ചൂഷണം: ആത്മീയം, ഭൗതികം എന്താണ് പരിഹാരം?

സുഫ്യാന്‍ അബ്ദുസ്സലാം

2021 ഫെബ്രുവരി 13 1442 റജബ് 01
വിവിധ മതവിഭാഗങ്ങള്‍ വിവിധ വിശ്വാസങ്ങളോടെ കഴിഞ്ഞു കൂടുന്ന രാജ്യത്ത് ആത്മീയകാര്യങ്ങള്‍ ഏകീകരിക്കുകയോ അവരുടെ വിശ്വാസങ്ങളില്‍ നിയമം മൂലം ഭേദഗതി കൊണ്ടുവരികയോ ചെയ്യല്‍ അപ്രായോഗികമാണ്. കേവലം നിയമങ്ങളിലൂടെ ഒരു സമൂഹത്തിലും പരിഷ്കരണം സാധിക്കില്ല. ശക്തമായ ബോധവല്‍ക്കരണം നിര്‍വഹിച്ച് ആത്മീയതയുടെ പേരിലും ഭൗതികതയുടെ പേരിലുമുള്ള ചൂഷണങ്ങളെ ഇല്ലായ്മ ചെയ്യാന്‍ എല്ലാ മതവിഭാഗങ്ങളും തയ്യാറെടുക്കുകയാണ് വേണ്ടത്.

കേരളീയ സമൂഹം വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് കേളികേട്ട സമൂഹമാണ്. ഓരോ ദിവസവും നമ്മുടെ മാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന ചൂഷണ കഥകള്‍ക്ക് ഒരു കുറവുമില്ല. ദിനംപ്രതി അത് അഭിവൃദ്ധിപ്പെടുകയല്ലാതെ അതിനെ നിയന്ത്രിക്കുവാന്‍ ആരും കാര്യമായി ശ്രമിക്കുന്നില്ല. നിത്യേന നാം വായിക്കുന്ന ചൂഷണ വാര്‍ത്തകള്‍ വാര്‍ത്താകൗതുകങ്ങളായി മിന്നിമറയുകയല്ലാതെ ആരും അത്ര ഗൗരവത്തില്‍ അതിന്‍റെ അനന്തരഫലങ്ങളെ കുറിച്ചോ ആഘാതങ്ങളെ കുറിച്ചോ ചിന്തിക്കാറില്ല. ചൂഷണങ്ങളില്‍ ഇരകളാവുന്നത് സാധാരണക്കാരും വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവരുമാണ്. മിക്ക ചൂഷണങ്ങളുടെയും പിന്നിലെ ചേതോവികാരം സാമ്പത്തികമാണ്. മനുഷ്യരുടെ അറിവില്ലായ്മയെ മുതലെടുത്ത് പരമാവധി അവരെ പിഴിയാനുള്ള ആസൂത്രണങ്ങള്‍ ഒരുക്കുകയാണ് ചൂഷകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികൃതര്‍ക്ക് സാധിക്കാതെ വരുന്നതിന്‍റെ പിന്നിലെ കാരണം ചൂഷകര്‍ക്ക് ഉന്നതങ്ങളിലുള്ള ശക്തമായ സ്വാധീനമാണ്.

ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

കേരളത്തില്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷം നടന്ന ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗിക പീഡനങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, മാനസിക പീഡനങ്ങള്‍, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടങ്ങി നിരവധി സംഭവങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ 16% പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെടാറുള്ളത് എന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയവര്‍ സൂചിപ്പിക്കുന്നത്. ചൂഷകര്‍ക്ക് ഉന്നതങ്ങളുമായുള്ള ബന്ധത്തെയാണ് ഇത് വ്യക്തമാക്കുന്നത്. മാധ്യമങ്ങള്‍ക്കോ മത, സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കോ സമൂഹത്തില്‍ പടര്‍ന്നുപന്തലിക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാനോ ബോധവല്‍ക്കരണം നടത്തുവാനോ വലിയ താല്‍പര്യം കാണുന്നില്ല. മത, രാഷ്ട്രീയ, മാധ്യമ, നിയമപാലന, നീതിന്യായ മേഖലകളെയെല്ലാം മൊത്തത്തില്‍ വലയം ചെയ്തിട്ടുള്ള മഹാമാരിയാണ് ചൂഷണം എന്നതാണ് അതിനുള്ള കാരണം.

ചൂഷണത്തെ ആത്മീയം, ഭൗതികം എന്നിങ്ങനെ ഏതു തരത്തില്‍ വിഭജിച്ചാലും അതിന്‍റെ അന്തിമ ഫലം അതിന്‍റെ ഇരകള്‍ക്ക് സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങളും മാനസികവും ശാരീരികവുമായ ആഘാതങ്ങളുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഭൗതിക ചൂഷണങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്തവരും ആത്മീയ ചൂഷണത്തിനെതിരെ വലിയ സംസാരങ്ങള്‍ നടത്തുന്നതായി കാണാം. ആത്മീയ ചൂഷണങ്ങള്‍ക്കെതിരെയുള്ള മുറവിളികളില്‍ പലതും ആത്മാര്‍ഥമല്ലാത്തതും തങ്ങള്‍ക്കിഷ്ടമില്ലാത്ത ഏതെങ്കിലും വിഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ളതുമാകുന്നു എന്നതും ചൂഷണങ്ങള്‍ക്കെതിരെ നടക്കുന്ന പോരാട്ടങ്ങളുടെ ഫലം നഷ്ടപ്പെടുത്തുന്നു.

ആത്മീയതയെ നിര്‍വചിക്കാന്‍ ഭരണകൂടത്തിനു സാധ്യമല്ല

ഒരു ബഹുമത സമൂഹത്തില്‍ ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ആത്മീയതയെ നിര്‍വചിക്കുക സാധ്യമല്ല. കാരണം ഒരു വിഭാഗം ആത്മീയമെന്നു വിശ്വസിക്കുകയോ കരുതുകയോ ചെയ്യുന്ന കാര്യം മറ്റൊരു വിഭാഗത്തിന് അന്ധവിശ്വാസമോ അവിശ്വാസമോ ആയിരിക്കാം. അങ്ങനെ ആത്മീയതയുടെ വിഷയത്തില്‍ ഒരു ഏകോപനത്തിലെത്താന്‍ സാധ്യമല്ലാതെവരുമ്പോള്‍ അതിന്‍റെ പേരില്‍ നടക്കുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റു ആത്മീയതകളില്‍ വിശ്വസിക്കുന്നവര്‍ക്ക് ചൂഷണമോ തിന്മയോ ആയി അനുഭവപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ ആചാര വൈവിധ്യങ്ങളുടെ പേരില്‍ പരസ്പരം ചൂഷണം ആരോപിക്കുകയും അതിന്‍റെ പേരില്‍ ശിക്ഷ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രവണത വിശ്വാസി സമൂഹത്തിന് മൊത്തത്തില്‍ ഗുണകരമായിരിക്കില്ല. അത് അവര്‍ ഇരിക്കുന്ന കൊമ്പുകളെ മുറിക്കുന്നതിന് സമമായിരിക്കും.

ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം രാജ്യം ക്രിമിനല്‍ കുറ്റമായി കാണുന്ന ഏതെങ്കിലും ഒരു പ്രവൃത്തി വിശ്വാസത്തിന്‍റെയോ ആത്മീയതയുടെയോ പേരില്‍ അനുവദിക്കാന്‍ സാധിക്കുകയില്ല. കുത്തി മുറിവേല്‍പ്പിക്കുക, തീയില്‍ ചാടുക, വധിക്കുക തുടങ്ങി ക്രിമിനല്‍ കുറ്റമായി രാജ്യത്തിന്‍റെ പീനല്‍ കോഡുകളില്‍ എഴുതപ്പെട്ടിട്ടുള്ള പ്രവൃത്തികള്‍ മതത്തിന്‍റെയോ മറ്റേതെങ്കിലും വിഷയങ്ങളുടെയോ പേരില്‍ രാജ്യത്തിന് അനുവദിച്ചുകൊടുക്കാന്‍ സാധിക്കില്ല. ഇവിടെ കുറ്റകരമാകുന്നത് ആത്മീയ അനുഷ്ഠാനമല്ല, മറിച്ച് അതിന്‍റെ മറവില്‍ നടന്ന കുറ്റകൃത്യങ്ങളാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വൈകൃതങ്ങളായി മാറാതിരിക്കാന്‍ എല്ലാ മതവിഭാഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കതും പൗരോഹിത്യ നിര്‍മിതിയാണ്. അതാത് മതപ്രമാണങ്ങളുമായി അതിനു ബന്ധമില്ല എന്നതാണ് വാസ്തവം. എന്നാല്‍ വിശ്വാസത്തിന്‍റെ ഭാഗമായി നടക്കുന്ന ആത്മീയ അനുഷ്ഠാനങ്ങള്‍ പാടില്ലെന്ന് പറയാനോ അവ പാടെ നിരോധിക്കണമെന്ന് പറയാനോ ഭരണകൂടത്തിന് അവകാശമില്ല. അങ്ങനെയുള്ള ആത്മീയ കാര്യങ്ങള്‍ക്കെതിരെ നിയമം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിശൂന്യവുമാണ്.

ഓരോ മതവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസം, ആചാരം, അനുഷ്ഠാനം തുടങ്ങിയവ പ്രധാനമാണ്. ഓരോ വിഭാഗത്തിന്‍റെയും ആചാരരീതികളില്‍ അവരവരുടെ പ്രമാണങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങളുണ്ടാവുമ്പോള്‍ അവയെ തിരുത്താന്‍ അതാത് വിഭാഗങ്ങളില്‍നിന്നു തന്നെ പരിഷ്കര്‍ത്താക്കള്‍ രംഗത്തുവരികയാണ് വേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം എല്ലാ മതവിഭാഗങ്ങളിലും നവോത്ഥാന നായകരും സാമൂഹിക പരിഷ്കര്‍ത്താക്കളും വന്നിട്ടുണ്ട്. കേരളം ഇതര സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി മതസൗഹാര്‍ദത്തിനും സഹിഷ്ണുതക്കും മാതൃകയായതിന്‍റെ പിന്നിലുള്ളത് പരിഷ്കര്‍ത്താക്കളുടെ പ്രയത്നങ്ങളാണ്. വിവിധ മതസമൂഹങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പരിഷ്കര്‍ത്താക്കള്‍ തമ്മിലും ബന്ധമുണ്ടായിരുന്നു.

മതത്തെയും ആത്മീയതയെയും ഉപയോഗിച്ചുകൊണ്ടുള്ള ചൂഷണങ്ങള്‍ ധാരാളമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതില്‍ ഒരു മതവിഭാഗവും മുക്തമല്ല. ചൂഷണം, കേവലം ആചാരങ്ങളുടെയോ അനുഷ്ഠാനങ്ങളുടെയോ പേരില്‍ മാത്രമല്ല. മതത്തെ സാമ്പത്തികോപാധിയായി കണ്ടുകൊണ്ടുള്ള ധാരാളം ചൂഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

ഇസ്ലാമും ആത്മീയതയും

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആത്മീയത വളരെ ലളിതമാണ്. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധമാണ് ആത്മീയതയുടെ നിദാനം. അതിന് സ്രഷ്ടാവ് പഠിപ്പിച്ചതല്ലാത്ത മറ്റു ചിട്ടവട്ടങ്ങളൊന്നും വേണ്ടതില്ല. സ്രഷ്ടാവിനും സൃഷ്ടിക്കുമിടയില്‍ പണ്ഡിതന്മാരുടെയോ പുരോഹിതന്മാരുടെയോ സാന്നിധ്യം ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇസ്ലാമില്‍ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടാന്‍ സാമ്പത്തികമായ ഇടപാടുകള്‍ ആവശ്യവുമില്ല. പ്രാചീന മതങ്ങളില്‍ സംഭവിച്ച പോലെ ഇസ്ലാമും ഒരു സാമ്പ്രദായിക മതമായി മാറുകയും കപട ആത്മീയതകള്‍ ഇസ്ലാമിന്‍റെ പേരിലും രൂപപ്പെടുകയും ചെയ്തു. ഇതിനെക്കുറിച്ച് ക്വുര്‍ആന്‍ വിശ്വാസി സമൂഹത്തെ ഉണര്‍ത്തിയിട്ടുണ്ട്:

 "സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍നിന്ന് തടയുകയും ചെയ്യുന്നു..." (ക്വുര്‍ആന്‍ 9:34).

മാനവവിഭവശേഷിയും ധനവും സമ്പത്തുമെല്ലാം സമൂഹങ്ങളിലേക്ക് ഒഴുകിയെത്തേണ്ടതുണ്ട്. അതിന് തടസ്സമാകുന്നത് മതത്തെയും പൊതുകാര്യങ്ങളെയും നിയന്ത്രിച്ചുനിര്‍ത്തുന്ന പൗരോഹിത്യ, മുതലാളിത്ത കൂട്ടുകെട്ടുകളാണ്. അങ്ങനെയുള്ള മതില്‍കെട്ടുകളെ തകര്‍ത്ത് മതത്തെ ചൂഷണമുക്തമാക്കി, അതിനെ സമൂഹത്തിന്‍റെ ക്രമപ്രവൃദ്ധമായ വികാസത്തിന്‍റെ ചാലകശക്തിയാക്കി മാറ്റാനാണ് സ്രഷ്ടാവ് ഉത്ബോധിപ്പിച്ചത്. മുകളില്‍ കൊടുത്ത വചനത്തിന്‍റെ തുടര്‍ച്ചയായി ക്വുര്‍ആന്‍ പറഞ്ഞു:

"സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്നിയില്‍വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും എന്നിട്ടതുകൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം അവരോട് പറയപ്പെടും: നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിത്തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചുവെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക" (ക്വുര്‍ആന്‍ 9:34, 35).

ജനങ്ങളിലേക്കൊഴുകേണ്ട സമ്പത്തിനെ സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചുകൊണ്ടും നിക്ഷേപങ്ങളാക്കി സൂക്ഷിച്ചുവെച്ചുകൊണ്ടും തടിച്ചുകൊഴുക്കുന്ന ആത്മീയ വേഷമണിഞ്ഞ ചൂഷകരെ ക്വുര്‍ആന്‍ ശക്തമായി വിമര്‍ശിക്കുകയാണിവിടെ.

മതത്തെ ഉപജീവനമാര്‍ഗമായി സ്വീകരിക്കുമ്പോഴാണ് ഓരോ മതത്തിലും സന്യാസവും പൗരോഹിത്യവും വര്‍ധിക്കുന്നത്. ഭൂമിയില്‍ പച്ചയായ മനുഷ്യനായി, സ്വന്തം അധ്വാനത്തിലൂടെ ഉപജീവനം തേടി ഭൂമിയിലെ ജീവിത കാലയളവിനെ അതിജീവിക്കാനുള്ള പ്രേരണയാണ് സ്രഷ്ടാവ് നല്‍കിയിട്ടുള്ളത്. മനുഷ്യരില്‍ ഏറ്റവും ജീവിതവിശുദ്ധി നേടിയ പ്രവാചകന്മാര്‍ ആരുംതന്നെ പുരോഹിതന്മാരോ സന്യാസിമാരോ ആയിരുന്നില്ല. അവരാരും ആത്മീയതയുടെ മറവില്‍ പണം സമ്പാദിച്ചവരായിരുന്നില്ല. അവരെല്ലാവരും സ്വന്തം കൈകള്‍കൊണ്ട് അധ്വാനിച്ചായിരുന്നു ജീവിച്ചിരുന്നതെന്ന് മുഹമ്മദ് നബി ﷺ വിവരിച്ചു തന്നിട്ടുണ്ട്. മതവും ആത്മീയതയും സ്വജീവിതത്തെ വിമലീകരിക്കാനും സ്രഷ്ടാവുമായി നിരന്തരമായി അടുക്കുവാനും മറ്റുള്ളവരെ അവനിലേക്കു പ്രേരിപ്പിക്കുവാനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ അര്‍പ്പിക്കുവാനും അതുവഴി ഇഹപര വിജയം നേടിയെടുക്കുവാനുമുള്ള മാധ്യമങ്ങള്‍ മാത്രമാണ്.

ആത്മീയ ചൂഷണം

മതപരമായ അനുഷ്ഠാനങ്ങളും ഉപദേശ, നിര്‍ദേശ പ്രക്രിയകളുമെല്ലാം സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ഉപകരണങ്ങളായി മാറിയ അവസ്ഥയാണുള്ളത്. വിവിധ മതവിഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ ശബ്ദിക്കാതെ എല്ലാ വിഭാഗങ്ങളിലുമുള്ള പാണ്ഡിത്യവും പൗരോഹിത്യവും അവയ്ക്കുനേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.

പരിഷ്കൃത പൗരോഹിത്യങ്ങള്‍ പൊതുവില്‍ ഇങ്ങനെയുള്ള 'ആത്മീയ ചൂഷണങ്ങള്‍'ക്കെതിരെ മൗനം പാലിക്കുകയും ആത്മീയ ചൂഷണമെന്നാല്‍ കേവലം മന്ത്രവും ചികിത്സയും മാത്രമാണെന്ന അവസ്ഥയിലേക്ക് ചുരുക്കുകയും ചെയ്തിരിക്കുന്നു. മതത്തിന്‍റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളും മത സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സംഭാവനകളുടെയും പിരിവുകളുടെയും പേരില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും ശ്രദ്ധിക്കാതെ പോവുകയും ചെയ്യുന്നു. അവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന തിരിമറികളും അഡ്ജസ്റ്റുമെന്‍റുകളും ഗൗനിക്കാതെ വിടുകയും ചെയ്യുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കും ബിസിനസിന്‍റെ വളര്‍ച്ചക്കും മറ്റുമായി മതസ്ഥാപനങ്ങളുടെ പണം ഉപയോഗിക്കുന്ന രീതി ഒരു 'ഹലാല്‍' ഇടപാടായിട്ട് പോലും ആളുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അത്തരം ചൂഷണങ്ങള്‍ക്ക് അനുകൂലമായ മതവിധികള്‍ അവര്‍ സമ്പാദിക്കുകയും ചെയ്യുന്നു എന്നത് വിഷയത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ചികിത്സാരംഗത്ത ചൂഷണം

അസുഖം വന്നാല്‍ ചികില്‍സിക്കുവാനുള്ള നിര്‍ദേശം ഇസ്ലാം നല്‍കിയിട്ടുണ്ട്. 'നിങ്ങള്‍ ഹലാല്‍ കൊണ്ടു ചികില്‍സിക്കുക; ഹറാമു കൊണ്ടു ചികില്‍സിക്കാതിരിക്കുക' എന്ന പ്രവാചകവചനം വളരെ പ്രസിദ്ധമാണ്. നമ്മുടെ നാടുകളില്‍ വിവിധതരത്തിലുള്ള ചികിത്സാരീതികളുണ്ട്. എല്ലാ ചികിത്സാരീതികളുടെയും ഫലം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും അനുഭവങ്ങളിലൂടെ സാധാരണക്കാര്‍ അവയുടെ ഫലം തിരിച്ചറിയുന്നു. ചികിത്സാരീതികളില്‍ നിഷിദ്ധമായ രൂപങ്ങളോ വസ്തുക്കളോ ഇല്ലാത്തതുകൊണ്ടുതന്നെ അനിവാര്യമെങ്കില്‍ അവ ഉപയോഗപ്പെടുത്തണം. പക്ഷേ, ചികിത്സാരംഗം ഇന്ന് ചൂഷണത്തിന്‍റെ ഏറ്റവും വലിയ കേന്ദ്രമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ചൂഷണത്തിന്‍റെ ഇരകളാണ് ഇന്ന് വൈദ്യരംഗത്തെ ധാരാളം ഭിഷഗ്വരന്മാര്‍. സ്വാഭാവികമായും മുടക്കിയ പണം തിരിച്ചുപിടിക്കുന്നതിനു വേണ്ടി 'മാറാത്ത അസുഖത്തിന് കിട്ടാത്ത മരുന്നുകള്‍' നിര്‍ദേശിക്കുകയും അനാവശ്യമായ പരിശോധനകളും ടെസ്റ്റുകളും നടത്തുകയും ഭീമമായ കൂലി രോഗികളില്‍നിന്നും ഈടാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം സര്‍വസാധാരണമാണ്. ഇവിടങ്ങളില്‍ നടക്കുന്ന ചികിത്സാ ചൂഷണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരിക്കാനോ ശബ്ദിക്കുവാനോ അതിനെതിരെ നിയമങ്ങള്‍ ശക്തമാക്കണമെന്നു പറയാനോ ആരും തയ്യാറല്ല.

മതത്തെ ചികിത്സക്കുള്ള മറയായി സ്വീകരിച്ച് പണംതട്ടുന്ന ഒട്ടേറെ സംഘങ്ങളും വ്യക്തികളും നമ്മുടെ നാട്ടിലുണ്ട്. 'ആത്മീയ ചികിത്സാ കേന്ദ്രങ്ങള്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം സംവിധാനങ്ങള്‍ മതത്തിനും സമുദായത്തിനും വലിയ ചീത്തപ്പേരാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. മതത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് സാധാരണക്കാര്‍ ഇത്തരം കെണികളില്‍ വീണുപോകുവാന്‍ കാരണമാകുന്നത്. ഒരാള്‍ രോഗിയായ മറ്റൊരാള്‍ക്കുവേണ്ടി പ്രവാചകന്‍ ﷺ പഠിപ്പിച്ച വാചകങ്ങളുപയോഗിച്ച് പ്രാര്‍ഥിക്കുന്നതും അതിനുവേണ്ടി അദ്ദേഹം നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും പുണ്യമാണ്. എന്നാല്‍ അതിനെ സ്ഥിരം വരുമാനമായും ധന സമാഹരണത്തിനുള്ള മാര്‍ഗമായും അവലംബിക്കുന്നത് ഇസ്ലാമില്‍ അറിയപ്പെട്ട സമ്പ്രദായമല്ല. ഇത്തരം സമ്പ്രദായങ്ങളാണ് പിന്നീട് വലിയ ചൂഷണങ്ങളായി മാറുന്നത്. ഇങ്ങനെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ ബോധവല്‍ക്കരണമാണ് അനിവാര്യമായിട്ടുള്ളത്.

സാമൂഹിക തിന്മ

ചൂഷണം; ആത്മീയമാവട്ടെ, ഭൗതികമാവട്ടെ അതൊരു സാമൂഹിക തിന്മയാണ്. അവയെ നിയമങ്ങള്‍ കൊണ്ടു മാത്രം നേരിടാന്‍ സാധിക്കുകയില്ല. സ്രഷ്ടാവിനെ കുറിച്ചുള്ള ബോധവും അവന്‍റെ നിയമങ്ങള്‍ പാലിക്കുമ്പോളും മാത്രമാണ് സുസ്ഥിതിയുണ്ടാവുക എന്ന തിരിച്ചറിവും മനുഷ്യര്‍ക്ക് പകര്‍ന്നുകൊടുക്കുകയും മരണശേഷമുള്ള രക്ഷാശിക്ഷകളെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക മാത്രമാണ് ആത്യന്തികമായ പരിഹാരം. മുഹമ്മദ് നബി ﷺ യുടെ ആദ്യകാല പ്രബോധനത്തെ കുറിച്ച് ആഇശ(റ) പറയുന്നത് വളരെ പ്രസക്തമാണ്. മദ്യപിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ നിരോധനങ്ങളാണ് പ്രവാചകത്വത്തിന്‍റെ ആദ്യകാലങ്ങളില്‍ അവതരിക്കപ്പെട്ടിരുന്നതെങ്കില്‍ ഒരാളും അത് അംഗീകരിക്കുമായിരുന്നില്ല. എന്നാല്‍ ആപല്‍ക്കരവും കയ്പേറിയതുമായ അന്ത്യനാളിനെ കുറിച്ചും സ്വര്‍ഗ, നരകങ്ങളെ കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ് ആദ്യകാലങ്ങളില്‍ നബി ﷺ നിര്‍വഹിച്ചിരുന്നത്. ഹലാല്‍, ഹറാം നിയമങ്ങള്‍ പിന്നീട് മദീനയില്‍ വെച്ചാണ് അവതരിപ്പിക്കപ്പെട്ടത് എന്നാണ് ആഇശ(റ) പറഞ്ഞത്. (ബുഖാരി 4993).

പരിഹാര മാര്‍ഗങ്ങള്‍

ചൂഷണങ്ങളുടെ പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണ് പ്രധാനമായും ഉള്ളതെന്ന് നടേ സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടുതന്നെ സാമ്പത്തിക വിഷമതകള്‍ ഇല്ലാതാക്കാനുള്ള പദ്ധതികളാണ് ചൂഷണങ്ങളെ അവസാനിപ്പിക്കാനുള്ള പരിഹാരമാര്‍ഗങ്ങളില്‍ പ്രധാനം. അതുകൊണ്ടാണ് പലിശപോലുള്ള ചൂഷണവ്യവസ്ഥിതികളെ ഇല്ലാതാക്കാന്‍ ഇസ്ലാം ദാനധര്‍മ്മങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയത്; മറ്റുള്ളവരുടെ പ്രയാസങ്ങളും വിഷമങ്ങളും സ്വയം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

അബൂ സഈദില്‍ ഖുദ്രി(റ) പറയുന്നു: "ഞങ്ങള്‍ നബി ﷺ യോടൊന്നിച്ച് ഒരു യാത്രയിലായിരിക്കെ, ഒരാള്‍ വാഹനപ്പുറത്ത് വന്നുകൊണ്ട് വലവും ഇടവും സൂക്ഷിച്ചുനോക്കി. അപ്പോള്‍ നബി ﷺ പറഞ്ഞു: 'ആര്‍ക്കെങ്കിലും അധികം വാഹനമുണ്ടെങ്കില്‍ വാഹനമില്ലാത്ത ആള്‍ക്ക് നല്‍കട്ടെ. ആരുടെ പക്കലെങ്കിലും ഭക്ഷ്യവസ്തുക്കള്‍ അധികമുണ്ടെങ്കില്‍ അയാള്‍ അതില്ലാത്തവര്‍ക്ക് കൊടുക്കട്ടെ.' അങ്ങനെ നബി ﷺ സമ്പത്തുക്കളിലെ വിവിധ ഇനങ്ങളെ സംബന്ധിച്ച് സംസാരിച്ചു. ഞങ്ങളുടെ സ്വത്തില്‍ മിച്ചം വരുന്ന ഒന്നിലും ഞങ്ങള്‍ക്ക് അവകാശമില്ലേ എന്നു ഞങ്ങള്‍ക്ക് തോന്നിപ്പോയി" (മുസ്ലിം 1728).

മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുത്

നമ്മുടേത് ഒരു മതനിരപേക്ഷ രാജ്യമാണ്. ഓരോ മതവിഭാഗവും അനുഭവിക്കുന്നത് ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യവും അവകാശവുമാണ്. അതുകൊണ്ടുതന്നെ മതവിഭാഗങ്ങള്‍ അവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും നടത്തുന്നത് സൂക്ഷിക്കണം. ഓരോ മതവിഭാഗത്തിനും അവരുടെ ആത്മീയമായ കാര്യങ്ങള്‍ വിലപ്പെട്ടതാണ്. അവ നിയമംകൊണ്ട് നിരോധിക്കുവാനോ നിയന്ത്രിക്കുവാനോ ആവശ്യപ്പെടുന്നത് ഗുരുതര ഭവിഷ്യത്തിലേക്ക് നയിക്കും. പകരം ഓരോ വിഭാഗവും അവരുടേതായ തലങ്ങളില്‍ നിന്നുകൊണ്ട് ചൂഷണ മുക്ത സമൂഹത്തിനായുള്ള ബോധവത്ക്കരണവും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയാണ് വേണ്ടത്. അതോടൊപ്പം ദാനധര്‍മങ്ങളും സഹായങ്ങളും വര്‍ധിപ്പിച്ചുകൊണ്ട് ചൂഷണങ്ങളുടെ അടിവേരറുക്കുവാന്‍ പരസ്പരം കൈകോര്‍ക്കുകയും ചെയ്യുക.