മുഹമ്മദ് നബി ﷺ : മാനവതയുടെ വഴികാട്ടി

ഉസ്മാന്‍ പാലക്കാഴി

2021 ഒക്ടോബര്‍ 16 1442 റബിഉല്‍ അവ്വല്‍ 09
ലോകത്തിന് കാരുണ്യമായിക്കൊണ്ട് കടന്നുവന്ന അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി ﷺ. മനുഷ്യരില്‍ ഏറ്റവുമധികം ആളുകള്‍ അനുധാവനം ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ അദ്ദേഹത്തെ മാതൃകയാക്കി നിരവധി പേര്‍ വിശ്വാസം ക്രമപ്പെടുത്തുന്നു. അപ്പോഴും നബിസ്‌നേഹത്തിന്റെ പേരില്‍ അനുയായികളില്‍ വലിയൊരു വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നതെന്താണ്?!

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരു വ്യക്തിയെ അനുസരിക്കുകയും ആ വ്യക്തിയുടെ ജീവിതപാത പിന്‍പറ്റുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് മുഹമ്മദ് നബി ﷺ യാണെന്നതില്‍ സംശയമില്ല. ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ ജീവിച്ച നബി ﷺ യുടെ ജീവിതം കാലം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പ്രശോഭിതമായിക്കൊണ്ടിരിക്കുകയാണ്. തുല്യതയില്ലാത്ത ആ തെളിമയാര്‍ന്ന ജീവിതത്തില്‍ ആകൃഷ്ടരായി അദ്ദേഹത്തിന്റെ പാത പിന്‍പറ്റാന്‍ ആളുകള്‍ മുന്നോട്ടുവന്നുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം വിമര്‍ശകര്‍ അദ്ദേഹത്തെ അനാവശ്യമായി വിമര്‍ശിക്കുവാനും ദുരാരോപണങ്ങള്‍ ഉന്നയിക്കുവാനും അദ്ദേഹത്തെ ഇകഴ്ത്തിക്കാണിക്കുവാനും മത്സരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ചരിത്രത്തില്‍ പ്രവാചകനെ വിമര്‍ശിച്ചവരും പ്രവാചക ജീവിതം പഠിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ പ്രഭാവം തിരിച്ചറിഞ്ഞവരും അത് ലോകത്തോട് വിളിച്ചു പറഞ്ഞവരും എമ്പാടുമുണ്ടായിട്ടുണ്ട്. ഏതാനും പ്രഗത്ഭര്‍ മുഹമ്മദ് നബി ﷺ യെക്കുറിച്ച് നടത്തിയ വിലയിരുത്തല്‍ വിക്കീപീഡിയ വിശദീകരിക്കുന്നത് കാണുക:

''ചരിത്രം അദ്ദേഹത്തിന്റെ ജീവിതകാലം മുതല്‍ തന്നെ എഴുതപ്പെട്ടു തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള വിശദാംശങ്ങള്‍ ഹദീഥുകളില്‍ രേഖപ്പെടുത്തപ്പെട്ടുവന്നു. അത് പക്ഷേ, ചരിത്രരചന എന്ന രീതിയിലായിരുന്നില്ലെന്ന് മാത്രം. നബിചര്യയുടെ രേഖപ്പെടുത്തല്‍ എന്ന നിലയിലായിരുന്നു അത്.

എന്നാല്‍ പില്‍ക്കാലത്ത് വന്ന പണ്ഡിതന്മാര്‍ മുഹമ്മദ് നബിയുടെ ചരിത്രം ഹദീഥുകളില്‍നിന്ന് ക്രോഡീകരിച്ച് രേഖപ്പെടുത്തുകയുണ്ടായി. ഇവയില്‍ നബിയുടെ ജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള വിശദാംശങ്ങളും രേഖപ്പെടുത്തപ്പെടുകയുണ്ടായി. ആദ്യകാലത്ത് ഇസ്‌ലാം വിശ്വാസികളുടെ വീക്ഷണകോണില്‍ നിന്നുള്ള രചനകള്‍ മാത്രമെ കണ്ടുവന്നിരുന്നുള്ളൂ. ആധുനിക ചരിത്ര രചനയുടെ ആരംഭം മുതല്‍ ഇസ്‌ലാമിനെയും പൗരസ്ത്യ ലോകത്തെയും പറ്റി പഠിക്കാന്‍ വേണ്ടി ഓറിയന്റലിസം എന്ന ശാഖ തന്നെ ഉല്‍ഭവിക്കുകയുണ്ടായി. കുരിശുയുദ്ധങ്ങളുടെ സ്വാധീനം കാരണം ആദ്യകാലങ്ങളിലെ ചരിത്രങ്ങളില്‍ മുഹമ്മദ് നബിയുടെ ജീവിതത്തെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണത ശക്തമായിരുന്നു. ഇങ്ങനെ തെറ്റായി ചിത്രീകരിക്കുന്നതിന്റെ കാരണങ്ങളെ ചില പശ്ചാത്യ പണ്ഡിതര്‍ വിശകലനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ മുസ്‌ലിം ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്റിംഗിന്റെ ഡയറക്ടറായ ജോണ്‍ എല്‍.എസ്‌പോസിറ്റോ രചിച്ച 'ഇസ്‌ലാം നേര്‍വഴി' (Islam The straight path) എന്ന കൃതി ഈ പ്രവണതകളെക്കുറിച്ച് സവിശദം പ്രതിപാദിക്കുന്നുണ്ട്. ക്രിസ്ത്യന്‍ ലോകവുമായും ജൂത സമൂഹവുമായും ഇസ്‌ലാമിനുള്ള ചരിത്രപരമായ മത-രാഷ്ട്രീയ ബന്ധം എക്കാലത്തും ശക്തമായിരുന്നുവെന്നും അത് തെറ്റിദ്ധാരണകള്‍ക്കും സംഘട്ടനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ടെന്നുമാണ് എസ്‌പോസിറ്റോ നിരീക്ഷിക്കുന്നത്. ഈ ധാരണകളുടെ പശ്ചാത്തലത്തിലാണ് നബി പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ഇതില്‍ നിന്ന് മുക്തമായ പഠനങ്ങളും പശ്ചാത്യ ചരിത്രകാരന്മാരുടെ രചനകളില്‍ ഉണ്ട്.

തോമസ് കാര്‍ലൈല്‍

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്മാരെപ്പറ്റി ഇംഗഌഷ് ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ നടത്തിയ പഠനത്തില്‍ മുഹമ്മദ് നബിക്ക് നല്‍കിയ ഉന്നതസ്ഥാനമാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളില്‍ ദിശാമാറ്റം സൃഷ്ടിച്ചത്. 1841ല്‍ പ്രസിദ്ധപ്പെടുത്തിയ 'ഓണ്‍ ഹീറോസ്, ഹീറോ വര്‍ഷിപ്പ് ആന്‍ഡ് ദി ഹീറോയിക്ക് ഇന്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പറ്റി അദ്ദേഹം പരാമര്‍ശിക്കുന്നത്. ചരിത്രത്തിലെ ധീരനായകരെ കണ്ടെത്തുകയാണദ്ദേഹം. പ്രവാചകരുടെ കൂട്ടത്തില്‍ മുഹമ്മദിന്നാണ് അദ്ദേഹം ഒന്നാം സ്ഥാനം നല്‍കുന്നത്. 'സൂത്രശാലിയായ കപടന്‍,' 'അസത്യത്തിന്റെ മൂര്‍ത്തി' തുടങ്ങി നബിയുടെമേല്‍ ചാര്‍ത്തപ്പെട്ട ഇരുണ്ട പ്രതിഛായയെ കാര്‍ലൈല്‍ തകര്‍ക്കുകയും നാട്യങ്ങള്‍ തീരെയില്ലാത്ത ആള്‍ എന്ന നിലയിലുള്ള അസ്തിത്വം അദ്ദേഹത്തിന്നു നല്‍കുകയും ചെയ്യുന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവാത്ത അത്ഭുതമായാണ് കാര്‍ലൈല്‍ നബിയെ വിശേഷിപ്പിക്കുന്നത്. എല്ലാ അര്‍ഥത്തിലും മരുഭൂമിയുടെ പുത്രന്‍ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാര്‍ലൈലിന്റെ വീക്ഷണത്തിലെ നബി. പ്രവാചകനെ നിഷ്പക്ഷമായി വിലിയിരുത്താനുള്ള ശ്രമങ്ങള്‍ പിന്നീട് നടന്നു.

പ്രവാചക ജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിലൂടെ ഇസ്‌ലാമിന്റെ ദൗത്യത്തെത്തന്നെ പഠന വിധേയമാക്കുന്ന ഓറിയന്റലിസ്റ്റ് രചനകള്‍ ധാരാളം കാണാം. നബിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവുമെന്ന് ഈ പഠനങ്ങള്‍ എടുത്തുകാട്ടുന്നു. സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം അറേബ്യയിലെ പ്രാകൃത മൂല്യങ്ങളെ നിരാകരിച്ചു. ഈ യത്‌നത്തില്‍ അദ്ദേഹം ആദ്യം ചെയ്തത് ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നിലനിന്നിരുന്ന ദൈവ സങ്കല്‍പം പൊളിച്ചെഴുതുകയാണ്. ബഹുദൈവ വിശ്വാസികളായിരുന്നു അറബികള്‍. നബി അവരെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും രക്ഷിതാവുമായ ഏകദൈവത്തെക്കുറിച്ചു പഠിപ്പിച്ചു. ഏകനും അതുല്യനുമായ ഈ ദൈവം മാത്രമാണ് ആരാധനക്ക് അര്‍ഹനെന്നും മനുഷ്യര്‍ ദൈവത്തിന്റെ വിനീത ദാസന്മാരാണെന്നുമുള്ള ആശയത്തിലൂടെ, ചില നിയന്ത്രണങ്ങള്‍ക്കും പെരുമാറ്റ സംഹിതകള്‍ക്കും വിധേയരാണ് മനുഷ്യര്‍ എന്നു സ്ഥാപിക്കുകയാണ് നബി ചെയ്തത്. അതോടെ ദൈവസങ്കല്‍പം ജീവിത രീതിയെ നിയന്ത്രിക്കുന്ന ഘടകംകൂടി ആയിത്തീര്‍ന്നു. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന പ്രാകൃതവും അശാസ്ത്രീയവുമായ സങ്കല്‍പങ്ങള്‍ തിരുത്തുകയാണ് മുഹമ്മദ് ﷺ ചെയ്തത്. ഈ തിരുത്തലിലൂടെ മനുഷ്യരുടെ ജിവിതത്തിനും തിരുത്തലുകളുണ്ടായി. വില്യം മൂര്‍ 'ലൈഫ് ഓഫ് മുഹമ്മദി'ല്‍ നബിയെ വിലയിരുത്തുന്നത് ഈ അര്‍ഥത്തിലാണ്. ദൈവത്തിന്റെയും മനുഷ്യരുടേയുമിടയിലെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് നബിക്ക് മൂര്‍ കല്‍പിച്ചു നല്‍കിയ പ്രസക്തി. Western Awakening of Islam എന്ന കൃതിയില്‍ ലോര്‍ഡ് ഹെഡ്‌ലി നബിക്ക് നല്‍കുന്ന സ്ഥാനവും ഇതേ അര്‍ഥത്തില്‍ തന്നെ. സരളമായ രീതികളിലൂടെ വിശ്വാസിക്ക് ദൈവമാര്‍ഗത്തിലുള്ള തടസ്സങ്ങള്‍ നീക്കിക്കൊടുത്തതാണ് മുഹമ്മദിന്റെ പാഠങ്ങളിലെ ഉദാത്തമായ സന്ദേശമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ബര്‍ണാര്‍ഡ് ഷാ

പ്രശസ്ത നാടകകൃത്തായ ജോര്‍ജ് ബര്‍ണാര്‍ഡ്ഷാ മുഹമ്മദ് നബിയെ വിലയിരുത്തുന്നതും അദ്ദേഹം പ്രചരിപ്പിച്ച മതത്തിന്റെ ചൈതന്യത്തിന്റെ പശ്ചാത്തലത്തിലാണ് (The Genuine Islam). നബി ബര്‍ണാര്‍ഡ്ഷാക്ക് ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യവംശത്തിന്റെ മോചകനായി പരിഗണിക്കണമെന്നാണ് ഷായുടെ അഭിപ്രായം. ഷാ ഇത്രകൂടിപ്പറഞ്ഞു: 'അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ ആധുനിക ലോകത്തിന്റെ സമസ്താധികാരങ്ങളും ഏറ്റെടുത്താല്‍ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന തരത്തില്‍ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും വിജയപൂര്‍വം കൈകാര്യം ചെയ്യപ്പെട്ടേനെ.' നബിയെ അദ്ദേഹത്തിന്റെ മതസത്തയില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയല്ല ബര്‍ണാര്‍ഡ്ഷാ ദര്‍ശിച്ചത്; മതത്തില്‍നിന്ന് വേറിട്ട് നബിക്ക് മറ്റൊരസ്തിത്വം അദ്ദേഹം കല്‍പിക്കുന്നില്ല.

മൈക്കള്‍ എച്ച് ഹാര്‍ട്ട്

മനുഷ്യചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കള്‍ എച്ച് ഹാര്‍ട്ടിന്റെ 'നൂറു പേര്‍: ചരിത്രത്തെ ഏറ്റവും സ്വാധീനിച്ചവരുടെ ക്രമം' (The Hundred A ranking of the most influential persons in History) എന്ന കൃതി. മുഹമ്മദ് നബിക്കാണ് ഇദ്ദേഹം ഒന്നാം സ്ഥാനം നല്‍കുന്നത്. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കള്‍ ഹാര്‍ട്ട് പറയുന്നത് മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും അദ്ദേഹം നേതാവാണെന്നാണ്. മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനെയും മുഹമ്മദ് എന്ന മതതത്ത്വജ്ഞനെയും അദ്ദേഹം ഒരേ ബിന്ദുവില്‍ കൂട്ടിയിണക്കുന്നു. ഇസ്‌ലാമിക സദാചാര പാഠങ്ങള്‍ക്കെന്നപോലെ ദൈവശാസ്ത്രത്തിനും രൂപം നല്‍കിയത് മുഹമ്മദ് നബിയാണ്. അനുഷ്ഠാനങ്ങള്‍ പോലും നബി ക്രമപ്പെടുത്തി. നബിയുടെ ജീവിതം തന്നെയാണ് ഇസ്‌ലാമിന്റെ പാഠം എന്നാണ് ഹാര്‍ട്ടിന്റെ ഭാഷ്യം.

കാരന്‍ ആംസ്‌ട്രോങ്ങ്

കാരന്‍ ആംസ്‌ട്രോങ്ങിന്റെ Muhammed a western attempt to understand Islam എന്ന കൃതിയില്‍ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്റെ ശത്രുതാപരമായ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തുന്നത്. റോമന്‍ കത്തോലിക്കാ സഭാംഗമായ കന്യാസ്ത്രീ ആയിരുന്നു കാരന്‍. ഇസ്‌ലാമിന്നെതിരായ മുന്‍വിധികള്‍ക്ക് നബിയെക്കുറിച്ചുള്ള അവാസ്തവ പ്രചാരണങ്ങള്‍ വഴിവെച്ചുവെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു.

ഗിബ്ബണ്‍

എച്ച്.എ.ആര്‍ ഗിബ്ബന്റെ 'ഇസ്‌ലാം എ ഹിസ്‌റ്റോറിക്കല്‍ സര്‍വേ' എന്ന കൃതിയിലെ നബിയെക്കുറിച്ചുള്ള അധ്യായം പണ്ഡിതോചിതമായ പഠനമാണ്. മുഹമ്മദ് നബിയെന്ന മനുഷ്യനാണ് ഈ പഠനത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ഈ മനുഷ്യന് രണ്ടു മുഖങ്ങളുണ്ട്. ഒരു അറബ് ഗോത്രവംശജന്റെ മുഖവും രാഷ്ട്ര നേതാവിന്റെ മുഖവും. അറബ് സമൂഹത്തിന്റെ മനഃശാസ്ത്രവും സാഹചര്യങ്ങളും നബിയെ ഏതൊക്കെ തരത്തില്‍ പരുവപ്പെടുത്തി എന്നതിനെക്കുറിച്ച് ഗിബ്ബണ്‍ പരിശോധിക്കുന്നു. നബിയെ സാമൂഹ്യശാസ്ത്ര പഠനത്തിന് വിധേയമാക്കുകയാണ് ഗ്രന്ഥകാരനെന്ന് പറയാം. അദ്ദേഹം സമര്‍ഥിക്കുന്നത് നബിയുടെ അടിസ്ഥാന ലക്ഷ്യം മതപരമായിരുന്നു എന്നാണ്. ഖുറൈശികള്‍ക്കെതിരായി നബി നടത്തിയ യുദ്ധങ്ങള്‍ക്കു കാരണം ഗോത്ര വര്‍ഗങ്ങള്‍ക്ക് സഹജമായ യുദ്ധവാസനയല്ല, മതപരമായ ദൗത്യപൂര്‍ത്തീകരണമായിരുന്നുവെന്ന് പറയാന്‍ ഗിബ്ബണിന്ന് മടിയില്ല. എന്നാല്‍ രാഷ്ട്രീയവും നയതന്ത്രവും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നബി ഉപയോഗപ്പെടുത്തുകയും ചെയ്തു. പക്ഷപാതങ്ങളില്ലാത്ത പണ്ഡിതോചിത സമീപനമാണ് ഗിബ്ബണിന്റെത്. സ്വൂഫിസത്തില്‍ ആകൃഷ്ടനായ ഫ്രിത്‌ജോഫ് ഷുവോന്‍, ഇസ്‌ലാമിന്റെ സൗന്ദര്യസങ്കല്‍പങ്ങളില്‍ താല്‍പര്യം കാണിച്ച മാര്‍ട്ടിന്‍ ലിംഗ്‌സ് തുടങ്ങിയവര്‍ വ്യത്യസ്ത രീതിയില്‍ പ്രവാചകനെ കാണുന്നു. 'സ്ട്രഗ്ള്‍ റ്റു സറണ്ടര്‍' എന്ന കൃതിയില്‍ താന്‍ ഇസ്‌ലാമില്‍ എത്തിച്ചേര്‍ന്നതെങ്ങനെ എന്ന അന്വേഷണ കഥ ജെഫ്‌റി ലാംഗ് വിവരിക്കുന്നു. ഈ കൃതിയിലെ 'റസൂലുല്ലാഹ്' എന്ന അധ്യായം നബിയെ ക്വുര്‍ആന്റെ വെളിച്ചത്തില്‍ വിലയിരുത്താനുള്ള ശ്രമമാണ്.

മാക്‌സിം റോഡിന്‍സണ്‍

ഈ പഠനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് മാക്‌സിം റോഡിന്‍സന്റെ 'മുഹമ്മദ്' എന്ന ഗ്രന്ഥം. നബിയുടെ ജീവിതത്തെയും സന്ദേശത്തെയും സാമൂഹ്യശാസ്ത്രത്തിന്റെയും രാഷ്ട്രീയ തത്ത്വദര്‍ശനങ്ങളുടെയും വെളിച്ചത്തില്‍ റോഡിന്‍സണ്‍ അപഗ്രഥിക്കുന്നു. ഇസ്‌ലാം മാര്‍ക്‌സിസത്തോട് അടുത്തു നില്‍ക്കുന്ന പ്രത്യയ ശാസ്ത്രമാണെന്നാണ് റോഡിന്‍സന്റെ കണ്ടെത്തല്‍. റോഡിന്‍സന്റെ ഈ ഗ്രന്ഥം നബിയുടെ രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള മികച്ച പഠനമാണ്. മുഹമ്മദ് എന്ന പ്രവാചകനെപ്പറ്റിയും മുഹമ്മദ് എന്ന വ്യക്തിയെപ്പറ്റിയും ഇപ്പോഴും ഒട്ടേറെ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു'' (മലയാളം വിക്കിപീഡിയ).

അന്തിമദൂതന്‍

മനുശ്യരാശിയെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുവാനും പാരത്രിക വിജയത്തിന്റെ പാത ലോകത്തിന് പഠിപ്പിച്ചുകൊടുക്കുവാനുമായി പ്രപഞ്ച സ്രഷ്ടാവ് കാലാകാലങ്ങളായി അയച്ചുകൊണ്ടിരുന്ന ദുതന്‍മാരുടെ പരമ്പര അവസാനിക്കുന്നത് മുഹമ്മദ് നബി ﷺ യോടു കൂടിയാണ്. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ഏറ്റവും പൂര്‍ണമായ രൂപം മുഹമ്മദ് നബി ﷺ യിലൂടെ ലോകര്‍ക്ക് നല്‍കപ്പെട്ടു. ഇനി മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഒരു ദൂതനും വരാനില്ല എന്ന അടിസ്ഥാനപരവും സുപ്രധാനവുമായ അധ്യാപനം കൂടി മുഹമ്മദ് നബി ﷺ യിലൂടെ നല്‍കപ്പെട്ടിരിക്കുന്നു.

മുഹമ്മദ് നബി ﷺ അന്തിമദൂതനും പൂര്‍ണമായ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ വാഹകനുമാണ് എന്ന സത്യം അംഗീകരിക്കുന്നവരും അംഗീകരിക്കുവാന്‍ തയാറാവാത്തവരും ലോകത്തുണ്ട്. ചിലര്‍ വിശ്വസിക്കുന്നത് ഇനിയും പ്രവാചകന്മാര്‍ വരും; മുഹമ്മദ് നബിക്ക് ശേഷം ദുതന്‍ വന്നിട്ടുമുണ്ട് എന്നാണ്. മറ്റുചിലരാവട്ടെ ഒരു ദൈവദൂതനാകുവാനുള്ള മഹത്ത്വമോ യോഗ്യതയോ അദ്ദേഹത്തിന് ഇല്ലെന്ന് പോലും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനെല്ലാമുള്ള മറുപടിയും വിശദീകരണവും വിശുദ്ധ ക്വുര്‍ആനില്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ വിവിധഭാഷകളില്‍ വിരചിതമാവുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് നബി ﷺ യെ അവസാനത്തെ ദൈവദൂദനായി അംഗീകരിക്കേണ്ടത് ഇസ്‌ലാമികാദര്‍ശം പിന്തുടരുവാന്‍ ഉദ്ദേശിക്കുന്നവന്റെ കടമയാണ്. അദ്ദേഹത്തിനുശേഷം ദൈവദൂതന്‍ വന്നിട്ടുണ്ടെന്നും ഇനിയും ഒന്നോ ഒന്നിലധികം ദൂതന്‍മാരോ വരാനുണ്ട് എന്നും വിശ്വസിച്ചുകൊണ്ട് ഒരാള്‍ക്ക് മുഹമ്മദ് നബി ﷺ യിലൂടെ ലഭിച്ച ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അവകാശിയായിത്തീരാന്‍ കഴിയില്ല എന്ന വസ്തുത യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധത്തില്‍ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്:

''മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ആരുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതുകാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 33:40).

അവസാനത്തെ എന്നുള്ളതിന് ക്വുര്‍ആനിലുള്ള പദം 'ഖാതം' എന്നാണ്. അതിന്റെ അര്‍ഥം 'മുദ്ര' എന്നാണെന്നും അങ്ങനെ വരുമ്പോള്‍ 'പ്രവാചകന്‍മാരുടെ മുദ്ര' എന്നാണ് ശരിയായ അര്‍ഥമെന്നും 'അവസാനത്തെ പ്രവാചകന്‍' എന്നു പറയാന്‍ പാടില്ലെന്നും ഇനിയും നബിമാര്‍ വരും എന്ന ആശയത്തിന്റെ വക്താക്കള്‍ വ്യാഖ്യാനിച്ചുവരുന്നു. യാതൊന്നും ഉള്ളിലേക്ക് കടക്കാത്ത നിലക്ക് സംരക്ഷിക്കുന്നതിന് മുദ്രവെച്ചു എന്നു പറയാറുണ്ട്. മുഹമ്മദ് നബി ﷺ പ്രവാകന്‍മാരുടെ മുദ്രയാണെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ഇനിയൊരു നബിയും വരാനില്ല എന്നുതന്നെയല്ലേ അര്‍ഥം? ആ മുദ്ര പൊട്ടിച്ചാലല്ലേ മറ്റൊരുപ്രവാചകന്‍ വരികയുള്ളു? അങ്ങനെ സംഭവിക്കുക എന്നത് ക്വുര്‍ആനിക ആശയത്തിന് വിരുദ്ധമാണ്. ഒരു ക്വുര്‍ആന്‍ സൂക്തം കാണുക: ''അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്കും ചെവികള്‍ക്കും മുദ്രവെച്ചിരിക്കുന്നു...''(2:7). ഹൃദയങ്ങള്‍ക്കും ചെവികള്‍ക്കും മുദ്രവെച്ചിരിക്കുന്നു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം സത്യസന്ദേശം അവയില്‍ പ്രവേശിക്കില്ല അഥവാ കേള്‍ക്കുവാനും ഉള്‍ക്കൊള്ളുവാനും അവര്‍ക്ക് കഴിയില്ല എന്നാണ്. നബിമാര്‍ക്ക് മുദ്രവെച്ചു എന്ന് പറഞ്ഞാല്‍ പ്രവാചകത്വത്തിലേക്ക് ഇനി ആരും പ്രവേശിക്കില്ല എന്നര്‍ഥം.

ഇസ്‌ലാം മുഹമ്മദ് നബി ﷺ യുടെ കാലത്ത് തന്നെ പൂര്‍ത്തീകരിക്കപ്പെട്ട മതമാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിതന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു...'' (ക്വുര്‍ആന്‍ 5:3).

പ്രവാചകനും വേദഗ്രന്ഥവും മതനിയമങ്ങളുമെല്ലാം മതത്തിന്റെ ഭാഗമാണ്. മതം പൂര്‍ത്തിയായി എന്നുപറഞ്ഞാല്‍ പ്രവാചകന്‍, വേദഗ്രന്ഥം, മതനിയമങ്ങള്‍ തുടങ്ങിയവയെല്ലാം പൂര്‍ത്തിയായി എന്നുതന്നെയാണ്. പൂര്‍ത്തിയായ മതത്തിലേക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കുവാന്‍ ആര്‍ക്കും അല്ലാഹു അനുവാദം നല്‍കുന്നില്ല. മുകളില്‍ കൊടുത്ത സൂക്തത്തില്‍ ആദ്യം പറയുന്നത് നിങ്ങളുടെ 'മതംപൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു' എന്നാണ്. പിന്നീട് പറയുന്നു 'അനുഗ്രഹം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു' എന്ന്. പൂര്‍ണമാക്കപ്പെട്ട മതത്തിലും അനുഗ്രഹത്തിലും പ്രവാചകത്വം എങ്ങനെയാണ് ഉള്‍പ്പെടാതിരിക്കുക? മുഹമ്മദ് നബി ﷺ ലോകാനുഗ്രഹിയാണെന്നതില്‍ സംശയമില്ല. പ്രവാചകത്വമാകുന്ന അനുഗ്രഹം പൂര്‍ത്തിയായി എന്ന് ക്വുര്‍ആന് പറയുമ്പോള്‍ ഇനിയും പ്രവാചകന്‍മാര്‍ വരും എന്ന വിശ്വാസം ക്വുര്‍ആനികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തം. എല്ലാ പ്രവാചകന്മാരും അതാത് പ്രദേശങ്ങളിലേക്കോ പ്രത്യേക ജനവിഭാഗങ്ങളിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നുവെങ്കില്‍ മുഹമ്മദ് നബി ﷺ അന്ത്യനാള്‍വരേക്കുമുള്ള സര്‍വജനങ്ങളിലേക്കുമായാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു പറയുന്നു:

''നിന്നെ മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുന്നവനും ആയിക്കൊണ്ട് തന്നെയാണ് നാം അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (ക്വുര്‍ആന്‍ 34:28).

''പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു...'' (ക്വുര്‍ആന്‍ 7:158).

പ്രവാചകത്വം ആഗ്രഹിച്ചിട്ടില്ല

മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അന്തിമദൂതനും ലോകത്തിന് മാര്‍ഗദര്‍ശിയും ആയിത്തീര്‍ന്നത് സ്വന്തം താല്‍പര്യപ്രകാരമോ സ്വന്തം തിരഞ്ഞെടുപ്പിന്റെ ഫലമോ ആയിരുന്നില്ല. ഹിറാഗുഹയില്‍ ഏകനായി കഴിഞ്ഞുകൂടവെ തന്റെ അടുത്തേക്ക് ജിബ്‌രീല്‍(അ) ആദ്യമായി കടന്നുവരുന്ന നിമിഷംവരെയും അവിടുന്ന് പ്രവാചകനാകാന്‍ ആഗ്രഹിച്ചിട്ടില്ല; അന്നേരം പോലും താന്‍ നബിയായി നിയോഗിതനായിരിക്കുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുമില്ല. സമൂഹത്തില്‍ സ്വന്തം മഹത്ത്വം സ്ഥാപിക്കുവാനും സ്വയം ശ്രേഷ്ഠപദവി കരസ്ഥാമാക്കുവാനുമുള്ള ബോധപൂര്‍വമായ യാതൊരു നീക്കവും മനസാ, വാചാ, കര്‍മണാ അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടില്ല. അല്ലാഹുവിന്റെ തീരുമാനപ്രകാരം മാത്രമാണ് അദ്ദേഹം അന്തിമദൂതന്‍ ആയിത്തീര്‍ന്നത്.

അല്ലാഹു പറയുന്നു: ''നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള കാരുണ്യത്താല്‍ (അത് ലഭിച്ചു)...'' (ക്വുര്‍ആന്‍ 28:86).

''അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്ക് അറിയുമായിരുന്നില്ല....'' (ക്വുര്‍ആന്‍ 42:52).

അന്തിമദൂതന്‍, അനുപമ വ്യക്തിത്വത്തിന്റെയും മാതൃകായോഗ്യമായ ജീവിതത്തിന്റെയും ഉടമ എന്നിങ്ങനെ പൊതുവില്‍ അംഗീകരിക്കപ്പെട്ട എല്ലാ ഗുണവിശേഷങ്ങളും പ്രവാചകനുണ്ടെന്നതിന്റെ സാക്ഷ്യവാക്യങ്ങള്‍ വിശുദ്ധ ക്വുര്‍ആനില്‍ കാണാന്‍ സാധിക്കും. വിശുദ്ധ ക്വുര്‍ആന്‍ പ്രവാചകനെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ വ്യക്തിപൂജാപരമായ തലത്തിലുള്ളവയല്ല. ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ടതും അംഗീകരിക്കേണ്ടതുമായ വിഷയങ്ങളും കാര്യങ്ങളും മാത്രമെ വിശുദ്ധ ക്വുര്‍ആനില്‍ അദ്ദേഹത്തെക്കുറിച്ച് നല്‍കപ്പെടുന്നുള്ളൂ.

മുഹമ്മദ് നബിയിലൂടെ പൂര്‍ത്തിയാക്കപ്പെട്ട മതം

ഇസ്‌ലാം മുഹമ്മദ് നബി ﷺ യിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട മതമാണ് എന്നു നാം മനസ്സിലാക്കി. പൂര്‍ത്തിയായ മതത്തിലേക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കുവാന്‍ ആര്‍ക്കും അല്ലാഹു അനുവാദം നല്‍കുന്നില്ല. മതത്തിന്റെ ഭാഗം എന്ന നിലയില്‍ പുതിയതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല. നിങ്ങളെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍നിന്ന് അകറ്റുന്നതുമായ ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല എന്ന പ്രവാചകവചനം മതത്തില്‍ കടത്തിക്കുട്ടുന്ന പുതുനിര്‍മിതകളെ(ബിദ്അത്ത്)യെല്ലാം നിരാകരിക്കുന്നു.

മുഹമ്മദ് നബി ﷺ സ്വന്തമായി ഒരു കാര്യവും മതമായി പഠിപ്പിച്ചിട്ടില്ല. അല്ലാഹുവിന്റെ കല്‍പനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഉപരിയായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു പറയുന്നു: ''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുകയുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്നതല്ലാതെ (മറ്റൊന്നും) അല്ല'' (ക്വുര്‍ആന്‍ 53:3).

''(നബിയെ) നീ അല്ലാഹുവിനെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു. നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍തുടരുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 33:1-3).

ലോകര്‍ക്ക് അനുഗ്രഹവും കാരുണ്യവും

അന്തിമദൂതരുടെ ആഗമനം മാനവരാശിക്ക് കാരുണ്യവും അനുഗ്രഹവുമാണ് എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. കാരണം, സ്രഷ്ടാവിന്റെ മാര്‍ഗത്തില്‍ ചരിക്കേണ്ട മനുഷ്യന് ആ മാര്‍ഗം ഏതെന്ന് കാണിച്ചുകൊടുക്കല്‍ ഏറ്റവും വലിയ അനുഗ്രഹവും കാരുണ്യവും തന്നെയാണ്.

''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍തന്നെയായിരുന്നു'' (ക്വുര്‍ആന്‍ 3:164).

''...എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരുവാനും നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ച് തരികയും നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും നിങ്ങള്‍ക്കറിവില്ലാത്തത് നിങ്ങള്‍ക്കറിയിച്ചു തരികയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും''(2:150-151).

''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (ക്വുര്‍ആന്‍ 21:107).

പ്രവാചകചര്യയുടെ പ്രാധാന്യം

മുഹമ്മദ് നബി ﷺ യെ അനുസരിക്കാതെ ഒരാള്‍ക്ക് മുസ്‌ലിമായിരിക്കാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക...'' (ക്വുര്‍ആന്‍ 8:20).

വിശ്വാസികളോട് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്...''(ക്വുര്‍ആന്‍ 33:21)

ഈ പ്രവാചകന്റെ മാര്‍ഗത്തിന് എതിരായി നിലകൊള്ളുന്നത് കടുത്ത നന്ദികേടാണ്. അല്ലാഹു പറയുന്നു: ''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്‍തുടരുകയും ചെയ്യുന്നപക്ഷം അവര്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാം അവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! (ക്വുര്‍ആന്‍ 4:115).

''...നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 59:7).

നബി ﷺ ഒരു കാര്യത്തില്‍ വിധിപറഞ്ഞാല്‍ അത് അംഗീകരിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. അതിനോട് വിമുഖത കാണിക്കുന്നത് നാശഹേതുവുമാണ്. അല്ലാഹു പറയുന്നു: ''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല'' (4:65).

മുഹമ്മദ് നബി ﷺ യെ അനുസരിക്കുക എന്നു പറഞ്ഞാല്‍ അത് അല്ലാഹുവിനോടുള്ള അനുസരണംകൂടിയാണ്. കാരണം അല്ലാഹുവാണ് അദേഹത്തെ പ്രവാചകനായി അയച്ചത്. ആ പ്രവാചകനെ ധിക്കരിക്കല്‍ അല്ലാഹുവിനെ ധിക്കരിക്കലുമാണ് അല്ലാഹു പറയുന്നു: ''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല'' (ക്വുര്‍ആന്‍ 4:80).

വിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയു(സുന്നത്ത്)മാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ എന്ന് ഈ ക്വുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കിത്തരുന്നുണ്ട്. 'അത് സുന്നത്തല്ലേ' എന്ന് നിസ്സാരമട്ടില്‍ പറഞ്ഞ് പ്രവാചക ചര്യകളെ അവഗണിക്കുന്ന പലരെയും കാണാം. നബി ﷺ പറഞ്ഞത് കാണുക:

''തീര്‍ച്ചയായും ഞാന്‍ നിങ്ങളില്‍ രണ്ട് കാര്യം വിട്ടേച്ചു പോവുകയാണ്. അവയ്ക്കുശേഷം ഒരിക്കലും നിങ്ങള്‍ വഴിപിഴച്ചുകയേയില്ല. അതായത്, അല്ലാഹുവിന്റെ കിതാബും (ക്വുര്‍ആന്‍) എന്റെ സുന്നത്തും. ഹൗദിന്റെ അടുക്കല്‍ വരുന്നതുവരെ (അഥവാ അന്ത്യനാള്‍വരെ) അവ രണ്ടും വേര്‍പിരിയുകയേയില്ല'' (ഹാകിം 'മുസ്തദ്‌റകി'ല്‍ ഉദ്ധരിച്ചത്).

''അല്ലയോ ജനങ്ങളേ, ഞാന്‍ നിങ്ങളില്‍ ഒരു കാര്യം ഉപേക്ഷിച്ചു പോവുകയാണ്. അത് നിങ്ങള്‍ മുറുകെ പിടിക്കുന്നിടത്തോളം നിങ്ങളൊരിക്കലും വഴിപിഴക്കുകയേയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തുമാണത്'' (ഹാകിം).

ഇര്‍ബാദുബ്‌നു സാരിയ(റ)യില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ''...തീര്‍ച്ചയായും എനിക്ക് ശേഷം നിങ്ങളില്‍ ആര്‍ ജീവിച്ചിരിക്കുന്നുവോ അവര്‍ക്ക് നിരവധി ഭിന്നതകള്‍ കാണാവുന്നതാണ്. അപ്പോള്‍ നിങ്ങള്‍ എന്റെ സുന്നത്തും സന്മാര്‍ഗികളായ ഖുലഫാഉര്‍റാശിദുകളുടെ സുന്നത്തും പിന്‍പറ്റുക. അവ നിങ്ങള്‍ മുറുകെപിടിക്കുക. നിങ്ങളുടെ അണപ്പല്ലുകള്‍കൊണ്ട് അതിനെ കടിച്ചുപിടിക്കുക. നൂതനമായ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും എല്ലാ നൂതനകാര്യങ്ങളും ബിദ്അത്ത് (അനാചാരം) ആകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടുമാകുന്നു'' (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ മുതലായവര്‍ ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനി ഇത് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്).

നബിദിനാഘോഷത്തിലെ ഇസ്‌ലാം

മുകളില്‍ കൊടുത്ത പ്രമാണവചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന നബിദിനാഘോഷത്തെ ഒന്ന് വിലയിരുത്തിനോക്കുക. പ്രവാചകനോ അവിടുത്തെ അനുയായികളോ (സ്വഹാബിമാര്‍) ഒരിക്കല്‍ പോലും അങ്ങനെയൊരാചാരം നടപ്പിലാക്കിയിട്ടില്ല. ഒരു സൂചനപോലും ഈ വിഷയത്തില്‍ ക്വുര്‍ആനോ സുന്നത്തോ നല്‍കിയതായി കാണുവാന്‍ സാധ്യമല്ല. അതുകൊണ്ട്തന്നെ ഇത് വിലക്കപ്പെട്ട നൂതനാചാര(ബിദ്അത്ത്)മാണെന്ന് വ്യക്തം. നൂതനാചാരങ്ങള്‍ നിര്‍മിക്കലും അത് പ്രാവര്‍ത്തികമാക്കലും പ്രവാചകനോടുള്ള അനുസരണക്കേടാണ്; ധിക്കാരമാണ്.

അനുസരണയിലൂടെ പ്രവാചകനെ സ്‌നേഹിക്കുക

ഇമാം ബുഖാരി അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കന്നു; നബി ﷺ പറഞ്ഞു: 'എന്റെ സമുദായംമുഴുവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാണ്; വിസമ്മതിച്ചവരൊഴികെ.' സ്വഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതിക്കുന്നത്?' നബി ﷺ പറഞ്ഞു: 'ആര്‍ എന്നെ അനുസരിച്ചുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ആര്‍ എന്നോട് അനുസരണക്കേട് കാണിക്കുന്നുവോ അവരാണ് വിസമ്മതിച്ചത്.''  

നബി ﷺ പറഞ്ഞു: ''ആരെങ്കിലും എന്നെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിച്ചാല്‍ അവന്‍ അല്ലാഹുവിനെയാണ് ധിക്കരിച്ചത്''(ബുഖാരി, മുസ്‌ലിം).

നബി ﷺ യോട് അനുസരണക്കേട് കാണിച്ചാല്‍ അത് അല്ലാഹുവിനോട്കൂടി കാണിക്കുന്ന അനുസരണക്കേടാണ്. ബിദ്അത്തുകള്‍ ചെയ്യല്‍ പ്രവാചകനോടുള്ള അനുസരണക്കേടാണെന്നതില്‍ സംശയമില്ല. അല്ലാഹുവിന്റെ മതത്തില്‍ സദുദ്ദേശ്യത്തോടു കൂടിയാണെങ്കിലും പുതിയൊരു നിയമമുണ്ടാക്കുന്നവന്റെ ആ പുതുനിര്‍മിതി വഴികേടാണെന്നു മാത്രമല്ല; അല്ലാഹുവിന്റെ മതത്തെ ആക്ഷേപിക്കലും 'ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു' എന്നു പറഞ്ഞ അല്ലാഹുവിനെ കളവാക്കലുമാകുന്നു.

അല്ലാഹുവിന്റെ മതത്തില്‍ ഇല്ലാത്ത പുതിയൊരു നിയമമുണ്ടാക്കുന്നവന്‍ 'തീര്‍ച്ചയായും ഈ മതം പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഈ പുതിയ നിയമം കൂടി ബാക്കിയുണ്ട്' എന്നു വിളിച്ചുപറയുന്നവനെപ്പോലെയാണ്.

പ്രവാചന്റെ ജീവിതം പിന്‍പറ്റിക്കൊണ്ടാണ് അദ്ദേഹത്തിന്റെ മഹത്ത്വം ലോകത്തിനുമുന്നില്‍ കാണിച്ചുകൊടുക്കേണ്ടത്. അല്ലാതെ റബീഉല്‍ അവ്വല്‍ മാസത്തില്‍ ചില കോപ്രായങ്ങള്‍ കാണിച്ചുകൊണ്ടല്ല.