മനുഷ്യന്‍, ജീവിതം, ജീവിതലക്ഷ്യം

ഉസ്മാന്‍ പാലക്കാഴി

2021 ഫെബ്രുവരി 27 1442 റജബ് 15
ആരാണ് മനുഷ്യന്‍ ?
എന്താണ് ജീവിതം?
എന്താണ് ജീവിതത്തിന്‍റെ അര്‍ഥവും ലക്ഷ്യവും?  
പ്രായോഗികമായ മാര്‍ഗദര്‍ശനം ഏത്?
ഒരു പഠനം.

ഭൂമിയില്‍ കരയിലും വെള്ളത്തിലുമായി വ്യത്യസ്ത രൂപത്തിലും പ്രകൃതത്തിലുമുള്ള കോടിക്കണക്കിനു സൂക്ഷ്മ, സ്ഥൂല ജീവിവര്‍ഗങ്ങളുണ്ട്. അവയില്‍ ഏറെ സവിശേഷതകളുള്ള ഒന്നാണ് മനുഷ്യവര്‍ഗം. ക്വുര്‍ആന്‍ പഠിപ്പിക്കുന്നത് ആദം(അ) എന്ന മനുഷ്യനാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്നും പിന്നീട് അദ്ദേഹത്തിന് ഇണയെ സൃഷ്ടിച്ചു, അങ്ങനെ ലോകത്ത് മനുഷ്യവര്‍ഗം പെരുകി എന്നുമാണ്.

"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍..." (ക്വുര്‍ആന്‍ 4:1).  

മനുഷ്യനെ പോലെ വിശേഷബുദ്ധിയും ചിന്താശേഷിയുമുള്ള, പഠിക്കുവാനും മനസ്സിലാക്കുവാനും കണ്ടെത്തലുകള്‍ നടത്തുവാനും അതുവഴി പുരോഗതി പ്രാപിക്കുവാനും കഴിയുന്ന മറ്റൊരു സൃഷ്ടിയും ലോകത്തിലില്ല. എന്നാല്‍ അവന്‍ ജനിക്കുന്ന സമയത്ത് ഏറെ ദുര്‍ബലനും ഒന്നും അറിയാത്തവനുമാണ്. പിന്നീട് ക്രമപ്രവൃദ്ധമായാണ് അവനില്‍ കഴിവുകള്‍ വളര്‍ന്നുവരുന്നത്:

"നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍നിന്നും നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി" (ക്വുര്‍ആന്‍ 16:78).

അല്ലാഹു ശ്രേഷ്ഠത നല്‍കുകയും ആദരിക്കുകയും ചെയ്ത ജീവിയാണ് മനുഷ്യന്‍: "തീര്‍ച്ചയായും ആദംസന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു" (ക്വുര്‍ആന്‍ 17:70).

എന്താണ് ജീവിതം?

ഒരു മനുഷ്യന്‍ ജനിച്ചുവളര്‍ന്ന് ജീവിച്ച് മരിക്കുന്നതുവരെയുള്ള ഘട്ടത്തെയാണ് സാധാരണയായി  ജീവിതം എന്ന് പറയുന്നത്. മരണത്തോടെ ജീവിതം അവസാനിക്കുന്നു എന്നത് ഒരു സാമാന്യ സങ്കല്‍പമാണ്. മരണം നശ്വര ജീവിതത്തില്‍നിന്ന് അനശ്വര ജീവിതത്തിലേക്കുള്ള പ്രവേശനമാണ് എന്നും മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല, പരലോകം എന്ന കര്‍മഫലം അനുഭവിക്കാനുള്ള വേദി വരാനിരിക്കുന്നു എന്നും ഇസ്ലാം പഠിപ്പിക്കുന്നു. ചില മതങ്ങള്‍ ഈ വിഷയത്തില്‍ അവ്യക്തങ്ങളായ ചിന്താഗതികളുടെ നൂലാമാലകളില്‍ മനുഷ്യനെ ബന്ധിച്ചിടുന്നു. ഭൗതികവാദമാകട്ടെ ഇതിനെ പാടെ നിരാകരിക്കുന്നു.

ജീവിതം ഇഹലോകത്തായാലും പരലോകത്തായാലും സുഖകരമാക്കുവാനാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. ഏതെങ്കിലും മനുഷ്യര്‍ ജീവിതത്തെ ദുഃഖമയമാക്കാന്‍ ആഗ്രഹിക്കുന്നില്ല. മനുഷ്യന്‍ അനുഭവിക്കുന്ന ഈ ജീവിതം മാത്രമാണ് യാഥാര്‍ഥ്യം, വരാനുള്ള ജീവിതം സങ്കല്‍പം മാത്രമാണ് എന്ന് ചിന്തിക്കുന്ന മനുഷ്യര്‍ ഇവിടുത്തെ ജീവിതം പരമാവധി സുഖപ്രദമാക്കുവാന്‍ പരിശ്രമിക്കുകയും സുഖത്തിന്‍റെ കാര്യത്തില്‍ നിയന്ത്രണങ്ങളും നിയമങ്ങളും വകവെക്കാതെ നീങ്ങുകയും ചെയ്യുന്നു. അവര്‍ക്ക് മുന്നിലെ യാഥാര്‍ഥ്യം ഈ ജീവിതം മാത്രമാണ്. വരാന്‍പോകുന്ന വലിയൊരു ജീവിതത്തിന്‍റെ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുവാന്‍ അവരുടെ ബുദ്ധിയും വിവേകവും വികാസം പ്രാപിക്കുന്നില്ല എന്നതാണ് പ്രശ്നം.

ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു മാര്‍ഗദശനം മനുഷ്യരാശിക്ക് ആവശ്യമാണ്. മനുഷ്യന്‍റെ അവിര്‍ഭാവം, വളര്‍ച്ച, പരിണാമം, മടക്കയാത്ര, ശേഷം എന്ത് എന്നിങ്ങനെയുള്ള, മനുഷ്യന്‍ ആദിമകാലം മുതല്‍ക്ക് പിന്തുടര്‍ന്നുവന്നിട്ടള്ള സന്ദേഹങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതായിരിക്കണം ആ മാര്‍ഗദര്‍ശനം. അത്തരമൊരു മാര്‍ഗദര്‍ശനം എവിടെനിന്ന്, എങ്ങനെ മനുഷ്യന് ലഭിക്കും എന്നത് ഒരു വലിയ ചോദ്യമാണ്. ചിലര്‍ ഈ ചോദ്യത്തിന് സ്വന്തമായി ഉത്തരം കണ്ടെത്തി. അങ്ങനെ അവര്‍ ജീവിതത്തിന് സ്വന്തമായ അര്‍ഥങ്ങള്‍ കണ്ടെത്തുകയും സ്വന്തം ജീവിതപാത സ്വയം നിര്‍ണയിച്ചുകൊണ്ട് മുന്നോട്ടുപോയി. എന്നാല്‍ മനുഷ്യബുദ്ധിയില്‍ ഉദിച്ച ഉത്തരങ്ങള്‍ക്കെല്ലാം അവയുടെതായ പരിമിതികള്‍ ഉണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച് മനുഷ്യന്‍ സ്വയം കണ്ടെത്തുന്ന എല്ലാ ഉത്തരങ്ങളും അര്‍ഥങ്ങളും ഇടയ്ക്കുവെച്ച് ശിഥിലായിപ്പോവുകയും മറ്റുചിലപ്പോള്‍ ഉദ്ദേശിക്കാത്ത തകര്‍ച്ചകളില്‍ മനുഷ്യനെ കൊണ്ടെത്തിക്കുകയും ചെയ്തു. മനുഷ്യനിര്‍മിതങ്ങളായ ജീവിത മാര്‍ഗദര്‍ശന പദ്ധതികളിലൂടെ മുന്നോട്ട് നീങ്ങിയവയെല്ലാം ചെന്നെത്തിയത് അനിശ്ചിതത്വങ്ങളുടെ വലിയ ശൂന്യതകളിലാണ് എന്നത് ചരിത്രം മാനവതയ പഠിപ്പിച്ച വലിയൊരു പാഠമാണ്. മനുഷ്യന്‍റെ മാര്‍ഗം അവന്‍തന്നെ തെരഞ്ഞെടുക്കുക അഥവാ ആവിഷ്ക്കരിക്കുക എന്നതിന്‍റെ പ്രായോഗികതയെ നിഷേധിക്കുന്ന യുക്തികള്‍ നിവരവധിയാണ്. ആ യുക്തികള്‍ക്കുമുന്നില്‍ മനുഷ്യനിര്‍മിത ജീവിതനിര്‍വചനങ്ങള്‍ തകര്‍ന്നുപോകുന്നു!

മനുഷ്യന്‍ എന്നും എവിടെയും എക്കാലവും തന്നെക്കുറിച്ചുതന്നെയുള്ള ഒട്ടേറെ സംശയങ്ങളുടെ തടവറയിലായിരിക്കും. സ്ഥലം, കാലം, സമയം, സംഭവങ്ങള്‍ എന്നിവയുടെ ബന്ധനത്തില്‍നിന്ന് മനുഷ്യജീവിക്ക് മുക്തിയില്ല. മനുഷ്യന്‍റെ മനസ്സ് അവനെ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തിയാണ്. സാഹചര്യം, കാലം, സമയം, സന്ദര്‍ഭം, സ്ഥലങ്ങള്‍ എന്നിവയുടെ പരിമിതിയില്‍ നില്‍ക്കുകയും മനസ്സിന്‍റെ ഉപകരണമായിത്തീരുകയും ചെയ്യുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ സംബന്ധിച്ചുതന്നെ പൂര്‍ണമായ ഒരു നിര്‍ണയം സാധ്യമല്ല.

മനുഷ്യബുദ്ധിയുടെ പരിമിതി

അടുത്തനിമിഷം എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലാത്ത മനുഷ്യന്‍ തന്‍റെ ബുദ്ധിയുടെ അടിസ്ഥാനത്തില്‍ തന്നെക്കുറിച്ചുള്ള ഒരു മാര്‍ഗദര്‍ശനം ആവിഷ്കരിക്കുമ്പോള്‍ അത് എത്രയുംവേഗം ശിഥിലീകരിക്കപ്പെട്ടുപോയെന്ന് വരാം. സ്ഥലകാലങ്ങളില്‍ വര്‍ത്തിക്കുക എന്നതില്‍കവിഞ്ഞ് സ്ഥലകാലങ്ങളുടെ നിയന്ത്രണം കൈവശമില്ലാത്ത മനുഷ്യന്‍ ആവിഷ്കരിക്കുന്ന ആശയങ്ങള്‍; അതേതുമാവട്ടെ അവ വിജയിക്കുവാന്‍ സാധ്യതയില്ല. എന്നാല്‍ മനുഷ്യന്‍ നേടിയ വിജയങ്ങളെല്ലാം കാര്യകാരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉപരിപ്ലവ വിജയങ്ങളും ആപേക്ഷികങ്ങളുമാണ്. ഇന്നും ഏത് ശാസ്ത്രമേഖലയിലെയും അവസ്ഥ അതുതന്നെയാണ്. ശാസ്തമേഖലയില്‍ മാത്രമല്ല, ജീവിതത്തിലെ ഓരോ അംശത്തിലും. വിഭവസമൃദ്ധമായ ഒരു വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മനുഷ്യന് അത് തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍, അതില്‍നിന്ന് സന്തോഷത്തോടെ പിരിയാന്‍ സാധിക്കുമെന്ന് യാതൊരുറപ്പുമില്ല. ചുണ്ടോടടുപ്പിച്ച ചഷകം വീണു തകര്‍ന്നുപോകുന്ന കാല്‍പനിക ഭാവനയ്ക്ക് വ്യക്തമായ അനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന ദാര്‍ശനിക സമ്പന്നതയുണ്ട്. ജീവിതമാകുന്ന ചഷകം ഏതുനിമിഷവും വീണ് തകര്‍ന്നുപോയേക്കാം. കാരണം അത് മനുഷ്യന്‍റെ നിയന്ത്രണത്തിലുള്ളതല്ല.

മനുഷ്യമാര്‍ഗദര്‍ശനത്തിന്‍റെ അടിത്തറ മനുഷ്യചിന്തയോ ബുദ്ധിയോ അനുഭവങ്ങളോ ആകാവുന്നതല്ല. മനുഷ്യാതീതമായ ഒരു കേന്ദ്രത്തില്‍നിന്ന് മനുഷ്യന്‍ അവന്‍റെ മാര്‍ഗദര്‍ശനം കണ്ടെത്തുക എന്നതാണ് സ്വാഭാവികമായും ആവശ്യമായിവരുന്നത്. തന്നെ അടുത്തനിമിഷത്തിലേക്ക് നയിക്കാനുള്ള യഥാര്‍ഥ ശേഷി ഉടമയാക്കിയ ഒരു ശക്തിയിലായിരിക്കം മനുഷ്യന്‍ ആശ്രയം കണ്ടെത്തേണ്ടത്. ആ ശക്തി പ്രപഞ്ചസ്രഷ്ടാവല്ലാതെ മറ്റാരുമല്ല.

പ്രത്യയശാസ്ത്രങ്ങള്‍

'സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും'-ഈ ആശയമുള്ള വരികള്‍ പല കവികളും പല കാലങ്ങളിലായി പറഞ്ഞിട്ടുണ്ട്. മനുഷ്യജീവിതത്തിന്‍റെ ദുരന്തമുഖങ്ങളില്‍ ആശ്രയവും അഭയവുമായി വര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രമാണ് മനുഷ്യന്നാവശ്യം എന്ന ആശയം ധ്വനിപ്പിക്കുന്ന വരികളാണിവ. എന്നാല്‍ ഏതൊരു പ്രത്യയശാസ്ത്രത്തിനാണ് മനുഷ്യനെ യഥാര്‍ഥ രീതിയില്‍ സ്നേഹിക്കാനും സമാശ്വസിപ്പിക്കാനും കഴിയുക? മനുഷ്യധിഷണയുടെ സംഭാവനകളും മനുഷ്യകര്‍മത്തിന്‍റെ അംശങ്ങളും കലര്‍ന്നിട്ടുള്ള പ്രത്യയശാസ്ത്രങ്ങളും ചിന്തകളും അവയുടെ പുതുമോടിക്കുശേഷം നിറംമങ്ങിയും കെട്ടടങ്ങിയും കാലത്തിന്‍റെ വിസ്മൃതിയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകുന്നു. മനുഷ്യസ്നേഹത്തിന്‍റെയും മനുഷ്യസാന്ത്വനത്തിന്‍റെയും ആശ്വാസത്തിന്‍റെയും തത്ത്വശാസ്ത്ര വാക്യങ്ങള്‍ ഉരുവിട്ട് കഴിഞ്ഞുപോയ നിരവധി പ്രത്യയശാസ്ത്രങ്ങള്‍ ചരിത്രത്തില്‍ കാണാം. അവയുടെ ഘടനകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുക അവ മനുഷ്യന്‍റെ ഏതെങ്കിലും ചില പ്രത്യേക വിഷയങ്ങളെയോ മേഖലകളെയോ സ്പര്‍ശിക്കുന്നവ മാത്രമായിരിക്കും എന്നാണ്. സാമ്പത്തിക പ്രശ്നങ്ങള്‍, സാമൂഹ്യ പ്രശ്നങ്ങള്‍, ബൗദ്ധികപ്രശ്നങ്ങള്‍, വൈജ്ഞാനിക പ്രശ്നങ്ങള്‍, ആവാസ പരിസരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിങ്ങനെ അവയുടെ പരിധികള്‍ ഹൃസ്വങ്ങളായിരിക്കും. എന്നാല്‍ മനുഷ്യജീവിതത്തില്‍ ആവിര്‍ഭവിക്കുന്ന പ്രശ്നങ്ങള്‍ എല്ലായ്പ്പോഴും ഒരേ സ്വഭാവമുള്ളവയായിരിക്കില്ല. ബഹുവിധ പ്രശ്നങ്ങളായിരിക്കും മനുഷ്യരാശിക്ക് നേരിടേണ്ടിവരുന്നത്. അവ സമഗ്രസ്വഭാവമുള്ളവയായിരിക്കില്ല.

മനുഷ്യനിലെ ദുഃഖങ്ങള്‍ പലപ്പോഴും പലവിധത്തിലായിരിക്കും. സമ്പത്ത് മാത്രമാണ് ദുഃഖത്തിന്‍റെ പ്രതിവിധി എന്ന് ചിന്തിക്കുന്ന വ്യവസ്ഥിതിക്ക് മനുഷ്യന്‍റെ ആത്മീയപ്രതിസന്ധി പരിഹരിക്കാനാവില്ല. സ്ഥിതിസമത്വമാണ് പരിഹാരമെന്ന് ചിന്തിക്കുമ്പോള്‍ വൈയക്തിക പ്രശ്നങ്ങള്‍ ബാക്കിയാവുന്നു. ഇങ്ങനെ മനുഷ്യന്‍ അവന്‍റെ പ്രശ്നങ്ങളെ കണ്ടെത്തുകയും അവയ്ക്ക് പരിഹാരം ആരായുകയും ചെയ്യുന്ന എല്ലാ വ്യവസ്ഥിതികളും സംവിധാനങ്ങളും അപൂര്‍ണങ്ങളായി തുടരുന്നു.

ഒരു പ്രത്യേക സ്ഥലം, കാലം, സമയം, സന്ദര്‍ഭം എന്നിവയുമായും ഒരു പ്രത്യേക അവസ്ഥയുമായും ബന്ധപ്പെട്ട പ്രശ്നപരിഹാര വൃത്തങ്ങള്‍ക്ക് മനുഷ്യരിലെ എല്ലാ പ്രശ്നങ്ങളുടെയും സമഗ്രമായ പരിഹാരകേന്ദ്രമായി ഒരു തത്ത്വത്തെ, ഒരാശയത്തെ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഈ ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകത്ത് എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും തകര്‍ച്ചയുടെ അടിസ്ഥാന കാരണം. മനുഷ്യന്‍റെ സ്ഥിതിഗതികളില്‍ വരുന്ന മാറ്റം, അവന്‍റെ ആന്തരികവും ബാഹ്യവുമായ മേഖലകളിലെ ഏറ്റവ്യത്യാസങ്ങള്‍ എന്നിവയൊക്കെയും ഒരു പ്രത്യയശാസ്ത്രത്തിന്‍റെ കാര്യക്ഷമത നിര്‍ണയിക്കുന്ന തില്‍ പരിഗണിക്കേണ്ടിവരുന്ന ഘട്ടങ്ങളാണ്. അത്തരം ഘട്ടങ്ങളിലെല്ലാം ശിഥിലീകരിക്കപ്പെടാതെയും ഊര്‍ജനഷ്ടം സംഭവിക്കാതെയും നിലനില്‍ക്കുവാന്‍ കഴിയേണ്ടതുണ്ട്.

മാനവചരിത്രം മണ്ണടിഞ്ഞുപോയ പ്രത്യയശാസ്ത്രങ്ങളുടെ ഒരു ശവപ്പറമ്പ് കൂടിയാണ്. ചിലവയുടെ അസ്ഥികളും മറ്റും ഇന്നും കാണാം. ചിലവ വിസ്മൃതിയുടെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങിപ്പോയിരിക്കുന്നു. ആവിര്‍ഭാവകാലത്ത് 'വസന്തത്തിന്‍റെ വരവറിയിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍' എന്ന് വാഴ്ത്തപ്പെട്ടവ പിന്നീട് മനുഷ്യചരിത്രത്തിലെ കൊടുംവേനലുകള്‍ സമ്മാനിച്ചുപോയിട്ടുണ്ട്. പുതിയ പ്രതീക്ഷകള്‍ നല്‍കി ആവിര്‍ഭവിച്ച ചിന്താധാരകള്‍ കാലത്തിന്‍റെ അനിര്‍വചനീയങ്ങളായ ഗതിമാറ്റങ്ങളില്‍ അടിപതറിവീണ് ചിതറിത്തെറിച്ചു പോയിട്ടുണ്ട്. വിപ്ലവത്തിന്‍റെ പടഹധ്വനി ഉയര്‍ത്തി കടന്നുവന്നവ വിലാപത്തിന്‍റെ നേര്‍ത്ത ശബ്ദങ്ങളായി കെട്ടടങ്ങിയിട്ടുണ്ട്. കൊടുങ്കാറ്റിന്‍റെ വേഗതയോടെ കടന്നുവന്നവ നേര്‍ത്ത ചലനംപോലും ശേഷിപ്പിക്കാതെ വിദൂരതയില്‍ ലയിച്ചുപോയിട്ടുണ്ട്. വെള്ളിവെളിച്ചം പകര്‍ന്ന് കടന്നുവന്നവ തമസ്സിന്‍റെ മഹാഗര്‍ത്തങ്ങളിലേക്ക് വീണുപോയിട്ടുണ്ട്. അങ്ങനെ എത്രയെത്ര തകര്‍ച്ചകള്‍!

മനുഷ്യന്‍: നിര്‍വചനങ്ങള്‍

മനുഷ്യനെ നിര്‍വചിക്കുവാന്‍ പല പ്രത്യയശാസ്ത്രങ്ങളും ചിന്തകരും പരിശ്രമിച്ചിട്ടുണ്ട്. ബുദ്ധി, ചിന്ത, വിവേകം, കര്‍മം, യുക്തി, സൃഷ്ടിപരത, ഭാവന, സൗന്ദര്യബോധം, ആത്മീയത, മാനുഷികത എന്നിത്യാദി വിവിധ വശങ്ങളെ അടിസ്ഥാനമാക്കിയാണ് മനുഷ്യനിര്‍വചനങ്ങള്‍ ഉണ്ടാട്ടുള്ളത്. ചിന്തിക്കുന്ന മൃഗം, ചിരിക്കുന്ന ജീവി എന്നിങ്ങനെയുള്ളവയൊക്കെ അത്തരം നിര്‍വചനങ്ങളില്‍ ചിലത് മാത്രമാണ്. മനുഷ്യനെ അവന്‍റെ ബാഹ്യവും ആന്തരികവുമായ ഘടകങ്ങളും സ്വഭാവങ്ങളും പരിഗണിച്ച് നിര്‍വചിക്കുകയും ആ നിര്‍വചനം എക്കാലത്തേക്കും ബാധകമായിരിക്കുകയും ചെയ്യുന്ന അനുഭവം ഇത്തരം നിര്‍വചന ശ്രമങ്ങളില്‍നിന്ന് ഇതുവരെയും ഉരുത്തിരിഞ്ഞുവന്നിട്ടില്ല. എന്നാല്‍ മനുഷ്യനില്‍ സ്വാഭാവികമായ ഒരു നിര്‍വചനം അന്തര്‍ലീനമായികിടക്കുന്നുണ്ട്. സ്രഷ്ടാവിന്‍റെ സൃഷ്ടി, ഒരു മഹാശക്തിയുടെ ദാസന്‍ എന്നതാണാ നിര്‍വചനത്തിന്‍റെ അടിസ്ഥാനതലം. ഇത് തിരിച്ചറിയുവാന്‍ കഴിയുക എന്നതാണ് മനുഷ്യന് അവനെ കണ്ടെത്തുവാനുള്ള ഏകമാര്‍ഗം. മനുഷ്യനില്‍ അവനു തന്നെയും ദുര്‍ഗ്രഹങ്ങളായ നിരവധി ഘടകങ്ങളും അവസ്ഥകളും ഉള്‍ച്ചേര്‍ന്നുകിടക്കുന്നതിനാല്‍ ഏറ്റവും യുക്തിഭദ്രമായ നിര്‍വചനം മേല്‍പറഞ്ഞതുതന്നെയാണ്. ഒരുകാലത്തും മാറ്റംവരാത്തതും ശാശ്വതമായ സത്യമായിരിക്കുന്നതും മനുഷ്യന്‍റെ ഏതവസ്ഥകളിലും പാകമായിട്ടുള്ളതുമായ വേറെ ഏതൊരു നിര്‍വചനമാണുള്ളത്? ചിന്തിക്കുന്ന മൃഗം ചിപ്പോള്‍ ചിന്താശൂന്യനാകുന്നു. ചിരിക്കുന്ന മൃഗം ചിലപ്പോള്‍ നിലവിളിച്ച് കരയുന്നു. എന്നാല്‍ ഈ സ്ഥിതിയിലൊന്നും അവന്‍ സ്രഷ്ടാവിന്‍റെ സൃഷ്ടിയല്ലാതാകുന്നില്ല; അവന്‍റെ ദാസനല്ലാതാകുന്നില്ല. ഏതവസ്ഥയിലും ഉപകാരപ്പെടുന്ന ഒരു തത്ത്വശാസ്ത്രംആ നിര്‍വചനത്തിലുണ്ട്. ചിരിക്കാന്‍ കഴിയുമ്പോഴും കഴിയാത്തപ്പോഴും ചിന്തിക്കാന്‍ കഴിയുമ്പോഴും കഴിയാത്തപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഒരു അധീശശക്തി തനിക്ക് ആശ്രയമായുണ്ട് എന്ന പ്രത്യാശയാണ് ആ തത്ത്വശാസ്ത്രം.

ലക്ഷ്യം തേടി

എന്താണ് ജീവിതം, എന്താണ് ജീവിതത്തിന്‍റെ അര്‍ഥവും ലക്ഷ്യവും, എവിടേക്കാണ് ജീവിതത്തിന്‍റെ ഗതിയും പ്രവാഹവും എന്നിത്യാദി കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ മനുഷ്യരാശിയുടെ ഇടയില്‍ എക്കാലത്തും നടന്നിട്ടുണ്ട്. ഏതെങ്കിലുമൊരു ജീവിതദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ള ആരായലുകളും അന്വേഷണങ്ങളും എന്ന നിലയില്‍ മാത്രമല്ല, പ്രത്യേകിച്ച് ഒരു ചട്ടക്കൂടിന്‍റെയും സഹായമില്ലാതെയും ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ ചിന്തകളും അന്വേഷണങ്ങളും നടന്നുകൊണ്ടിരുന്നതായി കാണാം. മനുഷ്യന്‍ ഭൗതികജീവിതത്തിന്‍റെ വ്യാപൃതിയിലും വിധേയത്വത്തിലും ആഴ്ന്നിരിക്കവേതന്നെ അവന്‍റെയുള്ളില്‍ ജീവിതത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് അനുഭവം. തന്‍റെ ജീവിതം നീങ്ങുന്നത് ശരിയായ ദിശയിലാണ് എന്ന പരിശോധനയോടൊപ്പമാണ് ഇത്തരം സംശയങ്ങളും പുനരാലോചനകളും സംഭവിക്കുന്നതെങ്കില്‍ അതുകൊണ്ട് ജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും. മറിച്ച് ഭൗതിക വിധേയത്വത്തിന്‍റെയും സുഖലോലുപതക്ക് മുന്‍തൂക്കം നല്‍കുന്ന ജീവിത ദര്‍ശനത്തിന്‍റെയും അടിമയായി നിന്നുകൊണ്ടുള്ള ഉപരിതലസ്പര്‍ശിയായ ആലോചനകളാണ് അവയെങ്കില്‍ അവ നിഷ്ഫലമായിത്തീരുകയും ചെയ്യും.

നഗരവല്‍കൃതവും ആന്തരികവുമായ ജീവിതം അതിന്‍റെ ഉപരിതല സൗന്ദര്യത്തിനകത്ത് കനത്ത അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണിന്ന്. രാപ്പകലുകള്‍ വ്യത്യാസമില്ലാതെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന നഗരജീവിതത്തിന്‍റെയും ആധുനിക ഉപഭോഗങ്ങളുടെയും തൃഷ്ണകള്‍ കെട്ടടങ്ങുന്നില്ല. എന്നാല്‍ ജീവിതത്തിന്‍റെ ആഴങ്ങളിലേക്ക് തിരിഞ്ഞുനോക്കാനുള്ള ചില പ്രേരണകളെങ്കിലും ആധുനിക മനുഷ്യന് അവന്‍റെ യാന്ത്രിക ജീവിതത്തിനിടയില്‍ ഉണ്ടാകുന്നുണ്ട്. അവയാകട്ടെ വ്യര്‍ഥങ്ങളായ ആലോചനകളില്‍ ഒടുങ്ങുകയും വ്യക്തമായ ആദര്‍ശങ്ങളുടെയോ ലക്ഷ്യങ്ങളുടെയോ ഫലം നല്‍കാനാവാതെ അവസാനിക്കുകയും ചെയ്യുന്നതായാണ് അനുഭവം. ഇത്തരം അന്വേഷണങ്ങളെ തോന്നലുകള്‍ എന്നുമാത്രമെ വിളിക്കാനാവൂ. അവ കൃത്യമായ ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുന്നില്ല എന്നതുതന്നെ കാരണം.

ദര്‍ശനങ്ങള്‍

പാശ്ചാത്യവും പൗരസ്ത്യവുമായ നിരവധി ദര്‍ശനങ്ങള്‍ മാനവരാശിയുടെ ചരിത്രത്തില്‍ ഇടപെടുകയുണ്ടായിട്ടുണ്ട്. ജീവിതത്തിന്‍റെ സൗന്ദര്യാത്മക ഘടകങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ആശയങ്ങള്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടുന്നവയാണ് ദര്‍ശനങ്ങള്‍. ഏതൊരു ദര്‍ശനത്തിന്‍റെയും കാതല്‍ ജീവിതത്തെ ഒരു പുതിയ സൗന്ദര്യചിന്തയുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുക എന്നതായിരിക്കും. ജീവിതത്തെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നവയാണ് ദര്‍ശനങ്ങള്‍. മതബാഹ്യദര്‍ശനങ്ങള്‍ക്ക് എക്കാലത്തും മനുഷ്യരെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അസ്തിത്വവാദം, സൂക്ഷ്മഭൗതികവാദം, മാനവവാദം തുടങ്ങിയ പല ദര്‍ശനങ്ങളും കഴിഞ്ഞ നാലു നൂറ്റാണ്ടുകള്‍ക്കിടയില്‍ മനുഷ്യജീവിതം, നിലനില്‍പ്പ്, ഭാവി എന്നിത്യാദി വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭൗതിക തൃഷ്ണകളുടെയും വൈകാരിക സമ്മര്‍ദങ്ങളുടെയും ഇടയ്ക്ക് മനുഷ്യജീവിതത്തിന്‍റെ അര്‍ഥം കണ്ടെത്തുവാന്‍ നടത്തിയ ഉപരിതല പരിശ്രമങ്ങള്‍ എന്ന നിലയിലാണ് ഇവയുടെയെല്ലാം പരാജയം സംഭവിച്ചത്.

മനുഷ്യനെ ഭൗതികമായ പരികല്‍പനകള്‍ക്കകത്ത് തളച്ചിട്ടുകൊണ്ടുതന്നെ അവനിലെ യാഥാര്‍ഥ്യത്തെ ആരായുകയാണ് സത്താവാദമെന്ന് വിവക്ഷിക്കപ്പെട്ട ഭൗതികദര്‍ശനം ചെയ്തത്. അതീതമാനവനും സ്വാഭാവിക ജീവിയുമായ വൈരുധ്യസ്വഭാവമുള്ള മനുഷ്യനെ ആവിഷ്കരിക്കുവാനാണ് പാശ്ചാത്യര്‍ ആവിഷ്കരിച്ച ചില ആത്മീയ ദര്‍ശനങ്ങള്‍ ശ്രമിച്ചത്. 'ആത്യന്തികമായ ഉണ്‍മയുമായുള്ള മനുഷ്യസത്തയുടെ ഏകത്വാനുഭാവം' തുടങ്ങി, ആധ്യാത്മികതക്ക് ചില പാശ്ചാത്യര്‍ നല്‍കിയ നിര്‍വചനങ്ങള്‍ അത്യധികം വൈരുധ്യങ്ങള്‍ നിറഞ്ഞതും ജുഗുപ്സാവഹങ്ങളുമായിരുന്നു. സ്രഷ്ടാവ്-സൃഷ്ടി ബന്ധത്തിന്‍റെ വൈവിധ്യവശങ്ങളിലേക്ക് ശരിയാംവിധം കടന്നുചെല്ലുവാന്‍ കഴിയാത്തതിന്‍റെ വിഷമതകളില്‍നിന്നും ഉരുത്തിരിഞ്ഞ അവ്യക്തതകളും ജല്‍പനങ്ങളുമായിരുന്നു ഇത്തരം ദര്‍ശനങ്ങളുടെ ഘടനയെ നിര്‍ണയിച്ചുകൊണ്ടിരുന്നത്. മനുഷ്യജീവിതത്തില്‍ ആവശ്യമായ മാര്‍ഗദര്‍ശനങ്ങള്‍ നല്‍കുവാന്‍ അവയ്ക്ക് കഴിയുമായിരുന്നില്ല.

സാഹിത്യവും ജീവിതവും

വിവര സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ സാഹിത്യവുമായുള്ള മനുഷ്യരാശിയുടെ ബന്ധം ഒരല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കപ്പെട്ട സത്യങ്ങളും ജീവിതാന്വേഷണങ്ങളും ഇന്നും മാനരാശിക്ക് വഴികാട്ടുന്നുണ്ട്. ഇന്‍റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ജീവിതത്തിന്‍റെ അനിവാര്യഘടകമായി മാറിയതോടെ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള വിജ്ഞാനകൈമാറ്റം വിപുലമായി. മനുഷ്യരാശിയുടെ വിജ്ഞാനവും ചിന്തയും വ്യാപിപ്പിക്കുകയും അവയുടെ ഫലങ്ങള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നതില്‍ അക്ഷരങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍, അന്വേഷണങ്ങള്‍, ആരായലുകള്‍, ആവിഷ്കാരങ്ങള്‍ എന്നിവയ്ക്കും അക്ഷരങ്ങള്‍ മാധ്യമങ്ങളായിത്തീര്‍ന്നിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഷകളിലും സാഹിത്യ കൃതികളിലുമായി വ്യാപിച്ചുകിടക്കുന്ന മനുഷ്യജീവിതത്തിന്‍റെ വൈവിധ്യ പൂര്‍ണങ്ങളായ ആവിഷ്കാരങ്ങള്‍, ഒരുവശത്ത് ജീവിതത്തെ അന്വേഷണാത്മകമായി സമീപിക്കുമ്പോള്‍ മറുവശത്ത് നിഷേധാത്മകമായ സമീപനമാണ് പ്രകടിപ്പിച്ചുവന്നത്. ജീവിതത്തിന് അര്‍ഥം കാണുന്നവയും ജീവിതത്തിന് യാതൊരു അര്‍ഥവുമില്ലെന്ന് പ്രഖ്യാപിക്കുന്നവയും ജീവിതത്തിന് ഒരര്‍ഥം കണ്ടെത്താം എന്ന സാധ്യത ആവര്‍ത്തിക്കുന്നവയും ജീവിതം ലക്ഷ്യാധിഷ്ഠിതമായ ഒരു സൃഷ്ടിയാണ് എന്ന് വെട്ടിത്തുറന്ന് പറയുന്നവയുമുണ്ട് അവയില്‍. വിവിധ കഥകളും കഥാപാത്രങ്ങളും ജീവിത സന്ദര്‍ഭങ്ങളുമായി വ്യാപിച്ചുകിടക്കുന്ന ലോകഭാഷകളിലെ മനുഷ്യജീവിത കഥനങ്ങള്‍ പരിശോധിച്ചാല്‍ നന്മതിന്മകള്‍ കൂടിക്കലര്‍ന്ന ഒരു വലിയ ലോകമാണ് കണ്ടെത്തുവാന്‍ കഴിയുക. ജീവിതത്തെ അതര്‍ഹിക്കുന്ന നിലയില്‍ ആവിഷ്കരിക്കുവാന്‍ കഴിയുന്ന ഒരു സാഹിത്യം മനുഷ്യസംഭാവന എന്ന നിലയില്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. സഹസ്രകോടി മനുഷ്യ ജീവിതങ്ങളുടെ  ഭിന്നങ്ങളായ അനുഭവങ്ങള്‍ എഴുതി നിറക്കുന്ന സാഹിത്യങ്ങള്‍ ജീവിതത്തിന്‍റെ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിജയിച്ചിരിക്കാം. എന്നാല്‍, ജീവിതത്തിന് അര്‍ഥവും വ്യാപ്തിയും നല്‍കുകയും ജീവിതത്തെ ക്രിയാത്മകമായി സമീപിക്കുകയും ഭൗതികവും ആത്മീയവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നതില്‍ അവയത്രയും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഓരോ മനുഷ്യജീവിതവും അതിന്‍റെ ഉള്ളടക്കത്തില്‍ സ്വയം ഓരോ ഗ്രന്ഥമാണ് എന്നത് വിസ്മരിക്കാവുന്ന കാര്യമല്ല.

വേദഗ്രന്ഥങ്ങള്‍

ലോകത്ത് വിവിധ മതങ്ങളുണ്ട്. അവ അംഗീകരിക്കുന്ന വേദഗ്രന്ഥങ്ങളുമുണ്ട്. എന്നാല്‍മനുഷ്യജീവിതത്തിന് വ്യക്തമായ ഒരു ഘടനയും പദ്ധതിയും ലക്ഷ്യാധിഷ്ഠിതമായ മാര്‍ഗവും നല്‍കുന്ന കാര്യത്തില്‍ എത്രവേദങ്ങള്‍ എന്തൊക്കെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട് എന്ന് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മനുഷ്യന് ഗുണങ്ങളായവ വളരെ പരിമിതമാണ് എന്നാണ്. മനുഷ്യകരങ്ങളുടെ ഇടപെടലുകള്‍ മൂലം ജീവിതത്തിന്‍റെ വൈവിധ്യാധിഷ്ഠിത മുഖങ്ങള്‍ ആവിഷ്കരിക്കുന്ന നിരവധി സാഹിത്യങ്ങള്‍പോലെത്തന്നെ ചില വേദങ്ങളും അവയുടെ അവ്യക്തങ്ങളായ ആശയാവിഷ്കാരങ്ങള്‍ കൊണ്ട് മാനവരാശിയെ ലക്ഷ്യബോധമില്ലായ്മയില്‍ അകപ്പെടുത്തിയതായി കാണാം. എന്നാല്‍ ക്വുര്‍ആന്‍ ജീവിതത്തെ വളരെ ഗൗരവപൂര്‍വം പരിഗണിക്കുകയും ജീവിതത്തിന് വ്യക്തമായ ലക്ഷ്യം ചൂണ്ടിക്കാണിക്കുകയും ആ ലക്ഷ്യത്തിലേക്കുള്ള ഋജുവായ മാര്‍ഗം ഏതെന്ന് സംശയാതീതമായി വെളിപ്പെടുത്തുകയും ചെയ്യുന്നു.

"തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)"(ക്വുര്‍ആന്‍ 17:9,10).

ഇസ്ലാമിന്‍റെ മാര്‍ഗദര്‍ശനം

ഇസ്ലാം എല്ലാ അര്‍ഥത്തിലും ജീവിതലക്ഷ്യം പകര്‍ന്നുനല്‍കുന്നു. ഏകനായ സ്രഷ്ടാവിലുള്ള വിശ്വാസമാണ് അതിന്‍റെ ആദ്യപടി. ഇസ്ലാം വിശ്വാസത്തെ സവിശേഷമായ ഒരു അറിവും അനുഭവവുമാക്കുന്നു. സ്രഷ്ടാവില്‍ വിശ്വസിക്കുമ്പോള്‍ ആ സ്രഷ്ടാവിന്‍റെ മാര്‍ഗദര്‍ശനം ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടത് ആവശ്യമാണ്. അതിലൂടെയാണ് ജീവിതത്തിന്‍റെ യഥാര്‍ഥ ലക്ഷ്യം സഫലീകരുക്കുവാന്‍ സാധിക്കുക. സ്രഷ്ടാവിന്‍റെ താല്‍പര്യപ്രകാരമുള്ള ജീവിതം നയിക്കുകയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്‍റെ അടിത്തറ.

"...എന്‍റെ പക്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്‍റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല" (ക്വുര്‍ആന്‍ 2:28).

"നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ" (ക്വുര്‍ആന്‍ 7:3).

ജീവിതം അതിന്‍റെ ദിശയിലും വിശ്വാസം അതിന്‍റെ ദിശയിലും നീങ്ങുകയും ജീവിതത്തെ സ്വാധീനിക്കുന്ന രൂപത്തില്‍ വിശ്വാസം ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല. വ്യക്തിയുടെ ജീവിതത്തില്‍ സമൂലമായി  സ്വാധീനം ചെലുത്തുകയും വാക്കുകളെയും വികാരങ്ങളെയും വിചാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകമായി വിശ്വാസം മാറേണ്ടതുണ്ട്. കര്‍മങ്ങളിലേക്കുള്ള പ്രേരണകള്‍ വിശ്വാസത്തില്‍നിന്നും ലഭിച്ചില്ലെങ്കില്‍ വിശ്വാസം കേവലം മാനസികമായ പ്രവൃത്തി മാത്രമായിത്തീരും. അതുകൊണ്ടാണ് 'വിശ്വസിച്ചവരും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും' എന്ന് വിശുദ്ധ ക്വുര്‍ആന്‍ പലയിടങ്ങളില്‍ പറഞ്ഞത്.

"നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെത്തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്നപക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍" (ക്വുര്‍ആന്‍ 24:55).

സ്രഷ്ടാവിന്‍റെ വിധിവിലക്കുകളും കല്‍പനകളും നിഷേധങ്ങളും മനുഷ്യജീവിതത്തെ നിയന്ത്രിക്കുകയും സംസ്കരിക്കുകയും പരിപാലിക്കുകയും അര്‍ഥവത്തായ ജീവിത വിനിയോഗത്തിന് പ്രാപ്തമാക്കുകയും പാഴായിപ്പോകുന്നതില്‍നിന്ന് ജീവിതത്തെയും അതിലെ ഓരോ നിമിഷത്തെയും പ്രതിരോധിക്കുകയും ചെയ്യുന്നു.  

ഭൗതിക ജീവിതവീക്ഷണങ്ങളുടെ ഹൃസ്വമായ ജീവിതസങ്കല്‍പങ്ങളെ നിരാകരിക്കുന്ന ഒന്നാണ് ഇസ്ലാമിന്‍റെ പരലോക വീക്ഷണം. ശരാശരി അറുപതോ എഴുപതോ വര്‍ഷങ്ങള്‍ നീളുന്ന ആധുനിക മനുഷ്യന്‍റെ ഭൗതികജീവിതത്തെ അതിന്‍റെ ഹൃസ്വതയില്‍ തന്നെ ആസ്വാദ്യമാക്കിത്തീര്‍ക്കാനാണ് ഭൗതികവാദികളുടെ മോഹം. അതേസമയം പരലോകവിശ്വാസം ഒരനിവാര്യഘടകമായി പഠിപ്പിക്കുന്ന ഇസ്ലാം മനുഷ്യജീവിതം അതിന്‍റെ ഭൗതികമായ ഹൃസ്വതയ്ക്കപ്പുറം പാരത്രിക ലോകത്ത് അനന്തമായി നീണ്ടുകിടക്കുന്നു എന്ന് വ്യക്തമാക്കുന്നു.