ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ശബീബ് സ്വലാഹി

2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24
ഇസ്ലാം വിമര്‍ശകരുടെ ഏറ്റവും വലിയ പ്രചാരണായുധങ്ങളില്‍ ഒന്നാണ് സ്ത്രീകളുടെ അനന്തരാവകാശ സ്വത്തുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍. ഗഹനമായ പഠനത്തിന്‍റെയൊ മനനത്തിന്‍റെയൊ അടിസ്ഥാനത്തിലല്ല ഈ വിമര്‍ശനങ്ങളൊന്നും തന്നെ എന്നത് അവരുടെ വാദങ്ങളെ വിശകലനം ചെയ്താല്‍ ബോധ്യമാവും. ഇസ്ലാമിന്‍റെ അനന്തരാവകാശ നിയമങ്ങളെ കുറിച്ച മൗലികമായ പഠനം.

ഇസ്ലാം ലോകരക്ഷിതാവായ അല്ലാഹുവില്‍നിന്നുള്ള മതമാണ്. അതുകൊണ്ടുതന്നെ ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന വിധിവിലക്കുകളെല്ലാം അന്യൂനവും സമ്പൂര്‍ണവുമാണ്. ഇസ്ലാമിനെയും അതിന്‍റെ വിധിവിലക്കുകളെയും ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും കടന്നുവന്നവരെല്ലാം അതിന്‍റെ ദൈവികതയുടെ മുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് എക്കാലത്തും കണ്ടിട്ടുള്ളത്. വിമര്‍ശകരുടെ ജല്‍പനങ്ങള്‍ക്ക് മുന്നില്‍ ഇസ്ലാം എന്നും പ്രശോഭിതമാവുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് അപ്രകാരം ഇനിയും തുടരുകയും ചെയ്യും.

"അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണുദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു"(ക്വുര്‍ആന്‍ 61:8).

അത്തരം വിമര്‍ശനങ്ങളിലുള്‍പെടുന്ന ഒന്നാണ് ഇസ്ലാമിലെ അനന്തരവകാശ നിയമങ്ങളുമായി ബന്ധപ്പെട്ടത്; പ്രത്യേകിച്ചും സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍.  ഇസ്ലാമിനെതിരില്‍ ഉന്നയിക്കപ്പെടാറുള്ള മറ്റു വിമര്‍ശനങ്ങളെ പോലെത്തന്നെ കഴമ്പില്ലാത്ത വിമര്‍ശനം മാത്രമാണിതെന്ന്  പ്രസ്തുത വിഷയം വസ്തുനിഷ്ഠമായി പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്.

എന്നാല്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശ്വസിച്ച്, ഇസ്ലാമിനെ തെറ്റുധരിച്ച പലരെയും നമുക്ക് കാണാന്‍ സാധിക്കും. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന പരിഗണനയെ  മനസ്സിലാക്കാതെ തെറ്റുധാരണകളില്‍ അകപ്പെട്ടവരും ബോധപൂര്‍വം ആശയക്കുഴപ്പങ്ങള്‍ പടച്ചുവിടുന്നവരും സമൂഹത്തിലുണ്ടെന്നത് ഒരു യാഥാര്‍ഥ്യവുമാണ്.

സ്ത്രീക്ക് പുരുഷന്‍റെ പകുതി അനന്തരസ്വത്ത് മാത്രമാണ് ഇസ്ലാം നല്‍കുന്നത് എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ക്കിടയിലെ ഏറ്റവ്യത്യാസത്തിന്‍റെ മാനദണ്ഡം സ്ത്രീ പുരുഷ വേര്‍തിരിവല്ല എന്നതാണ് വസ്തുത. അനന്തരാവകാശത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീയുടെയും പുരുഷന്‍റെയും ഓഹരികള്‍ക്കിടയില്‍ വരുന്ന ഏറ്റവ്യത്യാസത്തെ സ്ത്രീകള്‍ക്കുള്ള പരിഗണനക്കുറവായി കാണുകയാണ് ചിലര്‍ ചെയ്യുന്നത്. ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ആത്മാര്‍ഥമായി പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും അനന്തരവകാശത്തിലെ വേര്‍തിരിവിന്‍റെ അടിസ്ഥാന പാഠങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഇസ്ലാമില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിഭജിച്ചിരിക്കുന്നത്. അവ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:

ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം.

രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം.

മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും.

ഇനി ഇവ ഓരോന്നും സംക്ഷിപ്തമായി നമുക്ക് മനസ്സിലാക്കാം:

ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം:

ഈ തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തരവകാശികള്‍ക്കിടയിലുള്ള ബന്ധത്തിന്‍റെ അടുപ്പം വര്‍ധിക്കുന്നതിനനുസരിച്ച്  അവര്‍ക്കിടയിലെ ഓഹരിയിലും വര്‍ധനവുണ്ടാവും. അപ്രകാരം ബന്ധം അകലുന്നതിനനുസൃതമായി ഓഹരിയില്‍ കുറവും സംഭവിക്കും. അനന്തരാവകാശികള്‍ക്കിടയിലെ ലിംഗവ്യത്യാസം ഇവിടെ പരിഗണിക്കപ്പെടുകയില്ല. അതിനൊരു ഉദാഹരണം കാണുക: ഒരാള്‍ മരണപ്പെട്ടു. ഉമ്മയും ഉപ്പയുമൊത്ത രണ്ട് സഹോദരികളും ഉപ്പയൊത്ത രണ്ട് സഹോദരന്മാരുമാണ് അയാള്‍ക്കുള്ള അനന്തരവകാശികള്‍. അദ്ദേഹത്തിന്‍റെ സ്വത്ത് മൊത്തം ആറായി ഭാഗിച്ച് രണ്ട് ഓഹരികള്‍ വീതം സഹോദരിമാര്‍ക്കും ഓരോ ഓഹരി വീതം സഹോദരന്മാര്‍ക്കും  നല്‍കപ്പെടും. ആറ് ഓഹരിയില്‍ നാല് ഓഹരി സഹോദരിമാര്‍ക്കും രണ്ട് ഓഹരി സഹോദരന്മാര്‍ക്കുമെന്ന് ചുരുക്കം.

ഇവിടെ സ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി മാത്രമാണ് പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നത്. അതിനുള്ള കാരണം മരണപ്പെട്ട വ്യക്തിയിലേക്ക് ഉമ്മയിലൂടെയും ഉപ്പയിലൂടെയും സഹോദരിമാരുടെ ബന്ധം സ്ഥാപിക്കപ്പെടുമ്പോള്‍ ഉപ്പയിലൂടെ മാത്രമാണ് സഹോദരന്‍മാരുടെ ബന്ധം സ്ഥാപിക്കപ്പെടുന്നത്. വിമര്‍കര്‍ ഉന്നയിക്കുന്നതുപോലെയാണ് കാര്യമെങ്കില്‍ ആറ് ഓഹരിയില്‍ നാല് ഓഹരി സഹോദരന്മാര്‍ക്കും രണ്ട് ഓഹരി മാത്രം സഹോദരിമാര്‍ക്കും നല്‍കപ്പെടുമായിരുന്നു. ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം അടിസ്ഥാനപ്പെടുത്തി:

സ്വാഭാവികമായും ജീവിതത്തിലേക്ക് കാലെടുത്തുവച്ചിട്ടുള്ള, ജീവിതഭാരങ്ങള്‍ വഹിക്കേണ്ടതായി വരുന്ന പുതുതലമുറയുടെ ഓഹരികള്‍ മുതിര്‍ന്ന തലമുറയുടേതിനെക്കാള്‍ കൂടുതലായിരിക്കും. ഇവിടെയും അനന്തരാവകാശികള്‍ക്കിടയിലെ സ്ത്രീപുരുഷ വ്യത്യാസമല്ല പരിഗണിക്കുന്നത്. ഉദാഹരണം കാണുക: ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ക്ക്  അനന്തരാവകാശികളായുള്ളത് പിതാവും ഒരു മകനുമാണെന്ന് കരുതുക. അയാളുടെ സ്വത്ത് മൊത്തം ആറ് ഓഹരിയായി തിരിച്ച് അതില്‍ ഒരു ഓഹരി പിതാവിനും ബാക്കിയുള്ള അഞ്ച് ഓഹരി ആ മകനുമാണ്.

പിതാവും മകനും പുരുഷന്മാരാണെന്നത് അവര്‍ക്കിടയില്‍ സ്വത്ത് തുല്യമായി വീതിക്കപ്പെടാന്‍ കാരണമായില്ല. ചിന്തിക്കുന്ന ഏതൊരാള്‍ക്കും  ഇതിന്‍റെ  പിന്നിലെ, അല്ലാഹുവിന്‍റെ ഉന്നതമായ യുക്തി കണ്ടത്താന്‍ സാധിക്കും.

ഒരു ഉദാഹരണം കൂടി കാണുക: ഒരാളുടെ സ്വത്തിന് അവകാശികളായുള്ളത് ഭര്‍ത്താവും ഒരു മകളും മാത്രമാണെന്ന് കരുതുക. സ്വത്ത് നാല് ഓഹരിയായി ഭാഗിച്ച് ഒരു ഓഹരി ഭര്‍ത്താവിനും  മൂന്ന് ഓഹരി മകള്‍ക്കും നല്‍കപ്പെടും.

ഇവിടെയും സ്ത്രീപുരുഷ വേര്‍തിരിവെന്നത് മാനദണ്ഡമല്ലെന്ന് സുവ്യക്തമാണ്. വിമര്‍ശകര്‍ പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ സ്വത്ത് മൂന്ന് ഓഹരിയാക്കി രണ്ട് ഓഹരി ഭര്‍ത്താവിനും ഒരു ഓഹരി മകള്‍ക്കുമാണ് നല്‍കപ്പെടേണ്ടത്.

മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തി:

ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ സ്ത്രീപുരുഷ വേര്‍തിരിവ് തോന്നിയേക്കാവുന്ന ഒരേയൊരു മാനദണ്ഡം ഇതുമാത്രമാണ്. എന്നാല്‍ ഇതില്‍പോലും സ്ത്രീകളോട് അതിക്രമം കാണിക്കുകയോ അവരുടെ അവകാശങ്ങളില്‍ കുറവുവരുത്തുകയോ ചെയ്യുന്നില്ല. ആണ്‍മക്കളെയും പെണ്‍മക്കളെയും പോലെ അനന്തരാവകാശികള്‍ ബന്ധത്തിന്‍റെ കാര്യത്തില്‍ തുല്യരാവുകയും അവര്‍ ഒരേ തലമുറയില്‍ പെട്ടവരാകുകയും ചെയ്താല്‍ അവര്‍ക്കിടയില്‍ അനന്തരസ്വത്ത് വീതിക്കുന്നതിലെ ഏറ്റവ്യത്യാസത്തിന്‍റെ മാനദണ്ഡം അവരുടെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുകൊണ്ടാണ് അനന്തരസ്വത്ത് വീതിക്കുന്നതിലെ പൊതുഅടിസ്ഥാനമായി സ്ത്രീപുരുഷ വ്യത്യാസം ക്വുര്‍ആന്‍ പരാമര്‍ശിക്കാതിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

കുടുംബത്തെ പോറ്റേണ്ട ബാധ്യതയും ഉത്തരവാദിത്തവും പുരുഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത്തരത്തിലുള്ള ഒരു ബാധ്യതയും ഇസ്ലാം നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ തനിക്ക് ലഭിക്കുന്ന ഏതുതരം സമ്പത്തും തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി. കാരണം സഹോദരി എന്ന നിലയ്ക്ക് അവളുടെ സംരക്ഷണോത്തരവദിത്തവുംബാധ്യതയുംഅവളുടെസഹോദരനും, ഭാര്യ എന്ന നിലയ്ക്ക് അവളുടെയും അവളുടെ മക്കളുടെയും സംരക്ഷണോത്തരവാദിത്തവും ബാധ്യതയും അവളുടെ ഭര്‍ത്താവിനുമാണുള്ളത്. തദടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തന്‍റെ ഇരട്ടി അനന്തരാവകാശമായി ലഭിച്ചിട്ടുള്ള സഹോദരനെക്കാള്‍ വലിയ പരിഗണനയാണ് ഇസ്ലാം അവള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാണ്. സാമ്പത്തിക ഉത്തരവാദിത്തം അവളില്‍ ഏല്‍പിക്കപ്പെടാതിരുന്നിട്ടും സ്ത്രീയെന്ന നിലയിലുള്ള അവളുടെ ദൗര്‍ബല്യം അംഗീകരിച്ചുകൊണ്ടും പ്രയാസഘട്ടങ്ങളില്‍ ജീവിതത്തിന് സുരക്ഷിതത്വം നല്‍കുന്നതിനുമാണ് അല്ലാഹു അവള്‍ക്ക് ഈ ഓഹരി നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. ഇത് പലര്‍ക്കും ബോധ്യപ്പെടാതിരിക്കുന്നതാണ് പ്രശ്നം. ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വം ദുഷ്പ്രചാരണം നടത്തുന്നവരെ തിരുത്താനാവില്ല.

അനന്തരസ്വത്തിന്‍റെ വിതരണത്തിലെ ഭാഗികമായ ഈ ഏറ്റവ്യത്യാസത്തെ സ്ത്രീകളോടുള്ള അവഗണനയായി കാണുന്ന, മതമുള്ളവരും ഇല്ലാത്തവരുമായ ആളുകള്‍ ഇസ്ലാമിലെ അനന്തരാവകാശത്തിലെ വ്യത്യസ്ത അവസ്ഥകളെ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.

സ്ത്രീപുരുഷ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക സ്വത്തവകാശനിയമത്തെ നാലായി വേര്‍തിരിക്കാം:

1. പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍ (നാല് സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത്തരം അവസ്ഥകള്‍ ഉള്ളത്).

2. പുരുഷന് തുല്യമായ ഓഹരി സ്ത്രീക്കും ലഭിക്കുന്ന അവസ്ഥ. (ഒന്നാമത്തെ അവസ്ഥയെക്കാള്‍ ഇരട്ടിയിലധികം രണ്ടാമത്തെ അവസ്ഥയാണുള്ളത്).

3. സ്ത്രീക്ക് പുരുഷനെക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന അവസ്ഥ (ഇത് പത്തിലേറെ സന്ദര്‍ഭങ്ങളിലുണ്ട്).

4. സ്ത്രീക്ക് ഓഹരി ലഭിക്കുകയും അതേസമയം തുല്യസ്ഥാനത്തുള്ള പുരുഷന് അനന്തരാവകാശം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

അതായത് സ്ത്രീക്ക് പുരുഷന്ന് തുല്യമോ അതിനെക്കാള്‍ കൂടുതലോ ആയ ഓഹരി ലഭിക്കുന്ന മുപ്പതിലേറെ സന്ദര്‍ഭങ്ങള്‍ ഇസ്ലാമിക അനന്തരാവകാശ നിയമത്തിലുണ്ട്. അതേസമയം പുരുഷനെക്കാള്‍ കുറവ് ഓഹരി അവള്‍ക്ക് ലഭിക്കുന്ന നാല് സന്ദര്‍ഭങ്ങള്‍ മാത്രമാണുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ ഉദാഹരണസഹിതം നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:

പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍

ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തിയാണ് പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍ ഉള്ളത് എന്നും അവ നാല് അവസരങ്ങളില്‍ മാത്രമാണുള്ളതെന്നും നമ്മള്‍ മുമ്പ് മനസ്സിലാക്കി. പുരുഷനെക്കൊണ്ട് സ്ത്രീ ശിഷ്ടം ഓഹരിക്കാരാവുക എന്ന ഗണത്തിലാണ് ഇവയിലെ രണ്ട് അവസ്ഥകള്‍ ഉള്‍പ്പെടുക. ഇവിടെ മാത്രമാണ് ഒരു പുരുഷന് രണ്ട്സ്ത്രീകള്‍ക്കുള്ള ഓഹരിയാണുള്ളത് എന്ന തത്ത്വം ബാധകമാകുന്നത്.

എന്നാല്‍ ബാക്കി രണ്ട് അവസ്ഥകള്‍ ഈ പൊതുതത്ത്വത്തിനുള്ളില്‍ വരുന്നതല്ല. ഓരോന്നും ഉദാഹരണങ്ങളിലൂടെ നമുക്ക് കൂടുതല്‍ മനസ്സിലാക്കാം.

പുരുഷനെക്കൊണ്ട് സ്ത്രീ ശിഷ്ടം ഓഹരിക്കാരിയാകുന്ന അവസ്ഥ. (ഒരുപുരുഷന് രണ്ട് സ്ത്രീകള്‍ക്കുള്ള ഓഹരിയാണുള്ളത് എന്ന തത്ത്വം ബാധകമാകുന്നത്).

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരവകാശികളായുള്ള മകനും മകളുമാകുക. മക്കളെന്ന ഗണത്തില്‍ മകന്‍റെ മകളും മകന്‍റെ മകനും ഉള്‍പ്പെടും.

അല്ലാഹുപറയുന്നു: "നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് 'വസ്വിയ്യത്ത്' ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്."

'ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്' എന്ന തത്ത്വത്തെ പൊതുവല്‍കരിച്ചു കാണിക്കാനാണ് വിമര്‍ശകര്‍ സാധാരണയായി ശ്രമിക്കാറുള്ളത്.  ഒന്നാമതായി നാം അറിയേണ്ടത് ഈ തത്ത്വം പുരുഷനെക്കൊണ്ട് സ്ത്രീ 'അസ്വബ'യായി മാറുന്ന അവസരത്തില്‍ മാത്രമാണ് ബാധകം എന്നാണ്.

ഉദാഹരണം കാണുക:

മേല്‍വിവരിച്ച രണ്ട് അവസ്ഥകളിലും സഹോദരിമാര്‍ എന്ന നിലയ്ക്ക് അവരുടെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അവരുടെ സഹോദരന്മാരിലാണ് ഇസ്ലാം ചുമതലപ്പെടുത്തിയിട്ടുള്ളത്. അതിന്‍റെ ഭാഗമായാണ് സഹോദരിമാരെക്കാള്‍ ഒരു ഓഹരി കൂടുതലായി സഹോദരനു നല്‍കാനുള്ള കാരണം.

2. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരാവകാശികളായുള്ളത് ഉപ്പയും ഉമ്മയും ഒത്ത സഹോദരനും സഹോദരിയുമാവുക. അല്ലെങ്കില്‍ ഉപ്പയൊത്ത സഹോദരനും സഹോദരിയുമാവുക.  

'ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്' എന്ന പൊതുതത്ത്വമല്ലെങ്കിലും സ്ത്രീകള്‍ക്കുള്ളതിന്‍റെ ഇരട്ടി പുരുഷന് എന്ന് തോന്നാവുന്ന രണ്ട് അവസ്ഥകള്‍:

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരവകാശികളായി അയാള്‍ക്കുള്ളത് മാതാവും പിതാവും മാത്രമാകുക.

ഈ ഘട്ടത്തില്‍ മാതാവ് നിശ്ചിത ഓഹരിക്കാരിയും പിതാവ് ശിഷ്ടം ഓഹരിക്കാരനുമാണ്. അല്ലാഹു പറയുന്നത് കാണുക:

'ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ അയാളുടെ അനന്തരവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിനു മൂന്നിലൊരുഭാഗമുണ്ടായിരിക്കും.'

നിശ്ചിത ഓഹരിക്കാരിയായ ഉമ്മ മൂന്നിലൊന്നെടുത്താല്‍ ബാക്കിവരുന്ന രണ്ട് ഓഹരി ശിഷ്ടമോഹരിക്കാരനായ പിതാവിനായിരിക്കും ലഭിക്കുക.

ഇവിടെ അനന്തരാവകാശികള്‍ തമ്മിലുള്ള ബന്ധം നോക്കൂ. അവര്‍ ഭാര്യയും ഭര്‍ത്താവുമാണ്. സ്വാഭാവികമായും ഭാര്യയെ സംരക്ഷിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും അവളുടെ ഭര്‍ത്താവിനു തന്നെയാണുള്ളത്. ഈ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിനാല്‍ അതിനുള്ള സഹായം എന്ന നിലയ്ക്ക് തന്നെയാണ് തന്‍റെ ഭാര്യയെക്കാള്‍ ഇരട്ടി ഓഹരി ഭര്‍ത്താവിന് അഥവാ പരേതന്‍റെ പിതാവിന് ഇസ്ലാം വകവച്ചുനല്‍കിയത് എന്ന് വ്യക്തമാണ്.

2. ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ഓഹരികള്‍ തമ്മിലുള്ള അനുപാതത്തിലും സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ച് അനന്തരവകാശികളാകുന്ന അവസ്ഥയുണ്ടാവുകയില്ല.

"നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചുപോയതിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു; അവര്‍ക്ക്  സന്താനമില്ലെങ്കില്‍. എനി, അവര്‍ക്ക്  സന്താനമുണ്ടായിരുന്നാല്‍, അവര്‍ വിട്ടേച്ചുപോയതില്‍നിന്നും നാലിലൊന്ന് നിങ്ങള്‍ക്കുണ്ടായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമാണ് (ഇതെല്ലാം). നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടുപോയതില്‍നിന്നും അവര്‍ക്ക്  നാലിലൊന്നുമുണ്ടായിരിക്കും. എനി, നിങ്ങള്‍ക്ക് സന്താനം ഉണ്ടായിരുന്നെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വിട്ടുപോയതില്‍നിന്നും അവര്‍ക്ക്  എട്ടിലൊന്നുണ്ടായിരിക്കും."

സ്തീപുരുഷ വ്യത്യാസമില്ലാതെ അനന്തരമെടുക്കുന്ന അവസ്ഥകള്‍

സ്ത്രീപുരുഷ വ്യത്യാസമില്ലാതെ സ്വത്ത് അനന്തരമെടുക്കുന്ന അവസ്ഥയുണ്ടെന്ന് നാം മനസ്സിലാക്കി. അത് അല്‍പം വിശദമായി മനസ്സിലാക്കാം. അവയില്‍ പ്രഥമവിഭാഗം മാതാവും പിതാവുമാണ്.

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് പിതാവും മാതാവും ആണ്‍മക്കളുമാകുക: പിതാവും മാതാവും തുല്യമായാണ് അനന്തരമെടുക്കുക. ആണ്‍, പെണ്‍ വ്യത്യാസം പരിഗണിക്കപ്പെടുകയില്ല.

2. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് പിതാവും മാതാവും രണ്ടോ അതിലധികമോ പെണ്‍മക്കളുമാവുക:

3. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായി പിതാവും മാതാവും ഭാര്യയും മകളും ഉണ്ടാവുക:

ഈ ഗണത്തില്‍ വരുന്ന മറ്റൊന്ന് കാണുക:

4. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായി പിതാവും മാതാമഹിയും

(മാതാവിന്‍റെ മാതാവ്) ആണ്‍മക്കളോ, രണ്ടില്‍കൂടുതല്‍ പെണ്‍മക്കളോ ഉണ്ടാവുക. പിതാവുണ്ടായിരിക്കെതന്നെ പരേതനിലേക്ക് ബന്ധംകൊണ്ട് അകന്നുനില്‍ ക്കുന്ന മാതാവിന്‍റ മാതാവിന് പിതാവിന്‍റെ അതേ അവകാശമാണ് ഇസ്ലാം നല്‍കുന്നത്.

2.  ഉമ്മയൊത്ത സഹോദരി സഹോദരന്‍മാര്‍ക്കിടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണ് അനന്തരസ്വത്ത് ഓഹരിവെക്കേണ്ടത്. അല്ലാഹു പറയുന്നത്കാണുക:

"അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരുസഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര-സഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികംപേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും."

ഇതിന്‍റെ രൂപം ചാര്‍ട്ടിലൂടെ നമുക്ക് എളുപ്പം മനസ്സിലാക്കാം.

ഇവിടെനോക്കൂ; സഹോദരനും സഹോദരിയും ഒരുപോലെയാണ് അനന്തരമെടുത്തത്. അവരുടെ അവകാശം തുല്യമാണ്. യാതൊരു വ്യത്യാസവുമില്ല. (അവസാനിച്ചില്ല)