പരിണാമവാദവും യുക്തിവാദികളും

ടി.പി അബ്ദുല്‍ ഗഫൂര്‍, വെള്ളിയഞ്ചേരി

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22
ശാസ്ത്ര വിഷയങ്ങളില്‍ ജീവശാസ്ത്രത്തിന്റെ ഭാഗമായും മാനവിക വിഷയങ്ങളില്‍ ചരിത്രത്തിന്റെ ഭാഗമായും പഠിപ്പിക്കപ്പെടുന്ന പരിണാമവാദം ഒരു ശാസ്ത്ര സിദ്ധാന്തമല്ലെന്നതും വെറും നിഗമനം മാത്രമാണെന്നതും ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ തങ്ങളുടെ ആദര്‍ശത്തിന് അസ്തിവാരമിട്ട പരിണാമവാദം തന്നെയാണ് ഇപ്പോഴും യുക്തിവാദികളുടെ പ്രധാന ആയുധമെന്നത് സഹതാപമര്‍ഹിക്കുന്ന കാര്യമാണ്.

ശാസ്ത്ര വിഷയങ്ങളില്‍ ബയോളജിയുടെ ഭാഗമായും മാനവികവിഷയങ്ങളില്‍ ചരിത്രത്തിന്റെ ഭാഗമായും ഏറെ പ്രാധാന്യത്തോടെ ഇന്ത്യയില്‍ പഠിപ്പിക്കുന്ന ഒരു വിഷയമാണ് പരിണാമവാദം (peoples war on terror). പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രായോഗികമായി കണ്ടെത്തിയ ഒരു ശാസ്ത്രസിദ്ധാന്തമല്ല ഇത്. മറിച്ച് വെറും ശാസ്ത്ര നിഗമനം (Hypothesis) മാത്രമാണ്. ഇതിലെ പല വാദങ്ങളും തെളിവുകളും ശാസ്ത്രംതന്നെ നിരാകരിച്ചിട്ടുണ്ട് എന്നതാണ് സത്യം. ചരിത്രാതീതമായ കാലത്ത് നടന്നു എന്ന് ഊഹിക്കപ്പെടുന്ന കാര്യമാണ് ചരിത്ര പാഠപുസ്തകളില്‍ ഏറെ പ്രാധാന്യത്തോടെ പഠിപ്പിക്കുന്നത്!

രസകരമായ ഒരു ഉദാഹരണത്തിലൂടെ പരിണാമവാദത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാം: അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാട്ടില്‍ പുറംലോകം കാണാതെ ജീവിക്കുന്ന ബുദ്ധിമാനായ ഒരു ആദിവാസിയെ ഒരു വലിയ പട്ടണത്തില്‍ കൊണ്ടുവന്ന് നിറുത്തി. അയാള്‍ വിവിധ വാഹനങ്ങള്‍ കണ്ടു. വാഹനങ്ങള്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്നതാണെന്ന് അറിയാത്ത അയാള്‍ അവയെക്കുറിച്ച് സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് ചില നിഗമനങ്ങളിലെത്തി. അത് ഇപ്രകാരമാണ്: 'ഭൂമിയിലുള്ള വസ്തുക്കള്‍ യാദൃച്ഛികമായി കൂടിച്ചേര്‍ന്ന് സൈക്കിള്‍ ഉണ്ടായി. ഉപയോഗം കൂടിയപ്പോള്‍ അത് സ്വയം പരിണമിച്ചു സ്‌കൂട്ടറായി. പിന്നീട് ഉപയോഗം കൂടിയപ്പോള്‍ മാറ്റത്തിന് സ്വയം വിധേയമായ അത് ബൈക്കായി. പിന്നീട് കാറായി. തുടര്‍ന്ന് കരയിലുള്ള കാര്‍ യാത്രക്കാര്‍ കൂടിയപ്പോള്‍ സ്വയം ബസായി. കടലില്‍ വീണത് ബോട്ടും കപ്പലുമായി. ആകാശത്തേക്ക് ഉയര്‍ന്നത് വിമാനവും റോക്കറ്റുമായി. റെയില്‍വേ ട്രാക്കില്‍ പെട്ടത് തീവണ്ടിയായി.'

ഇയാളുടെ അതേ അവസ്ഥയാണ് സ്രഷ്ടാവായ അല്ലാഹുവിന്റെ അറിവും കഴിവും സൃഷ്ടിവൈഭവവും അറിയാത്ത പരിണാമവാദിയായ യുക്തിവാദിയുടെത്. ഒരു സൂചി പോലും സ്വയം ഉണ്ടായി സ്വയം ചലിക്കില്ല എന്ന് പറയുന്ന ശാസ്ത്രം ഉപയോഗിച്ചാണ് ഇവര്‍ ആറ്റം മുതല്‍ ഗ്യാലക്‌സികളും ബാക്ടീരിയ മുതല്‍ മനുഷ്യനും വിവിധ പ്രതിഭാസങ്ങളുമെല്ലാം സ്വയം ഉണ്ടായി എന്ന് പറയുന്നത്!

ദൈവനിഷേധികളും യുക്തിവാദികളും വലിയ പ്രാധാന്യം നല്‍കുന്ന പരിണാമവാദത്തിന് പ്രധാനമായും രണ്ട് സിദ്ധാന്തങ്ങളാണ് ഉള്ളത്:

1. രാസപരിണാമസിദ്ധാന്തം

ഒപാരിന്‍, ഹാല്‍ഡേന്‍ എന്നീ രണ്ട് ശാസ്ത്രകാരന്മാര്‍ രൂപകല്‍പന ചെയ്ത ഒരു സാങ്കല്‍പിക സിദ്ധാന്തമാണ് രാസപരിണാമസിദ്ധാന്തം (Theory of chemical evolution). ഇത് പറയുന്നത് ആദിമഭൂമിയുടെ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന നീരാവി തണുത്ത് ഭൂമിയിലേക്ക് മഴയായി പെയ്തിറങ്ങുകയും അങ്ങനെ സമുദ്രം ഉണ്ടാവുകയും അന്തരീക്ഷത്തില്‍നിന്ന് മഴയിലൂടെ വന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍ തുടങ്ങിയ മൂലകങ്ങള്‍ ചേര്‍ന്ന് ന്യൂക്ലിക് അമ്ലം (RNA) ഉണ്ടാവുകയും അത് ഒരു ലിപിഡ് ആവരണം സ്വീകരിക്കുകയും ചെയ്തു, ഇതാണ് ആദ്യ ജീവകണിക എന്നാണ്. ഇടിമിന്നല്‍, അഗ്‌നിപര്‍വത സ്‌ഫോടനം തുടങ്ങിയവയില്‍നിന്നാണ് ഈ പ്രവര്‍ത്തനം നടക്കാനുള്ള ഊര്‍ജം ലഭിച്ചത്. ഈ വസ്തു പിന്നീട് വിഭജിച്ച് അനേകം ഏകകോശങ്ങള്‍ ഉണ്ടായി. അവയില്‍നിന്ന് പരിണാമത്തിലൂടെ മനുഷ്യരടക്കമുള്ള ജീവികള്‍ ഉണ്ടായി!

സിദ്ധാന്തത്തിന്റെ ആകെത്തുക ഇതാണ്. പക്ഷേ, ചിന്തിക്കുന്നവര്‍ക്ക് അറിയാം ഈ വസ്തുക്കളെല്ലാം ഇന്നും അന്തരീക്ഷത്തിലും ഭൂമിയിലും ഉണ്ടെങ്കിലും ഒരു പുതിയ ജീവികോശം ഇന്ന് ഉണ്ടാകുന്നില്ല എന്ന്!

2. ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തം

ജീവികള്‍ക്ക് വ്യതിയാനം ഉണ്ടായിയാണ് പുതിയ ജീവികള്‍ ഉണ്ടാകുന്നത്. ഭക്ഷണം, ഇണകള്‍, അവയുടെ ചുറ്റുപാടുകള്‍, കാലാവസ്ഥ എന്നിവയ്ക്കനുസരിച്ച് അവയ്ക്കനുയോജ്യമായതോ അല്ലാത്തതോ ആയ വ്യതിയാനങ്ങള്‍ക്ക് അവ വിധേയമാകുമ്പോഴാണ് പുതിയ ജീവിവര്‍ഗങ്ങള്‍ രൂപപ്പെടുന്നത് എന്നാണ് ഡാര്‍വിന്‍ പറഞ്ഞത്.

ആദ്യം ഏകകോശജീവികള്‍, അവ പരിണമിച്ച് ബഹുകോശജീവികള്‍, തുടര്‍ന്ന് അവ പരിണമിച്ച് മല്‍സ്യം, ഉഭയജീവികള്‍; തുടര്‍ന്ന് ഉരഗങ്ങള്‍, പിന്നീട് അവയില്‍നിന്ന് പരിണാമം വഴി സസ്തനികള്‍ (മനുഷ്യര്‍ ഉള്‍പ്പെടെ) എന്ന രീതിയില്‍ ജീവികള്‍ രൂപപ്പെട്ടു എന്നര്‍ഥം. ലഘു ഘടനയുള്ള ജീവികള്‍ പരിണമിച്ച് സങ്കീര്‍ണ ഘടനയുള്ള മനുഷ്യരടക്കമുള്ള ജീവികള്‍ ഉണ്ടായി എന്നതാണ് ഈ രണ്ട് സിദ്ധാന്തങ്ങളുടെയും രക്തച്ചുരുക്കം.

നവ ഡാര്‍വനിസം

പാരമ്പര്യഘടകങ്ങളായ ജീനുകള്‍ക്ക് വ്യതിയാനം ഉണ്ടായിയാണ് ഈ മാറ്റം ഉണ്ടാകുന്നത് എന്ന് മ്യൂട്ടേഷനും ജനിതക ശാസ്ത്രവും ഉപയോഗിച്ച് പരിണാമവാദം വിശദീകരിച്ചതാണ് ഈ സിദ്ധാന്തം. ഇത് പിന്നീട് വിശദീകരിക്കാം.

വിമര്‍ശനങ്ങള്‍

ശാസ്ത്രത്തിലെ ഒരു മായാവിക്കഥയാണിത് എന്നു പറയാം. ഈ സിദ്ധാന്തത്തിന്  മുമ്പ് ശാസ്ത്രം വിശ്വസിച്ച 'സ്വയം ജനന സിദ്ധാന്തം' (Theory of spontaneous generation) പഠിച്ചവര്‍ക്ക് അത് മനസ്സിലാകും.  ചെളിയില്‍നിന്നും പഴങ്ങളില്‍നിന്നും വെള്ളത്തില്‍നിന്നും ജീവികള്‍ സ്വയം ഉണ്ടാകുന്നു എന്നായിരുന്നു ഈ സിദ്ധാന്തം വാദിച്ചത്. ലാമാര്‍ക്കിന്റെ Theory of acquired characters ആയിരുന്നു മറ്റൊന്ന്. ഒരു ജീവി തന്റെ അവയവം കൂടുതല്‍ ഉപയോഗിച്ചാല്‍ ആ അവയവം അടുത്ത തലമുറയില്‍ വികസിക്കും, ഉപയോഗിച്ചില്ലെങ്കില്‍ അത് നശിക്കും എന്നാണ് ഈ സിദ്ധാന്തം പറഞ്ഞത്.

ജിറാഫിന്റെ കഴുത്ത് നീണ്ടത് ഉപയോഗം കൂടിയതുകൊണ്ടാണ്. പാമ്പിന് കാലുകള്‍ ഇല്ലാതായത് ഉപയോഗം ഇല്ലാത്തതുകൊണ്ടാണ് എന്നെല്ലാം ഈ സിദ്ധാന്തം ഉദാഹരിച്ചു. സാധാരണക്കാര്‍ പോലും ഈ സിദ്ധാന്തത്തെ പരിഹസിച്ചു തള്ളി.

അപ്പോള്‍ പരിണാമ സിദ്ധാന്തത്തിന് മുമ്പുള്ള വിഡ്ഢിത്ത സിദ്ധാന്തങ്ങള്‍ പഠിച്ചവര്‍ക്ക് അത് തള്ളിയാണ് ഇന്ന് പുതിയ 'രാസപരിണാമം' വന്നിരിക്കുന്നത് എന്ന് അറിയാവുന്നത് കൊണ്ട് ഇതിന്റെ അപ്രസക്തിയും മനസ്സിലാകും.

ഇതിന് തെളിവായി പറയുന്നത് അമിനോ ആസിഡ് ലാബില്‍ ഉണ്ടാക്കി എന്നതാണ്. യുക്തിവാദികള്‍ക്ക് ദൈവനിഷേധത്തിന് ഇത് തെളിവല്ല. കാരണം അത് സ്വയമേ ഉണ്ടായതല്ല. ശാസ്ത്രകാരന്‍മാര്‍ ഉണ്ടാക്കിയതാണ്. ഒന്നുമില്ലായ്മയില്‍നിന്നോ ഒന്നും ഉപയോഗിക്കാതെയോ അല്ല, ദൈവം സൃഷ്ടിച്ച ചില പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയതാണ്. എന്നാല്‍ ഒരിക്കലും ഒരു ജീവനുള്ള കോശത്തെ ശാസ്ത്രം ഉണ്ടാക്കിയിട്ടില്ല. വിഭജിക്കുന്ന ജനിതകവസ്തുവിനെയും ഉണ്ടാക്കിയിട്ടില്ല.

തെളിവുകളുടെ അശാസ്ത്രീയത

1. ആദ്യം ഉണ്ടായി എന്ന് സങ്കല്‍പിച്ച് പറയുന്ന വസ്തുവിന് അന്നത്തെ ഉയര്‍ന്ന ഊഷ്മാവില്‍ നിലനില്‍ക്കാന്‍ സാധിക്കില്ല.

2. ആദ്യം ഉണ്ടായി എന്ന് ഇവര്‍ പറയുന്നത് ചുറ്റും പ്രോട്ടീന്‍ ആവരണമുള്ള ഒരു RNA ആണ് എന്നാണ്. ഇതിന് സ്വയം നിലനില്‍ക്കാന്‍ കഴിയില്ല. കൊറോണ വൈറസ് പോലും ഒരു ജീവകോശത്തിലല്ലാതെ ജീവിക്കുകയോ, വിഭജനം നടത്തി പെരുകുകയോ ചെയ്യുകയില്ല. ആദിമ ഭൂമിയില്‍ അന്തരീക്ഷത്തിനും വെള്ളത്തിനുമൊക്കെ 75 സെല്‍ഷ്യസ് ചൂടുണ്ടായിരുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ആ ചൂടിനെ അതിജീവിക്കാന്‍ കഴിയാത്ത പ്രകൃതത്തിലുള്ള RNA അതേ ചൂടുള്ള കടലില്‍ സ്വയം ഉണ്ടായി വിഭജനത്തിലൂടെ പെരുകി എന്നത് വിശ്വസിക്കുന്നതിനെക്കാള്‍ യുക്തിസഹം സര്‍വശക്തനായ ദൈവം സൃഷ്ടിച്ചു എന്നതല്ലേ? അമീബയാണെങ്കിലും ഇതാണ് സ്ഥിതി.

3. ഫോസിലുകള്‍: ലഘുഘടനയുള്ള ജീവികള്‍ പരിണമിച്ച് സങ്കീര്‍ണ ഘടനയുള്ള ജീവികള്‍ ഉണ്ടാകുന്നു എന്ന വാദത്തിന് എതിരാണ് പഴയ ജീവികളുടെ അവശിഷ്ടങ്ങളായ ഫോസിലുകള്‍. ഭൂമിയുടെ ഏറ്റവും താഴെനിന്ന് തന്നെ സങ്കീര്‍ണ ഘടനയുള്ള ദിനോസറുകളുടേത് പോലെയുള്ള ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്

4. ഒരു ജീവി പരിണമിച്ചാണ് മറ്റൊരു ജീവി ഉണ്ടാകുന്നത് എങ്കില്‍ രണ്ടിന്റെയും ഇടയ്ക്കുള്ള ജീവികള്‍ വേണം. അതിന് തെളിവില്ല.

'ആര്‍ക്കിയോ ടെറിക്‌സി'നെ ഉദാഹരണമായി അവര്‍ പറയുന്നുവെങ്കിലും അത് തെറ്റാണ് എന്ന് ശാസ്ത്രം തന്നെ കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കിയോ ടെറിക്‌സ് പല ജീവികളുടെ ഫോസിലുകള്‍ ചേര്‍ത്ത് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്.

5. ജീവികളുടെ ആന്തരഘടനയിലും ജീവല്‍ പ്രവര്‍ത്തനങ്ങളിലും ഉള്ള സാമ്യം ഒരിക്കലും പരിണാമത്തിന് തെളിവല്ല. ഓരോ ജീവിക്കും ഓരോ പ്രത്യേകതയുണ്ട്. ഇത് സര്‍വശക്തനും സര്‍വജ്ഞനുമായ ഒരു സ്രഷ്ടാവിലേക്ക് വിരല്‍ചൂണ്ടുന്നു.

6. ഒരു കോശം അതിന്റെ സങ്കീര്‍ണ ഘടനയോടെ പരിണമിച്ച് ഉണ്ടാകുക എന്നത് അസാധ്യമാണ്. ഭൂമി രൂപംകൊണ്ടിട്ട് എത്ര കാലമായി എന്ന് ശാസ്ത്രം അനുമാനിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പരിണാമ സിദ്ധാന്തപ്രകാരം ഒരു ജീവി സ്വയം ഒരു കോശത്തില്‍നിന്ന് പരിണമിച്ച് ഉണ്ടാകാന്‍ എടുക്കുന്ന സമയം ഭൂമിയുടെ ഇന്നുവരെയുള്ള ആയുസ്സിനെക്കാള്‍ കൂടുതലാണ് എന്നു കാണാം.

7. പരിണാമവാദികള്‍ പറഞ്ഞ പല തെളിവുകളും തെറ്റാണ് എന്ന് ശാസ്ത്രം തന്നെ തെളിയിച്ചിട്ടുണ്ട്. മനുഷ്യന്റെ പൂര്‍വികര്‍ എന്നു പറഞ്ഞ് കാണിക്കുന്ന ചില ചിത്രങ്ങള്‍, അസ്ഥികള്‍, ഫോസിലുകള്‍ എന്നിവയെല്ലാം അവര്‍ ഭാവനയില്‍ ഉണ്ടാക്കിയ രൂപങ്ങളാണ്. നാം കാണുന്നത് അവര്‍ ഭാവനയില്‍ വരച്ച ചിത്രങ്ങളാണ്. ആര്‍ക്കും ഭാവനയില്‍ ഇങ്ങനെ രൂപം വരച്ചുണ്ടാക്കാം. കിട്ടിയത് എല്ലിന്‍ കഷ്ണങ്ങളോ അടയാളമോ മാത്രമാണ് എന്നോര്‍ക്കണം.

8. അറിയപ്പെട്ട മാനവ ചരിത്രത്തിനിടയില്‍ ഏതെങ്കിലും ഒരു ജീവിയില്‍ പരിണാമത്തിന്റെ എന്തെങ്കിലും അടയാളമുണ്ടായതായി പോലും കാണുക സാധ്യമല്ല.

ജനിതക ശാസ്ത്രവും മ്യൂട്ടേഷനും

പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിന് 50000 വര്‍ഷം മുമ്പ് അല്ലാഹു ഈ പ്രപഞ്ചത്തില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്തിവെച്ചു എന്നും, ഒരു മനുഷ്യന് മാതാവിന്റെ ഗര്‍ഭാശയത്തില്‍ നാലുമാസം പ്രായമാകുമ്പോള്‍ അവന്റെ മരണംവരെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെടും എന്നും വിശ്വസിക്കുന്ന, ജീവികളുടെ കഴിവും കഴിവുകേടും ദൈവികമായി ലഭിക്കുന്നതാണ് എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്ക് ജനിതക ശാസ്ത്രത്തെ തള്ളിക്കളയേണ്ട ആവശ്യമില്ല.

മാതാവിന്റെയും പിതാവിന്റെയും അണ്ഡ-ബീജങ്ങളില്‍നിന്ന് വരുന്ന ജീനുകളാണ് ജന്തുക്കുടെ ശാരീരികവും സ്വഭാവപരവുമായ ഘടകങ്ങളെ നിയന്ത്രിക്കുന്നത് എന്നാണ് ജനിതകശാസ്ത്രം പറയുന്നത്.

ഉദാ: മനുഷ്യരുടെ നിറം വ്യത്യസ്തമാണ്. അതിനുകാരണം നിറം നല്‍കുന്ന പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീനുകളുടെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസമാണ്. ഈ ജീനുകള്‍ പാരമ്പര്യമായി വരുന്നതാണ്. അതേപോലെ ഉയരം, സ്വഭാവം, ചില രോഗങ്ങള്‍, കഴിവുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന ജീനുകള്‍ ഉണ്ട്. ഗര്‍ഭാശയത്തില്‍ ആയിരിക്കുമ്പോള്‍തന്നെ ജനിതക കോഡ് എന്ന ഭാഷയിലൂടെ മരണം വരെയുള്ള കാര്യങ്ങള്‍ ജീനുകളില്‍ കോഡ് ചെയ്യപ്പെട്ട് കിടക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ഇത് മാതാപിതാക്കളില്‍നിന്ന് വരുന്നതാണ്.

ജനിതക സ്വഭാവ വ്യതിയാനത്തിനും അതുവഴി പുതിയ സ്പീഷീസുകള്‍ (ജീവി വര്‍ഗങ്ങള്‍) ഉത്ഭവിക്കുന്നതിനുമുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് ഉല്‍പ്പരിവര്‍ത്തനം അഥവാ Mutation ആണ്. തലമുറകളിലേക്ക് കൈമാറാന്‍ കഴിയുംവിധം ജീവികളുടെ ജീനോടൈപ്പില്‍ (Gentoype) ഉണ്ടാകുന്നപൊടുന്നനെയുള്ള മാറ്റത്തെയാണ് മ്യൂട്ടേഷന്‍ എന്ന് പറയുന്നത്. ഇത് ക്രോമസോമിന്റെ ഘടനയിലോ, ജീനിന്റെ ഘടനയിലോ സംഭവിക്കുമ്പോള്‍ യഥാക്രമം ക്രോമസോം ഉല്‍പ്പരിവര്‍ത്തനമെന്നും (Chromosomal Mutations) ജീന്‍ ഉല്‍പ്പരിവര്‍ത്തനമെന്നും (Gene Mutation) വിളിക്കുന്നു.

എന്നാല്‍ മ്യൂട്ടേഷന്‍ മൂലം ജീവികളില്‍ പരിണാമം സംഭവിച്ച് പുതിയ സ്പീഷീസ് ഉണ്ടാകുന്നതിന് സാധ്യതയേക്കാളേറെ അസാധ്യതയാണുള്ളതെന്ന് ആധുനികശാസ്ത്രം പറയുന്നു. മ്യൂട്ടേഷനുകളില്‍ അധികവും ജീവികള്‍ക്ക് മാരകമോ ഹാനികരമോ ആയ പ്രക്രിയയാണ് എന്നതുകൊണ്ടു തന്നെ അത് പരിണാമപരമല്ല, മറിച്ച് സാംക്രമികം മാത്രമാണ്.

പരിണാമവാദത്തിന് തെളിവായി പറയുന്ന മ്യൂട്ടേഷന്‍ എന്താണ്?

മാതാപിതാക്കളില്‍നിന്ന് വരുന്ന ജീനുകള്‍ക്ക്  ജീവിതകാലത്ത് വ്യതിയാനം സംഭവിക്കുകയും അത് അടുത്ത തലമുറയിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോഴാണ് പുതിയ ജീവി വര്‍ഗങ്ങള്‍ ഉണ്ടാകുന്നത്  എന്നാണ് പരിണാമവാദികള്‍ പറയുന്നത്.

ജനിതക മാറ്റങ്ങള്‍ ജീവിക്ക് പ്രതികൂലമാറ്റമാണ് ഉണ്ടാക്കുന്നത്, അനുകൂലമല്ല. ജപ്പാനിലെ ഹിരോഷിമയിലും നാഗാസാക്കിയിലും രണ്ടാം ലോകമഹായുദ്ധ കാലത്ത് അണുബോംബ് വര്‍ഷിച്ചു. അണുവികിരണം ജനിതകമാറ്റം ഉണ്ടാക്കി. പക്ഷേ, അടുത്ത തലമുറയില്‍ പരിണാമവാദികള്‍ പറയുന്നതുപോലെ പുതിയ നല്ല കഴിവള്ള ജീവികളല്ല ഉണ്ടായത്; മറിച്ച് ശാരീരിക-മാനസിക വൈകല്യങ്ങളുള്ള മനുഷ്യരാണ് ഉണ്ടായത്.

ഒരു ജീവിയുടെ പ്രകൃത്യായുള്ള ജനിതക ഘടന മാറുമ്പോള്‍ ശാരീരിര-മാനസിക വൈകല്യമാണുണ്ടാവുന്നത് എന്നു വ്യക്തം. ഡൗണ്‍ സിന്‍ഡ്രം, ഡര്‍ണര്‍ സിന്‍ഡ്രം എന്നിവ ഉദാഹരണം. ശാരിരിക, മാനസിക വളര്‍ച്ചാ വൈകല്യത്തിന്റെ ശാസ്ത്രീയ നാമമാണ് ഇവ. ഇത് മനുഷ്യന്റെ ഒരു ക്രോമസോം സംഖ്യ കൂടുകയോ കുറയുകയോ ചെയ്തപ്പോള്‍ ഉണ്ടായ അവസ്ഥയാണ്. അപ്പോള്‍ ജനിതക മാറ്റമായ മ്യൂട്ടേഷന്‍ ഒരു ജീവിയില്‍നിന്ന് മറ്റൊരു ജീവി ഉണ്ടാകുന്നു എന്നതിനു തെളിവല്ല.

കൊറോണ വൈറസും മ്യൂട്ടേഷനും

വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് കൊറോണയുടെ മ്യൂട്ടേഷന്‍. ഇതിനെ സാമുഹിക മാധ്യമങ്ങളില്‍ യുക്തിവാദികള്‍ പരിണാമത്തിന് തെളിവായി ഉദ്ധരിച്ച് കാണാം.

യഥാര്‍ഥത്തില്‍ കൊറോണയുടെ വ്യതിയാനം അതിന്റെ ജനിതിക ഘടനയില്‍ വരുന്ന ഒരു മാറ്റം മാത്രമാണ്; വൈറസ് എന്ന ജീവിവര്‍ഗത്തില്‍നിന്ന് മറ്റൊരു ജീവി ഉണ്ടാകലല്ല. ജപ്പാനില്‍ ജനിതക വ്യതിയാനം വന്ന് വൈകല്യമുള്ള മനുഷ്യര്‍ ഉണ്ടായതുപോലെ.

ആധുനിക യുക്തിവാദികള്‍

പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകൡ പഴയ യുണൈറ്റഡ് റഷ്യയില്‍ ദൈവനിഷേധത്തിലധിഷ്ഠിതമായ കമ്യൂണിസം ഉടലെടുത്തപ്പോള്‍ ശാസ്ത്രലോകത്ത് അതിന് സമാന്തരമായി ഉണ്ടായ ഒരു ചിന്താധാരയാണ് പരിണാമശാസ്ത്രമെന്ന് പറയാം. സോഷ്യലിസത്തോടൊപ്പം പരിണാമസിദ്ധാന്തത്തെയും അവര്‍ ദൈവനിഷേധത്തിനായി പ്രചരിപ്പിച്ചു. ദൈവനിഷേധം യുക്തിസഹവും ശാസ്ത്രീയവുമാണ് എന്ന് പ്രചരിക്കപ്പെട്ടു. പ്രപഞ്ചം എന്നും ഉണ്ട്, അതില്‍ യാദ്യച്ഛികമായി ഉണ്ടായതാണ് മനുഷ്യരടക്കമുള്ള ജീവികളും പ്രതിഭാസങ്ങളും എന്നവര്‍ വാദിച്ചു.

എന്നാല്‍ പ്രപഞ്ചത്തിന് ഒരു തുടക്കവും അവസാനവും ഉണ്ട് എന്ന് സ്റ്റീഫന്‍ ഹോക്കിംഗ്‌സ് മഹാവിസ്‌ഫോടന സിദ്ധാന്തത്തിലൂടെ (Big Bang theory) തെളിയിച്ചപ്പോള്‍ അവര്‍ മൗനംപൂണ്ടു.

ഒരു ബാഹ്യശക്തിയില്ലാതെ ഒരു വസ്തുവിന് ചലിക്കാന്‍ കഴിയില്ല എന്ന് തെര്‍മോ ഡൈനാമിക് തിയറിയിലും  മറ്റും ഐന്‍സ്റ്റീനും ന്യൂട്ടനുമെല്ലാം പറഞ്ഞപ്പോള്‍ ഈ മഹാപ്രപഞ്ചംതന്നെ ചലിക്കുന്നു, ആറ്റം മുതല്‍ ഗ്യാലക്‌സിയിലെ നക്ഷത്രങ്ങള്‍വരെ ചലിക്കുന്നുണ്ട് എന്ന ശാസ്ത്ര കണ്ടെത്തല്‍ അതിന് കാരണമായ ബാഹ്യശക്തിയായ ഒരു ദൈവത്തെ നിര്‍ബന്ധമാക്കി. ബാഹ്യശക്തിയില്ലാതെ ഒന്നിനും ചലിക്കാന്‍ കഴിയില്ല എന്നാണല്ലോ ന്യൂട്ടന്റെ ചലനനിയമം പറയുന്നത്.

ഊര്‍ജവും ദ്രവ്യവും പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല; രൂപമാറ്റം വരുത്താനേ കഴിയൂ എന്ന് ശാസ്ത്രം കണ്ടെത്തിയതോടെ മരണത്തോടെ എല്ലാം നശിച്ചു എന്ന അവരുടെ വാദവും തെറ്റി. കാരണം മരണപ്പെട്ട മനുഷ്യന്റെ ശരീരവും വാക്കുകളും പ്രവൃത്തിയും ആധുനിക ശാസ്ത്രമനുസരിച്ച് വിവിധ ഊര്‍ജ-ദ്രവ്യ രൂപമായി ലോകത്ത് ഉണ്ട്. അവയെ പുനഃസൃഷ്ടിക്കാന്‍ കഴിയും. കാരണം ഊര്‍ജവും ദ്രവ്യവും നശിക്കുന്നില്ലല്ലോ! മറ്റൊരു രൂപത്തില്‍ സ്ഥിതിചെയ്യുകയാണ് ചെയ്യുന്നത്.

ചുരുക്കത്തില്‍ ദൈവനിഷേധികള്‍ തെളിവായി കൊണ്ടുനടന്ന പല തെളിവുകളും ശാസ്ത്രം തന്നെ തള്ളി.

ഇല്ലായ്മയില്‍നിന്ന് ഒന്നും ഉണ്ടാകില്ല. (മതം പറയുന്നത് അനാദിയും അനന്തനുമായ ബാഹ്യശക്തിയായ അല്ലാഹുവാണ് ഇല്ലായ്മയില്‍നിന്ന് എല്ലാം സൃഷ്ടിച്ച ആദികാരണം എന്നാണ്).

ലോകത്തിന് തുടക്കവും ഒടുക്കവുമുണ്ടെന്നാണ് ശാസ്ത്ര നിഗമനം. എങ്കില്‍ അതിന് ആദ്യവും അവസാനവും ഇല്ലാത്ത ഒരു സ്രഷ്ടാവ് ആവശ്യമാണ്.

പരിണാമത്തിന്റെ തെളിവുകള്‍ മുകളില്‍ പറഞ്ഞ ശാസ്ത്ര സിദ്ധാന്തങ്ങള്‍ വെച്ച് ശാസ്ത്രം തന്നെ തള്ളിയപ്പോള്‍ യുക്തിവാദികള്‍ പരിണാമവാദം സത്യമെന്ന് തെളിയിക്കല്‍ ഞങ്ങളുടെ പണിയല്ല എന്ന് സംവാദങ്ങളില്‍ മറുപടി നല്‍കാന്‍ തുടങ്ങി!

സൃഷ്ടി വാദം

ഏറ്റവും ചെറിയ ആറ്റോമിക കണികകള്‍ മുതല്‍ ഗ്യാലക്‌സികള്‍ വരെയുള്ള വസ്തുക്കള്‍, വൈറസുകള്‍ മുതല്‍ മനുഷ്യര്‍ വരെയുള്ള ജീവികള്‍, അവയുടെ ഘടന, അവയില്‍ നടക്കുന്ന പദാര്‍ഥങ്ങളുടെയും ഊര്‍ജത്തിന്റെയും മാറ്റങ്ങളും ചലനങ്ങളും തുടങ്ങിയവയെല്ലാം ഒരു കണക്കനുസരിച്ച് വ്യക്തമായ പ്ലാനോടെ ഒരു ബാഹ്യശക്തി (ദൈവം) ഡിസൈന്‍ ചെയ്തതാണ് എന്ന് വിശ്വസിക്കലാണ് യുക്തി. ഈ സൃഷ്ടിവാദം Theory of creation അമേരിക്കയില്‍ പരിണാമവാദത്തോടൊപ്പം പബ്ലിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിച്ചിരുന്നു.

ജീന്‍, DNA എന്നിവയില്‍ ജീവികളുടെ സ്വഭാവ സവിശേഷതകള്‍ രേഖപ്പെടുത്തിയത് ആരാണ്? ഈ അതിസങ്കീര്‍ണവും വിസ്മയകരവുമായ സംവിധാനം സത്യമാണെന്ന് ഉള്‍ക്കൊണ്ടവര്‍ക്ക് ദൈവവിധിയില്‍ വിശ്വസിക്കാന്‍ എന്താണ് തടസ്സം?

ഇസ്‌ലാമും പരിണാമവാദവും

ഈ പ്രപഞ്ചത്തെയും അതിലുള്ള ജീവജാലങ്ങള്‍, പ്രതിഭാസങ്ങള്‍ എന്നിവയെ സംബന്ധിച്ചുമൊക്കെ പഠിക്കുകയും അത് പരീക്ഷണ നീരീക്ഷണങ്ങളിലൂടെ മനുഷ്യന് ഉപയോഗിക്കത്തക്ക രീതിയില്‍ ആക്കുകയും ചെയ്യുന്നതിനാണ്  ശാസ്ത്രമെന്ന് പറയുന്നത്. ഈ പഠനം ഇസ്‌ലാമിക വീക്ഷണ പ്രകാരം പരലോകത്ത് പുണ്യം കിട്ടുന്ന സല്‍കര്‍മമാണ്. അല്ലാഹുവിന്റെ സൃഷ്ടികളെക്കുറിച്ച് ചിന്തിക്കാനും അതിലൂടെ അവന്റെ സൃഷ്ടി വൈഭവം മനസ്സിലാക്കാനും ക്വുര്‍ആന്‍ പറയുന്നുണ്ട്.

എന്നാല്‍ മനുഷ്യരടക്കമുള്ള ജീവികള്‍ പരിണമിച്ചുണ്ടായി എന്ന ഊഹാധിഷ്ഠിതമായ ശാസ്ത്ര സങ്കല്‍പത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആദരണീയനായ രീതിയില്‍ ആദ്യമനുഷ്യനായ ആദമിനെ അല്ലാഹു മണ്ണില്‍ നിന്ന് രൂപമുണ്ടാക്കി അതില്‍ ആത്മാവിനെ ഊതിയാണ് സൃഷ്ടിച്ചത്. ശേഷം ഇണയെയും സൃഷ്ടിച്ചു. അവര്‍ ഇണ ചേരുമ്പോള്‍ ബീജവും അണ്ഡവും കൂടിച്ചേര്‍ന്ന് മക്കളുണ്ടാകുന്ന സംവിധാനം അല്ലാഹു ഒരുക്കിക്കൊടുത്തു. അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു. മറ്റു സൃഷ്ടികളും ഇങ്ങനെ ആദ്യമായി ഇണകളായി സൃഷ്ടിക്കപ്പെട്ട് തുടര്‍ന്ന് പ്രത്യുല്‍പാദനത്തിലൂടെ തലമുറകള്‍ ഉണ്ടായി എന്നതാണ് ഇസ്‌ലാമിക വിശ്വാസം.

കഴുതയും കുതിരയും ഇണചേര്‍ന്ന് കോവര്‍ കഴുത ഉണ്ടാകുന്നതുപോലെ ചില സങ്കരജീവികളും രൂപപ്പെടുന്നുണ്ട്.

മണ്ണ്, ജലം, വായു എന്നിവ ചേര്‍ന്നുതന്നെയാണ് ജീവികള്‍ ഉണ്ടാകുന്നത്. ഈ പ്രക്രിയ അല്ലാഹുവിന്റെ കല്‍പന പ്രകാരം മലക്കുകള്‍ ചെയ്യുന്നു. 'ഒരു ബാഹ്യ ശക്തിയില്ലാതെ മാറ്റം ഉണ്ടാകില്ല' എന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ടല്ലോ.  

യുക്തിവാദത്തെയും പരിണാമവാദത്തെയും  ഇസ്‌ലാമിക വിശ്വാസ ശാസ്ത്രവുമായി താരതമ്യം ചെയ്ത് പഠിച്ചാല്‍ മനസ്സിലാവും ഏതാണ് ശാസ്ത്രീയം എതാണ് യുക്തിഭദ്രം എന്ന്.

മനുഷ്യന്‍ സ്വയം ചിന്തിച്ച് ഉണ്ടാക്കുന്ന സിദ്ധാന്തങ്ങള്‍ തെറ്റുപറ്റാന്‍ സാധ്യത ഏറെയാണ്. പലതും തെറ്റിയിട്ടുമുണ്ട്. ഒരു കാലഘട്ടത്തില്‍ അവ പ്രായോഗികമാണെങ്കില്‍തന്നെ പിന്നീടവ അപ്രായോഗികമായി മാറിയേക്കാം.

മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ കൃത്യവും യുക്തിഭദ്രവുമായ വിവരണം നല്‍കുന്നുണ്ട്. പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങളോളം സത്യസന്ധമായ വചനങ്ങള്‍ ഏതാണുള്ളത്?

ചുരുക്കത്തില്‍ പരിണാമവാദം യുക്തിവാദത്തെ കൂടുതല്‍ യുക്തിരാഹിത്യത്തിലേക്കും അശാസ്ത്രീയതയിലേക്കുമാണ് നയിച്ചത്. വിദ്യാര്‍ഥി സമൂഹം ക്വുര്‍ആനിന്റെ അര്‍ഥവും ആശയവും മനസ്സിലാക്കാന്‍ ശ്രമിക്കണം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ ഒരു ശാസ്ത്ര സത്യവും ക്വുര്‍ആന് എതിരല്ല. എന്നാല്‍ ഊഹത്തിന്റെയും കെട്ടിച്ചമച്ച തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള വ്യാജ സിദ്ധാന്തങ്ങളെ ഇസ്‌ലാം അംഗീകരിക്കുകയില്ല.

''ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ക്വുര്‍ആനിന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?''(ക്വുര്‍ആന്‍ 7:185).

 മനുഷ്യന്‍ അവന്റെ സ്രഷ്ടാവിനെ തിരിച്ചറിഞ്ഞ് അവനെ മാത്രം ആരാധിച്ച് അവന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുക എന്നതാണ് ആ പ്രകൃതി. മതം എന്തിനെന്നുള്ള ചോദ്യത്തിന് ക്വുര്‍ആന്‍ നല്‍കുന്ന ഉത്തരം മറ്റൊന്നല്ല:

''ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (30:30).