ജീവവായുവിന് കേഴുന്ന ഇന്ത്യ

നബീല്‍ പയ്യോളി

2021 മെയ് 01 1442 റമദാന്‍ 19
മനഃസാക്ഷിയുള്ള ഏതൊരാളുടെയും ഹൃദയം പിളര്‍ക്കുന്ന വാര്‍ത്തകളാണ് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ജീവന്റെതുടിപ്പ് നിലനിര്‍ത്താനായി മനുഷ്യര്‍ പരസ്പരം കടിപിടികൂടുന്ന സ്ഥിതിയിലേക്ക് രാജ്യമെത്തിയിരിക്കുന്നു! നാടിനെ ഈ അധോഗതിയിലേക്ക് തള്ളിവിട്ടത് ജനങ്ങളുടെ അവിവേകമോ ഭരണത്തലവന്മാരുടെ കെടുകാര്യസ്ഥതയോ?

മഹാമാരിയുടെ രണ്ടാംവരവില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. ഒന്നാം തരംഗത്തില്‍ യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നും അടക്കം നമ്മള്‍ കേട്ട വാര്‍ത്തകളും ദുരന്ത ചിത്രങ്ങളും ഇന്ന് ഇന്ത്യയുടെ തെരുവോരങ്ങളില്‍ നിന്നുമാണെന്നത് നാമേവരെയും അമ്പരപ്പിക്കുന്നു. ഒരു വര്‍ഷത്തിലധികം സമയമുണ്ടായിട്ടും വിദഗ്‌ധോപദേശങ്ങളും മുന്നറിയിപ്പുകളും വേണ്ടുവോളം ലഭിച്ചിട്ടും ഇത്തരമൊരു ദുരന്തത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുതന്നെയാണ്. സ്വന്തം ജനതയോട് ഒട്ടും കൂറുപുലര്‍ത്താതെ അധികാരം വെട്ടിപ്പിടിക്കാനും നിലനിര്‍ത്താനും സാമ്പത്തികലാഭത്തിനും വേണ്ടി മാത്രം നിലകൊള്ളുന്ന, മനുഷ്യത്വം മരവിച്ച ഭരണാധികാരികള്‍ തങ്ങളുടെ ജനതക്ക് സമ്മാനിച്ച ദുരന്തമാണിതെന്ന് പറയാതെ വയ്യ. കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനുതാഴെ ഡല്‍ഹിയിലെ ആശുപത്രികളിലും തെരുവീഥികളിലും ജീവവായുവിനായി ഉയരുന്ന നിലവിളികള്‍ ഇനിയും നമ്മുടെ ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കില്ലേ? കോവിഡിനെതിരെ വിജയം നേടിയെന്ന വീരവാദം മുഴക്കുകയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സര്‍ക്കാരും സംഘപരിവാറും അവരെ അനുകൂലിക്കുന്നവരും. ഇന്നിതാ ലോകത്തിന് മുമ്പില്‍ തലകുനിക്കുംവിധം രാജ്യം ജീവവായുവിനു വേണ്ടി കേഴുന്നു! ജീവന്‍ നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളെ ശ്മശാനങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. രാജ്യം എരിഞ്ഞുതീരുന്ന കാഴ്ച മനഃസാക്ഷിയുള്ള ഏതൊരാളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. ഇത്തരം വാര്‍ത്തകളും വീഡിയോകളുമെല്ലാം നമ്മെ വല്ലാതെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

എന്തെടുക്കുകയായിരുന്നു കേന്ദ്രം ഇത്രനാളും എന്ന ചോദ്യത്തിനുള്ള ഉത്തരം അവരുടെ അധികാര കേന്ദ്രങ്ങള്‍ വിപുലപ്പെടുത്തുകയും ജനാധിപത്യ സംവിധാനങ്ങളെ തകിടംമറിക്കാന്‍ കോപ്പ് കൂട്ടുകയുമായിരുന്നു എന്നാണ്. പോണ്ടിച്ചേരി സര്‍ക്കാരിനെ അട്ടിമറിച്ചു, ബംഗാളില്‍ ഭരണം പിടിക്കാന്‍ സര്‍വ കുതന്ത്രങ്ങളും പയറ്റി, ഡല്‍ഹി സര്‍ക്കാറിന്റെ മുഴുവന്‍ അധികാരങ്ങളും കൈക്കലാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. രാജ്യം ദുരന്തമുഖത്ത് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ നമ്മുടെ ഭരണനേതൃത്വം ഇത്തരം തിരക്കിലായിരുന്നു. മഹാമാരിയുടെ ഇരകളായ, രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയുടെ സങ്കടങ്ങള്‍ക്ക് ചെവികൊടുക്കാന്‍ അവര്‍ക്ക് നേരമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ആദ്യം തുടങ്ങിയ കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കി. തുടക്കത്തില്‍ എല്ലാവരും ഒന്ന് പകച്ചുനിന്നെങ്കിലും തങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവനെടുക്കുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ ചടുലമായ നീക്കങ്ങളും നടപടികളുമായി മുന്നോട്ടു പോയി. ലോകം മുഴുവന്‍ സ്തംഭിച്ച നാളുകളില്‍ ഭക്ഷണവും ചികിത്സയും ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടു. നമ്മുടെ രാജ്യം പാത്രംകൊട്ടിയും ലൈറ്റണച്ചും ഗോമൂത്രത്തിന്റെ മാഹാത്മ്യം പറഞ്ഞും ദുരന്തമുഖത്തെ ഇരകള്‍ക്ക് നേരെ കൊഞ്ഞനംകുത്തുന്ന കാഴ്ചയാണ് നാം കണ്ടത്.  

വാക്‌സിന്‍ നയത്തിലെ കൊള്ളരുതായ്മകള്‍

വാക്‌സിനാണ് കോവിഡ് പ്രതിരോധത്തിലെ ഏറ്റവും പ്രധാന ആയുധം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യലോകം പറയുന്നത്. ലോകരാജ്യങ്ങള്‍ പലതും അതിന് നേര്‍സാക്ഷിയുമാണ്. തങ്ങളുടെ രാജ്യത്തെ മുഴുവന്‍ ജനതക്കും സ്വദേശി, വിദേശി വ്യത്യാസമില്ലാതെ വാക്‌സിന്‍ ലഭ്യമാക്കുവാന്‍ ലോകത്തെ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തിയത് അതാണ് പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കാനുള്ള വഴി എന്ന തിരിച്ചറിവുകൊണ്ട്തന്നെയാണ്. സ്വന്തം രാജ്യത്ത് വാക്‌സിന്‍ ഉല്‍പാദനം നടത്താത്ത രാജ്യങ്ങള്‍ വാക്‌സില്‍ ലഭ്യമായ ഇടങ്ങളില്‍നിന്നും വാങ്ങി തങ്ങളുടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യ അതിനെ സ്വകാര്യ കമ്പനികള്‍ക്ക് ലാഭം നേടിക്കൊടുക്കാനുള്ള വഴിയായി കണ്ടു. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ ഉല്‍പാദനം ഉറപ്പുവരുത്താതെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിഅയക്കാന്‍ അവര്‍ ധൃതികാണിച്ചു. മാര്‍ച്ച് അവസാനം മുതല്‍ സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

കോവിഡ് കാലഘട്ടത്തിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനം എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ എന്നതായിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഏകദേശം അവസാനിക്കുമ്പോള്‍ ആ വാഗ്ദാനങ്ങള്‍ അവര്‍ മറന്നമട്ടാണ്. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും വ്യത്യസ്ത വിലയ്ക്കാണ് കമ്പനികള്‍ വാക്‌സിന് വില്‍ക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറ്റൊരു വിലയും! രാജ്യത്തിന് പുറത്തേക്ക് വാക്‌സിന്‍ കയറ്റി അയച്ചപ്പോള്‍ ഈടാക്കിയതിനെക്കാള്‍ കൂടിയ വിലയ്ക്കാണ് സ്വന്തം രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍ക്കുന്നത്. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍, സൗദി, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങള്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് കോവിഷീല്‍ഡ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. എന്തൊരു ക്രൂരതയാണിത്! കോവിഷീല്‍ഡ് നിര്‍മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനമാണ്. സംസ്ഥാനങ്ങള്‍ക്ക് ഡോസ് ഒന്നിന് 400 രൂപ, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 600 രൂപ, കേന്ദ്രസര്‍ക്കാരിന് ഡോസ് ഒന്നിന് 150 രൂപ എന്ന തോതിലാണ് ലഭ്യമാകുന്നത്. സിറം ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്വകാര്യ സ്ഥാപനം ലാഭമടക്കം 150 രൂപക്ക് കേന്ദ്ര സര്‍ക്കാരിന് വില്‍ക്കുന്ന വാക്‌സിന് സംസ്ഥാന സര്‍ക്കാരുകള്‍ ഇരട്ടിയിലധികം ലാഭം നല്‍കണം എന്ന് തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണ്? സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുക എന്ന, ജനവിരുദ്ധഭരണകൂടത്തിന്റെ നയമാണ് ഈ ദുരന്ത സന്ദര്‍ഭത്തിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ ഏറ്റവും കൂടിയ വിലയ്ക്ക് ഇന്ത്യക്കാര്‍ തന്നെ വാങ്ങുന്ന 'അച്ഛാദിന്‍' ആണ് മോദിയും സംഘപരിവാറും വാഗ്ദാനം നല്‍കുന്നത്!

ദുരന്ത കാലത്ത്, നിര്‍ദാക്ഷിണ്യം പെട്രോള്‍ വില കൂട്ടുന്ന സ്വകാര്യകമ്പനികളെ പോലെ വാക്‌സിന്‍ കമ്പനികള്‍ പെരുമാറുമോ എന്ന് കാത്തിരുന്ന് കാണാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യത്യസ്ത വില നിശ്ചയിക്കുകയും വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ച് കൈകഴുകുകയാണ് കേന്ദ്ര സര്‍ക്കാര്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാജ്യത്തെ പൗരന്മാരുടെ ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുതന്നെയാണെന്ന് പ്രഖ്യാപിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരും സ്വകാര്യസ്ഥാപനങ്ങളും നിര്‍വഹിക്കുമ്പോള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള വാക്‌സിന് പണം കണ്ടെത്തേണ്ടിയിരിക്കുന്നു. കോവിഡ് വിതച്ച പട്ടിണിയും കൂടിയാകുമ്പോള്‍ രാജ്യത്തിന്റെ തെരുവീഥികളെ കാത്തിരിക്കുന്നത് നിശ്ചലമായ മനുഷ്യശരീരങ്ങളായിരിക്കും. അവ എരിഞ്ഞുതീരുന്നതിന്റെ ഇരുണ്ട പുകയും ദുര്‍ഗന്ധവുമായിരിക്കാം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

18 മുതല്‍ 45 വയസ്സുവരെയുള്ള, രാജ്യത്തെ 75 ശതമാനത്തോളംവരുന്ന ജനതക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായം കോവിഡ് പ്രതിരോധ പ്രവര്‍ത്തനരംഗത്ത് ഉണ്ടാവില്ല എന്നതാണ് പുതിയ വാക്‌സിന്‍ നയം സൂചിപ്പിക്കുന്നത്. അനിവാര്യമായും വാക്‌സിന്‍ ലഭിക്കേണ്ട കുറഞ്ഞ ശതമാനം ആളുകള്‍ക്ക് അത് നല്‍കി തങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാണ് കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേവലം കാഴ്ചക്കാരുടെ മാനസികാവസ്ഥയിലാണ് മോദിയും കൂട്ടരും. രാജ്യത്തിന്റെ ജീവനാഡിയാണ് യുവാക്കള്‍. അവരുടെ വിഭവശേഷിയാണ് രാജ്യത്തിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കേണ്ടതും. രാജ്യം അടച്ചിടുക എന്ന, തികച്ചും അപ്രായോഗികവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത നടപടികള്‍ അടക്കം രാജ്യത്തെ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കിയിരിക്കുന്നു. പട്ടിണിയിലാണ് നിന്ന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലധികവും. അവര്‍ക്ക് പണം എത്തിക്കാനും ആവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനുമുള്ള പദ്ധതികള്‍ പലതും പാഴ്‌വാഗ്ദാനങ്ങളായി മാറി. പ്രതിപക്ഷവും രാജ്യത്തെ വിവരമുള്ളവരും പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കാതെ ഏകാധിപത്യത്തിന്റെ അപ്പോസ്തലന്മാര്‍ നടപ്പിലാക്കിയ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ നട്ടെല്ലൊടിച്ച സാഹചര്യംകൂടി ചേര്‍ത്താണ് വാക്‌സിന്‍ നയത്തെ നാം വിലയിരുത്തേണ്ടത്. ബഹുഭൂരിപക്ഷംവരുന്ന ജനതക്ക് വാക്‌സിന്‍ ലഭ്യമാക്കി, തൊഴിലിടങ്ങളും കമ്പോളങ്ങളും സജീവമാക്കി പുനരുജ്ജീവനത്തിന്റെ മാര്‍ഗങ്ങള്‍ തേടേണ്ട സമയം കൈകഴുകി ഇന്ദ്രപ്രസ്ഥത്തില്‍ അന്തിമയങ്ങുന്ന ഭരണാധികാരി ഫാസിസത്തിന്റെ മൂര്‍ത്തരൂപമാണെന്ന് പറയാതെ വയ്യ. പെട്രോള്‍ വില റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യം നമ്മുടെ മുന്നിലുണ്ട്. ലോക സമ്പന്നന്മാരില്‍ അംബാനിയും അദാനിയും മുന്നില്‍ തന്നെയുണ്ട്. രാജ്യം പട്ടിണിയിലാണെങ്കിലും അംബാനി, അദാനിമാരുടെ സമ്പത്ത് അനുദിനം വര്‍ധിക്കുകതന്നെയാണ്.

രാജ്യത്തെ മുഴുവന്‍ ജനതക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ബാധ്യതയുണ്ട്. രാജ്യത്ത് ആവശ്യമായ വാക്‌സിന്‍ ഉല്‍പാദനം ഉറപ്പുവരുത്തുക, ആവശ്യമെങ്കില്‍ കയറ്റുമതി നിര്‍ത്തലാക്കുക, വിദേശ രാജ്യങ്ങളില്‍നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവ അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. ഇനിയും ചര്‍ച്ച ചെയ്തിരിക്കാന്‍ സമയമില്ല.

കഴിഞ്ഞകാലങ്ങളിലെ ക്രാന്തദര്‍ശികളും മാനവമൂല്യങ്ങള്‍ നെഞ്ചേറ്റിയവരുമായ ഇന്ത്യന്‍ ഭരണാധികാരികള്‍ വസൂരി അടക്കമുള്ള മഹാമാരികള്‍ രാജ്യത്തെ പിടിച്ചുകുലുക്കിയപ്പോള്‍ അവയെ പ്രതിരോധിച്ചതെങ്ങനെയെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ കാണുന്ന ഇന്ത്യയെന്നത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുണ്ടായതല്ല; മറിച്ച് വിവേകമതികളായ ഭരണാധികാരികളും ജനതയും ഒരു നൂറ്റാണ്ടോളം ഒന്നിച്ചുനിന്ന് ഉണ്ടാക്കിയെടുത്തതാണ്. അതില്‍ ഏതെങ്കിലും നിലക്ക് സംഘ്പരിവാരങ്ങള്‍ക്ക് പങ്കുള്ളതായി തെളിയിക്കാനാവില്ല. മാത്രമല്ല അധികാരത്തില്‍ വന്നപ്പോഴൊക്കെയും രാജ്യത്തെ തകര്‍ക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും പൊതുമുതല്‍ വിറ്റഴിക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് വിടുപണി ചെയ്യാനും മാത്രമാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്.

ചികിത്സാസൗകര്യങ്ങളിലെ അപര്യാപ്തത

കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതാണ്.  സെപ്റ്റംബര്‍ മാസംവരെ വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയത്. ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. അതില്‍നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നും രണ്ടാമ തരംഗം അതിരൂക്ഷമാകുമെന്നും രാജ്യത്തെ പ്രതിപക്ഷവും ആരോഗ്യവിദഗ്ധരുമെല്ലാം നിരന്തരം കേന്ദ്ര സര്‍ക്കാരിനെ ഉണര്‍ത്തിക്കൊണ്ടേയിരുന്നതാണ്. അത് ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറാക്കാത്തതാണ് ഈ ദുരന്തത്തിന്റെ വ്യാപ്തിക്ക് കാരണം. കൂടുതല്‍ ആശുപത്രികള്‍ സ്ഥാപിക്കാനോ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കൂടുതലായി ലഭ്യമാക്കാനോ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനോ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നത് വലിയ അപരാധംതന്നെയാണ്. ശ്വാസകോശത്തെ ബാധിച്ച് വൈകാതെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണിതെന്ന് അറിയാത്തതുകൊണ്ടോ വിദേശരാജ്യങ്ങളില്‍ പ്രാണവായു കിട്ടാതെ മരിച്ച ആയിരങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാത്തതുകൊണ്ടോ അല്ല, മറിച്ച് എല്ലാം അവഗണിച്ച് മുന്നോട്ട് പോയതാണ് ഈ ഗതിക്ക് കാരണം.

 കോവിഡ് പ്രതിസന്ധിയില്‍ ഏറ്റവും പ്രധാനം ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ്. ലോകം അത് ആദ്യം മുതല്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുക, ആശുപത്രികളില്‍ വെന്റിലേറ്റര്‍ അടക്കമുള്ള ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ അവഗണിക്കപ്പെട്ടു. ഓക്‌സിജന്‍ തടയുന്നവരെ തൂക്കിക്കൊല്ലണം എന്ന് ഡല്‍ഹി ഹൈക്കോടതി പറയുന്ന സാഹചര്യങ്ങളിലേക്കുവരെകാര്യങ്ങള്‍ എത്തി! തന്റെ സഹോദരന് ആശുപത്രിയില്‍ ബെഡ് ലഭ്യമാക്കണമെന്ന് കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്യുന്ന ഗതികേടിലേക്ക് കാര്യങ്ങള്‍ പോയി. ഓക്‌സിജന്‍ ലഭ്യതക്കുറവും ആശുപത്രികളിലെ സൗകര്യങ്ങളിലെ അപര്യാപ്തതയുമാണ് ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം. രാജ്യത്ത് 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു എന്നാണ് ബിജെപി അനുകൂലികള്‍ പറഞ്ഞുനടക്കുന്നത്. 2020 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ 33 പ്ലാന്റുകള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് ഗുരുതരമായ വീഴ്ചയാണ്. ബാക്കിയുള്ളവയ്ക്ക് ടെണ്ടര്‍ പോലും വിളിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന യുപിയില്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്ത 14 എണ്ണത്തില്‍ ഒന്നുപോലും യാഥാര്‍ഥ്യമാക്കിയിട്ടില്ല എന്നത്കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ രംഗത്ത് ഭരണകൂടങ്ങളുടെ നിസ്സംഗത എത്രമാത്രം ഉണ്ടെന്ന് ബോധ്യപ്പെടും.

ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍, ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ല. ജനങ്ങള്‍ ഭീതിയിലാണ്. വീട്ടിലിരിക്കാനാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ആഹ്വാനം ചെയ്യുന്നത്. രണ്ടാം തരംഗത്തില്‍ ശ്വാസംകിട്ടാതെ പിടയുകയാണ് രാജ്യതലസ്ഥാനം. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ഓരോ മണിക്കൂറിലും 12 പേര്‍ക്കാണ് ദല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെടുന്നത്.

ഏപ്രില്‍ 19 മുതല്‍ 24 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,777 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ദല്‍ഹിയില്‍ ജീവന്‍നഷ്ടപ്പെട്ടത്. ഇതിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 677 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയിലെ മരണനിരക്ക് 300ന് മുകളിലാണ്. 357 പേര്‍ മരിച്ച ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

സുഊദി അറേബ്യ 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും നാല് ക്രയോജെനിക്ക് ടാങ്കറുകളും ഇന്ത്യയിലേക്ക് അയച്ചതായി റിയാദിലെ ഇന്ത്യന്‍ എമ്പസി ട്വീറ്റ് ചെയ്തു. പാക്കിസ്ഥാന്‍, റഷ്യ തുടങ്ങി വിവിധ ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കാനായി മുന്നോട്ടുവന്നത് ആശാവഹമാണ്. സിംഗപ്പൂരില്‍ നിന്നുള്ള ക്രയോഗാനിക് ടാങ്കറുകള്‍ പശ്ചിമ ബംഗാളില്‍ ലാന്റ് ചെയ്തതായി ഇന്ത്യന്‍ വേ്യാമസേനയും അറിയിച്ചു. മൈക്രോസോഫ്റ്റും ഗൂഗിളും അടക്കം രാജ്യത്തിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റ്, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, അമേരിക്ക തുടങ്ങി നിരവധി ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.

അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് മോഡി ഭരണകൂടത്തിനെതിരെ നടത്തിയിരിക്കുന്നത്. ധാര്‍ഷ്ട്യം, അമിതമായ ദേശീയത എന്നിവയൊക്കെ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെന്നും 'ദ ആസ്‌ട്രേലിയന്‍' പറയുന്നു. നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. 'ദ ഗാര്‍ഡിയന്‍,' 'ഖലീജ് ടൈംസ്,' 'ടൈം' തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഗാര്‍ഡിയനും ടൈമും പറഞ്ഞുവെക്കുന്നത്.

പതിവുപോലെ വിമര്‍ശനങ്ങള്‍ക്കെതിരെ വാളെടുക്കുന്ന നിലപാടാണ് കേന്ദ്രം ഇപ്പോഴും തുടരുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കംചെയ്യാന്‍ ട്വിറ്ററിന് കേന്ദ്രം നിര്‍ദേശം നല്‍കിയത് അതിന്റെ ഭാഗമാണ്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും അടക്കം കോവിഡ് ബാധിച്ച് മരിച്ചവരെ കൂട്ടത്തോടെ കത്തിക്കുന്ന രംഗങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍വരെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ടായപ്പോള്‍ ശ്മശാനം മറയ്ക്കുവാനാണ് അവര്‍ തുനിഞ്ഞത്. തെറ്റു സമ്മതിക്കാതെയും വിമര്‍ശനങ്ങള്‍ക്കെതിരെ അസഹിഷ്ണുത കാണിച്ചും തങ്ങളുടെ ഫാസിസ്റ്റ് മുഖം പ്രകടമാക്കുകയാണ് കേന്ദ്ര ഭരണകൂടം.

ആരോടു പറയാന്‍? ആരുണ്ട് നമ്മെ കേള്‍ക്കാന്‍? ആര്‍ നമ്മെ സഹായിക്കും? നിസ്സഹായതയുടെ നിലവിളികള്‍ക്ക് മുമ്പില്‍ നിര്‍വികാരരായി നില്‍ക്കുന്ന സംഘപരിവാര്‍ ഭരണകൂടം വിഭാവനം ചെയ്ത അഛാദിനത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഗുജറാത്തിന്റെ തെരുവീഥികളില്‍ മനുഷ്യ ജീവനുകളെ ചുട്ടെരിച്ചപ്പോള്‍ അതില്‍നിന്നുയര്‍ന്ന ഇരുണ്ട പുകയും ദുര്‍ഗന്ധവും ആസ്വദിച്ച് വിജയഭേരി മുഴക്കിയവരാണ് ഇന്ന് രാജ്യത്തിന്റെ അധിപന്മാര്‍ എന്ന് ഓര്‍ക്കുമ്പോള്‍ ഈ നിലവിളികളും ശ്മശാനങ്ങളില്‍നിന്ന് ഉയരുന്ന മനുഷ്യമാംസത്തിന്റെ ഗന്ധവുമൊന്നും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുമെന്ന് കരുതുകവയ്യ. മനഃസാക്ഷിയുള്ളവര്‍ തങ്ങളാല്‍ കഴിയുന്നവിധം ഈ പ്രതിസന്ധിയെ മറികടക്കാന്‍ അശ്രാന്ത പരിശ്രമം നടത്തേണ്ടിയിരിക്കുന്നു. ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ, വേഷ ഭേദമന്യെ ജീവന്‍ നിലനിര്‍ത്താന്‍ കേഴുന്നവര്‍ക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കണം.

'നിഷ്‌കളങ്ക'രോട്...

തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ പലരും നിഷ്‌കളങ്കമായി ചോദിക്കാറുണ്ട്; അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ആരു ഭരിച്ചാലും ഇങ്ങ് തെക്കേഅറ്റത്തുള്ള എനിക്ക് എന്താ...? നമുക്കു വേണ്ടി നമ്മള്‍ ജോലി ചെയ്ത് ജീവിക്കണം, ആരു വന്നാലും നമുക്ക് ഒരുപോലെയാണ് എന്നൊക്കെ. എന്നാല്‍ ഇന്ന് എല്ലാവരും മനസ്സിലാക്കുന്നു; ഡല്‍ഹിയില്‍ ആരു ഭരിച്ചാലും നമ്മെ അത് ബാധിക്കും എന്ന്. നോട്ട് നിരോധനവും സിഎഎയും എന്‍ആര്‍സിയും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയുമെല്ലാം നമ്മെ ഓരോരുത്തരെയും നേരിട്ടുതന്നെ ബാധിച്ചതും അത് ഉണ്ടാക്കിയ വലിയ പ്രയാസങ്ങളും നാം അനുഭവിച്ചുകൊണ്ടിരിക്കുയാണ്. ആര് ഭരിച്ചാലും എനിക്കെന്താ എന്ന് ചോദിക്കാനല്ല, എന്റെ സമാധാനജീവിതത്തിന് വിലങ്ങുതടിയാകുന്നവര്‍ ഭരിക്കരുതെന്ന് ഉറപ്പിക്കാനാണ് നാം തയ്യാറാവേണ്ടത്. വോട്ടവകാശം എന്ന ആയുധം അതിനുള്ളതാണ്.

രാജ്യത്ത് മരിച്ചുവീഴുന്നവരും ദുരിതമനുഭവിക്കുന്നവരുമെല്ലാം പച്ചയായ മനുഷ്യരാണ്. അതില്‍ മത, ജാതി, പാര്‍ട്ടി വേര്‍തിരിവില്ല. പ്രതിസന്ധികളെയും പ്രയാസങ്ങളെയും ഒറ്റക്കെട്ടായി നേരിടാന്‍ നമുക്ക് സാധിക്കണം. ഗുണദോഷങ്ങള്‍ ഒരുമിച്ചനുഭവിക്കാന്‍ സാധിച്ചാലേ നല്ലനാളെ പുലരുകയുള്ളൂ. എല്ലാ ഇടപെടലുകളും നിലപാടുകളും വിവേകപൂര്‍ണമായിരിക്കണം.