ജിഹാദ്: മാനവികതയും പ്രതിലോമ ചിന്തകളും

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30
വര്‍ത്തമാനകാലത്ത് ഏറെ തെറ്റുധരിപ്പിക്കപ്പെട്ട പദമാണ് ജിഹാദ്. വിമര്‍ശകരില്‍ മാത്രമല്ല, പ്രമാണങ്ങളില്‍ ഗ്രാഹ്യമുള്ള വിശ്വാസികളില്‍ വരെ കേവലം യുദ്ധവുമായി ബന്ധപ്പെട്ട പദമായി ജിഹാദിനെ മനസ്സിലാക്കിയവര്‍ ഏറെയാണ്. ജിഹാദിനെ കുറിച്ചുള്ള പൊതുബോധം, പ്രവാചകന്റെ അധ്യാപനങ്ങള്‍, ജനാധിപത്യ ഭരണഘടനയില്‍ അതിന്റെ പ്രസക്തി, മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന നിലപാട്... തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

ലോകത്ത് വളരെയേറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തെറ്റുധാരണകള്‍ക്കും വിധേയമായ ഒരു പദമാണ് 'ജിഹാദ്.' ജിഹാദ് എന്നു കേള്‍ക്കുമ്പോള്‍ ഭയംനിറഞ്ഞ ചിന്തകള്‍ പലരുടെയും മനസ്സുകളില്‍ ചേക്കേറുന്നു. ചിലര്‍ നെറ്റിചുളിക്കുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഒരു ഇരട്ടപ്പേരായി പലരും അതിനെ കാണുന്നു. മറ്റുള്ളവരെ തെറിവിളിക്കാനുള്ള ഒരു പദമായും പലരും ജിഹാദിനെയും ജിഹാദിയെയും ഉപയോഗിക്കുന്നു. സമകാലിക കേരള രാഷ്ട്രീയത്തിലും 'ജിഹാദ്' എന്ന പദം മറ്റുള്ളവരുടെ വായടപ്പിക്കാനും അവരെ ഭീകരരായി ചിത്രീകരിക്കാനും ഉപയോഗിക്കുന്നു എന്നതാണ് കൗതുകകരമായ കാര്യം. കോണ്‍ഗ്രസില്‍ 'ജിഹാദി കോണ്‍ഗ്രസ്' എന്ന ഒരു ഗ്രൂപ്പ് ഉദയം ചെയ്തിട്ടുണ്ട് എന്നാണ് ബിജെപി കേരള പ്രസിഡണ്ടിന്റെ പ്രസ്താവന! സിപിഎം 'ജിഹാദിസം' വളര്‍ത്തുന്നു എന്നാണ് സംവിധായകന്‍ അലി അക്ബറിന്റെ ആക്ഷേപം. മുസ്‌ലിംലീഗ് ജിഹാദികളുടെ കൈകളിലാണ് എന്നാണ് പിസി ജോര്‍ജിന്റെ കണ്ടെത്തല്‍. ഇങ്ങനെയൊക്കെയാണ് പൊതുയിടങ്ങളിലെ ചില 'ജിഹാദീ വര്‍ത്തമാനങ്ങള്‍.' പ്രതിയോഗികള്‍ക്കെതിരെ ഭീകരത ആരോപിക്കുന്നതിന് വേണ്ടിയുള്ള സംജ്ഞയായി 'ജിഹാദ്' മാറിയിരിക്കുന്നു.

ജിഹാദും പൊതുബോധവും

ജിഹാദ് എന്ന പദം അമുസ്‌ലിം സാന്നിധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയുള്ള സായുധ ഭീകരതയാണെന്ന പൊതുബോധം സമൂഹത്തില്‍ വ്യാപകമായിട്ടുണ്ട്. മുസ്‌ലിം, അമുസ്‌ലിം വ്യത്യാസങ്ങളില്ലാതെ സമൂഹം പൊതുവില്‍ ഈ പൊതുബോധത്തിന്റെ അടിമകളായി മാറിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. 'ജിഹാദ്' എന്ന പദം ഉറക്കെ ഉരുവിടുവാനുള്ള ധൈര്യം പോലും നഷ്ടപ്പെടുമാറ് പ്രസ്തുത പൊതുബോധം വളര്‍ന്നുപന്തലിച്ചിട്ടുണ്ട്. ജിഹാദ്, മുജാഹിദ് പോലുള്ള പദങ്ങള്‍ ഒഴിവാക്കി പകരം മറ്റുപേരുകള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നുമുള്ള ചിന്തകള്‍ മുസ്‌ലിം സമൂഹത്തില്‍ പോലും പ്രചരിക്കപ്പെടുന്നുണ്ട്!

'ജിഹാദ്' ഒരു അറബി പദമാണ്. അറബി ഭാഷയില്‍ എപ്രകാരമാണ് ഇത് വിവരിക്കപ്പെട്ടിട്ടുള്ളത് എന്ന് പരിശോധിക്കാതെ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടിട്ടുള്ള പ്രചാരണങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രം ജിഹാദിന് അര്‍ഥം നല്‍കാന്‍ ശ്രമിച്ചതാണ് ഈ പദം വളരെയധികം തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം. ലോകപ്രശസ്ത നിഘണ്ടുകള്‍ക്ക് പോലും ഈ അബദ്ധം പിണഞ്ഞിട്ടുണ്ട്. ബോധപൂര്‍വമായ തെറ്റുകളാണെന്ന് വിലയിരുത്തുന്നില്ലെങ്കിലും ഒരു സംഘടിത ദുര്‍വ്യാഖ്യാനത്തിന്റെ ഉപകരണങ്ങളായി അവ മാറിയിട്ടുണ്ട് എന്ന കാര്യത്തില്‍ സന്ദേഹമില്ല.

മലയാളത്തിലെ പ്രസിദ്ധമായ നിഘണ്ടുവാണ് ശ്രീകണ്‌ഠേശ്വരത്തിന്റെ 'ശബ്ദതാരാവലി.' 'ജിഹാത്' എന്നതിന് അത് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്: 'മതപരമായി മുഹമ്മദീയര്‍ നടത്തുന്ന പോര്, മതപ്രചാരണാര്‍ഥം ഇസ്‌ലാം നിയമം അനുശാസിച്ചിട്ടുള്ള വിശുദ്ധയുദ്ധം; കുരിശുയുദ്ധം'. (പേജ് 873). എന്‍ബിഎസിന്റെ ഇംഗ്ലീഷ് മലയാളം നിഘണ്ടുവില്‍ നല്‍കിയിട്ടുള്ളത് 'മുഹമ്മദീയരുടെ വിശുദ്ധ യുദ്ധം (മതത്തിനു വേണ്ടിയുള്ളത്)' എന്നാണ്. Oxford Advanced Learnersല്‍ ജിഹാദിന് നല്‍കിയിട്ടുള്ള വിശദീകരണം ഇങ്ങനെയാണ്: 'Holy war fought by Muslims against those who rejects Islam' (ഇസ്‌ലാം തിരസ്‌കരിക്കുന്നവര്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തുന്ന വിശുദ്ധയുദ്ധം). 'Chambers 20th Century' ജിഹാദിന് നല്‍കുന്ന അര്‍ഥം 'A holy war (for the Muslim faith) എന്നാണ്. 'മുജാഹിദീന്‍' എന്ന വാക്കിന് മെറിയം വെബ്സ്റ്റര്‍ നല്‍കുന്ന അര്‍ഥം 'Islamic guerrilla fighters especially in the Middle East' '(മധ്യ പൗരസ്ത്യ ദേശത്തെ ഇസ്‌ലാമിക് ഗറില്ലാ പോരാളികള്‍' എന്നാണ്. ലോകത്ത് വളരെയധികം സ്വീകാര്യതയുള്ള നിഘണ്ടുകളിലൂടെ 'ജിഹാദ്' എന്ന പദത്തെ അറിയാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളും ഗവേഷകരും 'യുദ്ധം, പോരാട്ടം, ഭീകരത, മതഭ്രാന്ത്, രക്തക്കൊതി' തുടങ്ങിയ അര്‍ഥങ്ങളില്‍ അതിനെ മനസ്സിലാക്കിയാല്‍ അത്ഭുതപ്പെടാനില്ല.

ജിഹാദിന്റെ ആശയം

ജിഹാദ് എന്ന പദം 'ജാഹദ' എന്ന ക്രിയയുടെ ധാതുവാണ്. ജാഹദ എന്ന പദത്തിന് അറബി ഭാഷ നിഘണ്ടുകളിലും ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലും നല്‍കിയിട്ടുള്ള വിവക്ഷ 'സആ വ ഹാവല ബി ജിദ്ദിന്‍, ബദല വുസ്അ്ഹു' (പ്രയത്‌നിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുക, പരമാവധി അധ്വാനിക്കുക) എന്നിങ്ങനെയാണ്. കഠിനമായ പരിശ്രമം, മുഴുവന്‍ കഴിവും ശക്തിയും ഉപയോഗിച്ചുകൊണ്ടുള്ള ശ്രമം എന്നാണ് ജിഹാദിന്റെ യഥാര്‍ഥ ആശയം. ജിഹാദിന് ക്വുര്‍ആനോ ഹദീഥോ എന്തെങ്കിലും നിര്‍വചനം നല്‍കിയതായി കാണാന്‍ സാധിക്കില്ലെങ്കിലും അല്ലാഹുവും റസൂലും അത് ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ ഇസ്‌ലാമിക വിവക്ഷയെക്കുറിച്ച് മനസ്സിലാക്കാന്‍ പ്രയാസമില്ല. പ്രസ്തുത വിവക്ഷയെ ചുരുക്കി ഇങ്ങനെ മനസിലാക്കാം: 'പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതുവിധത്തിലുമുള്ള ത്യാഗപരിശ്രമങ്ങള്‍ക്കും പൊതുവായി പറയപ്പെടുന്ന പേരാണ് ജിഹാദ്.'

ജിഹാദും ക്വുര്‍ആനും

പ്രവാചകജീവിതത്തിലെ സുപ്രധാനമായ രണ്ടു ഘട്ടങ്ങളാണ് മക്ക കാലഘട്ടവും മദീന കാലഘട്ടവും. പ്രവാചകത്വം ലഭിച്ച് പതിമൂന്ന് വര്‍ഷത്തോളം മക്കയിലും പത്ത് വര്‍ഷത്തോളം മദീനയിലുമാണല്ലോ അദ്ദേഹം ജീവിച്ചത്. മക്കയില്‍ പരസ്യപ്രബോധനമോ ഇതരസ്വാതന്ത്ര്യമോ ഒന്നുമില്ലാതെ ത്യാഗങ്ങള്‍ സഹിച്ചാണ് അദ്ദേഹം ജീവിച്ചത്. ജിഹാദുമായി ബന്ധപ്പെട്ടുകൊണ്ട് മക്കയില്‍ അവതരിപ്പിക്കപ്പെട്ട വചനമാണ് സൂറത്തുല്‍ ഫുര്‍ക്വാനിലെ 53ാം വചനം. 'ആകയാല്‍, നീ അവിശ്വാസികളെ അനുസരിക്കരുത്, ഇതു(ക്വുര്‍ആന്‍)കൊണ്ട് അവരോട് വലുതായ ജിഹാദ് നടത്തുകയും ചെയ്തുകൊള്ളുക.' ക്വുര്‍ആനിനെ അംഗീകരിക്കാത്തവരുടെ സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ വിശുദ്ധ ക്വുര്‍ആന്റെ സാരാംശങ്ങളുമായി ജനങ്ങളിലേക്കിറങ്ങുകയും അപ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിബന്ധങ്ങളെ ക്ഷമയോടെ നേരിടുകയും ചെയ്യുക എന്നാണ് ഈ വചനം പ്രവാചകനെ ഉദ്‌ബോധിപ്പിക്കുന്നത്. ആശയപരമായ എതിര്‍പ്പുകളെയും കുതര്‍ക്കങ്ങളെയും ക്വുര്‍ആനിക വചനങ്ങള്‍കൊണ്ട് നേരിട്ട് വൈജ്ഞാനിക ജിഹാദ് നടത്തുവാനാണ് ഈ വചനം ആഹ്വാനം ചെയ്യുന്നത്.

സൂറത്തുല്‍ ഹജ്ജിലെ 78ാം വചനത്തില്‍ പരാമര്‍ശിക്കുന്ന ജിഹാദിന്റെ ആശയവും ഇതുതന്നെയാണ്. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമത്രെ അത്.' ഇബ്‌റാഹീം നബിക്കും മറ്റു പ്രവാചകന്മാര്‍ക്കും അനുഭവിക്കേണ്ടിവന്നതുപോലെ പ്രയാസങ്ങളും എതിര്‍പ്പുകളും നേരിട്ടുകൊണ്ട് ആദര്‍ശത്തില്‍ ഊന്നിയ ജീവിതം നയിക്കാനും ആദര്‍ശം പഠിപ്പിക്കാനുമാണ് ഈ വചനം വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത്. പ്രസ്തുത ആദര്‍ശം സ്വീകരിച്ച് ജീവിതത്തില്‍ ഏറ്റവും ഉദാത്തമായ മാതൃകാജീവിതം നയിച്ച് വരാനിരിക്കുന്ന തലമുറകള്‍ക്ക് മുഴുവന്‍ നന്മയും കാരുണ്യവും പകര്‍ന്നുകൊടുത്ത് മാതൃകായോഗ്യരായി ജീവിക്കുവാനാണ് ഈ വചനത്തില്‍ 'റസൂല്‍ നിങ്ങള്‍ക്കും നിങ്ങള്‍ ജനങ്ങള്‍ക്കും സാക്ഷി (ശഹീദു)കളാവണം' എന്ന് പ്രയോഗിച്ചിട്ടുള്ളത്. അപ്പോള്‍ ജിഹാദിന്റെ യഥാര്‍ഥ ലക്ഷ്യം ആദര്‍ശം മുറുകെപ്പിടിച്ച് ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് നന്മകള്‍ ചൊരിഞ്ഞുകൊടുക്കുക എന്നതാണ് എന്ന് ഈ വചനം പഠിപ്പിക്കുന്നു.

സ്രഷ്ടാവില്‍ പങ്കുചേര്‍ക്കാന്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് നേരെ കഠിനപ്രയത്‌നം നടത്തിയാലും അവരെ അനുസരിക്കരുത് എന്ന് പഠിപ്പിക്കുന്ന വചനത്തില്‍ മാതാപിതാക്കള്‍ നടത്തുന്ന കഠിനപ്രയത്‌നത്തെ സൂചിപ്പിക്കാന്‍ 'ജാഹദ' എന്ന പദം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. 'നിനക്ക് യാതൊരറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് ജിഹാദ് ചെയ്താല്‍ അവരെ നീ അനുസരിച്ചുപോകരുത്' (ക്വുര്‍ആന്‍ 29:8). ഈ വചനത്തില്‍ ജിഹാദിന് സായുധപോരാട്ടമെന്നോ യുദ്ധമെന്നോ അര്‍ഥമില്ലെന്ന് ഏതൊരാള്‍ക്കും പെട്ടെന്ന് മനസ്സിലാകും. ഇസ്‌ലാമിലെ ജിഹാദിന് ഉപര്യുക്ത വചനത്തിലെ ജിഹാദുമായി ബന്ധമില്ലെങ്കിലും ജിഹാദ് എന്ന പദത്തിന് സായുധപോരാട്ടം എന്ന ഒരര്‍ഥമില്ലെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. അതോടൊപ്പം മുസ്‌ലിംകള്‍ മാത്രമല്ല, ഏതൊരാള്‍ ചെയ്യുന്ന കഠിനപ്രയത്‌നത്തെയും ഭാഷയില്‍ ജിഹാദ് എന്നുവിളിക്കാമെന്നും ഈ വചനം സൂചന നല്‍കുന്നു. ജിഹാദ് എന്ന പദത്തിന് വര്‍ഗീയതയുടെ മേലങ്കി നല്‍കേണ്ടതില്ലെന്ന് സാരം.

ജിഹാദ് പ്രവാചക മൊഴികളില്‍

ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം: 'പ്രവാചകന്‍ ﷺ പറഞ്ഞു: എനിക്കുമുമ്പുള്ള ഏതൊരു സമൂഹത്തില്‍ അല്ലാഹു ഒരു നബിയെ നിയോഗിച്ചപ്പോഴും അദ്ദേഹത്തിന് ഉത്തമ ശിഷ്യന്മാരും അനുചരന്മാരും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ അദ്ദേഹത്തിന്റെ ചര്യ മുറുകെ പിടിക്കുകയും കല്‍പന പിന്‍പറ്റുകയും ചെയ്യും. പിന്നീട് അവര്‍ക്ക് പകരം ചില പിന്‍തലമുറകള്‍ വരും. അവര്‍ പ്രവര്‍ത്തിക്കാത്തത് പറയുകയും കല്‍പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യും. അവരോട് വല്ലവനും തന്റെ കൈകൊണ്ട് ജിഹാദ് ചെയ്താല്‍ അവന്‍ വിശ്വാസിയാകുന്നു. അവരോട് വല്ലവനും തന്റെ നാവുകൊണ്ട് ജിഹാദ് ചെയ്താല്‍ അവനും വിശ്വാസിയാകുന്നു. അവരോട് വല്ലവനും തന്റെ ഹൃദയം കൊണ്ട് ജിഹാദ് ചെയ്താല്‍ അവനും വിശ്വാസിയാകുന്നു. അതിനുമപ്പുറം ഒരു കടുകുമണിയോളം പോലും വിശ്വാസമില്ല' (മുസ്‌ലിം 50).

ഈ ഹദീഥില്‍ കൈകൊണ്ടും നാവുകൊണ്ടും ഹൃദയംകൊണ്ടും ജിഹാദ് ചെയ്യാന്‍ പറഞ്ഞത് ആയുധമുപയോഗിച്ചുള്ള പോരാട്ടമല്ല എന്ന കാര്യം വിശദീകരിക്കേണ്ടതില്ലാത്തവിധം വ്യക്തമാണ്.

'സ്വന്തം ശരീരത്തോട് ജിഹാദ് ചെയ്തവനാണ് യഥാര്‍ഥ മുജാഹിദ്' (തുര്‍മുദി 1621) എന്ന് മുഹമ്മദ് നബി ﷺ പറയുകയുണ്ടായി. സ്വന്തം ശരീരത്തെ വെട്ടിപ്പരിക്കേല്‍പിക്കാനല്ലല്ലോ അവിടുന്ന് ഇതുപറഞ്ഞത്. സ്വന്തം ശരീരത്തെ തിന്മകളില്‍നിന്നും സംരക്ഷിച്ച് ദൈവിക നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചിട്ടപ്പെടുത്തുന്നതിനുള്ള കഠിന പ്രയത്‌നമാണ് ഇവിടെ ജിഹാദുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഹജ്ജിനെക്കുറിച്ചും അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം വെട്ടിത്തുറന്നു പറയുന്നതിനെക്കുറിച്ചും ഹദീഥില്‍ വന്നിട്ടുള്ള പ്രയോഗങ്ങള്‍ 'അഫഌലുല്‍ ജിഹാദ്' (ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്) എന്നാണ്. (ബുഖാരി 1520, അബൂദാവൂദ് 4344). ഹജ്ജില്‍ അനുഭവിക്കേണ്ടിവരുന്ന ക്ലേശകരമായ അവസ്ഥയും പ്രതിഫലേച്ഛയോടെ അതിനുവേണ്ടി ചെയ്യുന്ന കഠിനാധ്വാനവുമെല്ലാം ജിഹാദിന്റെ പരിധിയില്‍ വരുന്നു. അതുപോലെ ഭരണാധികാരി നല്‍കുന്ന ശിക്ഷയിലൂടെ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളെക്കുറിച്ച് ചിന്തിക്കാതെ സത്യം പറയുന്നതും ജിഹാദ് ആണെന്നാണ് മുഹമ്മദ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. ഇവിടെയൊന്നും ആയുധമുപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനമോ യുദ്ധമോ ഒന്നുമല്ല ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. മറിച്ച് തിന്മകളോട് രാജിയാവാതെ സ്വന്തം ശരീരത്തെ പാപമുക്തമാക്കുന്നതിന് വേണ്ടിയുള്ള ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്.

ജിഹാദും പണ്ഡിത നിരൂപണവും

മുസ്‌ലിം ലോകത്ത് അറിയപ്പെടുന്ന കാര്യങ്ങള്‍ വ്യവച്ഛേദിച്ച് മനസ്സിലാക്കാന്‍ പ്രാപ്തരായ സമര്‍ഥരായ പണ്ഡിതന്മാര്‍ ജിഹാദ് എന്ന പദത്തിന്റെ യഥാര്‍ഥ വിവക്ഷ വിവരിച്ചിട്ടുണ്ട്. ഇമാംറാഗിബ്(റഹി) ഇങ്ങനെ വിവരിക്കുന്നു: 'ജിഹാദ്' മൂന്ന് തരത്തിലുണ്ട്: പ്രത്യക്ഷ ശത്രുവിനോടുള്ളതും പിശാചിനോടുള്ളതും സ്വന്തം ദേഹത്തോടുള്ളതും' (അല്‍മുഫ്‌റദാത്ത് 132). ഇബ്‌നുതീമിയ(റഹി) പറയുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ്, ജഹ്ദ് എന്ന പദത്തില്‍നിന്നും ഉണ്ടായതാണ്. പൂര്‍ണമായ കഴിവും ഊര്‍ജവും ഉപയോഗിച്ചുകൊണ്ടുള്ള കഠിനാധ്വാനമാണത്. അതില്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, കഴിവും ഊര്‍ജവും പൂര്‍ണമായും വിനിയോഗിക്കുക; രണ്ട്, അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുകയും അവന്റെ അനിഷ്ടത്തെ അകറ്റിനിര്‍ത്തുകയും ചെയ്യുക' (ജാമിഉര്‍റസാഇല്‍ 2/281).

പൈശാചികതയോടുള്ള ചെറുത്തുനില്‍പ്

തിന്മകളുടെ പ്രഭവകേന്ദ്രം പിശാചാണ്. മനുഷ്യമനസ്സില്‍ ദുര്‍ബോധനംനടത്തി മനുഷ്യര്‍ക്ക് തിന്മകളെ അലംകൃതമാക്കി കാണിക്കുന്നതും പിശാചാണ്. ദേഹേച്ഛകള്‍ മിക്കപ്പോഴും പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് വിധേയമാകുന്നതുകൊണ്ട് മനസ്സിനെയും ശരീരത്തെയും പിടിച്ചുനിര്‍ത്തുക വളരെ പ്രയാസമാണ്. 'ഗുസ്തിയില്‍ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തന്‍' എന്ന് നബി ﷺ പറഞ്ഞത് മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാന്‍ എത്രമാത്രം കഠിനാധ്വാനം വേണമെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ജിഹാദിന്റെ ഏറ്റവും പ്രധാനപ്പെട്ടവശം ശത്രുവെ ചെറുക്കുക എന്നതാണ്. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു പിശാചാണ്. പിശാചിനെയും ദേഹേച്ഛയെയും ചെറുക്കുന്നതോടൊപ്പം ഇസ്‌ലാമിനോട് വ്യക്തമായ ശത്രുത വെച്ചുപുലര്‍ത്തുന്നവര്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ നേരിടേണ്ടവിധത്തില്‍ നേരിടാനുള്ള കരുത്താര്‍ജിക്കുകയും ചെയ്യുക എന്നതാണ് ജിഹാദിന്റെ താല്‍പര്യമെന്നാണ് ഇമാം റാഗിബിന്റെ വിശദീകരണത്തില്‍ കാണുന്നത്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ഉണ്ടായേക്കാവുന്ന കായിക പോരാട്ടങ്ങള്‍ മാത്രമാണ് ജിഹാദ് എന്ന തെറ്റായ ധാരണകളെ പണ്ഡിതന്മാര്‍ തിരുത്തുകയാണ്.

ജിഹാദ് നന്മയാണ്; നാശമല്ല

അഗതികള്‍, വിധവകള്‍, അനാഥകള്‍ തുടങ്ങിയ സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ ഏറ്റെടുത്ത് അവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നതും ജിഹാദാണ്. സ്വന്തം ഇഷ്ടങ്ങളെ ബലികഴിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി സമ്പത്തും ശരീരവും സമര്‍പ്പിക്കുന്നവര്‍ ചെയ്യുന്നതും ജിഹാദാണ്. രാത്രികാലങ്ങളില്‍ ഉറക്കമിളച്ച് ദീര്‍ഘമായി ഒരാള്‍ നമസ്‌കരിക്കുമ്പോള്‍ അതും ഒരു ജിഹാദാണ്. ഒട്ടേറെ നന്മകള്‍ സമൂഹത്തില്‍ നിലനില്‍ക്കണമെങ്കില്‍ ജിഹാദ് അനിവാര്യമാണ് എന്നാണ് ഇതെല്ലം സൂചിപ്പിക്കുന്നത്. ഒരു യഥാര്‍ഥ മുജാഹിദ് ഒരാളെയും ആക്രമിക്കില്ല. ഒരാളെയും കൊലചെയ്യില്ല. നിരപരാധികളെ കൊന്നൊടുക്കുന്ന ബോംബ് സ്‌ഫോടനങ്ങളും ഭീകരപ്രവര്‍ത്തനവും അയാളില്‍നിന്നുണ്ടാവില്ല. അയാള്‍ ആത്മഹത്യാസ്‌കോഡുകളും ബെല്‍റ്റ്‌ബോംബുകളുമാവില്ല. അയാള്‍ യുദ്ധം ആഗ്രഹിക്കുന്നവനാവില്ല. ശത്രുവെ കണ്ടുമുട്ടാനല്ല, ശത്രുവാണെന്നു കരുതപ്പെടുന്നവനും നേര്‍മാര്‍ഗം ലഭിക്കണമെന്നും അങ്ങനെ മനുഷ്യര്‍ തമ്മിലുള്ള ശത്രുത ഇല്ലാതാവണമെന്ന് ആഗ്രഹിക്കുന്നവനായിരിക്കും അയാള്‍. ജിഹാദിന്റെ യഥാര്‍ഥ സന്ദേശം മനസ്സിലാക്കിയ അയാള്‍ സമൂഹത്തിന് നന്മ ചെയ്യുന്നതില്‍ വ്യാപൃതനായി സ്വന്തത്തെത്തന്നെ ദൈവികമാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നവനായിരിക്കും.

ജിഹാദ് എന്ന പദത്തെ അപഗ്രഥിച്ചുകൊണ്ട് മുഹമ്മദ് അമാനി മൗലവി(റഹി) പറയുന്നു: ''ജിഹാദ്, മുജാഹദഃ എന്നീ ധാതുക്കളില്‍നിന്നുള്ള ക്രിയാരൂപമാണ് ജാഹദ.' കഴിവതും പരിശ്രമിച്ചു, അത്യധ്വാനം ചെയ്തു, കിണഞ്ഞു ശ്രമംനടത്തി' എന്നൊക്കെയാണതിന് അര്‍ഥം. യുദ്ധം അടക്കമുള്ള പല കാര്യങ്ങളും ജിഹാദില്‍ ഉള്‍പ്പെടുമെന്നല്ലാതെ, യുദ്ധത്തിന്റെ ഒരു പര്യായപദമല്ല അത്'' (വ്യാഖ്യാനം 2:218).

ജിഹാദ് യുദ്ധത്തിന്റെ പര്യായമല്ല

യുദ്ധത്തിന്റെ പര്യായമായി ജിഹാദ് വ്യാഖ്യാനിക്കപ്പെട്ടുവന്നത് കാരണത്താലാണ് ജിഹാദ് ഭീകരവും താണ്ഡവവുമായിട്ടെല്ലാം പ്രചരിക്കപ്പെട്ടത്. 'യുദ്ധം' മനുഷ്യനന്മക്ക് ഒരിക്കലും ഗുണപ്രദമല്ല. മാനവരാശിക്ക് അത് ഒട്ടേറെ കഷ്ടനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നാം കണ്ടും കേട്ടും പരിചയിച്ചുവന്നിട്ടുള്ള യുദ്ധവുമായി ജിഹാദിന് യാതൊരു ബന്ധവുമില്ല. യുദ്ധം മനുഷ്യരിലെ ഏറ്റവും അധമമായ വികാരങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. വിദ്വേഷം, പക, അസൂയ, ദുരഭിമാനം മുതലായവയാണ് യുദ്ധത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. ജിഹാദ് ആവട്ടെ ഈ ഘടകങ്ങള്‍ക്കെല്ലാം കടകവിരുദ്ധമാണ്. അവയുടെയെല്ലാം ക്രിയാത്മകമായ നിഷേധമാണ് ജിഹാദ്. അക്രമിക്കുവാനും കീഴടക്കുവാനുമാണ് മനുഷ്യന്‍ യുദ്ധം കണ്ടുപിടിച്ചത്. പൈശാചികമായ ദുര്‍ബോധനത്താല്‍ രൂപംകൊള്ളുന്ന യുദ്ധത്തിനെതിരെയുള്ള പ്രതിപ്രവര്‍ത്തനമാണ് യഥാര്‍ഥത്തില്‍ ജിഹാദ്. പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് സമൂഹത്തെയും സ്വന്തം ശരീരത്തെയും രക്ഷപ്പെടുത്തുന്നതിനു വേണ്ടിയുള്ള ത്യാഗവും പരിശ്രമവുമാണ് ജിഹാദ് എന്ന് ചുരുക്കം. അതുകൊണ്ടുതന്നെ യുദ്ധമെന്ന അര്‍ഥത്തില്‍ ജിഹാദിനെ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ യുദ്ധത്തിന്റെ ചരിത്രപരവും മനുഷ്യനിര്‍മിതവുമായ ആശയത്തെ ജിഹാദ് ഉള്‍ക്കൊള്ളുന്നില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിരിക്കണം. യുദ്ധം അല്ലെങ്കില്‍ സായുധ പോരാട്ടം എന്ന അര്‍ഥത്തില്‍ ക്വുര്‍ആന്‍ ഉപയോഗിച്ച പദം 'ക്വിതാല്‍' എന്നാണ്.

ജിഹാദും പ്രവാചകന്റെ മക്കാ കാലഘട്ടവും

ജിഹാദിന്റെ അടിസ്ഥാന താല്‍പര്യം ഇസ്‌ലാമേതര സമൂഹങ്ങളെ നശിപ്പിക്കലായിരുന്നെങ്കില്‍ മക്കാ കാലഘട്ടത്തില്‍തന്നെ പ്രവാചകനും അനുയായികളും അതിനുവേണ്ടി യത്‌നിക്കേണ്ടതായിരുന്നു. ഒളിപ്പോരുകളും ഇരുട്ടിന്റെ മറവിലുള്ള അതിക്രമങ്ങളും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഒരു ആക്രമണം പോയിട്ട് പ്രതിരോധത്തിന് വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് പോലും അക്കാലത്ത് അദ്ദേഹം നടത്തിയിരുന്നില്ല. എന്നാല്‍ അദ്ദേഹവും അനുയായികളും മക്കാകാലത്തും ജിഹാദ് ചെയ്തിരുന്നുവെന്നത് മറന്നുപോവരുത്. സത്യവിശ്വാസിയായി ജീവിക്കുക അത്യന്തം പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. സത്യപ്രബോധനം പരസ്യമായി നിര്‍വഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍പോലും സാധിക്കുമായിരുന്നില്ല. അത്രമാത്രം കാഠിന്യംനിറഞ്ഞ നാളുകളായിരുന്നു അത്. ജീവിതം നിലനിര്‍ത്തുവാനും ഏകദൈവത്തിന് മാത്രം ആരാധന നിര്‍വഹിക്കാനും അവര്‍ക്ക് അത്യധികം കഷ്ടപ്പെടേണ്ടിവന്നു. അവര്‍ക്ക് ജിഹാദ് ചെയ്യേണ്ടി വന്നു എന്നുസാരം.

പ്രവാചകന്റെ മക്കാജീവിതം ഒരുപാട് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരു രാഷ്ട്രവ്യവസ്ഥയില്ലാത്ത പ്രദേശത്ത് ജീവിക്കുന്ന ദുര്‍ബല മുസ്‌ലിംകള്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് ആ കാലം പഠിപ്പിക്കുന്നു. മക്കയിലെ മുസ്‌ലിംകളെ വംശീയ ഉന്മൂലനം നടത്തുന്നവിധം ഒരു സംഘടിത യുദ്ധം ക്വുറൈശികള്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ലെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും അവര്‍ക്കെതിരെയുള്ള ദ്രോഹനടപടികള്‍ ശക്തമായിരുന്നു. ക്ഷമിക്കാനും സഹിക്കാനും സംയമനം പാലിക്കാനുമായിരുന്നു മുസ്‌ലിംകള്‍ക്ക് അല്ലാഹു നല്‍കിയ നിര്‍ദേശം. സ്വന്തം രാജ്യത്തുതന്നെ ക്ഷമയോടെ ജീവിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ അതിക്രമം ശക്തമാവുകയാണെങ്കില്‍ ജീവിക്കാന്‍ സാധിക്കുന്ന മറ്റൊരു പ്രദേശത്തേക്ക് പലായനം ചെയ്യാമെന്നും മക്കാജീവിതം ബോധ്യപ്പെടുത്തി. അതോടൊപ്പം മതനിരപേക്ഷ നിലപാട് സ്വീകരിച്ചിരുന്നവരില്‍ ആരെങ്കിലും സംരക്ഷണം നല്‍കുകയാണെങ്കില്‍ അത് സ്വീകരിക്കുകയും ചെയ്യാമെന്ന് അബൂത്വാലിബ്, ഇബ്‌നു ദുഗന്ന തുടങ്ങിയവരുടെ ചരിത്രങ്ങള്‍ ബോധ്യപ്പെടുത്തുന്നു. നബി ﷺ യെ വധിച്ചുകളയാനുള്ള തീരുമാനം അവരെടുക്കുന്നത് മക്കാ കാലഘട്ടത്തിന്റെ അവസാനത്തോടെയാണ്. അതിനുശേഷമാണ് മുസ്‌ലിംകള്‍ ഒരു സമൂഹം എന്ന നിലക്ക് 'ദേശത്യാഗം' (ഹിജ്‌റ) നടത്തുന്നത്. മക്കയില്‍ നബി ﷺ യും സ്വഹാബിമാരും സ്വീകരിച്ച ക്ഷമയുടെയും സഹനത്തിന്റെയും സമാധാനത്തിന്റെയും നിലപാടാണ് പില്‍കാലത്ത് ഇസ്‌ലാമിന്റെ യശസ്സ് ഉയരുവാനുള്ള കാരണം.

ജിഹാദും മദീനയും

മദീനയില്‍ എത്തിയ പ്രവാചകന്നും അനുയായികള്‍ക്കും ജീവിതസ്വാതന്ത്ര്യമുണ്ടായിരുന്നു. ആരാധനകള്‍ക്കും പ്രബോധനത്തിനും തടസ്സമുണ്ടായിരുന്നില്ല. ഒരു സമൂഹമായി ജീവിക്കുവാന്‍ അവര്‍ക്ക് സാധിച്ചു. മദീനയിലുള്ള ജൂതരടക്കമുള്ള എല്ലാ വിഭാഗങ്ങളുമായും സന്ധിചെയ്തു ജീവിക്കുവാനാണ് പ്രവാചകന്‍ ﷺ തീരുമാനിച്ചത്. മതം അടിച്ചേല്‍പിച്ചില്ല. പക്ഷേ, സൈ്വര്യമായി ജീവിക്കുന്ന മദീനയെ അലോസരപ്പെടുത്താന്‍ മക്കക്കാര്‍ തീരുമാനിച്ചതോടെ സുരക്ഷ ഉറപ്പാക്കുക ഒരു ബാധ്യതയായി. അതുകൊണ്ടുതന്നെ മുസ്‌ലിം ഉന്മൂലനം ലക്ഷ്യമാക്കിയിട്ടുള്ളവരുടെ ഗൂഢപദ്ധതികളെ നിരീക്ഷിക്കുവാനുള്ള ഏര്‍പ്പാടുകള്‍ പ്രവാചകന്‍ ചെയ്തു. ഭീഷണികള്‍ നേരിടുന്ന സന്ദര്‍ഭങ്ങളിലെല്ലാം പ്രത്യേക ചുമതലകളുള്ള വ്യക്തികളുടെ സംഘം രൂപീകരിച്ചു. 'സരിയ്യ' എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഇതെല്ലാം യുദ്ധസംഘങ്ങളായിരുന്നു എന്ന വ്യാഖ്യാനം ഒട്ടും ശരിയല്ല. മദീനയെ തകര്‍ക്കാന്‍വേണ്ടി വരുന്ന ശത്രുക്കളെ നിരീക്ഷിക്കുക എന്നതായിരുന്നു സരിയ്യകളുടെ പ്രഥമദൗത്യം. യുദ്ധങ്ങളെ ഒഴിവാക്കാനായിരുന്നു പ്രവാചകന്‍ കാര്യമായും ശ്രദ്ധിച്ചത്. പക്ഷേ, മദീനക്ക് നേരെ യുദ്ധം നടത്തിയേ അടങ്ങൂ എന്ന് കരുതിയവരെ നേരിടാനുള്ള അനുമതി അല്ലാഹു നല്‍കുകയായിരുന്നു. ''യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍.'' (ക്വുര്‍ആന്‍ 22:39-40).

ഒരു ഇസ്‌ലാമിക നേതൃത്വമുള്ള സമൂഹത്തിന് തങ്ങള്‍ക്കുനേരെ വരുന്ന അതിക്രമങ്ങളെ നേരിടാനും യുദ്ധങ്ങളെ ചെറുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട് എന്നതാണ് മദീന പഠിപ്പിക്കുന്നത്.

സ്വഹാബികള്‍ നല്‍കുന്ന പാഠം

ലോകത്ത് ഇസ്‌ലാമിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘട്ടനങ്ങളെയും ഭീകര പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കേണ്ട ബാധ്യത ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ ഇല്ല. സ്വഹാബികളുടെ കാലത്ത് നടന്ന ചില ആഭ്യന്തര കലഹങ്ങളുടെ കാര്യത്തില്‍ പോലും പ്രസിദ്ധരായ സ്വഹാബിമാര്‍ ഈ നിലപാട് സ്വീകരിച്ചിട്ടുണ്ട്. 'ഫിത്‌ന ഉണ്ടാകാതിരിക്കുന്നതുവരെ യുദ്ധം ചെയ്യുവിന്‍' എന്ന വചനം ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു ഉമര്‍(റ)വിനോട് ചോദ്യം ചോദിച്ച വ്യക്തിയോട് ഇബ്‌നു ഉമര്‍(റ) പറഞ്ഞ മറുപടി വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: 'അതെ, റസൂലിന്റെ കാലത്ത് ഞങ്ങള്‍ യുദ്ധം ചെയ്തിട്ടുണ്ട്. അന്ന് മുസ്‌ലിംകള്‍ അല്‍പമായിരുന്നു. അതിനാല്‍, മനുഷ്യന്‍ തന്റെ മതകാര്യത്തില്‍ ഫിത്‌നക്ക് (പരീക്ഷണത്തിന്) വിധേയനാകുമായിരുന്നു. ഒന്നുകില്‍ അവന്‍ കൊല്ലപ്പെടും, അല്ലെങ്കില്‍ മര്‍ദിക്കപ്പെടും. അങ്ങനെ മുസ്‌ലിംകള്‍ വര്‍ധിച്ചു, അപ്പോള്‍ ഫിത്‌ന ഇല്ലാതായി. ഫിത്‌ന ഇല്ലാതാകുകയും മതം അല്ലാഹുവിനായിരിക്കുകയും ചെയ്യുന്നതുവരെ ഞങ്ങള്‍ യുദ്ധം ചെയ്തിരിക്കുന്നു. നിങ്ങള്‍ ഫിത്‌ന ഉണ്ടാകുകയും മതം അല്ലാഹുവിന് അല്ലാതിരിക്കുകയും ചെയ്യുന്നതുവരെ യുദ്ധം ചെയ്യാന്‍ ഉദ്ദേശിക്കുകയാണ്' (ബുഖാരി 4513). മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ഇങ്ങനെയാണ്: 'നിങ്ങള്‍ അധികാരത്തിനായി യുദ്ധം ചെയ്യുന്നതുപോലെ ആയിരുന്നില്ല റസൂല്‍ ﷺ യുദ്ധം ചെയ്തത്. അന്നൊരാള്‍ക്ക് ഇസ്‌ലാം സ്വീകരിക്കുന്നത് പോലും വലിയ പരീക്ഷണമായിരുന്നു. അതിനുവേണ്ടിയാണ് റസൂല്‍ ﷺ പൊരുതിയത്' (ബുഖാരി 7095).

ജിഹാദും മുജാഹിദ് പ്രസ്ഥാനവും

അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന കേരള മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമിന്റെ ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നതിന് നവോത്ഥാന നായകരും പണ്ഡിതന്മാരും നടത്തിയ ശ്രമങ്ങള്‍ വളരെ വലുതായിരുന്നു. എപ്രകാരമാണ് ഒരു മുസ്‌ലിം സമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് എന്ന കാര്യത്തില്‍ ഐക്യസംഘം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ത്യാഗപരിശ്രമങ്ങള്‍ സുവിദിതമാണ്. വിശ്വാസകാര്യങ്ങള്‍ മുതല്‍ സ്വഭാവപരവും സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളില്‍വരെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് വേണ്ടി പഴയകാല പണ്ഡിതന്മാരും നേതാക്കളും പ്രവര്‍ത്തകരും ചെയ്തത് അക്ഷരാര്‍ഥത്തില്‍ ജിഹാദ്തന്നെയായിരുന്നു. അല്ലാഹു അല്ലാത്തവരെ രക്ഷകരായി സ്വീകരിക്കുകയും മതത്തിലില്ലാത്ത ആചാരങ്ങള്‍ മതത്തിന്റെ പേരില്‍ ചെയ്യുകയും ചെയ്തിരുന്ന സമൂഹം വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും വളരെ പിന്നിലായിരുന്നു.

ഇസ്‌ലാം പഠിപ്പിച്ച ജിഹാദിന്റെ ശരിയായ മാതൃക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച അവര്‍ പിന്നീട് മുജാഹിദുകള്‍ എന്ന പേരില്‍ അറിയപ്പെട്ടു. 'വല്ലദീന ജാഹദൂ ഫിനാ ല നഹ്ദിയന്നഹും സുബുലനാ' (നമ്മുടെ മാര്‍ഗത്തില്‍ ജിഹാദ് (ത്യാഗപരിശ്രമങ്ങള്‍) ചെയ്യുന്നവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ് 29:69) എന്ന വചനമായിരുന്നു അവര്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായത്. കേരളത്തില്‍ മുജാഹിദുകള്‍ നടത്തിയത് ഒരു സായുധ വിപ്ലവമായിരുന്നില്ല. ബൗദ്ധികവും ചിന്താപരവുമായ കുതിപ്പായിരുന്നു അത്. ജിഹാദ്, മുജാഹിദ് തുടങ്ങിയ പ്രയോഗങ്ങളെക്കുറിച്ച് മോശമായ പ്രചാരണങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോഴും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ച് ആളുകള്‍ക്ക് പൊതുവില്‍ നല്ലതേ പറയാനുള്ളൂ. കാരണം, ഇസ്‌ലാം പഠിപ്പിച്ച ജിഹാദിന്റെ മാനവികമായ തലങ്ങള്‍ സമൂഹത്തിന് മുമ്പില്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുകയും ദുരൂഹതകളില്ലാതെ പകല്‍ വെളിച്ചത്തില്‍ സുതാര്യമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടാണ് മുജാഹിദുകള്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത്.

ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ജിഹാദിനെക്കുറിച്ചുള്ള തെറ്റായ സങ്കല്‍പങ്ങള്‍ പ്രചരിപ്പിച്ചിരുന്ന വിഭാഗങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ജനായത്ത സമ്പ്രദായങ്ങളില്‍ പങ്കെടുക്കുന്നത് ശിര്‍ക്കും കുഫ്‌റുമാണെന്നുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു. എന്നാല്‍ മക്കാകാലഘട്ടത്തിലും മദീനാകാലഘട്ടത്തിലും പ്രവാചകന്‍ സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടി ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നത് കൃത്യമായി വിവരിച്ചുകൊടുത്തത് മുജാഹിദ് പ്രസ്ഥാനമായിരുന്നു. ജിഹാദ്, ഇബാദത്ത്, ദീന്‍, ദാറുല്‍ഇസ്‌ലാം, ദാറുല്‍ഹര്‍ബ് തുടങ്ങിയ സംജ്ഞകളുടെ യഥാര്‍ഥ വിവക്ഷ മുജാഹിദ് പണ്ഡിതന്മാര്‍ സമൂഹത്തെ പഠിപ്പിച്ചു. അതുവഴി ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റി ആക്രമിക്കാനുള്ള ഇസ്‌ലാം വിരുദ്ധരുടെ ശ്രമങ്ങളെയും ഇസ്‌ലാമിന്റെ പേരില്‍ ഇല്ലാത്ത വാദങ്ങള്‍ പടച്ചുണ്ടാക്കിയ സംഘങ്ങളുടെ പ്രചാരണങ്ങളെയും നിര്‍വീര്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മുസ്‌ലിംകള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ ആവേശം കൊണ്ടും വികാരംകൊണ്ടും ഓട്ടയടക്കാനായിരുന്നു പലരും ശ്രമിച്ചത്. ജിഹാദിനെ സായുധവിപ്ലവമായും വ്യവസ്ഥിതികളെ അട്ടിമറിക്കലായും തെറ്റിദ്ധരിപ്പിച്ച് മുസ്‌ലിം സമുദായത്തിലെ സാധാരണക്കാരെ തീവ്രചിന്താഗതിയുടെ എരിതീയിലേക്ക് നയിക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ജിഹാദിന്റെ യാഥാര്‍ഥ്യം എന്താണെന്ന് മുസ്‌ലിം സാമാന്യജനത്തെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുവാന്‍ ഇസ്വ്‌ലാഹി പണ്ഡിതര്‍ക്ക് സാധിച്ചു.

ജനാധിപത്യവും ജിഹാദും

ജനാധിപത്യം ഭരണനിര്‍വഹണത്തിനുള്ള ഒരു ഭൗതികമാര്‍ഗം മാത്രമാണ്. ജനാധിപത്യത്തെ അംഗീകരിച്ച് ഭരിക്കുന്ന രാജ്യങ്ങള്‍തന്നെ വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവയാണ്. മതനിരപേക്ഷത തത്ത്വത്തിലും പ്രയോഗത്തിലും അംഗീകരിക്കുന്നവ, ഭരണഘടനാപരമായി മതനിരപേക്ഷമാണെങ്കിലും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ചിറ്റമ്മനയം കൈക്കൊള്ളുന്നവ, മതനിരപേക്ഷതക്ക് മതനിരാസത്തിന്റെ ഭാഷ്യവും ഭാവവും നല്‍കുന്നവ എന്നിങ്ങനെ വ്യത്യസ്ത വിധത്തിലാണ് ആധുനിക ജനാധിപത്യ രാജ്യങ്ങള്‍. താത്ത്വികമായും പ്രായോഗികമായും മതനിരപേക്ഷത നിലവിലുള്ള മുസ്‌ലിംകളോട് മതത്തിന്റെ പേരില്‍ അനീതി കാണിക്കാത്ത ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ മുസ്‌ലിം പൗരന്മാര്‍ സായുധ സമരം നടത്തുന്നത് തെറ്റാണ്. മുസ്‌ലിംകളോട് യുദ്ധം ചെയ്യാതെ സമാധാനപരമായി ജീവിക്കുന്നവര്‍ക്കെതിരെ യാതൊരു നടപടിയും പാടില്ലെന്ന് ക്വുര്‍ആന്‍ (4:90) വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം രാഷ്ട്രങ്ങളില്‍ ഏതെങ്കിലും പൗരന്മാരോ അധികൃതരോ ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ നാട്ടില്‍ അംഗീകരിക്കപ്പെടുന്ന രീതിയില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും നീതിപീഠങ്ങളെ= സമീപിക്കുകയുമാണ് ചെയ്യേണ്ടത്.

ഒരു രാഷ്ട്രം മതത്തിന്റെ പേരില്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നത് നയമോ പരിപാടിയോ ആയി സ്വീകരിച്ചാല്‍ ആ രാഷ്ട്രത്തിനെതിരെ എന്തു നിലപാടെടുക്കണമെന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കേണ്ടത് അവിടുത്തെ മുസ്‌ലിം നേതൃത്വമാണ്. മുസ്‌ലിംകള്‍ തീര്‍ത്തും ദുര്‍ബലമായ ന്യൂനപക്ഷമാണെങ്കില്‍ യുദ്ധം പോലെയുള്ള ആത്മഹത്യാ നിലപാടുകള്‍ സ്വീകരിക്കുന്നതിന് പകരം സുരക്ഷിതത്വത്തോടെയുള്ള ഇസ്‌ലാമിക ജീവിതം നയിക്കാനുള്ള മാര്‍ഗം തേടുകയാണ് വേണ്ടത്.

പ്രബോധകരുടെ ബാധ്യത

ജിഹാദിനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍ അതിന്റെകൂടെ സഞ്ചരിക്കുന്നതിന് പകരം ഇസ്‌ലാം പഠിപ്പിച്ച ജിഹാദ് എന്താണെന്ന് ബോധ്യപ്പെടുത്തുവാനുള്ള ശ്രമമാണ് ആവശ്യമായിട്ടുള്ളത്. വര്‍ഗീയതയും തീവ്രവാദവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഓരോ വിഷയത്തിന്റെയും യഥാര്‍ഥ വസ്തുത ബോധ്യപ്പെടുത്താനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. വിഷയങ്ങളില്‍നിന്നും ഒളിച്ചോടുന്നതിന് പകരം സത്യസന്ധമായി കാര്യങ്ങള്‍ പറയുകയാണ് വേണ്ടത്. മുസ്‌ലിംകളില്‍ പെട്ട അവിവേകികള്‍ ജിഹാദ് പോലെയുള്ള വിഷയങ്ങള്‍ക്ക് തെറ്റിദ്ധാരണാജനകമായ ജല്‍പനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അവയെ തുറന്നെതിര്‍ക്കാനുള്ള ആര്‍ജവവും യഥാര്‍ഥ ഇസ്‌ലാമിക പണ്ഡിതന്മാര്‍ കാണിക്കേണ്ടതുണ്ട്.