അഞ്ചിടങ്ങളിലെ അഞ്ചാണ്ടിന്റെ ജനാധിപത്യം

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 മെയ് 01 1442 റമദാന്‍ 19
കേരളത്തെ കാവി പുതപ്പിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തവരെയും ലൗ ജിഹാദും മുസ്‌ലിം വിരുദ്ധതയും ആയുധമാക്കിയവരെയും നിഷ്പ്രഭമാക്കിയ ഫലം. മമതയുടെ സംഘ് വിരുദ്ധ വന്‍മതില്‍ ഏവര്‍ക്കും മാതൃകയാണ്. ചിലയിടങ്ങളിലെ ബിജെപി സാന്നിധ്യത്തിന്റെ കാരണം മതേതര സമൂഹത്തിന്റെ അനൈക്യമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തിക്ഷയം ഭാവികേരളത്തെ കുറിച്ച് ആശങ്കയുണര്‍ത്തുന്നു.

കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തിയെയും രാഷ്ട്രരാഷ്ട്രീയ ബോധത്തിന്റെ അനിവാര്യതയെയും അരാഷ്ട്രീയ ചിന്തകള്‍ ഉയര്‍ത്തുന്ന ഭീഷണികളെയും വീണ്ടും നമ്മെ ബോധ്യപ്പെടുത്തുന്നു. കേരളത്തില്‍ ഇടതുപക്ഷ മുന്നണിക്ക് വലിയ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ലഭിക്കുകയും അവര്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമ്പോള്‍ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാമതും അധികാരത്തിലേറുകയാണ്. തമിഴ്‌നാട്ടിലാകട്ടെ 2011 മുതല്‍ രണ്ടുതവണ അധികാരത്തില്‍ തുടര്‍ന്ന എഐഡിഎംകെയെ തറപറ്റിച്ച് വന്‍ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തിയിരിക്കുകയാണ്. പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍നിന്നും തെറ്റിപ്പിരിഞ്ഞു രൂപംകൊണ്ട എഐഎന്‍ആര്‍സി (ഓള്‍ ഇന്ത്യാ നമതു രാജ്യം കോണ്‍ഗ്രസ്) ബിജെപി സഖ്യമാണ് കോണ്‍ഗ്രസില്‍നിന്നും പുതുച്ചേരിയുടെ അധികാരം തിരിച്ചുപിടിച്ചിരിക്കുന്നത്. അസമിലാവട്ടെ, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം നേടി ഭരണത്തുടര്‍ച്ച കൈവരിച്ചിരിക്കുകയാണ്.

മങ്ങുന്ന കാവിപ്രഭ

ഈ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ പ്രതിഫലനം കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബിജെപിക്ക് ലഭിച്ച തിരിച്ചടിയാണ്. 2014 മുതല്‍ രാജ്യം ഭരിക്കുന്ന ബിജെപി ഏഴുവര്‍ഷം പിന്നിടുമ്പോള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നമുക്ക് നല്‍കുന്ന സന്ദേശം. 2014ല്‍ നരേന്ദ്രമോഡി അധികാരത്തില്‍ വന്നശേഷം ബിജെപിയും സംഘപരിവാര്‍ശക്തികളും നേടിയെടുത്ത വര്‍ധിതവീര്യം ചോര്‍ന്നുപോകുന്ന ഫലങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുള്ളത്. മോഡിയുടെ പ്രഭാവമായിരുന്നു 2016ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോലും ഒരു എന്‍ട്രി സാധ്യമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞത്. കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ചുവന്നിരുന്ന അസമിലും 2016 മുതലാണ് ബിജെപി കുതിച്ചെത്തിയത്. ബംഗാളില്‍ 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മോഡിപ്രഭാവം ഉയര്‍ത്തിക്കാണിച്ച് മുമ്പോട്ട് പോകാന്‍ ശ്രമിച്ച ബിജെപിക്ക് പക്ഷേ, അവിടെ അതിനു സാധിച്ചില്ല. മമത ഉയര്‍ത്തിയ വന്‍മതില്‍ ചാടിക്കടന്ന് ബംഗാളിലേക്കെത്താന്‍ മോഡിപ്രഭാവത്തിന് കഴിഞ്ഞില്ല. ബിജെപിക്ക് സ്വയം വളരാനുള്ള അവസരം അതുമൂലം ഇല്ലാതാവുകയും ചെയ്തു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ ബിജെപി നേടിയിട്ടുണ്ടെങ്കിലും അത് ബിജെപിയുടെ രാഷ്ട്രീയ വിജയമായി കാണാന്‍ സാധിക്കില്ല. ബിജെപിക്ക് വന്‍ തിരിച്ചടി ഉണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവിനുള്ള സാധ്യതകള്‍ അവര്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്.

സംഘപരിവാറും കേരളവും

കേരളത്തില്‍ ഇത്തവണ മത്സരം കടുക്കുകയും, ഇരുമുന്നണികളും ആത്മവിശ്വാസം പുലര്‍ത്തുകയുംചെയ്തപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കും മതേതര സമൂഹത്തിനുമുണ്ടായിരുന്ന ആശങ്ക ഭീതിപ്പെടുത്തുന്ന സംഘപരിവാര്‍ മുന്നേറ്റത്തെക്കുറിച്ചായിരുന്നു. 2016ല്‍ മോഡി പ്രഭാവത്തില്‍ ഒ. രാജഗോപാല്‍ നേമത്ത് അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ ബിജെപി കേന്ദ്രങ്ങള്‍ അത് കേരളത്തിലെ ബിജെപിയുടെ ഭാവി വളര്‍ച്ചയുടെ പ്രതീകമായി അവതരിപ്പിച്ചു. ഇത്തവണ 35 സീറ്റുവരെ നേടുമെന്നും അങ്ങനെയെങ്കില്‍ കേരളഭരണം പിടിക്കാന്‍ സാധിക്കുമെന്നുവരെ അവര്‍ അഹങ്കരിച്ചു. ബിജെപി അഞ്ചോ ആറോ സീറ്റുകള്‍ നേടുമെന്ന് വിവിധ മാധ്യമ സര്‍വേകള്‍ വിളിച്ചുകൂവി. മഞ്ചേശ്വരം, തൃശൂര്‍, പാലക്കാട്, കോന്നി, കഴക്കൂട്ടം, നേമം എന്നീ മണ്ഡലങ്ങള്‍ മാധ്യമങ്ങളിലെ നിറസാന്നിധ്യങ്ങളായി. മതേതരത്വത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ ബിജെപിക്ക് വളര്‍ച്ചയുണ്ടായിക്കഴിഞ്ഞാല്‍ അത് ഇന്ത്യമുഴുവന്‍ പ്രതിഫലിക്കും എന്നറിയാവുന്ന കേരളത്തിലെ മതനിരപേക്ഷ കക്ഷികളും മതേതരവിശ്വാസികളും സംഘപരിവാറിന്റെ കടന്നുവരവിനെ അങ്ങേയറ്റം ഭയന്നു. തെരഞ്ഞെടുപ്പുഫലം ഈ ഭയപ്പാടുകള്‍ ആവശ്യമില്ലെന്നാണ് വിളിച്ചുപറയുന്നത്. 2016ല്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച നേമത്ത് അവരുടെ സ്റ്റാര്‍ ക്യാംപയിനറായിരുന്ന കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടത് നാലായിരത്തോളം വോട്ടുകള്‍ക്കാണ്. നാലായിരത്തോളം വോട്ടുകള്‍ക്ക് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി അവതരിപ്പിച്ച 'മെട്രോമാന്‍' പാലക്കാട്ട് കോണ്‍ഗ്രസിന്റെ യുവതാരം ശാഫി പറമ്പിലിനോട് പരാജയപ്പെട്ടതും. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് 2016ല്‍ കേവലം 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടതെങ്കില്‍ ഇത്തവണ യൂത്ത്‌ലീഗ് നേതാവായ എകെഎം അഷ്‌റഫിനോട് പരാജയപ്പെട്ടത് അറുനൂറോളം വോട്ടുകള്‍ക്കാണ്. കഴക്കൂട്ടത്ത് നേരത്തെ വി.മുരളീധരന്‍ നേടിയ മുന്നേറ്റം നിലനിര്‍ത്താന്‍ ശോഭാസുരേന്ദ്രന് ആയില്ല. തൃശൂരിലും കോന്നിയിലും മൂന്നാം സ്ഥാനത്ത് തന്നെ തുടരാനായിരുന്നു ഇത്തവണയും വിധി. 2016നെ അപേക്ഷിച്ച് 2021 ല്‍ താരപദവിയുള്ള സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചിട്ടു പോലും 0.7% വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് കൂടുതല്‍ നേടാന്‍ സാധിച്ചിട്ടുള്ളത് എന്നത് അവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ തോല്‍വി ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ വലിയ നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നു പറഞ്ഞപോലെ ബിജെപി കേരളനിയമസഭയില്‍ വീണ്ടും വട്ടപ്പൂജ്യമായിരിക്കുകയാണ്.

മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് തിരിച്ചടി

മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം വളര്‍ത്തി മുതലെടുപ്പ് നടത്താമെന്നു കരുതിയ മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും തെരഞ്ഞെടുപ്പ് തിരിച്ചടിയായിരിക്കുകയാണ്. പൂഞ്ഞാറില്‍ സ്ഥിരമായി വിജയിച്ചുവരുന്ന പി.സി ജോര്‍ജ് ഇത്തവണ ഹിന്ദു -ക്രിസ്ത്യന്‍ വോട്ടുകളെ ഏകീകരിച്ച് മതസാമുദായിക ധ്രുവീകരണത്തിലൂടെ ജയിച്ചു കയറാമെന്നു വിചാരിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. 32 വര്‍ഷം സ്വന്തം ഉള്ളംകൈയില്‍ കൊണ്ടുനടന്ന പൂഞ്ഞാറില്‍ 2016ല്‍ ഒരു കക്ഷിയുടെയും സഹായം കൂടാതെ മത്സരിച്ചിരുന്ന പി.സി ജോര്‍ജ് അന്ന് ഒറ്റക്ക് നേടിയ ഭൂരിപക്ഷം 27821 ആയിരുന്നു. എന്നാല്‍ മലയാളമണ്ണിന് പരിചയമില്ലാത്ത മുസ്‌ലിം വിരുദ്ധ വര്‍ഗീയ കാര്‍ഡുമായി രംഗത്തിറങ്ങിയപ്പോള്‍ പി.സിക്ക് പതിനേഴായിരത്തോളം വോട്ടിന് പരാജയപ്പെടേണ്ടി വന്നു. പി.സി ജോര്‍ജിനെ പോലെ തന്നെ 'ലൗ ജിഹാദ്' ആരോപണവുമായി രംഗത്തു വന്ന സ്ഥാനാര്‍ഥിയായിരുന്നു ജോസ് കെ മാണി. ക്രിസ്ത്യാനികളുടെ 'ഗോഡ് ഫാദറാ'ണ് താനെന്നു വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ജോസ് ലൗ ജിഹാദ് ആരോപണം ഉയര്‍ത്തിപ്പിടിച്ചത്. കോടതികള്‍ തള്ളിക്കളഞ്ഞ പഴകിപ്പുളിച്ച ലൗ ജിഹാദ് ആരോപണവുമായി രംഗത്തുവന്ന ജോസിന് പാലായിലെ വോട്ടര്‍മാര്‍ നല്‍കിയ മറുപടി ഗംഭീരമായിരുന്നു. പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോസ് അവിടെ മാണി സി കാപ്പന് മുമ്പില്‍ പരാജയപ്പെട്ടത്.

ബംഗാളില്‍നിന്നുള്ള പാഠം

ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നിരിക്കുകയാണ്. 'ദീദി' മമത ബാനര്‍ജി എന്ന 'പെണ്‍സിംഹം' ബംഗാളിലെ മുഴുവന്‍ ആണ്‍ നേതാക്കളുടെയും മുകളില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കുകയാണ്. സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെട്ടിട്ടാണെങ്കിലും പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വലിയ കരുത്താണ് ദീദി സമ്മാനിച്ചിരിക്കുന്നത്. ഒരു കാലത്ത് സിപിഎം അടക്കിഭരിച്ചിരുന്ന ബംഗാള്‍ ഇന്ന് മമതയുടെ കരങ്ങളില്‍ ഭദ്രമാണ്. ജ്യോതിബസുവിന്റെ കാലം കഴിഞ്ഞ് ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭരണം പാതിവഴിയില്‍ എത്തിയപ്പോഴേക്കും സിപിഎം ദുര്‍ബലമായി. 2006ല്‍ സിപിഎം 176 സീറ്റുകള്‍ നേടിയപ്പോള്‍ 2011ല്‍ 40 സീറ്റിലേക്ക് ചുരുങ്ങിയത് മുതലാണ് സിപിഎമ്മിന്റെ പതനം ആരംഭിക്കുന്നത്. മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 2011 മുതല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുകൊണ്ടിരിക്കുകയാണ്. 2011ല്‍ സിപിഎം നേടിയത് 40 സീറ്റായിരുന്നുവെങ്കില്‍ 2016ല്‍ കേവലം 26 സീറ്റുകള്‍ കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു.

ഇപ്പോള്‍ സിപിഎം അടക്കമുള്ള മുഴുവന്‍ ഇടതുകക്ഷികളും അവിടെ വട്ടപ്പൂജ്യമായിരിക്കുന്നു. എന്നാല്‍ സിപിഎം പൂജ്യമായപ്പോള്‍ അവിടെ ബിജെപി 77 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായിരിക്കുന്നു. ബിജെപി എങ്ങനെ ഇത്രയധികം സീറ്റുകള്‍ നേടി? തൃണമൂല്‍ കോണ്‍ഗ്രസ് 2016ല്‍ നേടിയ അത്രയും സീറ്റാണ് ഇത്തവണയും നേടിയത്. 2016ല്‍ 211 സീറ്റായിരുന്നെങ്കില്‍ ഇപ്പോള്‍ 213 സീറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. വട്ടപ്പൂജ്യമായ കോണ്‍ഗ്രസും സിപിഎമ്മും ആണ് അതിന് മറുപടി പറയേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ 44 സീറ്റുകളും ഇടതുപാര്‍ട്ടികള്‍ നേടിയ 36 സീറ്റുകളും ഇത്തവണ എവിടെ പോയി എന്നതിന് കൂടുതല്‍ അന്വേഷണം ആവശ്യമില്ല. 3 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ നേടിയത് 77 സീറ്റുകള്‍ ആണ് എന്നതാണ് അതിനുള്ള ഉത്തരം.

ജ്യോതിബസുവിന്റെ കാലത്തും ബംഗാളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നു. പക്ഷേ, സംഘടനാ ദൗര്‍ബല്യം കാരണം കോണ്‍ഗ്രസിന് നേരെ നിവര്‍ന്നുനില്‍ക്കുവാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ സാന്നിധ്യമറിയിച്ചുകൊണ്ടാണ് മമത മുന്നേറിക്കൊണ്ടിരിക്കുന്നത്. സിപിഎം ദുര്‍ബലമാകുമ്പോള്‍ ബംഗാളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ബിജെപിയുടെ വളര്‍ച്ച തടയുന്നതില്‍ അവര്‍ വിജയിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും വര്‍ഗീയതയെ തടയുന്നതിലും മുന്നില്‍ നിന്നുകൊണ്ടാണ് ശക്തമായ ഇടതുപക്ഷ വേരുകളുള്ള ബംഗാളില്‍ ഒരു 'കോണ്‍ഗ്രസ് പാര്‍ട്ടി'യെ വളര്‍ത്തിവലുതാക്കുവാന്‍ അവര്‍ക്ക് സാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകരുമ്പോള്‍ അവിടെയെല്ലാം സംഘപരിവാര്‍ വളരുകയാണ്. ഇവിടെയാണ് മമതയുടെ ഇച്ഛാശക്തിയും ജനകീയമുഖവും പ്രസക്തമാകുന്നത്.

1999 മുതല്‍ ഏതാനും വര്‍ഷങ്ങള്‍ മമത വാജ്‌പേയിയുടെ കാലത്ത് എന്‍ഡിഎയുടെ കൂടെ ആയിരുന്നു എന്നത് മാത്രമാണ് അവരുടെ രാഷ്ട്രീയജീവിതത്തിലെ കരിനിഴലായി രേഖപ്പെടുത്താവുന്നത്. എന്നാല്‍ ഇന്ന് നരേന്ദ്രമോഡിക്കെതിരെ അതിശക്തമായി പ്രതികരിക്കുകയും നിര്‍ഭയം സംഘപരിവാറിനെയും ബിജെപിയെയും എതിര്‍ക്കുകയും ചെയ്യുന്നതില്‍ അവര്‍ ഏറെ മുമ്പിലാണ്.

കാവി പുരളുന്ന ദ്രാവിഡനാട്

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാലൂന്നാന്‍ ബിജെപി ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. 1980ല്‍ പാര്‍ട്ടി ഉണ്ടായതുമുതല്‍ അവിടെ മത്സരിക്കുന്നുണ്ടെങ്കിലും ദ്രാവിഡ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന മണ്ണില്‍ വര്‍ഗീയത ഒട്ടും വളരില്ല എന്നതുകൊണ്ടുതന്നെ അവര്‍ക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 1996ല്‍ എഐഡിഎംകെയുടെ പിന്തുണയോടെ ബിജെപി ഒരു സീറ്റ് നേടിയതിലൂടെയാണ് തമിഴ്‌നാട്ടില്‍ അവര്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഒരു മുന്നണിയിലേക്ക് പ്രവേശിച്ചത് 2001ല്‍ ആയിരുന്നു. എഐഡിഎംകെയുമായി കൊമ്പുകോര്‍ക്കുന്നതിനിടക്ക് കരുണാനിധിക്ക് സംഭവിച്ച ഒരു അബദ്ധമായിരുന്നു അത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ മുന്നണിയില്‍ അംഗമായ ബിജെപി നാല് സീറ്റുകള്‍ നേടിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ജയലളിത ഏക സിവില്‍കോഡിനും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനും പിന്തുണ പ്രഖ്യാപിച്ചതും മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ തുനിഞ്ഞതും മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളിലും ദളിതരിലും വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇത് തിരിച്ചറിഞ്ഞ കരുണാനിധി, ജയലളിത ഭീകര നിരോധന ആക്റ്റ് (ജഛഠഅ) ദുരുപയോഗം ചെയ്യുന്നുവെന്നും ബിജെപി അതിനു കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ച് എന്‍ഡിഎ മുന്നണിയില്‍നിന്നും രാജിവെച്ച് രക്ഷപ്പെട്ടു. അതോടെ തമിഴ്‌നാട് അസംബ്ലിയില്‍നിന്നും ബിജെപി തുടച്ചുനീക്കപ്പെട്ടു.

ശക്തമായ മോഡിപ്രഭാവത്തില്‍ നടന്ന 2016ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 234 സീറ്റില്‍ മത്സരിച്ചിട്ടും ബിജെപിക്ക് തമിഴ്‌നാട് അസംബ്ലിയിലേക്ക് കയറിപ്പറ്റാന്‍ കഴിഞ്ഞില്ല. എന്നാല്‍ 2021 ആയപ്പോള്‍ ബിജെപി തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പോളിസിയില്‍ മാറ്റംവരുത്തി. തമിഴ്‌നാട്ടില്‍ എന്‍ഡിഎ മുന്നണി രൂപീകരിക്കുകയും എഐഎഡിഎംകെയുടെ നേതൃത്വത്തില്‍ ബിജെപി അതില്‍ അംഗമാവുകയും ചെയ്തു. 20 സീറ്റില്‍ മത്സരിച്ച് 4 സീറ്റുകള്‍ ഇപ്പോള്‍ അവര്‍ നേടിയിരിക്കുന്നു. എഐഎഡിഎം കെയുടെയോ ഡിഎംകെയുടെയോ സഹായമില്ലാതെ ഒരിക്കലും തമിഴ്‌നാട് അസംബ്ലി കാണാന്‍ സാധിക്കാത്ത പാര്‍ട്ടിക്ക് എഐഎഡിഎംകെ പാത തുറന്നുകൊടുത്തിരിക്കുന്നു. രണ്ടിലയിലൂടെ നാല് താമരകള്‍ തമിഴ്‌നാട്ടില്‍ വിരിഞ്ഞിരിക്കുന്നു.

പക്ഷേ, തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 159 സീറ്റുകള്‍ കൊയ്‌തെടുത്തതുകൊണ്ട് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഡിഎംകെയുടെ 'ഉദയസൂര്യന്‍' അധികാരത്തില്‍ വന്നതോടെ ബിജെപിയുടെയും എന്‍ഡിഎയുടെയും ഉദയത്തിന് ഒട്ടും ശോഭയില്ലാതെയായി. എന്നാല്‍ നാല് സീറ്റുകള്‍ നാല്‍പതും നാനൂറുമാക്കാനുള്ള കുതന്ത്രങ്ങള്‍ സംഘപരിവാര്‍ ശക്തികള്‍ക്കുണ്ട് എന്നത് തമിഴ്‌നാട്ടിലെ മതനിരപേക്ഷ കക്ഷികള്‍ ഗൗരവമായി ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഭാവിയില്‍ തമിഴ്‌നാട് കാവിയണിയും എന്ന കാര്യത്തില്‍ സംശയമില്ല.  അണ്ണാ ദുരൈയുടെയും കരുണാനിധിയുടെയും മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെയും പാതയിലൂടെ സഞ്ചരിച്ച് ദ്രാവിഡ രാഷ്ട്രീയത്തിന്റെ മതനിരപേക്ഷ മേന്മയെ ഉയര്‍ത്തിപ്പിടിക്കുന്ന എം.കെ സ്റ്റാലിന്‍ എന്ന രാഷ്ട്രീയ നേതാവ് തമിഴ് രാഷ്ട്രീയത്തിന് ദിശാബോധം നല്‍കുന്നത് ആശ്വാസം പകരുന്ന കാര്യമാണ്. അതുതന്നെയാണ് സംഘപരിവാര്‍ ശക്തികളുടെ ഉറക്കം കെടുത്തുന്നതും.

ബിജെപി വിഴുങ്ങുന്ന അസം

അസം എന്ന വടക്കുകിഴക്കന്‍ സംസ്ഥാനത്തിന് വര്‍ഗീയതയുമായോ വര്‍ഗീയകക്ഷികളുമായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ബിജെപി പേരിനുമാത്രം ഒന്നോ രണ്ടോ സീറ്റുകളില്‍ ചിലപ്പോള്‍ വിജയിച്ചും പരാജയപ്പെട്ടും മാത്രം പ്രാതിനിധ്യം അറിയിച്ചിരുന്നു. അസമിന്റെ പ്രാദേശിക ഘടന ബജെപിയുടെ വളര്‍ച്ചയ്ക്ക് ഒട്ടും അനുഗുണമായിരുന്നില്ല. ഹിന്ദുത്വ അജണ്ടകള്‍ക്കൊപ്പം സഞ്ചരിക്കുന്നതിന് പകരം അസമിലെ തനതു നാട്ടുകാരായ ഗോത്രവിഭാഗങ്ങളുടെ സംരക്ഷകരായി അവര്‍ രംഗപ്രവേശം ചെയ്തു. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലം 5 സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ മൗലാനാ ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തില്‍ 2005ല്‍ രൂപീകൃതമായ എഐയുഡിഎഫിന് 2011ലെ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ ലഭിച്ചത് ബിജെപിയുടെ ഹിന്ദുത്വ ക്യാമ്പയിനുള്ള ആയുധമാക്കി ഹിന്ദുസമൂഹത്തില്‍ വ്യാപകമായ ഭീതി വളര്‍ത്തി അവര്‍ പ്രചാരണം ആരംഭിച്ചു. എഐയുഡിഎഫിനെ വളര്‍ത്തുന്നത് കോണ്‍ഗ്രസ് ആണെന്ന പ്രചാരണം അവര്‍ നടത്തി. അതോടൊപ്പം ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവിടുത്തെ ഹിന്ദു സമൂഹങ്ങളില്‍ മുസ്‌ലിംകളെ കുറിച്ചുള്ള ഭയം സൃഷ്ടിച്ചു.

അസമില്‍ 1980 മുതല്‍ ബിജെപി ഉണ്ടെങ്കിലും ശക്തമായ ഒരു നേതൃത്വം ഉണ്ടായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ സര്‍മയും അസം ഗണപരിഷത്ത് നേതാവായിരുന്ന സര്‍വാനന്ദ സോനോവലും ബിജെപിയില്‍ ചേര്‍ന്നതോടെ ബിജെപിക്ക് ഒരു നേതൃത്വമുണ്ടായി. 2014ല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായശേഷം കേന്ദ്രസര്‍ക്കാര്‍ അസമിലെ കുടിയേറ്റ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയും പൗരത്വ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയും ചെയ്തു. വളരെക്കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ആവട്ടെ ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചു. കോണ്‍ഗ്രസ് നേതാവും മൂന്നുതവണ അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയെ ജനങ്ങള്‍ക്ക് മടുത്തു. സ്വന്തം മകന്‍ ഗൗരവിനെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച ഗൊഗോയിയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. അസമിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരെക്കുറിച്ചും ഇതുപോലെയുള്ള വിമര്‍ശനങ്ങളുണ്ടായി. 2016ലെ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചു. സംസ്ഥാന പിസിസി പ്രസിഡന്റ് അഞ്ചന്‍ ദത്തയുടെ മകള്‍, മന്ത്രി ഭൂമിദറിന്റെ മകന്‍, രാജ്യസഭാ എംപി റാണി നാറയുടെ ഭര്‍ത്താവ്, ലോകസഭാ എംപി സുസ്മിത ദേവിന്റെ അമ്മ എന്നിങ്ങനെ നേതാക്കളുടെ ബന്ധുക്കളില്‍ പലരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ബിജെപി അസം ഗണപരിഷത്തിനെയും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിനെയും ഉള്‍പ്പെടുത്തി മുന്നണി രൂപീകരിച്ചു. കോണ്‍ഗ്രസും എഐയുഡിഎഫും മുന്നണിയില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചു. ബിജെപിക്ക് മാത്രം 60 സീറ്റ് ലഭിച്ചു. മുന്നണിക്ക് ആകെ 86 സീറ്റും ലഭിച്ചു. കോണ്‍ഗ്രസ് 26ലേക്ക് ചുരുങ്ങി. എഐയുഡിഎഫിന് 13 സീറ്റും ലഭിച്ചു.

ബിജെപിക്ക് ഒട്ടും പരിചിതമല്ലാതിരുന്ന അസം എങ്ങനെയാണ് ബിജെപി കൈപ്പിടിയില്‍ ഒതുക്കിയത് എന്നത് ചരിത്രം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ ചരിത്രം പഠിക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ ഇനിയും തയ്യാറായിട്ടില്ല എന്നതാണ് അസമിലെ ബിജെപിയുടെ മുന്നേറ്റം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി തങ്ങളുടെ 60 സീറ്റും നിലനിര്‍ത്തി. ബിജെപി മുന്നണിക്ക് 75 സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസ്, എഐയുഡിഎഫ്, ബിപിഎഫ്, സിപിഎം പാര്‍ട്ടികള്‍ ഒന്നിച്ച് 50 സീറ്റുകളും നേടി. കോണ്‍ഗ്രസിന് ആവശ്യം വിശ്വാസ്യതയുള്ള നേതൃത്വവും ചടുലമായി പ്രവര്‍ത്തിക്കാനുള്ള പ്രവര്‍ത്തകരുമാണ്. അതുണ്ടെങ്കില്‍ അസമിനെ തിരിച്ചുപിടിക്കാന്‍ ഒട്ടും പ്രയാസമില്ല. ബംഗാളിലും തമിഴ്‌നാട്ടിലും കണ്ടതുപോലെ ഇച്ഛാശക്തിയുള്ള നേതൃത്വമാണ് അസമിനും വേണ്ടത്.

പുതുച്ചേരിയുടെ വിധി

ചിതറിക്കിടക്കുന്ന കേന്ദ്രഭരണ പ്രദേശമാണ് പോണ്ടിച്ചേരി എന്നറിയപ്പെട്ടിരുന്ന പുതുച്ചേരി സംസ്ഥാനം. വടക്കന്‍ കേരളത്തിലെ മാഹി, ആന്ധ്രപ്രദേശിലെ യാനം, തമിഴ്‌നാട്ടിലെ കാരയ്ക്കല്‍, പുതുച്ചേരി എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് പുതുച്ചേരി സംസ്ഥാനം. കോണ്‍ഗ്രസ്, ഡിഎംകെ, എഐഡിഎംകെ എന്നീ പാര്‍ട്ടികള്‍ മാറിമാറി ഭരിച്ച പ്രദേശമാണ് പുതുച്ചേരി. ബിജെപിക്ക് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ദ്രാവിഡ സംസ്‌കാരത്തിന്റെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും തലോടല്‍ ഏറ്റുകഴിഞ്ഞിരുന്ന ശാന്തസുന്ദരമായ പ്രദേശങ്ങള്‍. എന്നാല്‍ ഇന്ന് ബിജെപി അധികാരം പങ്കിടുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു പുതുച്ചേരി.

2011ല്‍ പുതുച്ചേരിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് എന്‍. രംഗസ്വാമി കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിയാണ് എഐഎന്‍ആര്‍സി (ഓള്‍ ഇന്ത്യാ നമതു രാജ്യം കോണ്‍ഗ്രസ്). പാര്‍ട്ടിയുടെ പേരിലുള്ള 'എന്‍ആര്‍' എന്നതിന് എന്‍ രംഗസ്വാമി എന്നും വ്യാഖ്യാനമുണ്ട്. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് രംഗസ്വാമിയുടെ പാര്‍ട്ടി എഐഡിഎംകെയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് 30 അംഗ നിയമസഭയില്‍ 20 സീറ്റ് നേടി. രംഗസ്വാമി മുഖ്യമന്ത്രിയുമായി. കോണ്‍ഗ്രസും ഡിഎംകെയുമായിരുന്നു പ്രതിപക്ഷ മുന്നണി. എന്നാല്‍ നരേന്ദ്രമോഡി അധികാരത്തില്‍ വന്നശേഷം 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 30 സീറ്റിലും മത്സരിച്ചു. രംഗസ്വാമിക്ക് വേണ്ടത്ര സീറ്റുകളില്‍ വിജയിക്കാനായില്ല. കോണ്‍ഗ്രസ് ഡിഎംകെ മുന്നണി അധികാരത്തില്‍ വന്നു. ഈ അവസരം മുതലെടുത്ത് ബിജെപി രംഗസ്വാമിയുടെ മുന്നണിയില്‍ ചേക്കേറി. 'നമതു രാജ്യം കോണ്‍ഗ്രസ്' അങ്ങനെ എന്‍ഡിഎ യുടെ ഘടകകക്ഷിയായി.

2021ല്‍ ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ 9 സീറ്റില്‍ മത്സരിച്ച ബിജെപി 6 എണ്ണത്തിലും വിജയിച്ചു. രംഗസ്വാമിയുടെ പാര്‍ട്ടി പത്ത് സീറ്റുകളും ലഭിച്ചതോടെ അവരുടെ മുന്നണിക്ക് കേവലഭൂരിപക്ഷമായി. ഇനി പുതുച്ചേരി ഭരിക്കുന്നത് എന്‍ഡിഎ ആണ്. കോണ്‍ഗ്രസും ഡിഎംകെയും അടങ്ങുന്ന യുപിഎയും സ്വതന്ത്രരും 14ല്‍ ഒതുങ്ങി. പുതുച്ചേരി ബിജെപി ഭരിക്കുന്നതോടെ ദ്രാവിഡ രാഷ്ട്രീയത്തിലേക്കുള്ള സംഘപരിവാറിന്റെ പ്രവേശനമായി അതിനെ കാണേണ്ടതുണ്ട്. ഇത്തവണ നാല് സീറ്റുകള്‍ നേടിയ തമിഴ്‌നാട്ടില്‍ സ്വാധീനം ഒന്നുകൂടി ഉറപ്പിക്കാന്‍ അതുവഴി സാധിക്കുമെന്ന് നിരീക്ഷിക്കാവുന്നതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാവുന്ന ഭിന്നതകളാണ് ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുന്നത് എന്ന യാഥാര്‍ഥ്യമാണ് ഇത് വിരല്‍ചൂണ്ടുന്നത്.

കേരളത്തിലെ ഭരണത്തുടര്‍ച്ച

കേരളത്തില്‍ ഇത്തവണ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച നല്‍കിക്കൊണ്ടാണ് ജനങ്ങള്‍ സമ്മതിദാനം നിര്‍വഹിച്ചത്. 1970ല്‍ അധികാരത്തില്‍ വന്ന ഐക്യമുന്നണിക്ക് (കോണ്‍ഗ്രസ്-സിപിഐ-ലീഗ്) 1977ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ഭരണത്തുടര്‍ച്ച ലഭിച്ച ചരിത്രം കേരളത്തിലുണ്ട്. പിന്നീട് മാറി മാറി വന്ന മുന്നണികളാണ് കേരളം ഭരിച്ചത്. അതിനു വിപരീതമായി 1970-77ലെ അനുഭവങ്ങളെ ഓര്‍മപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. കേരളത്തെ മതേതര ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ഐക്യമുന്നണിയും ഇടതുമുന്നണിയും തമ്മിലുള്ള മത്സരങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ക്കും ദേശവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും ഇടംനല്‍കാതെ സൂക്ഷിക്കുന്നതില്‍ ഈ രാഷ്ട്രീയാവസ്ഥ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തെ കാവിപുതപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതില്‍ ഈ മുന്നണികള്‍ വഹിച്ച പങ്കിനെ വിസ്മരിക്കാന്‍ കഴിയില്ല. 99 സീറ്റുകള്‍ നേടി ഇടതു മുന്നണി ഭരണം തുടരുകയാണ്. 2001ല്‍ എകെ ആന്റണിയുടെ നേതൃത്വത്തില്‍ ഐക്യമുന്നണി 99 സീറ്റുകള്‍ നേടിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ഭാവി

സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരികയും സംഘപരിവാറിനെ തൂത്തെറിയുകയും ചെയ്തുവെങ്കിലും സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്ന ഒരു ഫലം കൂടി ദൃശ്യമാകുന്നുണ്ട്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയാണ്. കേവലം 21 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങുകയും ചില ജില്ലകളില്‍ പേരിനുപോലും ഒരു കോണ്‍ഗ്രസ് പ്രതിനിധി ഇല്ലാതാകുകയും ചെയ്തത് അപായസൂചനയാണ്. ബിജെപിയുടെ പ്രഥമലക്ഷ്യം കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്മുക്ത പ്രദേശങ്ങളിലാണ് കാവിരാഷ്ട്രീയം വളരുക എന്നതാണ് അതിന്റെ കാരണം. സിപിഎം കൂടൊഴിഞ്ഞ ബംഗാളില്‍ ബിജെപിയാണ് പുതിയ പ്രതിപക്ഷം എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ കേന്ദ്രങ്ങള്‍ പോലും കോണ്‍ഗ്രസ് നിലനില്‍ക്കല്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. അതിനുള്ള കാരണം കോണ്‍ഗ്രസ് നശിക്കുന്നിടത്ത് ബിജെപി വിത്തുപാകാന്‍ ശ്രമിക്കുമെന്നതാണ്. യുഡിഎഫിലെ ഇതര ഘടകകക്ഷികളുടെ സംഭാവനകള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമായിരുന്നു എന്നതാണ് വാസ്തവം. മതനിരപേക്ഷ കക്ഷികള്‍, അവര്‍ ഏതു രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നവരാണെങ്കില്‍ പോലും, നിലനില്‍ക്കല്‍ അനിവാര്യമാണ്. അവര്‍ തമ്മിലുള്ള മത്സരങ്ങളുടെ ബാലന്‍സിംഗിലാണ് രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടുന്നത്. ഇത് മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവേണ്ടതുണ്ട്.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നാമാവശേഷമാവാനുള്ള കാരണം കോണ്‍ഗ്രസിനകത്തെ പടലപ്പിണക്കങ്ങളാണ്. അതിന്റെ പേരിലാണ് വിവിധ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രൂപം കൊണ്ടത്. എന്‍സിപിയും തൃണമൂലും വൈഎസ്ആര്‍ കോണ്‍ഗ്രസും എഐഎന്‍ആര്‍സിയും മറ്റു പല സംഘടനകളുമായി കോണ്‍ഗ്രസ് ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ പല കഷ്ണങ്ങളായി മാറിയിരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് ഒന്നാണെങ്കിലും വിവിധ ഗ്രൂപ്പുകളാണ് എന്നത് കോണ്‍ഗ്രസ് നേതാക്കളും സമ്മതിക്കുന്ന സത്യമാണ്. കോണ്‍ഗ്രസ് നേതൃത്വം സഗൗരവം ചിന്തിക്കേണ്ടതുണ്ട്. തെറ്റുകള്‍ തിരുത്തി വിട്ടുവീഴ്ചകളിലൂടെ രാജ്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്‌നത്തില്‍ കേന്ദ്രീകരിച്ചെങ്കില്‍ മാത്രമെ പാര്‍ട്ടി നിലനില്‍ക്കുകയുള്ളൂ.

സംഘപരിവാറിനെ കരുതിയിരിക്കുക

ഇരകളെ തേടിവന്ന കടുവകളെ പോലെയാണ് സംഘപരിവാര്‍. ഇരകളെ കിട്ടാതെ തല്‍ക്കാലം മടങ്ങിയിട്ടുണ്ടെങ്കിലും അവര്‍ തക്കംപാര്‍ത്തിരിക്കുകയാണ്. എവിടെയാണ് നേതൃത്വരാഹിത്യം, എവിടെയാണ് കൂട്ടം തെറ്റിയ ആട്ടിന്‍പറ്റങ്ങള്‍ എന്നീ കാര്യങ്ങള്‍ അവര്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. അസമില്‍ അവര്‍ ഇതേ തന്ത്രമാണ് പയറ്റിയത്. അത് നമ്മുടെ കേരളത്തില്‍ ഉണ്ടായിക്കൂടാ. മതസൗഹാര്‍ദത്തിനും ശാന്തിക്കും സമാധാനത്തിനും പേരുകേട്ട നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടായിക്കൂടാ. പനമ്പിള്ളി ഗോവിന്ദമേനോനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടും, പട്ടം താണുപിള്ളയും ബാഫഖി തങ്ങളും സി.എച്ച് മുഹമ്മദ്‌കോയയും കെ. കരുണാകരനും ഇ.കെ നായനാരും നയിച്ച കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക തനിമ നിലനിര്‍ത്തുവാന്‍ മുഴുവന്‍ മതനിരപേക്ഷ കക്ഷികള്‍ക്കും ബാധ്യതയുണ്ട്.