കോവിഡ് പ്രതിസന്ധിയും സാമ്പത്തിക അച്ചടക്കത്തിന്റെ അനിവാര്യതയും

ഉസ്മാന്‍ പാലക്കാഴി

2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27
കോവിഡ് മഹാമാരി മനുഷ്യജീവിതത്തില്‍ പിടിമുറുക്കിയിട്ട് രണ്ട് വര്‍ഷത്തോടടുക്കുന്നു. ചുരുക്കം ചില മേഖലകളിലൊഴികെ സമൂഹത്തിന്റെ ഏതാണ്ടെല്ലാ രംഗത്തും വന്‍ സാമ്പത്തിക ഞെരുക്കം കടന്നുവന്നിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയും ധനവിനിയോഗത്തിലൂടെയും മുന്നോട്ടുപോയാല്‍ മാത്രമെ ഇനിയുള്ള കാലം അതിജീവിക്കാന്‍ കഴിയൂ.

ഭൂമിയിലുള്ള മനുഷ്യരില്‍ ഭൂരിപക്ഷവും ദൈവവിശ്വാസികളാണ്. ദൈവവിശ്വാസികളില്‍ അധികവും യഥാര്‍ഥ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരല്ല. യഥാര്‍ഥവിശ്വാസികള്‍ എന്നവകാശപ്പെടുന്ന ഏകദൈവവിശ്വാസികളില്‍തന്നെ മതത്തിന്റെ നിയമനിര്‍ദേശങ്ങളില്‍ പലതും പ്രാവര്‍ത്തികമാക്കാത്തവരായുണ്ട്. ദൈവകല്‍പനകള്‍ കൃത്യമായി അനുസരിച്ചും അനുഷ്ഠിച്ചും ജീവിക്കുന്നവരെ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് 'ഹിസ്ബുല്ല' അഥവാ അല്ലാഹുവിന്റെ കക്ഷി എന്നാണ്. അല്ലാത്തവരെ 'ഹിസ്ബുശ്ശൈത്വാന്‍' അഥവാ പിശാചിന്റെ കക്ഷി എന്നും. ഹിസ്ബുല്ല വിജയിക്കുന്ന കക്ഷിയും ഹിസ്ബുശ്ശൈത്വാന്‍ ആത്യന്തിക പരാജയത്തിന്റെ കക്ഷിയുമാണ്.

''വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍'' (ക്വുര്‍ആന്‍ 5:56).

''പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചുകളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്റെകക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്റെകക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍'' (ക്വുര്‍ആന്‍ 58:19).

ശാശ്വതമായ പാരത്രിക വിജയം നേടണമെങ്കില്‍ ഹിസ്ബുല്ലയില്‍ ഉള്‍പ്പെടണം. അഥവാ അല്ലാഹുവും അന്തിമദൂതനും കാണിച്ചുതന്ന മാര്‍ഗം അവലംബമാക്കി ജീവിതം നയിക്കുന്നവരാകണം. സ്ത്രീയാണെങ്ങങ്കിലും പുരുഷനാണെങ്കിലും ഇതില്‍ വ്യത്യാസമില്ല.

''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും'' (ക്വുര്‍ആന്‍ 16:97).

സ്രഷ്ടാവില്‍ വിശ്വസിക്കുമ്പോള്‍ ആ സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനം ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടത് ആവശ്യമാണ്. സ്രഷ്ടാവിന്റെ താല്‍പര്യപ്രകാരമുള്ള ജീവിതം നയിക്കുകയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്റെ അടിത്തറ.

''...എന്റെ പക്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല'' (ക്വുര്‍ആന്‍ 2:28).

''നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'' (ക്വുര്‍ആന്‍ 7:3).

ജീവിതം അതിന്റെ ദിശയിലും വിശ്വാസം അതിന്റെ ദിശയിലും നീങ്ങുകയും ജീവിതത്തെ സ്വാധീനിക്കുന്ന തുടര്‍ചലനമായി വിശ്വാസം ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല.

ഇഹപരവിജയം എങ്ങനെ നേടാനാകും എന്ന് കാലാകാലങ്ങളില്‍ അല്ലാഹു പ്രവാചകന്മാര്‍ മുഖേന പഠിപ്പിച്ചിട്ടുണ്ട്.

''തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 76:1,2).

ഈ വഴികാണിക്കല്‍ ഭൗതിക കാര്യങ്ങളിലും ആത്മീയകാര്യങ്ങളിലുമുണ്ട്. ഭൗതികലോകത്ത് സാമൂഹ്യജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സാമൂഹ്യജീവിതത്തില്‍ ഒരു ഉത്തമസമുദായത്തെ വാര്‍ത്തെടുക്കാന്‍ ആവശ്യമായ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അതുേപാലെ സാമൂഹ്യജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തികരംഗം. സാമൂഹ്യഭദ്രതയുടെ അടിത്തറയാണ് സാമ്പത്തികഭദ്രത. അതുകൊണ്ട്തന്നെ സാമ്പത്തിക രംഗത്ത് കൈക്കൊള്ളേണ്ട ഒരുപാട് നിര്‍ദേശങ്ങള്‍ അല്ലാഹുവും അവന്റെ പ്രവാചകനും നല്‍കിയതായി കാണാം.

ധനം എന്ന അനുഗ്രഹം

ധനശാസ്ത്രത്തിന്റെ അടിത്തറയെന്നത് ഉപഭോഗമാണ്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടിയാണ് ഉല്‍പാദനപ്രക്രിയ നടക്കുന്നത്. മനുഷ്യപ്രയത്‌നം കൂടാതെ ഉപഭോഗം സാധ്യമാകുമായിരുന്നെങ്കില്‍ സാമ്പത്തിക പ്രശ്‌നമെന്ന ഒന്ന് ലോകത്ത് ഉണ്ടാകുമായിരുന്നില്ല. ഭൗതികവിഭവങ്ങള്‍ ആവശ്യാനുസരണം ആസ്വദിക്കുക എന്നതാണ് ഉപഭോഗത്തിന്റെ ലക്ഷ്യം. വിശുദ്ധ ക്വുര്‍ആനും പ്രവാചകവചനങ്ങളും ഈ ലക്ഷ്യം കൈവരിക്കുവാനായി ധാരാളം നിര്‍ദേശങ്ങള്‍ നല്‍കിയതായി കാണാം. ചില ക്വുര്‍ആന്‍ വചനങ്ങള്‍ കാണുക:

''നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു...'' (ക്വുര്‍ആന്‍ 7:10).

''ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റിക്കൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല'' (ക്വുര്‍ആന്‍ 11:15).

''...നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 34:15).

''(നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്...'' (ക്വുര്‍ആന്‍ 7:32).

എന്താണ് സാമ്പത്തിക അച്ചടക്കം?  

ധനശാസ്ത്രത്തിനുപരിയായി ധനത്തിന്റെ മനഃശാസ്ത്രമറിഞ്ഞ് വരുമാനത്തെ നല്ലരീതിയില്‍ സന്തുലിതമായി കൈകാര്യം ചെയ്യുന്ന രീതിയാണ് സാമ്പത്തിക അച്ചടക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് വരവറിഞ്ഞ് ചെലവാക്കാനുള്ള മനസ്സാന്നിധ്യവും പക്വതയും. ഇത് വീട്ടില്‍ ഒരാള്‍ക്കുമാത്രം ഉണ്ടായാല്‍ പോരാ. പ്രത്യുത കുടുംബത്തിലെ ഓരോ അംഗത്തിനും ആവശ്യമായ ഗുണവിശേഷമാണ്.

സമ്പത്തിന് മനുഷ്യനിലും സമൂഹത്തിന്റെമേലും ഉള്ള സ്വാധീനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അപ്പോള്‍ പിന്നെ ആധുനിക മനുഷ്യന്റെ കാര്യം പറയേണ്ടതില്ലല്ലോ! ഇന്നത്തെ മനുഷ്യന്റെ ചിന്തയും വികാരങ്ങളുമെല്ലാം സാമ്പത്തിക വിഷയങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. എങ്ങനെ പണമുണ്ടാക്കണമെന്നും ഉണ്ടാക്കിയ പണം ഏതുവിധേന വിനിയോഗിക്കണമെന്നുമൊക്കെ ചിന്തിച്ച് മനുഷ്യന്‍ ആകുലപ്പെടുന്നു. കോവിഡ് കാലം സമ്മാനിച്ച തൊഴില്‍നഷ്ടവും അതിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധയും ആശയക്കുഴപ്പവും മനുഷ്യരില്‍ മാനസിക പിരിമുറുക്കവും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഉല്‍ക്കണ്ഠ, അപകര്‍ഷത, നിരാശ തുടങ്ങി പല മാനസിക പ്രശ്‌നങ്ങള്‍ക്കും അടിമയാകുന്നവരുടെ കുടുംബ ജീവിതം അസംതൃപ്തിയുടെയും അപചയത്തിന്റെയും വഴിയെ സഞ്ചരിക്കുമെന്നതില്‍ സംശയമില്ല.

സര്‍ക്കാര്‍ ജോലിക്കാരല്ലാത്തവരെല്ലാം കോവിഡ് കാരണത്താല്‍ വരുമാനം നിലച്ച് പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയാണ്. പഴം, പച്ചക്കറി, പലചരക്ക്, ബേക്കറി കച്ചവടക്കാര്‍ക്കും മല്‍സ്യ, മാംസ കച്ചവക്കാര്‍ക്കും ലോക്ക്ഡൗണ്‍ ഘട്ടത്തിലും പരിമിതമായ സമയമെങ്കിലും കച്ചവടം നടത്താന്‍ അനുവാദമുള്ളതിനാല്‍ അവരെ സാമ്പത്തിക പ്രതിസന്ധി വല്ലാതെ ബാധിച്ചിട്ടില്ല. മറ്റുള്ള കച്ചവടക്കാരും ഓട്ടോറിക്ഷക്കാരും മറ്റു ടാക്‌സി വണ്ടികള്‍ ഓടിച്ച് ജീവിതം തള്ളിനീക്കുന്നവരുമൊക്കെ വരുമാനം ഏതാണ്ട് നിലച്ച അവസ്ഥയിലാണുള്ളത്.

വരുമാനത്തില്‍ വലിയ ഇടിവുണ്ടായാലും ഇല്ലെങ്കിലും സമ്പത്ത് വിനിയോഗിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തല്‍ അനിവാര്യമാണ്. സാമ്പത്തിക സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞാല്‍ എല്ലാമായി എന്ന ചിന്ത ശരിയല്ല. അത് ഏതു സമയത്തും തകര്‍ന്നുപോയേക്കാം. പണമുണ്ടാക്കാനറിയാമെങ്കിലും സാമ്പത്തിക അച്ചടക്കമില്ലെങ്കില്‍ ജീവിതത്തില്‍ മുന്നേറാന്‍ കഴിയില്ല. ഗൃഹനാഥനും ഗൃഹനാഥയും തങ്ങള്‍ക്കു തോന്നിയപോലെ പണം ദുര്‍വ്യയം ചെയ്താല്‍ എന്തായിരിക്കും സ്ഥിതി? അത് കണ്ടു വളരുന്ന മക്കളുടെ കാര്യം പിന്നെ പറയാനുമില്ല. ഉദേ്യാഗത്തില്‍നിന്നുള്ള ശമ്പളമായാലും കച്ചവടത്തില്‍നിന്നുള്ള വരുമാനമായാലും കൃഷിയില്‍നിന്നുള്ള ലാഭമായാലും പണം പണം തന്നെ. അതിന്റെ മൂല്യം മനസ്സിലാക്കി ശരിയായ രീതിയില്‍ വിനിയോഗിക്കാനും അവശ്യഘട്ടങ്ങളിലേക്ക് സ്വരൂപിച്ചുവെക്കാനും കഴിയേണ്ടതുണ്ട്. സാമ്പത്തിക സദാചാരവും സാമ്പത്തിക അച്ചടക്കവും പാലിക്കാന്‍ സാധിക്കണം.

ഉദേ്യാഗസ്ഥനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വരുമാനമുള്ള വ്യക്തിയോആയ ഗൃഹനാഥന്‍ താനുണ്ടാക്കുന്ന പണം തനിക്ക് തോന്നുന്ന രീതിയില്‍ ചെലവാക്കും, തനിക്കിഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങും എന്നൊക്കെ ചിന്തിച്ച് ദുര്‍വ്യയം ചെയ്യാനൊരുങ്ങിയാല്‍ ചിലപ്പോള്‍ അത്യാവശ്യ ചെലവുകള്‍ക്ക് പണം തികയാതെ വന്നേക്കും. ചികിത്സ, ബന്ധുക്കളുടെ വിവാഹം, വീടുനിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നു തുടങ്ങി പല അത്യാവശ്യ ചെലവുകള്‍ക്കും പണം ഇല്ലാത്ത അവസ്ഥയില്‍ ലോണെടുത്തോ, വട്ടിപ്പലിശക്കാരില്‍നിന്ന് കടമെടുത്തോ സ്വര്‍ണം പണയം വച്ചോ ഒക്കെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടിവന്നേക്കും. ഇങ്ങനെ കടം വാങ്ങുന്ന തുക തിരിച്ചടക്കേണ്ട ഘട്ടം വരുമ്പോഴാകട്ടെ വരുമാനത്തില്‍ കുറവുണ്ടാകുകയും കുടുംബത്തില്‍ ആവശ്യങ്ങള്‍ക്ക് പണം തികയാതെ വരികയും ചെയ്യും. ഇങ്ങനെയൊരവസ്ഥയിലാണ് കോവിഡ് കാലത്ത് ഒട്ടേറെയാളുകള്‍ ഉള്ളത്. സാമ്പത്തിക പ്രതിസന്ധികാരണം കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 26 മലയാളികള്‍ ആത്മഹത്യ ചെയ്തതായി ഇന്നത്തെ പത്രത്തില്‍ (ആഗസ്റ്റ് 2) കാണാനിടയായി.

ഭാര്യയും ഭര്‍ത്താവും ഉദേ്യാഗസ്ഥരായാലും സാമ്പത്തിക അച്ചടക്കമില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ നേരിടുക തന്നെ ചെയ്യും. ഇരുവരും വരുമാനമുള്ളവരാകുമ്പോള്‍ പണം ആര് കൈകാര്യം ചെയ്യണം, ആര് ചെലവാക്കണം എന്നതിനെച്ചൊല്ലി അഭിപ്രായഭിന്നത ഉടലെടുക്കും. ഇരുവരും സ്വന്തം വരുമാനം തന്നിഷ്ടമനുസരിച്ച് ചെലവാക്കാന്‍ പ്രേരിതരാകും.

സ്വാര്‍ഥരും അപകര്‍ഷതാബോധത്തിനുടമകളുമായ ചില ഭര്‍ത്താക്കന്മാര്‍ ഭാര്യയുടെ ശമ്പളം കണക്കു പറഞ്ഞ് വാങ്ങി തന്നിഷ്ട പ്രകാരം ചെലവാക്കാറുണ്ട്. സ്വന്തം വരുമാനവും ഭാര്യയുടെ വരുമാനവും കൂടി ധൂര്‍ത്തടിച്ചുകളയുന്നവര്‍ സാമ്പത്തിക അച്ചടക്കമില്ലാത്തവര്‍ക്ക് ഉത്തമോദാഹരണമാണ്. കുടുംബത്തില്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കുമെന്നതിലുപരി കുടുംബകലഹങ്ങള്‍ക്കും ഇത് കാരണമാകുമെന്നതില്‍ സംശയമില്ല.

ദാമ്പത്യത്തെ തകര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി

ചില ദാമ്പത്യപരാജയങ്ങള്‍ക്കു പിന്നില്‍ സാമ്പത്തിക പ്രശ്‌നമാണെന്നു കണ്ടെത്താന്‍ കഴിയും. ജീവിതാവശ്യങ്ങള്‍ വര്‍ധിച്ചുവരുന്നതോടെ കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും അത് ദമ്പതികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ക്ക് വഴിതെളിക്കുകയും ചെയ്യും. കാശില്ലാത്തതിനെ ചൊല്ലിയുള്ള കലഹങ്ങള്‍ ഇണയോടുള്ള മാനസിക അടുപ്പം കുറയ്ക്കുന്നു. ഇത് ലൈംഗിക കാര്യങ്ങളില്‍നിന്നു പോലും വിട്ടുനില്‍ക്കാന്‍ കാരണമാകും. അത് പിന്നീട് സംശയങ്ങളും തെറ്റിദ്ധാരണകളും ഉടലെടുക്കാനും ഇടവരുത്തുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വിദേശ മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ മദ്യം വാങ്ങാനുണ്ടായ തിക്കും തിരക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മദ്യം സാമ്പത്തികമായും ശാരീരികമായും മാനസികമായും ഉണ്ടാക്കുന്ന കഷ്ടനഷ്ടങ്ങള്‍ ചെറുതല്ല. എന്നാലും നമ്മുടെ സര്‍ക്കാര്‍ മദ്യത്തിലൂടെ കോടികള്‍ വരുമാനമുണ്ടാക്കുന്നു. എത്ര കോടിരൂപയുടെ മദ്യമാണ് നമ്മുടെ നാട്ടില്‍ ഒരുദിവസം വിറ്റഴിക്കപ്പെടുന്നത്! എത്രയെത്ര കുടുംബങ്ങളാണ് മദ്യം കാരണത്താല്‍ പട്ടിണിയിലാകുന്നത്. അമിത മദ്യപാനവും മറ്റ് അനാവശ്യ ചെലവുകളുമുള്ള ഭര്‍ത്താവും ആഡംബരവും മത്സരബുദ്ധിയും പൊങ്ങച്ചവുമുള്ള ഭാര്യയും ഉണ്ടെങ്കില്‍ അവര്‍ക്ക് എങ്ങനെ പണം മിച്ചംവയ്ക്കാന്‍ കഴിയും? പൊങ്ങച്ചവും മത്സരബുദ്ധിയും ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ ശാപമായിരിക്കുകയാണ്. ആഡംബര വസ്തക്കളും മറ്റ് അനാവശ്യ സാധനങ്ങളും വാങ്ങിക്കൂട്ടുന്ന സ്ത്രീകള്‍ എമ്പാടുമുണ്ട്. അവരുടെ കണ്ണില്‍ ഇത്തരം പൊങ്ങച്ച പ്രകടനമാണ് സ്റ്റാറ്റസ്! ഇതൊക്കെ സാമ്പത്തിക തകര്‍ച്ചക്ക് വഴിവെക്കുമെന്നതില്‍ സംശയമില്ല. പണം ചെലവാക്കുന്നതിലെ നിയന്ത്രണമില്ലായ്മയും ബുദ്ധിപൂര്‍വം ചെലവാക്കാനുള്ള കഴിവില്ലായ്മയുമാണ് ഇതൊക്കെ വെളിവാക്കുന്നത്.

കൃത്യമായ കുടുംബ ബജറ്റ് തയ്യാറാക്കുകയും അതനുസരിച്ച് ജീവിതച്ചെലവ് ക്രമീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടേണ്ടിവരില്ല. അല്‍പമൊക്കെ മിച്ചംവരുത്താന്‍ അവര്‍ക്കാണ് കഴിയുക. അതുതന്നെയാണ് വരവറിഞ്ഞു ചെലവാക്കുന്ന രീതി

അഥവാ സാമ്പത്തിക അച്ചടക്കം.

സാമ്പത്തിക പെരുമാറ്റരീതി തലമുറകൡനിന്നും കൈമാറി വരുന്നതാണ്. ചിലരില്‍ മാത്രം കൂട്ടുകെട്ടുകളിലൂടെ ലഭിച്ചേക്കാം. പണത്തോടുള്ള ആഭിമുഖ്യം. വിനിമയം, സമ്പാദ്യശീലം, ധനവും ധനാഗമമാര്‍ഗങ്ങളും മറ്റുള്ളവരുമായി പങ്കിടാനുള്ള സന്നദ്ധത എന്നിവയെല്ലാം ഇങ്ങനെയാണ് വ്യക്തിയില്‍ അടിയുറക്കുന്നത്. ശരിയായ സാമ്പത്തിക അച്ചടക്കവും സാമ്പത്തിക സംസ്‌കാരവും വിദ്യാഭ്യാസത്തില്‍നിന്നും കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. കുടുംബത്തില്‍ സാമ്പത്തിക അച്ചടക്കം നിലനിര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നതോടൊപ്പം കുട്ടികളിലും സാമ്പത്തിക അച്ചടക്കവും സാമ്പത്തിക സംസ്‌കാരവും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുകയും വേണം.

കുട്ടികളും സാമ്പത്തിക സംസ്‌കാരവും

കുട്ടികളുടെ സാന്നിധ്യത്തില്‍ പണത്തെക്കുറിച്ചുള്ള ചര്‍ച്ചപോലും ഒഴിവാക്കുന്ന മാതാപിതാക്കളുണ്ട്. ഈ സമീപനം കുട്ടികളില്‍ ദുര്‍വ്യയശീലവും ധൂര്‍ത്തും വേരുപ്പിക്കാനേ ഇടയാക്കുകയുള്ളു. പണത്തെക്കുറിച്ചു പ്രായോഗികമായ ജ്ഞാനം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.

ഇവിടെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുട്ടികള്‍ക്ക് തീരെ പണം കൊടുക്കാതിരിക്കുന്നതും കണ്ടമാനം കൊടുത്ത് അവരെ പണം കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കുന്നതും അപകടമാണ്. കുട്ടിക്ക് തീരെ പണം കൊടുക്കാതെ പണമില്ലെന്നു പറഞ്ഞ് കൈ മലര്‍ത്തുന്നത് പാപ്പരത്തം അഭിനയിക്കലായിരിക്കും. ഇത് അവരുടെ മനസ്സില്‍ പ്രതികൂല ചിന്തകളെ വളര്‍ത്തും. 'ഞാന്‍ വലുതാകുമ്പോള്‍ എങ്ങനെയും പണമുണ്ടാക്കി പകരം വീട്ടും' എന്ന ചിന്ത അവരില്‍ ഉടലെടുക്കുകയും ചെയ്യും.

കുട്ടികള്‍ക്ക് നിര്‍ലോഭം പണം കൊടുത്ത് സ്‌നേഹം പ്രകടിപ്പിക്കുന്ന ചില മാതാപിതാക്കളുണ്ട്. വിദേശത്ത് പണിയെടുക്കുന്ന ചില രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണിയായി വന്‍തുകകള്‍ അയക്കുന്നത് പതിവാണ്. ആ പണം കുട്ടി എങ്ങനെ വിനിയോഗിക്കുന്നുവെന്ന് അന്വേഷിക്കുകപോലുമുണ്ടാകില്ല പലരും. ഇത്തരം കുട്ടികള്‍ ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ട് മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുകയും മറ്റു അനാശാസ്യകാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായാണു കണ്ടുവരുന്നത്.

കുട്ടികള്‍ക്ക് പോക്കറ്റ് മണി കൊടുക്കുന്നുവെങ്കില്‍ അതിന് കൃത്യമായി കണക്ക് ആവശ്യപ്പെടണം. അനാവശ്യമായി പണം ചെലവാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ തിരുത്തുകയും വേണം. കാര്യങ്ങള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. അതുപോലെ കുറച്ചെങ്കിലും സമ്പാദ്യത്തിലേക്ക് നീക്കിവെയ്ക്കാനായി പ്രേരിപ്പിക്കുക. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്.

മാതാപിതാക്കളോട് ആവശ്യത്തിന് പണം ചോദിക്കുവാന്‍ മക്കളെ ശീലിപ്പിക്കുക. അത്യാവശ്യത്തിനു പണം ചോദിച്ചാല്‍ കൊടുക്കാതിരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശരിയല്ല. അത് അവരില്‍ നിരാശയും മനോവിഷമവും ഉളവാക്കുന്നതോടൊപ്പം ആവശ്യം നിറവേറ്റാനായി മോഷ്ടിക്കാന്‍ വരെ തയ്യാറാകുവാന്‍ അവരെ പ്രേരിപ്പിച്ചേക്കും. ഇത്തരം കുട്ടികള്‍ മയക്കുമരുന്ന് മാഫിയകളുടെ വലയില്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. കുട്ടികള്‍ക്ക് പ്രലോഭനമുണ്ടാക്കും വിധം പണം അലക്ഷ്യമായി വയ്ക്കരുത്. കണ്ടാല്‍ ചിലപ്പോള്‍ അവര്‍ എടുത്തെന്നിരിക്കും. അതിന് ഇടനല്‍കാതിരിക്കുക. ചുരുക്കത്തില്‍, മറ്റെന്തിലുമെന്നപോലെ സാമ്പത്തിക അച്ചടക്കത്തിലും കുട്ടികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതും മാതൃകയാക്കുന്നതും മാതാപിതാക്കളെയാണ്. അതുകൊണ്ട് മാതാപിതാക്കളില്‍നിന്നുതന്നെ സാമ്പത്തിക അച്ചടക്കവും അവര്‍ പഠിക്കട്ടെ.

സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമെ നല്ലൊരു കുടുംബം കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂ. വരവറിഞ്ഞു ചെലവാക്കാനും വരവും ചെലവും പൊരുത്തപ്പെടുത്തിക്കൊണ്ട് ചെറിയൊരു സംഖ്യയെങ്കിലും മിച്ചം വയ്ക്കാന്‍ കഴിയുകയും ചെയ്യുമെങ്കില്‍ അത് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഉപകാരപ്രദമായിരിക്കും. അതിനെക്കാളുപരി ജീവിതത്തിന്റെ മറ്റെല്ലാ രംഗങ്ങളിലും വേണ്ട അച്ചടക്കവും ഇതുവഴി കൈവരിക്കാന്‍ കഴിയും.

കടക്കെണിയില്‍ വീഴരുത്

ഉത്തമമായ കുടുംബ ബജറ്റ് ഉണ്ടാക്കുകയും അതനുസരിച്ച് വരവുചെലവുകള്‍ ക്രമീകരിക്കുകയും ചെയ്യല്‍ അനിവാര്യമാണ്. വരുമാനത്തിന്റെ പരിധി നോക്കിയിട്ടായിരിക്കണം പണം ചെലഴിക്കുന്നത്.കഴിയുന്നതും കടം വാങ്ങാതിരിക്കുക. അഥവാ വാങ്ങുകയാണെങ്കില്‍ കൃത്യമായി തിരിച്ചടക്കുക. അനുകരണവും ആഡംബരങ്ങളും കിടമല്‍സരവും ഒഴിവാക്കുക. ലോണ്‍ വേണോ എന്ന് ചോദിച്ച് നിരന്തരം മൊബൈലിലേക്ക് മെസ്സേജ് വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ചാടിവീണ് ലോണെടുത്താല്‍ തിരിച്ചടക്കാന്‍ കഴിയാതെ പ്രയാസപ്പെടേണ്ടിവരും. സത്യവിശ്വാസികള്‍ പരമാവധി ഇതില്‍നിന്നും മാറിനില്‍ക്കാന്‍ ശ്രമിക്കണം.

നബി ﷺ പറഞ്ഞു: ''ദുര്‍വിനിയോഗത്തിന് ഏതൊരുവന്‍ കടം വാങ്ങുന്നുവോ അവനെ അല്ലാഹു നാശത്തിലേക്ക് ആനയിക്കും'' (ബുഖാരി).

കടം വാങ്ങുന്നത് അത്രനല്ല ഏര്‍പ്പാടല്ല. അതുകൊണ്ടുതന്നെ പ്രവാചകന്‍ അതിനെ നിരുല്‍സാഹപ്പെടുത്തിയിട്ടുണ്ട്.

''അല്ലാഹുവേ, പാപത്തില്‍നിന്നും കടബാധ്യതയില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു'' എന്ന് നബി ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഒരാള്‍ അദ്ദേഹത്തേട് പറഞ്ഞു: ''അല്ലാഹുവിന്റെദൂതരേ, അവിടുന്ന് ധാരാളമായി കടബാധ്യതയില്‍നിന്ന് അഭയം തേടുന്നുണ്ടല്ലോ.'' നബി ﷺ പറഞ്ഞു: 'ഒരാള്‍ കടത്തിലായിരിക്കുമ്പോള്‍ അവന്‍ കളവ് പറയുകയും വാഗ്ദാനം ലംഘിക്കുകയും ചെയ്യും' (ബുഖാരി).

ദിനപത്രങ്ങളുടെ കൂടെ ബഹുവര്‍ണ നോട്ടീസുകള്‍, പത്രത്തിന്റെ ഒരു പേജ് മുഴുവന്‍ പരസ്യം...എല്ലാം പ്രലോഭിപ്പിക്കുന്നവ. ദിനേന നാമിത് കാണുന്നു. പരസ്യത്തില്‍ കാണുന്ന ഉല്‍പന്നം നമുക്ക് ആവശ്യമില്ലെങ്കിലും അഥവാ അങ്ങനെയൊന്ന് വീട്ടിലുണ്ടെങ്കിലും നാമത് വാങ്ങുന്നു. ചിലപ്പോള്‍ കാശ് കടംവാങ്ങിയിട്ടോ ഇന്‍സ്റ്റാള്‍മെന്റായോ ആയിരിക്കും അത്യാവശ്യമല്ലാത്ത ഉല്‍പന്നം വാങ്ങുന്നത്. നാം പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക. ഇഷ്ടപ്പെട്ടതായാലും ആവശ്യമില്ലെന്നു തോന്നുന്ന യാതൊന്നും വാങ്ങാതിരിക്കുക.

പണത്തിന് അടിമയാകാതിരിക്കുക. അമിതമായ പണക്കൊതി ഒഴിവാക്കുക. അമിതമായ പിശുക്കും സാമ്പത്തിക സംസ്‌കാരമില്ലായ്മയാകയാല്‍ അതും ഒഴിവാക്കുക.

ഭൗതിക വിഭവങ്ങളോട് മനുഷ്യന്‍ അത്യാസക്തനാണ്. എത്ര കിട്ടിയാലും അവന് മതിയാകില്ല. നബി ﷺ പറഞ്ഞു:  ''മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വരയുണ്ടാവുകയാണെങ്കില്‍ തനിക്ക് രണ്ട് താഴ്‌വരയുണ്ടാവണമെന്ന് അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ മറ്റൊന്നും അവന്റെ വായ നിറക്കില്ല'' (ബുഖാരി, മുസ്‌ലിം).

അതെ, മനുഷ്യര്‍ അങ്ങനെയാണ്. പത്തുകിട്ടിയാല്‍ നൂറുകിട്ടാന്‍ കൊതി. നൂറ് കിട്ടിയാല്‍ ആയിരത്തി നും!  കോടികള്‍ കിട്ടിയാലും അവന്റെ ധനത്തോടുള്ള ആര്‍ത്തി തീരില്ല.

അയല്‍പക്കബന്ധം കാത്തുസൂക്ഷിക്കുക

സാമ്പത്തികമായും ശാരീരികമായും മറ്റും അവശതയനുഭവിക്കുന്ന അയല്‍വാസികളെ കണ്ടറിഞ്ഞു സഹായിക്കാന്‍ തയ്യാറാവുക. ലോക്ക്ഡൗണ്‍ കാരണം വരുമാനമാര്‍ഗം നിലച്ച അയല്‍വാസിയുടെ വീട്ടിലെ അടുപ്പില്‍ തീ പുകയുന്നില്ലെങ്കില്‍, അവിടെയുള്ള കുട്ടികളുടെ കരച്ചില്‍ കേട്ടിട്ടും സഹായിക്കാന്‍ നാം തയ്യറാകുന്നില്ലെങ്കില്‍ നാം സാമ്പത്തിക സംസ്‌കാരം ഉള്‍ക്കൊണ്ടിട്ടില്ലെന്നര്‍ഥം.

സമൂഹത്തിന്റെ ഭദ്രതക്കും കെട്ടുറപ്പിനും അനിവാര്യമായ ഒരു ഘടകമാണ് അയല്‍ക്കാര്‍ തമ്മിലുള്ള നല്ല ബന്ധം. ഒരു ആപത്ത് സംഭവിച്ചാല്‍ അടുത്ത ബന്ധുക്കളെത്തും മുമ്പെ ഓടി വരാനുള്ള അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പരസ്പരം വിട്ടുവീഴ്ച ചെയ്തും പൊറുത്തു കൊടുത്തും പിണങ്ങിക്കഴിയുന്ന അയല്‍ക്കാരുമായി ഇണങ്ങുവാന്‍ ശ്രമിക്കണം. ഇസ്‌ലാം ഏറെ പ്രാധാന്യം നല്‍കുന്ന കാര്യംകൂടിയാണിതെന്ന് ഓര്‍ക്കുക.