ചരിത്രത്തിലിടം കിട്ടാത്തവരുടെ ചരിത്രരചനകള്‍

പി.വി.എ പ്രിംറോസ്

2021 സെപ്തംബര്‍ 04 1442 മുഹര്‍റം 26
ഭൂതകാലത്തിന്റെ നന്മകളെ അപഹസിക്കുകയും വെറുപ്പിന്റെ തത്ത്വശാസ്ത്രത്തെ ഉപാസിക്കുകയും ചെയ്യുന്നവര്‍ പറയാന്‍ കൊള്ളാവുന്ന പാരമ്പര്യമില്ലാത്തവരോ ജനാധിപത്യമൂല്യങ്ങളില്‍ അവിശ്വസിക്കുന്നവരോ ആയിരുന്നു, പണ്ട്. എന്നാല്‍ അവരാണിപ്പോള്‍ ചരിത്രരചയിതാക്കള്‍. അവരാണത്രെ പൈതൃകത്തെ മാറ്റിപ്പണിയുന്നവര്‍!

'ഇപ്പോഴും മഴ പെയ്യുമ്പോള്‍ കുന്നിന്റെ മുകളില്‍ മൈതാനത്തുനിന്ന് വെള്ളം കുമിഞ്ഞ് താഴേക്കൊഴുകുന്നത് ബ്രിട്ടീഷുകാരന്റെ ഉണ്ട തൊളഞ്ഞ ആ ചെരിവു വഴിയാണ്. കുന്ന് അതിന്റെ വ്രണം കഴുകിക്കളയുകയാണ്. പക്ഷേ, ഏതു വശത്തു നിന്നു നോക്കിയാലും ചരിവ് ആ ഭാഗത്തേക്കല്ല. എന്നിട്ടും വെള്ളമൊഴുകുന്നത്... അത്ഭുതം തന്നെ. കുന്നിനൊക്കെ ഹൃദയമുണ്ടോ...?'

'നീ കൂടുതല്‍ കുഴപ്പത്തിലേക്കു നീങ്ങുന്നു.'

'താഴെയെത്തുമ്പോള്‍ വെള്ളത്തിന് ഈയത്തിന്റെ പശപ്പും ചവര്‍പ്പും തിളക്കവുമാണ്. ഈയ ഉണ്ടകളുടെ അവശേഷിപ്പ്... എന്നിട്ട്... എന്നിട്ടിപ്പോള്‍ ടാ... എനിക്കു ദേഷ്യം വരുന്നു.'

'കുഴപ്പമില്ല.'

'എന്നിട്ടിപ്പോള്‍ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ വന്ന പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിറക്കാന്‍ ഈ കുന്നിലെ മൈതാനത്തെ രണ്ടു കിണറുകള്‍ കുഴിച്ചുമൂടി. ഒരുത്തനും മിണ്ടിയില്ല, അറിയുമോ നിനക്ക്?'

'ആ പൊട്ടക്കിണറുകളോ?'

'ചവിട്ടും ഞാന്‍ നാറീ! പൊട്ടക്കിണറോടാ. എത്ര വെടികൊണ്ട ദേഹങ്ങളെയാടാ ബ്രിട്ടീഷുകാര്‍ അതിലിട്ടത്; ജീവനോടെയും അല്ലാതെയും. വെടികൊണ്ടവരെ വെട്ടിയരിഞ്ഞ് കാര്‍ക്കിച്ചുതുപ്പി അവന്‍മാര്‍... ഹോ! തെളിനീരൊഴുകിയിരുന്ന ആ കിണറുകളില്‍ വിലായത്ത് സമരക്കാരുടെ ജഡം നിറച്ചു. ചരിത്രം, അതിന്റെ ചത്തുതീരാത്ത അസ്ഥിക്കെട്ട് മണ്ണിനടിയില്‍ അനക്കം തീണ്ടാതെ ശ്വസിക്കുന്നുണ്ട്. അതാണ് ഇവിടൊരു പ്രധാനമന്ത്രിക്ക് ഹെലിപ്പാ... ഇവിടുത്തെ ഉദ്യോഗസ്ഥന്‍മാര്‍ മണ്ണിട്ടുമൂടിയത്.'

'പിന്നല്ലാതെ. ഇന്നിന് പ്രസക്തിയില്ലാത്തതെല്ലാം മണ്ണുമൂടി പോകട്ടെ. ആര്‍ക്കു വേണം ചരിത്രം? ഏതു ....ക്കുവേണം. നിലവില്‍... ഇപ്പോള്‍ എന്തുണ്ട് അതാണു കാര്യം.' (ചെറുകഥ - മലപ്പുറം കോട്ടക്കുന്ന്: ജി.ആര്‍. ഇന്ദുഗോപന്‍).

അതെ! അധികാരപീഠത്തിലിരിക്കുന്നവരുടെ പൈതൃകം പേറാത്തതോ അവര്‍ക്ക് സ്തുതിപാടാത്തതോ ഒന്നും ചരിത്രമല്ല. അതാണ് അഭിനവ രാഷ്ട്രീയം. അല്ല, പണ്ടും അങ്ങനെ തന്നെയായിരുന്നു; മനുനിയമ കാലത്തും.

സഹനത്തിന്റെയും ചെറുത്തുനില്‍പിന്റെയും തിരിച്ചടിയുടെയും വീരകഥകള്‍ അന്നും ഇന്നും ഭീരുക്കള്‍ക്ക് ചതുര്‍ഥിയാണ്. വെറുപ്പിന്റെ വായ്ത്താരികളായി അതവരുടെ കര്‍ണപുടങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും.

ഭൂതകാലത്തിന്റെ നന്മകളെ അപഹസിക്കുകയും അസഹിഷ്ണുതയുടെ തത്ത്വശാസ്ത്രത്തെ ഉപാസിക്കുകയും ചെയ്യുന്നത് പറയാന്‍ കൊള്ളാവുന്ന പാരമ്പര്യമില്ലാത്തതുകൊണ്ടുമാത്രമല്ല; ജനാധിപത്യ മൂല്യങ്ങളോട് വിശ്വാസമില്ലാത്തതുകൊണ്ട് കൂടിയാണ്.

അതെ, പറഞ്ഞുവരുന്നത് ICHRന്റെ രക്തസാക്ഷി പട്ടികയില്‍നിന്ന് മലബാര്‍ സമര നായകരെയടക്കം നീക്കം ചെയ്തതും അവര്‍ക്ക് വര്‍ഗീയപട്ടം ചാര്‍ത്തിക്കൊടുത്തതും തന്നെയാണ്.

കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചും (ICHR) സംയുക്തമായി പ്രസിദ്ധീകരിച്ച, സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളെ അടയാളപ്പെടുത്തിയ Dictionary of Matryrs of India's Freedom Struggle (1857-1947) എന്ന രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് 387 ധീരരക്തസാക്ഷികളെ നീക്കംചെയ്തിരിക്കുകയാണ്. 2019 മാര്‍ച്ച് 7ന്, ന്യൂഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അഞ്ച് വാല്യങ്ങളുള്ള നിഘണ്ടു പ്രകാശനം ചെയ്തത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരെ ഓര്‍മിക്കാനുള്ള പ്രഥമ പരിശ്രമമാണ് ഈ നിഘണ്ടുവെന്നാണ് അന്ന് പ്രകാശനവേളയില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത്. ഇന്ത്യാഗേറ്റ് പരിസരത്ത് കൊത്തിവച്ചിട്ടുണ്ടായിരുന്ന നാഷണല്‍ വാര്‍ മെമ്മോറിയല്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനെ പറ്റി അന്നദ്ദേഹം വാചാലനായപ്പോള്‍ പോലും ആരും ചിന്തിച്ചിട്ടുണ്ടായിരിക്കില്ല വരാന്‍ പോകുന്ന വെട്ടിമാറ്റലിന്റെ നാന്ദികൂടിയായിരിക്കും ഈ പ്രോഗ്രാം എന്നുള്ളത്.

കേരളം, കര്‍ണാടക. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തില്‍, ICHR ചെയര്‍മാനും നിഘണ്ടുവിന്റെ ജനറല്‍ എഡിറ്ററുമായ അരവിന്ദ് പി. ജാംഖേദ്കറുടെ നേതൃത്വത്തില്‍ വെട്ടിമാറ്റിയിരിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുസ്‌ലിംകളോടൊപ്പം ഹിന്ദുക്കളും അണിനിരന്ന മലബാര്‍ കലാപവും സര്‍ സി.പി.യുടെ ഏകാധിപത്യത്തിനെതിരെ നടന്ന പുന്നപ്ര വയലാര്‍ സമരവുമാണ് കേരളത്തിലെ രക്തസാക്ഷികളായി അഞ്ചാംവാല്യത്തില്‍ സ്ഥാനം പിടിച്ചിരുന്നത്. ഇതില്‍നിന്ന് മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാരുടെ തോക്കിനിരയായവരും 1921 നവംബര്‍ 19ന് നടന്ന നടന്ന 'വാഗണ്‍ കൂട്ടക്കൊല'യില്‍ പ്രാണന്‍ നഷ്ടപ്പെട്ടവരുമടങ്ങിയ 387 പേരുകളാണ് ഇപ്പോള്‍ ലിസ്റ്റില്‍നിന്ന് നീക്കം ചെയ്തിരിക്കുന്നത്.

ഭരണാധികാരികള്‍ രചിക്കുന്ന ചരിത്രത്തെ His Story എന്ന് വിളിച്ചത് ആരാണെന്നറിയില്ല. പക്ഷേ, യഥാര്‍ഥത്തില്‍ സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തിലെങ്കിലും ആ ആരോപണം ശരിയെന്ന് തെളിയിക്കുന്നുണ്ട്. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഭരണം കയ്യാളിയതിനുശേഷം 'ഇന്ത്യന്‍ ചരിത്രത്തില്‍' നടക്കുന്നത് മറ്റൊന്നല്ല. നെഹ്‌റുമുതല്‍ വാരിയന്‍കുന്നന്‍വരെ പോസ്റ്ററില്‍നിന്നും പേജുകളില്‍നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ബ്രിട്ടീഷുകാരോട് മാപ്പിരന്ന് കയ്യും നാവും തളര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അര്‍ധകായ ചിത്രമായി പ്രദര്‍ശിപ്പിക്കപ്പെടുന്ന വിരോധാഭാസമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്ര കയ്യേറ്റത്തിന്റെ ചരിത്രം

ഇന്ത്യയിലെ ചരിത്ര കയ്യേറ്റത്തിന്റെ സൈദ്ധാന്തിക അടിത്തറ പണിതത് സവര്‍ക്കര്‍ തന്നെയാണ്. ഹിന്ദുത്വം എന്നത് വെറുമൊരു കൂട്ടായ്മയല്ലെന്നും അത് 'ഹിന്ദു'വിന്റെ ചരിത്രമാണെന്നും അതിനായി മറ്റു ചരിത്രങ്ങളെ നിഷ്‌കാസനം ചെയ്യേണ്ടതുണ്ടെന്നും പഠിപ്പിച്ച അതിതീവ്ര രാഷ്ട്രീയത്തിന്റെ ആദ്യ അണുക്കള്‍ നമുക്ക് സവര്‍ക്കറിലൂടെ കാണാന്‍ കഴിയും. ക്രിസ്ത്യാനികളും മുസ്‌ലിംകളും കമ്യൂണിസ്റ്റുകളുമടങ്ങിയ ഇന്ത്യാചരിത്രം നിഷേധത്തിന്റെതാണെന്നും പ്രത്യയശാസ്ത്ര വൈകാരികത നിലനിര്‍ത്തുന്ന ഹിന്ദുവിന്റെ ചരിത്രത്തിന് മാത്രമെ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളൂ എന്നുമുള്ള സവര്‍ക്കറുടെ വാദങ്ങള്‍ക്ക് ഗോള്‍വാള്‍ക്കറുടെ ആശയ വ്യാഖ്യാനംകൂടി വന്നതോടെ ചരിത്രത്തെ മാറ്റിയെഴുതാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായി.

ഹിന്ദുക്കളല്ലാത്തവരെല്ലാം വിദേശികളാണെന്നും വൈദേശികമതത്തിന്റെ പിണിയാളുകളെല്ലാം ശത്രുക്കളാണെന്നും അവര്‍ വസിക്കുന്നിടത്തോളം കാലം ഭാരതാംബയുടെ കണ്ണിലെ കരട് നീക്കം ചെയ്യാന്‍ കഴിയില്ലെന്നും ഉദ്‌ഘോഷിച്ചുകൊണ്ട് പ്രതികാര പ്രത്യയശാസ്ത്രരചനക്ക് തുടക്കമിട്ട ഹിന്ദുത്വം മധ്യകാല ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരിലായിരുന്നു പിന്നീട് പ്രചാരണമഴിച്ചുവിട്ടത്. മധ്യകാല ഭരണാധികാരികളെല്ലാം ക്രൂരന്മായിരുന്നെന്നും തീവ്ര ഇസ്‌ലാമിക ചിന്തകളായിരുന്നു അവരെ ഭരിച്ചിരുന്നതെന്നും സ്വദേശികളായ ഹിന്ദുക്കള്‍ക്കെതിരെ അക്രമമഴിച്ചുവിട്ടവരായിരുന്നു അവരെന്നും ചിത്രീകരിക്കുന്ന രചനകളും തിരുത്തലുകളും ഇക്കാലത്ത് വ്യാപകമായി പുറത്തുവന്നു.

1970കളിലാണ് ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് കാവിചരിത്രം പുനര്‍രചിക്കാന്‍ സംഘ്പരിവാര്‍ മുന്നിട്ടിറങ്ങുന്നത്. 'ജനകീയ പ്രക്ഷോഭ'ങ്ങളിലൂടെയാണ് ഭരണത്തിന്റെ ഓരംപറ്റി അവര്‍ കളത്തിലിറങ്ങിയത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സമര്‍ഥമായി അധികാരത്തില്‍ കയറിപ്പറ്റിയ ഹിന്ദുത്വം ഇന്ത്യാ ചരിത്രത്തെ വികലമാക്കാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. 1977ല്‍ തന്നെ NCERTയുടെ ചരിത്ര പുസ്തകങ്ങള്‍ പിന്‍വലിക്കാനും പുതിയത് തിരുകിക്കയറ്റാനുമുള്ള ശ്രമങ്ങള്‍ നടത്തിയതായി മനസ്സിലാക്കാം. പ്രാചീന ഇന്ത്യാചരിത്രത്തെ കാല്‍പനീകരിച്ചും മധ്യകാല മുസ്‌ലിം ചരിത്രത്തെ അപരവത്കരിച്ചും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആശയപ്രചാരണം നടത്താന്‍ 1978ല്‍തന്നെ അവര്‍ കരുക്കള്‍ നീക്കിയിരുന്നു. ആര്‍.എസ്.എസ് രൂപീകരിച്ച ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയും സമാനമായ മറ്റു സംഘടനാ സംരംഭങ്ങളും ശാഖകളിലൂടെ ഇതിന്റെ പ്രചാരണമേറ്റെടുത്തു മുന്നോട്ടുപോയി.

2000ത്തോടെ രാജസ്ഥാന്‍, യു.പി, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ മിത്തുകളും പുരാണങ്ങളും ചരിത്രവുമായി സംയോജിപ്പിച്ച് തെറ്റുധാരണാപരമായ ചരിത്രാഖ്യാനങ്ങള്‍ സ്‌കൂള്‍ പാഠപദ്ധതികളില്‍ ഉള്‍പ്പെടുത്തിത്തുടങ്ങി. ഇക്കാലയളവില്‍തന്നെ ബി.ആര്‍ ഗ്രോവര്‍ എന്ന ഹിന്ദുത്വ ചരിത്രകാരനിലൂടെ ചരിത്ര അട്ടിമറിക്കുള്ള ശ്രമം ICHRല്‍ സംഘ്പരിവാര്‍ നടത്തിയിരുന്നു. ആര്‍.എസ്.എസ്സിന്റെയും ഹിന്ദു മഹാസഭയുടെയും സാമ്രാജ്യത്വദാസ്യം പുറത്തുകൊണ്ടുവന്ന Towards Freedom Projectന്റ ഫണ്ട് നിര്‍ത്തലാക്കിയും അനാവശ്യ ഇടപെടലുകള്‍ നടത്തിയും അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് ഇക്കാലത്താണ്.

ചരിത്രരംഗത്ത് യാതൊരു സംഭാവനയും നല്‍കാത്ത ഹിന്ദുത്വ വേദിയായ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ആന്ധ്ര ഘടകത്തിന്റെ മേധാവിയായ യെല്ലപ്രഗത സുദര്‍ശന്‍ റാവു എന്ന പ്രചാരകനെ 2014ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചി(ICHR)ന്റെ ചെയര്‍മാനാക്കി ഇന്ത്യയുടെ ചരിത്രത്തെ കോട്ടിമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് മോഡി സര്‍ക്കാര്‍ തുടക്കമിട്ടു. ഹിന്ദു പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും ചരിത്രപരത തെളിയിക്കലായിരുന്നു സുദര്‍ശന്‍ റാവുവിന്റെ ആദ്യ ഉദ്യമം. ഇന്ത്യന്‍ ജാതിവ്യവസ്ഥ യുക്തിഭദ്രമാണെന്നും അതിന് മാനവികമായ അടിത്തറയുണ്ടെന്നും തെളിയിക്കാനായിരുന്നു റാവുവിന്റെ അടുത്ത ശ്രമം. ഭരണകാലയളവില്‍ പ്രത്യക്ഷമായ പല ഹിന്ദുത്വ അജണ്ടകളും അദ്ദേഹം നടപ്പാക്കി. തന്റെ ഇംഗിതത്തിന് വഴങ്ങാത്ത ജീവനക്കാരെ പിരിച്ചുവിടാനും നട്ടെല്ലുള്ളവരെ പുകച്ചുപുറത്തുചാടിക്കാനും അദ്ദേഹം ഇക്കാലയളവില്‍ സമയം കണ്ടെത്തി.

കാവിവത്കരിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിലൂടെ ഊട്ടപ്പെട്ട ഹിന്ദുത്വ ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ആഖ്യാനങ്ങളാണ് വടക്കേ ഇന്ത്യയിലെ ചരിത്രബോധം എന്നത് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. ഈ വികല ചരിത്രത്തെ സ്റ്റേജിലും പേജിലും ചാനലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമല്ല തെരുവുകളിലും വീടുകളിലും നിലനിര്‍ത്തുകയെന്നത് ധാര്‍മികബാധ്യതയായിട്ടാണ് ആര്‍.എസ്.എസ്സിന്റെ കീഴിലുള്ള 'ശിക്ഷാ സന്‍സ്‌കൃതി ഉത്ഥാന്‍ ന്യാസും' 'രാഷ്ട്രീയ സേവിക സമിതി' പോലുള്ള സ്ത്രീ സന്നദ്ധ സംഘടനകളും കണക്കാക്കിയിരിക്കുന്നത്. ഹിന്ദു സ്ത്രീയെ മുസ്‌ലിം പുരുഷന്റെ അക്രമോത്സുകതയില്‍നിന്ന് രക്ഷിക്കുന്ന ശിവാജിയെ മഹാരാഷ്ട്രയിലും, ഹിന്ദു സ്ത്രീകളെ ഇരകളാക്കുന്ന അക്ബര്‍ രാജാവിനെ ഗുജറാത്തിലും, ഹാരെമുകള്‍ നിര്‍മിച്ച് ലൈംഗിക കേളികള്‍ക്ക് കമനീയ മുറികള്‍ ഒരുക്കി കാത്തിരിക്കുന്ന നൈസാമിനെ ഹൈദരാബാദിലും പ്രതിഷ്ഠിച്ച് മുസ്‌ലിം അപരവല്‍ക്കരണം സാധ്യമാക്കാനും ഒരുവേള കലാപത്തിന് സാധ്യത കണ്ടെത്താനും ഹിന്ദുത്വ പ്രഭൃതികള്‍ ഗൂഢമായി ശ്രമിച്ചുകൊണ്ടിരുന്നു.

ഇന്ത്യാചരിത്രത്തിലെ ഏറ്റുമുട്ടലുകളെല്ലാം തന്നെ ഹിന്ദു-മുസ്‌ലിം ദ്വന്ദ്വത്തിലേക്ക് മാറ്റിയെഴുതി എന്നത് ഇതിന്റെ ഭാഗം തന്നെയാണ്. ബാബറും ഇബ്‌റാഹീം ലോധിയും ഔറംഗസീബും ഭീകരരും ഹിന്ദു രജപുത്രരും ശിവജിയും ഹിന്ദു നാട്ടുരാജാക്കന്മാരും വീരരുമായി മാറുന്ന വൈകാരിക പാഠപുസ്തകാഖ്യാനങ്ങള്‍ പിറവിയെടുക്കുന്നത് ഇങ്ങനെയാണ്.

പോരാട്ടം മലബാര്‍ സമരത്തിന് നേരെയും

മലബാര്‍ സമരത്തെയും സമരനായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പ്രതിസ്ഥാനത്ത് നിറുത്തി ചരിത്രം രചിക്കാനും അതില്‍ വര്‍ഗീയത കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ക്ക് സമരകാലത്തോളംതന്നെ പഴക്കമുണ്ട്. പോരാട്ടവേളയില്‍തന്നെ അതിനെ വര്‍ഗീയകലാപമായി ചിത്രീകരിക്കാനും ഹിന്ദു-മുസ്‌ലിം വിഭജനം നടത്താനും ഭിന്നിപ്പിന്റെ വൈതാളികന്മാരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളിലും അക്കാലത്തെ ആനുകാലികങ്ങളിലും ഇത്തരം പദപ്രയോഗങ്ങള്‍ വരാന്‍ അവര്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നതായി അവരുടെ പ്രതികരണങ്ങളില്‍നിന്ന് ബോധ്യമാവും. ഇതില്‍ തെറ്റുധരിച്ചാണ് അംബേദ്കറെപോലുള്ള ദേശീയ നേതാക്കളും ബ്രിട്ടീഷുകാരില്‍നിന്ന് വാര്‍ത്തകള്‍ ശേഖരിച്ച മാധ്യമങ്ങളും ആദ്യകാലങ്ങളില്‍ സമരത്തില്‍ സംശയം പ്രകടിപ്പിച്ചത്.

മലബാര്‍ സമരത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുക എന്നത് കോളോണിയല്‍ ഭരണകൂടത്തിന്റെയും അതിന്റെ നിഴല്‍പറ്റി തങ്ങളുടെ വരേണ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച ജന്മികളുടെയും ആവശ്യമായിരുന്നു. സമരത്തെ കായികമായി നേരിടാന്‍ മുന്നില്‍നിന്ന ഹിച്ച്‌കോക്ക് പോലുള്ളവരുടെ രേഖകളാണ് ഇന്നത്തെ സംഘ്പരിവാറിന്റെ ഈ വിഷയത്തിലുള്ള ജീവവായു. എന്നാല്‍ തന്റെ ഇംഗിതത്തിനനുസരിച്ച് ചരിത്രം രചിച്ച സാക്ഷാല്‍ ഹിച്ച്‌കോക്ക് പോലും ഗ്രന്ഥരചന നടത്തിയപ്പോള്‍ അതിന് നല്‍കിയ പേര് "Peasant Revolt in Malabar: A History of the Malabar Rebellion, 1921' എന്നാണ്, 'കമ്യൂണല്‍ റിവോള്‍ട്ട് ഇന്‍ മലബാര്‍' എന്നായിരുന്നില്ല. സായിപ്പിന്റെ തലയില്‍പോലും ഇതിനെ വര്‍ഗീയമായി കാണാനുള്ള വൈമനസ്യം അറിയാതെ നിഴലിച്ചിരുന്നു എന്ന് സാരം.

അതേസമയം കൃത്യമായ വിശദീകരണങ്ങളില്‍ തൃപ്തരായി പലരും തിരുത്തിയെങ്കിലും ആശാന്റെ 'ദുരവസ്ഥയെ' പോലുള്ള ചില കൃതികളില്‍ തിരുത്തപ്പെടാത്ത സ്ഖലിതങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. കവിതയില്‍ പൊറുക്കാനാവാത്ത തെറ്റുകള്‍ വന്നിട്ടുണ്ടെന്നും തിരുത്തിയെഴുതണമെന്നും ആവശ്യപ്പെട്ട് കേരളകൗമുദി അക്കാലത്ത് തന്നെ മുഖപ്രസംഗമെഴുതുകയും സഹോദരന്‍ അയ്യപ്പനും സി.വി കുഞ്ഞുരാമനും ആശാനെ നേരില്‍ കാണുകയും ചെയ്യുന്നുണ്ടെങ്കിലും ദുരുപദിഷ്ടിത വിമര്‍ശകര്‍ക്ക് എക്കാലവും ഉപയോഗിക്കാവുന്ന തരത്തില്‍ പ്രസ്തുത വാചകങ്ങള്‍ 'കാവ്യ അനീതിയായി' വരികള്‍ക്കിടയില്‍ ഇന്നും നീണ്ടുനിവര്‍ന്ന് കിടക്കുന്നുണ്ട്. എന്നാല്‍ ആശാന്‍ എന്നും അഭിസംബോധന ചെയ്യാനും വിമര്‍ശിക്കാനും ശ്രമിച്ച ബ്രാഹ്മണ്യത്തിന്റെ ആചാരാന്ധവിശ്വാസങ്ങളെ കുറിച്ചുള്ള വരികള്‍ 'ദുരവസ്ഥ'യില്‍ നിന്ന് മാത്രമല്ല അതിന്റെ 'സഹോദരകൃതി'യായി പരിചയപ്പെടുത്തിയ 'ചണ്ഡാലഭിക്ഷുകി'യില്‍നിന്നുപോലും കണ്ടെടുക്കാന്‍ പില്‍ക്കാല നിരൂപകര്‍ക്ക് സാധിച്ചിട്ടില്ല എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്.

മലബാര്‍ സമരത്തിന്റെ ത്യാഗോജ്വല സ്മരണകളുടെ ശതാബ്ദി വര്‍ഷവും രാജ്യത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷവും ഒരുമിച്ച് വരുന്ന വേളയില്‍ മലബാര്‍ മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന തുല്യതയില്ലാത്ത സ്വാതന്ത്ര്യസമര പോരാട്ടം രാജ്യം അയവിറക്കുമെന്ന ചിന്തയാണ് തികച്ചും പ്രതിലോമകരമായ പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ സംഘ്പരിവാര്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. കുമ്മനം രാജശേഖരനിലൂടെ തുടക്കമിട്ട ഈ പ്രോപഗണ്ട പിന്നീട് സംഘി ബുദ്ധിജീവികളും മാധ്യമങ്ങളും ആവര്‍ത്തിച്ചു.

മാറിയ ചാനല്‍ സംസ്‌കാരത്തിനും അന്തിച്ചര്‍ച്ചക്കും അല്‍പം ചൂടും ചൂരും പകര്‍ന്നുകൊടുക്കാന്‍ കഴിയില്ലെങ്കില്‍ അത് റേറ്റിംഗിനെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവുള്ളതിനാല്‍ -അസാരം വിഡ്ഢിത്തങ്ങളുടെ മേമ്പൊടിയുണ്ടെങ്കിലും- വര്‍ഗീയത പച്ചയ്ക്ക് വിളിച്ചുപറയാന്‍ തയ്യാറാവുന്ന സംഘ്പരിവാര്‍ സ്‌പോക്‌സ്മാന്മാരെയും സഹയാത്രികരെയും മാധ്യമത്തമ്പുരാക്കന്മാര്‍ ഫ്‌ളോറിലേക്ക് ക്ഷണിച്ചുവരുത്തിയതു മുതലാണ് ശാഖയിലെ നിശാക്ലാസില്‍ മാത്രം പരസ്പരം പറഞ്ഞ് സായൂജ്യമടഞ്ഞിരുന്ന പല 'അപസര്‍പ്പക വര്‍ഗീയകഥകള്‍ക്കും' ചരിത്രത്തിന്റെ നിറം കൈവന്നത്.

മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയന്‍ കുന്നന്‍ എന്ന സിനിമയുടെ ട്രീസര്‍ പുറത്തുവന്നത് മുതല്‍ സംഘ്പരിവാര്‍ സൈബര്‍ വെട്ടുകിളികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. പൃഥ്വിരാജിനെയും കുടുംബത്തെയും മാത്രമല്ല ഫിലിം ഇന്‍ഡസ്ട്രിയെതന്നെ അവര്‍ വിമര്‍ശനശരങ്ങള്‍ക്ക് പാത്രമാക്കി. സിനിമക്ക് പകരം സിനിമ എന്ന തരത്തിലേക്ക് ചര്‍ച്ച കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഒ.ടി.ടി കാലത്തെ സിനിമാ റിലീസിംഗിലെ സങ്കീര്‍ണതകള്‍ മാത്രമല്ല, അതിലൂടെ ഉദരപൂരണം നടത്തുന്ന 'ധര്‍മ മാമമാരെ' അനുയായികള്‍ തന്നെ തിരിച്ചറിയുകയും ചെയ്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

മുസ്‌ലിം വിഷയം ചര്‍ച്ചക്ക് വരുന്ന അനിവാര്യസമയത്ത് നിദ്രയെ പുല്‍കാറുള്ള ചില സാംസ്‌കാരിക നായകരും ഇടതുപക്ഷ ബുദ്ധിജീവികളും കൂടി മലബാര്‍ സമരത്തെ വന്ധ്യംകരിക്കുന്നതിനെതിരില്‍ ഉണര്‍ന്നെണീറ്റതോടുകൂടി വോട്ട് രാഷ്ട്രീയം ലക്ഷ്യമിട്ടിറങ്ങിയ തീവ്ര രാഷ്ട്രീയക്കാര്‍ ശരിക്കും പ്രതിരോധത്തിലായി.

ഈ സമയത്താണ് നരേന്ദ്രമോഡി പ്രകാശനം ചെയ്ത -നേരത്തെ സൂചിപ്പിച്ച- രക്തസാക്ഷി നിഘണ്ടു ചര്‍ച്ചയായത്. കേരളത്തില്‍ ഹിന്ദുത്വര്‍ വര്‍ഗീയവാദിയായി ചിത്രീകരിച്ച് ഘോരഘോരം വാക്ശരങ്ങളെയ്തുവിട്ട വാരിയന്‍ കുന്നന്‍ മുതലുള്ള നേതാക്കള്‍, പ്രധാനമന്ത്രി പ്രകാശനം ചെയ്ത സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. സംഘ്പരിവാര്‍ സ്ഥാപനത്തിന്റെ അമരക്കാരനും മലയാളിയുമായ ഡോ.സി.ഐ ഐസക് എന്ന ആശ്രിതവത്സനെ ഉപയോഗിച്ച് ചരിത്രം തിരുത്തി പട്ടിക പരിഷ്‌കരിക്കുന്നതിലേക്കുവരെ എത്തിച്ചേര്‍ന്ന സംഭവവികാസങ്ങള്‍ക്ക് ഈ ജാള്യവുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് പിന്നീട് നടന്ന സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.

സി.ഐ ഐസക് എന്ന സംഘ്പരിവാര്‍ ഏജന്റ്

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരും വാഗണ്‍ കൂട്ടക്കൊലയിലെ രക്തസാക്ഷികളുമടക്കം 387 മലബാര്‍ സമര നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ മുന്‍കയ്യെടുത്തത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച ഡോ. സി.ഐ ഐസക് ആണ്. 1921ലെ സമരത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച മൂന്നംഗ സമിതിയിലെ പ്രധാനിയാണിദ്ദേഹം. എന്നാല്‍ സംഘ്പരിവാരിന്റെ ബൗദ്ധിക കേന്ദ്രമായ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡണ്ടാണ് ഇദ്ദേഹമെന്നും നിരവധി സംഘ്പരിവാര്‍ അനുകൂല നീക്കങ്ങള്‍ ഐസക്കില്‍നിന്നുമുണ്ടായിട്ടുണ്ടെന്നും അതിനാല്‍തന്നെ രക്തസാക്ഷി പട്ടികയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും ആക്ഷേപമുയര്‍ന്നപ്പോള്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് രംഗത്തുവരികയാണ് ഡോ. ഐസക് ചെയ്തത്.

താന്‍ മാത്രമല്ല, ഖൊരഗ്പുര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹിമാന്‍ഷു ചതുര്‍വേദിയും ICHR ഒഫീഷ്യല്‍ ഡയരക്ടര്‍ ഡോ. ഓം ജി ഉപാധ്യായയുമെല്ലാമടങ്ങിയ ടീമാണ് ഈ ശ്രമത്തിന് പിന്നില്‍ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

എന്നാല്‍ വസ്തുത നേരെമറിച്ചാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150ാം വാര്‍ഷികമാഘോഷിച്ച 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അംഗീകാരം നല്‍കിയ പ്രൊജെക്ടാണ് മേല്‍പറഞ്ഞ രക്തസാക്ഷി പട്ടികയടങ്ങിയ ചരിത്രപുസ്തകം.

2016ല്‍ പൂര്‍ത്തിയായ ഈ പട്ടികയില്‍ കേരളത്തിലെ സ്വാതന്ത്ര്യ സമരസേനാനികളെ വിവരിക്കുന്ന അഞ്ചാം വാല്യത്തില്‍ തിരുത്തല്‍ നടത്താനായി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാനും ഹിന്ദുത്വവേദിയായ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ആന്ധ്ര ഘടകത്തിന്റെ മേധാവിയുമായിരുന്ന യെല്ലപ്രഗത സുദര്‍ശന്‍ റാവുവിനെ സ്വാധീനിച്ച് ഉപജാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ഡോ. ഐസക്.

എന്നാല്‍ അന്നത് വിജയിക്കാതെ വരികയും, 2019ല്‍ നരേന്ദ്ര മോഡിതന്നെ വാരിയന്‍ കുന്നനും ആലി മുസ്‌ല്യാരുമടക്കം ഇപ്പോള്‍ നീക്കം ചെയ്ത 387 രക്തസാക്ഷികളുടെയും പേരുകളടങ്ങിയ നിഘണ്ടു പ്രസിദ്ധീകരിക്കുകയും ചെയ്തത് ഇവര്‍ക്ക് ഒരുപോലെ തിരിച്ചടിയാവുകയാണുണ്ടായത്. ഈ സംഭവത്തെകുറിച്ച് '1921നെ മഹത്ത്വവത്കരിക്കാന്‍ വേണ്ടി ചിലര്‍ നടത്തിയ ആസൂത്രിത അജണ്ടയില്‍ പ്രധാനമന്ത്രിയെ കരുവാക്കുകയായിരുന്നു' എന്നാണ് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. ഐസക് പറയുന്നത്.

സംഘ്പരിവാര്‍ സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ഡോ. സി.ഐ. ഐസക് എന്നതിനാല്‍തന്നെ അദ്ദേഹത്തിന്റെ ചരിത്രത്തോടുള്ള നിലപാടും മലബാര്‍ സമരത്തോടുള്ള പുച്ഛവും ഊഹിക്കാവുന്നതേയുള്ളൂ. അദ്ദേഹത്തെ പോലെയുള്ള ഒരാളെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് എന്ന മഹത്തായ സംവിധാനത്തിന്റെ റിപ്പോര്‍ട്ട് തേടാനുള്ള റഫറന്‍സായി ഉപയോഗിക്കുന്നത് എന്തുമാത്രം അവഹേളനമാണ്!

മാപ്പിള സമരം സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമല്ലെന്നും അതില്‍ പങ്കെടുത്തവര്‍ രക്തസാക്ഷികളല്ലെന്നും ദേശീയതയ്ക്ക് വേണ്ടി ഒന്നും ചെയ്യാതെ മാപ്പിളസ്ഥാന്‍ ഉണ്ടാക്കാനുള്ള ഒരുകൂട്ടം മുസ്‌ലിംകളുടെ ശ്രമമമായിരുന്നു മലബാര്‍ സമരമെന്നും മതപരിവര്‍ത്തനം, ക്ഷേത്രാക്രമണം തുടങ്ങിയവയാണ് അന്ന് നടന്നതെന്നും കേരളത്തിലെ മുന്നണി രാഷ്ടീയ താല്‍പര്യത്തിനായി മുസ്‌ലിം ലീഗിനെ കൂടെ നിര്‍ത്താന്‍ 1981 ഡിസംബര്‍ 5ന് ഇന്ദിരാഗാന്ധി സര്‍ക്കാറാണ് മാപ്പിള സമരത്തെ സ്വാതന്ത്ര്യസമര വിധാനത്തിലേക്ക് ഉയര്‍ത്തിയതെന്നുമുള്ള നട്ടാല്‍ മുളക്കാത്ത കള്ളങ്ങള്‍ പൊതുസമൂഹത്തില്‍ മുമ്പേ പ്രചരിപ്പിച്ച സംഘ്പരിവാര്‍ ദാസനാണ് ഡോ. സി.ഐ ഐസക്.

മാത്രമല്ല, മലബാര്‍ സമരത്തെ മാപ്പിളമാര്‍ നേതൃത്വം കൊടുത്ത വര്‍ഗീയ കലാപമായി ചിത്രീകരിക്കുന്ന രക്തസാക്ഷി അനുസ്മരണ വര്‍ഷാചരണത്തിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയാണ് ഡോ. ഐസക് എന്ന കാര്യം ബന്ധപ്പെട്ടവര്‍ സൗകര്യപൂര്‍വം മറച്ചുവെക്കുകയാണ്.

ആഗസ്ത് 19ന് ജന്മഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത നോക്കുക:

''മാപ്പിളകലാപം: രക്തസാക്ഷി അനുസ്മരണ വര്‍ഷാചരണം രാം മാധവ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കേരള ചരിത്രത്തിലെ കറുത്ത അധ്യായമായ മാപ്പിളകലാപത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. കലാപത്തില്‍ രക്തസാക്ഷികളായവരെ അനുസ്മരിച്ചുകൊണ്ട് 1921 മാപ്പിള കലാപരക്തസാക്ഷി അനുസ്മരണസമിതി സംഘടിപ്പിക്കുന്ന വര്‍ഷാചരണത്തിന് നാളെ തുടക്കം. ആര്‍.എസ്.എസ് അഖിലഭാരതീയ കാര്യകാരി അംഗം രാംമാധവ് ദേശീയതല ഉദ്ഘാടനം നിര്‍വഹിക്കും. നാളെ രാവിലെ 10ന് കോഴിക്കോട് കേസരി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സമിതി അധ്യക്ഷനുമായ ഡോ.സി.വി. ആനന്ദബോസ് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ അംഗവും സമിതി ജനറല്‍ കണ്‍വീനറുമായ ഡോ. സി.ഐ ഐസക് സംസാരിക്കും.

കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പി.വി.കെ. നെടുങ്ങാടി എഴുതിയ 'മാപ്പിള ലഹളയോ സ്വാതന്ത്ര്യ സമരമോ?,' രാമചന്ദ്രന്‍ എഴുതിയ 'വാരിയന്‍കുന്നന്റെ കശാപ്പുശാല,' പി.മാധവ്ജിയുടെ ആമുഖത്തോടെ ദുരവസ്ഥ പുനഃപ്രസിദ്ധീകരണം, കാവാലം ജയകൃഷ്ണന്റെ 'കുമാരനാശാന്റെ ദുരവസ്ഥ പഠനം,' വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന '1921 മലബാറും ആര്യസമാജവും' എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും.

വര്‍ഷാചരണത്തിന്റെ ഭാഗമായി 14 ജില്ലാതല സെമിനാറുകള്‍ നടക്കും. വര്‍ഷാചരണത്തിന്റെ സമാപനത്തില്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ.സി.എ ഐസക് അറിയിച്ചു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ഡോക്യുമെന്ററി, ചരിത്ര പ്രദര്‍ശനം, ചരിത്രകാരസംഗമം, കലാലയവിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍, പുസ്തക പ്രസാധനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ന്യൂദല്‍ഹി അടക്കമുള്ള പ്രധാന നഗരങ്ങളിലും ഇതോടനുബന്ധിച്ച് പരിപാടികള്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.''

'നിഷ്പക്ഷനായ' ഈ ചരിത്രകാരനാണ് രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളെ അടയാളപ്പെടുത്തിയ Dictionary of Matryrs of India's Freedom Struggle എന്ന രക്തസാക്ഷി നിഘണ്ടുവിലെ പട്ടിക പരിഷ്‌കരിക്കാനായി മുന്‍കയ്യെടുത്തതെന്ന വസ്തുത ഒരേസമയം നിരാശക്കും തമാശക്കും വക നല്‍കുന്നതാണ്.

'മാപ്പിളലഹളയുടെ ചരിത്ര, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വിവിധ വീക്ഷണകോണുകളില്‍ വിലയിരുത്തുന്ന സമഗ്ര ലേഖനസമാഹാരമായ' 'മാപ്പിളലഹളയുടെ ബാക്കിപത്രങ്ങള്‍' എന്ന, ഈ മാസം 25ാം തീയതി പുറത്തിറങ്ങുന്ന പുസ്തകത്തെ കുറിച്ചുള്ള വൃത്താന്തംകൂടി അറിയിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. വേദ ബുക്‌സ് പുറത്തിറക്കാന്‍ പോകുന്ന പ്രസ്തുത ഗ്രന്ഥത്തിന്റെ എഡിറ്റര്‍ നാം നേരത്തെ പരാമര്‍ശിച്ച 'നിഷ്പക്ഷന്‍' തന്നെ; ഡോ. സി.ഐ ഐസക്.

എങ്ങനെയൊക്കെ വികൃതമാക്കിയും വികലമാക്കിയും നശിപ്പിക്കാന്‍ ശ്രമിച്ചാലും ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. ചരിത്രത്തെ മറച്ചുപിടിക്കാനേ കഴിയൂ, ഇല്ലാതാക്കാന്‍ കഴിയില്ല. തമസ്സിന്റെ കരിമ്പടം കൊണ്ട് എത്ര തമസ്‌കരിക്കാന്‍ ശ്രമിച്ചാലും അത് ധവളപ്രകാശം ചൊരിഞ്ഞ് നേരറിവാഗ്രഹിക്കുന്നവര്‍ക്ക് വെളിച്ചമേകുക തന്നെ ചെയ്യും.

മലബാര്‍ സമരത്തിലേക്ക് നയിച്ച സാഹചര്യവും അന്നത്തെ സാമൂഹിക സാഹചര്യങ്ങളും അതിന്റെ ഉള്ളടക്കവും വിമര്‍ശകര്‍ അതിനെ നോക്കിക്കണ്ട വീക്ഷണകോണുകളും അവയോടുള്ള പ്രതികരണവുമെല്ലാം തുടര്‍ലക്കങ്ങളില്‍ ചര്‍ച്ച ചെയ്യാം.

(അവസാനിച്ചില്ല)