മാറുന്നകാലവും കോലം മാറുന്ന യുവതയും

ഉസ്മാന്‍ പാലക്കാഴി

2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23
സാംസ്‌കാരിക സമൂഹത്തിന്റെ ചാലകശക്തിയാണ് യുവാക്കള്‍. നേരിന്റെ മാര്‍ഗത്തില്‍ നെഞ്ചുറപ്പോടെ നിലകൊണ്ട യുവസമൂഹമൊന്നും പരാജയപ്പെട്ട ചരിത്രമില്ല. എന്നാല്‍ തിന്മയില്‍ അണിചേര്‍ന്ന യുവത്വത്തിന്റെ ക്രിയാശേഷി അശാന്തിയും അരക്ഷിതാവസ്ഥയുമല്ലാതെ ഒന്നും സമ്മാനിച്ചിട്ടുമില്ല.

യുവത ഏതൊരു സമൂഹത്തിന്റെയും നെടുംതൂണാണ്. കുടുംബവും സമൂഹവും കൂട്ടായ്മകളുമൊക്കെ കെട്ടുറപ്പോടെ, സുഭദ്രമായും സുരക്ഷിതമായും നിലനില്‍ക്കുന്നതില്‍ യുവാക്കള്‍ക്കുള്ള പങ്ക് ചെറുതല്ല. എന്നാല്‍ ഇത് സഫലമാകുന്നത് യുവാക്കള്‍ നന്മയില്‍ നിലകൊള്ളുമ്പോള്‍ മാത്രമാണ്. അല്ലാത്തപക്ഷം അരക്ഷിതാവസ്ഥയും അശാന്തിയുമാണ് അവര്‍ സമ്മാനിക്കുക.

ജീവിതത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടമാണ് യുവത്വം. മനുഷ്യമസ്തിഷ്‌കം ക്രിയാത്മകമായി ചിന്തിച്ചുതുടങ്ങുന്ന, എന്തും ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കാലഘട്ടം. ലോകത്ത് ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനുപിന്നിലുള് ള യുവാക്കളുടെ പങ്ക് അനിഷേധ്യമാണ്.

ധാര്‍മിക ചിന്തയില്ലാതെ വളരുന്ന യുവസമൂഹം വിനാശത്തിന്റെ വിളനിലമായിരിക്കും. ഹിറ്റ്‌ലറും മുസോളിനിയും ഭ്രാന്തമായ രൂപത്തില്‍ അക്രമത്തിന്റെ പാത സ്വീകരിച്ച് വന്‍വിനാശം വരുത്തിവെച്ചത് യൗവനത്തിന്റെ ചോരത്തിളപ്പിലായിരുന്നുവത്രെ.

അജ്ഞാനകാലമെന്ന ഇരുണ്ട കാലത്തിലെ കാലുഷ്യങ്ങളില്‍നിന്ന് പ്രകാശപൂര്‍ണമായ ആത്മീയതയുടെ ബോധമണ്ഡലത്തിലേക്ക് അറേബ്യയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ പ്രവാചകന്റെ സഹചാരികളായ യുവാക്കളുടെ പങ്ക് ചെറുതല്ല. അനിവാര്യമായ പല ധര്‍മയുദ്ധങ്ങള്‍ക്കും നബിﷺ നേതൃത്വമേല്‍പിച്ചത് യുവാക്കളെയായിരുന്നു.

യുവാക്കളായ ഗുഹാവാസികള്‍

ധാര്‍മിക ബോധത്തോടെ ജീവിക്കുകയും മരിക്കുകയും ചെയ്ത ചില യുവാക്കളെ വിശുദ്ധ ക്വുര്‍ആനും ഹദീഥുകളും പരിചയപ്പെടുത്തിത്തരുന്നുണ്ട്. അധികാരത്തിന്റെ പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ പതറാതെ സധൈര്യം സത്യമതത്തില്‍ അടിയുറച്ചുനിന്ന ഗുഹാവാസികളായ യുവാക്കളുടെ കഥ വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

ഏകനായ പ്രപഞ്ചസ്രഷ്ടാവിനോടു മാത്രമെ ഞങ്ങള്‍ പ്രാര്‍ഥിക്കുകയുള്ളൂ; ബഹുദൈവാരാധനക്ക് ഞങ്ങള്‍ ഒരുക്കമല്ല, അത് അടിസ്ഥാനരഹിതമായ പ്രവര്‍ത്തനവും കടുത്ത അപരാധവുമാണ് എന്ന് പ്രതികൂല സാഹചര്യത്തില്‍പോലും തുറന്നു പ്രഖ്യാപിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍:

''ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു. ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ദൈവങ്ങളെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്? അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്?'' (18:14,15).

ഏകദൈവാരാധകരായി നാട്ടില്‍ ജീവിക്കുവാന്‍ കഴിയാത വന്ന സാഹചര്യത്തില്‍ അവര്‍ ഒരു തീരുമാനമെടുത്തു: ''(അവര്‍ അന്യോന്യം പറഞ്ഞു:) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ചുകൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തില്‍നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും നിങ്ങളുടെ കാര്യത്തില്‍ സൗകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്'' (18:16).

ജീവിതത്തിലെ ചെറിയ പ്രതിസന്ധികള്‍ പോലും താങ്ങാന്‍ കഴിയാത്തവരും നിസ്സാര പ്രശ്‌നങ്ങള്‍ കാരണത്താല്‍പോലും വിഷാദരോഗത്തിനടിമപ്പെടുകയോ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയോ ചെയുന്നവരില്‍ ഇന്ന് യുവാക്കളുടെ എണ്ണവും കുറവല്ല. എന്നാല്‍ തങ്ങള്‍ കൊല്ലപ്പെടുമെന്ന് ബോധ്യമായ അവസരത്തില്‍ ഗുഹയില്‍ അഭയം പ്രാപിച്ച ആ ചെറുപ്പക്കാര്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിഷയത്തില്‍ നിരാശരാകാത്തവരും കരുണക്കായി തേടിക്കൊണ്ടിരിക്കുന്നവരുമായിരു ന്നു:

''ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ പക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൗകര്യം നല്‍കുകയും ചെയ്യേണമേ'' (18:10).

അര്‍ശിന്റെ തണല്‍ ലഭിക്കുന്നവര്‍

അന്ത്യനാളില്‍ അല്ലാഹുവിന്റെ പ്രത്യേകമായ തണല്‍ ലഭിക്കുന്നവരെ നബിﷺ എണ്ണിപ്പറയുന്നതായി കാണാം. അതില്‍ രണ്ടാമതായി പറയുന്നത് യൗവനകാലഘട്ടം അധര്‍മങ്ങളില്‍ ചെലവഴിക്കാതെ സ്രഷ്ടാവിന്റെ തൃപ്തി നേടുന്ന മാര്‍ഗത്തില്‍ വിനിയോഗിക്കുന്ന യുവാക്കള്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയും പ്രതിഫലവും സംബന്ധിച്ചാണ്:

അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ പറഞ്ഞു: ''നാളെ പരലോകത്ത് അല്ലാഹുവിന്റെ അര്‍ശിന്റെ തണലൊഴികെ വേറെ യാതൊരു തണലും ഇല്ലാത്ത ദിവസം ഏഴു വിഭാഗം ആളുകള്‍ക്ക് അല്ലാഹു അര്‍ശിന്റെ തണല്‍ നല്‍കുന്നതാണ്: നീതിമാനായ ഭരണാധികാരി, അല്ലാഹുവിന്റെ ഇബാദത്തിലായി (ആരാധന) വളര്‍ന്ന യുവാവ്, സദാസമയവും ഹൃദയം പള്ളിയുമായി ബന്ധപ്പെട്ട പുരുഷന്‍, അല്ലാഹുവിനുവേണ്ടി പരസ്പരം സ്‌നേഹിച്ച് അതിനുവേണ്ടി പരസ്പരം ഒന്നിക്കുകയും, ആ അവസ്ഥയില്‍തന്നെ വേര്‍പിരിയുകയും ചെയ്ത രണ്ടാളുകള്‍, സൗന്ദര്യവും കുലീനതയുമുള്ള സ്ത്രീ അവിഹിത വേഴ്ചക്കു ക്ഷണിച്ചപ്പോള്‍ 'ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ പുരുഷന്‍, വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈപോലും അറിയാത്തവിധം വളരെ രഹസ്യമായി ദാനധര്‍മങ്ങള്‍ ചെയ്ത വ്യക്തി, ഏകനായിരുന്ന് അല്ലാഹുവിനെ ഭയന്ന് കണ്ണീര്‍ ഒഴുക്കിയ മനുഷ്യന്‍ (എന്നിവരാകുന്നു അവര്‍'' (ബുഖാരി, മുസ്‌ലിം).

യുവാക്കളായ സ്വഹാബിമാര്‍

നേടിയെടുത്ത ജ്ഞാനം പകര്‍ത്തിയെടുക്കുന്നതിലായിരുന് നു യുവാക്കളായ സ്വഹാബിവര്യന്മാരുടെ ശ്രദ്ധ എന്നത് വര്‍ത്തമാനകാലത്തെ മുസ്‌ലിം യുവത മനസ്സിലാകേണ്ടതുണ്ട്. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞുകൂടുമ്പോഴും അവര്‍ ജീവിതയാത്രയില്‍ മതപരിജ്ഞാനം നേടുന്നതിലും നേടിയ അറിവ് പ്രാവര്‍ത്തികമാക്കുന്നതിലും അമാന്തം കാണിച്ചിരുന്നില്ല. അല്ലാഹുവിനുള്ള ആരാധനയിലായി ജീവിതം മുന്നോട്ടു നയിക്കുന്ന ചെറുപ്പക്കാര്‍ക്ക് പാരത്രികലോകത്ത് ലഭിക്കുന്ന പ്രത്യേക പരിഗണന അവര്‍ ആശിച്ചു.

സുമുഖനും സമ്പന്നനുമായിരുന്ന ചെറുപ്പക്കാരനായിരുന്നു മുസ്അബുബ്‌നു ഉമൈര്‍(റ). ക്വുര്‍ആനിന്റെ വചനങ്ങള്‍ അദ്ദേഹത്തെ ഹഠാതാകര്‍ഷിച്ചു. ഇസ്‌ലാമിന്റെ സന്ദേശവാഹകരില്‍ പ്രമുഖനായി അദ്ദേഹം മാറി. സമ്പത്ത് മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ ആ യുവാവ് തയ്യാറായി. രണാങ്കണത്തില്‍ രക്തസാക്ഷിയായി വീണ അദ്ദേഹത്തിന്റെ ശരീരം മൂടുവാന്‍ ആവശ്യമായ കഫന്‍പുടവ പോലും സ്വന്തമായില്ലായിരുന്നു! ഈ മഹാനായ സ്വഹാബിയുടെ ചരിത്രത്തില്‍ യുവാക്കള്‍ക്ക് ഉദാത്തമായ മാതൃകയുണ്ട്. ചോരത്തുടിപ്പിന്റെയും ആരോഗ്യദൃഢതയുടെയും കാലഘട്ടം ഏതെല്ലാം വഴിയില്‍ വിനിയോഗിക്കുന്നു എന്ന് യുവാക്കള്‍ ചിന്തിക്കേണ്ടതുണ്ട്.

വൃദ്ധരെ ഉപദേശിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: ''തൊലികളൊക്കെ ശുഷ്‌കിച്ച് നരബാധിച്ചു തുടങ്ങിയ ജനങ്ങളേ, പഴങ്ങള്‍ പഴുത്താല്‍ പിന്നെ പറിച്ചെടുക്കാതെ നിവൃത്തിയില്ല. ഇനി പഴങ്ങള്‍ പറിക്കാനുള്ള സമയം മാത്രമേയുള്ളൂ.'' ശേഷം അദ്ദേഹം ചെറുപ്പക്കാരോടു പറഞ്ഞു: ''യുവാക്കളേ, നിങ്ങളുടെ ചുറുചുറുക്കുള്ള ശരീരവും ചോരത്തിളപ്പുള്ള യൗവനവും കണ്ട് നിങ്ങള്‍ അഹങ്കരിക്കേണ്ടതില്ല. കാരണം പച്ചക്കായയും ഉതിര്‍ന്നു വീഴാറുണ്ട്.''

വാര്‍ധക്യം പ്രാപിച്ചശേഷം ആരാധനകളില്‍ മുഴുകി ജീവിക്കുന്നതിനെക്കാള്‍ അധികം പ്രതിഫലം യുവത്വത്തിന്റെ ചുറുചുറുക്കില്‍ ചെയ്യുന്നവര്‍ക്ക് കിട്ടുമെന്നതിനു തെളിവാണ് മുകളില്‍ കൊടുത്ത അര്‍ശിന്റെ തണല്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നബിവചനം.

പെരുകുന്ന അവിഹിതങ്ങള്‍

ഇന്ന് കൗമാരക്കാരായ വിദ്യാര്‍ഥികളും യുവാക്കളുമെല്ലാം അകപ്പെടുന്ന വലിയൊരു തിന്മയുടെ ഗര്‍ത്തമാണ് അവിഹിതബന്ധങ്ങള്‍. ക്യാമറയുള്ള മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൗകര്യവും വാട്‌സാപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളുമെല്ലാം മൃഗീയമായ ലൈംഗികതയിലേക്ക് തുറക്കുന്ന കവാടങ്ങളായി നല്ലൊരു വിഭാഗം യുവാക്കളും സ്വീകരിച്ചിരിക്കുകയാണ്. എത്രയോ അവിഹിത ബന്ധങ്ങള്‍ സംഭവിക്കുന്നു. ഇണയുടെ അവിഹിത ബന്ധത്തിന്റെ പേരില്‍ ദിനേന എത്രയോ വിവാഹ ബന്ധങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു.

യൂസുഫ് നബി(അ)യുടെ മാതൃക

അല്ലാഹു തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ദൃഢബോധ്യത്തില്‍, അല്ലാഹുവിന്റെ പൊരുത്തവും പ്രതിഫലവും ആശിച്ച് വളരെ പരിശുദ്ധവും പവിത്രവുമായ ജീവിതം നയിക്കുന്ന ഒരു യുവാവിനെ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്.

''അവന്‍ (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമംനടത്തി. വാതിലുകള്‍ അടച്ചുപൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല'' (12:23).

മഹാനായ യൂസുഫ് നബി(അ)യാണ് ആ യുവാവ്. 'സൗന്ദര്യവും കുലീനതയുമുള്ള സ്ത്രീ അവിഹിത വേഴ്ചക്കു ക്ഷണിച്ചപ്പോള്‍ 'ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ പുരുഷന് അല്ലാഹുവിന്റെ അര്‍ശിന്റെ തണല്‍ ലഭിക്കുമെന്ന പ്രവാചക വചനം ഇതിനോടു ചേര്‍ത്തുവായിക്കുക. മുസ്‌ലിം യുവാക്കളും യുവതികളും ഈ തെറ്റിന്റെ ഗൗരവവും അല്ലാഹുവിനെ ഭയപ്പെട്ട് ആ തെറ്റില്‍ അകപ്പെടാതെ ജീവിച്ചാല്‍ ലഭിക്കുന്ന സൗഭാഗ്യവും ഓര്‍ക്കേണ്ടതുണ്ട്.

പ്രായപൂര്‍ത്തിയെത്തിയ മക്കള്‍ക്ക് വിവാഹം കഴിപ്പിച്ച് കൊടുക്കല്‍ രക്ഷിതാക്കളുടെ കടമയാണ്, അല്ലാത്തപക്ഷം സന്താനങ്ങള്‍ കുഴപ്പത്തില്‍ അകപ്പെട്ട് കുടുംബത്തിന്റെതന്നെ സല്‍പ്പേര്  കളങ്കപ്പെടുവാന്‍ സാധ്യത കൂടുതലാണ്.

ഇബ്‌റാഹീം(അ) എന്ന യുവാവ്

സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കുവാന്‍ തയ്യാറാവാതെ വിഗ്രഹങ്ങള്‍ നിര്‍മിച്ച് അവയെ ആരാധിക്കുന്ന ജനതയോട് അരുതേ എന്നു പറഞ്ഞതിനാല്‍, വിഗ്രഹാരാധനയുടെ നിരര്‍ഥകത ബോധ്യപ്പെടുത്തിക്കൊടുത്തതിനാല്‍ അക്ഷരാര്‍ഥത്തില്‍ അഗ്‌നി പരീക്ഷണത്തിന് വിധേയനായ ഒരു യുവാവിനെക്കുറിച്ച് ക്വുര്‍ആനില്‍ പറയുന്നത് കാണാം.

''അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തവന്‍ ആരാണ്? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്. ചിലര്‍ പറഞ്ഞു: ഇബ്‌റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിണ്ട്'' (21:59,60).

മുഹമ്മദ് നബിﷺ ക്ക് പ്രവാചകത്വം ലഭിക്കുന്നതുതന്നെ യുവത്വത്തിന്റെ പൂര്‍ണതയിലെത്തിയ, പരിപക്വമായ പ്രായത്തിലായിരുന്നുവല്ലോ.

പ്രവാചകന്മാരുടെയും മറ്റും ചരിത്രം അല്ലാഹു നമുക്ക് വിവരിച്ചുതരുന്നത് അവരുടെ മഹത്ത്വം മനസ്സിലാക്കിത്തരാനും നമുക്ക് അതില്‍നിന്ന് ഗുണപാഠവും സദുപദേശവും ലഭിക്കാനുമാണ്. അല്ലാഹു പറയുന്നു:

''ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍നിന്ന് നിന്റെ മനസ്സിന് സ്ഥൈര്യം നല്‍കുന്നതെല്ലാം നിനക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ഥ വിവരവും സത്യവിശ്വാസികള്‍ക്ക് വേണ്ട സദുപദേശവും ഉല്‍ബോധനവും നിനക്ക് വന്നുകിട്ടിയിരിക്കുകയാണ്'' (11:120).

ലഹരിയും യുവാക്കളും

ധാര്‍മികതയുടെ വിഷയത്തില്‍ ഇന്നത്തെ യുവാക്കളില്‍ അധികവും പരിതാപകരമായ അവസ്ഥയിലല്ലേ? മാറുന്ന കാലത്തിനൊപ്പം അവരും മാറുകയാണ്. എന്നാല്‍ അതൊരിക്കലും നല്ല മാറ്റമാണെന്ന് കരുതരുത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ പുതിയ തലമുറയിലെ യുവാക്കള്‍. ഓരോ ദിവസവും എത്രയോ പേര്‍ നമ്മുടെ നാട്ടില്‍ മയക്കുമരുന്നു കേസില്‍ പിടിക്കപ്പെടുന്നുണ്ട്. മിക്കവാറും അവരില്‍ ഭൂരിഭാഗവും ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ള യുവാക്കളായിരിക്കും. മദ്യവും മറ്റു ലഹരി ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നത് സ്‌കൂളുകളും കോളേജുകളും വിനോദസഞ്ചാര കേന്ദ്രങ്ങും കേന്ദ്രീകരിച്ചാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ആളില്ലാത്ത ഇടങ്ങളില്‍ ചെന്ന് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോകള്‍ ഫേസ്ബുക്കില്‍ പലതവണ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

വിവാഹത്തിന്റെ തലേദിവസം കൂട്ടുകാരെ വിളിച്ചുകൂട്ടി മദ്യസല്‍ക്കാരം നടത്തുന്ന സമ്പ്രദായം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ദിവസം വരനെയും വധുവിനെയും വീട്ടുകാരെയുമൊക്കെ അപമാനിക്കുംവിധമുള്ള കൊള്ളരുതായ്മകള്‍ തമാശ കാണിക്കുന്നു എന്ന നാട്യേന നടത്തുന്ന യുവാക്കളുടെ എണ്ണവും വര്‍ധിക്കുകയാണ്.

ഓരോ പ്രദേശത്തും നന്മയുടെ കൂടെ നില്‍ക്കേണ്ട യുവസമൂഹം തന്നെയാണ് പലവിധ തിന്മകള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കാനും മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും കൂടിയില്ലെങ്കില്‍ അവരില്‍നിന്നും തങ്ങള്‍ ഒറ്റപ്പെട്ടുപോകുമെന്ന തോന്നലാണ് പലരെയും ഇതിലേക്ക് നയിക്കുന്നത്; ചിലരൊക്കെ ഭീഷണിക്കു വഴങ്ങിയിട്ടും. കാശുണ്ടാക്കാന്‍ എളുപ്പമാര്‍ഗം എന്ന പ്രലോഭനത്തില്‍പെട്ട് കാരിയര്‍മാരാകുന്നവരും ഇവ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ തങ്ങള്‍ എത്ര വലിയ കെണിയിലാണ് പെട്ടിരിക്കുന്നതെന്ന് ചിന്തിക്കാനുള്ള വിവേകം ഇവര്‍ കാണിക്കുന്നില്ല. യുവ സമൂഹം ഇത്രമേല്‍ അധഃപതിക്കുന്നതോടെ ഒരു ദേശത്തിന്റെ, ഒരു സമൂഹത്തിന്റെ നട്ടെല്ലാണ് തകരുന്നതോര്‍ക്കുക. ദിനംപ്രതി പത്രവാര്‍ത്ത മാധ്യമങ്ങളിലൂടെ വേദനാജനകമായ വാര്‍ത്തകളാണ് നമ്മുടെ മുന്നിലേക്കെത്തുന്നത്. 

പഴയ കാലത്തെ അപേക്ഷിച്ച് രക്ഷിതാക്കളുടെ നിയന്ത്രണങ്ങള്‍ കുറഞ്ഞതാണ് ഈ അധഃപതനത്തിന്റെ കാരണങ്ങളില്‍ ഒന്ന്. തന്റെ മക്കള്‍ അരുതാത്തതൊന്നും ചെയ്യുകയില്ലന്ന രക്ഷിതാക്കളുടെ അമിത വിശ്വാസമാണ് മറ്റൊരു കാരണം. സ്മാര്‍ട്ടിന്റെ കാലത്ത് സ്മാര്‍ട്ടായ രക്ഷിതാക്കള്‍ക്ക് മക്കള്‍ എങ്ങോട്ടു പോകുന്നു, എപ്പോള്‍ വരുന്നു, ആരുമായിട്ടെല്ലാം കൂട്ടുകൂടുന്നു എന്നൊന്നും അന്വേഷിക്കാനോ ഉപദേശ നിര്‍ദേശങ്ങള്‍ കൊടുക്കാനോ സമയമില്ല. ഇത് തിരിച്ചറിയുന്ന യുവാക്കള്‍ തോന്നിയപോലെ ജീവിക്കുവാന്‍ തയ്യാറാകുന്നു.

ലുക്വ്മാന്‍(അ) എന്ന രക്ഷിതാവ്

മക്കളെ ചെറുപ്പത്തില്‍ മതപാഠശാലയിലേക്ക് പറഞ്ഞയക്കുന്നതോടെ മാതാപിതാക്കള്‍ക്ക് മക്കളോടുള്ള മതപരമായ കടമകള്‍ അവസാനിക്കുന്നില്ല. പഠിച്ച കാര്യങ്ങള്‍ അവര്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനും അതിന് അവരെ പ്രേരിപ്പിക്കാനും മക്കള്‍ എത്ര മുതിര്‍ന്നാലും എവിടെ പോയി പഠിക്കുകയാണെങ്കിലും മതത്തിന്റെ ചട്ടക്കൂടില്‍ ജീവിക്കുന്നുണ്ടോ, അനാവശ്യമായ ബദ്ധങ്ങളില്‍ അകപ്പെടുന്നുണ്ടോ, അരുതാത്ത 'കമ്പനി'കൂടുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കല്‍ മാതാപിതാക്കളുടെ കടമയാണ്.

നബിﷺ പറഞ്ഞു: ''എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധപ്രകൃതിയോടെയാണ് പിന്നീടവനെ ജൂതനോ, ക്രൈസ്തവനോ, അഗ്നിയാരാധകനോ ആക്കുന്നത് അവന്റെ മാതാപിതാക്കളാകുന്നു. ഒരു മൃഗത്തെ പോലെ, മൃഗം തന്റെ കുഞ്ഞിന് ജന്മം നല്‍കുന്നു. അതിന് വല്ല ന്യൂനതയും നിങ്ങള്‍ കാണുന്നുണ്ടോ'' (ബുഖാരി).

മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളില്‍ ഏറ്റവും ഉത്തമമായത് അവര്‍ക്ക് ഇസ്‌ലാമിക മര്യാദകള്‍ പഠിപ്പിക്കലാണ് എന്ന് നബിﷺ പറഞ്ഞത് എല്ലാ രക്ഷിതാക്കളും ഓര്‍ത്തുവെക്കേണ്ടതുണ്ട്. എല്ലാറ്റിലുമുപരിയായി സ്വന്തം ബന്ധുക്കളെ നരകാഗ്‌നിയില്‍നിന്ന് കാത്തുരക്ഷിക്കുക എന്ന അല്ലാഹുവിന്റെ കല്‍പന മറക്കാതിരിക്കുക. മക്കള്‍ നരകത്തില്‍ അകപ്പെടാതിരിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യല്‍ മാതാപിതാക്കളുടെ കടമയാണ്.

''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക...'' (66:6).

ലുക്വ്മാന്‍(അ) തന്റെ മകനു നല്‍കിയ സദുപദേശങ്ങള്‍ എക്കാലത്തും എല്ലാ മാതാപിതാക്കള്‍ക്കുമുള്ള മാതൃകയാണ്:

''എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്. നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീപൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക..'' (ക്വുര്‍ആന്‍ 31:17-19).

മഹാനായ അലി(റ) പാടിയ അര്‍ഥവത്തായ ഒരു കവിത ഇബ്‌നുഹജറുല്‍ അസ്‌ക്വലാനി(റ) 'ഫത്ഹുല്‍ ബാരി'യില്‍ ഉദ്ധരിക്കുന്നുണ്ട്. അതിന്റെ ആശയം ഇപ്രകാരമാണ്: ''മനുഷ്യജീവിതത്തിലെ ആരോഗ്യസമയം എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോകുന്നത്. അരോഗദൃഢഗാത്രനായി നടന്നിരുന്നവന്‍ എത്രപെട്ടെന്നാണ് ആരോഗ്യക്ഷയം വന്നവനാകുന്നത്. ഒരാള്‍ അറുപത് വര്‍ഷം ജീവിക്കുമെന്ന് സങ്കല്‍പിച്ചാല്‍ പോലും അതവന് നഷ്ടമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം. കാരണം അറുപതില്‍നിന്ന് പകുതിയോളം രാത്രി ഉറങ്ങിത്തീര്‍ന്നു പോകുന്നു. ബാക്കിയുള്ള മുപ്പതില്‍നിന്ന് പതിനഞ്ചും കുട്ടിക്കാലമായി തീര്‍ന്നു പോയിട്ടുണ്ടാകും. എല്ലാം കൂട്ടിക്കിഴിച്ചാല്‍ കിട്ടുന്ന ബാക്കി പതിനഞ്ചില്‍തന്നെ ജീവിത പ്രാരാബ്ധങ്ങളും പ്രതിസന്ധികളും ആരോഗ്യ പ്രശ്‌നങ്ങളും സംബന്ധിച്ച നെട്ടോട്ടവുമായിരിക്കും. ഇഹലോകജീവിതത്തിനു ശേഷം വരുന്ന അന്ത്യമില്ലാത്ത ജീവിതത്തെക്കുറിച്ച് എന്തുകൊണ്ട് മനുഷ്യന്‍ ചിന്തിക്കാതെ പോകുന്നു?''