മാന്‍സ മൂസ: ഇരുണ്ട ഭൂഖണ്ഡത്തിന്റെ നവോത്ഥാന ശില്‍പി

ഡോ.സബീല്‍ പട്ടാമ്പി

2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01
തങ്ങള്‍ക്ക് ഹിതകരമല്ലാത്തതൊന്നും കാലത്തിന്റെ ചരിത്രപുസ്തകത്തില്‍ ഇടംപിടിക്കരുതെന്ന് നിര്‍ബന്ധമുള്ളവരാണ് കൊളോണിയലിസ്റ്റുകള്‍. നിരക്ഷരത കൊണ്ടും ദാരിദ്ര്യം കൊണ്ടും ഇരുണ്ട ഭൂഖണ്ഡമെന്ന് വിളിച്ചിരുന്ന ആഫ്രിക്കയെ പതിനാലാം നൂറ്റാണ്ടിന് ശേഷം സാമ്പത്തികമായും വൈജ്ഞാനികമായും ഉന്നതിയിലേക്ക് നയിച്ച മാന്‍സ മൂസയുടെ ചരിത്രവും ലോകം കാണാതെപോയത് അങ്ങനെയാണ്.

'ഇരുണ്ട ഭൂഖണ്ഡം' (Dark Continent) എന്നാണു ചരിത്രത്തില്‍ ആഫ്രിക്ക അറിയപ്പെടുന്നത്. ആഫ്രിക്കക്ക് ഇങ്ങനെ പേരു വരാന്‍ പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം 14ാം നൂറ്റാണ്ടുവരെ ആഫ്രിക്കയെ കുറിച്ച് പുറംലോകത്തിനു കാര്യമായ വിവരമൊന്നും ലഭ്യമായിരുന്നില്ല എന്നതാണ്. രണ്ടാമത്തെ കാരണം ചരിത്രത്തില്‍ വലിയൊരു കാലയളവോളം ആഫ്രിക്കന്‍ ജനത സാംസ്‌കാരികമായി 'ഇരുട്ടിലായിരുന്നു' എന്നതുമാണ്. എന്നാല്‍ 14ാം നൂറ്റാണ്ടിനുശേഷം ആഫ്രിക്കയുടെ ചരിത്രത്തിന്റെ ഗതി മാറുകയായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ രാജാവായിരുന്ന 'മാന്‍സ മൂസ' ആയിരുന്നു ഈ ചരിത്ര മാറ്റത്തിന്റെ പതാകവാഹകന്‍ എന്ന് വേണമെങ്കില്‍ പറയാം. മാന്‍സ മൂസയെ ചരിത്രം രേഖപ്പെടുത്തുന്നത് മൂന്നു നിലയ്ക്കാണ്:

(1) ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ രാജാവ് എന്ന നിലയില്‍.

(2) അക്കാലത്ത് ജീവിച്ചിരുന്ന ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന നിലയില്‍.

(3) ആഫ്രിക്കയില്‍, പ്രത്യേകിച്ച് മാലിയില്‍ ഇസ്‌ലാമികമായ ഒരു 'നവജാഗരണത്തിനു' കാരണക്കാരന്‍ എന്ന നിലയില്‍.

മാന്‍സ ഭരണകൂടത്തെക്കുറിച്ചുള്ള ചരിത്രരേഖകള്‍ വളരെ കുറവാണ്. അതിനുള്ള കാരണം അക്കാലത്തെ ആഫ്രിക്കന്‍ ജനത ചരിത്രം എഴുതിവെച്ചിരുന്നില്ല എന്നതും പുറംരാജ്യങ്ങളിലുള്ളവര്‍ ആ നാടിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല എന്നതുമാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി വെച്ചവരില്‍  പ്രധാനികള്‍ രണ്ട് മുസ്‌ലിം എഴുത്തുകാരാണ്. 14ാം നൂറ്റാണ്ടില്‍ ജീവിച്ച ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂനും 14ാം നൂറ്റാണ്ടില്‍ ജീവിച്ച യാത്രികന്‍ ഇബ്‌നു ബത്തൂത്തയുമാണ് അവര്‍.

മാന്‍സ മൂസ: മധ്യകാലഘട്ടത്തിലെ ഏറ്റവും സമ്പന്നനായ രാജാവ്

'മാന്‍സ' എന്നത് മാലിയിലെ രാജാക്കന്മാരുടെ സ്ഥാനപ്പേരായിരുന്നു; 'മൂസ' എന്നത് വ്യക്തിനാമവും. മൂസക്ക് മുമ്പും നിരവധിപേര്‍ 'മാന്‍സ' സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാല്‍ മാന്‍സമാരുടെ കൂട്ടത്തില്‍ ഏറ്റവും പ്രമുഖനും ഖ്യാതി നേടിയ വ്യക്തിത്വവുമായിരുന്നു മാന്‍സ രാജാക്കന്മാരില്‍ ഒമ്പതാമനായ മാന്‍സ മൂസ. (ജനനം:1280, മരണം: 1337). അതിനുള്ള കാരണം മൂസയുടെ കാലത്താണ് ആഫ്രിക്ക പൊതുവിലും മാലി പ്രത്യേകിച്ചും ഇസ്‌ലാമികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വികസനവും പ്രസിദ്ധിയും നേടിയത് എന്നതാണ്. അക്കാലത്ത് ജീവിച്ചിരുന്ന ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പേരിലും മൂസ ചരിത്രത്തില്‍ പ്രസിദ്ധനാണ്.

മൂസയുടെ അന്നത്തെ സമ്പത്തിന്റെ ഇന്നത്തെ മതിപ്പുമൂല്യം ഏകദേശം 400 ബില്യണ്‍ യു.എസ് ഡോളറാണെന്നാണ് ഫോര്‍ബ്‌സ് പോലുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ നിഗമനം. ഇന്ന് (2021) ജീവിച്ചിരിക്കുന്ന ഏറ്റവും സമ്പന്നനായ വ്യക്തിയായ ഇലോണ്‍ മസ്‌കിന്റെ (ടെസ്‌ല, സ്‌പേസെക്‌സ് എന്നീ കമ്പനികളുടെ ഉടമ) ആകെ സ്വത്ത് 220 ബില്യണ്‍ യു.എസ്. ഡോളറാണെന്ന് ഓര്‍ക്കണം. എന്താണു ദരിദ്ര രാജ്യമായ മാലിയിലെ രാജാവായ മൂസയെ സമ്പന്നനാക്കിയതിനു പിന്നിലെ രഹസ്യം? അതിനുള്ള കാരണം അദ്ദേഹത്തിന്റെ കാലത്ത് മാലിയില്‍നിന്നും അതിനോട് ചേര്‍ന്നുള്ള മറ്റു പ്രദേശങ്ങളില്‍നിന്നും ഖനനം ചെയ്‌തെടുത്ത അളവറ്റ സ്വര്‍ണമായിരുന്നു. അന്ന് ലോകത്ത് ലഭ്യമായ മൊത്തം സ്വര്‍ണത്തിന്റെ സിംഹഭാഗവും ഉടമപ്പെടുത്തിയിരുന്നത് മാന്‍സ മൂസയായിരുന്നു!

അദ്ദേഹത്തിന്റെ മാലി സാമ്രാജ്യം എന്നത് ഇന്നത്തെ ആഫ്രിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളും (സെനഗല്‍, നൈജീരിയ, ഗാംബിയ, ഗിനിയ, ഐവറി കോസ്റ്റ് തുടങ്ങിയവ സ്ഥലങ്ങള്‍) ഉള്‍കൊള്ളുന്നതായിരുന്നു. അറ്റ്‌ലാന്റിക് സമുദ്രം മുതല്‍ ഇന്നത്തെ നൈജീരിയവരെ 2000 മൈല്‍ വിശാലമായി കിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. ഈ സാമ്രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് എത്താന്‍ 4 മാസമെടുക്കുമെന്ന് അക്കാലത്ത് മാലി സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.

മൂസയുടെ ചരിത്ര പ്രസിദ്ധമായ ഹജ്ജ് യാത്ര

മൂസയുടെ വ്യക്തിജീവിതത്തെക്കുറിച്ച് അധികം രേഖകള്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഹജ്ജ് യാത്ര ഭുവനപ്രസിദ്ധമാണ്. 1324ലാണ് അദ്ദേഹം ഹജ്ജിനായി പുറപ്പെടുന്നത്. മാലിയില്‍നിന്ന് മക്കയിലേക്ക് 2,700 മൈലുകളോളം ദീര്‍ഘമായ യാത്ര. 60,000 പേരുള്ള യാത്രാസംഘത്തില്‍ 12,000 അടിമകള്‍ ഉണ്ടായിരുന്നു. ഈ അടിമകളില്‍ ഓരോരുത്തരും 2 കിലോവീതം ഭാരമുള്ള സ്വര്‍ണ്ണക്കട്ടികള്‍ ചുമന്നിരുന്നു. 80 ഒട്ടകങ്ങള്‍ കൂടെയുണ്ടായിരുന്നു. അവയോരോന്നും 135 കിലോയോളം ഭാരമുള്ള സ്വര്‍ണം വഹിച്ചിരുന്നു. ഈ സംഘത്തിനു മുഴുവനുള്ള ഭക്ഷണോപാധികളും മൂസ കരുതിയിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ സംഘടിപ്പിക്കുകയും അവിടങ്ങളിലെല്ലാം ചെറിയ പള്ളികള്‍ അദ്ദേഹം നിര്‍മിച്ച് നല്‍കുകയും ചെയ്തു. യാത്രയില്‍ കാണുന്ന സാധുക്കള്‍ക്കെല്ലാം മൂസ സ്വര്‍ണം ദാനം ചെയ്തു. കൂറ്റന്‍ സ്വര്‍ണശേഖരവും സര്‍വ സന്നാഹവുമായി യാത്ര ചെയ്യുന്ന ഈ സംഘത്തെ 'സഞ്ചരിക്കുന്ന ഒരു നഗരത്തിന്റെതു പോലെ' എന്നാണു കണ്ടുനിന്ന കാഴ്ചക്കാരുടെ ദൃക്‌സാക്ഷി വിവരണമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.

ഈ യാത്രക്കിടെ അദ്ദേഹം ഈജിപ്റ്റിലെ കൈറോവില്‍ എത്തുകയും അവിടെ ധാരാളം സ്വര്‍ണം ദാനം നല്‍കുകയും ചെയ്തു. ജനങ്ങളെല്ലാം ധാരാളം സ്വര്‍ണം കൈവശപ്പെടുത്തിയത് കാരണം കൈറോവില്‍ അടുത്ത 12 വര്‍ഷത്തോളം സ്വര്‍ണത്തിന്റെ വില കുറഞ്ഞു പോയി എന്നത് ചരിത്രം. (See Encyclopedia brittanica / Mansa musa). ഇതുപോലെ അദ്ദേഹം മക്കയിലും മദീനയിലും സ്വര്‍ണം ദാനം ചെയ്തു. മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയുടെ കടിഞ്ഞാണ്‍ മൊത്തത്തില്‍ ഒരു വ്യക്തിയുടെ കയ്യില്‍ വന്ന ഒരേ ഒരു സംഭവമാണിതെന്ന് ഘാനയുടെ ചരിത്രമെഴുതിയ ('ദി മെഡീവല്‍ ഹിസ്റ്ററി ഓഫ് ഘാന' എന്ന പുസ്തകം) ഗുഡ്‌വിന്‍ അഭിപ്രായപ്പെടുന്നുണ്ട്.

മൂസയുടെ ഈ യാത്രയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ വീക്ഷണങ്ങള്‍ ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്. ചിലര്‍ ഈ സംഭവം അദ്ദേഹത്തിന്റെ ദാനശീലത്തിന്റെയും ഉദാരമനസ്‌കതയുടെയും ഉദാഹരണമായി എടുത്ത് കാട്ടുമ്പോള്‍ വേറെ ചില ചരിത്രകാരന്മാര്‍ ഈ സംഭവം മൂസയുടെ സമ്പത്തും ശക്തിയും ലോകത്തെ കാണിച്ച് ശ്രദ്ധനേടാന്‍ വേണ്ടിയുള്ള പ്രകടനമായിരുന്നെന്ന് പറയുന്നു. ഇതില്‍ ഏതായിരുന്നു ശരിയെന്ന് തീര്‍പ്പു പറയാന്‍ നാം അര്‍ഹരല്ല. ഏതായാലും ഈ സംഭവത്തിനു ശേഷം അദ്ദേഹത്തിന്റെ ഖ്യാതി ലോകത്ത് അറിയപ്പെട്ടു എന്നതാണു വാസ്തവം. അതുവരെ ലോകഭൂപടത്തില്‍ ഇടമില്ലാതിരുന്ന മാലി എന്ന രാജ്യം 1375ല്‍ യൂറോപ്യന്‍ യാത്രികര്‍ തയ്യാറാക്കിയ 'കാറ്റലാന്‍ ഭൂപടത്തില്‍' (Catalan Map) ഇടം നേടി. ഈ മാപ്പില്‍ മാലിയെ അടയാളപ്പെടുത്തിയതാകട്ടെ ഇടതുകയ്യില്‍ അധികാരവടിയും വലതു കയ്യില്‍ സ്വര്‍ണക്കട്ടിയും പിടിച്ച് സിംഹാസനത്തില്‍ ഇരിക്കുന്ന മൂസയുടെ പടം വരച്ച് വെച്ചുകൊണ്ടായിരുന്നു!

ആഫ്രിക്കയിലെ ഇസ്‌ലാമിക നവോത്ഥാനം

ഹജ്ജ് കഴിഞ്ഞ് മടങ്ങിയ മൂസ പുതിയൊരു വ്യക്തിയായാണു തന്റെ രാജ്യത്തെത്തിയത്. മക്കയിലെയും മദീനയിലെയും ജീവിതവും അവിടങ്ങളിലെ പണ്ഡിതന്മാരുമായുള്ള സഹവാസവും മൂസയുടെ ഹൃദയത്തെ സ്വാധീനിച്ചതാകാം കാരണം. ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നത്ര സ്വര്‍ണവുമായി മക്കയിലേക്ക് തിരിച്ച മൂസ പക്ഷേ, ഹജ്ജ് കര്‍മത്തിനുശേഷം തിരിച്ചെത്തിയത് കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമായി ഇസ്‌ലാമിക പണ്ഡിതന്മാരെയും, കൈറോവില്‍ (ഈജിപ്ത്) നിന്നും ആന്‍ഡലൂസില്‍ (സ്‌പൈന്‍) നിന്നുമുള്ള കെട്ടിടനിര്‍മാണ വിദഗ്ധരെയും, ഗണിതജ്ഞരെയും, വാനശാസ്ത്രജ്ഞരെയുമൊക്കെ കൂടെ കൂട്ടിയായിരുന്നു. തന്റെ സാമ്രാജ്യത്തെ സാംസ്‌കാരികമായും ഇസ്‌ലാമികമായും 'അടിമുടി അഴിച്ചുപണി' നടത്തുകയായിരുന്നു മൂസയുടെ ഉദ്ദേശ്യം.

നാട്ടിലെത്തിയ അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മദ്‌റസകളും പള്ളികളും നിര്‍മിച്ചു. രാജ്യതലസ്ഥാനമായ ടിംബക്റ്റുവിലും മറ്റു രണ്ട് സ്ഥലങ്ങളിലുമായി 3 യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചു. ഈ യൂണിവേഴ്‌സിറ്റികളില്‍ ക്വുര്‍ആനും ഹദീഥും പഠിപ്പിക്കുന്നതോടൊപ്പം ഗണിതം (മാത്തമാറ്റിക്‌സ്), വാനശാസ്ത്രം, ഭൗതിക ശാസ്ത്രം (ഫിസിക്‌സ്), രസതന്ത്രം (കെമിസ്ട്രി), ചരിത്രം, ഭൂമിശാസ്ത്രം, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ പോലുള്ള വിദ്യാഭ്യാസ ശാഖകളും കൂടി ഉള്‍പ്പെടുത്തിയിരുന്നുവെന്ന് ആഫ്രിക്കയുടെ ഇസ്‌ലാമിന്റെ ചരിത്രമെഴുതിയ ജീന്‍ ലൂയിസ് പറയുന്നുണ്ട്. 1327ല്‍ മൂസ പണികഴിപ്പിച്ച ടിംബക്റ്റുവിലെ ജിംഗുര്‍ബര്‍ മസ്ജിദും യൂണിവേഴ്‌സിറ്റിയും ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു അത്ഭുതമാണ്.

താമസിയാതെ മാലി അന്നത്തെ പ്രമുഖ ഇസ്‌ലാമിക പഠന കേന്ദ്രമായി മാറി. ലോകത്തിന്റെ പല കോണുകളില്‍നിന്നുള്ളവര്‍ ഇവിടെ പഠിക്കാനെത്തിയിരുന്നു. ഇതില്‍ ടിംബക്റ്റു യൂണിവേഴ്‌സിറ്റിയില്‍ മാത്രം 25,000 വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു! ഈ യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍ അന്ന് പത്ത് ലക്ഷത്തോളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. വിശ്വപ്രസിദ്ധമായ അലക്‌സാന്‍ഡ്രിയയിലെ ലൈബ്രറിക്ക് ശേഷം ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറിയായിരുന്നു ഇത്. 13,14 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട പല കൈയെഴുത്ത് പ്രതികളും ഇന്നും ആ ലൈബ്രറിയില്‍ ഉണ്ട്.

മാന്‍സ മൂസയുടെ ഭരണ കാലഘട്ടത്താണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വികസനപരമായും ഇസ്‌ലാമികപരമായും രാജ്യം ഉന്നതിയിലെത്തിയതും അന്താരാഷ്ട്ര കച്ചവട ബന്ധങ്ങള്‍ വളര്‍ന്നതുമെല്ലാം ഇക്കാലത്താണ്. അഥവാ മൂസയുടെ ഭരണ കാലത്തിനെ 'ഇരുണ്ട ആഫ്രിക്കന്‍ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടം' എന്ന് വിശേഷിപ്പിക്കാം.

മൂസയുടെ മരണവും മാലിയുടെ പതനവും

1337ലാണ് മാന്‍സ മൂസ മരണപ്പെട്ടതെന്നാണു ഭൂരിഭാഗം ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. അവസാനകാലത്ത് മക്കയില്‍ പോയി ജീവിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അതിനു മുമ്പുതന്നെ അദ്ദേഹം മരിച്ചു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മൂസയുടെ മരണത്തിനു ശേഷം മാലി സാമ്രാജ്യത്തിന്റെ പ്രതാപം മങ്ങാന്‍ തുടങ്ങി. മൂസയുടെ മരണശേഷം സഹോദരന്‍ സുലൈമാന്‍ അധികാരം തട്ടിയെടുക്കുകയായിരുന്നു. സുലൈമാന്റെ കാലത്ത് മാലിയില്‍ പ്ലേഗ് രോഗം പടര്‍ന്ന് പിടിക്കുകയും ധാരാളം ജനങ്ങള്‍ മരിക്കുകയും ചെയ്തു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയും ചെയ്തു. രാജ്യം പിന്നീട് ഒരു ഉയിര്‍ത്തെഴുന്നേല്‍പിനു ശ്രമിക്കുമ്പോഴേക്കും മൂസയുടെയും ആഫ്രിക്കയിലെ സ്വര്‍ണ ശേഖരത്തിന്റെയും ഖ്യാതി അറിഞ്ഞ യൂറോപ്യന്മാര്‍ ആഫ്രിക്കയിലേക്ക് ഒഴുകാനും കോളനികള്‍ സ്ഥാപിക്കാനും കൊള്ളയടിക്കാനും തുടങ്ങി. ഈ സംഭവങ്ങളെല്ലാം മാലി സാമ്രാജ്യത്തെ സാമ്പത്തികമായി തളര്‍ത്തി.

സ്വര്‍ണവും വജ്രവും ധാരാളമുള്ള ആഫ്രിക്ക ഇന്ന് എങ്ങനെ ദരിദ്ര രാജ്യമായി?

അന്നും ഇന്നും സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും ശേഖരംകൊണ്ട് സമ്പുഷ്ടമാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍. ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ പഴയ വിളിപ്പേര്‍ തന്നെ 'ഗോള്‍ഡ് കോസ്റ്റ്' (സ്വര്‍ണ തീരം) എന്നായിരുന്നു. ഇന്നും ലോകത്ത് ലഭ്യമായ സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും മുഖ്യ സ്രോതസ്സ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ ഉണ്ടാകാനിടയുള്ള പ്രസക്തമായ ഒരു ചോദ്യമുണ്ട്. ഇത്രയും സ്വര്‍ണവും വജ്രവുമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്തുകൊണ്ടാണു ലോകത്തെ ഏറ്റവും ദരിദ്യമായ രാജ്യങ്ങളായി മാറിയത്? ഇതിനു പല കാരണങ്ങളുണ്ട്. മുഖ്യമായവ താഴെ പറയുന്നവയാണ്:

1. മൂസയുടെ കാലശേഷമുണ്ടായ യൂറോപ്യന്‍മാരുടെ ആധിപത്യം മുതല്‍ ഇന്നുവരെ ആഫ്രിക്കയിലെ പ്രധാന സ്വര്‍ണ, വജ്ര ഖനികള്‍ കൈയടക്കി വെച്ചിട്ടുള്ളത് യൂറോപ്യന്‍ കുത്തക കമ്പനികളാണ്. അവര്‍ അത്തരം സ്ഥലങ്ങള്‍ വലിയ വിലകൊടുത്ത് സ്വന്തമാക്കിവെക്കുന്നു. അവിടങ്ങളിലെ ഖനികളുടെ പൂര്‍ണ ഉടമസ്ഥാവകാശവും അവയില്‍നിന്നുള്ള വരുമാനവും ഈ കമ്പനികള്‍ക്കാണ്.

2. നികുതി-കസ്റ്റംസ് വെട്ടിപ്പ്, കള്ളക്കടത്ത്, കൈക്കൂലി: ഈ കുത്തക കമ്പനികള്‍ ലാഭവിഹിതം കൂട്ടുവാനായി അതത് രാജ്യങ്ങള്‍ക്ക് നല്‍കേണ്ട നികുതിയും കസ്റ്റംസും നല്‍കാതെ കടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയും നല്‍കുന്നു. ഇതുമൂലം ആ ഇനത്തിലുള്ള വരുമാനം രാജ്യത്തിനു കിട്ടാതെ പോകുന്നു.

3. വിദ്യാഭ്യാസസാങ്കേതിക പരിജ്ഞാനത്തിന്റെ അഭാവം: സ്വര്‍ണവും വജ്രവും കുഴിച്ചെടുക്കുന്ന സാങ്കേതിക അറിവും യന്ത്രങ്ങളും ആഫ്രിക്കന്‍ ജനതക്ക് ഇല്ല എന്നതാണു മറ്റൊരു കാരണം. അതിനാല്‍ അക്കാര്യത്തിനായി ആ മേഖലയില്‍ പരിജ്ഞാനമുള്ള വിദേശികളെ ആശ്രയിക്കുകയല്ലാതെ അവര്‍ക്ക് നിവൃത്തിയില്ല.

4. ആഫ്രിക്കന്‍ ഗവണ്മെന്റിന്റെ കെടുകാര്യസ്ഥത: ആഫ്രിക്കന്‍ ഗവണ്‍മന്റ് ഈ ഖനികളുടെ ഉടമസ്ഥാവകാശവും നടത്തിപ്പവകാശവും മുഴുവനായോ ഭാഗികമായോ വിദേശകമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ്. അതിനാല്‍ അവയില്‍നിന്നുള്ള ഗവണ്മെന്റിന്റെ വരുമാനം നിയന്ത്രിതമാണ്.

5. സ്വര്‍ണവും വജ്രവും ധാരാളമായി ഉല്‍പാദിപ്പിക്കുന്ന രാജ്യമായതുകൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കകത്ത് ഇവ രണ്ടിനും വില നന്നേ കുറവാണ്. എന്നാല്‍ അവ വിദേശ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിലയില്‍ കയറ്റി അയക്കുന്ന കമ്പനികളാണ് വജ്ര, സ്വര്‍ണ വിലയുടെ വലിയ ലാഭവിഹിതവും സ്വന്തമാക്കുന്നത്.

 ആഫ്രിക്കയിലെ സാധാരണ ജനതയെ സംബന്ധിച്ചിടത്തോളം ഇത്തരം ഖനികളില്‍ തൊഴിലാളികളായി ജീവിക്കുക എന്നത് മാത്രമാണു വരുമാന മാര്‍ഗം. അതിനാല്‍ ആ രാജ്യം ദാരിദ്ര്യത്തിലും അവരെ ഊറ്റിക്കുടിക്കുന്ന വിദേശ രാജ്യങ്ങള്‍ സമ്പന്നരായും തുടരുന്നു.