ജൂതന്മാര്‍: ക്വുര്‍ആന്‍ നല്‍കുന്ന ചരിത്രപാഠങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2021 മെയ് 22 1442 ശവ്വാല്‍ 10
ലോകത്ത് ന്യൂനാല്‍ ന്യൂനപക്ഷമാണ് ജൂതന്മാര്‍. എന്നാല്‍, അറിയപ്പെട്ടിടത്തോളം ഏറ്റവും കൂടുതല്‍ പീഡനമനുഭവിച്ചവരും ഏറ്റവുമധികം പേരെ പീഡിപ്പിച്ചവരും ജൂതന്മാരാണ്. അതിന് ചരിത്രപരമായ പല മാനങ്ങളുമുണ്ട്. ജൂതന്മാരെ കുറിച്ച് വിശുദ്ധ വേദഗ്രന്ഥമായ ക്വുര്‍ആനില്‍ നിരവധി തവണ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ചരിത്രപരമായ വിവരണങ്ങളുണ്ട്, ഭാവിയെകുറിച്ചുള്ള സൂചനകളുണ്ട്. അത്തരം സൂക്തങ്ങളെ വിശകലനം ചെയ്യുന്നു.

ജൂതന്‍മാര്‍ ബനൂഇസ്‌റാഈലുകാരാണ്. 'ഇസ്‌റാഈല്‍' എന്നത് ഇബ്‌റാഹീം നബി(അ)യുടെ മകനായ ഇസ്ഹാക്വ് നബി(അ)യുടെ മകന്‍ യഅ്ക്വൂബ് നബി(അ)യുടെ മറ്റൊരു പേരാണ്, യഅ്ക്വൂബ് നബി(അ)ക്ക് 12 മക്കള്‍ ഉണ്ടായിരുന്നു, അവര്‍ 'അസ്ബാത്വ്'

എന്ന് അറിയപ്പെടുന്നു. ഇവരുടെ സന്താനങ്ങളാണ് ബനൂഇസ്‌റാഈലുകള്‍. അവര്‍ ഫലസ്തീനിലാണ് താമസിച്ചിരുന്നത്. യൂസുഫ് നബി(അ) മിസ്വ്‌റിലെ ഭക്ഷ്യമന്ത്രിയായ സന്ദര്‍ഭത്തില്‍ അവര്‍ അവിടേക്ക് പോയി. അങ്ങനെ അവര്‍ അവിടെ സ്ഥിരതാമസമാക്കുകയും സമ്പന്നരാവുകയും ചെയ്തു. അതിനുശേഷം മൂന്ന് നൂറ്റാണ്ടു കഴിഞ്ഞ് ഫിര്‍ഔന്‍ അവരുടെമേല്‍ ആധിപത്യം നേടി. ഈ അവസരത്തിലാണ് അല്ലാഹു മൂസാനബി(അ)യെ അവരിലേക്ക് അയക്കുന്നത്. മൂസാനബി(അ)യെ അല്ലാഹു ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ വളര്‍ത്തി. ശേഷം നബിയായി നിയോഗിച്ചു. അവസാനം ചെങ്കടല്‍ പിളര്‍ത്തി ഫിര്‍ഔനില്‍നിന്നും അവന്റെ കിങ്കരന്‍മാരില്‍നിന്നും മൂസാനബിയെയും വിശ്വാസികളെയും രക്ഷപ്പെടുത്തി. ഫലസ്തീനിലേക്ക് മടങ്ങുവാന്‍ മൂസാനബി(അ) കല്‍പിച്ചപ്പോള്‍ ബനൂഇസ്‌റാഈലുകാര്‍ അതിക്രമം നടത്തുകയും വിസമ്മതിക്കുകയുമാണ് ചെയ്തത്. വഴിയില്‍വെച്ച് ചിലയാളുകള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കും ഇതുപോലെ ഇലാഹിനെ (ആരാധ്യനെ) നിശ്ചയിച്ചുതരണമെന്ന് അവര്‍ മൂസാനബി(അ)യോട് ആവശ്യപ്പെട്ടു.

ക്വുര്‍ആന്‍ പറയുന്നു: ''ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി). എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു'' (ക്വുര്‍ആന്‍ 7:138).

അവരെയുംകൊണ്ട് മൂസാ(അ) ഫലസ്തീനിലേക്ക് പോയി. ആ സന്ദര്‍ഭത്തിലാണ് തൗറാത്ത് ലഭിക്കുന്നത്. തൗറാത്തുമായി മൂസാ(അ) മടങ്ങിവന്നപ്പോള്‍ തന്റെ സമുദായം സ്വര്‍ണംകൊണ്ടുണ്ടാക്കിയ പശുക്കുട്ടിയെ ആരാധിക്കുന്നതാണ് കണ്ടത്. പശുവിനെ ആരാധിച്ചവരെ അല്ലാഹു ശിക്ഷിക്കുകയും അവര്‍ പശ്ചാതപിക്കുകയും ചെയ്തു. പിന്നീട് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പ്രവേശിക്കുവാന്‍ പറഞ്ഞപ്പോള്‍ അവര്‍ വിസമ്മതിച്ചു.

ക്വുര്‍ആന്‍ പറയുന്നു:'''അവര്‍ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെനിന്ന് പുറത്ത് പോകുന്നതുവരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെനിന്ന് പുറത്തുപോകുന്നപക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം'' (ക്വുര്‍ആന്‍ 5:22).

''അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവുംകൂടി പോയി യുദ്ധംചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്'' (ക്വുര്‍ആന്‍ 5:24).

അനുസരണക്കേടിന് അല്ലാഹു അവരെ ശിക്ഷിച്ചു

ക്വുര്‍ആന്‍ പറയുന്നു: ''അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ ആ നാട് നാല്‍പത് കൊല്ലത്തേക്ക് അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുകയാണ്; തീര്‍ച്ച. (അക്കാലമത്രയും) അവര്‍ ഭൂമിയില്‍ അന്തംവിട്ട് അലഞ്ഞുനടക്കുന്നതാണ്. ആകയാല്‍ ആ ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ ദുഃഖിക്കരുത്'' (ക്വുര്‍ആന്‍ 5:26).

നാല്‍പത് വര്‍ഷം അലഞ്ഞു നടന്നു

നാല്‍പതുവര്‍ഷം അവര്‍ക്ക് അലഞ്ഞുനടക്കേണ്ടിവന്നു. അതിനിടയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ വിഷമിച്ചപ്പോള്‍ അല്ലാഹു മന്നയും സല്‍വയും ഇറക്കിക്കൊടുത്ത് അനുഗ്രഹിച്ചു. എന്നാല്‍ അതൊന്നും അവരുടെ ഹൃദയകാഠിന്യം കുറച്ചില്ല. തൗറാത്ത് സ്വീകരിക്കാം എന്ന് പറഞ്ഞു, എന്നാല്‍ തൗറാത്തിനെ അവര്‍ പിന്തുടര്‍ന്നില്ല. അല്ലാഹു ത്വൂര്‍ പര്‍വതം അവരുടെ മുകളില്‍ ഉയര്‍ത്തിനിര്‍ത്തി. എന്നിട്ട് അവരോടു പറഞ്ഞു; നിങ്ങള്‍ക്ക് നാം നല്‍കിയ സന്ദേശം മുറുകെപിടിക്കുകയും നമ്മുടെ കല്‍പനകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക എന്ന്. അപ്പോള്‍ അവര്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടിരിക്കുന്നു, അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു എന്നാണ്!

പശുവിനെ അറുക്കുവാന്‍ പറഞ്ഞ സംഭവവും ക്വാറൂനിനെ ഭൂമിയില്‍ ആഴ്ത്തി ശിക്ഷിച്ച സംഭവവും ഉണ്ടാകുന്നത് ഇതിനിടക്കാണ്. പക്ഷേ, ഇതൊന്നും തന്നെ അവര്‍ക്ക് ഗുണപാഠമായില്ല. അവര്‍ പാഠമുള്‍ക്കൊണ്ടില്ല. അവരുടെ ഹൃദയം പാറപോലെ ഉറച്ചുതന്നെ നിന്നു.

മൂസാനബി(അ) മരണപ്പെട്ടു. അവര്‍ അഹങ്കാരത്തില്‍ തന്നെ നിലകൊണ്ടു. പിന്നീട് അല്ലാഹു ഒരുപാട് പ്രവാചകന്‍മാരെ അവരിലേക്ക് നിയോഗിക്കുകയുണ്ടായി. അവര്‍ പ്രവാചകന്മാരെ കളവാക്കുകയോ  കൊലപ്പെടുത്തുകയോ ചെയ്തുകൊണ്ടിരുന്നു. ചിലയാളുകള്‍ മാത്രം വിശ്വസിച്ചു. ഏകദേശം ഏഴ് നൂറ്റാണ്ടിനുശേഷം അവരിലേക്ക് ഈസാനബി(അ)യെ അല്ലാഹു നിയോഗിച്ചു. ചിലര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചിലര്‍ അവിശ്വസിക്കുകയും ചെയ്തു. വിശ്വസിച്ചവരെ അവര്‍ ഉപദ്രവിച്ചു. ഈസാ നബിയെ ക്രൂശിക്കുവാനും വധിക്കുവാനും അവര്‍ തീരുമാനിച്ചു. പക്ഷേ, അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. മര്‍യമില്‍ അവര്‍ വ്യഭിചാരോപണം നടത്തുകയും ചെയ്തു. ഇക്കാര്യമെല്ലാം ക്വുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്:

''വേദക്കാര്‍ നിന്നോട് ആവശ്യപ്പെടുന്നു; നീ അവര്‍ക്ക് ആകാശത്തുനിന്ന് ഒരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത് അവര്‍ മൂസായോട് ആവശ്യപ്പെട്ടിട്ടുണ്ട്.(അതായത്) അല്ലാഹുവെ ഞങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് നാം അത് പൊറുത്തുകൊടുത്തു. മൂസായ്ക്ക് നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു'' (ക്വുര്‍ആന്‍ 4:153).

''അവരോട് കരാര്‍ വാങ്ങുവാന്‍ വേണ്ടി നാം അവര്‍ക്ക് മീതെ പര്‍വതത്തെ ഉയര്‍ത്തുകയും ചെയ്തു. നിങ്ങള്‍ (പട്ടണ) വാതില്‍ കടക്കുന്നത് തലകുനിച്ച് കൊണ്ടാകണം എന്ന് നാം അവരോട് പറയുകയും ചെയ്തു. നിങ്ങള്‍ ശബ്ബത്ത് നാളില്‍ അതിക്രമം കാണിക്കരുത് എന്നും നാം അവരോട് പറഞ്ഞു. ഉറപ്പേറിയ ഒരു കരാര്‍ നാമവരോട് വാങ്ങുകയും ചെയ്തു'' (ക്വുര്‍ആന്‍ 4:154).

''എന്നിട്ട് അവര്‍ കരാര്‍ ലംഘിച്ചതിനാലും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ് എന്ന് അവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). തന്നെയുമല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെമേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍ ചുരുക്കത്തിലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല'' (ക്വുര്‍ആന്‍ 4:155).

അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ, (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.  എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 4:156-158).

ഈസാനബി(അ)യെ ഉയര്‍ത്തിയതിനുശേഷം അവര്‍ ഇഞ്ചീലില്‍ കൈകടത്തുകയും മതത്തെ മാറ്റിമറിക്കുകയും ചെയ്തു.അങ്ങനെ അവര്‍'ഭൂമിയില്‍ കുഴപ്പമുണ്ടാക്കിക്കൊണ്ടിരുന്നു. അതിനുശേഷം അവര്‍ മിസ്വ്ര്‍, ഇറാഖ്, ജസീറത്തുല്‍ അറബ് (യഥ്‌രിബ്, ഖൈബര്‍, നജ്‌റാന്‍, യമന്‍) തുടങ്ങിയ, ലോകത്തിന്റെ വിവിധ 'ഭാഗങ്ങളില്‍ വ്യാപിക്കുകയും െചയ്തു. ആയിടക്കാണ് മക്കയില്‍ മുഹമ്മദ്‌നബി ﷺ നിയോഗിക്കപ്പെടുന്നത്. എന്നാല്‍ അവര്‍ അദ്ദേഹത്തെയും നിഷേധിക്കുകയാണ് ചെയ്തത്. അല്ലാഹു പറയുന്നു:

''നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ സ്വന്തം മക്കളെ അറിയുന്നത് പോലെ അത് അറിയുന്നുണ്ട്. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല'' (ക്വുര്‍ആന്‍ 6:20).

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കുവാന്‍ വേണ്ടി മുസ്‌ലിംകളുടെ വേഷത്തില്‍ കപടവിശ്വാസികളായി അവര്‍ രംഗത്തുവന്നു. അങ്ങനെ മുസ്‌ലിംകള്‍ക്കിടയില്‍ ഗ്രൂപ്പുകളും കക്ഷികളുമുണ്ടാക്കുകയും ചെയ്തു. (ശിയാക്കള്‍, മുഅ്തസിലിയാക്കള്‍, ജഹ്മിയാക്കള്‍, ഫാത്വിമിയാക്കള്‍, കറാമിതകള്‍, ഇസ്മാഈലിയ്യ, സ്വൂഫിയ്യാക്കള്‍, ബഹായികള്‍, ഖാദിയാനികള്‍... തുടങ്ങിയ ഒട്ടനവധി ഗ്രൂപ്പുകള്‍ ജൂതന്‍മാര്‍ നേരിട്ടുണ്ടാക്കിയതോ അതല്ലെങ്കില്‍ അവരുടെ ശ്രമഫലമായോ ഉണ്ടായതാണ്. ആദ്യം മുതല്‍ ഇന്നുവരെയും പ്രവാചകന്‍മാരുടെയും മുസ്‌ലിംകളുടെയും ശത്രുക്കളാണ് ജൂതന്‍മാര്‍.

ഏറെ അനുഗ്രഹങ്ങള്‍ ലഭിച്ചവര്‍

അല്ലാഹു ഇവര്‍ക്ക് മന്ന, സല്‍വ എന്നിവ ഇറക്കിക്കൊടുത്തു. ഞങ്ങള്‍ക്ക് പച്ചക്കറിവേണമെന്ന് പറഞ്ഞപ്പോള്‍ അത് നല്‍കി. 12 നീറുവയുണ്ടാക്കിക്കൊടുത്തു. അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ആകാശത്തുനിന്ന് 'മാഇദ' (ഭക്ഷണത്തളിക) ഇറക്കിക്കൊടുത്തു. കടല്‍ പിളര്‍ത്തി രക്ഷപ്പെടുത്തി...ഇങ്ങനെ ഒട്ടനവധി അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും ആസ്വദിച്ചിട്ടും നഗ്‌ന നേത്രങ്ങള്‍കൊണ്ട് കണ്ടിട്ടും അവര്‍ നന്ദികേട് കാണിക്കുകയാണ് ചെയ്തത്. ഇതെല്ലാം ക്വുര്‍ആന്‍ വിശദമാക്കുന്നത് കാണുക:

''ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വതത്തിന്റെ വലതുഭാഗം നിങ്ങള്‍ക്ക് നാം നിശ്ചയിച്ചുതരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക് നാം ഇറക്കിത്തരികയും ചെയ്തു'' (ക്വുര്‍ആന്‍ 20:80).

''ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തുതന്നിട്ടുള്ള അനുഗ്രഹവും മറ്റു ജനവിഭാഗങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക'' (ക്വുര്‍ആന്‍ 2: 47).

''ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നതുവരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. പിന്നീട് നിങ്ങളുടെ മരണത്തിനുശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി. നിങ്ങള്‍ക്ക് നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപ്പക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട് കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക് തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍. തലകുനിച്ചുകൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപവചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നാല്‍ അക്രമികളായ ആളുകള്‍ അവരോട് നിര്‍ദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ് ഉപയോഗിച്ചത്. അതിനാല്‍ ആ അക്രമികളുടെ മേല്‍ നാം ആകാശത്തു നിന്ന് ശിക്ഷ ഇറക്കി. കാരണം അവര്‍ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത് തന്നെ. മൂസാനബി തന്റെ ജനതയ്ക്കുവേണ്ടിവെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക). അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ആഹാരത്തില്‍നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു). ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്? എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്. അവര്‍ ധിക്കാരം കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്'' (ക്വുര്‍ആന്‍ 2:55-61).

നന്ദികേടിന്റെ പര്യായം

ഒട്ടേറെ അനു്രഗഹങ്ങള്‍ അനുഭവിച്ചും ആസ്വദിച്ചും ജീവിച്ചിട്ട് കടുത്ത നന്ദികേടാണ് ഇക്കൂട്ടര്‍ കാണിച്ചത്. അല്ലാഹു പറയുന്നു: ''ഇ്‌സറാഈല്‍ സന്തതികളെ നാം കടല്‍കടത്തി (രക്ഷപ്പെടുത്തി). എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു'' (ക്വുര്‍ആന്‍ 7:138).

വിശ്വാസം

മൂസാനബി(അ) തൗഹീദാണ് (ഏകദൈവവിശ്വാസം) അവരെ പഠിപ്പിച്ചത്. പക്ഷേ അവരതില്‍ കൃത്രിമത്വം കാണിച്ചു; അവരില്‍ ശിര്‍ക്ക് (ബഹുദൈവാരാധന) കടന്നുകൂടി. മൂസാനബിയുടെ കാലത്തുതന്നെ അവര്‍ അതിക്രമം നടത്തുകയുണ്ടായി.

അല്ലാഹു പറയുന്നത് കാണുക: ''വേദക്കാര്‍ നിന്നോട് ആവശ്യപ്പെടുന്നു; നീ അവര്‍ക്ക് ആകാശത്തു നിന്ന് ഒരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത് അവര്‍ മൂസായോട് ആവശ്യപ്പെട്ടിട്ടുണ്ട്.(അതായത്) അല്ലാഹുവെ ഞങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് നാം അത് പൊറുത്തുകൊടുത്തു. മൂസായ്ക്ക് നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു'' (ക്വുര്‍ആന്‍ 4:153).

യുദ്ധം ചെയ്യാനായി ആവശ്യപ്പെട്ട സമയം അവര്‍ പറഞ്ഞത് നീയും നിന്റെ റബ്ബുംപോയി യുദ്ധം ചെയ്യുക എന്നാണ്.

''അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവുംകൂടി പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്'' (ക്വുര്‍ആന്‍ 5:24).

ഉസൈറിനെ സംബന്ധിച്ച് പറഞ്ഞത്

''ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായകൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?''(ക്വുര്‍ആന്‍ 9:30).

തുടര്‍ന്ന് വേദഗ്രന്ഥങ്ങള്‍ തിരുത്തിക്കുറിച്ച് 'തല്‍മൂദ്' ഉണ്ടാക്കി; അവരുടെ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട്. അവരുടെ പണ്ഡിതന്‍മാരുടെ വാക്യങ്ങളെ അവര്‍ വേദവാക്യങ്ങളാക്കുകയും ചെയ്തു. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

''ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അത് അവരുടെ വായകൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്? അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് അവനെത്രയോ പരിശുദ്ധന്‍!''(ക്വുര്‍ആന്‍ 9:31).

'ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും പ്രിയപ്പെട്ടവരുമാണ്'

ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും പ്രിയപ്പെട്ടവരുമായ ജനതയാണ് എന്നവര്‍ വാദിച്ചു. അതിന്റെ അര്‍ഥശൂന്യത അല്ലാഹു വ്യക്തമാക്കുന്നത് കാണുക:

''യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു; ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്. (നബിയേ,) പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല; അവന്റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം'' (ക്വുര്‍ആന്‍ 5:18).

സ്വയം ശരീഅത്തുണ്ടാക്കി

വേദഗ്രന്ഥങ്ങളിലൂടെ ലഭിച്ച മതനിയമങ്ങളെ അവര്‍ മാറ്റിമറിക്കുകയും പുതിയ മതനിയമങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: '

''എല്ലാ ആഹാരപദാര്‍ഥവും ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്‌റാഈല്‍ (യഅ്ക്വൂബ് നബി) തന്റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ തൗറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക'' (ക്വുര്‍ആന്‍ 3:93).

(അവസാനിച്ചില്ല)