സ്വത്വബോധവും പുരോഗമന നാട്യങ്ങളും

നബീല്‍ പയ്യോളി

2021 ഡിസംബര്‍ 18 1442 ജുമാദല്‍ അല്‍ അവ്വല്‍ 13
വ്യക്തിത്വവും അനുഭവ പരിസരവുമുള്ളവരാണ് ഓരോ മനുഷ്യനും. പൊതുസമൂഹം നിശ്ചയിച്ച പുരോഗമനത്തിന്റെ അളവുകോലുകള്‍ക്കുള്ളില്‍ കയറിക്കൂടാനായി സ്വത്വബോധം അടിയറ വെക്കുന്നത് ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് മാത്രമല്ല, മഹാ വിവരക്കേടുമാണ്.

ആദ്യമേ പറയട്ടെ, ഈ ലേഖനം കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രശംസിക്കുകയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ആക്ഷേപിക്കുകയോ ചെയ്യുവാന്‍ എഴുതിയതല്ല. സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുന്നതുമല്ല. നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശരിയല്ലാത്ത നിലപാടുകളെ ചുണ്ടിക്കാണിക്കുന്നുണ്ട്, എന്നാല്‍ അത് പോലീസ് സേനയെ മൊത്തം കുറ്റപ്പെടുത്തലല്ല. അനീതിക്കെതിരായി പ്രതികരിക്കുക എന്നത് മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. 'സത്യം പറയുക, അതിന്റെ അനന്തരഫലം കൈപ്പുള്ളതാണെങ്കിലും' എന്ന പ്രവാചക വചനമാണ് ഇതിനു പ്രേരകം.

കഴിഞ്ഞ മാസം ആലുവയില്‍ മോഫിയ പര്‍വീന്‍ എന്ന് പേരുള്ള ഒരു നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുകയുണ്ടായി. ആത്മഹത്യയിലേക്ക് തന്നെ നയിച്ചതില്‍ പൊലീസിന്റ കൃത്യവിലോപം കൂടി മോഫിയ ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആലുവ സി.ഐ സുധീറിനെതിരെ മുന്‍പും ആരോപണങ്ങള്‍ ഉണ്ടായിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യറാകാത്തതിന്റെ കൂടി പരിണിത ഫലമാണ് ഒരു യുവതിയുടെ ജീവന്‍ നഷ്ടമാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് എന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. നിരന്തര പ്രക്ഷോഭങ്ങള്‍ക്കും സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നുയര്‍ന്ന മുറവിളിക്കും ഒടുവില്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവുകയുണ്ടായി എന്നത് നല്ല കാര്യം. യുവതിയുടെ ജീവഹാനിക്ക് കാരണക്കാരായ പോലീസ് ഉദേ്യാഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ ആഭ്യന്തര വകുപ്പും പോലീസും സ്വീകരിച്ചത്.

എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായ ഒരു ക്രൂരത ഈ സമയത്തും പോലീസ് ചെയ്തു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കുന്നതാണ്. കേരളത്തിലെ ഒരു പ്രബല രാഷ്ട്രീയ പാര്‍ട്ടിയാണ് പ്രസ്തുത സമരത്തില്‍ മുന്നില്‍ നിന്നത്. സമരക്കാര്‍ക്കെതിരെ കേസെടുക്കുന്നത് സ്വാഭാവികം. എന്നാല്‍ സമരക്കാര്‍ക്കിടയിലെ മുസ്‌ലിം പേരുകള്‍ കാണുമ്പോള്‍ ചില കാക്കിധാരികള്‍ക്കുള്ളിലെ വര്‍ഗീയത പുറത്ത് വരുന്നത് തികഞ്ഞ ക്രൂരതയുമാണ്. സമരം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് ഏതെങ്കിലും തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ വേണ്ടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പോലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതോടൊപ്പം ജലപീരങ്കിക്ക് മുകളില്‍ കയറി ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത് ഏതെങ്കിലും തീവ്രവാദബന്ധത്തിന്റെ പേരിലാണോ എന്നന്വേഷിക്കണം എന്ന വിചിത്ര വാദവും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് എഴുതിവെച്ചു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

എതിര്‍ക്കുന്നവരെയെല്ലാം തീവ്രവാദികളാക്കി ജയിലിലടക്കുന്ന സംഘപരിവാര്‍ ഭരണത്തിന് കീഴിലുള്ള പോലീസല്ല ഇവിടെയുള്ളത്. ഉത്തര്‍പ്രദേശിലും മറ്റും ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ വലിയവായില്‍ പ്രതിഷേധിച്ചവരാണ് നമ്മള്‍. യോഗിരാജിനെ നിശിതമായി വിമര്‍ശിച്ച നമ്മുടെ കണ്‍മുന്നില്‍ നമ്മുടെ നാട്ടിലെ പോലീസുകാര്‍ എഴുതിപ്പിടിപ്പിക്കുന്ന വിഷലിപ്തമായ വരികള്‍ കേരളപോലീസിലെ പലരും വര്‍ഗീയവല്‍കരിക്കപ്പെട്ടിരിക്കുന്നു എന്നല്ലേ സൂചിപ്പിക്കുന്നത്? ആലുവയില്‍ സമരത്തിന് നേതൃത്വം നല്‍കിയ ജനപ്രതിനിധികളും പ്രതിപക്ഷ നേതാവും പൊതുസമൂഹവും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ആലുവ എസ്‌ഐ ആര്‍.വിനോദിനെയും  ഗ്രേഡ് എസ്‌ഐ രാജേഷിനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ മൂന്നു പേരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം ഉള്‍പ്പെടുത്തിയത്. വേലിതന്നെ വിളവ് തിന്നുന്ന കാഴ്ചയെത്ര ഭീകരം. നീതിതേടി നിയമപാലകരെ സമീപിച്ച നിയമവിദ്യാര്‍ഥിയെയും കുടുംബത്തിനെയും അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടതും പോരാ, നീതിക്ക് വേണ്ടി സമരം ചെയ്തവര്‍ക്ക് തീവ്രവാദ മുദ്രചാര്‍ത്താനും ശ്രമിച്ചിരിക്കുന്നു!

കേരള പോലീസിലെ ചിലരുടെ മോശം പെരുമാറ്റത്തെ കുറിച്ച് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഈയിടെ ഫേസ്ബുക്കില്‍ കുറിച്ചതുകൂടി നാം ഇതിനോടു ചേര്‍ത്ത് വായിക്കേണ്ടതുണ്ട്:

''എന്തുകൊണ്ടാണ് പോലിസിന് ഇത്രയും ചീത്തപ്പേരുണ്ടായത്? തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറില്‍നിന്നും എനിക്കും വളരെ മോശം അനുഭവമാണുണ്ടായത്. ലിജി എന്ന സാധാരണക്കാരിയായ സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവളെന്റെ സഹായം തേടിയത്. പല സ്ത്രീകളെയും പോലെ ആത്മഹത്യയുടെ വക്കിലായിരുന്നു അവള്‍. ഭയാനകമായ പീഡനങ്ങളാണ് അവള്‍ നേരിട്ടത്. വലിയതുറ പോലിസ് സ്‌റ്റേഷന്‍, വനിതാ സെല്‍, മറ്റു ചില പോലിസ് ഓഫിസുകള്‍. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടൊഴിയാനാണ് പോലിസുകാര്‍ അവളോട് ആവശ്യപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോള്‍ അയാള്‍ എന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തില്‍ ഞാന്‍ പോലിസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എസിപി എന്നോട് ആവശ്യപ്പെട്ടു. എസിപിയുടെ ഈ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാന്‍ ഞാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം എന്റെ കോള്‍ എടുത്തില്ല. കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു എസ്എംഎസ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാം... പാവം ലിജി... ആത്മഹത്യ മാത്രമായിരിക്കുമോ ഇനി അവള്‍ക്കുള്ള ഏകവഴി എന്നാണ് എന്റെ ആശങ്ക.''

വ്യാജന്മാരുടെ കാലം

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ വര്‍ഗിയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള വ്യാജപ്രചാരണങ്ങള്‍ പലകോണില്‍ നിന്നും ഉണ്ടായി. വര്‍ഗീയ ചേരിതിരിവ് ലക്ഷ്യംവച്ച് നടക്കുന്ന ഇത്തരം പ്രചാരണത്തിനെതിരെ കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി കെ. ഫൈസലിന്റെ ചിത്രമുപയോഗിച്ചാണ് വിദ്വേഷ പ്രചാരണം നടത്തിയത്. ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തയ്ക്ക് താഴെ ഫൈസലിന്റെ ചിത്രമുപയോഗിച്ച് ഉണ്ടാക്കിയ 'അനസ് മുഹമ്മദ് വിളയില്‍' എന്ന വ്യാജ അക്കൗണ്ട് വഴിയായിരുന്നു വിദ്വേഷ പ്രചാരണം. 'അല്ലാഹുവിന്റെ ശിക്ഷ തുടങ്ങി' എന്നായിരുന്നു വാര്‍ത്തയ്ക്ക് താഴെ വ്യാജ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് ചെയ്ത കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാപകമായ വിദ്വേഷ പ്രചാരണമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പടച്ചുവിട്ടത്. ബിബിന്‍ റാവത്ത് അപകടത്തില്‍ മരിച്ച ദിവസം ഉണ്ടാക്കിയ പ്രൊഫൈലില്‍ മുസ്‌ലിം സംഘടനകളുടെയും പ്രഭാഷകരുടെയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് മുസ്‌ലിം പ്രൊഫൈല്‍ ആണെന്ന  ധാരണ വരുത്തിയാണ് വിദ്വേഷ കമന്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വ്യാജ പ്രൊഫൈലില്‍നിന്നാണ് വിദ്വേഷ പ്രചാരണം എന്ന കാര്യം പിടിക്കപ്പെട്ടതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തത് തടിതപ്പിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ തന്റെയും കുട്ടികളുടെയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി വിദ്വേഷ പ്രചാരണം നടത്തിയതിനെതിരെ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഫൈസല്‍. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെയും അത് പടച്ചുവിടുന്ന വിഷജന്തുക്കള്‍ക്കെതിരെയും മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ പോലീസ് മടിക്കുന്നതുകൊണ്ടാണ് കൃത്യമായ ഇടവേളകളില്‍ ഈ വിഷസര്‍പ്പങ്ങള്‍ പത്തിവിടര്‍ത്തുന്നത്.

പ്രബുദ്ധ മലയാളികളെ നാണിപ്പിക്കും വിധം വര്‍ഗീയ വിഷങ്ങള്‍ നമ്മുടെ നാടിനെ നിരന്തരം മലീമസമാക്കിക്കൊണ്ടിരിക്കുന്നു. എന്തിനും ഏതിനും എവിടെയും വര്‍ഗീയതയ്ക്ക് സ്‌കോപ്പ് തിരയുന്ന തിരക്കിലാണ് ചിലര്‍. കോവിഡ് മഹാമാരി മനുഷ്യജീവിതത്തെ പാടെ തകിടംമറിച്ച പ്രതിസന്ധിയില്‍നിന്നും ഇനിയും കരകയറിയിട്ടില്ല നമ്മുടെ നാടും ലോകവുമെല്ലാം. മനുഷ്യന്റെ നിസ്സഹായതയും നിസ്സാരതയും ബോധ്യപ്പടുത്തിയ മഹാമാരിയില്‍നിന്നും ഇവരൊന്നും പാഠം പഠിച്ചില്ലെന്നത് അത്ഭുതാവഹമാണ്. മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ വീര്‍പ്പുമുട്ടുന്ന സാധാരണജനങ്ങളെ സഹായിക്കാനും അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനുമുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതിന് പകരം ജനങ്ങളുടെയുള്ളില്‍ ഭീതിയും വിദ്വേഷവും ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘ്പരിവാരങ്ങളും അവരുടെ പുത്തന്‍കൂറ്റുകാരും ചെയ്തുകൊണ്ടിരിക്കുന്നത്.

വിഷം വമിക്കുന്ന മുദ്രാവാക്യങ്ങളുമായി തലശ്ശേരിയിലെ തെരുവീഥികളെ മലിനമാക്കിയവരും 'തുപ്പല്‍സിദ്ധാന്തം' വഴി ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താന്‍ ശ്രമിച്ചവരും ചെയ്തത് ഒരിക്കലും നീതീകരിക്കാനാവാത്ത മഹാ അപരാധമാണ്.

വിഷലിപ്തമായ പ്രസ്താവനകളും സാമൂഹ്യമാധ്യമ ഇടപെടലുകളുമൊക്കെ ശക്തമായി നിയന്ത്രിച്ചില്ലെങ്കില്‍ നമ്മുടെ നാടും സമീപഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്ക് ഇരയാകും എന്നതാണ് ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും നമ്മള്‍ കേട്ടിരുന്ന മുദ്രാവാക്യങ്ങളും പ്രസ്താവനകളും നമുക്ക് ചുറ്റുനിന്നും കേള്‍ക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നില്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് നമ്മുടെ മനസ്സും പാകപ്പെട്ടു എന്ന് വേണം കരുതാന്‍.

വര്‍ഗീയതയും ഭരണകൂടവും

നാട്ടില്‍ സമാധാനം ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ആ ബാധ്യതാനിര്‍വഹണത്തില്‍ വരുന്ന വീഴ്ചകള്‍ക്ക് പലപ്പോഴും വലിയ വില നല്‍കേണ്ടി വരും എന്നത് യാഥാര്‍ഥ്യവും. കേരളത്തില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടായിട്ടും ഫലപ്രദമായി നടപടിയെടുക്കാനോ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷവാങ്ങിക്കൊടുക്കാനോ സാധിച്ചിട്ടില്ലെന്നതാണ് പട്ടാപ്പകല്‍ ഒരു സമുദായത്തിനെതിരെ മോശമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകോപനം സൃഷ്ടിക്കുന്നവര്‍ക്ക് അത് ആവര്‍ത്തിക്കുവാന്‍ പ്രചോദനമേകുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ആര്‍ക്കും എന്തും പടച്ചുവിടാമെന്നും തെരുവുകളില്‍ പ്രേകാപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ നിയമപാലകര്‍ നോക്കിനില്‍ക്കും എന്നുമുള്ള സന്ദേശം നല്‍കും വിധമുള്ള നിലപാട് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. കേരള പോലീസ് സേനക്കെതിരെ നിരന്തരം കുറ്റകരമായ അനാസ്ഥയുടെയും കൃത്യവിലോപത്തിന്റെയും വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടേയിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. ചില ഘട്ടങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നമ്മുടെ പോലീസ് സേനക്ക് കഴിയാറുണ്ട് എന്ന കാര്യം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. രാഷ്ട്രീയ ഇടപെടലുകളും ഭരണകൂടത്തിന്റെയും നേതാക്കളുടെയും കണ്ണുരുട്ടലുകളും പ്രലോഭനങ്ങളും ഇല്ലാതായാല്‍ തന്നെ നമ്മടെ പോലീസ് സേനക്ക് മികച്ച സേവനം കാഴ്ചവയ്ക്കാനാവും.

വര്‍ഗീയത ചാര്‍ത്തപ്പെടുന്ന അവകാശങ്ങള്‍

മുസ്‌ലിം സമൂഹം എന്താവശ്യപ്പെട്ടാലും അതിനെ വര്‍ഗീയമായി മാത്രമെ കാണാവൂ എന്ന പിടിവാശി ഇന്ന് ചിലര്‍ക്കുണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. രാജ്യത്തെ മുസ്‌ലിം സമൂഹം നേരിടുന്ന പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിയമിച്ച സച്ചാര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശിച്ച പദ്ധതികള്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ നിയമിച്ച പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള പദ്ധതികളെ ന്യൂനപക്ഷ പദ്ധതികളായി വ്യാഖ്യാനിക്കുകയും പിന്നീടത് പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യുന്ന മാജിക്കാണ് കേരളം കണ്ടത്. ഒരു ജനാധിപത്യ ഭരണകൂടം വര്‍ഗീയവാദികളുടെ വ്യാജപ്രചാരണങ്ങള്‍ക്കനുസരിച്ച് നിലപാട് സ്വീകരിക്കുന്നത് അത്യന്തം അപകടകരമാണ്.

ഈ അവിവേകത്തിന്റെ മറ്റൊരു പതിപ്പാണ് വക്വ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കം. മുസ്‌ലിം സമൂഹത്തിലെ ദാനശീലര്‍ ദൈവപ്രീതി മാത്രം കാംക്ഷിച്ച് നല്‍കിയ വക്വ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഭരണഘടന ഉറപ്പ് നല്‍കിയ സെമി ജുഡീഷ്യറി സംവിധാനം രാജ്യത്തെ ഏത് സ്ഥാപനങ്ങളെക്കാളും മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കമ്മീഷനുകള്‍ സാക്ഷ്യപ്പെടുത്തിയതാണ്. അഴിമതിയുടെ കൂത്തരങ്ങായ പൊതു ഇടങ്ങളില്‍ വക്വ്ഫ് ബോര്‍ഡ് വേറിട്ട് നില്‍ക്കുന്നു എന്നത് അവിതര്‍ക്കിതമാണ്. മുസ്‌ലിം സമുദായം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ തുലോം തുച്ഛമായ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതെന്തിനെന്ന ചോദ്യം ഇപ്പോഴും ഉത്തരം തേടി അന്തരീക്ഷത്തില്‍ അലയുകയാണ്. അഴിമതി മുക്തമാക്കാം, പ്രവര്‍ത്തനം സുതാര്യമാക്കാം എന്നൊക്കെയുള്ള പ്രസ്താവനകള്‍ അത്ര നിഷ്‌കളങ്കമാണെന്ന് കണ്ണടച്ച് വിശ്വസിക്കാമോ? അഴിമതി നടത്തിയതിന്റെ പേരില്‍ ശിവശങ്കര്‍ എന്ന ഉന്നത ഉദേ്യാഗസ്ഥന്‍ ഇന്നും സസ്‌പെന്‍ഷനില്‍ കഴിയുകയാണ്. ഒരു മന്ത്രിക്ക് ലോകായുക്ത വിധിയുടെ പേരില്‍ രാജിവെക്കേണ്ടി വന്നതും അധികാരദുര്‍വിനിയോഗത്തിന്റെ പേരിലാണ്. അഴിമതിയും സ്വജനപക്ഷപാതവും െകടുകാര്യസ്ഥതയും തൊട്ടുതീണ്ടാത്ത; പിഎസ്‌സി വഴി നിയമനം നടത്തപ്പെടുന്ന ഏതു മേഖലയാണ് നമ്മുടെ നാട്ടിലുള്ളത്?

ലക്ഷങ്ങള്‍ ശമ്പളവും ആജീവനാന്ത പെന്‍ഷനും വാങ്ങുന്ന, മന്ത്രിമാരുടെയും എംഎല്‍എമാരുടെയും  പേഴ്‌സണല്‍  സ്റ്റാഫ് അടക്കമുള്ളവരുടെ നിയമനങ്ങളില്‍ പിഎസ്‌സി ഇടപെടല്‍ വേണ്ട! സര്‍വകലാശാലകള്‍, വിവിധ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ അടക്കമുള്ള മേഖലകളില്‍ പിഎസ്‌സി വഴിയുള്ള നിയമനം വേണ്ട; സര്‍ക്കാരിന് അഥവാ നേതാക്കള്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. പിന്നെ എന്തിനാണ് വക്വ്ഫ് ബോര്‍ഡിനെ മാത്രം നന്നാക്കിയെടുക്കാനിത്ര തിടുക്കം? ബോര്‍ഡിനുള്ള നാമമാത്രമായ അധികാരം പോലും എടുത്തുകളയുന്നതിന്റെ ആവശ്യമെന്താണ്?

രാജ്യത്തെ മുപ്പത് വക്വ്ഫ് ബോര്‍ഡുകളില്‍ ഒന്നില്‍ പോലും ഇത്തരം നിയമനങ്ങള്‍ ഇല്ലെന്നിരിക്കെ സര്‍ക്കാര്‍ എന്തിനിത്ര ധൃതിപ്പെടുന്നു? മുസ്‌ലിം സമൂഹത്തെ അരികുവല്‍ക്കരിക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനും കോപ്പ് കൂട്ടുന്ന സംഘപരിവാര്‍ രാജ്യം ഭരിക്കുമ്പോള്‍, മാനവസൗഹാര്‍ദത്തിന്റെയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും മാതൃകാപരമായ ഇന്നലെകളുടെ ചരിത്രം പറയാനുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത് വര്‍ഗീയതയ്ക്ക് വഴിമരുന്നിടുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. പള്ളിയുടെ കാര്യങ്ങള്‍ പള്ളിയില്‍ പറഞ്ഞാല്‍ അത് വര്‍ഗീയമാവും എന്നത് സംഘ്പരിവാരത്തിന്റെ ഭാഷയാണ്. അത് ഇടത് പക്ഷത്തു നിന്നും ഉണ്ടാവുന്നത് ഒട്ടും ഭൂഷണമല്ല. സമുദായത്തിനുള്ളില്‍ വിള്ളലുണ്ടാക്കാവുന്ന വിധത്തില്‍ ഇടപെടലുകള്‍ നടത്തുകയും പ്രസ്താവനകളിറക്കുകയും ചെയ്യുന്ന രീതി ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ.  

പൗരത്വ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്ന കേരള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയാണ് പ്രധാനമന്ത്രി ഏറ്റുപിടിച്ചത് എന്നത് നാം മറക്കരുത്. വക്വ്ഫ് വിഷയത്തിലും സംഘ്പരിവാറിന് മാതൃകയായി ഈ നീക്കം മാറുമെന്ന ആശങ്ക പങ്കുവയ്ക്കുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്.

പൊതുപ്രവര്‍ത്തകരും സമൂഹത്തിലെ ഓരോരുത്തരും നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഉത്തരവാദിത്ത ബോധത്തോടുകൂടിയായിരിക്കണം. 'ഇസ്‌ലാമോഫോബിക്ക് മനസ്സുകള്‍' കൊതിക്കുന്ന പ്രസ്താവനകള്‍ ആരില്‍നിന്നും ഉണ്ടാകാവതല്ല. ഇസ്‌ലാം, മുസ്‌ലിം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചൊറിയുന്നവരുടെ മനസ്സിന്റെ രോഗം ഗുരുതരമാണ്. മുസ്‌ലിംകള്‍ മിണ്ടരുത്, മിണ്ടിയാല്‍ അത് തീവ്രവാദം, ആറാം നൂറ്റാണ്ടിലെ അറുപിന്തിരിപ്പന്‍ ചിന്താഗതിക്കാര്‍, പുരോഗമനത്തിന് വിലങ്ങുതടികള്‍ എന്നൊക്കെയുള്ള വെറുപ്പിന്റെ ശബ്ദങ്ങള്‍ സ്വന്തം മനസ്സിലെ അസഹിണുതയുടെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരക്കാര്‍ ആര്‍ജവമുണ്ടെങ്കില്‍ ആശയസംവാദത്തിന് തയ്യാറാവുകയാണ് വേണ്ടത്. അതിനെ പുരോഗമന ചിന്തയുള്ളവര്‍ ഭയപ്പെടേണ്ടതില്ല.

സ്വത്വബോധവും പുരോഗമന നാട്യങ്ങളും

ഓരോരുത്തര്‍ക്കും അവരവരുടെതായ ഐഡന്റിറ്റി ഉണ്ടാവും. അത് വെച്ചുപുലര്‍ത്താനും ഉറക്കെപറയാനും നമ്മുടെ ഭരണഘടനാ എല്ലാവര്‍ക്കും അവകാശം നല്‍കുന്നുണ്ട്. വൈവിധ്യങ്ങളെ ഉള്‍കൊള്ളാനും അവയെ ചേര്‍ത്തുപിടിക്കാനുമാണ് രാഷ്ട്രശില്‍പികള്‍ നമ്മെ പഠിപ്പിച്ചതും മാതൃക കാണിച്ചതും. ദൈവനിഷേധികള്‍ക്കും വിശ്വാസികള്‍ക്കും ഒരേപോലെ ഇടമുള്ള മണ്ണാണ് നമ്മുടേത്.

മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് സ്വതന്ത്രരാകുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും 'സ്വതന്ത്രലോകത്തെ' കാപട്യം തിരിച്ചറിഞ്ഞു മതത്തിന്റെ തണലിലേക്ക് മാറുന്നവര്‍ക്ക് ലഭിക്കാറില്ലെന്നും ഭരണത്തിന്റെ സ്വാധീനത്തില്‍ അത്തരം വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ഏതറ്റംവരെയും പോകുമെന്നതും ഹാദിയ എന്ന സഹോദരിയുടെ ജീവിതം നമുക്ക് നല്‍കുന്ന പാഠമാണ്. അധികാരത്തിന് പുറത്തായപ്പോള്‍ ഗെയിലിനെതിനെ എറണാകുളത്ത് സമരം നടത്തിയവര്‍ അധികാരം ലഭിച്ചപ്പോള്‍ മറ്റ് ചിലര്‍ കോഴിക്കോട് നടത്തിയ സമരത്തില്‍ 'ആറാംനൂറ്റാണ്ട്' തിരഞ്ഞുപോയതിലെ വൈരുധ്യം വകതിരിവില്ലായ്മയാണ്. വിപ്ലവവും പുരോഗമനവും മറ്റുള്ളവരുടെമേല്‍ നിര്‍ബാധം കോരിയൊഴിക്കുമ്പോഴും അത് തങ്ങള്‍ക്ക് നേരെയാവുമ്പോള്‍ തടയണകെട്ടിനിര്‍ത്തി ആവശ്യത്തിന് മാത്രം തുറന്നുവിടുന്ന കരുതലിനെ കാണാതെ പോവരുത്.

ശരീഅത്ത് വിവാദം, സാമുദായിക സംവരണ പ്രശ്‌നം, അറബി ഭാഷാവിരുദ്ധ നീക്കം പോലുള്ള പല പ്രശ്‌നങ്ങളും മുസ്‌ലിം സമുദായം അഭിമുഖീകരിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി ഈ ഘട്ടങ്ങളിലെല്ലാം തോളോടുതോള്‍ചേര്‍ന്ന് പോരാടിയ ചരിത്രമാണുള്ളത്. അത് തുടരുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

വര്‍ത്തമാനകാലത്തെ 'ഇസ്‌ലാമോഫോബിക്ക് അന്തരീക്ഷത്തില്‍' നിലപാട് സ്വീകരിക്കുമ്പോഴും ഇടപെടലുകള്‍ നടത്തുമ്പോഴുമൊക്കെ പക്വതയും വിവേകവും നമ്മെ നയിക്കണം. മത, രാഷ്ട്രീയ, ഭരണ നേതൃത്വവും അങ്ങനെയായാല്‍ മാത്രമെ നാടിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ കഴിയൂ. സ്വാര്‍ഥ ലാഭങ്ങള്‍ക്കുവേണ്ടി, താല്‍ക്കാലികമായ നേട്ടത്തിനു വേണ്ടി എന്തും വിളിച്ചുപറയുക എന്നത് സമൂഹഗാത്രത്തില്‍ വലിയ പരിക്കുകള്‍ സൃഷ്ടിക്കുവാന്‍ കാരണമാവും എന്ന തിരിച്ചറിവ് നമ്മുടെ ഭരണകൂടത്തിനും പൊതുസമൂഹത്തിനും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ ഇളം തലമുറക്ക് കൂടി അവകാശപ്പെട്ട ഈ മണ്ണിനെ അങ്ങനെ തന്നെ നിലനിര്‍ത്താനുള്ള ബാധ്യതകൂടി നമ്മുടേതാണ് എന്നത് മറക്കരുത്.

നശ്വരമായ ഈ ലോകത്തെ തുച്ഛമായ കാലയളവിലെ ജീവിതത്തില്‍ സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചിന്തിക്കുവാനും പറയുവാനും പ്രവര്‍ത്തിക്കുവാനുമാണ് നാം തയ്യാറാവേണ്ടത്; അതാണ് വിവേകപൂര്‍ണമായ നിലപാട്.