തിരിച്ചറിവിന്‍റെ കോവിഡ് കാലം

മുജീബ് ഒട്ടുമ്മല്‍

2021 മാര്‍ച്ച് 13 1442 റജബ് 29
നാശനഷ്ടങ്ങളോടൊപ്പം ഓരോ ദുരന്തവും സമൂഹത്തിന് കൈമാറുന്നത് തിരിച്ചറിവിന്‍റെ ഒരായിരം പാഠങ്ങളാണ്. ജീവിതത്തെ ചിട്ടപ്പെടുത്തിയ കോവിഡ്കാല ദിനങ്ങളെ മാതൃകയാക്കിയാല്‍ ഒരു പരിധിവരെ നമുക്ക് ഭാവിയില്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ കഴിഞ്ഞേക്കാം.

2019 ഡിസംബറില്‍ മധ്യചൈനയിലെ വുഹാനിലെ മാംസ മാര്‍ക്കറ്റില്‍നിന്ന് ഉല്‍ഭവിച്ചെന്ന് അനുമാനിക്കുന്ന കൊറോണ വൈറസിന്‍റ പിടിയില്‍നിന്ന് ലോകം ഇന്നും മുക്തമായിട്ടില്ല. മാനവരാശിയുടെ ജീവിതവും ഉപജീവനങ്ങളും വ്യവഹാരങ്ങളുമെല്ലാം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായ മഹാമാരിയുടെ കാലം!

ലോക്ക് ഡൗണ്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ്, ക്വാറന്‍റൈന്‍, സെല്‍ഫ് ക്വാറന്‍റൈന്‍, റിവേഴ്സ് ക്വാറന്‍റൈന്‍ തുടങ്ങിയ 'മനോഹരമായ' പദങ്ങളിലൂടെ, സര്‍വാധിപത്യത്തിന്‍റ മേനിനടിച്ച മനുഷ്യനു കിട്ടിയ ഏറ്റവും വലിയ പ്രഹരം. എല്ലാ പ്രതീക്ഷകള്‍ക്കും അറുതിവരുത്തി മനുഷ്യജീവനുകള്‍ കൊയ്തെടുത്തുകൊണ്ട് സംഹാരതാണ്ഡവമാടിയ ഈ മഹാമാരിയുടെ കാലം തിരിച്ചറിവും വീണ്ടുവിചാരവും മനുഷ്യന് പകര്‍ന്നു നല്‍കേണ്ടതായിരുന്നു.

ഒറ്റപ്പെടലിന്‍റെ നീരസം മനസ്സിനെ മടുപ്പിച്ച 'ക്രൂരമായ' ഏകാന്തതയുടെ ഇരയായി മനുഷ്യന്‍ മാറിയതും ഈ പാന്‍ഡമിക് കാലത്താണ്. ഉറ്റവര്‍ മരണപ്പെട്ടപ്പോള്‍ അവസാനമായൊന്നു കാണാനും അനിവാര്യമായ അന്ത്യകര്‍മങ്ങളിലേര്‍പ്പെടാനുമുള്ള ആഗ്രഹങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ വിലങ്ങായതിലെ സങ്കടം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

നിത്യച്ചെലവിനായി അത്യധ്വാനം ചെയ്തിരുന്ന തൊഴിലാളികളുടെ കരങ്ങള്‍ക്ക് അനിവാര്യമായ വിശ്രമമേര്‍പ്പെടുത്തിയപ്പോള്‍ ഉയര്‍ന്നത് വിശന്ന വയറുകളുടെ നിസ്സഹായമായ നെടുവീര്‍പ്പുകളായിരുന്നു. ചെറുകിട വ്യവസായം, കൃഷി, കച്ചവടം മുതലായവയിലൂടെ അന്നം തേടിയവരുടെ നിശ്ചലതയില്‍ തകര്‍ന്ന സ്വപ്നങ്ങള്‍ക്ക് പഴയതുപോലെ ജീവന്‍ നല്‍കാനിനി ആര്‍ക്കാണ് സാധിക്കുക?

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തിരുന്ന കുടിയേറ്റ തൊഴിലാളി കുടുംബങ്ങളുടെ നിരാശമുറ്റിയ മുഖങ്ങളും അവരുടെ കരങ്ങളിലെ നിഷ്കളങ്ക ബാല്യങ്ങളുടെ കരയുന്ന വദനങ്ങളും മനസ്സില്‍നിന്ന് പെട്ടെന്ന് മാഞ്ഞുപോകുന്നവയല്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെ വിശന്നുവലഞ്ഞ് വഴിയോരങ്ങളില്‍ വീണുപൊലിഞ്ഞ മനുഷ്യജീവനുകളെയും മറക്കാന്‍ സാധ്യമല്ല. മധ്യപ്രദേശിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടയില്‍ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ റെയില്‍വേ ട്രാക്കില്‍ വിശ്രമിക്കവെ പാഞ്ഞുകയറിയ ചരക്കുവണ്ടിക്കടിയില്‍ ചതഞ്ഞരഞ്ഞത് കുട്ടികളടക്കമുള്ള 16 കുടിയേറ്റ തൊഴിലാളികളുടെ ജീവനാണ്. അവരുടെ ചിതറിക്കിടക്കുന്ന ശരീരാവയവങ്ങളുടെ ചിത്രങ്ങള്‍ ആരുടെയും കണ്ണു നനയിക്കുന്നതായിരുന്നു.

പാന്‍ഡമിക്കും സാമൂഹികാന്തരങ്ങളും

തൊഴിലിടങ്ങള്‍ അടച്ചുപൂട്ടിയതും കാര്‍ഷികമേഖല നിശ്ചലമായതും ചെറുകിട, ഇടത്തരം കച്ചവട സംരംഭങ്ങള്‍ അകാല ചരമമടഞ്ഞതുമെല്ലാം ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഉപജീവനത്തെ അവതാളത്തിലാക്കിയിട്ടുണ്ട്. അതിന്‍റെ ഫലമായി തൊഴിലില്ലായ്മ ക്രമാതീതമായി വര്‍ധിക്കുകയും വേതനങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്തു. പാന്‍ഡമിക്കാനന്തരം ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 200 ദശലക്ഷം പേര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്.

2020 മരണങ്ങളുടെ വര്‍ഷമായി വിശേഷിപ്പിക്കപ്പെടുന്നു! മനുഷ്യജീവനുകള്‍ക്ക് വിലകല്‍പിക്കാത്ത വിധം വെറും സ്ഥിതിവിവരക്കണക്കുകളില്‍ പരിമിതപ്പെട്ട വര്‍ഷം. ഏകദേശം ഇരുപത് ലക്ഷത്തോളം ആളുകളാണ് കോവിഡ് ബാധയാല്‍ മരണത്തിന് കീഴടങ്ങിയത്. മുതലാളിത്തവും സാമ്രാജ്യത്വവും വാഴുന്ന വികസിത രാജ്യങ്ങളിലാണ് മരണങ്ങളേറെയും നടന്നത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ മനുഷ്യജീവനുകളുടെ വില ഇത്രയേയുള്ളൂ എന്ന് ബോധ്യപ്പെടുത്തുന്നതാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സംഭവ വികാസങ്ങള്‍. കോവിഡ് 19 ശക്തി പ്രാപിച്ചതോടെ ഭക്ഷ്യധാന്യങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ക്കും ക്ഷാമം നേരിടുമെന്ന് ഭയന്ന്, സ്വാര്‍ഥതയില്‍ മലിനമായ മനസ്സിന്‍റെ ഉടമകളായ മനുഷ്യര്‍ പ്രതിരോധത്തിനായി തോക്കുകളും വെടിക്കോപ്പുകളും വാങ്ങിക്കൂട്ടിയത് അമേരിക്കപോലുള്ള സമ്പന്ന രാജ്യങ്ങളിലാണ്.

കോവിഡ് 19ന്‍റെ വ്യാപനത്തിന്‍റെയും മരണങ്ങളുടെയും കണക്കുകള്‍ അവതരിപ്പിച്ച് ജനങ്ങളെ ഭയത്തിന്‍റെയും ആശങ്കയുടെയും നിഴലില്‍ നിര്‍ത്തി അധികാരം വിപുലപ്പെടുത്താനുള്ള ശ്രമങ്ങളും നാം കണ്ടു. അധികാരികളുടെ അരുതായ്മകള്‍ക്കും അനീതിക്കുമെതിരില്‍ ശബ്ദിക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള നിയമ നടപടികളില്‍ തുറുങ്കിലടക്കപ്പെട്ട എത്രയോ പേര്‍ സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായുവിന് വേണ്ടി കേഴുകയാണ്. പ്രതിപക്ഷത്തുള്ളവരും മാധ്യമ പ്രവര്‍ത്തകരും സാധാരണക്കാരുമാണ് വ്യാജമായ കേസുകളുടെ കുരുക്കുകളില്‍ ബന്ധിക്കപ്പെട്ടത്. പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചവരെയും ആരോഗ്യമേഖലയില്‍ നിസ്വാര്‍ഥമായി സേവിച്ചവരെയും വൈറസ് വാഹകരായി ചിത്രീകരിച്ചുകൊണ്ടാണ് അധികാരിവര്‍ഗം നിശ്ശബ്ദരാക്കിയത്. അതിനുവേണ്ടി നിയമനിര്‍മാണങ്ങള്‍വരെ നടത്തി. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെയാണ് കരിനിയമങ്ങളേറെയും രൂപപ്പെടുത്തിയത്.

തങ്ങള്‍ക്ക് വഴങ്ങാത്തവരുടെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് കുരുക്കേര്‍പ്പെടുത്തിയപോലെ നിയന്ത്രണ വലയങ്ങള്‍ക്ക് പുറത്തായ സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങളില്‍ പുളഞ്ഞ അധികാരിവര്‍ഗം ഇന്‍റര്‍നെറ്റ് സ്വാതന്ത്ര്യം ഹനിക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ഭരണകൂടങ്ങള്‍ അവരുടെ അധികാര പരിധികള്‍ നിയമനിര്‍മാണങ്ങളിലൂടെ വിശാലമാക്കുകയും മുതലാളിത്ത മേല്‍ക്കോയ്മയിലൂടെ സമ്പന്നര്‍ തടിച്ചുകൊഴുക്കുകയും ചെയ്തുവെന്നതാണ് ഈ പാന്‍ഡമിക് കാലം നല്‍കുന്ന മറ്റൊരു പാഠം. പല മേഖലകളും സാമ്പത്തികമായി തകര്‍ന്നടിഞ്ഞപ്പോഴും ലോകത്തെവിടെയുമുള്ള സമ്പന്നരുടെ സാമ്പത്തിക വളര്‍ച്ച ക്രമാതീതമായി വര്‍ധിക്കുകയാണുണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഒരു ശതമാനം മാത്രമായ സമ്പന്നര്‍ രാജ്യത്തെ മൊത്തം ആസ്തിയുടെ 39 ശതമാനമാണ് അധീനപ്പെടുത്തിയതത്രെ! അമേരിക്കയിലെ ബില്‍ഗേറ്റ്സ്, സുക്കര്‍ബര്‍ഗ് അടക്കം 650 ഓളം അതിസമ്പന്നരുടെ ആസ്തിയില്‍ വമ്പിച്ച വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചുരുക്കത്തില്‍, ദരിദ്രര്‍ കൂടുതല്‍ നിസ്സഹായതയിലേക്ക് കൂപ്പുകുത്തുകയും സമ്പന്നര്‍ കൂടുതല്‍ സാമ്പത്തികാധീശത്വത്തിലേക്കും അധികാരിവര്‍ഗങ്ങള്‍ കൂടുതല്‍ മേല്‍ക്കോയ്മയിലേക്കും ശക്തിപ്പെടുകയും ചെയ്തുവെന്നതാണ് പാന്‍ഡമിക് കാലത്തെ ഏറ്റവും വലിയ പാഠം.

അനിവാര്യമായ തിരിച്ചറിവ്

മനുഷ്യജീവനെയും ജീവിതത്തെയും നിസ്സാരമായി കാണുന്ന, അധികാരത്തെയും സമ്പത്തിനെയും സമൃദ്ധിയെയും മാത്രം വിലമതിക്കുന്ന മുതലാളിത്ത സാമ്രാജ്യത്വ സംസ്കാരത്തിന്‍റ ഉപോല്‍പന്നമായിട്ടാണ് നടേ സൂചിപ്പിച്ച സാമൂഹികഭേദങ്ങള്‍ നിലകൊള്ളുന്നത്.

അനീതിയും അധര്‍മവും കൊടികുത്തിവാഴും വിധം വിപണിയെ സ്വതന്ത്രവിഹാരത്തിനനുവദിക്കുന്നതാണ് ഇത്തരം സാമ്പത്തികാധീശത്വങ്ങള്‍ അരങ്ങ് തകര്‍ക്കുവാന്‍ കാരണം. അതിനാലാണ് സാമ്പത്തികരംഗം ധാര്‍മികതയിലൂന്നിയതാകണമെന്ന് ചിന്തകന്‍മാര്‍ അഭിപ്രായപ്പെടുന്നത്. സമ്പത്തിലുപരി മനുഷ്യര്‍ക്കും അവരുടെ ജീവനും പ്രാധാന്യം നല്‍കുന്ന, പലിശയും ചൂതാട്ടവും അശ്ലീലതയും അധര്‍മവും അനീതിയുമെല്ലാം നിരാകരിക്കുന്ന സാമ്പത്തികനയം രൂപപ്പെടുത്തുന്നതിന്‍റെ അനിവാര്യത വിളിച്ചോതുന്നതാണ് ഈ പാന്‍ഡമിക് കാലം.

മുതലാളിത്വത്തിന്‍റ സര്‍വസ്വപ്നങ്ങളും തകര്‍ന്നുവീഴാന്‍ കാരണമാകുന്ന സാമ്പത്തിക രംഗത്തെ ധാര്‍മികതയിലൂന്നിയ പ്രായോഗികനയം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റെ മതം കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. അതിനാലാണ് സമാധാനത്തിന്‍റെ മതമായ വിശുദ്ധ ഇസ്ലാമിന് ഭീകരതയുടെ പരിവേഷം നല്‍കാന്‍ സാമ്രാജ്യത്വം കരുക്കള്‍ നീക്കുന്നത്.

ജനസംഖ്യയില്‍ എത്രയോ ന്യൂനപക്ഷമായ സമ്പന്നരില്‍ സമ്പത്ത് പരിമിതമാകുമ്പോള്‍ അതിന്‍റെ രണ്ടര ശതമാനം പാവപ്പെട്ടവന്‍റ അവകാശമാണെന്നാണ് ഇസ്ലാമിന്‍റ പാഠം. സകാത്ത് എന്ന സാങ്കേതിക പദംകൊണ്ട് സമ്പദ്ഘടനയെ 'മോറല്‍ എക്കോണമി'യിലേക്ക് ഇസ്ലാം കൈപിടിച്ചുയര്‍ത്തുന്നു. വിശപ്പ് രഹിതലോകം യാഥാര്‍ഥ്യമാകും വിധം പ്രോജ്വലമാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന സമ്പദ്വ്യവസ്ഥ.

മഹാനായ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസി(റഹി)ന്‍റെ ഭരണകാലം. സകാത്തിലൂടെ ശേഖരിച്ച ധനവും ധാന്യങ്ങളും പൊതുഖജനാവില്‍ കൂട്ടിയിട്ടിരിക്കുന്നു. സകാത്ത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് അത് അര്‍ഹരായവരിലേക്ക് എത്തിച്ചുകൊടുക്കുവാന്‍ ഖലീഫ കല്‍പന കൊടുത്തു. പക്ഷേ, സകാത്ത് സ്വീകരിക്കാന്‍ മാത്രം ദാരിദ്ര്യമനുഭവിക്കുന്നവര്‍ രാജ്യത്തുണ്ടായിരുന്നില്ല! അത്രമാത്രം സമ്പല്‍സമൃദ്ധമായിരുന്നു അന്ന് ആ രാജ്യം. അത് ഇസ്ലാമിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ പ്രായോഗിക രൂപമായിരുന്നു.

മാനവരാശിയെ ഒരുപോലെ സമ്പല്‍സമൃദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുന്ന ഇസ്ലാമിക സാമ്പത്തികനയം സമൂഹത്തില്‍ നടപ്പിലാക്കിയാല്‍ സാമൂഹികാന്തരങ്ങള്‍ അന്യമാകുമെന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. പാന്‍ഡമിക് കാലം അത്തരമൊരു തിരിച്ചറിവിലേക്ക് മാനവരാശിയെ നയിക്കേണ്ടതുണ്ട്.

വിപണിയുടെ ഇസ്ലാമികമാനം

ലോകജനതയില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ സമ്പന്നരിലേക്ക് മാത്രം പരിമിതമാകുന്ന വരുമാനമാര്‍ഗമായി ഇന്ന് വിപണി ആപതിച്ചിരിക്കുന്നു. അവിടെ അരുതായ്മകള്‍ മാത്രം അരങ്ങുവാഴുന്നു. അപരന്‍റെ സമ്പത്ത് അന്യായമായി അധീനപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോള്‍ നഷ്ടപ്പെടുന്നത് ധാര്‍മികതയാണ്. എന്നാല്‍ ഇസ്ലാം അവിടെ ഉദാത്തമായ നിര്‍ദേശങ്ങളാണ് മാനവരാശിയുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അതിലൊന്ന് കച്ചവടത്തില്‍ പരസ്പരം തൃപ്തിയുണ്ടാകണമെന്നതാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

"സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു" (ക്വുര്‍ആന്‍ 4:29).

ഒരിക്കല്‍ മുഹമ്മദ് നബി ﷺ അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. ഒരിടത്ത് ധാന്യങ്ങള്‍ നിറച്ചുവെച്ച് വില്‍പന നടത്തുന്നത് കണ്ട് അദ്ദേഹം തന്‍റെ കരം അതില്‍ പ്രവേശിപ്പിച്ചു. അപ്പോള്‍ അടിയില്‍ നനവ് കണ്ടു. എന്താണിതെന്ന് ചോദിച്ചപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞത് 'പ്രവാചകരേ, അത് മഴ നനഞ്ഞാണ്' എന്നായിരുന്നു. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: 'ഇത് ജനങ്ങള്‍ കാണുംവിധം വെക്കാമായിരുന്നില്ലേ?' എന്നിട്ട് പ്രവാചകന്‍ പറഞ്ഞു: 'കച്ചവടത്തില്‍ പൂഴ്ത്തിവെക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല' (മുസ്ലിം).

കൃത്രിമ ക്ഷാമമുണ്ടാക്കി അവശ്യവസ്തുക്കളുടെ വിലയേറ്റിയും മാര്‍ക്കറ്റുകളിലെ ഉല്‍പന്നങ്ങളുടെ ഉപയോഗിക്കാവുന്ന അവസാന തീയതികള്‍ക്ക് മാറ്റം വരുത്തിയും സാധനങ്ങള്‍ക്ക് കൃത്രിമമായ അലങ്കാരങ്ങള്‍ നല്‍കിയും മായം കലര്‍ത്തിയുമെല്ലാം ഉപഭോക്താവിനെ കബളിപ്പിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ് പ്രവാചകാധ്യാപനങ്ങളില്‍ കാണാനാകുന്നത്.

മറ്റൊന്ന് സത്യസന്ധതയാണ്. ക്വുര്‍ആന്‍ പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക"(ക്വുര്‍ആന്‍ 9:119).

പ്രവാചകന്‍ ﷺ പറഞ്ഞു: "സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ പ്രവാചകന്‍മാരുടെയും സത്യസന്ധരുടെയും രക്തസാക്ഷികളുടെയും കൂടെയാകുന്നു." (തുര്‍മുദി).

"വില്‍ക്കുന്നവനും വാങ്ങുന്നവനും സത്യസന്ധത പാലിക്കുകയും (ന്യൂനതകള്‍) വ്യക്തമാക്കുകയും ചെയ്താല്‍ അവരുടെ കച്ചവടത്തില്‍ അനുഗ്രഹം വര്‍ഷിക്കും. എന്നാല്‍ മറച്ചുവയ്ക്കുകയും കള്ളത്തരം കാണിക്കുകയും ചെയ്താല്‍ അവരുടെ കച്ചവടത്തില്‍ അനുഗ്രഹം മായ്ക്കപ്പെടും" (ബുഖാരി).

വിശ്വസ്തതയാണ് ഇസ്ലാമിക കച്ചവടത്തിലെ മറ്റൊരു പ്രത്യേകത. വഞ്ചനയെ എല്ലാ രംഗങ്ങളിലും ഇസ്ലാം നിരുല്‍സാഹപ്പെടുത്തുകയും അതിനെതിരെ പാരത്രികലോകത്തെ ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ മഹത്തായ ഇസ്ലാമിന്‍റെ നയം നടപ്പിലാക്കുന്നിടങ്ങളിലെല്ലാം ചൂഷണമുക്തമായ വിപണിയെ സൃഷ്ടിക്കാനാകും.

ജനക്ഷേമം; ഇസ്ലാമിക പാഠം

ലോക് ഡൗണില്‍ കുരുങ്ങിയപ്പോള്‍ ജീവിതമാര്‍ഗങ്ങള്‍ അടഞ്ഞു. വിശപ്പിന്‍റെ വിളികള്‍ ഉയര്‍ന്നു. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടഞ്ഞുകിടന്നു. അതോടെ നാടണയാനാവാതെ വഴിയോരങ്ങളില്‍ കുടുങ്ങിപ്പോയ ആയിരങ്ങളുടെ നിലവിളികള്‍ ഇന്നും നൊമ്പരപ്പെടുത്തുന്നവയാണ്. ഭരണകൂടങ്ങളുടെ നിലപാടുകളിലെ കൊള്ളരുതായ്മകളും പൗരന്‍മാരുടെ ജീവനുകള്‍ക്ക് വിലകല്‍പിക്കാതെയുള്ള സമീപനങ്ങളുമെല്ലാം ഇത്തരം പ്രതിസന്ധികള്‍ക്ക് ആഴംകൂട്ടുകയായിരുന്നു. പൗരന്‍മാരുടെ ക്ഷേമങ്ങള്‍ക്കോ അവരുടെ പുനരധിവാസങ്ങള്‍ക്കോ വില കല്‍പിക്കാതെയുള്ള സമീപനമാണ് മിക്കരാജ്യങ്ങളിലും നാം കണ്ടത്.

ഇസ്ലാമിന്‍റെ പ്രായോഗിക നിര്‍ദേശങ്ങള്‍ ഈ രംഗത്തും വെളിച്ചം വീശുന്നുണ്ട്. മുഹമ്മദ് നബി ﷺ ഒരിക്കല്‍ പറയുകയുണ്ടായി: "നിങ്ങളല്ലാവരും ഭരണാധികാരികളാണ്. അതിനാല്‍ ഭരണീയരെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും" (ബുഖാരി)

"ഒരു സംഘത്തിന്‍റെമേല്‍ ഒരാളെ അല്ലാഹു അധികാരപ്പെടുത്തി. അവന്‍ പക്ഷേ, ഗുണകാംക്ഷയോടെ ഭരണനിര്‍വഹണം നടത്തിയില്ല. എങ്കില്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളംപോലും ലഭിക്കുകയില്ല" (ബുഖാരി).

ഖലീഫ ഉമര്‍(റ) തന്‍റെ സഹായിയായ അസ്ലമി(റ)നോടൊപ്പം വേഷപ്രച്ഛന്നനായി ജനങ്ങളുടെ ക്ഷേമാന്വേഷണത്തിനായി രാത്രി നടക്കുകയായിരുന്നു. ഒരു കൊച്ചുവീടിനടുത്ത് എത്തിയപ്പോള്‍, അവിടെ വെളിച്ചം കണ്ടു. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവിടെ അടുപ്പില്‍ ഒരു കലം വെച്ചു തീ കത്തിക്കുന്ന സ്ത്രീയെയും അതിനും ചുറ്റും വിശന്നുകരയുന്ന കുട്ടികളെയും അദ്ദേഹം കണ്ടു.

ഉമര്‍(റ) ചോദിച്ചു: 'ഈ കലത്തില്‍ എന്താണ്?'

സ്ത്രീ പറഞ്ഞു: 'വെറും വെള്ളം. കുട്ടികള്‍ക്ക് ഉറക്കം വരുംവരെ അവരെ സമാധാനിപ്പിക്കാന്‍ വേണ്ടിവെച്ചതാണ്. ഈ നാട്ടിലെ ഭരണാധികാരിയായ ഉമര്‍ ഇതൊന്നും കാണുന്നില്ലല്ലോ!'

ഇത് കേട്ടപ്പോള്‍ ഉമര്‍(റ) അവിടെ നിന്നും നേരെ പൊതുഖജനാവിലേക്ക് പോയി; ഗോതമ്പിന്‍റെ ചാക്കും വെണ്ണയും എടുത്ത് ആ വീട്ടിലേക്കു തിരിച്ചു.

'ഈ ഗോതമ്പുചാക്ക് ഞാന്‍ ചുമക്കാം' എന്ന് അസ്ലം(റ) പലതവണ പറഞ്ഞിട്ടും ഉമര്‍(റ) അതിന് സമ്മതിച്ചില്ല. അദ്ദേഹം തന്നെ ഗോതമ്പുമാവും വെണ്ണയും ചുമന്നു. ആ വീട്ടിലെത്തിയപ്പോള്‍ ഉമര്‍ (റ) തന്നെ അടുപ്പില്‍ തീ ഊതിക്കത്തിച്ച് ഗോതമ്പുമാവ് പാകം ചെയ്തു. ആ സ്ത്രീ നല്‍കിയ ഒരു പാത്രത്തില്‍ അത് വിളമ്പി. എന്നിട്ട് കുട്ടികളെ ഭക്ഷിപ്പിക്കാന്‍ സ്ത്രീയോട് പറഞ്ഞു.

കുട്ടികള്‍ വയറുനിറച്ചു തിന്നു. മിച്ചമുള്ളത് അവിടെ വെച്ച് രണ്ടുപേരും തിരിച്ചുപോകാന്‍ എഴുന്നേറ്റു. വേഷപ്രച്ഛന്നനായ ഭരണാധികാരിയെ തിരിച്ചറിയാന്‍ കഴിയാത്ത സ്ത്രീ ഉമറി(റ)നോട് പറഞ്ഞു:

'നിങ്ങള്‍ ചെയ്ത ഉപകാരത്തിന് അല്ലാഹു നിങ്ങള്‍ക്ക് പ്രതിഫലം നല്‍കട്ടെ. ഭരണം നടത്താന്‍ ഉമറിനെക്കാള്‍ പറ്റിയ ആള്‍ നിങ്ങളാണ്.'

ഉമര്‍(റ) ആ സ്ത്രീയോട് പറഞ്ഞു: 'നിങ്ങള്‍ നാളെ അമീറുല്‍ മുഅ്മിനീന്‍റെ അടുത്തു വരണം. അവിടെ എന്നെ കാണാം' (ഫളാഇലുസ്സ്വഹാബഃ).

ഭരണാധികാരിയാണെങ്കില്‍ പോലും അപരനെ ആദരിക്കാനും പരിഗണിക്കാനുമുള്ള വിശാല മനസ്സുള്ളവരാകണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു.

വേദനിക്കുന്നവന്‍റ കണ്ണീരൊപ്പാനും ഇല്ലായ്മയുടെ നെരിപ്പോടിലെ സങ്കടങ്ങളില്‍ പങ്കുചേര്‍ന്ന് അവരെ സമാശ്വസിപ്പിക്കാനും സഹായിക്കാനും തയ്യാറാകുന്ന വിശ്വാസികള്‍ക്ക് വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്നു.

പ്രവാചകന്‍ ﷺ പറയുന്നു: 'ഒരാള്‍ തന്‍റ സഹോദരനെ സഹായിക്കുന്നിടത്തോളം അല്ലാഹു അവനെ സഹായിച്ചുകൊണ്ടിരിക്കും' (മുസ്ലിം).

ഇബ്നു ഉമര്‍(റ) നിവേദനം; നബി ﷺ പറഞ്ഞു: 'ഒരാള്‍ തന്‍റ സഹോദരന്‍റ ആവശ്യത്തിനായി പുറപ്പെട്ടാല്‍ അതാണ് ഒരു മാസം മദീന പള്ളിയില്‍ ഭജനമിരിക്കുന്നതിനെക്കാള്‍ ഞാനിഷ്ടപ്പെടുന്നത്' (ത്വബ്റാനി).

മാനവികതയുടെ ഉദാത്തമായ മാതൃക വരച്ചുകാണിക്കുന്ന ഇസ്ലാമിന്‍റെ ഏതൊരു സാമൂഹിക നിയമവും ഏതുകാലത്തെയും ഏതുപ്രശ്നത്തെയും അതിജീവിക്കാന്‍ സാധിക്കുന്നതാണെന്ന് ഈ മഹാമാരിയുടെ കാലവും നമ്മെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു.