നിയമപാലകര്‍ നില മറക്കുന്നുവോ?

നബീല്‍ പയ്യോളി

2021 ആഗസ്ത് 14 1442 മുഹര്‍റം 05
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പൗരാവകാശം ലംഘിക്കുന്ന രൂപത്തിലേക്ക് നിയന്ത്രണങ്ങള്‍ മാറിപ്പോകുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങള്‍ നിയമപാലകര്‍ക്കുമാവാം എന്ന് പറയാതിരിക്കാനാവില്ല.

കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ രണ്ടാം ലോക് ഡൗണില്‍ മാത്രം സംസ്ഥാനത്ത് പോലീസ് പിഴയായി പിരിച്ചെടുത്തത് 12 കോടിയോളം രൂപയാണ്. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ ജീവിക്കാന്‍ വകയില്ലാതെ നട്ടം തിരിയുമ്പോഴാണ് ഈ പിടിച്ചുപറി എന്നതാണ് പോലീസ് നടപടികളുടെ നീതിരാഹിത്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നത്. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്നും പോലീസ് ചെയ്യുന്നത് ഏല്‍പിച്ച ചുമതല മാത്രമാണ് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തും ദുരൂഹ മരണങ്ങളും ക്വട്ടേഷന്‍ അക്രമ സംഭവങ്ങളുമൊക്കെ നാടുനീളെ അരങ്ങേറുമ്പോഴാണ് പൊലീസിന്റെ ഈ 'നീതിപാലനം' എന്ന് പറയാതെവയ്യ.

''എനിക്കുവേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോള്‍ക്കുവേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ ഞാന്‍ തയ്യാറാണ്''-കൂലിത്തൊഴിലാളിയായ ഇളമ്പഴന്നൂര്‍ ഊന്നന്‍പാറ പോരന്‍കോട് മേലതില്‍ വീട്ടില്‍ എം. ശിഹാബുദ്ദീന്‍ എന്ന വയോധികന്റെഈ വാക്കുകള്‍ കേട്ട് നെഞ്ച് പിടഞ്ഞിട്ടുണ്ടാകും; മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരു മലയാളിയുടെയും. കൊല്ലം ചടയമംഗലം ജംക്ഷനിലുള്ള ഇന്ത്യന്‍ ബാങ്കിനു മുന്നില്‍ പണമെടുക്കാനായി ക്യൂ നിന്ന ശിഹാബുദ്ദീന്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നു പറഞ്ഞ് 500 രൂപ പിഴ ചുമത്തിയ പോലീസിന്റെ ചെയ്തിയെ ചോദ്യം ചെയ്ത ഗൗരിനന്ദ എന്ന വിദ്യാര്‍ഥിനിയോടാണ് ശിഹാബുദ്ദീന്‍ ഇങ്ങനെ പറഞ്ഞത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് താന്‍ ക്യൂവില്‍ നിന്നതെന്നും പിഴചുമത്തിയത് അനീതിയാണെന്നും ആ വൃദ്ധന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത പോലീസുകാര്‍ക്കെതിരെ പ്രതികരിച്ച ഗൗരിനന്ദ എന്ന കൗമാരക്കാരിയെ കേരളം മുഴുവന്‍ പിന്തുണച്ചത് പോലീസ് അതിക്രമങ്ങളുടെ ധാരാളം അനുഭവങ്ങള്‍ മലയാളി മനസ്സിലുള്ളതുകൊണ്ടാണ്. 'നിയമപാലകര്‍' എന്നാണ് പോലീസുകാരെ നാം മലയാളികര്‍ വിശേഷിപ്പിക്കാറുള്ളത്. നിയമങ്ങള്‍ സ്വയം പാലിക്കുകയും മറ്റുള്ളവര്‍ അത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പോലീസിന്റെ ഉത്തരവാദിത്തം. എന്നാല്‍ നിയമപാലനം എന്ന പേരില്‍ ജനങ്ങളുടെമേല്‍ അമിതാധികാരപ്രയോഗം നടത്തുന്നതില്‍ കുപ്രസിദ്ധിനേടിയവരാണ് കേരളപോലീസിലെ പല 'സാറന്മാരും.

കൊല്ലം ചടയമംഗലത്തെ പോലീസ് നടപടിയെ ചോദ്യം ചെയ്ത  ചടയമംഗലം സ്വദേശി ഗൗരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോള്‍ ജാമ്യം ലഭിക്കാവുന്ന കേരള പൊലീസ് ആക്ട് 117(ഇ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൗരിനന്ദയുടെ നിലപാടിനെ കേരളം മുഴുവന്‍ പിന്തുണക്കാനുള്ള സാഹചര്യം നിയമപാലകരില്‍ ചിലര്‍ സ്വന്തം നിലമറക്കുന്നത് തന്നെയാണ്. ലോകം മുഴുവന്‍ വലിയ പ്രതിസന്ധി സമ്മാനിച്ച ഈ മഹാമരിക്കാലത്ത് ജനങ്ങള്‍ വലിയ മാനസിക സമ്മര്‍ദത്തിലാണ്; പ്രത്യേകിച്ച് സാധാരണക്കാര്‍. ഏതാണ്ട് രണ്ട് വര്‍ഷമാകുന്നു കോവിഡ് മഹാമാരി സാധാരണ ജനജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിട്ട്. വീടുവിട്ടിറങ്ങാനാവാത്തവിധം കെട്ടിയിടപ്പെട്ട സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക, ശാരീരിക പ്രതിസന്ധിയെക്കാള്‍ ഇതെല്ലം തീര്‍ത്ത മാനസിക പ്രയാസങ്ങളുടെ ആഴം ഊഹിക്കാവുന്നതിനും അപ്പുറമാണ്. നിയമം പാലിക്കപ്പെടേണ്ടതുതന്നെയാണ്. നിയമം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് പോലീസുകാരുടെകടമയുമാണ്. എന്നാല്‍ സാഹചര്യങ്ങള്‍ക്കൊത്ത് ഉയര്‍ന്ന് ചിന്തിക്കുവാനും ജനങ്ങളോട് വിവേകപൂര്‍വം ഇടപെടാനും പോലീസുകാര്‍ തയ്യാറാവേണ്ടതുണ്ട്.

പശുവിന് പുല്ലരിയാന്‍ പോയ കാസര്‍ഗോട്ടെ നാരായണേട്ടന് 2000 രൂപ പിഴ! ഡി കാറ്റഗറിയുള്ളിടത്ത് മത്സ്യവില്‍പന നടത്തിയെന്ന കുറ്റത്തിന് കൊല്ലം പാരിപ്പള്ളിയില്‍ വൃദ്ധയ്ക്ക് പിഴ മാത്രമല്ല; അവരുടെ പതിനാറായിരം രൂപയുടെ മത്സ്യം വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. കാറില്‍ ഒറ്റക്ക് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയടക്കേണ്ടിവന്ന മധ്യവയസ്‌കന്‍... മലപ്പുറം മഞ്ചേരി സ്വദേശി റിയാസ് ചെങ്കല്‍ ലോറി നിരത്തിലിറക്കിയതിന് പോലീസ് ചുമത്തിയ പിഴയടച്ച 150ല്‍പരം രശീതികള്‍ മാലയാക്കിയണിഞ്ഞു പ്രതിഷേധിച്ചതും നമ്മള്‍ കണ്ടു. ഇങ്ങനെയുള്ള നിരവധി വാര്‍ത്തകളാണ് ഈയിടെ പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഗൗരവതരമായി കാണേണ്ട കാര്യം ഇത്തരം കാര്‍ക്കശ്യപ്രകടനം സാധാരണക്കാര്‍ക്കുനേരെ മാത്രമേയുള്ളൂ എന്നതാണ്. സര്‍ക്കാരിന് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കുന്ന മദ്യവില്‍പന ശാലകള്‍ക്ക് മുമ്പില്‍ കാണുന്ന ആള്‍ക്കൂട്ടവും ബഹളവും കണ്ട് ഉത്തരവാദിത്തബോധം ഉണരാത്ത പോലീസുകാരാണ് അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന സാധാരണക്കാര്‍ക്കെതിരെ വാളോങ്ങുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഇളവനുസരിച്ച് ചെറുകിടസ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ അവര്‍ക്ക് പിഴചുമത്താന്‍ വ്യഗ്രത കാണിക്കുകയാണ് ചില പോലീസുകാര്‍. സ്ഥാപനം തുറക്കുന്നത് പോലീസിന് പിഴയടക്കാനാണോ എന്ന് പോലും കരുതിപ്പോകുന്ന വിധമാണ് സേനയിലെ ചിലരുടെ ഇടപെടലുകള്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെയാണ് ഇൗ ശിക്ഷാനടപടികള്‍  എന്നതാണ് ശ്രദ്ധേയം.

നിയമപാലനത്തിലെ ആത്മാര്‍ഥതകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ന്യായംപറയുന്ന പോലീസുകാര്‍തന്നെ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന മറ്റുചില നിയമലംഘനങ്ങള്‍ കാണാതെപോകുന്നതെന്ത്? കേരളത്തിലുടനീളം മദ്യശാലകള്‍ക്ക് മുമ്പിലുള്ള ക്യൂ തന്നെ ഏറ്റവും വലിയ പ്രത്യക്ഷ നിയമലംഘനത്തിന്റെ അടയാളം. എല്ലാദിവസവും ഈ അവസ്ഥതന്നെയാണെന്ന് അറിയാത്തവരല്ലല്ലോ പോലീസ് ഉദ്യോഗസ്ഥര്‍. വാക്‌സിന്‍ വിതരണകേന്ദ്രങ്ങളില്‍ നടക്കുന്ന ബഹളവും തിക്കും തിരക്കും നോക്കിനില്‍ക്കുന്ന നിയമപാലകര്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ വീഴ്ചയ്ക്ക് മുമ്പില്‍ കണ്ണടയ്ക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഇതുപോലെത്തന്നെ പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ നടക്കുന്ന ഇടമാണ്. എന്തിനേറെ, കേരളത്തിന്റെ മന്ത്രിമാരും മറ്റും പങ്കെടുക്കുന്ന സന്ദര്‍ശനങ്ങളും ഉദ്ഘാടനവും യോഗങ്ങളുമടക്കം നടക്കുമ്പോഴുള്ള പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കുനേരെ അന്ധത നടിക്കുന്ന നിയമപാലകര്‍ സാധാരണക്കാര്‍ക്കെതിരെ തിരിയുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഈ സ്ഥലങ്ങളിലെല്ലാം ആര്‍ക്ക് പിഴയിടും? സര്‍ക്കാരാണ് പ്രതി എന്നതുകൊണ്ട് തന്നെയാണ് നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവിധം ഇത്തരം ഇടങ്ങളെ പോലീസ് മനഃപൂര്‍വം കാണാത്തതുപോലെ നടിക്കുന്നത്. കോവിഡ് ഒരു ആരോഗ്യപ്രശ്‌നമാണ്, അത് ക്രമസമാധാന പ്രശ്‌നമല്ല എന്നത് അവര്‍ പലപ്പോഴും മറന്നുപോവുകയും ചെയ്യുന്നു. നാട്ടില്‍ നിയമം അനുസരിക്കാന്‍ എല്ലാവരും ഒരുപോലെ ബാധ്യസ്ഥരാണ്. അവിടെ ജനങ്ങളെന്നോ ജനപ്രതിനിധികളെന്നോ അധികാരികളെന്നോ ഉദേ്യാഗസ്ഥരെന്നോ ഉള്ള വിവേചനം ഒരിക്കലും അംഗീകരിക്കാവതല്ല.

അന്നന്നത്തെ അന്നത്തിനുവേണ്ടി ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുറന്നാല്‍ നിയമലംഘനമുണ്ടോയെന്ന് ബൈനോക്കുലര്‍ വെച്ച് നോക്കുന്നവര്‍, ഡ്രോണുകള്‍ പറത്തി പ്രോട്ടോക്കോള്‍ ലംഘനം നിരീക്ഷിക്കുന്നവര്‍ തങ്ങളുടെ മുമ്പില്‍ ഉന്നതസ്ഥാനീയര്‍ കാണിക്കുന്ന നിയമലംഘനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നത് തികഞ്ഞ വിവേചനമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടന ചട്ടങ്ങളില്‍ മുന്‍ പോലീസ് മേധാവിയും നിരവധി പോലീസുകാരും മാസ്‌ക്‌പോലും ധരിക്കാതെ ചേര്‍ന്നിരിക്കുന്ന ചിത്രം കേരളം മുഴുവന്‍ കണ്ടത്. അതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ഞാന്‍ മാസ്‌ക് ധരിക്കാത്ത പോലെയല്ലേ അതെന്ന് ന്യായീകരിക്കുകയാണ് ചെയ്തത്. നിയമനിര്‍മാണത്തിന്റെ ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളും അത് നടപ്പിലാക്കേണ്ട ഉദേ്യാഗസ്ഥരും നിയമലംഘനങ്ങള്‍ നിര്‍ബാധം തുടരുമ്പോള്‍ സാധാരണക്കാരന്‍ മാത്രം ഇതെല്ലാം സഹിച്ചുകൊള്ളണമെന്ന് പറയുന്നതില്‍ എന്ത് ന്യായം? മാതൃകയാകേണ്ടവര്‍ കാണിക്കുന്ന ഇത്തരം നിരുത്തരവാദ സമീപനങ്ങള്‍ ജനങ്ങള്‍ക്ക് നിയമവാഴ്ചയിലുള്ള വിശ്വാസം തകര്‍ക്കുകയും നിയമലംഘനത്തിന് പ്രേരകമാവുകയും ചെയ്യും എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഭരണകൂടത്തിനും ഉദേ്യാഗസ്ഥര്‍ക്കും ഉണ്ടായേ മതിയാവൂ. നിയമനിര്‍മാതാക്കള്‍ നിയമലംഘകരായി മാറരുത്.

മാറ്റം അനിവാര്യമാണ്

നമ്മുടെ പോലീസ് സംവിധാനം ഇന്നും പുലര്‍ത്തിപ്പോരുന്നത് ബ്രിട്ടീഷ് മുറകളാണ്. രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് മോചിതമായി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവരുടെ അപരിഷ്‌കൃത രീതികള്‍ ഇന്നും നമ്മള്‍ തുടരുന്നു എന്നത് അപമാനകരമാണ്. ലോകം പുരോഗതിയുടെ ചിറകിലേറി മുന്നേറുമ്പോള്‍ സാധാരണക്കാരന് നേരെ അധികാരപ്രയോഗം നടത്തുന്ന ഭരണരീതികള്‍ ഒട്ടും ഭൂഷണമല്ല. ജനങ്ങളെ അടിമകളായിക്കാണുന്ന, രണ്ടാംതരം പൗരന്മാരായി നേരിടുന്ന സമീപനം വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് അപമാനമാണ്. ഇതിന് മാറ്റം വന്നേ മതിയാകൂ. ജനമൈത്രി പോലീസ് എന്ന പേരില്‍ പോലീസിനെ ജനകീയമാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലമേറെയായിട്ടും ഇടയ്ക്കിടക്ക് പുറത്ത് ചാടുന്ന ഇത്തരം സമീപനങ്ങളെ തടയാനാവാത്തത് എന്തുകൊണ്ടെന്നത് ഗൗരവതരമായി ആലോചിക്കുകയും പ്രായോഗിക പരിഹാരം കാണേണ്ടതുമായ കാര്യമാണ്.

ജനസേവകര്‍ എന്ന നിലയില്‍ പോലീസും സര്‍ക്കാരും ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും അവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെയ്യേണ്ടത്. അധികാരപ്രയോഗങ്ങള്‍ വിപരീത ഫലമുണ്ടാക്കാനേ വഴിവെക്കൂ. അതാണ് പലപ്പോഴും പോലീസിനുനേരെ കയ്യോങ്ങാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത്. മാന്യമായ പെരുമാറ്റവും ഹൃദ്യമായ ഇടപെടലുകളും സാധ്യമാകുന്ന ഇടങ്ങളിലേ ആരോഗ്യകരമായ സംവിധാനങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. ബലം പ്രയോഗിച്ച് കാര്യങ്ങള്‍ നേടാം എന്നത് ഇന്നിന്റെ കാലത്ത് മൗഢ്യമാണ്. അനീതിക്കെതിരെ സധൈര്യം പ്രതികരിക്കാന്‍ കെല്‍പുള്ളവരാണ് ജനങ്ങള്‍. സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായ ഇക്കാലത്ത് ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാരും നിയമപാലകരും മറന്നു പോകരുത്. പൗരന്മാര്‍ക്ക് നേരെയുള്ള അനീതിയും അക്രമവും റെക്കോഡഡ് ആയും ലൈവ് ആയുമൊക്കെ ആയിരങ്ങള്‍ കാണുന്ന, നിമിഷനേരംകൊണ്ട് നാടുനീളെ പ്രചരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിനാല്‍ തന്നെ നീതി നിഷേധിക്കപ്പെടുന്നവന്‍ ഒറ്റക്കല്ലെന്നും അത് കാണുന്നവര്‍ പ്രകടിപ്പിക്കുന്ന പ്രതിഷേധം ഒരു സമൂഹത്തിന്റെ തന്നെ വികാരപ്രകടനമാണെന്നുമുള്ള തിരിച്ചറിവ് നിയമപാലകര്‍ക്ക് ഉണ്ടെങ്കിലേ സമൂഹത്തില്‍നിന്ന് ലഭിക്കുന്ന ആദരവും ബഹുമാനവും പരിഗണനയും നിലനില്‍ക്കുകയുള്ളൂ. അത് കളഞ്ഞുകുളിക്കുന്ന ഒരു പ്രവര്‍ത്തനവും ചെയ്യരുത്.

വിദേശ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പോലീസ് സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് എന്നത് അനുഭവങ്ങള്‍ നമുക്ക് തരുന്ന തിരിച്ചറിവാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്തുനിര്‍ത്താനും ധൈര്യവും ആശ്വാസവും പകരാനും അവര്‍ കാണിക്കുന്ന സന്മനസ്സ് എന്തുകൊണ്ട് കേരളത്തിലെ നിയമപാലകര്‍ക്ക് ഇല്ലാതെ പോകുന്നു? മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിലെ പോലീസിനെ ദുബായ് പോലീസ് സേനയുടെ മാതൃകയില്‍ മാറ്റിയെടുക്കും എന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞു. എന്നാല്‍ ഇന്നുമവര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ പാതയാണ് പിന്തുടരുന്നത്. കസ്റ്റഡി മരണങ്ങള്‍, കൈക്കൂലിയും പരുഷമായ പെരുമാറ്റവും കയ്യേറ്റവും...ഇതൊക്കെ ഇന്നും പോലീസ് സേനയുടെ മുഖത്തെ വികൃതമാക്കിക്കൊണ്ടിരിക്കുന്നു.

പോലീസ് സേനയില്‍ സെലക്ഷന്‍ കിട്ടിയശേഷമുള്ള കഠിനമായ പരിശീലനവും ഉന്നത ഉദേ്യാഗസ്ഥരുടെ ക്രൂരമായ പെരുമാറ്റവും അനാവശ്യ പ്രോട്ടോകോളുകളും തീര്‍ക്കുന്ന സമ്മര്‍ദങ്ങളും തിക്താനുഭവങ്ങളും ഒരു പരിധിവരെ പോലീസുകാരുടെ മനുഷ്യത്വം മരവിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഇതിലൊക്കെ സമൂലമായ മാറ്റം വരുത്താനുള്ള സമയം അതിക്രമിച്ചെന്ന് ഭരണകൂടം മനസ്സിലാക്കുകയും പരിഷ്‌കരണ നടപടികള്‍ക്ക് തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്.  

സൈക്കോളജി, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് തുടങ്ങിയ മേഖലയിലുള്ള വിദഗ്ധരും അനുഭവസമ്പന്നരുമായ ഒട്ടേറെയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെയെല്ലാം സേവനങ്ങള്‍ ഇത്തരം പരിശീലന ഘട്ടങ്ങളില്‍ അനിവാര്യമായും ലഭ്യമാക്കേണ്ടതുണ്ട്.

ഉയര്‍ന്ന ഉദേ്യാഗസ്ഥരെ സല്യൂട്ട് അടിക്കേണ്ട കീഴുദേ്യാഗസ്ഥരെ ഹരാസ് ചെയ്യുന്ന പ്രവണത പലപ്പോഴും പോലീസ് സേനയില്‍ ഉണ്ടാവാറുണ്ട്. ചില പോലീസുകാര്‍ മാനസിക സമ്മര്‍ദത്താല്‍ ആത്മഹത്യ ചെയ്തതും ബോധരഹിതരായതും നാട് വിട്ടതുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചത് നാം കണ്ടിട്ടുണ്ട്. മനുഷ്യത്വം അന്യംനില്‍ക്കുന്ന ഇടങ്ങളായി പോലീസ് സേന മാറരുത്. അത് പരിഹരിക്കപ്പെടേണ്ട ഗുരുതരമായ പ്രശ്‌നം തന്നെയാണ്. സഹപ്രവര്‍ത്തകരും മനുഷ്യരാണെന്നും അവര്‍ക്കും വികാരവിചാരങ്ങളുണ്ടെന്നും അവരും നമ്മെപ്പോലെ വ്യക്തിത്വം ഉള്ളവരാണവരെന്നും ആരുടെയും അഭിമാനത്തിന് ക്ഷതമേല്‍പിക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്നും ഒക്കെയുള്ള അടിസ്ഥാനപരമായ മാനവിക മൂല്യങ്ങളാണ് പദവികളുടെ പിന്‍ബലത്തില്‍ പലപ്പോഴും ചവിട്ടിമെതിക്കപ്പെടുന്നത്. ബഹുമാനവും പരിഗണനയും ഒക്കെ ഭയപ്പെടുത്തി വാങ്ങേണ്ട ഒന്നല്ല. സ്വാഭാവികമായി ലഭിക്കേണ്ടതാണ്. തന്നെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവവര്‍ക്ക് മാത്രമെ തിരിച്ചും അത് നല്‍കേണ്ടതുള്ളൂ എന്നത് മാനുഷികമായ ഒരു വികാരമാണ്. അതിനപ്പുറം ബലപ്രയോഗത്തിലൂട അത് നേടിയെടുക്കുന്നത് അപക്വമാണ്; അവിവേകവും.

ജനങ്ങളെ സേവിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എന്ന കാര്യം മറന്നുകൂടാ.സര്‍ക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനങ്ങള്‍ ഏല്‍പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടവരാണ്. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ചെയ്യുക എന്ന ബാധ്യത നിര്‍വഹിക്കാന്‍ പ്രതിജ്ഞാബദ്ധരാണവര്‍. കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ ഇക്കഴിഞ്ഞ ഇലക്ഷന് വലിയ പങ്കുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. നിയമസഭാ ഇലക്ഷന്‍ കഴിഞ്ഞയുടനെ മുഖ്യമന്ത്രിക്കും ഭരണ, പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ഇതിനുള്ള തെളിവാണ്.

രാഷ്ട്രീയക്കാരും ഉദേ്യാഗസ്ഥരും നാടുനീളെ നിര്‍ബാധം സഞ്ചരിക്കുമ്പോഴും വീട്ടിനകത്ത് കെട്ടിയിടപ്പെട്ടിരിക്കുകയാണ് സാധാരണക്കാര്‍. സര്‍ക്കാരിന്റെ നാമമാത്ര സഹായംകൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലെന്നും അവര്‍ പട്ടിണിയിലാണെന്നും മുന്‍ ആരോഗ്യമന്ത്രിതന്നെ വിളിച്ചുപറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളിലേക്ക് കടക്കുന്നു എന്ന സൂചന ശുഭകരമാണ്. ഘട്ടം ഘട്ടമായി കോവിഡിനോട് ഇഴുകിച്ചേര്‍ന്നു ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാവേണ്ടത്. അടച്ചിടലും ഒളിച്ചോട്ടവുമൊന്നും പരിഹാരമല്ല. സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കി സാധാരണ ജീവിതത്തിലേക്ക് നമ്മുടെ നാട് തിരിച്ചെത്തേണ്ട സമയം അതിക്രമിച്ചു.

കോവിഡ് ലോകം മുഴുവന്‍ വ്യാപിച്ച മഹാമാരിയാണ്. നാട് ഭരിക്കുന്നവര്‍ ലോകത്തേക്ക് കണ്ണോടിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തിയ ഇടങ്ങളില്‍നിന്ന് മാതൃകകള്‍ സ്വീകരിച്ച് നാടിനെ കരകയറ്റുകയുമാണ് വേണ്ടത്. ഞാന്‍ ജോലിചെയ്യുന്ന സുഊദി അറേബ്യ ഈ രംഗത്ത് ലോകത്തിനുതന്നെ മാതൃകയാകും വിധം പ്രവര്‍ത്തിച്ച ഒരു രാജ്യമാണ്. കേരളത്തിലെ ജനസംഖ്യയോളം മാത്രം ജനങ്ങളുള്ള രാജ്യം. സമ്പൂര്‍ണ ലോക്ഡൗണ്‍ ആകെ രണ്ടാഴ്ച മാത്രമാണ് ഈ രാജ്യം നടത്തിയത്. പിന്നീടങ്ങോട്ട് രാജ്യത്തെ തൊലിഴിലിടങ്ങളും വ്യാപാര, വ്യവസായ കേന്ദ്രങ്ങളും തുറന്നുകൊടുത്തു. എല്ലാവരും ഉത്തരവാദികളാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അടച്ചിടല്‍ ഉണ്ടാക്കാവുന്ന തൊഴില്‍, സാമ്പത്തിക നഷ്ടങ്ങള്‍ മുന്നില്‍ കണ്ട് പരമാവധി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. പ്രതിരോധ വാക്‌സിന്‍ ലഭ്യമായത് മുതല്‍ അത് ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍നിന്നും വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് പ്രതോരോധ ശേഷി നേടിയ സുഊദി പൗരന്മാര്‍ക്ക് കോവിഡ് വ്യാപനം രൂക്ഷമല്ലാത്ത രാജ്യങ്ങളിലേക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കി. മാളുകളിലും പാര്‍ക്കുകളിലും അടക്കം ജനങ്ങള്‍ കൂടുന്ന ഇടങ്ങളില്‍ മൊബൈല്‍ വാസ്‌കിനേഷന്‍ സെന്റര്‍ വഴി പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു. നിയമലംഘകര്‍ക്കുവരെ ചികിത്സയും വാക്‌സിനേഷനും സൗജന്യമായി നല്‍കാന്‍ ഭരണകൂടം തയ്യാറായി എന്നത് എടുത്തുപറയേണ്ടതാണ്.

നമ്മുടെ നാട്ടില്‍ ആള്‍ക്കൂട്ടത്തിന്റെ പേരില്‍ വ്യാപാരികളും പോലീസും ഏറ്റുമുട്ടുന്ന സമയത്താണ് അറുപതിനായിരം തീര്‍ഥാടകരും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന സംവിധാങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുമടക്കം മുക്കാല്‍ ലക്ഷത്തോളം പേര്‍ മക്കാ താഴ്‌വരയില്‍ ഒരുമിച്ചുകൂടിയത്. വിവിധ ദേശക്കാര്‍ക്ക് ഈ മഹാമാരിക്കാലത്തും മക്കയില്‍ ഒരാഴ്ചയോളം ഹജ്ജ് കര്‍മത്തിനായി ഒരുമിച്ച് കൂടാന്‍ സാധിച്ചത് ലോകത്തിന് തന്നെ മാതൃകയാകും വിധം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതുകൊണ്ട് തന്നെയാണ്.

ജനങ്ങളോട് കൂറുള്ള, ദീര്‍ഘവീക്ഷണവും ആത്മാര്‍ഥതയും പ്രായോഗിക ബുദ്ധിയും അനുകമ്പയുമൊക്കെ സമന്വയിച്ച ഭരണകൂടങ്ങള്‍ക്ക് ഏത് പ്രതിസന്ധിയെയും ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി അതിജയിക്കാനാവും. സര്‍ക്കാരും നിയമപാലകരും ജനങ്ങളുടെ സേവകരാണ്, അവരുടെ അധികാരികളല്ലെന്ന് തിരിച്ചറിയുമ്പോഴേ നിയമപാലനം നിലതെറ്റാതെ നടക്കൂ. കൈക്കരുത്തിനും അധികാരധാര്‍ഷ്ഠ്യത്തിനുമല്ല മനുഷ്യത്വത്തിനും വിവേകപൂര്‍വമായ ഇടപെടലുകള്‍ക്കും മാത്രമെ വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ.