ഹലാല്‍ വിവാദം: പശുരാഷ്ട്രീയത്തിന്റ പുതിയ മുഖമോ?

മുജീബ് ഒട്ടുമ്മല്‍

2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10
മലയാളിയുടെ വിവേചനബുദ്ധിയെയും സാംസ്‌കാരിക ഔന്നത്യത്തെയും പരിഹസിച്ചുകൊണ്ടാണ് സംഘപരിവാര സംഘടനകള്‍ 'ഹലാല്‍' ഭക്ഷണ വിവാദം കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. താഴ്ന്ന ജാതിക്കാരുടെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന ബ്രാഹ്മണിക് അയിത്തബോധത്തിന്റെ കേരളീയ വകഭേദം തന്നെയാണിതെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല.

'ഇന്ത്യയുടെ സംസ്‌കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്... ഭക്ഷണത്തിന് മതമില്ല, ഭക്ഷണമെന്നത് മതമാണ്' ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമോറ്റയുടെ സ്ഥാപകന്‍ ദിപീന്ദര്‍ ഗോയലിന്റ വാക്കുകളാണിത്.

2019 ഓഗസ്റ്റില്‍ ഡല്‍ഹിയിലെ അമിത് ശുക്ലയെന്നയാള്‍ സൊമോറ്റയില്‍നിന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ അയാള്‍ അത് ക്യാന്‍സല്‍ ചെയ്തതായി ട്വീറ്റ് ചെയ്തത്രെ! പണം തിരിച്ചുനല്‍കില്ലെന്നും ഡെലിവറി ബോയിയെ പിരിച്ചുവിടില്ലെന്നുമുള്ള നിലപാടില്‍ സൊമോറ്റ ഉറച്ചുനിന്നു. മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്ന് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തതോടെ വിഷയം സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി.

ഊബര്‍ ഈറ്റ്‌സ് എന്ന മറ്റൊരു കമ്പനികൂടി സൊമോറ്റയെ പിന്തുണച്ച് രംഗത്തെത്തിയതോടെ വര്‍ഗീയതയുടെ വിഷംചീറ്റി ശിഥിലീകരണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഹിന്ദുത്വവാദികള്‍ ഇരു കമ്പനികള്‍ക്കുമെതിരെ അവരുടെ റൈറ്റിംഗ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ സൈബറാക്രമണങ്ങള്‍ നടത്തുകയായി.

'ഹിന്ദുക്കളോട് കളിക്കരുത്,' 'ശുക്ലാജിക്ക് പിന്തുണ' തുടങ്ങിയ കമന്റുകള്‍ക്കൊപ്പം സൊമോറ്റ 'ഹലാല്‍ ഭക്ഷണം' വിളമ്പുന്നു എന്ന പ്രചാരണം വലിയ ആയുധമായി അവര്‍ ഉപയോഗിച്ചു. എന്നാല്‍ വൈവിധ്യങ്ങളുടെ ഇന്ത്യന്‍ സൗന്ദര്യം നല്‍കിയ ഉല്‍ബുദ്ധമനസ്സുകള്‍ സംഘപരിവാര പ്രചാരണങ്ങളെ നിഷ്‌കരുണം അവഗണിച്ചതിനാല്‍ സൊമോറ്റയ്ക്ക് പോറലേല്‍പിക്കാനായില്ലന്നതാണ് യാഥാര്‍ഥ്യം.

'ഹലാല്‍' ഭക്ഷണ വിവാദം ഹിന്ദുത്വ പ്രോപഗണ്ടയായി മലയാളിയുടെ വിവേചനബുദ്ധിയെയും സാംസ്‌കാരിക ഔന്നത്യത്തെയും പരിഹസിച്ചുകൊണ്ട് സംഘപരിവാര സംഘടനകള്‍ കേരളത്തിലേക്കും ഇറക്കുമതി ചെയ്തിരിക്കുകയാണ്. എറണാകുളം കുറുമശ്ശേരിയിലെ ക്രൈസ്തവ സഹോദരന്‍ ജോണ്‍സണിന്റ ഉടമസ്ഥതയിലുള്ള മോദി ബേക്കേഴ്‌സിലെ 'ഹലാല്‍' സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നോട്ടീസ് നല്‍കി. ആരുമറിയാതെ ജോണ്‍സണ്‍ അത് നീക്കിയെങ്കിലും നോട്ടീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. നിയമപാലകര്‍ നാല് ഐക്യവേദി പ്രവര്‍ത്തകരെ അറസ്റ്റുചെയ്‌തെങ്കിലും അസമാധാനവും അനൈക്യവും ജീവിത ലക്ഷ്യമാക്കിയവര്‍ വിഷയത്തെ കത്തിച്ച് നിറുത്തുകയായിരുന്നു.

കോവിഡ് മഹാമാരിയില്‍ തകര്‍ന്ന സാമ്പത്തികസ്ഥിതിയും തൊഴില്‍നഷ്ടം കാരണമായി നെടുവീര്‍പ്പിടുന്ന നിസ്സഹായതയുടെ കുടുംബാന്തരീക്ഷങ്ങളും രോഗഭീതിയില്‍ താളംതെറ്റിയ സാമൂഹിക ക്രമങ്ങളുമെല്ലാം രാജ്യത്തിന്റ വീണ്ടെടുപ്പിന് ക്രിയാത്മകമായ സേവന സന്നദ്ധതയ്ക്കായി മനസ്സിനെ പാകപ്പെടുത്തുന്നതിനു പകരം അപരത കല്‍പിച്ചുനല്‍കി മനുഷ്യനെ ക്രൂരമായി വേട്ടയാടാന്‍ പ്രേരിപ്പിക്കുന്ന സംഘപരിവാര ദര്‍ശനം എന്തായാലും മനുഷ്യത്വവിരുദ്ധമാണെന്നതില്‍ പക്ഷാന്തരമുണ്ടാകാനിടയില്ല.

വര്‍ഗീയതയുടെ വേലിക്കെട്ടില്‍ ഭ്രാന്തമായ മനസ്സുകളില്‍ വളര്‍ത്തിയെടുത്ത രാക്ഷസീയത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ന്യൂനപക്ഷ വേട്ടയ്ക്കായ് സമാനതകളില്ലാതെ നിറഞ്ഞാടിയപ്പോള്‍ സാക്ഷരതയുടെ സാംസ്‌കാരിക ഭൂമികയായ മലയാള മണ്ണില്‍ വിവേക മനസ്സുകളുടെ കാവലില്‍ പരിവാര തന്ത്രങ്ങള്‍ നിഷ്പ്രഭമാകുകയായിരുന്നു.

ഹലാല്‍ വിവാദത്തിനും അല്‍പായുസ്സ് മാത്രമെ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെങ്കിലും സാമൂഹിക ശൈഥില്യങ്ങള്‍ക്ക് പുതിയമാനം തേടിയിറങ്ങുന്നവര്‍ക്ക് പഠിക്കാനേറെയുണ്ടന്ന് വിവാദങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ്.

ഹലാലിലെ ഹിന്ദുത്വവിലാപം

'ഹലാല്‍' ഭക്ഷണത്തിനും അതിന്റെ അടയാളങ്ങള്‍ക്കുമെല്ലാം പുതിയ വ്യാഖ്യാനം നല്‍കി രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഗതിയെക്കുറിച്ച് പരിതപിക്കുകയും വിലപിക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികളുടെ അവസരഭാവം വലിയ തമാശയ്ക്ക് വകയുള്ളതാണ്. ബ്രാഹ്മണ മേധാവിത്വം അരങ്ങു വാഴുന്ന ഹിന്ദുത്വ രാഷ്ട്രീയവാഹകര്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ മതസൗഹാര്‍ദത്തിന് ഭീഷണിയാണന്ന വാദം ഉന്നയിക്കുമ്പോള്‍ ഇന്ത്യയുടെ സാമാന്യബോധം ആശ്ചര്യപ്പെടുമെന്നതില്‍ സംശയമില്ല.

പുലയനും പറയനും ഉണ്ടാക്കിയത് നായരും നമ്പൂതിരിയും കഴിക്കില്ല എന്ന അയിത്ത ബോധത്തിന്റ വകഭേദമാണത്രെ ഹലാല്‍ ഭക്ഷണം. ഉത്തരേന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ കൊലചെയ്യപ്പെട്ട ദളിതന്‍മാരുടെ ദൈന്യതയ്ക്ക് മുന്നില്‍ ഭീകര താണ്ഡവമാടിയ ബ്രാഹ്മണിക് രാഷ്ട്രീയത്തിന്റ ജാതീയതക്കെതിരെയുള്ള ശബ്ദം കേവലം പ്രഹസനവും സാഹചര്യനാട്യവുമല്ലാതെ പിന്നെയെന്താണ്?

കച്ചവടരംഗം ഒരുവിഭാഗം മാത്രം (മുസ്‌ലിംകള്‍) അധീനപ്പെടുത്തുകയെന്ന ലക്ഷ്യം ഹലാല്‍ ഭക്ഷണങ്ങളില്‍ ദര്‍ശിക്കുന്ന സംഘപരിവാര രാഷ്ട്രീയം രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കാന്‍ നിയമനിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നു എന്നിരിക്കെ ഈ കാവി വിലാപത്തിന്റെ മാനമെന്താണ്? കര്‍ഷക കോടികളുടെ കണ്ണുനീരിന് വിലകല്‍പിക്കാത്ത താമരഭരണം സാമ്പത്തിക ഭീമന്‍മാരെ പ്രീതിപ്പെടുത്തുമ്പോള്‍ സാമ്പത്തിക അധീശ്വത്വവാദത്തിലെ പൊരുളറിയാത്തവരായി ഇന്ത്യന്‍ പൗരന്‍മാരെ ഗണിക്കാനാകുമെന്നോ?

ഇസ്‌ലാമോഫോബിയ വികൃതമാക്കിയ മനസ്സുകള്‍ക്ക് താളംപിഴയ്ക്കുമ്പോള്‍ പദങ്ങളുടെ കൂട്ടങ്ങള്‍ ക്രമംതെറ്റി വരുന്നതിന്റെ ഫലമായുള്ള ജല്‍പനങ്ങളില്‍ 'സാമ്പത്തിക ജിഹാദ്' പുതിയതായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഹലാല്‍ ഉല്‍പന്നങ്ങളെ ഉയര്‍ത്തിക്കാട്ടി ജിഹാദിന് പുതിയമുഖം നല്‍കാന്‍ ഫാസിസ്റ്റ് ധാരകള്‍ ശ്രമിക്കുന്നുണ്ട്.

വേള്‍ഡ് ഹലാല്‍ഫോറം, മലേഷ്യയിലെ ജെബതന്‍ കെമാജുവാന്‍ ഇസ്‌ലാം പോലെയുള്ള സംഘടനകള്‍ മനഃപൂര്‍വമായി സൃഷ്ടിക്കുന്ന വലിയ കമ്പോളസമ്മര്‍ദംമൂലമാണത്രെ മുസ്‌ലിമേതര ഹോട്ടലുകള്‍ പോലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വയ്ക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി) പോലെയുള്ള സംഘടനകള്‍ ആഗോള പ്രബോധകസംഘത്തെ പോലും സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് പറഞ്ഞുവച്ചതിലൂടെ അപകടകരമായ വിദ്വേഷ പ്രചാരണത്തിന് ബൗദ്ധികമാനം നല്‍കാന്‍ കാവിരാഷ്ട്രീയം ശ്രമിക്കുന്നതും കാണാനാകും.

സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറുമടക്കം 57 രാജ്യങ്ങള്‍ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയ്ക്കതിരെ നുണപ്രചാരണം നടത്തുന്നതിലെ യുക്തിയും ഹലാലിലൂടെ വിഭാഗീയതയുടെ വിത്തിടുകയെന്നതാണ്. ഇന്ത്യയുമായി നയതന്ത്ര ബന്ധമുള്ള ഒഐസിയെ ഹലാലിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിറുത്തുമ്പോള്‍ ഫാസിസ്റ്റുകള്‍ മാതൃരാജ്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ വലിയ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ മുതല്‍ ഇന്ത്യന്‍ കമ്പനിയായ ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട് വരെ അവരുടെ ഉല്‍പന്നങ്ങളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിക്കുന്നുണ്ട്. എന്നാല്‍ ലോകത്തെവിടെയും ഇതിന്റെ പേരില്‍ വിഭാഗീയതയോ സാമ്പത്തിക അധീശത്തമോ നടന്നതായി തെളിയിക്കാനാവില്ല.

വ്യത്യസ്ത മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയിലെവിടെയും ഇന്നുവരെ ഇതിന്റെ പേരില്‍ ചേരിതിരിവുണ്ടായതായി കണ്ടെത്താനാവില്ല; ഫാസിസം വംശീയ ധ്രുവീകരണത്തിനായി പുതിയ കെണിയൊരുക്കാന്‍ ഹലാല്‍ ഉല്‍പന്നങ്ങളില്‍ കയറിപ്പിടിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മാത്രം.

ഭക്ഷണത്തിലും വേര്‍തിരിവിന്റ രാഷ്ട്രീയം

മനുഷ്യത്വത്തിന്റ ശവപ്പറമ്പായ ഫാസിസം ഭയമനഃശാസ്ത്രം പ്രചരിപ്പിക്കുന്നത് തങ്ങള്‍ ശത്രുവായിക്കാണുന്നവരെ കുറിച്ചുള്ള നുണക്കഥകളിലൂടെയാണ്. ആര്യമേധാവിത്വത്തിനും വംശശുദ്ധി ലക്ഷ്യത്തിനും നുണക്കഥകള്‍ സൃഷ്ടിച്ചുവിടുകയാണവര്‍. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍കാഫും ഗോള്‍വാള്‍ക്കറുടെ വിചാരധാരയും തമ്മില്‍ വലിയ സമാനതകളുണ്ടെന്നറിയുമ്പോഴാണ് സമീപകാലങ്ങളിലെ പുതിയ വിവാദങ്ങളുടെയും നിജസ്ഥിതിയെ തിരിച്ചറിയാനാകുന്നത്.

രാമക്ഷേത്ര വിഷയത്തിലെ തീവ്രവികാരത്തിന് ശമനമുണ്ടായപ്പോഴെല്ലാം മറ്റു വിവാദങ്ങളും മുളച്ചു പൊങ്ങിയിരുന്നു. പശുരാഷ്ട്രീയം അങ്ങനെ ഉദിച്ചുവന്നിരുന്ന ഒരു മിത്തായിരുന്നു. പരമ്പരാഗത ആചാരപ്രകാരം മാട്ടിറച്ചി കഴിക്കാത്തവന്‍ നല്ല ഹിന്ദുവായി കണക്കാക്കപ്പെട്ടിരുന്നില്ലെന്ന സ്വാമി വിവേകാനന്ദന്റ വാക്കുകളില്‍നിന്ന് ഗോവധ നിരോധന നിയമനിര്‍മാണങ്ങള്‍ക്കായി കാവിരാഷ്ട്രീയത്തെ പ്രേരിപ്പിച്ചിരുന്ന ഘടകവും മറ്റൊന്നായിരുന്നില്ല.

ഭക്ഷണ രീതികള്‍ക്ക് സാമുദായിക സ്വാഭാവമുണ്ടെന്ന വ്യാജേന വേര്‍തിരിവിന്റെ രാഷ്ട്രീയത്തിന് മാനം കണ്ടെത്തുകയാണ് ഫാസിസം. ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കുവാന്‍ പൗരനുള്ള അവകാശം ഹനിക്കുമാറ് നിയമനിര്‍മാണം നടത്താനവര്‍ ധൃതിപ്പെടുകയാണ്. ഒരുവിഭാഗം അവര്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരെ ബാധിക്കാത്തിടത്തോളം അതിന്റെ ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന സാമാന്യബോധം അവര്‍ക്ക് ഇല്ലാതെപോയി. പശു രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ഹലാലില്‍ കയറിപ്പിടിച്ചിരിക്കുകയാണ് ഫാസിസം.

ഭക്ഷണത്തിലെ ഇന്ത്യന്‍ പൈതൃകം

വൈവിധ്യമാര്‍ന്ന ദര്‍ശനങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഭാഷയിലും വേഷവിതാനങ്ങളിലും ആഹാരരീതികളിലുമെല്ലാം ഭിന്നമായ ശൈലികളുണ്ടെന്നത് പരമസത്യമാണ്. എന്നാല്‍ അവയില്‍ ഏത് സ്വീകരിക്കാനുമുള്ള അപരന്റെ സ്വാതന്ത്ര്യത്തെ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്സുള്ളവരായിരുന്നു ഇന്ത്യക്കാര്‍. ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും തെരഞ്ഞെടുക്കാനുള്ള പൗരന്റ അവകാശങ്ങളെ അവര്‍ പരസ്പരം മാനിച്ചിരുന്നു.

ജീവിതത്തിന്റ ശരിയായ അര്‍ഥത്തെക്കുറിച്ച് തന്റെതായ നിഗമനത്തിലെത്തിച്ചേരുവാന്‍ ഒരു വിശ്വാസിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന, ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ഒരു മതവിശ്വാസമാണ് ഹൈന്ദവതയെന്ന് വിശ്വാസിയായ മഹാത്മാ ഗാന്ധിയുടെ ജീവിതദര്‍ശനം നമ്മെ ബാധ്യപ്പെടുത്തുന്നുണ്ട്. മഹാത്മാഗാന്ധിയുടെ മുസ്‌ലിം സുഹൃത്തിന്റ മകന്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ഗാന്ധി ആശ്രമം സന്ദര്‍ശിച്ച സംഭവം മനുഷ്യാവകാശ പ്രവര്‍ത്തകനായ അസ്ഗറലി എഞ്ചിനിയര്‍ വിശദീകരിക്കുന്നുണ്ട്.

ബലിപെരുന്നാള്‍ മുസ്‌ലിം ആഘോഷ ദിനമായിരുന്നതിനാല്‍ സുഹൃത്തിന്റെ മകന് വിളമ്പാന്‍ മാംസഭക്ഷണം പുറത്തുനിന്ന് വാങ്ങി കൊണ്ടുവരാന്‍ ഗാന്ധിജി നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ആശ്രമത്തിലെ ചിട്ട അറിയാവുന്ന മുസ്‌ലിം യുവാവ് തനിക്ക് സസ്യാഹാരം മതിയെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. അപരന്റെ വികാരത്തെ ബഹുമാനിക്കാനുള്ള കഴിവും സന്നദ്ധതയുമാണ് ഇരുവരിലും പ്രകടമായത്. ഇന്ത്യയുടെ ഭക്ഷണ രീതിയിലും വൈവിധ്യങ്ങള്‍ പരസ്പരം ഉള്‍ക്കൊള്ളാന്‍ സര്‍വരും തയ്യാറാകണമെന്ന രാഷ്ട്രപിതാവിന്റ ജീവിതസന്ദേശത്തിന് വിലങ്ങുനില്‍ക്കുന്നവര്‍ എന്തായാലും ഇന്ത്യന്‍ പൈതൃകത്തെ മാനിക്കുന്നവരല്ലെന്ന് ബോധ്യപ്പെടുകയാണ്. ഹലാല്‍ വിവാദത്തിലൂടെ അത്തരം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിലൂടെ ഫാസിസ്റ്റുകള്‍ പശുരാഷ്ട്രീയത്തിന്റെ പിന്‍തുടര്‍ച്ച തേടുകയാണെന്ന് വ്യക്തം.

'നോ ഹലാല്‍' ബോര്‍ഡിലെ മലയാളി പ്രബുദ്ധത

കേരളത്തിലെ മലയാളി പ്രബുദ്ധത ചിലരെ വല്ലാതെ അസ്വസ്ഥരാക്കുന്നുവെന്നതിന് തെളിവാണ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ സ്ഥാപിച്ച 'നോ ഹലാല്‍' ബോര്‍ഡ്. ഹോട്ടലുടമയുടെ ന്യായീകരണത്തിലും അതിനെ പിന്തുണച്ച് മുന്നോട്ടുവന്ന സംഘപരിവാര അഭിഭാഷകന്റെ വാക്കുകളിലും അത് നിഴലിച്ചു കാണാം.

ഹലാല്‍ ബോര്‍ഡിനോടില്ലാത്ത അസഹിഷ്ണുത എന്തിനാണ് നോ ഹലാല്‍ ബോര്‍ഡിനോട് എന്നതാണ് അവരുടെ സങ്കടം! ബുദ്ധിമാനും വിദ്യാസമ്പന്നനുമായ സംഘപരിവാര പ്രവര്‍ത്തകനെ വരനായി ലഭിക്കണമെന്ന പരസ്യം ട്രോളായി സമൂഹ മാധ്യമങ്ങളില്‍ വൈറലായത് ഓര്‍ക്കുകയാണ്. വിദ്യാഭ്യാസവും ബുദ്ധിയുമുണ്ടെങ്കില്‍ കേരളത്തില്‍ ഒരാള്‍ സംഘിയാവില്ലെന്നും മറ്റും പറഞ്ഞ് കമന്റ് ബോക്‌സില്‍ ട്രോള്‍ മഴയായിരുന്നു. നോ ഹലാല്‍ ബോര്‍ഡിനെതിരായും അനുകൂലിച്ചും ട്രോളുകളും പ്രതികരണങ്ങളും ഒഴുകുകയാണ്. അനാവശ്യമായ പ്രതികരണം ആരുതന്നെ നടത്തുന്നതും ശരിയല്ല.

മാംസഭക്ഷണത്തില്‍ മുസ്‌ലിംകള്‍ക്ക് ഹലാലല്ലാത്ത ഇനങ്ങള്‍ ധാരാളമാണ്. ശവം, പന്നിമാംസം, നായ, കടുവ പോലെയുള്ള തേറ്റയുള്ള വന്യമൃഗങ്ങള്‍, നഖങ്ങള്‍കൊണ്ട് ഇരപിടിക്കുന്ന പക്ഷികള്‍, വിഷ ജന്തുക്കള്‍, അല്ലാഹുവിന്റെ പേരിലല്ലാതെ അറുക്കപ്പെട്ടത്... അങ്ങനെ പോകുന്നു അതിന്റെ പട്ടിക.

നോ ഹലാല്‍ ബോര്‍ഡ് കാണുന്ന ഒരു മുസ്‌ലിമിന്റെ മനസ്സില്‍ വരുന്ന ചില ചിന്തകളുണ്ട്. തിന്നാന്‍ അറപ്പുതോന്നുന്ന ശവം, പന്നി, പൂച്ച, പട്ടി പോലെയുള്ള ജീവികളുടെ മാംസം അടക്കമുള്ളവ ഈ ഹോട്ടലില്‍ ലഭ്യമാണെന്ന തിരിച്ചറിവില്‍ മുസ്‌ലിം ഒഴിഞ്ഞുപോകുമെന്നതല്ലാതെ ഒരു പ്രകോപനവും ഉണ്ടാവില്ലെന്നതാണ് സത്യം. നോ ഹലാല്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. എന്നാല്‍ ഹലാല്‍ എന്നതിന്റെ വിവക്ഷയും ലക്ഷ്യവും മനസ്സിലാക്കാതെ അതില്‍ ഇത്രയും കാലം കാണാത്ത വര്‍ഗീയ കണ്ടെത്തുന്നത് ആശാസ്യകരമല്ല.

ഒരു ജനാധിപത്യ രാജ്യത്തെ മനുഷ്യര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനായി ഉടലെടുക്കുന്ന ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ നിറഞ്ഞാടുന്ന വര്‍ത്തമാനകാലത്ത് കേരളത്തിലെ മലയാളി മതേതര പ്രബുദ്ധത പ്രതിരോധം തീര്‍ക്കുന്നതിനെതിരെ ഹിന്ദുത്വവാദികള്‍ എങ്ങനെ അസ്വസ്ഥരാകാതിരിക്കും! അവര്‍ കൊതിക്കുന്നത് ന്യൂനപക്ഷങ്ങളുടെ രക്തം പരന്നൊഴുകുന്ന തെരുവുകളെയാണ്. ഹരിയാനയിലെ ഗൊഹാനയില്‍ ചത്ത മൃഗങ്ങളുടെ തൊലിയുരിയുകയായിരുന്ന ദളിത് യുവാക്കളെ ചുട്ടുകൊന്നത് ജാതീയത ഉറഞ്ഞ് തുള്ളുന്ന കോമരങ്ങളുടെ രാഷ്ട്രീയമാണ്. ഇങ്ങനെയുള്ള രാഷ്ട്രീയ രാക്ഷസന്‍മാര്‍ക്ക് എങ്ങനെയാണ് മലയാളികളുടെ പ്രബുദ്ധത സ്വീകാര്യമാവുക?

ഹലാലിന്റ പൊരുള്‍

ഇസ്‌ലാം സമഗ്രമായ ഒരു ജീവിതദര്‍ശനമാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ് ലാമിക നിയമങ്ങള്‍ പാലിക്കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്.

മുശ്‌രിക്കുകളില്‍പെട്ട ഒരാള്‍ സല്‍മാനുല്‍ ഫാരിസിേേയാട് പറഞ്ഞു: ''നിങ്ങള്‍ക്ക് നിങ്ങളുടെ നബി ﷺ മലമൂത്ര വിസര്‍ജന മര്യാദകള്‍ വരെ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ! സല്‍മാനുല്‍ ഫാരിസി(റ) പറഞ്ഞു: ''അതെ,മലമൂത്ര വിസര്‍ജനം നടത്തുമ്പോള്‍ ക്വിബ്‌ലക്ക് മുന്നിടുന്നതില്‍നിന്നും വലതുകൈകൊണ്ടു വൃത്തിയാക്കുന്നതില്‍നിന്നും വൃത്തിയാക്കാന്‍ എല്ലുകള്‍ ഉപയോഗിക്കുന്നതില്‍നിന്നും മൂന്നെണ്ണത്തില്‍ കുറവായ കല്ലുകള്‍കൊണ്ട് വൃത്തിയാക്കുന്നതില്‍നിന്നും അവിടുന്ന് ഞങ്ങളെ വിലക്കിയിട്ടുണ്ട്'' (മുസ്‌ലിം).

വിശ്വാസിയുടെ ജീവിതത്തിലെ സര്‍വതലസ്പര്‍ശിയാണ് ഇസ്‌ലാം എന്ന് സാരം.

വിധിവിലക്കുകളെ വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് ഹലാലും (അനുവദനീയം) ഹറാമും (നിഷിദ്ധം). അല്ലാഹുവും പ്രവാചകനും അനുവദിച്ചതെന്തോ അത് ഹലാലും നിഷിദ്ധമാക്കിയത് ഹറാമുമാണ്. അല്ലാഹു പറയുന്നു:

''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു...'' (ക്വുര്‍ആന്‍ 5:3).

''പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതില്‍ (ചിലത്) നിങ്ങള്‍ നിഷിദ്ധവും (വേറെ ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു! പറയുക: അല്ലാഹുവാണോ നിങ്ങള്‍ക്ക് (അതിന്) അനുവാദം തന്നത്? അതല്ല, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമയ്ക്കുകയാണോ?'' (ക്വുര്‍ആന്‍ 10:59).

ഒരു മുസ്‌ലിമിന് എന്തെങ്കിലും താല്‍പര്യമനുസരിച്ച് അനുവദനീയവും നിഷിദ്ധവും സ്വയം തീരുമാനിക്കാനുള്ള അവകാശമില്ല എന്ന് വ്യക്തം.

''നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ(അതിന്റെ ഫലം). അല്ലാഹുവിന്റെ പേരില്‍ കള്ളംകെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 16:116).

ഹലാലായത് മാത്രമെ ഉപയോഗിക്കാവൂ എന്ന ഇസ്‌ലാമിന്റ കല്‍പന മാനവിക മൂല്യങ്ങളുടെ ഉദാത്തമായ സംസ്‌കൃതിയെ ബോധ്യപ്പെടുത്തുന്നവയാണ്. അന്യന്റെ ഉടമസ്ഥതയിലുള്ളതൊന്നും അവന്റ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍, അവ ഹറാം എന്ന സാങ്കേതിക പദത്തിലൂടെ വ്യക്തമാക്കുന്നു. ഉടമസ്ഥന്‍ മനസ്സറിഞ്ഞ് അനുവാദം തന്നാലേ ഒരു വിശ്വാസിക്കത് ഹലാല്‍ (അനുവദനീയം) ആകുകയുള്ളൂ. മഹത്തായ ഇത്തരം നിയമസംഹിതകള്‍ അനുവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കൊരിക്കലും അനര്‍ഹമായ രീതിയില്‍ സമ്പത്തുണ്ടാക്കാന്‍ കഴിയില്ല. സാമൂഹിക വിവേചനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനുമാകില്ല. കച്ചവട രംഗങ്ങളില്‍നിന്ന് തങ്ങളല്ലാത്തവരെ പുറംതള്ളാന്‍ കുതന്ത്രം മെനയാനാവില്ല. അന്യന്റെ കണ്ണുനീര് കണ്ടില്ലെന്ന് നടിക്കാനാവില്ല. ജാതിവിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ പണിത് മുതലെടുക്കാന്‍ വിശ്വാസി സമൂഹത്തിനാവില്ല. രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാകുംവിധം വഞ്ചനാപരമായ നിലപാടെടുക്കാനാകില്ല. കാരണം, അതീവ രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ പോലും തങ്ങളുടെ ചെയ്തികളെ സദാ നിരീക്ഷിക്കുന്ന പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റ മുന്നില്‍ വിചാരണക്ക് വിധേയമാക്കപ്പെടുമെന്ന ബോധമാണ് വിശ്വാസിയെ നയിക്കുന്നത്. അനര്‍ഹമായത് സമ്പാദിക്കുകയോ അപരനെ (ഏത് മതക്കാരനായാലും) വേദനിപ്പിക്കുകയോ ചെയ്യുന്ന സമീപനം ഇസ്‌ലാംമത വിശ്വാസികളില്‍നിന്നുണ്ടാവില്ല തന്നെ.

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു''(ക്വുര്‍ആന്‍ 67:2).