മുസ്‌ലിം പ്രീണനം; ദുരാരോപണവും അവകാശധ്വംസനവും

മുജീബ് ഒട്ടുമ്മല്‍

2021 ആഗസ്ത് 21 1442 മുഹര്‍റം 12
ഇസ്‌ലാംവെറുപ്പിന്റെ ആഗോളീകരണം ജനാധിപത്യ ഇന്ത്യയെപോലും ഗ്രസിച്ചിരിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും മതനിരപേക്ഷതയുമെല്ലാം കേവലം മുസ്‌ലിം പ്രീണനങ്ങള്‍ക്കുവേണ്ടി നെയ്തുണ്ടാക്കിയവയാണെന്നാണ് ഉത്തരവാദപ്പെട്ടവര്‍പോലും പറയാതെ പറയുന്നത്. ഒരേസമയം ദേശവിരുദ്ധരെന്ന ആക്ഷേപവും മുസ്‌ലിം പ്രീണനമെന്ന ആരോപണവുമാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

''ഒരേസമയം രണ്ട് തരം പീഡനമാണ് മുസ്‌ലിംകള്‍ ഏല്‍ക്കേണ്ടി വരുന്നത്. ദേശ വിരുദ്ധര്‍ എന്ന ആക്ഷേപവും മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു എന്ന ആരോപണവും. തങ്ങള്‍ ദേശവിരുദ്ധരല്ലെന്നും ഭീകരവാദികളല്ലെന്നും ദിവസേന തെളിയിക്കേണ്ട അവസ്ഥയാണ് മുസ്‌ലിംകള്‍ക്കുള്ളത്.''

ബാബരി മസ്ജിദിന്റ ധ്വംസനത്തിന് ശേഷം ഇന്ത്യന്‍ മുസ്‌ലിംകളില്‍ അരക്ഷിതബോധം നിലനില്‍ക്കുന്നുവെന്ന തിരിച്ചറിവില്‍നിന്ന് മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നിയോഗിച്ച ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍ ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശമാണ് മുകളില്‍ വായിച്ചത്.

ഇസ്‌ലാംവെറുപ്പിന്റെ ആഗോളീകരണം ജനാധിപത്യ ഇന്ത്യയില്‍പോലും ഉണ്ടാക്കിയ സാമുദായിക ദുരവസ്ഥയാണിത് വരച്ചുകാട്ടുന്നത്. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും മതനിരപേക്ഷതയുമെല്ലാം കേവലം മുസ്‌ലിം പ്രീണനങ്ങള്‍ക്കുവേണ്ടി നെയ്തുണ്ടാക്കിയവയാണെന്ന് 'മനോഹരമായി' ദുര്‍വ്യാഖ്യാനിക്കുന്ന കാവി ബുദ്ധിജീവികള്‍ നിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. 2017ല്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിവേചനം കാണിക്കുന്നുവെന്ന് പറഞ്ഞ് അന്നത്തെ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തില്‍ 'മുസ്‌ലിം പ്രീണന'മാണ് രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന സന്ദേശമാണ് നല്‍കിയത്. രാജ്യവ്യാപകമായി സംഘപരിവാര മിഷണറികള്‍ അതിന് പ്രചാരണം നല്‍കി.

'ഒരു ഗ്രാമത്തില്‍ ഖബറിസ്ഥാനുണ്ടെങ്കില്‍ അവിടെ ശ്മശാനവും അനുവദിക്കണം. റമദാനും ഈദിനും വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും ഹോളിക്കും വൈദ്യുതി നല്‍കണം' എന്നും അദ്ദേഹം തന്റ പ്രസംഗത്തില്‍ വാചാലമായതോടുകൂടി മുസ്‌ലിം സമുദായത്തിന് അധികാരികള്‍ യഥേഷ്ടം വാരിക്കോരി നല്‍കുന്നുണ്ടെന്ന വ്യാജവര്‍ത്തമാനം രാജ്യമാകെ പടര്‍ന്നു. മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ അധികാരസോപാനങ്ങളിലേക്ക് ഇടിച്ചുകയറാന്‍ കാലങ്ങളായി ബിജെപിയും സംഘപരിവാരങ്ങളും നെയ്‌തെടുത്ത കള്ളപ്രചാരണങ്ങളുടെ പട്ടികയില്‍ ഇത് ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം. അധികാരികളോടൊപ്പം മറ്റെല്ലാ രാഷ്ട്രീയകക്ഷികളും മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും അവര്‍ പ്രചാരണം നടത്തുന്നു.

2016ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനെതിരെ ശിവസേനയും ഇതേ ആരോപണമുന്നയിച്ചിരുന്നു. അവിടുത്തെ മുസ്‌ലിം ഉദേ്യാഗസ്ഥന്‍മാര്‍ക്ക് വെള്ളിയാഴ്ച പന്ത്രണ്ടരമുതല്‍ രണ്ടുമണിവരെ പ്രാര്‍ഥനയ്ക്കായി സമയമസവദിച്ചുവെന്നാണ് അതിനായി അവര്‍ കണ്ടെത്തിയ തെളിവ്. മറ്റു സംസ്ഥാനങ്ങള്‍കൂടി ഇതനുകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ശിവസേന നേതാവ് മനീഷാ കായന്തെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്ന് പറഞ്ഞ് വ്യാപകമായ പ്രചാരണവും നടത്തി.

'പ്രീണനം:' കേരളീയ പശ്ചാത്തലം

സഹകരണ വകുപ്പ് കാലങ്ങളായി ഓണക്കാലത്ത് നടത്തുന്ന സഹകരണ വിപണിയില്‍ 'മുഹര്‍റം ചന്ത' എന്ന നാമം ഏറെ വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചിരുന്നു. ഇതിനെ ചിലര്‍ മുസ്‌ലിം പ്രീണനത്തിനായുള്ള അധികാരികളുടെ തന്ത്രങ്ങളിലൊന്നായി വ്യാഖ്യാനിച്ചു. ചിലരാകട്ടെ വര്‍ഗീയ ധ്രുവീകരണത്തിനായി മേമ്പൊടി ചേര്‍ത്ത് മറ്റു ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും പ്രകോപിപ്പിക്കാനായി ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചു. ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് അതിരൂക്ഷമായി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചത് ഇതിന്റ പേരില്‍ പ്രീണന രാഷ്ട്രീയം ആരോപിച്ചുകൊണ്ടാണ്. കണ്‍സ്യൂമര്‍ ഫെഡിന്റ വാചകങ്ങളില്‍നിന്ന് ആ പദം നീക്കം ചെയ്‌തെങ്കിലും അത്തരം പരാമര്‍ശങ്ങളുണ്ടാക്കിയ സാമുദായിക വെറുപ്പ് മായ്ച്ചുകളയാന്‍ ആര്‍ക്ക് സാധിക്കും?

തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള വാചകക്കസര്‍ത്തുകളില്‍ താല്‍കാലികമായി ലാഭം കൊയ്‌തെടുക്കാമെങ്കിലും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ദീര്‍ഘദൃഷ്ടിയോടെ കാണാനാവാത്തത് കഴിവുകേടാണെന്ന് പറയാനാവില്ല. കൊളോണിയല്‍ വ്യവഹാരങ്ങളില്‍ മതങ്ങള്‍ക്കും ജാതീയതകള്‍ക്കും വ്യത്യസ്ത സാമൂഹ്യ പദവികളാണ് നല്‍കിക്കൊണ്ടിരുന്നത്. അധികാരത്തിന്റെ അനശ്വരതയ്ക്ക് നാടിന്റെ അവകാശികളായ ജനത പരസപരം കലഹിച്ചുകൊണ്ടിരിക്കണമെന്നതാണ് ഇത്തരം സാമൂഹ്യ പദവി കല്‍പിച്ചുനല്‍കാന്‍ പ്രേരിപ്പിച്ചത്. സാമാജ്യത്വവിരുദ്ധത ആയിരം തവണ നാവുകളിലൂടെ നിര്‍ഗളിച്ചൊഴുകുമ്പോഴും അവരുടെ നയംതന്നെ ഉല്‍ബുദ്ധരായ കേരള ജനതയിലും പ്രയോഗിക്കുന്നത് അധികാരദാഹത്താല്‍ ബുദ്ധിഭ്രമം സംഭവിച്ചതുകൊണ്ട് തന്നെയാണെന്ന് പറഞ്ഞാല്‍ അധികമാവില്ല. മദ്‌റസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സും കേരള സര്‍ക്കാര്‍ നല്‍കുന്നുവെന്ന വ്യാപകമായ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടിയിട്ടും അധികാരികളുടെ കുറ്റകരമായ മൗനം പ്രീണന രാഷ്ട്രീയത്തിന് പുതിയമാനം നല്‍കുന്നതായിരുന്നു. മുന്‍ ഡിജിപി അടക്കമുള്ള സംഘപരിവാര ബുദ്ധികേന്ദ്രങ്ങള്‍ ഏറ്റെടുത്ത് അതിന് പരമാവധി കവറേജ് നല്‍കിയിട്ടുണ്ടെങ്കില്‍ അവരുടെ മാധ്യമങ്ങള്‍ ഭീകരമായ കഥകളാക്കി വികൃതരൂപം നല്‍കിയിട്ടുമുണ്ടാകാം.

അധികാരമോഹം പൂവണിഞ്ഞതിനുശേഷം മദ്‌റസാധ്യാപകര്‍ക്ക് യാതൊരു സഹായവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന സത്യം വിളിച്ചുപറഞ്ഞപ്പോഴേക്ക് സാമുദായിക ധ്രുവീകരണങ്ങള്‍ക്ക് വേഗത കൂടിയിരുന്നുവെന്നതാണ് സമകാലിക സാഹചര്യങ്ങള്‍ വിളിച്ചോതുന്നത്. 'ന്യൂനപക്ഷ ക്ഷേമഫണ്ടില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ല, മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ല' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി തൃശൂര്‍ അതിരൂപത കത്തോലിക്കാ സഭയുടെ മുഖപത്രം മുസ്‌ലിം പ്രീണനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായി മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതാണ് കേരളജനത കണ്ടത്.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടാണ് മുസ്‌ലിം സമുദായത്തിന് നല്‍കുന്നതെന്ന അതിക്രൂരമായ ആരോപണമുന്നയിക്കുമ്പോള്‍ അനര്‍ഹമായി നേടിയെടുത്ത് തടിച്ചുകൊഴുത്തവരായി കേരള മുസ്‌ലിം സമൂഹത്തെ ചിത്രീകരിക്കുന്നത് അതിശയകരം തന്നെ! സംസ്ഥാനത്തെ പ്രമുഖ ന്യൂനപക്ഷങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നത് കാണാന്‍ കൊതിയോടെ കാത്തിരിക്കുന്നവര്‍ക്കൊരു വിഭവമൊരുക്കുന്നതായിപ്പോയി സഭകളുടെ ഇത്തരം വിമര്‍ശനങ്ങള്‍. മലപ്പുറം ജില്ലയുടെ രൂപീകരവും മുസ്‌ലിം ലീഗിന്റെ മന്ത്രിസഭയിലെ പ്രാധിനിത്യവുമെല്ലാം സമൂഹത്തിലുണ്ടാക്കിയ ചര്‍ച്ചയുടെ പൊരുള്‍ ഇസ്‌ലാംവെറുപ്പില്‍നിന്ന് രൂപപ്പെട്ട മനോവൈകൃതമല്ലാതെ പിന്നെയെന്താണ്? വിവിധ രാഷ്ടീയകക്ഷികളില്‍ ത്യാഗസന്നദ്ധതയോടെ നേതൃത്വം നല്‍കുന്നവരുടെ പാര്‍ലിമെന്ററി പ്രവേശനങ്ങളില്‍ മുസ്‌ലിം സമുദായാംഗമായതിനാല്‍ മാത്രം സംവരണതത്ത്വങ്ങള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതിലേക്ക് പൊതുബോധം രൂപപ്പെട്ടിരിക്കുന്നു. 'ഹസന്‍-അമീര്‍-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട്' സംസ്ഥാനം ഭരിക്കുന്നു എന്നു പറഞ്ഞ് 'ഭീതിപരത്തുന്ന' മുത്തശ്ശിപ്പത്രങ്ങളുടെ ധാര്‍മികരോഷം ഒരു സമുദായത്തോട് മാത്രം നിറഞ്ഞൊഴുകുന്നതിന്റ പൊരുള്‍ 'ഫോബിയ' അല്ലാതെ മറ്റെന്താണ്? മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ സമിതി നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിലെ ആനുകൂല്യങ്ങള്‍ നൂറ് ശതമാനം നല്‍കുന്നതിന് പകരം അതില്‍നിന്ന് ഇരുപതും പറിച്ചെടുത്ത് ഇതര സമുദായങ്ങള്‍ക്ക് നല്‍കിയിട്ടും അവശേഷിക്കുന്നതുകൂടി എടുത്തുകളയണമെന്ന സംഘപരിവാര ദാര്‍ഷ്ഠ്യം പൊതുബോധമായി രൂപപ്പെടുത്തുന്നതില്‍ വിജയിച്ചുവെന്നതാണ് ഈ കോലാഹലങ്ങളൊക്കെയും സൂചിപ്പിക്കുന്നത്. അതിനായി ചില ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ അത്തരം ദുഃശക്തികളുടെ ചട്ടുകങ്ങളായെന്ന് മാത്രം.

മുസ്‌ലിം സമുദായത്തിന്റെ ദയനീയത!

ഇസ്‌ലാംഭീതിയാല്‍ മസ്തിഷ്‌കഭ്രമം സംഭവിച്ച സംഘപരിവാരങ്ങളുടെ നുണപ്രചാരണങ്ങള്‍ സമൂഹമാധ്യമ തമ്പുരാക്കളടക്കമുള്ള കോര്‍പറേറ്റുകള്‍ ഏറ്റെടുത്തതോടെ മുസ്‌ലിം സമുദായത്തിന്റെ പതിതാവസ്ഥ വിസ്മരിക്കപ്പെടുകയും സാമുദായിക ഔന്നത്യം ആരോപിച്ച് അവകാശങ്ങള്‍ ധ്വംസിക്കുകയും ചെയ്തു. ഫാഷിസ്റ്റ് വര്‍ഗീയ രാഷ്ട്രീയത്തിന് ഒരിക്കലും ഇടംനല്‍കാത്ത മലയാളി പ്രബുദ്ധതിയില്‍ പോലും ഇസ്‌ലാംവെറുപ്പ് പടര്‍ന്നുകയറിയതായാണ് സമീപകാല സംവരണ ചര്‍ച്ചകള്‍ ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ മുസ്‌ലിം സമുദായം അതിദയനീയമായ പിന്നാക്കാവസ്ഥയിലാണെന്ന്  നിഷ്പക്ഷ പഠനം നടത്തി പരിഹാരം നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

സച്ചാര്‍ സമിതിയുടെ കണ്ടെത്തലിലെ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ നമുക്ക് വായിക്കാം:

1) സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മുസ്‌ലിംകള്‍ നാല് ശതമാനത്തില്‍ താഴെയാണ്.

2) മുസ്‌ലിംകള്‍ കുടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാലയങ്ങള്‍ പോലും കിലോമീറ്ററുകള്‍ ദൂരെയാണ്. അതിനാല്‍ വലതുപക്ഷപ്രചാരണങ്ങള്‍ക്ക് വിരുദ്ധമായി മദ്‌റസയില്‍ പോകുന്നവര്‍ പോലും നാല് ശതമാനത്തോളം മാത്രമാണ്. മുസ്‌ലിം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് മറ്റു സമുദായങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പട്ടിണിയും ദാരിദ്ര്യവും കാരണമായി മിക്ക കുട്ടികളും തൊഴിലെടുക്കുവാന്‍ നിര്‍ബന്ധിതരാവുകയാണ്.

3) സര്‍ക്കാര്‍ ജോലികളിലെ മുസ്‌ലിം പ്രാതിനിധ്യം വെറും 4.9 ശതമാനം മാത്രമാണ്! പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമ ബംഗാളിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുസ്‌ലിം പ്രാധിനിത്യം പൂജ്യം ശതമാനവും!

4) ഇന്ത്യയിലെ സുരക്ഷാസേനകളിലെ പ്രാതിനിധ്യം വെറും 3.2 ശതമാനം.

5) ജില്ലാന്യായാധിപന്‍മാരിലെ പ്രാധിനിത്യം വെറും 2.7 ശതമാനം.

6) അരലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള പട്ടണങ്ങളില്‍ മുസ്‌ലിംകളുടെ പ്രതിശീര്‍ഷ ചെലവ് ഇന്ത്യയിലെ പട്ടികജാതി, പട്ടികവര്‍ഗക്കാരുടേതിനെക്കാള്‍ കുറവാണ്. പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്ലെലാം ഇതാണ് അവസ്ഥ.

7) പലിശയിളവ് നിരക്കില്‍ വായ്പ കിട്ടിയത് 3 ശതമാനത്തില്‍ താഴെ മുസ്‌ലിംകള്‍ക്കാണ്. കടുത്ത ദാരിദ്ര്യത്തിലുള്ളവരെ പട്ടിണിയില്‍നിന്നും രക്ഷിക്കാനുള്ള അന്തേ്യാദയ പദ്ധതിയില്‍ ആനുകൂല്യം കിട്ടിയതു വെറും 1.9 ശതമാനത്തിനും!

8) മുസ്‌ലിം കര്‍ഷകരില്‍ 2.1 ശതമാനത്തിനേ ട്രാക്ടറുള്ളൂ. കൃഷിക്ക് ജലസേചനത്തിന് സ്വന്തമായി കുഴല്‍ക്കിണര്‍ ഉള്ളവര്‍ 1 ശതമാനം മാത്രമാണ്.

9) കണ്ണുതുറപ്പിക്കുന്ന മറ്റൊരാവശ്യം കൂടിയുണ്ട്: 'ഗര്‍ഭനിയന്ത്രണത്തിനും ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുമുള്ള ഗണ്യമായ ആവശ്യം സമുദായത്തില്‍നിന്നുമുണ്ട്.' 20 ദശലക്ഷത്തിലേറെ ദമ്പതികള്‍ ഇപ്പോള്‍ത്തന്നെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്. 'ഗര്‍ഭധാരണം കുറഞ്ഞതോടെ മുസ്‌ലിം ജനസംഖ്യാവര്‍ധനവിലും കുറവുണ്ടായിട്ടുണ്ട്.' മുസ്‌ലിംകള്‍ വലിയതോതില്‍ കുട്ടികളുണ്ടാക്കി ഹിന്ദുജനസംഖ്യയെ മറികടക്കാനുള്ള ഗൂഢാലോചനയാണെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നുമുള്ള ഹീനമായ ഫാസിസ്റ്റ് പ്രചാരണത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നതാണ് ഈ കണക്കുകള്‍!

10) മുസ്‌ലിംകള്‍ എവിടെയെങ്കിലും ഹിന്ദുക്കളുടെ എണ്ണത്തെ കവച്ചുവെക്കും എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ അത് തടവുകാരുടെ എണ്ണത്തില്‍ മാത്രമാണ് (യുഎസിലെ കറുത്ത വര്‍ഗക്കാരെ പോലെ).

11) മുസ്‌ലിംകളുടെ പൊതുവായ പരാതി അവര്‍ രണ്ട് അപകടങ്ങള്‍ നേരിടുന്നു എന്നാണ്. 'ദേശവിരുദ്ധര്‍' എന്നു മുദ്രകുത്തപ്പെടുന്നു, പിന്നെ 'പ്രീണനം' എന്ന ആരോപണവും. അവരെ ഒരിക്കലും തുല്യാവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരായി തോന്നിപ്പിക്കാതിരിക്കാനുള്ള, വളരെ ആഴത്തില്‍ കണക്കുകൂട്ടിയുള്ള നീക്കമാണത്.

വൈദേശിക കൊളോണിയല്‍ ആധിപത്യത്തില്‍നിന്ന് ഇന്ത്യാമഹാരാജ്യത്തിന്റെ വിമോചനത്തിനായി ജീവാര്‍പ്പണം ചെയ്യാന്‍ തയ്യാറുള്ള ഒട്ടേറെ പേരെ സംഭാവന ചെയ്ത ഒരു സമുദായത്തെ സ്വാതന്ത്ര്യാനന്തരവും ദയനീയമായ പിന്നോക്കാവസ്ഥയില്‍ തളച്ചിടുന്നതില്‍ അധികാരിവര്‍ഗങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. എന്നിട്ടും ഇല്ലാത്ത മേല്‍ക്കോയ്മ കല്‍പിച്ചുനല്‍കി മുസ്‌ലിം സമുദായത്തിന്റെ ആനുകൂല്യങ്ങളെല്ലാം ബാലിശമായ വാദങ്ങളുയര്‍ത്തി അല്‍പാല്‍പമായി പിടിച്ചെടുക്കുന്നതില്‍ ഇടതു-വലത് രാഷ്ട്രീയ പക്ഷങ്ങള്‍ മല്‍സരിക്കുകയാണ്.

കേരളത്തിന്റെ മുസ്‌ലിം പിന്നാക്ക പരിസരം

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റ ഭാഗമായ വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായ ഒരു സമിതി രൂപീകരിക്കുകയുണ്ടായി. സച്ചാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മുസ്‌ലിം പിന്നാക്കാവസ്ഥ പ്രത്യേകം എടുത്തുപറഞ്ഞ് കൊണ്ടാണ് പാലോളി കമ്മിറ്റിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ക്രൈസ്തവ സമൂഹത്തോട് താരതമ്യം ചെയ്ത് മുസ്‌ലിം വിദ്യാഭ്യാസ നിലവാരം വളരെ പിറകിലാണെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാക്കാവസ്ഥയും ജനസംഖ്യയും പരിഗണിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആനുപാതികമായി മുസ്‌ലിംകള്‍ക്ക് ലഭിച്ചിട്ടില്ലന്ന വസ്തുതയും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേരള ജനസംഖ്യയുടെ 26% ഉള്ള മുസ്‌ലിംകള്‍ സര്‍ക്കാര്‍ സര്‍വീസില്‍ 11% മാത്രമാണെന്നും പ്രത്യേക പരാമര്‍ശമുണ്ട്. മദ്‌റസാധ്യാപകരുടെ ദയനീയ ജീവിതനിലവാരവും അവര്‍ക്ക് ക്ഷേമബോര്‍ഡ് രൂപീകരിക്കേണ്ടതിന്റ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിം സമുദായം ഏറെ മുന്നിലെന്ന് വരുത്താന്‍ മാധ്യമങ്ങളും സാംസ്‌കാരിക നായകന്‍മാരുമെല്ലാം മഷി വിതറുമ്പോഴും നിഷ്പക്ഷമായ പഠനങ്ങള്‍ കൃത്യമായ സത്യം ബോധ്യപ്പെടുത്തുന്നുണ്ട്.

മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന മലബാര്‍ ഏരിയകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ മുസ്‌ലിം സമുദായത്തെ പിന്നാക്കാവസ്ഥയില്‍ തളച്ചിടാനുള്ള ശ്രമം അന്തര്‍ധാരയില്‍ സജീവമാണെന്ന് ബോധ്യപ്പെടും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാര്‍ ജില്ലകളില്‍ കൂടുതലാണ്. മാത്രമല്ല തെക്കന്‍ ജില്ലകളില്‍ പ്ലസ്‌വണ്‍ സീറ്റുകള്‍ അധികമാവുകയും ഒഴിഞ്ഞ് കിടക്കുകയും ചെയ്യുമ്പോള്‍ മലബാറില്‍ സീറ്റുകള്‍ ലഭിക്കാതെ തുടര്‍പഠനം മുടങ്ങിയവര്‍ ധാരാളമാണ്. മലപ്പുറം ജില്ലയില്‍ മാത്രം 25000ല്‍ അധികം വിദ്യാര്‍ഥികള്‍ പുറത്താണ്.

തിരുവനന്തപുരം 916, കൊല്ലം 1783, പത്തനംതിട്ട 6130, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ പ്ലസ്‌വണ്‍ അധിക സീറ്റുകളുണ്ട്. അത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നര്‍ഥം!

എന്നാല്‍ മലപ്പുറം 28804, തൃശൂര്‍ 830, പാലക്കാട് 9695, കോഴിക്കോട് 9513, വയനാട് 1804, കണ്ണൂര്‍ 4670, കാസര്‍കോഡ് 3352; ഇത്രയും വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌വണ്‍ പ്രവേശനത്തിന് സീറ്റില്ല. തീര്‍ത്തും പക്ഷപാതപരമായ സമീപനം അധികാരികളില്‍നിന്നുണ്ടാവുന്നത് വളരെ ഖേദകരമാണ്.

കോളേജ് വിദ്യാഭ്യാസത്തിന്റെ സ്ഥിതി ഇതിനെക്കാളും ഭയാനകമാണ്. കാര്യങ്ങള്‍ ഇത്ര പരിതാപകരമായിരുന്നിട്ടും വര്‍ഗീയ കോമരങ്ങള്‍ ചില ഇതര ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റ ഭാഗമായി സമുദായത്തിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളിലെ 80:20 കോടതിയില്‍ ചോദ്യംചെയ്ത് തടഞ്ഞുവെച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ സംവരണത്തിലെ തിരിമറിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംഘടനകള്‍ ഒന്നിച്ച് പ്രതിഷേധിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷ ക്ഷേമങ്ങളില്‍നിന്ന് പുറംതിരിഞ്ഞ് വീണ്ടും ഉത്തരവുകളിറക്കിക്കൊണ്ടിരിക്കുകയാണ്. 2020-21 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശം കമ്യൂണിറ്റിക്കോട്ട സംബന്ധിച്ച ഉത്തരവ് സംശയമുണ്ടാക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതുമാണ്.

സാമൂഹിക പുരോഗതി സാധ്യമാകണം

വൈവിധ്യവും വ്യത്യസ്തയും ഇന്ത്യയുടെ സൗന്ദര്യമാണ്. ഓരോ വിഭാഗം ജനതയിലും അവരുടെ ജീവിതസാഹചര്യങ്ങളനുസരിച്ച് പുരോഗതിയും അധോഗതിയുമുണ്ടാകും. എല്ലാവരുടെയും ജീവിതനിലവാരം ഒരുപോലെ ഉയരുമ്പോഴാണ് ആ രാജ്യം വികസിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗം അധഃസ്ഥിതരായി നിലകൊള്ളുന്നുവെങ്കില്‍ രാജ്യത്തിന്റെ വികസനം പൂര്‍ണമാകില്ലെന്നര്‍ഥം. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനവേളയില്‍ ഗുജറാത്തില്‍ വന്‍ മതില്‍ കെട്ടി ദരിദ്രരായ നിവാസികളെ മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടിവന്നത്.

ന്യൂനപക്ഷ, ഭൂരിപക്ഷഭേദമന്യെ ഒരുപോലെ എല്ലാവരുടെയും സാമൂഹ്യനിലവാരം ഉയര്‍ത്തുന്ന വിധം ഭരണം സക്രിയമാകണമെന്ന നിര്‍ബന്ധം രാഷ്ട്രനിയമനിര്‍മാണത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കുണ്ടായിരുന്നു. അതിനായാണ് അവര്‍ മഹത്തായ ഒരു ഭരണഘടന വിഭാവനം ചെയ്തത്. 1946 ഡിസംബറില്‍ ഭരണഘടനാ ഡ്രാഫ്റ്റിന്റെ ആശയാടിത്തറ വിശദീകരിച്ചുകൊണ്ട് നെഹ്‌റു പറഞ്ഞു: ''പൗരന്‍മാര്‍ക്ക് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തുല്യ പദവി ഉറപ്പാക്കുന്ന പരമാധികാര റിപ്പബ്ലിക്കായിരിക്കും ഇന്ത്യ. ചിന്തക്കും ആവിഷ്‌കാരത്തിനും കൂട്ടായ്മക്കും ആരാധനക്കും ജോലിക്കുമുള്ള സ്വാതന്ത്ര്യം തുല്യമായിരിക്കും; എന്ന് മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക, ഗോത്ര വിഭാഗങ്ങള്‍ക്കും മതിയായ പരിരക്ഷ ഉറപ്പുനല്‍കും.''

അതുകൊണ്ടാണ് ഭരണഘടന ഇന്ത്യയില്‍ നിലനിന്നിരുന്ന സാമൂഹികാസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന പരിവര്‍ത്തന സംവിധാനം കൂടിയാണെന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടത്.

ഈ തത്ത്വം പ്രായോഗികമാക്കാനായി ഭരണഘടന നിര്‍ദേശിച്ച കാര്യങ്ങളാണ് സംവരണവും ഭരണരംഗത്തെ മറ്റു ആനുകൂല്യങ്ങളും. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന ഭരണഘടനയിലെ 340ാം വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് സച്ചാര്‍ സമിതിയും പാലോളി കമ്മിറ്റിയുമെല്ലാം നിലവില്‍വന്നത്. നിഷ്പക്ഷമായി അവര്‍ അവതരിപ്പിച്ച പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കേണ്ടത് ഭരണാധികാരികളുടെ ചുമതലയാണ്. അത് നടപ്പില്‍ വരുത്തുന്നതിന് പകരം മറ്റുള്ളവരുടെ ദുര്‍ന്യായങ്ങളും അനാവശ്യമായ വാശിയുമെല്ലാം ഏറ്റുപിടിച്ച് അര്‍ഹരായവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയല്ല വേണ്ടത്. ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കുവാനുള്ള ശ്രമവും പദ്ധതികളുമാണ് അനിവാര്യമായിട്ടുള്ളത്. അതിനു സാധ്യമല്ലെങ്കില്‍ ഭരണരംഗത്തും സാമൂഹിക, സാമ്പത്തിക രംഗത്തും സംസ്ഥാനത്തെ എല്ലാ സമുദായങ്ങളുടെയും നിലവിലെ അവസ്ഥ സത്യസന്ധമായി വിശദീകരിക്കുന്ന ധവളപത്രമെങ്കിലും ഇറക്കാന്‍ തയ്യാറാകണം.