സ്വവര്‍ഗലൈംഗികതയുടെ 'പ്രൈഡും' സംസ്‌കാരം നേരിടുന്ന വെല്ലുവിളിയും

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 ജൂൺ 26 1442 ദുല്‍ക്വഅ്ദ 16
ലൈംഗിക അച്ചടക്കമില്ലായ്മ അപമാനത്തിന്റെയും മാനഹാനിയുടെയും അടയാളമായിട്ടാണ് വിവേകമതികള്‍ കണക്കാക്കുന്നത്. എന്നാല്‍ മറച്ചുപിടിക്കേണ്ടതോ ശുദ്ധപ്രകൃതിക്ക് യോജിക്കാത്തതോ ആയ വസ്തുതകളെ അനാവശ്യമായി ഉദാത്തവല്‍ക്കരിച്ച് മനുഷ്യന്റെ സാംസ്‌കാരിക ബോധത്തെ അപഹസിക്കുകയാണ് സ്വവര്‍ഗ ലൈംഗികതയെ 'പ്രൈഡ്' ആയി കാണുന്നതിലൂടെ ഒരുകൂട്ടം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും വിവിധ മതസമൂഹങ്ങളും വലിയ കുറ്റകൃത്യമായും അപമാനമായും ലോകത്തെ ബോധ്യപ്പെടുത്തിയ കാര്യമാണ് സ്വവര്‍ഗ ലൈംഗികത. ദൈവികശിക്ഷക്ക് കാരണമായ ഒരു പാപമായി ഇതിനെ അവര്‍ കാണുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ ഈ അവബോധം സമൂഹത്തില്‍ മാറ്റങ്ങളില്ലാതെ തുടര്‍ന്നുവന്നു. അതുകൊണ്ടുതന്നെ ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം, മുതലാളിത്ത, കമ്യൂണിസ്റ്റ്, മുസ്‌ലിം, ജനാധിപത്യ വ്യത്യാസങ്ങളില്ലാതെ സ്വവര്‍ഗലൈംഗികതയെ നിഷിദ്ധമായി കണ്ടു. ഇരുപതാം നൂറ്റാണ്ട് അവസാനിക്കുന്നതോടെ പല രാജ്യങ്ങളും അത് നിയമവിധേയമാക്കി. കാലം മാറിയപ്പോള്‍ അതൊരു പാപമോ കുറ്റകൃത്യമോ അല്ലെന്ന ബോധം ചിലര്‍ വളര്‍ത്തിയെടുത്തു. സ്വവര്‍ഗലൈംഗികതയിലൂടെ ജീവിതം നയിക്കുന്നവര്‍ അതിനെ 'അഭിമാന'മായി മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. കുറേകാലമായി അവര്‍ ജൂണ്‍ മാസം 'അഭിമാനമാസ'മായി (Pride Month) ആഘോഷിച്ചും ആചരിച്ചും വരുന്നു. മഴവില്‍ വര്‍ണങ്ങളില്‍ തീര്‍ത്ത പതാകയേന്തിക്കൊണ്ടും 'ലവ് വിത് െ്രെപഡ്' തുടങ്ങിയ പരസ്യവാചകങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടുമാണ് അവര്‍ ജൂണ്‍ മാസം കൊണ്ടാടുന്നത്.

'പ്രൈഡ്'  ചരിത്രം

അമേരിക്കയിലെ സ്വവര്‍ഗാനുരാഗികള്‍ 1969 ജൂണ്‍ 28ന് ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടനിലുള്ള ഗ്രീനിച്ച് വില്ലേജില്‍ സ്ഥിതിചെയ്യുന്ന 'സ്‌റ്റോണ്‍വാള്‍ ഇന്‍' എന്ന കൂത്താട്ടകേന്ദ്രത്തില്‍ ഒരുമിച്ചുകൂടി. പുരുഷ-പുരുഷ (Gay), സ്ത്രീ-സ്ത്രീ (Lesbian), ഉഭയവര്‍ഗ (Bisexual) ലൈംഗികതകള്‍ നിയമവിധേയമാക്കുന്നതിന് വേണ്ടി സമരം സംഘടിപ്പിക്കുവാനാണ് അവര്‍ അവിടെ കൂടിയത്. അവര്‍ നടത്തിയ സമരം അക്രമാസക്തമാകുകയും പോലീസുമായി ഏറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഈ സംഘര്‍ഷം സ്വവര്‍ഗാനുരാഗികള്‍ക്ക് ഊര്‍ജം പകര്‍ന്നു. അവര്‍ സ്വവര്‍ഗലൈംഗികത അനുവദിച്ചുകിട്ടുന്നതുവരെ 'പോരാട്ടം' തുടര്‍ന്നു. 2015ല്‍ അമേരിക്കയും അതിനെത്തുടര്‍ന്ന് മറ്റു പല രാജ്യങ്ങളും 2018ല്‍ ഇന്ത്യയും അത് നിയമവിധേയമാക്കി. അങ്ങനെ ലോകത്തെ സ്വവര്‍ഗാനുരാഗികള്‍ എല്ലാ വര്‍ഷങ്ങളിലും ജൂണ്‍ മാസത്തെ അവരുടെ 'പ്രൈഡ് മന്‍ത്' ആയി ആചരിച്ചുവരുന്നു.

അഭിമാനമല്ല; അപമാനം

'പ്രൈഡ്' എന്ന പദത്തിന് അഭിമാനം എന്ന അര്‍ഥമാണുള്ളത്. മനുഷ്യന്റെ അഭിമാനം നിലനില്‍ക്കുന്നത് അവന്‍ ആര്‍ജിച്ചെടുത്ത ബുദ്ധി, വിവേകം, സംസ്‌കാരം, സത്യസന്ധത തുടങ്ങിയ ഘടകങ്ങളിലാണ്. മനുഷ്യര്‍ക്ക് മുമ്പില്‍ പരസ്യമായി പറയാവുന്ന കാര്യങ്ങളാണ് അഭിമാനത്തിന്റെ അടയാളങ്ങളായി ഗണിക്കപ്പെടുന്നത്. മറച്ചുപിടിക്കേണ്ടതോ ശുദ്ധപ്രകൃതിക്ക് അനുയോജ്യമല്ലാത്തതോ ആയ യാതൊന്നും അഭിമാനമായി ആരും കാണാറില്ല. വ്യക്തിയായിരുന്നാലും കുടുംബമായിരുന്നാലും ലൈംഗിക അച്ചടക്കമില്ലായ്മ അപമാനത്തിന്റെയും മാനഹാനിയുടെയും അടയാളമായിട്ടാണ് വിവേകമതികള്‍ കണക്കാക്കുന്നത്. ലോകം പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുമ്പോള്‍തന്നെ മനുഷ്യന്റെ സാംസ്‌കാരികബോധം കീഴ്‌പോട്ടുപോകുന്നു എന്നാണ് സ്വവര്‍ഗ ലൈംഗികതയെ നിയമവിധേയമാക്കുന്നതിലൂടെയും അതിനെ 'പ്രൈഡ്' ആയി കാണുന്നതിലൂടെയും സംഭവിച്ചിരിക്കുന്നത്.

ലൈംഗികതയുടെ യാഥാര്‍ഥ്യം

മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുള്ളത് വളരെ കൃത്യമായ കാര്യകാരണ ബന്ധങ്ങളില്‍ അധിഷ്ഠിതമായ പ്രകൃതിവ്യവസ്ഥയാണ്. വിശപ്പുണ്ടാകുമ്പോള്‍ ആഹാരം കഴിക്കുന്നു. എന്നാല്‍ ആഹാരം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുന്നതിനും ആസ്വാദനത്തിനും വേണ്ടി മാത്രമല്ല. അതിനെക്കാള്‍ മഹത്തായ ഒരു പ്രവര്‍ത്തനമാണ് ആഹരിക്കുന്നതിലൂടെ നടക്കുന്നത്. മനുഷ്യശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കി ശരീരത്തിന് ഊര്‍ജവും കരുത്തും പകര്‍ന്നുകൊണ്ട് ജീവന്‍ നിലനിര്‍ത്തുക എന്ന സുപ്രധാനമായ ദൗത്യമാണ് അത് നിര്‍വഹിക്കുന്നത്. അതുപോലെ ലൈംഗികമായ ആഗ്രഹങ്ങളും മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ആഹരിക്കുന്നതുപോലെത്തന്നെ കേവലം വികാരശമനമോ ആസ്വാദനമോ മാത്രമല്ല ലൈംഗിക ബന്ധങ്ങളിലൂടെ സംഭവിക്കുന്നത്. മറിച്ച് മനുഷ്യന്റെ പ്രജനനവും നിലനില്‍പ്പും വളര്‍ച്ചയുമാണ് അത് നിര്‍വഹിക്കുന്നത്. ഭൂമിയില്‍ മനുഷ്യന്‍ നിര്‍വഹിക്കുന്ന ഓരോ പ്രവൃത്തിക്കും മാതൃകാനുസാരമായ (Positive) ചില ലക്ഷ്യങ്ങളുണ്ട്. അത്തരം ലക്ഷ്യങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്ന പ്രവൃത്തികള്‍ മനുഷ്യപ്രകൃതിക്ക് ദോഷകരമായി ഭവിക്കുകയും അങ്ങനെ അത് ഭൂമിയുടെ തന്നെ പ്രകൃതി വ്യവസ്ഥയെ ദുഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അത്തരം പ്രവൃത്തികളെ 'പ്രകൃതിവിരുദ്ധം' എന്ന് വിളിക്കുന്നത്.

ആസ്വാദനവും മനുഷ്യപ്രകൃതവും

മനുഷ്യന്റെ ആസ്വാദനങ്ങളും അതിന്റെ പൂര്‍ത്തീകരണങ്ങളും എങ്ങനെയാവണമെന്ന് തീരുമാനിച്ചിട്ടുള്ളത് അവന്റെ സ്രഷ്ടാവാണ്. എന്ത് കഴിക്കണം, എന്ത് കഴിച്ചുകൂടാ, എന്ത് ഉടുക്കണം, എന്ത് ഉടുത്തുകൂടാ തുടങ്ങിയ കാര്യങ്ങളൊക്കെ മനുഷ്യന്റെ പ്രകൃതിയില്‍തന്നെ സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. ക്വുര്‍ആന്‍ പറയുന്നു: ''ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിന് വഴികാണിക്കുകയും ചെയ്തവനാരോ അവനത്രെ രക്ഷിതാവ്'' (20:50). ഏതൊരു വസ്തുവിനെ സ്രഷ്ടാവ് സൃഷ്ടിച്ചിട്ടുണ്ടോ അതിനെല്ലാം അവന്‍ വ്യവസ്ഥ നിര്‍ണയിക്കുകയും പ്രകൃതിക്ക് അനുയോജ്യമായ വിധത്തില്‍ ജീവിക്കുവാനുള്ള ദര്‍ശനം നല്‍കുകയും ചെയ്തിട്ടുണ്ട് (87:23) എന്നും ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

ലൈംഗികത ഒരു സ്വകാര്യത

ഇങ്ങനെ വളരെ കൃത്യമായി ലൈംഗികബന്ധങ്ങള്‍ അടക്കമുള്ള ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണ ബന്ധങ്ങളില്‍ അധിഷ്ഠിതമായ പ്രകൃതിയും നിയമവും സ്രഷ്ടാവ് ഒരുക്കിയിട്ടുണ്ട്. ലൈംഗികാവയവങ്ങള്‍ ഗോപ്യമാക്കിവെക്കണമെന്നത് സ്വാഭാവിക പ്രകൃതിയുടെ ഭാഗമാണ്. സ്വര്‍ഗത്തില്‍വെച്ച് ആദമിനെയും ഹവ്വയെയും പിശാച് വഴിപിഴപ്പിക്കുവാന്‍ കണ്ടെത്തിയ മാര്‍ഗം അവരുടെ ലൈംഗികത പുറത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു. പൈശാചിക പ്രേരണയാല്‍ അവരറിയാതെ അവരുടെ ലൈംഗികത പുറത്തേക്ക് വന്നപ്പോള്‍ അവരിരുവരും ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി (ക്വുര്‍ആന്‍ 7:22). ഇലകള്‍ ചേര്‍ത്തുപിടിച്ച് അവരുടെ ലൈംഗികാവയവങ്ങളെ മറച്ചുപിടിക്കാന്‍ അവര്‍ക്ക് പ്രേരണ നല്‍കിയത് സ്രഷ്ടാവ് നല്‍കിയ ശുദ്ധപ്രകൃതിയാണ്.

സ്രഷ്ടാവ് ഒരുക്കിയ ലൈംഗികവ്യവസ്ഥ

മനുഷ്യന്‍ മൃഗത്തെപോലെയല്ല. സാമാന്യബോധം (Common sense) അവനെ മൃഗങ്ങളില്‍നിന്നും വേര്‍തിരിക്കുന്നു. ബന്ധങ്ങളെ കുറിച്ചും അവസ്ഥകളെ കുറിച്ചുമെല്ലാം മനുഷ്യന് ശരിക്കും ബോധ്യമുണ്ട്. ജീവിതത്തില്‍ മൂല്യങ്ങള്‍ ആവശ്യമാണ് എന്നുള്ളതുകൊണ്ടുതന്നെ മനുഷ്യന്റെ ലൈംഗികതയ്ക്ക് ചില അതിര്‍വരമ്പുകളും ആവശ്യമാണ് എന്നാണ് പ്രസ്തുത ബോധ്യം മനുഷ്യനോട് പറയുന്നത്. അതിര്‍വരമ്പുകള്‍ നിശ്ചയിക്കേണ്ടത് മനുഷ്യനെ കുറിച്ച് വ്യക്തമായി അറിയുന്ന അവന്റെ സ്രഷ്ടാവ് തന്നെയാണ്. തന്റെ ലൈംഗികതൃഷ്ണയെ എങ്ങനെ ശമിപ്പിക്കണമെന്നും ലൈംഗികാവയവങ്ങളെ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നും മനുഷ്യന് അറിവ് നല്‍കുന്നത് സ്രഷ്ടാവാണ്. പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും അവനത് മനുഷ്യന് കൈമാറിയിട്ടുണ്ട്. ഓരോ വ്യക്തിക്കും ഇണയെ സൃഷ്ടിച്ചുകൊണ്ടാണ് സ്രഷ്ടാവ് ലൈംഗിക വ്യവസ്ഥ തയ്യാറാക്കിയിട്ടുള്ളത്. 'സ്രഷ്ടാവ് വ്യവസ്ഥ ചെയ്തുതന്നിട്ടുള്ള വിധത്തില്‍ മാത്രം ലൈംഗികാവയവങ്ങളെ സൂക്ഷിക്കുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍' (23:56) എന്നും 'അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും' ചെയ്തിരിക്കുന്നു എന്നും ക്വുര്‍ആന്‍ (16:72) പറയുന്നു. ലൈംഗികതയുടെ ലക്ഷ്യവും മാര്‍ഗവുമാണ് ക്വുര്‍ആന്‍ ഇവിടെ വിവരിച്ചിരിക്കുന്നത്.

ഇണചേരലിലെ ധാര്‍മികത

ഇണകളായി ജീവിക്കുന്നതിന്റെ താല്‍പര്യം കേവലം ആസ്വാദനങ്ങളല്ല. സ്‌നേഹവും പ്രണയവും മാത്രമല്ല. പ്രകൃതിപരമായ ഇണചേരല്‍ നടക്കുകയും അതിലൂടെ സ്രഷ്ടാവ് വിധിക്കുകയാണെങ്കില്‍ സന്താനങ്ങളും തലമുറകളും ഉണ്ടാവുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ഇണചേരല്‍ മനുഷ്യപ്രവൃത്തിയാണെങ്കില്‍ സന്താനസൗഭാഗ്യം സ്രഷ്ടാവിന്റെ തീരുമാനം മാത്രമാണ്. അപ്പോള്‍, ഇണകള്‍ ഒരേ ലിംഗത്തില്‍നിന്നും സാധ്യമല്ലെന്ന് മനുഷ്യബുദ്ധിതന്നെ പറയും. സ്ത്രീ, പുരുഷ ലിംഗങ്ങളില്‍പെട്ട രണ്ടുപേര്‍ക്ക് മാത്രമെ ഇണചേരാന്‍ സാധിക്കൂവെന്നും അവര്‍ ഇണചേരുമ്പോള്‍ മാത്രമാണ് സന്താനലബ്ധിക്കുള്ള സാധ്യതയുണ്ടാവൂ എന്നുമുള്ള സത്യം മനുഷ്യന്റെ സാമാന്യബുദ്ധി നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പ്രകൃതിവിരുദ്ധ വികാരങ്ങള്‍ക്ക് മനസ്സിനെ കീഴ്‌പെടുത്തിയവര്‍ക്ക് അത് മനസ്സിലാക്കാന്‍ ഒരു പക്ഷേ സാധിക്കണമെന്നില്ല. ഒരേലിംഗത്തില്‍ പെട്ട രണ്ടുപേര്‍ക്ക് പരസ്പരം ഇണചേരാനോ അതിലൂടെ തലമുറകളെ സൃഷ്ടിക്കുവാനോ സാധിക്കുകയില്ല. സ്വവര്‍ഗാനുരാഗങ്ങളില്‍ ആര്‍മാദിക്കുന്നവര്‍ തങ്ങള്‍ ഈ ലോകത്ത് ജനിച്ചത് വിരുദ്ധലിംഗങ്ങള്‍ തമ്മിലുള്ള ഇണചേരലിലൂടെയായിരുന്നുവെന്നത് മറന്നുപോകുന്നു. ഇണചേരല്‍ കേവലം ചേഷ്ടകളല്ല, അത് പവിത്രമായ ധര്‍മമായിരിക്കണം. പുരുഷനും സ്ത്രീയും തമ്മില്‍ ബലമുള്ള കരാറുകളാല്‍ സ്ഥാപിക്കപ്പെട്ട വിവാഹത്തിലൂടെ മാത്രം ഇണചേരുമ്പോള്‍ അത് പവിത്രമായ ലൈംഗികബന്ധമായി മാറുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹം ചെയ്യപ്പെടുന്ന കരാറിനെ കുറിച്ച് 'ബലിഷ്ഠമായ കരാര്‍' എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

വേദഗ്രന്ഥങ്ങള്‍ നല്‍കുന്ന ചരിത്രം

മാനവരാശിക്ക് തന്നെ വെല്ലുവിളിയായിത്തീര്‍ന്നിട്ടുള്ള സ്വവര്‍ഗഭോഗത്തിന്റെ ചരിത്രം ക്വുര്‍ആനും ഇതരവേദഗ്രന്ഥങ്ങളും വിശദീകരിക്കുന്നുണ്ട്. മനുഷ്യാരംഭ കാലങ്ങളില്‍ ഇത് നിലനിന്നിരുന്നില്ല. പ്രവാചകന്‍ ലൂത്വി(അ)ന്റെ കാലം മുതലാണ് ഈ നീചവൃത്തി തുടക്കം കുറിച്ചതെന്നാണ് ക്വുര്‍ആന്‍ പറയുന്നത്. 'നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്തതും സ്ത്രീകള്‍ക്ക് പകരം പുരുഷന്മാരെ കാമവികാരത്തോടെ സമീപിക്കുന്നതുമായ നീചവൃത്തിയാണോ നിങ്ങള്‍ ചെയ്യുന്നത്?' എന്ന് ലൂത്വ്(അ) അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ അക്രമാസക്തരായി. 'ശുദ്ധി പാലിക്കുന്ന ലൂത്വിന്റെ ആളുകളെ രാജ്യത്ത്ുനിന്നും പുറത്താക്കുക' എന്നായിരുന്നു അവര്‍ ആക്രോശിച്ചിരുന്നത്. ഇന്നും സ്വവര്‍ഗലൈംഗികതയില്‍ ജീവിതം ഹോമിച്ചിട്ടുള്ളവരെ ഉപദേശിച്ചാല്‍ അവര്‍ അക്രമാസക്തരാകുന്നത് കാണാം. എന്നാല്‍ ഭൂമിക്ക് വഹിക്കാനും സഹിക്കാനും സാധിക്കാത്ത ദുര്‍വൃത്തികളില്‍ ഏര്‍പ്പെട്ട ലൂത്വിന്റെ ജനതയെ അല്ലാഹു നശിപ്പിക്കുകയാണുണ്ടായത്.

ലൂത്വ് നബി(അ)യും അദ്ദേഹത്തിന്റെ ജനതയും തമ്മിലുള്ള സംഭാഷണം ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ബൈബിളിലെ ഉല്‍പത്തി പുസ്തകം പത്തൊമ്പതാം അധ്യായത്തിലും ഏകദേശം അതേരൂപത്തില്‍ തന്നെ പ്രതിപാദിക്കുന്നുണ്ട്. അത് വായിക്കുന്ന ഏതൊരാള്‍ക്കും എത്രമാത്രമായിരുന്നു സ്വവര്‍ഗാനുരാഗത്തിന്റെ രോഗം പിടിപെട്ടിരുന്നവരുടെ ധാര്‍മികനിലവാരമെന്ന് മനസ്സിലാക്കാം. ലൂത്വ് നബി(അ)യെ സന്ദര്‍ശിക്കാന്‍ മനുഷ്യരൂപത്തിലെത്തിയ മലക്കുകളെ കണ്ട അവര്‍ തങ്ങളുടെ ലൈംഗികപൂരണത്തിന് അവരെ വിട്ടുകിട്ടണമെന്ന് ലൂത്വിനോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം തന്റെ പെണ്‍മക്കളെ നിങ്ങള്‍ക്ക് വിവാഹം ചെയ്തുതരാമെന്ന് പറഞ്ഞുനോക്കിയെങ്കിലും തങ്ങളുടെ ഉദ്ദേശ്യം തനിക്കറിയാമെന്നിരിക്കെ എന്തിനീ വിലപേശല്‍ എന്നായിരുന്നു അവരുടെ നിലപാട്! അപ്പോള്‍ ലൂത്വ്(അ) അവരോട് ചോദിച്ച ഒരു ചോദ്യമുണ്ട്. 'നിങ്ങളില്‍ വിവേകമുള്ള ഒരാളുമില്ലേ?' (11:7783). ഇതുതന്നെയാണ് എക്കാലവുമുള്ള സ്വവര്‍ഗാനുരാഗികളോട് ധാര്‍മികതയും മനുഷ്യത്വവും സൂക്ഷിക്കുന്ന ജനങ്ങള്‍ക്ക് ചോദിക്കാനുള്ളത്.

നബിയുടെ താക്കീതുകള്‍

മുഹമ്മദ് നബി ﷺ സ്വവര്‍ഗരതിക്കെതിരെ ശക്തമായ ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തന്റെ സമുദായത്തില്‍ സ്വവര്‍ഗാനുരാഗ ചിന്തകള്‍ ഉണ്ടാകുന്നതിനെ ഏറെ ഭയപ്പെടുന്നുവെന്നും സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിന്റെ ശാപമാണ് ഉണ്ടാവുകയെന്നുമെല്ലാം അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍ക്കുള്ളത് പോലെയുള്ള ശിക്ഷാവിധികളാണ് നടപ്പാക്കേണ്ടത് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രകൃതിവിരുദ്ധം അവകാശമോ?

സ്വവര്‍ഗാനുരാഗത്തെ ഒരു അവകാശമായി ആധുനിക ലോകത്തെ പല രാജ്യങ്ങളും കാണുന്നു. ഒരു വിഭാഗം സാമ്പത്തിക നേട്ടത്തിനും കുത്തഴിഞ്ഞ ജീവിതത്തിനും വേണ്ടി സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റൊരുവിഭാഗം മനോരോഗങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടാണ് ഇത്തരം ദുര്‍വൃത്തികളിലേക്ക് പോകുന്നത്. മനോരോഗങ്ങള്‍ക്ക് ചികിത്സയാണ് ആവശ്യമായിട്ടുള്ളത്. ചികിത്സ ആവശ്യമുള്ള മനോരോഗത്തെ ഒരു അവകാശമായി ചിത്രീകരിക്കുന്നത് അവരോടുള്ള ക്രൂരതയാണ്. മറ്റുള്ളവരെപ്പോലെ അന്തസ്സോടെ ജീവിക്കാന്‍ ആവശ്യമായ കൗണ്‍സിലിംഗും മനഃശാസ്ത്രപരമായ സമീപനങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിനുപകരം തോന്നിയപോലെ അവരെ ജീവിക്കാന്‍ അനുവദിക്കുന്നത് അവരോടുള്ള സ്‌നേഹമല്ല. പുരുഷനും സ്ത്രീയും വിവാഹം ചെയ്തുകൊണ്ടുള്ള ലൈംഗികജീവിതം നയിക്കുന്ന മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികളാണ് സര്‍ക്കാരുകളും മതങ്ങളും പൊതുസമൂഹവും നടപ്പാക്കേണ്ടത്.

ചില ന്യായവാദങ്ങള്‍

'സ്വവര്‍ഗലൈംഗിക ബന്ധം' അല്ല, മറിച്ച് 'ലൈംഗിക സ്വത്വം' എന്ന അംഗീകാരം മാത്രമാണ് 'െ്രെപഡ്' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന ചില വ്യാഖ്യാനങ്ങള്‍ പ്രസ്തുത വിഭാഗങ്ങള്‍ പറയാറുണ്ട്. സ്ത്രീയോട് ലൈംഗികമായ അഭിനിവേശമില്ലാത്ത പുരുഷന്മാരും പുരുഷന്മാരോട് ലൈംഗിക അഭിനിവേശമില്ലാത്ത സ്ത്രീകളും ഉള്ളതുകൊണ്ട് അവര്‍ക്ക് സാധാരണനിലക്കുള്ള വിവാഹം സാധ്യമല്ലെന്നും അങ്ങനെയുള്ളവരെ അത്തരം വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും അവര്‍ വാദിക്കുന്നു. അങ്ങനെ വിവാഹിതരായിട്ടുള്ളവരിലെ പലരുടെയും വിവാഹബന്ധം പിന്നീട് വിവാഹമോചനത്തില്‍ കലാശിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അവര്‍ വാദിക്കുന്നു. ലൈംഗിക വികാരമില്ലാത്ത സ്ത്രീകളെയും പുരുഷന്മാരെയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കണമെന്ന് ആര്‍ക്കും അഭിപ്രായമില്ല. ലൈംഗികാസക്തിയില്ലാത്തവരെ കുറിച്ച് ക്വുര്‍ആനും (24:31) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടുത്തെ പ്രശ്‌നം അതല്ല. 'ഗേ' എന്നാല്‍ പുരുഷനോട് ലൈംഗികാഭിനിവേശമുള്ള പുരുഷനാണ്. 'ലെസ്ബിയന്‍' സ്ത്രീയോട് ലൈംഗികാഭിനിവേശമുള്ള സ്ത്രീയുമാണ്. ഇരുവര്‍ക്കും സ്വന്തം ലിംഗത്തില്‍ പെട്ടവരോട് ലൈംഗികാഭിമുഖ്യമുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം ലിംഗത്തില്‍പെട്ടവരെ പങ്കാളികളായി അവര്‍ സ്വീകരിക്കുന്നു. അവര്‍ വിവാഹിതരാകുന്നു. അതില്‍ അവര്‍ അഭിമാനംകൊള്ളുകയും ചെയ്യുന്നു. അങ്ങനെ ലൈംഗികസ്വത്വം അംഗീകരിക്കപ്പെടുകയും മറ്റുള്ളവരെ പോലെ വിവാഹ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യുക എന്ന അവസ്ഥ അംഗീകരിക്കപ്പെടുന്നതിനെയാണ് അവര്‍ 'െ്രെപഡ്' ആയി കാണുന്നത്.

മുഖ്യശ്രേണിയിലേക്കുള്ള കടന്നുവരവ്

ഇങ്ങനെ ഒരേലിംഗത്തില്‍പെട്ടവര്‍ വിവാഹിതരായോ അല്ലാതെയോ ലൈംഗിക പങ്കാളികളാകുന്നതിനെയാണ് ഇസ്‌ലാം വിലക്കിയത്. ക്വുര്‍ആനും അതിനുമുമ്പുള്ള വേദഗ്രന്ഥങ്ങളും വന്‍പാപമായി സമൂഹത്തെ താക്കീത് ചെയ്തതും അതുതന്നെയാണ്. പ്രത്യുത്പാദനപരമല്ലാത്തതും അസംഖ്യം വിപത്തുകള്‍ ക്ഷണിച്ചുവരുത്തുന്നതുമായ ഈ പ്രവൃത്തി അതുകൊണ്ടുതന്നെ മനുഷ്യപ്രകൃതിയോട് യോജിക്കാത്ത കാര്യമാണെന്ന് ലോകം പൊതുവില്‍ തിരിച്ചറിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ ലോകം ഇതിനെ 'പ്രകൃതി വിരുദ്ധം' എന്നു വിശേഷിപ്പിച്ചതും ഈ കാരണങ്ങള്‍ കൊണ്ടുതന്നെയായിരുന്നു. മതാഭിമുഖ്യമുള്ള സമൂഹങ്ങള്‍ മാത്രമല്ല, മതരഹിതസമൂഹങ്ങളും സ്വവര്‍ഗലൈംഗിക സ്വത്വത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. വ്യക്തമായ ദൈവികഅധ്യാപനങ്ങള്‍ വഴി 'ഫാഹിശത്ത്' (Obscene) ആയി പഠിപ്പിക്കപ്പെട്ടതുകൊണ്ടായിരുന്നു മതസമൂഹങ്ങള്‍ അതിനെ അംഗീകരിക്കാതിരുന്നതെങ്കില്‍ മറ്റുസമൂഹങ്ങള്‍ അതിനെ മനോവൈകല്യമായിട്ടായിരുന്നു കണ്ടിരുന്നത്. അതുകൊണ്ടുതന്നെ 1952ല്‍ പോലും അതിനെ 'മാനസിക വൈകല്യങ്ങളുടെ രോഗലക്ഷണ സ്ഥിതിവിവരണ' മാന്വലില്‍ (DSM) അമേരിക്കന്‍ സൈക്കിയാട്രിക് അസോസിയേഷന്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ചില പഠനങ്ങളില്‍ നിന്നും ഇത് മനോരോഗമല്ലെന്ന നിഗമനത്തില്‍ അവര്‍ എത്തുകയും 1973ല്‍ ഡിഎസ്എമ്മില്‍നിന്നും സ്വവര്‍ഗ ലൈംഗികതയെ നീക്കം ചെയ്യുകയും ചെയ്തു. അങ്ങനെ സ്വവര്‍ഗ ലൈംഗികത മാനസികരോഗമല്ലെന്നും പ്രകൃതിപരമായ മാനസിക ആരോഗ്യത്തോടും സാമൂഹിക ക്രമീകരണത്തോടും പൊരുത്തപ്പെടുന്നതാണെന്ന് (compatible with normal mental health and social adjustment) അവര്‍ രേഖപ്പെടുത്തി. ഇത് പിന്നീട് 1990ല്‍ ലോകാരോഗ്യ സംഘടനയും അംഗീകരിച്ചു. സ്വവര്‍ഗ ലൈംഗികതയ്ക്ക് 'പ്രൈഡ്' നല്‍കാന്‍ ശ്രമിക്കുന്നവര്‍ ഈ ന്യായവാദം പ്രധാനമായും ഉയര്‍ത്തിക്കാണിക്കാറുണ്ട്.

മനസ്സ് അനുമാനങ്ങള്‍ക്കുമപ്പുറം

മാനസിക വൈകല്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടത്തപ്പെടുന്ന ശാസ്ത്ര പഠനങ്ങള്‍ പലതും അനുമാനങ്ങളും നിഗമനങ്ങളുമാണ്. അത് യാഥാര്‍ഥ്യമായിക്കൊള്ളണമെന്നില്ല. കാരണം മനുഷ്യന്റെ മനസ്സുമായും ആത്മാവുമായും ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളില്‍ നേരിട്ട് പഠനം നടത്തി കണ്ടുപിടിക്കാന്‍ മനുഷ്യന്‍ അശക്തനാണ്. മനസ്സുമായി ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കാര്യങ്ങള്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതിസങ്കീര്‍ണമാണ്. മനസ്സിനെ കുറിച്ച് പ്രവാചകന്മാര്‍ വഴി മനുഷ്യര്‍ക്ക് നല്‍കപ്പെട്ട അറിവുകള്‍ക്കപ്പുറം ഗവേഷണം നടത്തി നൂറു ശതമാനം ശരിയെന്ന് തീരുമാനിക്കാന്‍ മാത്രമുള്ള കഴിവ് മനുഷ്യന് നല്കപ്പെട്ടിട്ടില്ല. ചില അനുമാനങ്ങളും നിഗമനങ്ങളുമൊക്കെയാവാം. അത്തരത്തിലുള്ള ചില നിഗമനങ്ങളിലാണ് അമേരിക്കന്‍ സൈക്കിയാട്രിക് അസോസിയേഷനും ലോകാരോഗ്യ സംഘടനയുമെല്ലാം എത്തിച്ചേര്‍ന്നിട്ടുള്ളത്.

ഇങ്ങനെ മനുഷ്യന് സ്വയം ഗവേഷണം നടത്തുന്നതില്‍ പരിമിതിയുള്ള മനസ്സ്, ആത്മാവ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അവ പൈശാചിക പ്രേരണയാലുള്ള ദുഷ്ടതക്കും ദൈവികപ്രേരണയാലുള്ള സൂക്ഷ്മതക്കും വിധേയമാണെന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട് (91:78). മനസ്സില്‍ ദുഷ്ടതയും സൂക്ഷ്മതയും ഉണ്ടാവുക സ്വാഭാവികമാണെന്നര്‍ഥം. മനസ്സിന് ദുഷ്ടത സമ്മാനിക്കുന്നത് മനസ്സുകളില്‍ ദുര്‍മന്ത്രണം നടത്തിക്കൊണ്ടിരിക്കുന്ന പിശാചാണ്. (ക്വുര്‍ആന്‍ 114:5). അതുകൊണ്ടുതന്നെ മനസ്സിന് സ്വാഭാവികമെന്ന് തോന്നുന്ന കാര്യങ്ങളെല്ലാം മനുഷ്യപ്രകൃതിയുടെ ഭാഗമാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. പൈശാചികതയോടുള്ള ആഭിമുഖ്യം മാത്രമാണത്. ദുഷ്പ്രവൃത്തികളോടുള്ള ആഭിമുഖ്യം മനുഷ്യമനസ്സിന്റെ സവിശേഷതയാണെന്നും പ്രത്യേകമായ ദൈവികാനുഗ്രഹം ലഭിച്ചവര്‍ക്ക് മാത്രമെ അതില്‍ നിന്നും മുക്തമാവാന്‍ കഴിയൂവെന്നും ക്വുര്‍ആന്‍ (12:53) വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൈംഗികബോധങ്ങള്‍ സ്വാഭാവികവും പ്രകൃതിപരവും എന്നു വ്യാഖ്യാനിക്കുന്നത് ഒട്ടും സൂക്ഷ്മതയില്ലാത്തതാണ്. അവ പൈശാചിക പ്രേരണയാല്‍ സംഭവിക്കുന്നതാണ്.

പൈശാചിക ബോധനം ലൈംഗികതയെ വഴിതെറ്റിക്കുന്നു

ഇങ്ങനെ പറയുന്നത് പ്രസ്തുത വിഭാഗങ്ങളെ ആക്ഷേപിക്കുന്നതിനു വേണ്ടിയല്ല. കാരണം പൈശാചിക ബോധനം മനുഷ്യസമൂഹത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്നതാണ്. സ്വവര്‍ഗലൈംഗികതയില്‍ ആഭിമുഖ്യമില്ലാത്ത, സാധാരണ സ്ത്രീ-പുരുഷ വിവാഹത്തോട് ആഭിമുഖ്യമുള്ളവരിലും പലതരത്തിലുള്ള ലൈംഗിക വൈകൃതങ്ങള്‍ കാണപ്പെടാറുണ്ട്. അവയും പൈശാചിക പ്രേരണയാല്‍ സംഭവിക്കുന്നതാണ്. ഗുദരതിയും ആര്‍ത്തവരതിയും മൃഗരതിയും ഇങ്ങനെയുള്ള പൈശാചികതയുടെ ഭാഗമാണ്. സ്വന്തം ഇണയല്ലാത്ത മറ്റൊരാളോട് തോന്നുന്ന ലൈംഗികാഭിമുഖ്യവും പൈശാചികതയാണ്. പ്രകൃതിപരമായ ഇണചേരല്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം വ്യക്തമായ കരാറുകളോടെയും ഉത്തരവാദിത്തത്തോടെയും അംഗീകരിച്ചിട്ടുള്ള സ്വന്തം ഇണയോട് മാത്രമായിരിക്കണമെന്നതാണ് ശരിയായ പ്രകൃതി. അതല്ലാത്തവയെല്ലാം ശുദ്ധപ്രകൃതിയോട് യോജിക്കാത്തതും പൈശാചികതയുമാണ്.

ശവശരീരങ്ങളോട് പോലും ഉണ്ടാകുന്ന ലൈംഗികാസക്തി (Necrophilia), മൃഗങ്ങളോട് തോന്നുന്ന ലൈംഗികാഭിനിവേശം (Bestialtiy), പിഞ്ചുകുഞ്ഞുങ്ങളോട് തോന്നുന്ന ലൈംഗിക തൃഷ്ണ (paedophilia), സ്വന്തം സഹോദരങ്ങളും മാതാപിതാക്കളും അടക്കമുള്ള കുടുംബാംഗങ്ങളോട് തോന്നുന്ന കാമം (Incest), വ്യഭിചാരത്തോടുള്ള താല്പര്യം (Adultery), മദ്യത്തോടും മയക്കുമരുന്നുകളോടുമുള്ള താല്‍പര്യം തുടങ്ങി പലതരത്തിലുള്ള അറിയപ്പെട്ട ആസക്തികള്‍ സമൂഹത്തിലുണ്ട്. ഇവയെല്ലാം പഠനങ്ങള്‍ നടത്തിവരുമ്പോള്‍ മനുഷ്യരില്‍ അന്തര്‍ലീനമായ നൈസര്‍ഗികതയുടെ ബഹിസ്ഫുരണങ്ങളായി വേണമെങ്കില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും. എന്നാല്‍ ഇവ മനുഷ്യനെ ആത്യന്തികമായി നശിപ്പിക്കുന്നതും അവനിലെ മനുഷ്യന്‍ എന്ന അവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇങ്ങനെയുള്ള മാനസികാവസ്ഥയിലേക്ക് മനുഷ്യരെ കൊണ്ടുപോകുന്നത് അവരുടെ സ്വാഭാവിക മനസ്സാണെന്ന് പറഞ്ഞൊപ്പിക്കുന്നത് അസംബന്ധമാണ്. മറിച്ച് പലതും സാഹചര്യങ്ങളിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത്.

സാഹചര്യങ്ങളെ ഇല്ലാതാക്കുക

സ്വവര്‍ഗലൈംഗികതക്ക് പലപ്പോഴും കാരണമാകുന്നത് വിവാഹം കഴിക്കാതെ ജീവിക്കുന്ന പുരുഷക്കൂട്ടങ്ങളുടെ സമ്മേളനങ്ങളാണ്. ഉള്ളില്‍ അടിഞ്ഞുകൂടിയ ലൈംഗികതൃഷ്ണ പുറത്തേക്ക് വരുമ്പോള്‍ കൂടെ കഴിയുന്ന മറ്റൊരു പുരുഷനുമായി പങ്കുവെക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും അതില്‍ ആസ്വാദനം കണ്ടെത്തുകയും അങ്ങനെ അത് ശീലമാവുകയും ചെയ്യുന്നു. പിന്നീട് വിവാഹത്തോടോ സ്ത്രീപങ്കാളിയോടോ താല്‍പര്യമില്ലാതാവുകയും ചെയ്യുന്നു. ജയിലുകള്‍, മിലിട്ടറി ക്യാമ്പുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സ്വവര്‍ഗ ലൈംഗികതയുടെ കേന്ദ്രങ്ങളാകുന്നത് സ്വാഭാവിക പ്രകൃതിയുടെ ഭാഗമായിട്ടല്ല, മറിച്ച് സാഹചര്യസമ്മര്‍ദങ്ങളുടെ ഫലമായിട്ടാണ്. ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുവാനുണ്ടായ കാരണങ്ങളില്‍ ഒന്ന് തിഹാര്‍ ജയിലിലെ സംഭവങ്ങളായിരുന്നു. ഡല്‍ഹിയിലെ തിഹാര്‍ ജയിലിലെ അന്തേവാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന സ്വവര്‍ഗരതിയെ നിയന്ത്രിക്കാന്‍ തിഹാര്‍ ജയിലിലേക്ക് ഗര്‍ഭനിരോധന ഉറകള്‍ തടഞ്ഞുകൊണ്ട് 1994ല്‍ അന്നത്തെ ജയില്‍ ഐ.ജി കിരണ്‍ ബേദി ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് സ്വവര്‍ഗാനുരാഗികള്‍ ഇന്ത്യയില്‍ സംഘടിച്ചുതുടങ്ങിയത്. ജയിലിലേക്ക് പോകുന്നതിന് മുമ്പ് ഇവരാരും സ്വവര്‍ഗാനുരാഗികള്‍ ആയിരുന്നില്ല.

മോചനം എങ്ങനെ?

അതുകൊണ്ട് മനുഷ്യര്‍ സ്വവര്‍ഗലൈംഗികതയിലേക്ക് വഴിതെറ്റിപ്പോകാതിരിക്കാനുള്ള നടപടികളാണ് ആവശ്യമായിട്ടുള്ളത്. അവര്‍ക്ക് പ്രകൃതിപരമായി സ്രഷ്ടാവ് നല്‍കിയിട്ടുള്ള ലൈംഗികത ആസ്വദിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുകയാണ് വേണ്ടത്. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബ്(റ) പട്ടാളക്കാര്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ അവധി അനുവദിക്കാനുണ്ടായ കാരണം അവരുടെ ലൈംഗിക അച്ചടക്കത്തിനുകൂടിയായിരുന്നു എന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. അച്ചടിക്കപ്പെട്ട മനഃശാസ്ത്ര തത്ത്വങ്ങളെ ആശ്രയിക്കുന്നതിന് പകരം പ്രകൃതിവിരുദ്ധ ലൈംഗികതകളില്‍നിന്നും സ്വാഭാവിക ലൈംഗികതയിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രായോഗിക സമീപനങ്ങളാണ് ആവശ്യമായിട്ടുള്ളത്. സ്രഷ്ടാവിനെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചുമുള്ള ബോധം, ധാര്‍മികതയെ കുറിച്ചുള്ള പാഠങ്ങള്‍, പ്രജനനത്തിന്റെയും തലമുറസമ്പത്തിന്റെയും പ്രയോജനങ്ങള്‍ തുടങ്ങിയവ പകര്‍ന്നുകൊടുത്തുകൊണ്ട് മുഖ്യധാരയിലേക്ക് അവരെ ആനയിക്കുകയാണ് വേണ്ടത്.

അതേസമയം, എതിര്‍ലിംഗത്തോട് ഒട്ടും ലൈംഗികതാല്‍പര്യമില്ലാത്തവരുടെ മേല്‍ എതിര്‍ലിംഗത്തെ പങ്കാളിയായി സ്വീകരിക്കുന്നതിനായി അടിച്ചേല്‍പിക്കാന്‍ പാടുള്ളതുമല്ല. എന്നാല്‍ അവര്‍ സ്വന്തം ലിംഗത്തില്‍ പെട്ടവരെ പങ്കാളിയായി സ്വീകരിക്കുവാനും പാടില്ല. അത് നിഷിദ്ധമാണ്. ലൈംഗിക അച്ചടക്കം സ്വീകരിച്ച് ജീവിക്കുവാനുള്ള മാര്‍ഗം അവര്‍ക്കുവേണ്ടി ഒരുക്കുകയാണ് വേണ്ടത്. അങ്ങനെ ജീവിക്കുന്നവരെ പ്രത്യേക വിഭാഗമായി കാണേണ്ടതില്ല. പ്രത്യേക പേരുകളില്‍ അവരെ വിളിക്കുന്നത് അവരെ അപമാനിക്കലായിരിക്കും.

ലൈംഗിക അച്ചടക്കം പഠിപ്പിക്കുക

ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്നതിന് പകരം വഴിവിട്ട ജീവിതം അനുവദിച്ചുകൊടുക്കുകയാണെങ്കില്‍ ഭാവിയില്‍ ഇതിലും വലിയ ലൈംഗികവൈകൃതങ്ങളായിരിക്കും നമ്മുടെ സമൂഹത്തില്‍ വ്യാപകമാവുക. സ്വവര്‍ഗ ലൈംഗികതയ്ക്ക് പുറമെ, നെക്രോഫീലിയ, പീഡോഫീലിയ, ബെസ്റ്റിയാലിറ്റി, ഇന്‍സെസ്റ്റ് തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും മാനസിക സമ്മര്‍ദങ്ങളുടെ പേരില്‍ അനുവദിച്ചുകൊടുക്കുകയാണെങ്കില്‍ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? സാംസ്‌കാരിക ബോധം അല്‍പമെങ്കിലുമുള്ള ഒരു സമൂഹത്തിന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഇത്തരം കാര്യങ്ങള്‍ 'അവകാശങ്ങള്‍' എന്ന പേരില്‍ ലോകത്ത് വ്യാപകമാകുന്നത് എന്തുമാത്രം ലജ്ജാകരമാണ്! നാലാളുകളുടെ മുമ്പില്‍ സംസാരിക്കാന്‍ പോലും സാധിക്കാത്ത അപമാനകരമായ ഷെയ്മുകളെ 'പ്രൈഡ്' എന്ന പേരില്‍ അഭിമാനത്തോടെ എഴുന്നള്ളിക്കുന്നത് ഇഹലോകത്തെ ദുഷിപ്പിക്കുമെന്നും പരലോകത്ത് വമ്പിച്ച ശിക്ഷക്ക് കാരണമാകുമെന്നും മനസ്സിലാക്കാന്‍ സമൂഹം തയ്യാറാവേണ്ടതുണ്ട്.

അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവാചകന്‍ ﷺ പറഞ്ഞ മാര്‍ഗം നിഷിദ്ധമോ അനുവദനീയമോ എന്ന് സംശയമുള്ള കാര്യങ്ങളില്‍നിന്ന് പോലും വിട്ടുനില്‍ക്കുക എന്നതാണ്. അപ്പോള്‍ പിന്നെ, നിഷിദ്ധമെന്നു മാത്രമല്ല അങ്ങേയറ്റം അറപ്പുളവാക്കുന്ന കാര്യമെന്ന് ഉറപ്പുള്ള കാര്യങ്ങളില്‍നിന്ന് എത്രയോ അകലെ നാം നമ്മെ കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട്. ദുഷിച്ച ചിന്തകളും കാഴ്ചപ്പാടുകളും സമൂഹത്തില്‍ വ്യാപകമാകാതെ നോക്കാന്‍ പ്രകൃതിയെയും ധര്‍മത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. അഭിമാനം സമരങ്ങളിലൂടെയല്ല, വിശ്വാസത്തിലൂടെ രൂപപ്പെടുന്ന സാംസ്‌കാരിക ഔന്നത്യത്തിലൂടെയാണ് നേടിയെടുക്കേണ്ടത്. സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ദുഷ്പ്രവണതകളുടെ കൂടെക്കൂടി പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പഠിപ്പിച്ച അഭിമാനബോധത്തെ നാം നശിപ്പിക്കരുത്.