളനം തളര്‍ന്നുപോയ ജനോത്സാഹത്തിനു നവജീവന്‍ പകര്‍ന്നു. കേരള ചരിത്രത്തെ ഇളക്കി പ്രതിഷ്ഠിച്ച സമരത്തിനാണ് പിന്നീട് മലബാര്‍ സാക്ഷിയായത്.

റഫറന്‍സ്:

1) കെ.എന്‍ പണിക്കര്‍, 'മലബാര്‍ കലാപം; പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ,' ഡിസി ബുക്സ് 2004.

2) കെ. കെ. മുഹമ്മദ് അബ്ദുല്‍ കരീം, 'ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി,' ഐ.പി.എച്ച്, ജൂലൈ 2020.

3) കെ. മാധവന്‍ നായര്‍, 'മലബാര്‍ കലാപം,' മാതൃഭൂമി ബുക്സ,് കോഴിക്കോട് (അഞ്ചാം പതിപ്പ് 2016).

4) മോഴിക്കുന്നത്ത് ബ്രാഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഖിലാഫത്ത് സ്മരണകള്‍. 1965, കോഴിക്കോട്.

5) പ്രൊഫ.കോണ്‍റാഡ് വുഡ്, 'മലബാര്‍ കലാപം; അടിവേരുകള്‍.' പരിഭാഷ: ടി.വി.കെ, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, മാര്‍ച്ച് 2000.