രാവിന്‍റെ തോളില്‍ പ്രാര്‍ഥനാപൂര്‍വം

സുഫ്‌യാൻ അബ്ദുസ്സലാം

2021 ഏപ്രില്‍ 23 1442 റമദാന്‍ 11
ജീവിതായോധനത്തിന്‍റെ തിരക്കുകളടങ്ങിയ പകലിനെ അപേക്ഷിച്ച് മനുഷ്യന്‍ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുന്ന സമയമാണ് രാവ്. രാവിന്‍റെ ഓരോ ഘട്ടവും അനുഗ്രഹപൂര്‍ണമാണ്. അത് റമദാനാകുമ്പോള്‍ പ്രത്യേകിച്ചും . രാത്രിയുടെ വ്യത്യസ്ത യാമങ്ങളിലൂടെ ആരാധനാനിമഗ്നനായി ഒരു യാത്ര.

അനുഗ്രഹവര്‍ഷങ്ങള്‍ പെയ്യുന്ന റമദാനിലെ പുണ്യദിനങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. പകല്‍സമയത്തെ വ്രതവും രാത്രികാലങ്ങളിലെ നമസ്കാരവും ദാനധര്‍മങ്ങളും ക്വുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും മറ്റു പുണ്യകര്‍മങ്ങളുമായി റമദാന്‍ മുമ്പോട്ട് കുതിക്കുകയാണ്. മനുഷ്യരില്‍ നല്ലശീലം വളര്‍ത്തുന്നതിനുവേണ്ടിയാണ് റമദാന്‍ ഓരോ വര്‍ഷവും കടന്നുവരുന്നത്. 'ലഅല്ലകും തത്തക്വൂന്‍' എന്ന വചനം സൂചിപ്പിക്കുന്നത് കേവലം ഒരു മാസത്തെ ഭക്തിശീലങ്ങളല്ല. ജീവിതാന്ത്യം വരെ നിലനില്‍ക്കേണ്ട നല്ലശീലങ്ങള്‍ മനുഷ്യരില്‍ വളര്‍ത്തുകയും അവരെ അല്ലാഹുവിനോട് നന്ദിയുള്ളവരാക്കാന്‍ പ്രേരിപ്പിക്കുകയും ഇഹലോകത്തെ സകല നിമിഷങ്ങളിലും അവന്‍റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താന്‍ പാകപ്പെടുത്തുകയും ചെയ്തുകൊണ്ട് ചാഞ്ചല്യമനുഭവപ്പെടുന്ന മനുഷ്യമനസ്സുകളെ സദാ അല്ലാഹുവോട് അടുപ്പിക്കുവാനുള്ള പരിശീലനമാണ് റമദാന്‍ എന്ന സന്ദേശമാണ് പ്രസ്തുത വചനത്തില്‍ അടങ്ങിയിട്ടുള്ള ആശയം.

റമദാനിലെ പുണ്യരാവുകള്‍

റമദാനില്‍ വിശ്വാസികള്‍ ഏറ്റവും പ്രാധാന്യത്തോടെ നിര്‍വഹിക്കുന്ന ആരാധനാകര്‍മമാണ് രാത്രി നമസ്കാരം. റമദാനില്‍ പള്ളികളില്‍ ജമാഅത്തായി ഇശാഅ് നമസ്കാരശേഷം അത് നിര്‍വഹിക്കപ്പെട്ടുവരുന്നു. ചിലര്‍ അവരുടെ വീടുകളില്‍വച്ചുതന്നെ അത് നിര്‍വഹിക്കുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും ഈ നമസ്കാരത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രവാചക കാലംതൊട്ട് മുസ്ലിം സമൂഹത്തില്‍ നിലനിന്നുവരുന്ന ഒരു ആരാധനയാണ് 'ക്വിയാമു റമദാന്‍.' മറ്റു മാസങ്ങളില്‍ ഈ നമസ്കാരം അറിയപ്പെടുന്നത് 'ക്വിയാമുല്ലൈല്‍' എന്ന പേരിലാണ്. ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ അതിന് 'തഹജ്ജുദ്' എന്നും പറയപ്പെടുന്നു. ഇടക്ക് വിശ്രമം എടുക്കുന്നതുകൊണ്ട് 'തറാവീഹ്' എന്ന പേരിലും അത് അറിയപ്പെടുന്നു. ഒറ്റയില്‍ അവസാനിപ്പിക്കുന്നതുകൊണ്ട് അതിനെ 'വിത്ര്‍' എന്നും വിളിക്കുന്നു. പ്രവാചകന്‍ ﷺ ഈ നമസ്കാരം നിര്‍വഹിച്ചിരുന്നത് പരമാവധി പതിനൊന്ന് റക്അത്ത് ആയിരുന്നുവെന്നാണ് ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുള്ളത്. റമദാനില്‍ വളരെ ആവേശത്തോടെ ഇത് നിര്‍വഹിക്കപ്പെടുമ്പോള്‍ അത് മറ്റു മാസങ്ങളിലേക്ക് കൂടിയുള്ള തയ്യാറെടുപ്പാണ് എന്ന് മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. റമദാനിനു ശേഷവും ഓരോ ദിവസത്തിലുമുള്ള രാവുകളില്‍ അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള തീരുമാനമാണ് വിശ്വാസികളില്‍നിന്നും ഉണ്ടാവേണ്ടത്.  

രാവിന്‍റെ സവിശേഷഗുണങ്ങള്‍

എന്തുകൊണ്ടാണ് രാവിന് ഇത്ര വലിയ സവിശേഷത നല്‍കപ്പെട്ടിട്ടുള്ളത്? ശാന്തമായ വിശ്രമവേള, വസ്ത്രം തുടങ്ങിയ വിശേഷങ്ങളാണ് ക്വുര്‍ആന്‍ രാവിന് നല്‍കിയിട്ടുള്ളത്. സൂര്യാസ്തമയത്തോടെ ഇരുള്‍ മൂടിത്തുടങ്ങുന്നത് മുതല്‍ (ഗ്വസക്വ്) രാവ് ആരംഭിക്കുന്നു. ചക്രവാള ശോഭയിലൂടെ (ശഫക്വ്) സഞ്ചരിച്ച് അത് പിന്നീട് പൂര്‍ണമായ ഇരുട്ടിലേക്ക് (അതമത്ത്) പ്രവേശിക്കുന്നു. രാവിന്‍റെ അന്തിമഘട്ടമായ 'സഹര്‍' എന്ന അനുഗൃഹീതവേള പിന്നിട്ടുകൊണ്ടാണ് പുലര്‍കാലത്തിലേക്ക് പ്രവേശിക്കുന്നത്. ഇങ്ങനെ രാവിന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്. രാവിന്‍റെ ഓരോ വ്യത്യസ്ത ഘട്ടത്തെയും അനുഗ്രഹപൂര്‍ണമാക്കാന്‍ അല്ലാഹുവുമായി ഹൃദയത്തെ ബന്ധപ്പെടുത്തുകയാണ് വേണ്ടത്. മഗ്രിബ് നമസ്കാരത്തോടെ രാവിലേക്ക് പ്രവേശിക്കുന്ന മനുഷ്യന്‍ പിന്നീട് 'സ്വലാത്തുല്‍ അതമത്ത്' (ഇരുട്ടിന്‍റെ നമസ്കാരം) എന്ന പേരിലറിയപ്പെടുന്ന ഇശാഅ് നമസ്കാരം നിര്‍വഹിക്കുന്നു. രാവിന്‍റെ ഓരോ ഘട്ടവും അനുഗൃഹീതമാണ്. പകലിന്‍റെ അധ്വാനവും താപവും ക്ഷീണിതമാക്കിയ മനസ്സിനും ശരീരത്തിനും വിശ്രമവും കുളിര്‍മയും നല്‍കുന്നത് രാവാണ്. സ്വന്തം കുടുംബത്തോടൊപ്പം സമാധാനത്തോടെ അന്തിയുറങ്ങാനുള്ള അവസരം നല്‍കുന്നതും രാവാണ്. ഏകാന്തനായി ഇരിക്കുവാനും സ്വസ്ഥമായി സ്രഷ്ടാവിലേക്ക് കൈകളുയര്‍ത്താനും സുജൂദില്‍ വീഴാനും മറ്റുള്ളവരറിയാതെ തേങ്ങിക്കരയുവാനുമെല്ലാം സാധിക്കുന്ന സന്ദര്‍ഭമാണ് രാവ്. സ്വച്ഛവും ശീതളവും ശാന്തവുമായ മനസ്സിന്‍റെ നിറസാന്നിധ്യത്തോടെ അവനോട് ആത്മാര്‍ഥമായി ബന്ധപ്പെടാന്‍ അല്ലാഹുതന്നെ സംവിധാനിച്ചുതന്ന 'സകനി'ന്‍റെയും 'ലിബാസി'ന്‍റെയും അസുലഭ മുഹൂര്‍ത്തമാണ് രാവ്. (അന്‍ആം 96, യൂനുസ് 67, നംല് 86, ഫുര്‍ക്വാന്‍ 47, ഖസ്വസ്വ് 73, ഗാഫിര്‍ 61, നബഅ് 10 തുടങ്ങിയ വചനങ്ങളുടെ സംഗ്രഹം).

രാവും പൈശാചികതയും

രാവ് ശാന്തതയും കുളിര്‍മയും നല്‍കുമെങ്കിലും അത് പൈശാചിക ദുര്‍ബോധനങ്ങളും പ്രവര്‍ത്തനങ്ങളും ഏറെ വര്‍ധിക്കുന്ന വേളകൂടിയാണ്. പൈശാചിക സ്വാധീനങ്ങള്‍ കാരണം രാത്രികാലങ്ങളില്‍ അക്രമങ്ങളും കവര്‍ച്ചകളും അനാശാസ്യങ്ങളും പെരുകുകയും ചെയ്യുന്നത് സര്‍വസാധാരണമാണ്. അതുകൊണ്ടുതന്നെയാണ് 'ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും' അല്ലാഹുവില്‍ ശരണം തേടുവാന്‍ ദൈവഭയമുള്ള ഒരു വിശ്വാസിയോട് ക്വുര്‍ആന്‍ (113:3) ഉദ്ബോധിപ്പിച്ചിട്ടുള്ളത്. ദൈവസ്മരണ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള മനുഷ്യന് മാത്രമെ രാവിന്‍റെ ദുഷ്ടതകളില്‍നിന്ന് രക്ഷപ്പെടുവാനും സൂക്ഷ്മതാബോധമുള്ളവനായിത്തീരുവാ നും സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ക്വുര്‍ആന്‍ വിശ്വാസികളോട് 'രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക' (76:26) എന്ന് ആഹ്വാനം ചെയ്തത്. മുഹമ്മദ് നബി ﷺ വിശ്വാസികളോടായി പറഞ്ഞു: 'രാത്രികാലങ്ങളില്‍ ജനങ്ങള്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിങ്ങള്‍ നമസ്കാരങ്ങളില്‍ മുഴുകുക' (തുര്‍മുദി 2485). മനുഷ്യരെല്ലാം ശാന്തരായി ഉറങ്ങുമ്പോള്‍ രാവിന്‍റെ ഒരുഭാഗം നമസ്കാരത്തിനും പ്രണാമങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കും പ്രകീര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റിവയ്ക്കുവാനാണ് ക്വുര്‍ആനും പ്രവാചകവചനകളും വിശ്വാസികളെ തെര്യപ്പെടുത്തുന്നത്.

പ്രവാചകന്‍റെ രാവ്

പ്രവാചകത്വത്തിന്‍റെ ആദ്യനാളുകളില്‍തന്നെ പ്രവാചകന് രാത്രിനമസ്കാരം നിര്‍വഹിക്കാനുള്ള കല്‍പന ലഭിച്ചിരുന്നു. പേടിച്ചുവിറച്ച് പ്രിയസഖി ഖദീജ(റ)യുടെ സാന്ത്വനം അനുഭവിച്ചു കഴിയുന്ന സന്ദര്‍ഭത്തിലാണ് ജിബ്രീല്‍വഴി അദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നത്. 'ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റുനിന്ന് പ്രാര്‍ഥിക്കുക. രാത്രിയുടെ പകുതി, അല്ലെങ്കില്‍ പകുതിയില്‍ നിന്നു അല്‍പം കുറച്ച്. അല്ലെങ്കില്‍ പകുതിയെക്കാള്‍ അല്‍പം കൂടുതല്‍. ക്വുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക' (ക്വുര്‍ആന്‍ 73:14). സൂറത്തുല്‍ മുസ്സമ്മിലിലെ ഈ ആദ്യ വചനങ്ങളിലൂടെ പ്രവാചകനും അനുചരന്മാര്‍ക്കും രാത്രിനമസ്കാരം നിര്‍ബന്ധമായിത്തീര്‍ന്നിരുന്നു .

ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്ത വളരെ സുദീര്‍ഘമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: 'സഅ്ദ് ബ്നു ഹിശാം നബി ﷺ യുടെ രാത്രിനമസ്കാരത്തെ കുറിച്ചറിയാന്‍ ആഇശ(റ)യെ സമീപിച്ചു. അവര്‍ ചോദിച്ചു: 'താങ്കള്‍ സൂറത്തുല്‍ മുസ്സമ്മില്‍ പാരായണം ചെയ്യാറില്ലേ?' അദ്ദേഹം പറഞ്ഞു: 'അതെ.' അവര്‍ പറഞ്ഞു: 'ആ സൂറത്തിന്‍റെ പ്രാരംഭ വചനങ്ങളിലൂടെ രാത്രിനമസ്കാരം അല്ലാഹു നിര്‍ബന്ധമാക്കി. അങ്ങനെ നബി ﷺ യും അനുചരന്മാരും ഒരുവര്‍ഷം രാത്രിനമസ്കാരം നിര്‍ബന്ധമായും അനുഷ്ഠിച്ചു. അങ്ങനെ അവരുടെ കാല്‍പാദങ്ങള്‍ നീരുകെട്ടി വീര്‍ത്തുതുടങ്ങി. പ്രസ്തുത സൂറത്തിന്‍റെ അവസാനവചനം പന്ത്രണ്ട് മാസം വരെ അല്ലാഹു പിടിച്ചുവച്ചു. പിന്നീട് അവസാനവചനത്തിലൂടെ അല്ലാഹു ലഘൂകരണം നല്‍കി. അങ്ങനെ ആദ്യം നിര്‍ബന്ധമായിരുന്ന ക്വിയാമുല്ലൈല്‍ ഐച്ഛിക കര്‍മമായി (തത്വവ്വുഅ്) മാറി' (നസാഈ 1601).

സൂറത്തുല്‍ മുസ്സമ്മിലിലെ അവസാന വചനം ഇങ്ങനെയാണ്: 'നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പകുതിയും ചിലപ്പോള്‍ മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന് ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ക്വുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക" (ക്വുര്‍ആന്‍ 73:20).

രാത്രിയിലെ നമസ്കാരം ഐച്ഛികമെങ്കിലും ഗൗരവമേറെ

രോഗികള്‍ക്കും ഉപജീവനാര്‍ഥം യാത്രചെയ്യുന്നവര്‍ക്കും യുദ്ധംപോലെയുള്ള ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമെന്ന കാരണത്താലാണ് അതിന്‍റെ നിര്‍ബന്ധസ്വഭാവത്തെ അല്ലാഹു എടുത്തുകളഞ്ഞത്. അതിന്‍റെ നിര്‍ബന്ധസ്വഭാവം ഒഴിവാക്കിയതിന്‍റെ കാരണമായി പറഞ്ഞ കാര്യങ്ങള്‍ കാണുമ്പോള്‍ അതൊരു ഐച്ഛിക കര്‍മമാണെങ്കിലും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരുകാലത്തും ഒഴിവാക്കാതെ, വളരെ സൂക്ഷ്മതയോടെ നിര്‍വഹിച്ചുപോരേണ്ട കര്‍മമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

രാത്രി നമസ്കാരത്തിന്‍റെ നിര്‍ബന്ധസ്വഭാവം ഇല്ലാതായെങ്കിലും മുഹമ്മദ് നബി ﷺ അത് അദ്ദേഹത്തിന്‍റെ നിത്യജീവിതത്തില്‍ പാലിച്ചുവന്നു. ഒരു കല്‍പനയോടുള്ള പ്രതികരണം എന്നതിനെക്കാളുപരി സ്രഷ്ടാവിനോടുള്ള കടപ്പാട് എന്ന നിലയിലായിരുന്നു രാത്രി നമസ്കാരത്തെ അദ്ദേഹം കണ്ടിരുന്നത്. ആഇശ(റ) പറയുന്നു: "പ്രവാചകന്‍ രാത്രികാലങ്ങളില്‍ അദ്ദേഹത്തിന്‍റെ കാലുകളില്‍ നീര് കെട്ടിനില്‍ക്കുമാറ് സുദീര്‍ഘമായി നമസ്കരിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'പ്രവാചകരേ, താങ്കളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് എന്തിനാണ് ഇത്രമാത്രം കഷ്ടപ്പെടുന്നത്?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ആഇശാ, ഞാന്‍ ഒരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?" (മുസ്ലിം 2820).

ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണിത്. ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും സ്രഷ്ടാവ് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടും അവന്‍റെ കാരുണ്യം അനുഭവിച്ചുകൊണ്ടുമാണ് ഓരോ മനുഷ്യനും ഭൂമിയില്‍ കഴിയുന്നത്. അതിനുപുറമെ മരണശേഷമുള്ള പരലോകജീവിതത്തില്‍ വിജയിക്കുവാനാവശ്യമായ കാര്യങ്ങളെല്ലാം സ്രഷ്ടാവ് അവന്‍റെ ദിവ്യസന്ദേശങ്ങളിലൂടെ മനുഷ്യന് നല്‍കുകയും ചെയ്തു. ഇരുലോകങ്ങളിലും ശരിയായ വിജയം കൈവരിക്കുവാന്‍ മനുഷ്യനെ പ്രാപ്തനാക്കിയ നാഥനെ സ്തുതിക്കുവാനും അവന്‍റെ മുമ്പില്‍ സാഷ്ടാംഗം നമിച്ച് വിനയാന്വിതനായിത്തീരുവാനും മനുഷ്യന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ഈ സന്ദേശമാണ് രാത്രിനമസ്കാരത്തിലൂടെ പ്രവാചകന്‍ മാനവസമൂഹത്തിന് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് നിര്‍ബന്ധനമസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠം രാവിന്‍റെ ഉള്ളറകളില്‍ നിര്‍വഹിക്കപ്പെടുന്ന നമസ്കാരമാണെന്ന് പ്രവാചകന്‍ പറഞ്ഞത്. (മുസ്ലിം 1163).

പ്രവാചകന്‍റെ ഒരുക്കം

സഅ്ദ്ബ്നു ഹിശാമി(റ)ല്‍നിന്നും മുകളില്‍ ഉദ്ധരിച്ച ഹദീസിന്‍റെ തുടര്‍ഭാഗങ്ങളില്‍ രാത്രി നമസ്കാരത്തിന് പ്രവാചകനും പത്നിമാരും നല്‍കിയിരുന്ന ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സഅ്ദ് ബ്നു ഹിശാമിന്‍റെ ചോദ്യത്തിന് മറുപടിയായി ആഇശ(റ) പറഞ്ഞു: 'ഞങ്ങള്‍ നബി ﷺ യുടെ രാത്രി നമസ്കാരത്തിന് വേണ്ടി 'സിവാക്' (ദന്തശുദ്ധീകരണി), വുദൂഅ് ചെയ്യാനുള്ള വെള്ളം എന്നിവ നേരത്തെ ഒരുക്കിവെക്കുമായിരുന്നു. പിന്നീട് ഉറങ്ങിയതിന് ശേഷം എപ്പോഴാണോ അല്ലാഹു അദ്ദേഹത്തെ എഴുന്നേല്‍പിക്കുന്നത്, അപ്പോള്‍ അദ്ദേഹം എഴുന്നേല്‍ക്കും. പല്ലുതേച്ച് വുദൂഅ് ചെയ്ത് എട്ടു റക്അത്ത് നമസ്കരിക്കും. എട്ടാമത്തെ റക്അത്തില്‍ മാത്രമായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ആ ഇരുത്തത്തില്‍ അദ്ദേഹം ധാരാളമായി അല്ലാഹുവിനെ സ്മരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യും. പിന്നീട് ഞങ്ങളെ കേള്‍പിച്ചുകൊണ്ട് സലാം വീട്ടും. പിന്നീട് ഇരുന്നുകൊണ്ട് രണ്ടുറക്അത്ത് നമസ്കരിക്കും. സലാം വീട്ടിയശേഷം ഒരു റക്അത്ത് നമസ്കരിക്കും. അങ്ങനെ പതിനൊന്ന് റക്അത്ത് ആയിരുന്നു അദ്ദേഹം നമസ്കരിച്ചിരുന്നത്.'

രാത്രി നമസ്കാരത്തിന്‍റെ സൗന്ദര്യം

പലരുടെയും രാത്രിനമസ്കാരം റമദാന്‍ വിടപറയുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ രാത്രിനമസ്കാരം റമദാനില്‍ മാത്രം നിര്‍വഹിക്കപ്പെടുന്ന ഒരു ആരാധനാകര്‍മമല്ല. എല്ലാ കാലങ്ങളിലും നിര്‍വഹിക്കപ്പെടേണ്ട അതിപ്രധാനമായ ആരാധനയാണത്. അതൊരു കേവലചടങ്ങല്ല. ഓരോ വിശ്വാസിയും സാധിക്കുന്നത്ര ദൈര്‍ഘ്യമെടുത്ത് ഭക്തിയുടെ പാരമ്യത്തിലേക്ക് മനസ്സിനെ ആനയിച്ച് അതീവമായ വണക്കത്തോടെയാണ് അത് നിര്‍വഹിക്കേണ്ടത്. പ്രവാചകന്‍റെ രാത്രി നമസ്കാരത്തെകുറിച്ച് പ്രിയപത്നി ആഇശ(റ) വിശദീകരിച്ചത് ഹദീസുകളില്‍ ധാരാളം വന്നിട്ടുണ്ട്. അതൊരു ചടങ്ങായിരുന്നില്ല; അല്‍പനേരത്തെ അഭ്യാസവുമായിരുന്നില്ല. ധൃതിപിടിക്കാതെ, രണ്ടുറക്അത്തുകള്‍ വീതം നമസ്കരിച്ച് സുദീര്‍ഘമായി പാരായണം ചെയ്തും ഇടയ്ക്ക് കുറെസമയം വിശ്രമമെടുത്തുമായിരുന്നു അദ്ദേഹം നമസ്കരിച്ചിരുന്നത്. പതിനൊന്ന് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഓരോ നാല് റക്അത്തുകളുടെയും സൗന്ദര്യവും ദൈര്‍ഘ്യവും വര്‍ണനാതീതമാണെന്നാണ് ആഇശ(റ) പറഞ്ഞത്. 'അദ്ദേഹം റമദാനിലാവട്ടെ അല്ലാത്തപ്പോഴാവട്ടെ പതിനൊന്ന് റക്അത്തുകളില്‍ കൂടുതല്‍ നമസ്കരിക്കാറുണ്ടായിരുന്നില്ല. ആദ്യം നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ നീളവും ഭംഗിയും ചോദിക്കേണ്ടതില്ല. പിന്നീട് നാല് നമസ്കരിക്കും. അതിന്‍റെ നീളവും ഭംഗിയും ചോദിക്കേണ്ടതില്ല. പിന്നീട് മൂന്ന് റക്അത്തുകള്‍ നമസ്കരിച്ച് വിത്ര്‍ ആക്കും. ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, താങ്കള്‍ വിത്ര്‍ നമസ്കരിക്കുന്നതിന് മുമ്പ് ഉറങ്ങാറുണ്ടോ?' അദ്ദേഹം പറഞ്ഞു: 'എന്‍റെ കണ്ണുകള്‍ക്ക് ഉറക്കം ബാധിക്കാറുണ്ടെങ്കിലും മനസ്സ് ഉറങ്ങാറില്ല' (ബുഖാരി 2013).

നബി ﷺ യുടെ കൂടെ രാത്രി നമസ്കാരം നിര്‍വഹിച്ച ഹുദൈഫ(റ) പറയുന്നത് ഇങ്ങനെയാണ്. 'ഞാന്‍ ഒരു രാത്രിയില്‍ നബിയുടെ കൂടെ നമസ്കരിച്ചു. അദ്ദേഹം അല്‍ബക്വറയാണ് തുടങ്ങിയത്. നൂറ് ആയത്ത് കഴിയുമ്പോള്‍ അദ്ദേഹം റുകൂഇലേക്ക് പോകുമെന്ന് ഞാന്‍ കരുതി. പക്ഷേ, അതുണ്ടായില്ല. ഇരുനൂറ് ആകുമ്പോള്‍ റുകൂഅ് ചെയ്യുമെന്ന് കരുതി, അതുമുണ്ടായില്ല. അതുകഴിഞ്ഞു അദ്ദേഹം സൂറത്തുനിസാഅ് ആരംഭിച്ചു. അതുകഴിഞ്ഞ് ആലുഇംറാന്‍' (നസാഈ 1664).

പ്രസ്തുത നമസ്കാരത്തില്‍ നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് പാരായണത്തിന്‍റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടായിരുന്നുവെന്നും റുകൂഉം സുജൂദുമെല്ലാം വളരെ ദൈര്‍ഘ്യമുള്ളതായിരുന്നുവെന്നും ഹുദൈഫ(റ) പറയുന്നു. നബി ﷺ നമസ്കാരം ശരിക്കും ആസ്വദിക്കുകയായിരുന്നു എന്നര്‍ഥം.

രാത്രിനമസ്കാരത്തിന്‍റെ റക്അത്തുകളുടെ എണ്ണത്തെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുകയും അതിന്‍റെ വണ്ണത്തെക്കുറിച്ചോ നിര്‍വഹണത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുമ്പോള്‍ നമസ്കാരത്തിന്‍റെ ശരിയായ ചൈതന്യം ചോര്‍ന്നുപോവുകയാണ് ചെയ്യുന്നത്. കാലില്‍ നീര് കെട്ടി നില്‍ക്കുമ്പോള്‍ പോലും ശാരീരിക വിഷമങ്ങള്‍ മറന്ന് സ്രഷ്ടാവുമായുള്ള ആത്മബന്ധം രൂപപ്പെടുത്തി നമസ്കാരം ആസ്വദിക്കാന്‍ സാധിക്കുക എന്നു പറയുന്നത് വിശ്വാസവും കൃതജ്ഞതയും പൂര്‍ണമായ അളവില്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. രാവിന്‍റെ നിശ്ശബ്ദവും ശാന്തവുമായ അന്തരീക്ഷത്തില്‍ സ്രഷ്ടാവിനോട് സകലതെറ്റുകളും ഏറ്റുപറഞ്ഞും സങ്കടങ്ങളും വിഷമങ്ങളും സമര്‍പ്പിച്ചും മനസ്സിനെ സ്രഷ്ടാവില്‍ ബന്ധിപ്പിച്ചും നമസ്കാരത്തെ ഏറെ ഭംഗിയുള്ളതാക്കുക എന്ന ഉദാത്തമായ കര്‍മമാണ് രാത്രിനമസ്കാരത്തിലൂടെ ഒരു വിശ്വാസിക്ക് ചെയ്യുവാനുള്ളത്.

വീടുകളില്‍വച്ച് നമസ്കരിക്കുക

രാത്രിനമസ്കാരം ഐച്ഛികമാണെന്നു സൂചിപ്പിച്ചുവല്ലോ. ഐച്ഛികനമസ്കാരങ്ങളെല്ലാം വീടുകളില്‍ നമസ്കരിക്കുന്നതാണ് ഉചിതമെന്ന് പ്രവാചകന്‍ ﷺ പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍ ﷺ പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നമസ്കരിക്കുക. ഒരു മനുഷ്യന്‍റെ നിര്‍ബന്ധനമസ്കാരമല്ലാത്ത മറ്റെല്ലാ നമസ്കാരങ്ങളും വീടുകളില്‍ നിര്‍വഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം' (ബുഖാരി 7290).

നബി ﷺ അദ്ദേഹത്തിന്‍റെ രാത്രിനമസ്കാരവും മറ്റു ഐച്ഛിക നമസ്കാരങ്ങളും വീട്ടില്‍വച്ചായിരുന്നു നിര്‍വഹിച്ചിരുന്നത്.

'നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍വച്ച് നമസ്കരിക്കുക. വീടുകളെ നിങ്ങള്‍ ശ്മാശാനങ്ങള്‍ ആക്കാതിരിക്കുക' (ബുഖാരി 422).

'പള്ളികളില്‍വച്ച് നമസ്കാരം നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങളുടെ വീടുകള്‍ക്കും ഒരോഹരി കരുതിവയ്ക്കുക. വീടുകളില്‍വച്ച് നമസ്കാരം നിര്‍ഹിക്കപ്പെടുന്നതിലൂടെ ധാരാളം നന്മകള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്' (മുസ്ലിം 778).

രാത്രി ഐച്ഛിക നമസ്കാരങ്ങള്‍ പരമാവധി വീടുകളില്‍വച്ച് തന്നെ നിര്‍വഹിക്കുകയാണ് വേണ്ടത്. അതുവഴി വീടിനും വീട്ടുകാര്‍ക്കും ധാരാളം നന്മകളും അനുഗ്രഹങ്ങളും വന്നുചേരുമെന്ന കാര്യത്തില്‍ സംശയമില്ല.

റമദാനില്‍ പള്ളികളില്‍ ജമാഅത്തായി

റമദാനിലെ രാത്രിനമസ്കാരം പ്രവാചകന്‍ ﷺ രണ്ടോ മൂന്നോ ദിവസം മാത്രമാണ് അദ്ദേഹത്തിന്‍റെ മസ്ജിദില്‍വച്ച് അനുചരന്മാരുമൊത്ത് നിര്‍വഹിച്ചത്. അടുത്തദിവസം അനുചരന്മാര്‍ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം നമസ്കരിക്കാന്‍ വന്നില്ല. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: 'നിങ്ങള്‍ വന്നതെല്ലാം ഞാന്‍ അറിഞ്ഞു. എന്നാല്‍ ഈ നമസ്കാരം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഞാന്‍ ഭയന്നു. അതുകൊണ്ടാണ് ഞാന്‍ നിങ്ങളിലേക്ക് പുറപ്പെടാതിരുന്നത്' (മുസ്ലിം 761).

പിന്നീട് നബി ﷺ യുടെ കാലത്ത് രാത്രിനമസ്കാരം പള്ളികളില്‍ ജമാഅത്തായി നിര്‍വഹിക്കപ്പെട്ടിട്ടില്ല. അബൂബക്റി(റ)ന്‍റെ കാലത്തും ഉമറി(റ)ന്‍റെ ആദ്യകാലത്തും അങ്ങനെതന്നെ തുടര്‍ന്നു. പിന്നീട് ജനങ്ങള്‍ പള്ളിയില്‍ ഓരോരുത്തരായും ചെറിയ കൂട്ടങ്ങളായും നമസ്കരിക്കുന്നത് വര്‍ധിച്ചപ്പോള്‍ ഉമര്‍(റ) അവരെ ഒരു ഇമാമിന്‍റെ കീഴിലാക്കി. അതുമുതല്‍ ഇന്നുവരെ റമദാനില്‍ പള്ളികളില്‍ രാത്രിനമസ്കാരം ജമാഅത്തായി നിര്‍വഹിക്കപ്പെട്ടുവരുന്നു. ഉമര്‍(റ) ഉബയ്യുബ്നു കഅ്ബി(റ)നെയും തമീമുദ്ദാരി(റ)യെയും ജനങ്ങള്‍ക്ക് ഇമാമായി നിശ്ചയിച്ചു. അവര്‍ ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചപ്പോള്‍ നമസ്കാരത്തിന്‍റെ ദൈര്‍ഘ്യം കാരണം ജനങ്ങള്‍ക്ക് ഊന്നുവടികളെ അവലംബമാക്കേണ്ടിവന്നു എന്നെല്ലാം ഹദീസുകളില്‍ വന്നിട്ടുണ്ട്. (മാലിക് 250).

ഇതെല്ലാം സൂചിപ്പിക്കുന്നത് രാത്രിനമസ്കാരം സുദീര്‍ഘമായി പാരായണം ചെയ്തുകൊണ്ട് വളരെ ഭംഗിയായി നിര്‍വഹിക്കപ്പെടേണ്ട നമസ്കാരമാകുന്നു എന്ന കാര്യമാണ്. വളരെ പെട്ടെന്ന് അവസാനിപ്പിച്ചുകൊണ്ട് ഒരു ചടങ്ങായി അവശേഷിപ്പിക്കപ്പെടേണ്ട കര്‍മമല്ല അത്. റമദാനിലും അല്ലാത്ത കാലത്തും അത് നിര്‍വഹിക്കുക ഒരു വിശ്വാസിക്ക് അനിവാര്യമാണ്. റമദാന്‍ പുണ്യകര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്ന മാസമായതിനാല്‍ അത് ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമാകുന്നതിന് വേണ്ടി പള്ളികളില്‍ നിര്‍വഹിക്കപ്പെടുന്നു. ക്വുര്‍ആന്‍ മനഃപാഠമില്ലാത്തവര്‍ക്കും പാരായണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായംചെന്നവര്‍ക്കും ഒരുപോലെ നമസ്കാരത്തിന്‍റെ പ്രതിഫലം ലഭിക്കാന്‍ അതുപകരിക്കും. 'ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുടര്‍ന്ന് നമസ്കരിക്കുന്നവര്‍ രാത്രി മുഴുവന്‍ നമസ്കരിച്ചവരെ പോലെയാണ്' എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. (നസാഈ 1364). പള്ളികളില്‍വച്ചുതന്നെ അത് നിര്‍വഹിക്കണം എന്നില്ല. ക്വുര്‍ആന്‍ ധാരളമായി പാരായണം ചെയ്യാന്‍ സാധിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വീടുകളില്‍വച്ച് ഒറ്റക്കോ ജമാഅത്തായോ നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ ഉമര്‍(റ)വും സ്വഹാബികളും ചെയ്ത പോലെ പള്ളിയില്‍ ഇമാമിന്‍റെ കൂടെ ജമാഅത്തായി നമസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്നാണ് ഇമാം ശാഫി, ഇമാം അബൂഹനീഫ, ഇമാം അഹ്മദ്(റഹി) തുടങ്ങിയ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എവിടെയായിരുന്നാലും മനഃസാന്നിധ്യവും ഭക്തിയും അവധാനതയുമാണ് ആവശ്യമായിട്ടുള്ളത്.

'വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമദാനില്‍ ആരെങ്കിലും രാത്രി എഴുന്നേറ്റ് നമസ്കരിച്ചാല്‍ അവന്‍റെ കഴിഞ്ഞുപോയ ചെറുദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്' എന്നു നബി ﷺ പറഞ്ഞിട്ടുണ്ട്. 'രാത്രിയില്‍ ഒരു പ്രത്യേകവേളയുണ്ട്. അതില്‍ ഒരു വിശ്വാസി തന്‍റെ നാഥനോട് ഇഹലോകവുമായോ പരലോകവുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചാല്‍ അവന്‍ അത് പൂര്‍ത്തീകരിച്ചുകൊടുക്കാതിരിക് കില്ല' എന്നും നബി ﷺ പറഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളില്‍ കുടുംബാംഗങ്ങള്‍ പരസ്പരം വിളിച്ചുണര്‍ത്തി നമസ്കാരങ്ങള്‍ക്കായി പ്രേരിപ്പിക്കണമെന്നും ഉണര്‍ന്നില്ലെങ്കില്‍ മുഖത്ത് വെള്ളം തളിച്ചെങ്കിലും ഉണര്‍ത്തണമെന്നും അദ്ദേഹം പഠിപ്പിച്ചു.

നമുക്കൊരുങ്ങാം, ശീലമാക്കാം

രാത്രിനമസ്കാരം അല്ലാഹുവിനെ കൃത്യമായി അറിഞ്ഞു മനസ്സിലാക്കിയവര്‍ നിത്യവും നിര്‍വഹിച്ചിരിക്കും. അല്ലാഹുവിലുള്ള ഭയവും പ്രതീക്ഷയുമാണ് ഒരു വിശ്വാസിയെ രാത്രിനമസ്കാരത്തിന് പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: "ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്."(ക്വുര്‍ആന്‍ 32:16).

'കണ്ണുറങ്ങിയാലും മനസ്സുറങ്ങില്ല' എന്ന് പറഞ്ഞതില്‍നിന്നും ഏതു സാഹചര്യത്തിലും രാത്രി നമസ്കാരം നിര്‍വഹിക്കാതെ ഉറങ്ങാന്‍ ഒരു യഥാര്‍ഥ വിശ്വാസിക്ക് സാധിക്കില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പ്രവാചകന്‍റെ രാത്രി നമസ്കാരത്തിന്‍റെ രീതികളും അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയുമെല്ലാം സ്വായത്തമാക്കി അതിന്‍റെ പൂര്‍ണതയിലേക്കെത്തണമെങ്കില്‍ ഇനിയും എത്രയോ കാതങ്ങള്‍ നാം സഞ്ചരിക്കേണ്ടതുണ്ട്. രാത്രി നമസ്കാരത്തിന്‍റെ ആത്മാവും ചൈതന്യവും ഉള്‍ക്കൊണ്ട്, അതിന്‍റെ അകക്കാമ്പുകള്‍ ആസ്വദിച്ചുകൊണ്ട് നിര്‍വഹിക്കുവാന്‍ മനസ്സിനെയും ശരീരത്തെയും നാം ഇനിയും പാകപ്പെടുത്തേണ്ടതുണ്ട്.

രാവിന്‍റെ തോളില്‍ വിശ്രമിച്ച്, അത് നല്‍കുന്ന ശാന്തതയും കുളിര്‍മയും അനുഭവിച്ച്, തേങ്ങുന്ന മനസ്സോടെ, പ്രതീക്ഷയോടെ, പ്രാര്‍ഥനാപൂര്‍വം, ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ, സകലതും റബ്ബിന്‍റെ മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് രാത്രിനമസ്കാരം നമുക്ക് ശീലമാക്കാം. ഈ റമദാന്‍ അതിനു നമുക്ക് പ്രചോദനമാവട്ടെ.