വേണം ഒരു പുതു കേരളം

നബീല്‍ പയ്യോളി

2021 മാര്‍ച്ച് 06 1442 റജബ് 22
കേരളം വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്തുവെക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കുന്നു എന്നതിനപ്പുറം എങ്ങനെ ഭരിക്കുന്നു എന്നതാണ് കേരളത്തിന്‍റെ ഭൂരിപക്ഷ മനസ്സ് നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നത്. കേരളത്തിന്‍റെ ഭാസുര ഭാവിക്കായി മുന്നോട്ടുവെക്കാനുള്ള ഏതാനും നിര്‍ദേശങ്ങള്‍.

രാജ്യം മറ്റൊരു തെരഞ്ഞെടുപ്പു ചൂടിലേക്ക് കടക്കുകയാണ്. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. സംസ്ഥാന ഭരണത്തെ വിലയിരുത്തുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളും ഈ തെരഞ്ഞെടുപ്പുകളില്‍ സജീവ ചര്‍ച്ചയാകും. പ്രത്യേകിച്ച് അസം, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുകളില്‍ സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങള്‍ നിര്‍ണായകമാകും.

പണമൊഴുക്കി ഭരണകൂടങ്ങളെ അട്ടിമറിക്കുന്ന ബിജെപി നയങ്ങള്‍; പ്രത്യേകിച്ചും പശ്ചിമബംഗാള്‍ പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ രാജ്യം ഉറ്റുനോക്കുകയാണ്. മമതാ ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ മാസങ്ങളായി നടക്കുന്ന ഏറ്റുമുട്ടലുകള്‍ക്ക് ജനാധിപത്യത്തിന്‍റെ മറുപടിയാവും തെരഞ്ഞെടുപ്പ് ഫലം എന്ന പ്രത്യാശയിലാണ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍. കാര്‍ഷിക മേഖല കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ മാസങ്ങളായി നടത്തുന്ന സമരങ്ങളോടുള്ള സര്‍ക്കാര്‍ സമീപനവും അടക്കം രാജ്യത്തെ നോട്ട് നിരോധനം, തൊഴിലില്ലായ്മ, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന, കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവകൂടി നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങളില്‍ പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്.

കേരളം ഇനിയുള്ള അഞ്ചുവര്‍ഷം  ആര് ഭരിക്കണമെന്ന് ഏപ്രില്‍ ആറിന് ജനങ്ങള്‍ വിധിയെഴുതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലെ ഒരു മാസത്തോളം ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയും വേണം. മെയ് മാസത്തില്‍ കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും.  പുതിയ സര്‍ക്കാര്‍ മാത്രമല്ല പുതുകേരളം കൂടിയാണ് മെയ്മാസം മുതല്‍ ഉണ്ടാവേണ്ടത്. കേരള ചരിത്രത്തിലെ ഒരു വഴിത്തിരിവായിരിക്കും ഈ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് എന്നതില്‍ പക്ഷാന്തരമില്ല. കേരളം കാലങ്ങളായി പുലര്‍ത്തിപ്പോന്ന വികസന കാഴ്ചപ്പാടുകളെല്ലാം മാറിമറിയുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്. ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്‍റെ ഭരണചക്രം കയ്യടക്കി, ജനാധിപത്യമൂല്യങ്ങളെ കാറ്റില്‍ പറത്തി ഭരണഘടനാ സ്ഥാപനങ്ങളെ പോലും അട്ടിമറിക്കുന്ന കാഴ്ച രാജ്യത്തെ ഏതൊരു പൗരനെയും വേദനിപ്പിക്കുന്നതാണ്. ഏകാധിപത്യത്തിന്‍റെ എല്ലാ ലക്ഷണങ്ങളും അവര്‍ കാണിക്കുന്നുണ്ട്. അതിന്‍റെ പ്രതിഫലനങ്ങള്‍ കേരളത്തിലും ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്.

വര്‍ഗീയ ശക്തികള്‍ക്ക് ഇടം കൊടുക്കാത്തവിധം കേരളം വിധിയെഴുതും എന്ന് മലയാളിക്ക് തീര്‍ത്ത് പറയാന്‍ സാധിക്കും; സാധിക്കണം. അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും വര്‍ഗീയതയെ തഴുകുന്ന, വര്‍ഗീയത ആയുധമാക്കുന്ന അധമന്മാരായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറില്ലെന്നത് പ്രതീക്ഷിക്കാം. വര്‍ഗീയതയല്ല, മറിച്ച് നാടിന്‍റെ വികസനമാണ് തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാകേണ്ടത്. സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കാനും മാന്യമായ ജീവനോപാധികള്‍ ഉണ്ടാവാനും ഏതൊരു പൗരനും ആഗ്രഹിക്കുന്നുണ്ട്. പൗരന്മാരുടെ ക്ഷേമവും നാടിന്‍റെ വികസനവും സമാധാന അന്തരീക്ഷവുമായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണകൂടങ്ങളുടെയും ലക്ഷ്യം. എന്നാല്‍ അധികാരഭ്രമം പിടികൂടുമ്പോള്‍ ഇത് മറക്കുകയാണ് പലരും. ലക്ഷ്യം മറക്കുന്ന അത്തരം രാഷ്ട്രീയ നേതൃത്വങ്ങളെ തിരുത്താനും യഥാര്‍ഥ അജണ്ടകളിലേക്ക് അവരെ തിരിച്ചുകൊണ്ടുവരുവാനും ജനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തം നിര്‍വഹിക്കപ്പെടാതെ പോകുമ്പോള്‍ വഴിതെറ്റിയ രാഷ്ട്രീയം നമ്മുടെ കൂടി നാശത്തിലേക്ക് തള്ളിവിടും. അതിനാല്‍ നമുക്ക് കണ്ണും കാതും തുറന്നിരിക്കാം; പാളം തെറ്റുന്ന പാര്‍ട്ടികള്‍ക്കെതിരെ.

വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും മാറിയ ലോകവും നമ്മുടെ കാഴ്ചപ്പാടുകളെയും സങ്കല്‍പങ്ങളെയും വലിയരീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. കേരളം എന്ന ഒരു കൊച്ചു സംസ്ഥാനത്തു നിന്ന് കാര്യങ്ങളെ നോക്കിക്കണ്ടവരും ചര്‍ച്ച ചെയ്തവരും പുതിയകാലത്ത് ലോകോത്തര കേരളത്തെ കുറിച്ച് ചര്‍ച്ചചെയ്യുന്നത് അതുകൊണ്ട് തന്നെയാണ്. കൊറോണക്കാലത്ത് ഓണ്‍ലൈനായി നാം ലോകത്തെ കണ്ടു, നമ്മുടെ കാഴ്ചപ്പാടുകളില്‍ അത് പല മാറ്റങ്ങളുമുണ്ടാക്കി. നമ്മള്‍ ഇനിയും ബഹുദൂരം മുന്നേറേണ്ടതുണ്ട്. ലോകോത്തര കേരളത്തിലേക്കുള്ള ചുവടുവയ്പിനെക്കുറിച്ചാണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതും രാഷ്ട്രീയ നേതൃത്വങ്ങളെകൊണ്ട് ചര്‍ച്ച ചെയ്യിക്കേണ്ടതും.

വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും പുതിയകാലത്തെ ലക്ഷ്യം വെച്ചാവണം. ഇന്നിന്‍റെ പരിമിതികളില്‍ നിന്നല്ല, പത്ത് വര്‍ഷത്തിനപ്പുറം വരാന്‍ സാധ്യതയുള്ള മാറ്റങ്ങളെയെങ്കിലും മുന്നില്‍ കണ്ടാവണം പദ്ധതികള്‍ പ്ലാന്‍ ചെയ്യേണ്ടത്. പാതയോരങ്ങളിലെ പുതു നിര്‍മിതികള്‍ക്ക് അനുമതി നല്‍കുന്നതിലും നാളെ വരാന്‍ സാധ്യതയുള്ള വികസനത്തെ മുന്നില്‍ കണ്ടുകൊണ്ടാവണം. എന്നാല്‍ ഒരു പരിധിവരെ വികസന പദ്ധതികള്‍ക്ക് ഉണ്ടായേക്കാവുന്ന തടസ്സങ്ങളെ ഇല്ലാതാക്കാന്‍ സാധ്യമാവും.

ഇരുപത്തിയഞ്ച് ലക്ഷം രൂപക്ക് സാമാന്യം നല്ല ഒരു വീട് നമ്മുടെ നാട്ടില്‍ പണിയാന്‍ സാധിക്കുമ്പോഴാണ് 25 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് തൂണും മേല്‍ക്കൂരയും ഉള്ള ബസ് സ്റ്റോപ്പ് നിര്‍മിക്കുന്നത്! സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ ധാരാളം കാണാറുണ്ട്. ട്രോളുകള്‍ക്കപ്പുറം സര്‍ക്കാര്‍ പദ്ധതികളില്‍ ചോര്‍ന്നുപോകുന്ന പൊതുസമ്പത്തിനെ കുറിച്ച് ആലോചിക്കണം. അഴിമതിയും വെട്ടിപ്പും തടയാന്‍ ശക്തമായ സംവിധാനങ്ങള്‍ ഉണ്ടാവുകയും വേണം. സോഷ്യല്‍ ഓഡിറ്റിംഗ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഒരു പരിധിവരെ ഇത്തരം അനീതികളെ ഇല്ലാതാക്കാന്‍ സഹായകമാവാറുണ്ട്. എന്നാല്‍ നിയമപരമായ സംവിധാനവും ഭരണകൂടവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തങ്ങളുടെ സത്യസന്ധതയും സാമൂഹ്യ പ്രതിബദ്ധതയും മറക്കരുത്. അവിഹിതമായി സമ്പാദിക്കില്ലെന്ന് തീരുമാനിക്കുകയും തന്‍റെ കീഴില്‍ ഇത്തരം കൊള്ളരുതായ്മകള്‍ നടക്കില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്താല്‍ അഴിമതികളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കും. അതോടൊപ്പം സര്‍ക്കാര്‍ പദ്ധതികളുടെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ കണ്‍സള്‍ട്ടന്‍സികളും സര്‍ക്കാന്‍ ഏജന്‍സികളും കാണിക്കുന്ന ഗുരുതരമായ കൃത്യവിലോപം വലിയ സാമ്പത്തിക നഷ്ടത്തിനും ജീവഹാനിക്കും കാരണമാവും. പാലാരിവട്ടം പാലത്തിന് ശേഷം കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നടപ്പിലാക്കിയ പദ്ധതികളില്‍ പെട്ട പാലം നിര്‍മാണങ്ങളില്‍ ഉണ്ടായ ക്രമക്കേട് എല്ലാവരും മൗനികളാവാന്‍ കാരണമായിട്ടുണ്ടാവാം. പൊതുഖജനാവില്‍നിന്നും ചെലവഴിക്കുന്ന പണം ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഉദ്ഘാടനത്തിന് വേണ്ടി ബില്‍ഡിങ് സിമന്‍റ് തേക്കുന്നതും പെയിന്‍റ് അടിക്കുന്നതും ഒരേ സമയം നടക്കുന്ന കാഴ്ച കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സര്‍ക്കാരുകളുടെ അവസാന നാളുകളില്‍ പദ്ധതികള്‍ വേഗത്തില്‍ തീര്‍ക്കുമ്പോള്‍ അത് ഉപയോഗിക്കുന്നവരുടെ ജീവന് വിലപറയുകയാണ് ചെയ്യുന്നത് എന്ന തിരിച്ചറിവ് നഷ്ടപ്പെടരുത്. ആ തിരിച്ചറിവില്ലായ്മയാണ് ഇത്തരം കൊള്ളരുതായ്മയിലേക്ക് പലപ്പോഴും നയിക്കുന്നത്. സുതാര്യതയും ആത്മാര്‍ഥതയും സാമൂഹിക പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവും ഒത്തിണങ്ങിയ പദ്ധതികള്‍ മാത്രമെ വികസനരംഗത്ത് ആശാവഹമായ മാറ്റങ്ങള്‍ക്ക് നിതാനമാവുകയുള്ളൂ.

വികസന വിരോധികള്‍ എന്നത് നാം കേട്ടുമടുത്ത വാക്കാണ്. കേരള രാഷ്ട്രീയത്തില്‍ പരസ്പരം വികസന വിരോധം ആരോപിക്കുന്നതും പതിവുകാഴ്ചയാണ്. വികസന പദ്ധതികളോടുള്ള കാഴ്ചപ്പാടുകള്‍ മാറിയാലേ കേരളം മാറുകയുള്ളൂ. ഏതൊരു പദ്ധതിയെയും അന്ധമായി എതിര്‍ക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാവതല്ല. നാടിന്‍റെ നന്മയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ഒന്നിക്കാന്‍ സാധിക്കണം. വികസനം എന്നത് തുടര്‍ച്ചയാണ്; അതിന് ഒടുക്കമില്ല. അതുകൊണ്ട്തന്നെ ഒരു സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ അടുത്ത സര്‍ക്കാര്‍ തുടരേണ്ടതാണ്. നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പാടെ ഉപേക്ഷിക്കുക എന്നത് അപ്രായോഗികമാണ്, പാടില്ലാത്തതാണ്.

ജനങ്ങളെയും പാര്‍ട്ടികളെയുമൊക്കെ വിശ്വാസത്തിലെടുത്തും അവരെ ബോധ്യപ്പെടുത്തിയും മുന്നോട്ട് പോയാല്‍ പദ്ധതികള്‍ വേഗത്തിലും നഷ്ടംകൂടാതെയും  പൂര്‍ത്തിയാക്കാനാവും. അതിനപ്പുറം ജനങ്ങളുടെ പിന്തുണയും ഉണ്ടാവും. എന്തിനെതിരെയും അന്ധമായി പ്രതികരിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന ചിന്ത മാറണം. നിര്‍മാണാത്മകമായ രാഷ്ട്രീയ അന്തരീക്ഷവും രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് പുതുകേരളം ആവശ്യപ്പെടുന്നത്. അനീതിക്കെതിരെ ശബ്ദിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അത് മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണോ നമ്മുടെ നാട്ടിലെ പാര്‍ട്ടികള്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്. സമൂഹത്തിന്‍റെ നന്മയാവണം പാര്‍ട്ടികളുടെ ലക്ഷ്യം, നശീകരണമല്ല. നിര്‍മാണാത്മകമായ പദ്ധതികളും പരിപാടികളുമാണ് പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉണ്ടാവേണ്ടത്.

സമൂഹത്തില്‍ സമാധാനപരമായും ക്രിയാത്മകമായും ഇടപെടാന്‍ ഒരുപാട് ഇടങ്ങളും സാധ്യതകളും നിലനില്‍ക്കെ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറുന്നത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടിന്‍റെകൂടി പ്രശ്നമാണ്. രാജ്യത്തിന്‍റെ ചരിത്രവും തങ്ങള്‍ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്‍റെ ദാര്‍ശനിക അടിത്തറയും പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ വരുന്ന വീഴ്ചയാണ് ഇതിന് കാരണം. രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാവലാണ് പൗരന്‍റെ ദൗത്യം; പ്രത്യേകിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരുടെത്. ഇത് മറക്കുന്നതാണ് വികസന വിരോധികളും അക്രമകാരികളുമായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാറാനുള്ള കാരണങ്ങളില്‍ ഒന്ന്. അക്രമവും അടിച്ചമര്‍ത്തലുകളും ഒന്നിനും പരിഹാരമല്ല. ഇന്ത്യ ലോകത്തിന് സമ്മാനിച്ച സഹനസമരത്തിന്‍റെ മഹത്തായ മാതൃകയുണ്ട്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ ഉടമകളായ ബ്രിട്ടീഷുകാരില്‍നിന്നും രാജ്യം സ്വതന്ത്രമായത് അക്രമ സമരങ്ങളിലൂടെയായിരുന്നില്ല. സമാധാനപരവും എന്നാല്‍ ക്രിയാത്മകവുമായ സമര മുറയ്ക്ക് മുമ്പില്‍ അനീതിയുടെ വക്താക്കള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത് സ്വതന്ത്ര ഇന്ത്യയെന്ന സ്വപ്നം പൂവണിയാന്‍ ഹേതുവായി.

ഇന്ദ്രപസ്ഥത്തില്‍ ഇന്ന് നടക്കുന്ന സമരവും സമാനമാണ്. അക്രമരഹിതമായ കര്‍ഷകസമരത്തില്‍ അക്രമം അഴിച്ചുവിടാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിച്ചുവെങ്കിലും കര്‍ഷകര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി അത്തരം പ്രവണതകളെ മുളയിലേ നുള്ളി. പൗരത്വ സമരത്തിലും ഇതായിരുന്നു അവസ്ഥ. സമാധാനപരമായ സമരങ്ങള്‍ക്ക് മുമ്പില്‍ ഏത് അനീതിയുടെ ഗോപുരങ്ങളും തകര്‍ന്നടിയും; ചരിത്രം സാക്ഷി. എന്നാല്‍ അക്രങ്ങള്‍ നമ്മുടെ നിലപാടുകളെ അനുകൂലിക്കുന്നവരെ പോലും പ്രതിപക്ഷത്ത് നിര്‍ത്തുവാനേ കാരണമാവൂ. അത്തരം സമരങ്ങളെ അടിച്ചമര്‍ത്താനും ഇല്ലായ്മ ചെയ്യാനും ഭരണകൂടത്തിന് എളുപ്പവുമാണ്. അതുകൊണ്ട് പ്രതിഷേധങ്ങളും സമരങ്ങളും സമാധാനപരവും ക്രിയാത്മകവും ആവട്ടെ. അനീതിയെ നീതികൊണ്ട് മേത്രമെ തോല്‍പിക്കാന്‍ സാധിക്കുകയുള്ളൂ. നമ്മള്‍ നശിപ്പിക്കുന്ന ഓരോ പൊതുമുതലും നമുക്ക് തന്നെ ഭാരമാവും. അത് നികുതിയും മറ്റുമായി നമ്മള്‍ തന്നെ തിരിച്ചടക്കേണ്ടതാണ് എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.  

അടിസ്ഥാന സൗകര്യങ്ങള്‍

ഏതൊരു നാടിന്‍റെയും വികസനത്തിന്‍റെ അളവുകോല്‍ അടിസ്ഥാന സൗകര്യങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാലാനുസൃതമായ മാറ്റവും വികസനവും നാടിന്‍റെ പൊതു വികസന പദ്ധതികളുടെ വേഗതയെയും ഫലപ്രാപ്തിയെയും സ്വാധീനിക്കും. റോഡ്, കുടിവെള്ളം, പൊതു ടോയ്ലറ്റുകള്‍, മാലിന്യ സംസ്കരണ സൗകര്യങ്ങള്‍, കേബിള്‍, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതി തുടങ്ങിയവ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട മേഖലകളില്‍ ചിലതാണ്.

ഗതാഗത സൗകര്യങ്ങള്‍ നാടിന്‍റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ്. കേരളത്തില്‍ മികച്ച ഗതാഗത സൗകര്യങ്ങള്‍ വരേണ്ട കാലം അതിക്രമിച്ചു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. മുമ്പ് എക്സ്പ്രസ്സ് ഹൈവേയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇത് കേരളത്തെ കീറിമുറിക്കുന്ന പദ്ധതിയാണെന്നും ഹൈവേയുടെ അപ്പുറത്തുനിന്ന് എതിര്‍വശത്ത് പശുവിനെ കെട്ടാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുമെന്നുമടക്കമുള്ള ബാലിശമായ വാദങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. അതോടെ ഈ പദ്ധതി നടക്കാതെ പോയി.വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അത്തര

മൊരു ഒരു ഗതാഗത സൗകര്യം അനിവാര്യമെന്ന് കേരളം ഒന്നടങ്കം പറയുന്ന അവസ്ഥയിലേക്ക് മാറി. മണിക്കൂറുകള്‍ നടുറോഡില്‍ കിടക്കേണ്ട അവസ്ഥായാണ് കേരളത്തിലെ പ്രധാന നഗരങ്ങളില്‍! നഷ്ടപ്പെട്ടുപോകുന്ന ഈ സമയങ്ങളില്‍ സര്‍ക്കാരുകളെ പഴിപറയുന്നവരാണ് നമ്മളെല്ലാം. അതിന് പരിഹാരം ഉണ്ടായേ തീരൂ. എക്സ്പ്രസ്സ് ഹൈവേയായാലും അതിവേഗ പാതയായാലും കേരളത്തിന്‍റെ തെക്കേ അറ്റംമുതല്‍ വടക്കേ അറ്റംവരെ ഏറ്റവും കുറഞ്ഞ സമയത്ത് എത്താവുന്ന രീതിയില്‍ ഗതാഗത സൗകര്യം വേണം എന്നത് കേരളത്തിന്‍റെ ആവശ്യമാണ്. നിലവിലുള്ള ബൈപാസുകളെയും മറ്റും കോര്‍ത്തിണക്കിയുള്ള പദ്ധതിയാണ് ദ്രുതഗതിയില്‍ നടപ്പാക്കേണ്ടത്. കേരളത്തിന്‍റെ കിഴക്ക് മലയോരപ്രദേശങ്ങളാണ്. അവിടെയും ഗതാഗത സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. പടിഞ്ഞാറ് അറബിക്കടലിനെ തഴുകിയാണ് കേരളം ഉറങ്ങുന്നത്. ജലപാത എന്നത് യാഥാര്‍ഥ്യമാക്കാവുന്ന കാര്യമാണ്. റോഡ്, റെയില്‍, കപ്പല്‍ തുടങ്ങി വിവിധ തരത്തിലുള്ള ഗതാഗത സൗകര്യ വികസനങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് എത്താനുള്ള ആദ്യപടിയാണ്.

കേരളം ജനസാന്ദ്രതയേറിയ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ വികസനങ്ങളില്‍ മാനുഷിക കാഴ്ചപ്പാടുകള്‍ കൂടി പരിഗണിക്കപ്പെടണം. കുടിയൊഴിപ്പിക്കേണ്ടി വരുന്നവര്‍ക്ക് പുനരധിവാസം ഉറപ്പ് വരുത്തുകയും അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം എത്രയും നേരത്തെ ലഭ്യമാക്കുകയും വേണം. കുടിയൊഴിപ്പിക്കലുകള്‍ പരമാവധി കുറച്ചുകൊണ്ടുള്ള അലൈന്മെന്‍റുകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.

മാലിന്യ നിര്‍മാര്‍ജനമാണ് ഈ രംഗത്ത് കേരളം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഏതൊരു ഇടവും വൃത്തിയുണ്ടാവുക എന്നത് നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ്. വിദേശ രാജ്യങ്ങള്‍ ഈ രംഗത്ത് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ നമ്മുടെ നഗരങ്ങള്‍ പലതും ഇന്നും മലീമസവും ദുര്‍ഗന്ധപൂരിതവുമാണ്. അത് മാറണം, മാലിന്യം പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്ന സാമൂഹ്യ ദ്രോഹികളും ധാരാളമുണ്ട്. ജനസാന്ദ്രതകൂടിയ ഇടം എന്ന നിലയില്‍ മാലിന്യ സംസ്കരണത്തിന് പ്രധാന പരിഗണന നല്‍കല്‍ അനിവാര്യമാണ്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാനുള്ള സൗകര്യം വീടുകളിലും കടകളിലും പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ഉണ്ടാവണം. അത് ശേഖരിച്ച് സംസ്കരിക്കാനും പദ്ധതികള്‍ ഉണ്ടാവണം. സംസ്ഥാന തലത്തിലും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും തൊഴിലുറപ്പ്, കുടുംബശ്രീ പദ്ധതികളുടെ പങ്കാളിത്തത്തോടെ ഇത് നടപ്പാക്കാന്‍ സാധിക്കണം.

പാര്‍പ്പിടം

അന്തിയുറങ്ങാനൊരു കൂര എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാല്‍ അത് അന്യമായ ലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ സംസ്ഥാനത്ത് ഇന്നുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അര്‍ഹതരായ ആളുകളെ കണ്ടെത്തുകയും അഴിമതി രഹിതമായി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്താല്‍ അഞ്ചുകൊല്ലം കൊണ്ട് കേരളത്തില്‍ ഭവനരഹിതര്‍ക്ക് മുഴുവന്‍ വീട് നല്‍കാന്‍ സാധിക്കും. അതിനുള്ള ഇച്ഛാശക്തിയും പാവങ്ങളോടുള്ള അനുകമ്പയുമാണ് ആവശ്യം. അതില്ലാത്തതാണ് മണിമാളികളില്‍ അന്തിയുറങ്ങുന്നവര്‍ പാവങ്ങളുടെ ഭവന പദ്ധതിയുടെ മറവില്‍ പോലും തട്ടിപ്പുകള്‍ നടത്തുന്നത്.

വിദ്യാഭ്യാസം

മലയാളികള്‍ സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ അഭിമാനം കൊള്ളുന്നവരാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ മത്സരപരീക്ഷകളിലും മറ്റും പിന്നാക്കം പോകുന്നതിന്‍റെ കാരണം ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്‍റെയും കണ്ണ് തുറപ്പിക്കണം. വിദ്യാഭ്യാസ രംഗത്ത് ലോകം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് നമ്മളും മാറേണ്ടതുണ്ട്. സര്‍വകലാശാലകളിലെ ബന്ധുനിയമനവും അയോഗ്യരുടെ കുത്തിക്കയറ്റവും അധ്യാപക, അനധ്യാപക, വിദ്യാര്‍ഥി സമരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ അനാവശ്യ ഇടപെടലുകളുമെല്ലാം കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതാണ്.

മുമ്പൊരിക്കല്‍ കേരളത്തിലെ ഒരു വിദ്യാഭ്യാസ വിദഗ്ധനുമായി കൂടിക്കാഴ്ച നടത്തവെ ലോകത്ത് വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മാറ്റങ്ങള്‍ കണ്ടറിഞ്ഞതും അത് അനുഭവിച്ചതും അത്തരം പരിഷ്കാരങ്ങള്‍ കേരളത്തിന്‍റെ ഭാവിയില്‍ അനിവാര്യമാണെന്നും അദ്ദേഹം വിശദീരിക്കുകയുണ്ടായി. എങ്കില്‍ അത് കേരളത്തിലും നടപ്പാക്കിക്കൂടേ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് 'ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനധ്യാപക ജീവനക്കാര്‍ ഇത്തരം പരിഷ്കാരങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു' എന്നാണ്. സര്‍വകലാശാലകളില്‍ അക്കാദമിക് ബ്ലോക്കുകളെക്കാള്‍ വലിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കുകളാണ് ഉള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനധ്യാപകരുടെ കയ്യിലാണ് എന്ന് ചുരുക്കം. ദല്‍ഹി യൂണിവേഴ്സിറ്റി പരീക്ഷ ഭവന്‍ ഒരു റൂമോ മറ്റോ ആണെങ്കില്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍റെ വലിപ്പം നോക്കൂ എന്നദ്ദേഹം പറഞ്ഞത് ചിന്തനീയമാണ്. സാങ്കേതിക വിദ്യകള്‍ വളര്‍ന്ന കാലത്തും സാങ്കേതിക കെട്ടിക്കുടുക്കുകള്‍ ഇടാനാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് താല്‍പര്യം. നമ്മുടെ വിദ്യാഭ്യാസം തൊഴിലുമായി ബന്ധിതമല്ല എന്നത് ഒരു പ്രധാന പ്രതിസന്ധിയാണ്. തൊഴില്‍ ബന്ധിത വിദ്യാഭ്യാസ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഇനിയും വൈകരുത്. വിദ്യാഭ്യാസ മേഖലയില്‍ അടിമുടി പരിഷ്കാരങ്ങള്‍ ഉണ്ടായേ തീരൂ.

താളം തെറ്റിയ അധ്യയന ക്രമവും പരീക്ഷകളും സമരങ്ങളും എല്ലാം കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യസത്തിന് പോകേണ്ടി വരുന്നത്. ഇഫ്ളുവും അലിഗര്‍ സര്‍വകലാശാലയുടെ കേന്ദ്രവും എന്‍.ഐ.സ്.ടി അടക്കം ഏതാനും ചില സ്ഥാപനങ്ങളില്‍ മാത്രമാണ് വിരലില്‍ എണ്ണാവുന്ന അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠനത്തിന് എത്തുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുലോം തുച്ചം. വിദ്യാഭ്യാസ രംഗത്ത് നമ്പര്‍ വണ്‍ എന്നവകാശപ്പെടുന്ന കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശ്രയിക്കാത്തതിന്‍റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം ഉണ്ടാക്കിയാല്‍ മാത്രമെ കേരളം ലോകനിലവാരത്തിലേക്ക് വളരൂ. അതോടൊപ്പം ഐ.ഐ.എം, ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളും കേരളത്തില്‍ ഉണ്ടാവേണ്ടതുണ്ട്, വിദേശ സര്‍വകലാശാലകളുടെ കേന്ദ്രങ്ങള്‍ കേരളത്തില്‍ തുടങ്ങാനും നടപടികള്‍ ഉണ്ടാവണം.  

ബാംഗ്ലൂരിലെ അസിംപ്രേംജി വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ഒരു മാതൃകയായി സ്വീകരിക്കാവുന്നതാണ്. വിപ്രോ കമ്പനി അതിന്‍റെ സാമൂഹിക ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം. അതിന്‍റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വലിയ ബഹുമാനം തോന്നി. ഇന്ത്യയില്‍ തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് അസിം പ്രേംജി യൂണിവേഴ്സിറ്റി. കോര്‍പ്പറേറ്റുകള്‍ എല്ലാ മേഖലയിലും കടന്നുകയറി പാവങ്ങളുടെ വയറ്റത്തടിക്കുന്ന വാര്‍ത്തകളാണ് നമ്മള്‍ നിത്യേന കേള്‍ക്കാറുള്ളത്. എന്നാല്‍ ഇവിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിനായി എത്തുന്നു. ബഹുഭൂരിപക്ഷവും പാവപ്പെട്ടവര്‍, ഗ്രാമങ്ങളില്‍നിന്നുള്ളവര്‍. അവര്‍ക്ക് പൂര്‍ണമായോ ഭാഗികമായോ സൗജന്യമാണ് പഠനം. പഠനം പൂര്‍ത്തിയാക്കി തിരിച്ച് തങ്ങളുടെ ഗ്രാമത്തില്‍ പോയി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ജോലി ചെയ്യണമെന്നാണ് കുട്ടികളോട് പറയാറുള്ളത്; നിര്‍ബന്ധിക്കാറില്ല-ഇതായിരുന്നു മേധാവികളുടെ വാക്കുകള്‍. നമുക്കും ഈ മാതൃകയില്‍ സ്വകാര്യ യൂണിവേഴ്സിറ്റികള്‍ക്ക് അംഗീകാരം നല്‍കാം. കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തിയാണ് ഈ സ്ഥാപനം യാഥാര്‍ഥ്യമാക്കിയത്.

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ സംവിധാനങ്ങളെ വിലയ്ക്ക് വാങ്ങുന്ന ഇക്കാലത്ത് സാമൂഹിക പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തിലെ വന്‍കിടക്കാര്‍ക്ക് സാധിക്കാതെ പോകുന്നതെന്തെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അവര്‍ തദ്ദേശ സ്ഥാപനങ്ങളെ വിലക്കെടുത്ത് കിഴക്കമ്പലം മോഡല്‍ നിര്‍മിക്കുന്ന തിരക്കില്‍ സ്വന്തം കമ്പനി നില്‍ക്കുന്ന വാര്‍ഡില്‍ ഒരിക്കലും ജയിക്കാതിരിക്കുന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ കിഴക്കമ്പലം മോഡലല്ല; അസിം പ്രേംജി മോഡലാണ് വേണ്ടതെന്നാണ് ഈയുള്ളവന്‍റെ പരിമിതമായ അന്വേഷണത്തിന്‍റെ വെളിച്ചത്തിലുള്ള അഭിപ്രായം.

കൃഷി

കാര്‍ഷികവൃത്തിക്ക് അനുഗുണമായ നാടാണ് കേരളം. കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ് സമ്മാനിക്കുന്നതാവണം പുതു കേരളം. കാര്‍ഷിക വിഭവങ്ങള്‍ക്ക് താങ്ങുവില, ഉപകരണങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍, സംഭരണം, വിതരണം തുടങ്ങി കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാനും പരിഹാര പദ്ധതികള്‍ നടപ്പിലാക്കാനും പുതുകേരളത്തിനാവണം. ലോകത്ത് വലിയ മാര്‍ക്കറ്റുള്ള ധാരാളം വിഭവങ്ങള്‍ കേരളത്തിന്‍റെ കാര്‍ഷിക മേഖലയിലുണ്ട്. അവയെ കൃത്യമായി ഉപയോഗപ്പെടുത്താനും കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികള്‍ നടപ്പിലാക്കണം. കുത്തകക്കമ്പനികള്‍ തുച്ഛമായ വിലയ്ക്ക് കൈവശപ്പെടുത്തിയ കൃഷിഭൂമി തിരിച്ചെടുത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും പ്രകൃതിയോട് ചേര്‍ന്ന കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കാനും സാധിക്കണം. ഉപഭോക്തൃ സംസ്ഥാനമായ കേരളം കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ തക്കവണ്ണം കേരളത്തിലെ കൃഷിയിടങ്ങള്‍ സജീവമാക്കാനുള്ള പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കാന്‍ സാധിക്കണം. കോവിഡ് കാലത്ത് തുടങ്ങിയ അത്തരം പദ്ധതികള്‍ക്ക് നല്ല തുടര്‍ച്ചയുണ്ടാവണം.

വ്യവസായം

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഹോള്‍സെയില്‍ വില്‍പന നടക്കുന്ന കാലത്താണ് നമ്മള്‍ നിലകൊള്ളുന്നത്. നമ്മുടെ നാട്ടിലെ വ്യവസായ സംരംഭങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തൊഴിലാളി സമരങ്ങളാല്‍ താഴുവീണ നിരവധി വ്യവസായ സംരംഭങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. മാറണം ഈ അവസ്ഥ. മുതലാളിയും തൊഴിലാളിയും അല്ലെങ്കില്‍ തൊഴില്‍ സ്ഥാപനവും തൊഴിലാളിയും തമ്മില്‍ ശത്രുക്കളാണെന്ന മിഥ്യാധാരണ മലയാളിക്കുണ്ടോ എന്ന് സമരങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകും. തൊഴിലാളികളും മുതലാളിമാരും പരസ്പരം ബഹുമാനിക്കാനും പരിഗണിക്കാനും തയ്യാറായാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും. യന്ത്രവല്‍ക്കരണത്തെയും കമ്പ്യൂട്ടര്‍വല്‍ക്കരണത്തെയുമെല്ലാം കണ്ണടച്ച് എതിര്‍ത്ത കൂട്ടത്തില്‍ വ്യവസായങ്ങളെയും നമ്മുടെ നാട് അന്ധമായി എതിര്‍ത്തതാണ് നാടിന്‍റെ സമ്പദ്ഘടനക്ക് താങ്ങായി മാറേണ്ട വ്യവസായങ്ങള്‍ ഇല്ലാതെ പോയത്. കടത്തിന് മുകളില്‍ കടം വാങ്ങിയും ലോട്ടറിവിറ്റും മദ്യപാനികളുടെ പോക്കറ്റടിച്ചുമാണ് കേരളം ജീവിക്കുന്നത്. ഇത് എത്രകാലം സാധിക്കും?

സാമ്പത്തിക അഭിവൃദ്ധിക്ക് പലിശാധിഷ്ഠിതവും ചൂഷണാധിഷ്ഠിതവുമായ സമ്പത്ത് ഘടന എന്നും വിഘാതമാണ്. മലയാളികള്‍ മനസ്സുവെച്ചാല്‍ രാജ്യത്തെ തന്നെ സാമ്പത്തിക ഭദ്രതയുള്ള നമ്പര്‍ വണ്‍ സംസ്ഥാനമായി നമുക്ക് മാറാന്‍ സാധിക്കും, വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാവും എന്ന രാഷ്ട്രീയ പാര്‍ട്ടികളും പ്രഖ്യാപനത്തെ നമുക്ക് മുഖവിലക്കെടുക്കാം, കേരളത്തിന് അനുയോജ്യമായ വ്യവസായ സംരംഭങ്ങള്‍ വരും എന്ന് പ്രതീക്ഷിക്കാം. മാനുഷിക മുഖം നഷ്ടപ്പെട്ട അഴിമതിക്കാരും സാമൂഹിക വിരുദ്ധരുമായ ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന സാജന്‍ അടക്കമുള്ളവരുടെ ഗതി ഇനിയുള്ളകാലത്ത് കേരളത്തില്‍ ആര്‍ക്കും ഉണ്ടാവില്ലെന്ന് കൂടി പ്രത്യാശിക്കാം.

തൊഴില്‍

കഴിഞ്ഞ ഏതാനും മാസങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്തത് തൊഴിലില്ലായ്മയും താല്‍ക്കാലിക, പിന്‍വാതില്‍ നിയമനങ്ങളും ആയിരുന്നു. അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ കേരളത്തിലുണ്ട്. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടവര്‍, അന്യസംസ്ഥാനത്തുനിന്നും വിദേശ രാജ്യങ്ങളില്‍നിന്നും വന്നവര്‍ വേറെയും. എല്ലാവര്‍ക്കും സര്‍ക്കാര്‍ തലങ്ങളില്‍ ജോലി നല്‍കുക എന്നത് അപ്രായോഗികമാണ്. എന്നാല്‍ പൊതു, സ്വകാര്യ മേഖലകളില്‍ ജോലി സാധ്യതകള്‍ സൃഷ്ടിക്കുക എന്നതാണ് അടുത്ത സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്. പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതീക്ഷയില്‍ നിര്‍ത്തുന്ന പി.എസ്.സി പരീക്ഷയിലെ അപ്രായോഗിക കാര്യങ്ങള്‍ തിരുത്തണം. ലിസ്റ്റുകളുടെ നീളം കുറക്കുകയും റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പരമാവധി തൊഴില്‍ ഉറപ്പാക്കുകയും വേണം. 20% പേര്‍ക്ക് മാത്രമെ നിയമനം നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നറിഞ്ഞിട്ടും ബാക്കിയുള്ള എണ്‍പത് ശതമാനം ആളുകള്‍ക്ക് എന്തിന് പ്രതീക്ഷ നല്‍കണം? പരീക്ഷ നടത്തിപ്പിനും മറ്റും നഷ്ടമാവുന്ന കോടികള്‍ വേറെയും. ഇത്തരം അപ്രായോഗിക രീതികള്‍ മാറിയേ മതിയാവൂ. സുതാര്യതയും പ്രായോഗികതയും തൊഴില്‍രംഗത്ത് ഉണ്ടാവണം. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് കൃത്യമായ ഓഡിറ്റിംഗ് ഉണ്ടാക്കുകയും അവരുടെ ജോലികള്‍ ഫലപ്രദമായി ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കെ.എസ്.ആര്‍.ടി.സിയില്‍ പിടിക്കപ്പെട്ടതുപോലെ സര്‍ക്കാര്‍ ജോലിയില്‍ പകരം ആളെ നിയമിച്ച് പുറത്ത് ജോലി ചെയ്യുന്ന കള്ളനാണയങ്ങള്‍ നമ്മുടെ നാട്ടിന് അപമാനമാണ്. അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാവണം. പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുനല്‍കുന്ന തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുകയോ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ തൊഴില്‍ രംഗത്ത് ഉണ്ടാക്കുകയോ ചെയ്യേണ്ടതുണ്ട്. തൊഴില്‍ മേഖലയെ കൂടുതല്‍ ക്രിയാത്മകമാക്കാന്‍ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ഉണ്ടാവണം. ഓരോരുത്തരുടെയും കഴിവുകള്‍ പരിപോഷിപ്പിക്കാനും അവയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും സംവിധാനമുണ്ടാകണം; അത് തൊഴിലിടങ്ങളില്‍ പരിഗണിക്കുകയും വേണം.

വിനോദ സഞ്ചാരം

ദൈവത്തിന്‍റെ സ്വന്തം നാട് എന്നാണ് കേരളത്തെ വിശേഷിപ്പിക്കാറുള്ളത്. പ്രകൃതി രമണീയമായ കേരളം നമ്മുടെ വരുമാനമാര്‍ഗം കൂടിയാണ്. ടൂറിസം രംഗത്ത് വലിയ സാധ്യതകള്‍ കേരളത്തിനുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ കീഴിലും പാര്‍ക്കുകളും വിനോദസഞ്ചാര ഇടങ്ങളും കണ്ടെത്താന്‍ സാധിക്കും. കിഴക്ക് മനോഹരമായ മലകളും പടിഞ്ഞാറ് കടലും കായലും പുഴയും വെള്ളച്ചാട്ടങ്ങളും... ഈ പ്രകൃതിയുടെ മനോഹാരിതയെ ചൂഷണം ചെയ്യാതെ തന്നെ നമുക്ക് ഉപയോഗപ്പെടുത്താം. ടൂറിസം എന്നത് മദ്യവും മയക്കുമരുന്നും ഒക്കെയാണെന്ന തെറ്റിദ്ധാരണ പൊതുവെ ഉണ്ട്. തിരക്കുപിടിച്ച ജീവിതയാത്രയില്‍ മനസ്സിന് കുളിര്‍തേടിയാണ് ഏതൊരാളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നത്. ആനന്ദത്തിനും ഉല്ലാസത്തിനും മനസ്സ് ശാന്തമാവാനുമാണ്. മാനസികനില തകര്‍ക്കുന്ന മദ്യവും മയക്കുമരുന്നും ഒന്നുമല്ല വേണ്ടത്. കുടുംബത്തോടൊപ്പം ആഴ്ചയില്‍ ഒരു ദിവസമോ വൈകുന്നേരങ്ങളിലോ ഒക്കെ ചെലവഴിക്കാന്‍ പറ്റിയ പാര്‍ക്കുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണ് ആവശ്യം. മദ്യവും മയക്കുമരുന്നും തീര്‍ത്ത ഉന്മാദത്തില്‍ സാമൂഹിക ദ്രോഹികള്‍ കാണിക്കുന്ന തോന്നിവാസങ്ങളുടെ ഇടങ്ങളായി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാറുന്നത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ പ്രതികൂല മായി ബാധിക്കുന്നു എന്നത് അധികാരികള്‍ തിരിച്ചറിയാതെ പോകരുത്. അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ഫ്ളാറ്റുകളിലും വീടുകളിലും താമസിക്കുന്നവര്‍ പ്രകൃതിയുടെ തനത് സൗന്ദര്യവും മനോഹാരിതയുമാണ് വിനോദകേന്ദ്രങ്ങളില്‍ ആഗ്രഹിക്കുന്നത്. അനാവശ്യ നിര്‍മിതികളല്ല, പ്രകൃതി സൗഹൃദ ടൂറിസമാണ് കേരളത്തിന് അനുയോജ്യം. ആരോഗ്യ രംഗത്ത് ആയുര്‍വേദം അടക്കമുള്ള കേരളത്തിന്‍റെ സവിശേഷത ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ നമുക്ക് വലിയ സാധ്യതകള്‍ തുറന്നുകിട്ടും. സവിശേഷമായ കാലാവസ്ഥയും പ്രകൃതി രമണീയതയും വിദേശികളെ പോലും കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇതൊക്കെ നമ്മുടെ സമ്പദ്ഘടനയെ പോസിറ്റീവിലേക്ക് എത്തിക്കും. വിനോദ കേന്ദ്രങ്ങളില്‍ സമാധാനപരമായും സുരക്ഷിതമായും സമയം ചെലവഴിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ഫലപ്രദമായി ലഭ്യമാക്കണം.

വേണം വ്യക്തികള്‍ക്കും ചില പെരുമാറ്റച്ചട്ടങ്ങള്‍

തെരഞ്ഞെടുപ്പ് ഒരു യുദ്ധഭൂമിയാണ്, ജയം മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം. ശത്രുവിനെ ഇല്ലാതാക്കാന്‍ എന്തും ചെയ്യാന്‍ യോദ്ധാക്കള്‍ മടിക്കാറില്ല. തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ കാണുന്ന അനാരോഗ്യ പ്രവണതകള്‍ സംസ്കാര സമ്പന്നരായ മലയാളികള്‍ക്ക് അപമാനമാണ്. ലക്ഷ്യം നന്നായാല്‍ മതി മാര്‍ഗം പ്രശ്നമല്ലെന്നത് അവിവേകമാണ്. വിവേകികള്‍ക്ക് ലക്ഷ്യവും മാര്‍ഗവും പ്രധാനമാണ്. ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളും ജയിക്കാനുള്ള മാര്‍ഗമായി കാണരുത്. ചതിപ്രയോഗവും വര്‍ഗീയ ചേരിതിരിവും എല്ലാം താല്‍ക്കാലിക ലാഭം കൊയ്യാനുള്ള മാര്‍ഗമായി കാണുന്നവരുണ്ടാവാം. എന്നാല്‍ അത് വലിയ നാശത്തിന് മാത്രമെ കാരണമാവൂ. നീതിയുക്തവും ആരോഗ്യകരവുമായ തെരഞ്ഞെടുപ്പാണ് ഉണ്ടാവേണ്ടത്. വികസനവും പ്രത്യയശാസ്ത്രങ്ങളുമാണ് തെരഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയാകേണ്ടത്. അനാരോഗ്യ പ്രവണതകള്‍ ഇല്ലാത്ത തെരഞ്ഞെടുപ്പ് കാലം യാഥാര്‍ഥ്യമാക്കാനുള്ള വിവേകം രാഷ്ട്രീയ നേതൃത്വങ്ങള്‍ കാണിക്കേണ്ടതുണ്ട്.